തിരുവനന്തപുരം: കൈക്കൂലി ഉള്‍പ്പെടെയുള്ള കേസുകള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ വര്‍ധിക്കുമ്പോഴും നിയമപരമായ പരിരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരായ പരാതികളില്‍ ഏകപക്ഷീയമായ അന്വേഷണ നടപടികള്‍ക്ക് തടയിട്ട് സംസ്ഥാന ആഭ്യന്തര വകുപ്പാണ് പുതിയ വിജ്ഞാപനം പുറപ്പെടുവിപ്പിച്ചത്. ഏതെങ്കിലും ജീവനക്കാരനെതിരെ പരാതി ലഭിച്ചാല്‍, അന്വേഷണത്തിന് ഉത്തരവിടുന്നതിന് മുന്‍പായി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പരാതിയുടെ പകര്‍പ്പ് സഹിതം ബന്ധപ്പെട്ട ജീവനക്കാരനും അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥനും നോട്ടീസ് അയക്കണമെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. മേലുദ്യോഗസ്ഥന്‍ വിയോജിച്ചാല്‍ കേസെടുക്കാനാകില്ല. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജീവനക്കാരെ സ്വാധീനിക്കാനുള്ള സര്‍ക്കാരിന്‍െ്റ ശ്രമമാണിതെന്ന് ആരോപണം.

പുതുതായി നിലവില്‍ വന്ന ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് ആഭ്യന്തര വകുപ്പിന്‍െ്റ അഭിപ്രായം. എന്തു പരാതിയാണെങ്കിലും ജീവനക്കാര്‍ക്ക് അവരുടെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കുകയും വ്യാജ പരാതികളില്‍ നിന്ന് സംരക്ഷണം നല്‍കുകയുമാണ് ലക്ഷ്യമിടുന്നതെന്നും ആഭ്യന്തര വകുപ്പ് പറയുന്നു. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, മജിസ്ട്രേറ്റിന്റെ നോട്ടീസ് ലഭിച്ചാല്‍ ജീവനക്കാരന്റെ മേലുദ്യോഗസ്ഥന്‍ പരാതിയെക്കുറിച്ച് അന്വേഷിക്കണം.

വാദിയെയും പ്രതിയെയും മേലുദ്യോഗസ്ഥന്‍ കേള്‍ക്കേണ്ടിവരും. എന്നിട്ടാകണം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിണ്ടേത്്. ആരോപണവിധേയനായ ജീവനക്കാരനെതിരെ മുന്‍പ് വകുപ്പുതല നടപടികള്‍ ഉണ്ടായിട്ടുണ്ടോയെന്ന കാര്യവും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണം. ഇതോടൊപ്പം, പരാതിയില്‍ ഉള്‍പ്പെട്ട ജീവനക്കാരനും മജിസ്ട്രേറ്റിന് നേരിട്ട് വിശദീകരണം നല്‍കണം.

മേലുദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടും ജീവനക്കാരന്റെ വിശദീകരണവും പരിശോധിച്ച ശേഷമായിരിക്കും പരാതിയില്‍ തുടര്‍ അന്വേഷണം വേണമോയെന്ന കാര്യത്തില്‍ മജിസ്ട്രേറ്റ് അന്തിമ തീരുമാനമെടുക്കുക. റിപ്പോര്‍ട്ടും വിശദീകരണവും സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി മജിസ്ട്രേറ്റിന് നിശ്ചയിക്കാം. ഈ സമയപരിധിക്കുള്ളില്‍ ഇവ നല്‍കുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയാല്‍, തുടര്‍നടപടികളുമായി മുന്നോട്ട് പോകാനും മജിസ്ട്രേറ്റിന് അധികാരമുണ്ടായിരിക്കുമെന്നും ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. ചുരുക്കത്തില്‍, പരാതി ലഭിച്ചാല്‍ മേലുദ്യോഗസ്ഥന്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കിയാല്‍ പോലീസിന് കേസെടുക്കാനാകില്ല.

കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ 539 ജീവനക്കാരുടെ പേരിലാണ് അഴിമതി, കൈക്കൂലി കേസുകള്‍ വിജിലന്‍സ് കണ്ടെത്തിയത്. രജിസ്റ്റര്‍ ചെയ്തിട്ടുള്ളവയില്‍ കൂടുതലും അഴിമതിക്കേസുകളാണ്, 323 എണ്ണം. കൈക്കൂലിക്കേസുകള്‍ 216 എണ്ണമുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരുടെ പേരിലാണ് കൂടുതല്‍ കേസുകള്‍ ഉള്ളത്. റവന്യു, സഹകരണം, പോലീസ്, ഗതാഗതം എന്നീ വകുപ്പുകളും ഒട്ടും പിന്നിലല്ല. തദ്ദേശസ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥരുടെ പേരില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 126 കേസുകളാണ്.

റവന്യു വകുപ്പില്‍ 101 കേസുകളും രജിസ്റ്റര്‍ ചെയ്തു. സഹകരണ വകുപ്പ് ജീവനക്കാരുടെ പേരില്‍ 41 കേസുകളും പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ 27 കേസുകളും എടുത്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 74 അഴിമതിക്കേസുകളും 14 കൈക്കൂലിക്കേസുകളുമാണ് ജില്ലയില്‍ കണ്ടെത്തിയത്. കോഴിക്കോട് ജില്ലയില്‍ 61 കേസുകളും തൃശ്ശൂരില്‍ 53 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് കേസുകളുടെ എണ്ണത്തില്‍ കുറവുള്ളത്.

2018 മുതല്‍ 2023 വരെയുള്ള അഞ്ചുവര്‍ഷം സംസ്ഥാനത്ത് 561 ജീവനക്കാരുടെ പേരിലായിരുന്നു അഴിമതിക്കേസുകള്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഈയ്യിടെയായി കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണ് ഉണ്ടായത്. അഴിമതിക്കാരെ സര്‍വീസില്‍ നിന്നു നീക്കംചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങണമെങ്കില്‍ കടമ്പകളേറെയാണ്. ഇത് അഴിമതി തുടരാനുള്ള ധൈര്യമേകുന്നു. കൈക്കൂലിക്കേസുകളില്‍ കെണിയില്‍പ്പെടുത്തിയായിരുന്നു ഉദ്യോഗസ്ഥരെ വീഴ്ത്തിയിരുന്നതെങ്കില്‍ പണം നേരിട്ട് കൈപ്പറ്റാതെ മറ്റ് പല മാര്‍ഗങ്ങളും വഴി കൈക്കൂലി വാങ്ങാന്‍ വൈദഗ്ധ്യം നേടിയവരുമുണ്ട്.

സസ്പെന്‍ഷന്‍ കാലത്ത് 35 ശതമാനം ശമ്പളം തടഞ്ഞു വക്കുന്നതാണ് ആകെ കിട്ടുന്ന ശിക്ഷ. സസ്പെന്‍ഷന്‍ ഒഴിവായാല്‍ മുഴുവന്‍ ശമ്പളവും ലഭിക്കും. കേസില്‍ ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍ തടഞ്ഞു വച്ച ശമ്പളവും ആനുകൂല്യങ്ങളും മുന്‍കാല പ്രാബല്യത്തോടെ കിട്ടും. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫിസുകളിലെ വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയും കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുക്കലും പ്രഹസനമാവുകയാണ്. ഇത്തരം കേസില്‍ വകുപ്പു മേധാവിക്ക് റിപ്പോര്‍ട്ട് അയക്കല്‍ മാത്രമാണ് വിജിലന്‍സിന്റെ ചുമതല.

തിരുവോണം പ്രമാണിച്ച് നാളെ (5.09.2025) ഓഫീസിന് അവധി ആയതിനാല്‍ മറുനാടന്‍ മലയാളിയില്‍ വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതല്ല. പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- എഡിറ്റര്‍.