പത്തനംതിട്ട: ശബരിമല വിശ്വാസ കൊള്ളയി്ല്‍ മറുനാടന്‍ മലയാളി നല്‍കിയ ഒരു വാര്‍ത്തയ്ക്ക് കൂടി സ്ഥിരീകരണം. ശബരിമലയിലെ പഴയ കൊടിമരത്തിലെ വാജിവാഹനം തിരികെ വാങ്ങണമെന്ന് ആവശ്യപ്പെട്ട് തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കുമ്പോള്‍ തെളിയുന്നത് അതും കടത്തിയെന്ന വസ്തുതയാണ്. ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കാണ് തന്ത്രി കണ്ഠരര് രാജീവര് കത്ത് നല്‍കിയത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 11നാണ് രാജീവര് ദേവസ്വം ബോര്‍ഡിനെ സമീപിച്ചത്. ഒക്ടോബര്‍ രണ്ടിനാണ് ഈ വാര്‍ത്ത മറുനാടന്‍ നല്‍കിയത്. ചിരഞ്ജീവിക്കൊപ്പം സന്നിധാനത്ത് എത്തി വിവാദത്തില്‍ കുടുങ്ങിയ കുടുംബമാണ് വാജിവാഹനം കൈവശം വച്ചിരിക്കുന്നതെന്നാണ് സൂചന. അതിനിടെ അതീവ രഹസ്യമായി വാജി വാഹനം ദേവസ്വം ബോര്‍ഡിന് കൈമാറിയെന്നും സൂചനയുണ്ട്. ഇതിനിടെയാണ് തന്ത്രിയുടെ കത്ത് പുറത്തു വരുന്നത്. വാജി വാഹനത്തില്‍ ദേവസ്വം ബോര്‍ഡ് ഇനിയും പരസ്യ പ്രതികരണം നടത്തിയിട്ടില്ല.

ശബരിമല അയ്യപ്പ സന്നിധിയില്‍ എട്ടുവര്‍ഷത്തിനു മുന്‍പ് സ്വര്‍ണ കൊടിമരവും അയ്യപ്പ വാഹനമായ കുതിരയുടെ രൂപവും സ്ഥാപിച്ചപ്പോള്‍ മുന്‍പുണ്ടായിരുന്ന കുതിര രൂപം മാറ്റിയതായി സംശയമുണ്ടെന്നായിരുന്നു മറുനാടന്‍ വാര്‍ത്ത. പത്തു കിലോയോളം തങ്കം ഉപയോഗിച്ചാണ് സ്വര്‍ണ കൊടിമരം പുതുക്കി നിര്‍മ്മിച്ചിരുന്നത്. ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ കമ്പനിക്ക് പുതിയ സ്വര്‍ണ കൊടിമരം നിര്‍മ്മിക്കാനുള്ള സ്‌പോണ്‍സര്‍ഷിപ്പ് നല്‍കിയതിലും ക്രമക്കേട് നടന്നതായാണ് ഇപ്പോള്‍ ആരോപണമുയരുന്നത്. പുതിയ സ്വര്‍ണ കൊടിമരം സ്ഥാപിച്ച് രണ്ടുമാസത്തിനുള്ളില്‍ അതില്‍ മെര്‍ക്കുറി ഒഴിച്ച് നശിപ്പിച്ചതായും കണ്ടെത്തിയിരുന്നു. 'വാചി വാഹനം' എന്നാല്‍ ഒരു ദേവതയുടെ വാഹനമായി ഉപയോഗിക്കുന്ന മൃഗത്തെയാണ് കുറിക്കുന്നത്. 'വാചി' എന്ന വാക്ക് 'വാഹനം' എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, ശാസ്താവിന്റെ വാഹനം കുതിരയാണ്, അതിനെ ശാസ്താവിന്റെ 'വാചി' എന്ന് പറയാം. കൊടിമരങ്ങളില്‍ കാണുന്ന ജീവിയുടെ രൂപം ദേവതയുടെ വാഹനം ഏതാണെന്ന് മനസ്സിലാക്കാന്‍ സഹായിക്കും. അതായത് ശബരിമലയിലെ പഴയ കൊടിമരത്തിലെ 'വാചി'യെ കാണാനില്ലെന്നാണ് സൂചന. വെള്ളിയിലാണ് ഇത് പണിതിരുന്നത്. കുരിതയ്ക്കും വാജിയെന്നും അര്‍ത്ഥമുണ്ട്.

2017 ഏപ്രിലിലാണ് പുതിയ സ്വര്‍ണ കൊടിമരം സ്ഥാപിക്കാന്‍ നടപടികള്‍ ആരംഭിച്ചത്. പത്തു കിലോയോളം തങ്കം ഉപയോഗിച്ച് മൂന്നരകോടി രൂപ ചെലവിട്ടാണ് സ്വര്‍ണ കൊടിമരം നിര്‍മ്മിച്ചത്. പുതിയത് സ്ഥാപിക്കുന്നതിന് മുന്‍പ് പഴയ കൊടിമരവും അതിനു മുകളില്‍ സ്ഥാപിച്ചിരുന്ന അയ്യപ്പ വാഹനരൂപവും അഴിച്ചുമാറ്റിയിരുന്നു. അത് എവിടേക്കു മാറ്റിയെന്നതു സംബന്ധിച്ച് യാതൊരു സ്ഥിരീകരണവും ദേവസ്വം ബോര്‍ഡ് ഇതുവരെ നല്‍കിയിട്ടില്ല. വര്‍ഷങ്ങളായി അയ്യപ്പ സന്നിധിയില്‍ ഉണ്ടായിരുന്ന കുതിര രൂപത്തിന് ഭക്തര്‍ സമാനതകളില്ലാത്ത വിലയാണു കല്‍പ്പിക്കുന്നത്. അതുകൊണ്ടാണ് സ്വര്‍ണ്ണപ്പാളികളുടെ വിഷയം വിവാദമായ സാഹചര്യത്തില്‍ പഴയ കൊടിമരവും കുതിര രൂപവും വിറ്റതാണെന്ന സംശയവും ഉയര്‍ന്നു. ഇതെല്ലാം ശരിയാണെന്ന തരത്തിലാണ് തന്ത്രിയുടെ കത്ത് പുറത്തു വരുന്നത്. പുതിയ കൊടിമരം സ്വര്‍ണ്ണം പൂശി സ്ഥാപിക്കാന്‍ ഹൈദരാബാദ് ആസ്ഥാനമായ കമ്പനിക്ക് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കിയതു സംബന്ധിച്ചും ദുരൂഹതയുണ്ട്്. കമ്പനിക്ക് ഫീനിക്‌സ് പക്ഷിയെ പോലെ വാജി വാഹനവുമായി പറന്ന് ഉയരാന്‍ സഹായം ചെയ്തുനല്‍കിയത് ആരാണെന്ന കാര്യത്തിലാണ് ദുരൂഹത.

പഴയ കൊടിമരത്തിന് മുകളില്‍ സ്ഥാപിച്ച 'വാചി' വെള്ളിയിലുള്ളതായിരുന്നു. പുതിയ കൊടിമരത്തില്‍ സ്വര്‍ണ്ണം പൂശിയ പുതിയ 'വാചിയാണുള്ളത്'. അപ്പോള്‍ ആ പഴയ വെള്ളയിലുള്ള കുതിര എവിടെ പോയി എന്നതാണ് ഉയരുന്ന ചോദ്യം. ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് ഈ വാചി മുതലാളിയ്ക്ക് കൊടുത്തതെന്നതും ദുരൂഹമായി തുടരുന്നു. ഇങ്ങനെ കൈമാറാന്‍ ആര്‍ക്കും അധികാരമില്ലെന്നതാണ് വസ്തുത. കാറ്റിനെ വെല്ലുന്ന വേഗത്തില്‍ പായുന്ന കുതിരയുടെ പുറത്ത് അമ്പും വില്ലും ധരിച്ചവനായി ഭക്തരുടെ മനസ്സാകുന്ന കാട്ടില്‍ വിഹരിക്കുന്ന രാഗദ്വേഷാദികളായ ദുഷ്ടമൃഗങ്ങളെ സംഹരിക്കാന്‍ എഴുന്നള്ളുന്ന വില്ലാളി വീരനാണ് ധര്‍മശാസ്താവ്. ദേവന്റെ അല്ലെങ്കില്‍ ദേവിയുടെ സ്വരൂപം ഏതിലൂടെ ഭക്തര്‍ക്ക് സ്പഷ്ടമാകുന്നുവോ അതിനെ പ്രതീകവത്ക്കരിക്കുന്നതാണ് വാഹനം. സാധാരണയായി തിര്യക് രൂപങ്ങളില്‍ ഒന്നായിരിക്കും വാഹനമായി പറയുക.

വിഷ്ണുവിന് ഗരുഡന്‍, ശിവനു വൃഷഭം, ദുര്‍ഗയ്ക്ക് സിംഹം, സരസ്വതിക്ക് ഹംസം എന്നിങ്ങനെ. അയ്യപ്പനെ ഭക്തമനസ്സുകളില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് പുലിവാഹനനായിട്ടാണ്. എന്നാല്‍ തന്ത്രശാസ്ത്രങ്ങളില്‍ ശാസ്താവിന്റെ വാഹനമായി പറയുന്നത് കുതിരയെയാണ്. ഭഗവാന്റെ ധ്വജപ്രതിഷ്ഠകളില്‍ വാഹനമായി പ്രതിഷ്ഠിക്കപ്പെടുന്നത് അശ്വമാണ്. ശാസ്താവിന്റെ കൊടിയടയാളവും കുതിര തന്നെ. വാജിവാഹനന്‍, തുരഗവാഹനന്‍, തുരംഗവാഹനന്‍, ഹയാരൂഢന്‍, അശ്വാരൂഢന്‍ എന്നെല്ലാം ശാസ്താവ് വിളിക്കപ്പെടുന്നു. അതിവേഗം ഗമിക്കുന്നത്, ചിന്തിക്കുന്നത് എന്നെല്ലാമാണ് തുരഗം, അശം, വാജി, ഹയം എന്നീ പദങ്ങള്‍ക്കെല്ലാമുള്ള സാമാന്യാര്‍ഥം. മനുഷ്യന്റെ ചിന്തകളെയാണ് ധര്‍മമൂര്‍ത്തിയായ ശാസ്താവിന്റെ വാഹനമായി കല്‍പിച്ചിരിക്കുന്നത്.