പത്തനംതിട്ട: രാജ്യാന്തര വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി) ഉദ്യോഗസ്ഥ മേഘയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത ആരോപിച്ച് കുടുംബം നല്‍കിയ പരാതിയിലെ അന്വേഷണം എത്തി നില്‍ക്കുന്നത് പ്രണയ നൈരാശ്യത്തില്‍.

ഐബിയിലെ തന്നെ ഉദ്യോഗസ്ഥനാണ് പ്രതിക്കൂട്ടില്‍. മേഘയും ഈ ഉദ്യോഗസ്ഥയും തമ്മില്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാല്‍ യുവാവിന് വിവാഹത്തോട് താല്‍പ്പര്യമില്ല. ഇതാണ് മേഘയെ അലട്ടിയെ പ്രശ്‌നം. മേഘ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച യുവാവിന് മറ്റൊരു പെണ്‍കുട്ടിയെ കല്യാണം കഴിക്കാനായിരുന്നു ഇഷ്ടം. ഇത് മനസ്സിലായതോടെയാണ് ആത്മഹത്യയിലേക്ക് മേഘ പോയതെന്നാണ് നിഗമനം. ഈ യുവാവുമായുള്ള മേഘയുടെ അടുപ്പം വീട്ടുകാരോടും മേഘ പങ്കുവച്ചതായി സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് കുടുംബം പരാതി നല്‍കുന്നത്. മേഘ ജോലിയില്‍ പ്രവേശിച്ചിട്ട് ഒരു വര്‍ഷമായിട്ടുള്ളൂവെന്നും എന്തെങ്കിലും പ്രശ്‌നമുള്ളതായി അറിയില്ലെന്നും അമ്മാവന്‍ ശിവദാസന്‍ വ്യക്തമാക്കി.

സംഭവത്തില്‍ വിശദ അന്വേഷണം നടത്തണമെന്ന് ചൂണ്ടിക്കാട്ടി ഐ.ബിക്കും പേട്ട പൊലീസിനും കുടുംബം പരാതി നല്‍കി. നിലവില്‍ ഐ.ബിയും പേട്ട പൊലീസും നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഐ.ബി ഉദ്യോഗസ്ഥയായ മേഘ (25)യെയാണ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തില്‍ നിന്നിറങ്ങിയതായിരുന്നു മേഘ. തിരുവനന്തപുരം പേട്ടക്കും ചാക്കക്കുമിടയിലെ റെയില്‍ പാളത്തില്‍ തിങ്കളാഴ്ച രാവിലെ 9.15 ഓടെ ട്രെയിന്‍ തട്ടിയത്. മൃതദേഹത്തില്‍ നിന്ന് ലഭിച്ച ബ്യുറോ ഓഫ് സിവില്‍ ഏവിയേഷന്റെ ഐ.ഡി കാര്‍ഡില്‍ നിന്നാണ് മേഘയെ തിരിച്ചറിഞ്ഞത്. തിങ്കളാഴ്ച രാവിലെ കൊല്ലം ഭാഗത്തു നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്പ്രസ് ട്രെയിന്‍ കടന്നു വരുന്നതിനിടെ, ഫോണില്‍ സംസാരിച്ച് നടന്നുവന്ന മേഘ പെ?ട്ടെന്ന് പാളത്തിന് കുറുകെ തലവെച്ച് കിടക്കുകയായിരുന്നെന്നാണ് ലോക്കാ പൈലറ്റ് നല്‍കിയ വിവരം.

പത്തനംതിട്ട അതിരുങ്കല്‍ കാരയ്ക്കാക്കുഴി പൂഴിക്കാട് വീട്ടില്‍ റിട്ട. ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പല്‍ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റ് ജീവനക്കാരി നിഷയുടെയും ഏക മകളാണ് മേഘ. ഒരു മാസം മുമ്പ് കാരയ്ക്കാക്കുഴി ക്ഷേത്ര ഉത്സവത്തില്‍ പങ്കെടുക്കാനാണ് മേഘ അവസാനമായി നാട്ടിലെത്തിയത്. ഫൊറന്‍സിക് സയന്‍സ് കോഴ്‌സ് പൂര്‍ത്തിയാക്കിയ മേഘ ഒരു വര്‍ഷം മുമ്പാണ് എമിഗ്രേഷന്‍ ഇമിഗ്രേഷന്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ ജോലിയില്‍ പ്രവേശിച്ചത്. അതേസമയം, ഇന്നലെ രാവിലെ മകള്‍ തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്നും എന്നാല്‍ അപ്പോള്‍ മനസ്സില്‍ വിഷമം ഉള്ളതായി തോന്നിയിരുന്നില്ലെന്നും അച്ഛന്‍ പറഞ്ഞു. ഫോണില്‍ വിളിച്ചിട്ട് ട്രാക്കിലേക്ക് പോയത് എന്തിനെന്ന് അറിയണമെന്നും അച്ഛന്‍ പ്രതികരിച്ചു.

മരണം സംഭവിക്കുന്ന തലേ ദിവസം നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തില്‍ നിന്ന് ഇറങ്ങിയതായിരുന്നു മേഘ. ഫോണില്‍ സംസാരിച്ച് ട്രാക്കിലൂടെ നടക്കുകയായിരുന്ന മേഘ ട്രെയിന്‍ വരുന്നത് കണ്ട് പെട്ടെന്ന് ട്രാക്കിനു കുറകെ തലവച്ച് കിടക്കുകയായിരുന്നു എന്നാണ് ലോക്കാ പൈലറ്റ് നല്‍കിയ വിവരം. സംഭവ സമയം ആരോടാണ് ഫോണില്‍ സംസാരിച്ചതെന്നാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. അപകടത്തില്‍ മേഘയുടെ മൊബൈല്‍ ഫോണ്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.

ഇനി സൈബര്‍ പൊലീസിന്റെ സഹായത്തോടെ വിവരങ്ങള്‍ ശേഖരിക്കാനാണ് നീക്കം. ഐബിയിലെ സുഹൃത്തുമായാണ് സംസാരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഐബിയും മേഘയുടെ മരണത്തില്‍ വിവര ശേഖരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.