തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ചോദ്യം ചെയ്യലിനു ഹാജരായില്ലെങ്കില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റെ എ പത്മകുമാറിനെ വീട്ടിലെത്തി പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്യും. ചോദ്യചെയ്യലിന് ഹാജരാകണമെന്നു കാട്ടി പ്രത്യേക അന്വേഷണ സംഘം പത്മകുമാറിന് നോട്ടീസ് നല്‍കിയിരുന്നു. അടിയന്തരമായി ഹാജരാകണമെന്നാണ് നോട്ടീസ്. നേരത്തെ പ്രത്യേക അന്വേഷണ സംഘം ഇദ്ദേഹത്തിന് നോട്ടീസ് നല്‍കിയിരുന്നു. അന്നും രോഗ്യകാരണങ്ങളാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. മുന്‍ ദേവസ്വം കമ്മീഷണറും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്ന എന്‍. വാസുവിനെ ചൊവ്വാഴ്ച അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. വാസു ഇപ്പോള്‍ റിമാന്‍ഡിലാണ്. ഈ സാഹചര്യത്തില്‍ പത്മകുമാറിനേയും അറസ്റ്റ് ചെയ്യും. സിപിഎം നേതാവായ വാസു മുന്‍ പഞ്ചായത്ത് പ്രസിഡന്റാണ്. സിപിഎമ്മിന്റെ വിശ്വസ്തന്‍. പത്മകുമാര്‍ സിപിഎം പത്തനംതിട്ട ജില്ലാ നേതാവാണ്. നിലവില്‍ ഔദ്യോഗിക പക്ഷവുമായി പിണക്കത്തിലും. ഈ സാഹചര്യത്തില്‍ പത്മകുമാറിനെ അറസ്റ്റു ചെയ്യാതിരിക്കാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദവും പോലീസിന് മേല്‍ ഇല്ല.

പത്മകുമാര്‍ പ്രസിഡന്റായിരുന്ന കാലത്ത് വാസു ദേവസ്വം ബോര്‍ഡില്‍ പ്രധാന പദവി വഹിച്ചിരുന്നു. സ്വര്‍ണ്ണക്കൊള്ളയില്‍ വാസുവിന് പങ്കുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് ഒരു കേസില്‍ വാസുവിനെ അറസ്റ്റ് ചെയ്തത്. ദേവസ്വം ബോര്‍ഡ് ജീവനക്കാരായിരുന്ന മുരാരി ബാബു, സുധീഷ്‌കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തതില്‍ നിന്നു ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് വാസുവിനെ അറസ്റ്റ് ചെയ്തത്. പത്മകുമാറിന് ശേഷം വാസുവായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ ഉള്‍പ്പെടെ പത്മകുമാറും വാസുവും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ആളായിരുന്നു വാസു. പത്മകുമാറിനെ മറികടന്ന് ദേവസ്വം ബോര്‍ഡില്‍ പല നടപടികളും വാസു കൈക്കൊണ്ടിരുന്നു. ഇതിനെല്ലാം സര്‍ക്കാരില്‍ നിന്നു വാസുവിന് നല്ല പിന്തുണ ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പത്മകുമാര്‍ നല്‍കുന്ന മൊഴി നിര്‍ണ്ണായകമാകും. സര്‍ക്കാരിനെ വെട്ടിലാക്കുന്ന പരാമര്‍ശങ്ങളുണ്ടാകാനും സാധ്യതയുണ്ട്.

മുന്‍ കമ്മിഷണര്‍ എന്‍. വാസുവിനെ അറസ്റ്റ് ചെയ്യാന്‍ ഇടയായ സാഹചര്യം പത്മകുമാറിന്റെ കാര്യത്തിലും നിലനില്‍ക്കുന്നു എന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളിയെ ചെമ്പ് എന്ന് രേഖപ്പെടുത്തിയതും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തു വിട്ടതും വാസുവിന്റെ നേതൃത്വത്തില്‍ എന്നാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചിരിക്കുന്നത്. ഈ സമയത്ത് പ്രസിഡന്റ് ആയിരുന്നത് എ. പത്മകുമാര്‍ ആണ്. കമ്മിഷണര്‍ ആയിരുന്ന വാസു മുന്നോട്ടുവച്ച ഉത്തരവുകള്‍ പത്മകുമാര്‍ അംഗീകരിച്ചതായി അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഇതു ഗൂഢാലോചനയുടെ ഭാഗമായിട്ടാണോ എന്നാണ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായാണ് അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതും. വാസുവിനെ അടുത്തദിവസം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമ്പോള്‍ പത്മകുമാറിനെതിരെ മൊഴി ലഭിക്കുമോ എന്നതും നിര്‍ണായകമായിരിക്കും.

അടുത്ത ബന്ധുവിന്റെ മരണാന്തര ചടങ്ങുകള്‍ കാരണം ഉടന്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്നും സാവകാശം വേണമെന്നുമാണ് പത്മകുമാര്‍ അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്. ഇത് അംഗീകരിക്കാന്‍ പ്രത്യേക അന്വേഷണ സംഘം തയ്യാറാകാന്‍ സാധ്യത കുറവാണ്. അങ്ങനെ എങ്കില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം എപ്പോള്‍ വേണമെങ്കിലും പത്മകുമാര്‍ അറസ്റ്റിലാകാന്‍ സാധ്യതയുണ്ട്. അതേസമയം ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി. ദേവസ്വം ബോര്‍ഡ് അംഗങ്ങളും ജീവനക്കാരും അഴിമതി നടത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

അതിനിടെ അറസ്റ്റിലായവരെ സിപിഎം തള്ളി പറയുന്നുണ്ട്. ശബരിമല സ്വര്‍ണ്ണ മോഷണവുമായി ബന്ധപ്പെടുത്തി എല്‍ഡിഎഫിനേയും സര്‍ക്കാരിനേയും ഇകഴ്ത്തിക്കാണിക്കാനുള്ള പ്രതിപക്ഷ, മാധ്യമ ശ്രമങ്ങള്‍ വസ്തുത മറച്ചുവച്ച്. അറസ്റ്റിലായ മൂന്ന് ജീവനക്കാരും കോണ്‍ഗ്രസ് ഭരണകാലത്ത് നിയമിതരായവരും ജീവനക്കാരുടെ കോണ്‍ഗ്രസ് സംഘടനാ നേതാക്കളുമാണെന്ന് ദേശാഭിമാനി പറയുന്നു അയ്യപ്പസംഗമം പൊളിക്കാന്‍ സ്വര്‍ണ മോഷണക്കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ രംഗത്തിറക്കിയത് പ്രതിപക്ഷമാണ്. ശില്‍പ്പപാളിയുടെ പീഠം കാണാതായെന്ന കള്ളം 24 മണിക്കൂറും പ്രചരിപ്പിച്ചത് ഇതേ മാധ്യമങ്ങളും. അത് പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ ഒളിപ്പിച്ചുവെന്ന് കണ്ടെത്തിയതോടെ പുറത്തുവന്നത് വന്‍ഗൂഢാലോചന. ഒരു വാര്‍ത്താ ചാനലാണ് ആദ്യം പോറ്റിയെ രംഗത്തിറക്കിയത്. എസ്ഐടിയെ നിയോഗിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചപ്പോള്‍ സര്‍ക്കാര്‍ പൂര്‍ണമായി സഹകരിച്ചു. മുഴുവന്‍ പ്രതികളെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താേസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു, 'പീഠം പോറ്റിയുടെ ബന്ധുവീട്ടിലേക്ക് മാറ്റിയെന്ന് കണ്ടെത്തി. ഗൂഢാലോചനയുടെ ഭാഗമായിരുന്നു എല്ലാമെന്ന് അപ്പോള്‍ത്തന്നെ വ്യക്തമായി. ഇപ്പോള്‍ ഹൈക്കോടതി എസ്‌ഐടി അന്വേഷണത്തിന് ഉത്തരവിട്ടു. കോടതിയുടെ നിലപാടിനെ സര്‍ക്കാര്‍ പൂര്‍ണമായും പിന്തുണച്ചു. ആരൊക്കെയാണ് കുറ്റവാളികള്‍, ആര്‍ക്കെല്ലാം വീഴ്ചയുണ്ടായി തുടങ്ങിയവയെല്ലാം പുറത്തുവരും. ശക്തമായ നടപടിയുണ്ടാകും' എന്ന്. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എല്‍ഡിഎഫ് നേതാക്കളും അയ്യപ്പന്റെ തരി സ്വര്‍ണം മോഷ്ടിച്ച ആരേയും വെറുതെ വിടരുതെന്ന നിലപാടാണ് ആവര്‍ത്തിച്ചത്.

എന്തെങ്കിലും മറയ്ക്കാനുണ്ടെങ്കില്‍, 1998 മുതലുള്ള എല്ലാകാര്യങ്ങളും അന്വേഷിച്ച് പുറത്തുകൊണ്ടുവരണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ ആവശ്യപ്പെടുമായിരുന്നില്ല. ശില്‍പ്പപാളികള്‍ മാത്രമല്ല കട്ടിളയടക്കം കൊണ്ടുപോയതിലും ദുരൂഹതയുണ്ടെന്ന് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത് ദേവസ്വം വിജിലന്‍സാണ്. സ്വര്‍ണം പൂശിയവയും തകിട് പതിച്ചവയും 'ചെമ്പ് ' എന്ന് എഴുതിയതില്‍ പലര്‍ക്കും പങ്കുണ്ടെന്നും വിജിലന്‍സ് കണ്ടെത്തി. വാസുവിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എസ്ഐടി അത് വ്യക്തമാക്കി. ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്ഐടിയെ വച്ചതും-ഇതാണ് ദേശാഭിമാനിയുടെ വാര്‍ത്ത. ഇതോടെ വാസു തെറ്റു ചെയ്തുവെന്ന് ദേശാഭിമാനി സമ്മതിക്കുകയാണ്. എന്നാല്‍ വാസുവിന്റെ സിപിഎം പശ്ചാത്തലം പറയുന്നുമില്ല.