- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പവിത്രമായ ക്ഷേത്ര സ്വത്തുക്കളുടെ അപഹരണം; ബോര്‍ഡിന്റെ അറിവില്ലാതെ ഇത്തരമൊരു നടപടി നടക്കില്ല; ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും അടക്കം നേരിട്ടോ അല്ലാതെയോ ഉത്തരവാദികളാകുമെന്ന ഹൈക്കോടതി ശാസനയില്‍ അഞ്ചാം വിക്കറ്റായി വീണത് വമ്പന്‍ സ്രാവ്! വാസുവിന് പിന്നാലെ വീഴുന്ന ആറാം വിക്കറ്റ് പദ്മകുമാറോ?
തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശില്‍പ്പപാളിയിലെയും കട്ടിളപ്പടിയിലെയും സ്വര്‍ണം കവര്‍ന്ന കേസില്‍ ബോര്‍ഡ് മുന്‍ പ്രസിഡന്റും ദേവസ്വം കമീഷണറുമായിരുന്ന എന്‍ വാസു റിമാന്‍ഡികുമ്പോള്‍ വീണത് അഞ്ചാം വിക്കറ്റ്. പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വാസുവിനെ റിമാന്‍ഡ് ചെയ്തത്. 14 ദിവസമാണ് റിമാന്‍ഡ് കാലാവധി. വാസുവിനെ കൊട്ടാരക്കര സബ് ജയിലിലേക്കയച്ചു. ശബരിമല സ്വര്‍ണകൊള്ളയില്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് എന്‍ വാസുവിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. അഞ്ച് പേരാണ് ഇതുവരെ കേസില്‍ അറസ്റ്റിലായത്. നേരത്തെ കേസില്‍ പ്രത്യേക അന്വേഷക സംഘം എന്‍ വാസുവിന്റെ മൊഴിയെടുത്തിരുന്നു. സ്വര്‍ണം പൂശാനുള്ള ശുപാര്‍ശയുള്ള എക്സിക്യുട്ടീവ് ഓഫീസറുടെ കത്ത് ബോര്‍ഡിന് കൈമാറുക മാത്രമാണ് ചെയ്തതെന്നാണ് എന്‍ വാസു മൊഴി നല്‍കിയത്. കട്ടിളപ്പാളികള്‍ കൊണ്ടുപോവുമ്പോള്‍ താന്‍ കമീഷണറായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശബരിമലയിലെ ദ്വാരപാലക ശില്‍പ്പപാളി വിഷയത്തില്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും എന്‍ വാസു പറഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കുമ്പോഴും ദേവസ്വം കമീഷണറായിക്കുമ്പോഴും തെറ്റുകളൊന്നും സംഭവിച്ചിട്ടില്ല. 2019 മാര്‍ച്ച് 14ന് ദേവസ്വം കമീഷണര്‍ സ്ഥാനത്തുനിന്ന് മാറി. നവംബറില്‍ വീണ്ടും ദേവസ്വം പ്രസിഡന്റായി തിരിച്ചെത്തിയെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ ഈ സമയത്ത് ശബരിമല ഭരിച്ച വാസുവിന്റെ വിശ്വസ്തരെല്ലാം വാസുവിനെതിരെ മൊഴി നല്‍കി. അങ്ങനെ അഞ്ചാം വിക്കറ്റ് വീണു. ഇനി ഉയരുന്നത് ആരാണ് ആറാം വിക്കറ്റെന്നതാണ്. മുന്‍ ദേവസ്വം പ്രസിഡന്റ് എ പദ്മകുമാറിന് നറുക്കു വീഴുമെന്നാണ് സൂചന. പദ്കുമാറും ഏത് നിമിഷവും അറസ്റ്റിലാകും.
ദേവസ്വം മാനുവലും ഹൈക്കോടതിയുടെ ഉത്തരവും കണക്കിലെടുക്കാതെയാണ് 2025 സെപ്റ്റംബറില്‍ ദ്വാരപാലക ശില്പങ്ങളുടെ സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണിക്കായി ചെന്നൈയ്ക്ക് കൊണ്ടുപോയത്. വിലപിടിപ്പുള്ള വസ്തുക്കളുടെ അറ്റകുറ്റപ്പണി ക്ഷേത്രാങ്കണത്തിലാണ് നടത്തേണ്ടതെന്ന് ദേവസ്വം നിയമത്തിലും കോടതി ഉത്തരവിലും വ്യക്തമാണ്. ഇക്കാര്യം അറിയില്ലെന്ന് ബോര്‍ഡിന് പറയാനാകില്ല. ശബരിമല കമ്മിഷണറെ വിവരം അറിയിച്ചാല്‍ 2019-ലെ ക്രമക്കേടുകള്‍ പിടിക്കപ്പെടുമെന്ന് കരുതിയിരിക്കാം. 2019-ല്‍ അറ്റകുറ്റപ്പണയ്ക്ക് ശേഷം ദ്വാരപാലക ശില്‍പത്തിന്റെ തൂക്കത്തില്‍ നാലു കിലോയോളമാണ് കുറവുണ്ടായത്. പവിത്രമായ ക്ഷേത്ര സ്വത്തുക്കളുടെ അപഹരണമാണ് ഇതിലൂടെ നടന്നത്. ബോര്‍ഡിന്റെ അറിവില്ലാതെ ഇത്തരമൊരു നടപടി നടക്കില്ല. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, അംഗങ്ങള്‍ അടക്കം നേരിട്ടോ അല്ലാതെയോ ഉത്തരവാദികളാകും. ഇക്കാര്യവും എസ്ഐടി അന്വേഷിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
വിഷയത്തില്‍ അഴിമതി നിരോധന നിയമം ബാധകമാകുമോ എന്നതും പരിശോധിക്കണമെന്നും 2019-ലെ അറ്റകുറ്റപ്പണിയിലൂടെ എത്ര സ്വര്‍ണമാണ് നഷ്ടപ്പെട്ടതെന്ന് തിട്ടപ്പെടുത്താനായി ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ പാളികളടക്കം തൂക്കിനോക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. 1999-ല്‍ എത്ര സ്വര്‍ണമായിരിക്കും ദ്വാരപാലക ശില്‍പങ്ങള്‍ക്ക് സ്വര്‍ണാവരണം നല്‍കാനായി ഉപയോഗിച്ചതെന്ന് തിട്ടപ്പെടുത്താന്‍ മറ്റ് സ്വാര്‍ണവരണങ്ങളില്‍നിന്ന് സാമ്പിള്‍ എടുക്കണം. നവംബര്‍ 15-നകം ഇതിനായുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം. വിഷയം ഡിസംബര്‍ മൂന്നിന് വീണ്ടും പരിഗണിക്കും. ഈ സാഹചര്യത്തിലാണ് വാസുവിനേയും അറസ്റ്റു ചെയ്തത്. ദിവസങ്ങള്‍ക്കുള്ളില്‍ ശബരിമലയിലെ തെളിവെടുപ്പുകളും പൂര്‍ത്തിയാക്കണം. പദ്മകുമാര്‍ ചോദ്യം ചെയ്യലിന് വിളിച്ചിട്ട് വന്നില്ല. അസൗകര്യം പറഞ്ഞൊഴിവായി. വീണ്ടും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ നോട്ടീസ് പ്രകാരം ഉടന്‍ പദ്മകുമാര്‍ ഹാജരാകണം. ഇല്ലാത്ത പക്ഷം വീട്ടിലെത്തി അറസ്റ്റു ചെയ്യാനാണ് നീക്കം. ഹൈക്കോടതി ഇടപെട്ട വിഷയമായതു കൊണ്ട് മുന്‍കൂര്‍ ജാമ്യം കിട്ടലും പ്രയാസകരമാണ്. ഈ സാഹചര്യത്തില്‍ ആറാം വിക്കറ്റ് പദ്മകുമാറായിരിക്കുമെന്നാണ് വിലയിരുത്തല്‍.
ശബരിമല ശ്രീകോവിലിന്റെ വാതില്‍, ദ്വാരപാലക ശില്‍പം തുടങ്ങിയവയുടെ അറ്റകുറ്റപ്പണിയുടെ പേരില്‍ നടന്ന സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന കലാരൂപ കള്ളക്കടത്തുകാര്‍ക്ക് പങ്കുണ്ടോ എന്ന് സംശയിച്ച് ഹൈക്കോടതി നിലപാട് കടുപ്പിച്ചിരുന്നു. വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കള്‍ കൊള്ളയടിച്ച് കടത്തുന്നതില്‍ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികള്‍ക്ക് (മോഡസ് ഓപ്പറാന്‍ഡി) സമാനമായ നടപടികളാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തില്‍ ശബരിമലയിലും നടന്നതെന്ന് വിലയിരുത്തിയാണ് അന്താരാഷ്ട്ര ബന്ധം ഉണ്ടോ എന്ന് കോടതി സംശയിക്കുന്നത്. മതപരമായ സംരക്ഷണത്തിന്റെ മറവില്‍ വിലമതിക്കാനാകാത്ത ക്ഷേത്ര വസ്തുക്കള്‍ കൊള്ളയടിക്കുന്നതില്‍ കുപ്രസിദ്ധനാണ് സുഭാഷ് കപൂര്‍. ശബരിമല ശ്രീകോവിലിന്റെ വാതിലില്‍ 24 കാരറ്റുള്ള 2519.70 ഗ്രാം സ്വര്‍ണം 1999-ല്‍ പൊതിഞ്ഞിട്ടുണ്ട്. ഈ വാതില്‍ മാറ്റിയാണ് 2018-19 ല്‍ 324.40 ഗ്രാം സ്വര്‍ണം പൂശിയ പുതിയ വാതില്‍ സ്ഥാപിച്ചത്. ശ്രീകോവിലിന്റെ വാതില്‍, ദ്വാരപാലകര്‍, പീഠം, ശ്രീകോവിലിലെ മറ്റ് വസ്തുക്കള്‍ തുടങ്ങിയവയുടെ അളവെടുത്ത് ശരിപ്പകര്‍പ്പുകള്‍ ഉണ്ടാക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് യഥേഷ്ടം അവസരം ലഭിച്ചു. അന്താരാഷ്ട്ര മാര്ക്കറ്റില് വമ്പന്‍ വിലയ്ക്ക് ഇവ വില്‍ക്കാനാകുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
സ്ട്രോങ് റൂമിലുള്ള ദ്വാരപാലക ശില്പങ്ങള്‍ കൈമാറണമെന്നും പോറ്റി ആവശ്യപ്പെടുന്നുണ്ട്. പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍നിന്നാണ് രണ്ട് പീഠങ്ങള്‍ വിജിലന്‍സ് കണ്ടെടുത്തത്. ഒന്നിനും യാതൊരു നിയന്ത്രണമില്ലായിരുന്നു എന്നതിന് തെളിവാണിത്. വിജിലന്സന് അന്വേഷണം തുടങ്ങിയതിന് ശേഷമാണ് അഷ്ടാഭിഷേക കൗണ്ടറിന് സമീപം കിടന്നിരുന്ന ശ്രീകോവിലിന്റെ പഴയ വാതില്‍ സ്ട്രോങ് റൂമിലേയ്ക്ക് മാറ്റിയത്. 1999-ല്‍ സ്വാര്‍ണാവരണം നല്‍കിയത് ശ്രീകോവിലിന്റെ ഈ വാതിലിന് തന്നെയാണോ എന്ന് ഉറപ്പാക്കേണ്ടതുണ്ട്. യഥാര്‍ഥ വാതില്‍ സ്പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്കും സംഘത്തിനും കൈമാറിയിട്ടുണ്ടോ എന്നതും ഉറപ്പാക്കേണ്ടതുണ്ട്. ഇക്കാര്യം പ്രത്യേക അന്വേഷണ സംഘം പരിശോധിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.




