തിരുവനന്തപുരം: കെന്‍സ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ മറവില്‍ നൂറു കണക്കിന് മലയാളികളെയും മറ്റു ഇന്ത്യക്കാരെയും കബളിപ്പിച്ച് കോടികള്‍ സ്വന്തമാക്കിയ അര്‍മാനി ക്ലിനിക് ചെയര്‍മാന്‍ ഷിഹാബ് ഷായെ ജയിലഴിക്കുള്ളില്‍ ആക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ഖത്തറില്‍ ജോലി ചെയ്യുന്ന മലയാളി യുവതിയുടെ നേതൃത്വത്തില്‍ നടന്ന നിയമ പോരാട്ടമായിരുന്നു. സിഎന്‍ബിസി എന്ന അന്താരാഷ്ട്ര മാധ്യമ സ്ഥാപനത്തിന് വേണ്ടി ജോലി ചെയ്തതിന് ശേഷം ഒരു ഇടവേള എടുത്ത് ഇവന്‍ മാനേജ്‌മെന്റില്‍ പ്രവര്‍ത്തനം തുടങ്ങിയ മാളു എന്ന മലയാളി യുവതിയായിരുന്നു ഷിഹാബ് തട്ടിപ്പിന് ഇരയാക്കിയവര്‍ക്ക് നിയമ പോരാട്ടം നടത്താന്‍ കരുത്തായത്.

ഷിഹാബ് ഷാ നിലവില്‍ ഷാര്‍ജാ സെന്‍ട്രല്‍ ജയിലിലാണ്. അറബ് വംശജയുടെ പരാതിയിലാണ് അറസ്റ്റിലായത്. കള്ളപ്പണ ഇടപാട് അടക്കം തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ജാമ്യവും കോടതി നിഷേധിച്ചു. അര്‍മാനി ക്ലിനിക് ബിസിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് ഹെഡ് ഗാനവിജയനെ മുന്നില്‍ നിര്‍ത്തിയാണ് തട്ടിപ്പുകള്‍. നാട്ടുകാരെ കബളിപ്പിച്ചതിന് സമാനമായി യുഎഇയിലെ അറബ് വനിതയെയും തട്ടിപ്പില്‍ പെടുത്തിയതോടെ ആണ് ഇനിയൊരിക്കലും രക്ഷപ്പെടാനാകാത്ത വിധം നിയമ നടപടികളില്‍ ഷിഹാബ് ഷാ കുരുങ്ങിയത്.

വയനാട് വൈത്തിരിയില്‍ വില്ലാ പദ്ധതിയായി തുടങ്ങിയ ശിഹാബ് ഇരുപതോളം രാജ്യങ്ങളില്‍ ടൂറിസ്റ്റ് പ്രോജക്ടുകളാണ് വിഭാവനം ചെയ്തിരുന്നത് . അതിനു ശേഷം വെല്‍നെസ്സ് ടൂറിസം (കെന്‍സ വെല്‍നെസ് ഹോസ്പിറ്റല്‍) ആരംഭിക്കുന്നതിന്റെ ഭാഗമായി നിക്ഷേപകര്‍ അറിയാതെ റോയല്‍ മെഡോസ് എന്ന വില്ലാ പ്രൊജക്റ്റ് മാറ്റി തന്റെ വെല്‍നെസ്സ് സെന്റര്‍ എന്ന പ്രൊജക്റ്റ് സ്ഥാപിച്ചു. നൂറോളം വെല്‍നെസ്സ് ഹോസ്പിറ്റലുകളും ആയിരം ക്ലിനിക്കുകളും എന്ന മലര്‍പ്പൊടിക്കാരന്റെ സ്വപ്നവുമായി നടന്ന ഷിഹാബിനു എതിരെ നിരവധി കേസുകള്‍ പോലീസിലും നിരവധി കോടതികളും ഫയല്‍ ചെയ്യപ്പെട്ടിരിക്കുന്നത്.


തട്ടിപ്പിന് ഇരയാകുന്നവര്‍ നടത്തുന്ന കുറ്റകരമായ മൗനവും എങ്ങനെയാണ് നിയമ നടപടി നടത്തേണ്ടതെന്ന് അറിയാത്തതും, ഷിഹാബ് ഷായുടെ ഭീഷണിക്ക് വഴങ്ങിയും നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ മടിച്ചുനിന്നവര്‍ക്ക് മാളുവിന്റെ ഇടപെടലായിരുന്നു കരുത്തായത്. മമ്മൂട്ടിയും മുഖ്യമന്ത്രിയും ചേര്‍ന്ന് കൊടുത്ത പുരസ്‌കാരം വാങ്ങി ഷിഹാബ് തുടങ്ങി വച്ച തട്ടിപ്പുകള്‍ക്ക് സംരക്ഷണമൊരുക്കാന്‍ പൊലീസും രാഷ്ട്രീയക്കാരും മത്സരിച്ചിരുന്നു. പരാതി കൊടുക്കുന്നവരെ കുരുക്കുന്ന സാഹചര്യമുണ്ടായി. ഈ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചാണ് മാളു തട്ടിപ്പിനിരയായവരെ ഒരിമിച്ച് കൂട്ടി പോരാട്ടം നടത്തിയത്.

അനേകം പേരെ പറ്റിക്കുകയും പ്രതികരിക്കുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കുകയും ചെയ്ത ഷിഹാബ് മാളുവിനെതിരെ തിരിഞ്ഞതോടെയാണ് നിയമ പോരാട്ടം തുടങ്ങിയത്. പണം നഷ്ടപ്പെട്ടവര്‍ പേടിച്ച് പിന്മാറാന്‍ തുടങ്ങിയപ്പോഴാണ് ഷിഹാബിനെതിരെ രണ്ടും കല്‍പ്പിച്ച് ഇരയായാവരെയും കൂട്ടി പോരാട്ടത്തിന് ഇറങ്ങിയത്. മാളു ഷിഹാബിന്റെ തട്ടിപ്പിന് നേരിട്ട് ഇരയായ ആളല്ല. വില്ല വാങ്ങുകയോ, ഷിഹാബിന്റെ അര്‍മാനി ചികിത്സാ ക്ലിനിക്കിലോ കെന്‍സാ വെല്‍നസ് സെന്ററിലോ പണം മുടക്കുകയോ ചെയ്ത ആളുമല്ല.

മാളു ഒരു മാധ്യമ പ്രവര്‍ത്തകയും പി ആര്‍ മാനേജരുമാണ്. സിഎന്‍ബിസി എന്ന അന്താരാഷ്ട്ര മാധ്യമ സ്ഥാപനത്തിന് വേണ്ടി ജോലി ചെയ്തതിന് ശേഷം ഒരു ഇടവേള എടുത്ത് അന്താരാഷ്ട്ര മാധ്യമങ്ങളുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് ഇവന്റ് മാനേജ്‌മെന്റുകള്‍ സംഘടിപ്പിക്കുന്നതിലേക്ക് കടന്നത്. ചില പരിചയക്കാരുടെ നിര്‍ബന്ധപ്രകാരമാണ് ഷിഹാബ് ഷായുടെ കീ ഹാന്റ് ഓവര്‍ പരിപാടിയുടെ ഇവന്‍ മാനേജ്‌മെന്റ് ഏറ്റെടുത്തത്. അതിന് മുമ്പ് ഷിഹാബിനെ അറിയില്ല. കെന്‍സയെ അറിയില്ല.

വയനാട്ടിലെ പന്ത്രണ്ട് വില്ലയുടെ നിര്‍മാണം പൂര്‍ത്തിയായ വില്ലകളുടെ കീ കൈമാറുന്നു, പുതിയ നിക്ഷേപകരെ സ്വീകരിക്കുന്നു എന്ന പേരില്‍ സംഘടിപ്പിച്ച ചടങ്ങ് കോഡിനേറ്റ് ചെയ്തത് മാളുവായിരുന്നു. മാളു തന്നെ ഇതിനെക്കുറിച്ച് പറയുന്നു.

ഞാന്‍ യുഎഇയില്‍ ആയിരുന്ന സമയത്താണ് സിഎന്‍ബിസി ന്യൂസിന്റെ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റിനെ അസിസ്റ്റ് ചെയ്യുന്ന ജോലിയില്‍ ജോയിന്‍ ചെയ്തത്. അതൊരു ലണ്ടന്‍ ബേസ് ചെയ്‌തൊള്ള റിപ്പോര്‍ട്ടിങ്ങായിരുന്നു. ആറ് വര്‍ഷത്തോളം വര്‍ക്ക് ചെയ്തു. ഇതിന് ശേഷം ഒരു ബ്രേക്ക് എടുക്കണമെന്ന് കരുതിയപ്പോളാണ് ഇവന്റ് മാനേജ്‌മെന്റ് ചെയ്യുന്നത്.

ഷിഹാബിന് വേണ്ടി ഇവന്റ് മാനേജ് മെന്റ് ഏറ്റെടുക്കുകയായിരുന്നു. വയനാട്ടിലെ ആദ്യത്തെ പന്ത്രണ്ട് വില്ലകളുടെ കീ കൈമാറുന്നു. പുതിയ നിക്ഷേപകരെ സ്വീകരിക്കുന്നു എന്നായിരുന്നു അറിയിച്ചത്. ഷിഹാബിന്റെ വിവരങ്ങള്‍ നാട്ടുകാരോട് ചോദിച്ചപ്പോളൊന്നും കാര്യമായി ഒന്നും പറഞ്ഞിരുന്നില്ല. അസോസിയേഷന്‍കാരൊക്കെ ഷിഹാബ് സ്‌പോണ്‍സര്‍ഷിപ്പ് കൊടുക്കുന്നതിനാല്‍ സത്യം പറഞ്ഞിരുന്നില്ല

ആ ചടങ്ങ് ഓര്‍ഗനെസ് ചെയ്യുന്നു. പതിനൊന്ന് പേര്‍ കീ മേടിക്കുന്നു പോകുന്നു. ഇതായിരുന്നു ചടങ്ങ്. ഈ കീ മേടിച്ചവരില്‍ ഒരാള്‍ എന്നെ സമീപിച്ച് സാമ്പത്തികമായി കുറച്ച് ബുദ്ധിമുട്ടുണ്ട്. പണം കടം നല്‍കാന്‍ എന്തെങ്കിലും വകുപ്പുണ്ടോ എന്ന് ചോദിച്ചു. ചോദിച്ചപ്പോള്‍ ആ വില്ല മേടിച്ചില്ല. അത് ഷിഹാബ് പറഞ്ഞിട്ടാണ് ചടങ്ങില്‍ വന്ന് കീ മേടിച്ചതാണ്. കൂടുതല്‍ ചോദിച്ചപ്പോള്‍ ആ പരിപാടിയില്‍ കീ മേടിച്ച പതിനൊന്ന് പേര്‍ക്കും വില്ല കിട്ടിയിട്ടില്ല. അവരെല്ലാം ഷിഹാബിന് തട്ടിപ്പില്‍ പെട്ടതാണെന്ന് മനസിലായി. ഈ തട്ടിപ്പ് നടത്തിയ ചടങ്ങില്‍ എന്നെയും ഇരയാക്കുകയായിരുന്നുവല്ലെ എന്ന് ഞാന്‍ ചോദിച്ചു. ഈ അസോസിയേഷനൊക്കെ അറിഞ്ഞുകൊണ്ടായിരുന്നു ഈ തട്ടിപ്പ്. ആ ചടങ്ങിന് പിന്നാലെ പത്തോളം പേരോട് ഇന്‍വെസ്റ്റ്‌മെന്റിന്റെ കാര്യം സംസാരിച്ചിട്ടുണ്ടായിരുന്നു. ഈ പത്തോളം പേരെ അപ്പോള്‍ തന്നെ വിളിച്ച് കാര്യം പറഞ്ഞു''.

കീ കൈമാറല്‍ ചടങ്ങ് സംഘടിപ്പിച്ചതിന്റെ അമ്പത് ശതമാനം പേമെന്റ് മാത്രമാണ് ഷിഹാബ് മാളുവിന് നല്‍കിയത്. പലരെക്കൊണ്ടായിരുന്നു മാളു ആ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ നടത്തിയത്. അവര്‍ക്കൊന്നും ബാക്കി തുക നല്‍കാന്‍ കൈമാറിയില്ല. ഷിഹാബിനെ സൂക്ഷിക്കണം, ഇന്‍വെസ്റ്റ്‌മെന്റ് സൂക്ഷിച്ച് മാത്രം ചെയ്താല്‍ മതിയെന്ന് മാളു പറഞ്ഞതോടെ ഷിഹാബിന്റെ ശത്രുവായി മാറുകയായിരുന്നു.

ഷിഹാബിന്റെ ബിസിനസ് പാര്‍ട്ണര്‍ ആയിരുന്ന പെമിനയോട് കാര്യം അറിയിച്ചു. എന്നിട്ടും അഡ്വാന്‍സായി ലഭിച്ച തുക മാത്രമാണ് കിട്ടിയത്. ഈ പതിനൊന്ന് പേരാണ് ആദ്യമായി നിയമ നടപടിക്ക് ഒരുങ്ങിയത്. അവരെയൊക്കെ കണ്ടുപിടിച്ച് അവര്‍ക്കെല്ലാം ലീഗല്‍ സപ്പോര്‍ട്ട് നല്‍കിയത് മാളുവായിരുന്നു. മാളു ഇക്കാര്യം പറയുന്നത് ഇങ്ങനെ...

''ഞാനൊരു സാക്ഷിയായി നിന്ന് ഈ കേസിന് വേണ്ട എല്ലാ സ്‌പ്പോര്‍ട്ടും നല്‍കി. പരാതിക്കാരുമായി നാട്ടിലെത്തി ഡിവൈഎസ്പിയെ കണ്ടു, എസ്പിയെ കണ്ടു മുഖ്യമന്ത്രിയെ കണ്ടു. അങ്ങനെയാണ് കേസില്‍ മുന്നോട്ട് പോകാന്‍ കഴിഞ്ഞത്. വിവരാവകാശത്തിലൂടെ കാര്യങ്ങള്‍ മനസിലാക്കിയായിരുന്നു മുന്നോട്ടു പോയത്. വയനാട്ടിലെ വില്ലകളുടെ കാര്യം അന്വേഷിച്ച ശേഷം പല ഓഫീസുകളിലും കയറിയിറങ്ങി അന്വേഷിച്ചാണ് നിയമ വിരുദ്ധമായ നിര്‍മ്മാണങ്ങളും തട്ടിപ്പും എല്ലാം അറിയുന്നത്. അവിടെ നടക്കുന്നതെല്ലാം നിയമ വിരുദ്ധമാണെന്നും തട്ടിപ്പാണെന്നും തിരിച്ചറിഞ്ഞത് നിയമ നടപടിക്ക് ഒരുങ്ങുകയായിരുന്നു.

സന്തോഷ് എന്ന പണം നഷ്ടപ്പെട്ടയാളെ കൊണ്ട് ആദ്യം കേസ് കൊടുപ്പിക്കുന്നു. പിന്നെ പണം നഷ്ടപ്പെട്ട പന്ത്രണ്ട് പേരെയും കണ്ടെത്തി കേസ് കൊടുപ്പിക്കുന്നു. ആദ്യം സിവില്‍ കേസായിട്ടാണ് കൊടുത്തത്. ഷിഹാബ് എല്ലാവരെയും ഭീഷണിപ്പെടുത്തുമായിരുന്നു. ആരും ആദ്യം കേസ് കൊടുക്കാന്‍ തയ്യാറായില്ല. ഓരോരുത്തരായി വന്ന് ഈ പതിനൊന്ന് പേരും കേസ് കൊടുക്കുന്നു. ഗുജറാത്തില്‍ നിന്നുള്ള അഡ്വ. ദീപിക ചൗള എന്നയാളും ഇതിനൊപ്പം കേസ് കൊടുത്തു.

വയനാട് പടിഞ്ഞാറേത്തറ പൊലീസ് സ്റ്റേഷനില്‍ ചെന്ന മാളുവിനൊപ്പം ചെന്നവര്‍ക്ക് നല്ല അനുഭവമല്ല കിട്ടിയത്. ഷിഹാബിന്റെ വക്കീലിനെപ്പോലെ ഭീഷണിപ്പെടുത്തി. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സമ്മതിച്ചില്ല. അതില്‍ സിബി എന്നൊരു ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനുമായി വഴക്കായി. മറുനാടന്‍ മലയാളിയില്‍ അപ്പോള്‍ വാര്‍ത്ത വന്നിരുന്നു. മറുനാടനില്‍ വാര്‍ത്ത വന്നതിനാല്‍ ഷിഹാബിന് അങ്ങോട്ട് നഷ്ടപരിഹാരം നല്‍കണം എന്ന് വരെ ഈ പൊലീസുകാരന്‍ അന്ന് പറഞ്ഞു''.

''കേസ് എടുത്തതുമില്ല. ഷിഹാബിനോട് ഈ കാര്യങ്ങളെല്ലാം കൃത്യമായി അറിയിച്ചു നല്‍കുന്നുണ്ടായിരുന്നു. പടിഞ്ഞാറേത്തറ സ്റ്റേഷനില്‍ നിന്നും ഒരു നടപടിയും ഉണ്ടാകില്ലെന്ന് മനസിലായതോടെ ഞങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നേരിട്ട് കണ്ടു. ഡിജിപിയെ കണ്ടു. അവസാനമാണ് വയനാട് എസ് പി അരവിന്ദ് സുകുമാറുമായിട്ട് കൂടിക്കാഴ്ച നടത്താനും കേസില്‍ മുന്നോട്ട് പോകാനും കഴിഞ്ഞത്. അദ്ദേഹം വിചാരിച്ചതുകൊണ്ട് അപ്പോള്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തു. ആദ്യത്തെ അഞ്ച് എഫ് ഐ ആര്‍ വന്നു. തൃശൂരും ചാലക്കുടിയിലും വേറെ കേസുകളുണ്ട്. ബാക്കിയുള്ളവര്‍ക്ക് പേടിയായിരുന്നു. പഞ്ചായത്ത് അധികാരികളും റെവന്യു അധികാരികളും ഷിഹാബിന് ഒപ്പമായിരുന്നു''

ഈ ഘട്ടത്തിലാണ് മാളു സുരേഷ് ഗോപിയെ ബന്ധപ്പെടുന്നത്. പരാതി നല്‍കി. സുരേഷ് ഗോപി കളക്ടരെ വിളിച്ച് കാര്യങ്ങള്‍ അറിയിച്ചു. കോടതി ഇടപെട്ടിട്ട് പോലും കേള്‍ക്കാത്തവര്‍ സുരേഷ് ഗോപിയുടെ ഇടപെടലോട് കുരുക്കിലായി. കളക്ടര്‍ ലെറ്റര്‍ ഇഷ്യൂ ചെയ്തിട്ടും പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും ഷിഹാബിന് ഒപ്പമായിരുന്നു. പഞ്ചായത്ത് ഒത്തുകളിച്ചിട്ടായിരുന്നു നിര്‍മാണം പൂര്‍ത്തിയാകാത്ത കെട്ടിടത്തിന് നമ്പര്‍ ഇട്ടുനല്‍കുക വരെ ചെയ്തത്.

ജില്ലാ ദുരന്ത നിവാരണ അതോരിറ്റി ഇടപെട്ടിട്ടും കാര്യമായ പുരോഗതിയുണ്ടായില്ല. പിന്നാലെ സുരേഷ് ഗോപി നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റിനെ ഇടപെടുകയും ചെയ്തതോടെ വയനാടിലെ അനധികൃത നിര്‍മ്മാണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടന്നു. ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെയും കോടതിയുടെയും ഇടപെടല്‍ വന്നതോടെയാണ് നടപടിയുണ്ടായത്. എസ്‌പേര്‍ട്ട് കമ്മിറ്റി വരികയും അനധികൃത നിര്‍മാണങ്ങള്‍ കണ്ടെത്തിയതും. ഇവര്‍ ഫയല്‍ നമ്പര്‍ വരെ മാറ്റിയിരുന്നു. പഞ്ചായത്ത് സെക്രട്ടറിക്ക് ഇതോടെ പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ വരെ വന്നു. എന്നാല്‍ ഗാന വിജയന്‍ ഇടപെട്ട് ഇവിടെ കുഴപ്പമൊന്നുമില്ലെന്ന് കാണിക്കാന്‍ പരിപാടികള്‍ വരെ പിന്നീട് നടത്തി. വീണ്ടും ഇടപെട്ടു. ഡിഡിഎംഎയ്ക്ക് എഴുതി. പഞ്ചായത്ത് സെക്രട്ടറിക്ക് എഴുതി. ഇതോടെ അധികൃതര്‍ ഇടപെട്ട് നടപടികള്‍ സ്വീകരിക്കുകയായിരുന്നു''.

സമാനകളില്ലാത്ത നിയമ പോരാട്ടമാണ് മാളുവിന്റെ നേതൃത്വത്തില്‍ ഷിഹാബിന്റെ തട്ടിപ്പിന് ഇരയായവര്‍ നടത്തിയത്. കെന്‍സ തട്ടിപ്പില്‍ ഇരയായ നിക്ഷേപകരും ദിനപ്രതി കേസുകളുമായി മുന്നോട്ട് വരുന്നുണ്ട്. ഇന്ത്യയിലേക്ക് വരാന്‍ കഴിയാത്ത വിധം യാത്ര വിലക്ക് ഇയാള്‍ക്കുണ്ടായിരുന്നു. പോലീസ് ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ദുബായില്‍ ഇയാള്‍ തങ്ങിയതും. ഇതിനിടെയാണ് അറബ് വനിതയുടെ പരാതി ഊരാക്കുടുക്കായി മാറിയത്.

ദുബായ് മുനിസിപ്പാലിറ്റി ഈയടുത്തു അര്‍മാനിയ ക്ലിനിക്കിന് ഒരു ലക്ഷം ദിര്‍ഹം ഫൈന്‍ അടക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു. കെന്‍സ വെല്‍നെസ്സ് ഹോസ്പിറ്റല്‍ പോലെ അര്‍മാനി ക്ലിനിക്കും അടച്ചു പൂട്ടേണ്ട സ്ഥിതിയാണുള്ളത്. ഒരു മലബാര്‍ സ്വദേശിയില്‍ നിന്നും മൂന്നു ലക്ഷം ദിര്‍ഹം തടിച്ച കേസില്‍ ഷിഹാബ് ഷായ്ക്ക് എതിരെ ദുബായ് കോടതിയിലും കേസുണ്ട്. ഇതിനിടെയാണ് അറബ് വംശജയുടെ പരാതി യുഎഇ പോലീസിന് കിട്ടിയത്. കാറുകള്‍ ഉള്‍പ്പെടെയുള്ള സ്വത്തുവകകള്‍ കോടതി അറ്റാച്ചഡ് ചെയ്തതോടെ നിത്യചിലവിന് പോലും പണം കൈവശമില്ലാതെ ഷിഹാബ് കഷ്ടപ്പെടുന്നുവെന്നാണ് ലഭിക്കുന്ന വിവരവും പുറത്തു വന്നിരുന്നു.