പെരുന്ന: ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ പ്രഖ്യാപിച്ച എന്‍ എസ് എസിന് നന്ദി അറിയിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ പെരുന്നയില്‍. ഗതാഗതമന്ത്രി കെബി ഗണേശ് കുമാറും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം ബാലഗോപാലുമാണ് എന്‍ എസ് എസ് ആസ്ഥാനത്ത് ഇന്നെത്തിയത്. ആഗോള അയ്യപ്പ സംഗമത്തില്‍ എന്‍ എസ് എസ് സാന്നിധ്യം ഉറപ്പിക്കാന്‍ കൂടിയായിരുന്നു ഈ വരവ്. മതേതര സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്ന എന്‍ എസ് എസിന്റെ പ്രസ്താവനയെ പ്രതീക്ഷയോടെയാണ് പിണറായി സര്‍ക്കാര്‍ കാണുന്നത്. എന്‍ എസ് എസ് വൈസ് പ്രസിഡന്റായ എം സംഗീത് കുമാറായിരുന്നു ഈ പ്രസ്താവന നടത്തിയത്. ഇതിന് പിന്നില്‍ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ സമ്മതവും ഉണ്ടായിരുന്നു. ഇത് മനസ്സിലാക്കിയാണ് മന്ത്രി ഗണേശും ബാലഗോപാലും പെരുന്നയില്‍ വന്നത്. അടുത്ത കാലത്താണ് ഗുരുവായൂര്‍ ദേവസ്വം പ്രതിനിധിയായി ബാലഗോപാല്‍ ചുമതലയേറ്റത്. കേരളാ കോണ്‍ഗ്രസ് ബിയുടെ ട്രഷറര്‍ കൂടിയായ ബാലഗോപാലിന് മന്ത്രി ഗണേശനുമായി പതിറ്റാണ്ടുകളുടെ സൗഹൃദമുണ്ട്. കേരളാ കോണ്‍ഗ്രസ് ബിയുടെ പ്രതിനിധിയായാണ് ബാലഗോപാല്‍ ഗുരുവായൂര്‍ ദേവസ്വത്തില്‍ എത്തിയത്.

ആഗോള അയ്യപ്പ സംഗമത്തിന് പൂര്‍ണ്ണ പിന്തുണയെന്ന് എന്‍എസ്എസ് കഴിഞ്ഞ ദിവസമാണ് രംഗത്ത് വന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ ശബരിമല ആചാരം സംരക്ഷിക്കുമെന്ന് എന്‍എസ്എസ് വൈസ് പ്രസിഡന്റ് എന്‍. സംഗീത് കുമാര്‍ വിശദീകരിച്ചിരുന്നു. അവിശ്വാസികള്‍ അയ്യപ്പസംഗമം നടത്തുന്നുവെന്ന ബിജെപി ആരോപണവും എന്‍എസ്എസ് തള്ളുകയും ചെയ്തു. അടുത്ത മാസം 20 മുതല്‍ ശബരിമലയില്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് എന്‍എസ്എസ് അറിയിക്കുകയായിരുന്നു. അയ്യപ്പ സംഗമത്തിന് വേണ്ട എല്ലാ കാര്യങ്ങള്‍ക്കും സര്‍ക്കാരിനെ എന്‍എസ്എസ് പിന്തുണയ്ക്കും. ഇടതുപക്ഷ സര്‍ക്കാര്‍ ശബരിമല ആചാരങ്ങളെ സംരക്ഷിക്കുമെന്ന് എന്‍എസ്എസ് വൈസ് പ്രസിഡന്റ് എന്‍. സംഗീത് കുമാര്‍ പറഞ്ഞു. അയ്യപ്പ സംഗമം ശബരിമലയുടെ വികസനം ലക്ഷ്യമിട്ടുള്ളതാണ്. ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരെ ഒരു വേദിയില്‍ എത്തിക്കുക എന്നതാണ് സംഗമത്തിന്റെ ലക്ഷൃം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഏകദേശം മൂവായിരത്തില്‍ അധികം പ്രതിനിധികള്‍ പങ്കെടുക്കും. സംഗമത്തിനെത്തുന്ന ഭക്തര്‍ക്ക് വേണ്ടി പമ്പയില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കും. അതിന്റെ ഭാഗമായുള്ള നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ പ്രചരണമാണെന്നും, അവിശ്വാസികളാണ് അത് നടത്തുന്നത് എന്നുമുള്ള വാദത്തെ എന്‍എസ്എസ് തള്ളുകയും ചെയ്തു. ഇതോടെ വിവാദങ്ങളില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന തരത്തിലേക്ക് എന്‍ എസ് എസ് എത്തി. ഗണേശ് കുമാറിനെ പെരുന്നയിലേക്ക് അയച്ച് ഈ നയതന്ത്രം കൂടുതല്‍ ശക്തമാക്കുകയാണ് പിണറായി വിജയന്‍. ആഗോള അയ്യപ്പ സംഗമത്തില്‍ എന്‍ എസ് എസ് പ്രതിനിധി പങ്കെടുക്കും.

എന്‍ എസ് എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയാണ് ഗണേശ് കുമാര്‍. ജി സുകുമാരന്‍ നായരുടെ വിശ്വസ്തനുമാണ്. ഈ സാഹചര്യത്തില്‍ എന്‍ എസ് എസിനെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി വളരെ നേരത്തെ തന്നെ ഗണേശിനെ നിയോഗിച്ചിരുന്നു. ഇതാണ് മഞ്ഞുരുക്കലിലേക്ക് കാര്യങ്ങളെത്തിയത്. സര്‍ക്കാര്‍ ശബരിമലയിലെ ആചാരം സംരക്ഷിക്കുമെന്ന് പൂര്‍ണവിശ്വാസമുണ്ടെന്നും അയ്യപ്പസംഗമം ശബരിമല വികസനത്തിനുള്ള ചര്‍ച്ചാവേദിയാകുമെന്നും എന്‍എസ്എസ് വൈസ് പ്രസിഡന്റ് എം. സംഗീത്കുമാര്‍ പറഞ്ഞിരുന്നു. ശബരിമല യുവതീപ്രവേശത്തിലെ ആശങ്ക സര്‍ക്കാര്‍ പരിഹരിച്ചു. പഴയകാലത്തെക്കുറിച്ച് ഇനി സംസാരിക്കേണ്ട കാര്യമില്ല. ശബരിമലയില്‍ ആചാരലംഘനം ഉണ്ടാകില്ലെന്നും വിശ്വാസം സംരക്ഷിക്കുമെന്നും സര്‍ക്കാരിന്റെ ഉറപ്പുണ്ട്. അതിനാല്‍ അയ്യപ്പസംഗമത്തെ എതിര്‍ക്കേണ്ടതില്ല. ആചാരലംഘനമുണ്ടായപ്പോള്‍ ശക്തമായി എതിര്‍ത്തിട്ടുമുണ്ട്. അയ്യപ്പന്റെ കാര്യമാണ്, നല്ലത് നടക്കട്ടെ. എല്ലാകാലത്തും വിശ്വാസികള്‍ സര്‍ക്കാരിന് നേതൃത്വം കൊടുക്കണമെന്നില്ല. പത്തുകൊല്ലമായി ഇടതുസര്‍ക്കാരാണ്, അവരില്‍ പലരും വിശ്വാസികളാണ് -സംഗീത്കുമാര്‍ പറഞ്ഞത് ഇങ്ങനെയാണ്. വിശ്വാസിയായ ഗണേശും മന്ത്രിസഭയിലുണ്ടെന്നാണ് സംഗീത് കുമാറും പറഞ്ഞു വച്ചത്.

ആഗോള അയ്യപ്പ സംഗമത്തില്‍ പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച് യോഗക്ഷേമസഭ രംഗത്തു വന്നിട്ടുണ്ട്. ശബരിമലയെ വീണ്ടും വിവാദവിഷയമാക്കരുതെന്ന് യോഗക്ഷേമസഭ പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരി പറഞ്ഞു. അയ്യപ്പ സംഗമം സാമ്പത്തിക ലാഭത്തിനോ ഇലക്ഷന്‍ സ്റ്റണ്ടിനോ ആണെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. അയ്യപ്പ സംഗമത്തില്‍ ആശങ്കയുണ്ട്. ആചാരങ്ങള്‍ പാലിക്കപ്പെടേണ്ട സ്ഥലമാണ് ശബരിമല. തെറ്റിദ്ധാരണ ഒഴിവാക്കി കാര്യങ്ങള്‍ സുതാര്യമാക്കണമെന്ന് അക്കീരമണ്‍ കാളിദാസ ഭട്ടതിരി ആവശ്യപ്പെട്ടു. ഇതിനിടെ അയ്യപ്പ സംഗമത്തിന് എന്‍എസ്എസ് പൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നത് സര്‍ക്കാരിന് ആശ്വാസമാണ്. ആഗോള അയ്യപ്പസംഗമത്തില്‍ ബിജെപിയും കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. വ്യാപാര താല്‍പര്യത്തോടെ നടത്തുന്ന എക്സ്പോ പോലെയായി അയ്യപ്പ സംഗമമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു. 'ശബരിമലയെ സര്‍ക്കാര്‍ ടൂറിസ്റ്റ് കേന്ദ്രമാക്കുന്നുവെന്നും അയ്യപ്പന്‍മാരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. ഭക്തര്‍ക്കൊപ്പമാണ് എന്‍എസ്എസ് നില്‍ക്കേണ്ടതെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വാസവനും അയ്യപ്പനില്‍ വിശ്വാസമുണ്ടോ? ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ മടിയുളള ഇവര്‍ അപ്പോള്‍ അയ്യപ്പ സംഗമത്തിനായി ഇറങ്ങുമ്പോള്‍ സാധാരണ ഭക്തജനങ്ങള്‍ക്ക് ചില സംശയങ്ങളുണ്ടാകും. അത് സ്വാഭാവികമാണ്. പണം എങ്ങനെ ഉണ്ടാക്കാമെന്നാണ് നോക്കുന്നത്. എന്തിനാണ് ദേവസ്വം ബോര്‍ഡ് നോക്കുക്കുത്തിയായി നില്‍ക്കുന്നത്'- കുമ്മനം രാജശേഖരന്‍ പറഞ്ഞു. ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ വിവാദമാക്കരുതെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പ്രതികരിച്ചത്. ശബരിമലയുടെ വികസനമാണ് ലക്ഷ്യമിടുന്നത്. ആചാരവിരുദ്ധമായ ഒന്നും നടക്കില്ല. മതസമുദായ സംഘടനകളെ സംഗമത്തിലേക്ക് ക്ഷണിക്കും. വിശ്വാസവും വികസനവും ഒരുപോലെ കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.