- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെയിംസ് മാത്യുവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട ഉമ്മന്‍ചാണ്ടി മോഡല്‍; ആന്തൂരിലെ സാജനെ കൊന്നവര്‍ക്ക് പോറല്‍ പോലും എല്ക്കാതെ കാത്ത പിണറായിയുടെ ഒന്നാം വെര്ഷന്; ശ്യാമളയോട് കാട്ടിയ പരിരക്ഷ തനിക്കും വേണമെന്ന് ആവശ്യം; കണ്ണൂരിലെ 'പാര്‍ട്ടി ആത്മഹത്യ'കള്‍ വീണ്ടും ചര്‍ച്ചകളിലേക്ക്; ഇരട്ട നീതി വാദമുയര്‍ത്തി ദിവ്യയുടെ പ്രതിരോധം
കണ്ണൂര്‍: തളിപ്പറമ്പിലെ ഒരു അദ്ധ്യാപകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്ന് എംഎല്‍എ ആയിരുന്ന ജെയിംസ് മാത്യുവിനോട് കാട്ടിയ അതേ മാതൃക തനിക്കും വേണമെന്ന നിലപാടില്‍ പിപി ദിവ്യ. ആന്തൂര്‍ സാജന്റെ ആത്മഹത്യയില്‍ കുടുങ്ങിയ അന്തൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പികെ ശ്യാമളയ്ക്ക് പാര്‍ട്ടി കൊടുത്ത അതേ കരുതല്‍ എന്തുകൊണ്ട് തിനിക്കു കിട്ടുന്നില്ലെന്ന ചോദ്യമാണ് ദിവ്യ ഉയര്‍ത്തുന്നത്. ഇവരെ എല്ലാം ആരോപണം ഉയര്‍പ്പോള്‍ പാര്‍ട്ടി സംരക്ഷിച്ചില്ലേയെന്നും ദിവ്യ ജില്ലാ നേതാക്കളോട് ചോദിച്ചു കഴിഞ്ഞു. അന്ന് ജെയിംസ് മാത്യുവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ഇതേ പോലെ തന്നേയും റിമാന്‍ഡ് ചെയ്യാതെ വിടണമെന്നതാണ് ദിവ്യയുടെ ആവശ്യം.
തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതനിലെ പ്രധാനാധ്യാപകന്‍ ശശിധരന്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് സിപിഎം എംഎല്‍എ ആയിരുന്ന ജെയിംസ് മാത്യുവിനെ ശ്രീകണ്ഠപുരം പോലീസ് അറസ്റ്റ് ചെയ്തതും ജാമ്യത്തില്‍ വിട്ടതും. ഈ കേസില്‍ അന്ന് രണ്ടാം പ്രതിയായിരുന്നു ജെയിംസ് മാത്യു. പ്രേരണാകുറ്റത്തിനാണ് ജെയിംസ് മാത്യുവിനെതിരെ കേസ് ചാര്‍ജ് ചെയ്തത്. ജെയിംസ് മാത്യു മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും കീഴ്ക്കോടതിയും ഹൈക്കോടതിയും ഇത് തള്ളി. പിന്നീട് ഹാജരാകുന്നതിന് വേണ്ടി ജെയിംസ് മാത്യുവിന് ശ്രീകണ്ഠപുരം പോലീസ് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കുകയും ചെയ്തു. ഒന്നാം പ്രതി കെഎസ്ടിഎ നേതാവായ എം.വി.ഷാജി മാസ്റ്റര്‍ ആയിരുന്നു. ഷാജിയെ ഈ കേസില്‍ റിമാന്‍ഡ് ചെയ്തിരുന്നു. അന്ന് ഇടതുപക്ഷമായിരുന്നില്ല ഭണത്തില്‍. ഉമ്മന്‍ചാണ്ടിയായിരുന്നു മുഖ്യമന്ത്രി. അതുകൊണ്ട് തന്നെ ജെയിംസ് മാത്യുവിന്റെ ജാമ്യത്തില്‍ സിപിഎമ്മിന് പഴി കേള്‍ക്കേണ്ടി വന്നില്ല.
ആന്തൂരില്‍ സാജന്റെ ആത്മഹത്യയില്‍ പ്രതിക്കൂട്ടിലായത് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന എംവി ഗോവന്ദന്‍ മാസറ്ററുടെ ഭാര്യയാണ്. അന്ന് ആന്തൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണായിരുന്ന ശ്യാമളയ്ക്ക് പാര്‍ട്ടി എല്ലാ അര്‍ത്ഥത്തിലും പ്രതിരോധം തീര്‍ത്തു. ഗോവിന്ദന്‍ അന്ന് പാര്‍ട്ടി കേന്ദ്ര കമ്മറ്റി അംഗമായിരുന്നു. ഈ ബലം ശ്യാമളയ്ക്ക് തുണയായി എന്ന വിലയിരുത്തലുമെത്തി. ആന്തൂരിലെ സാജന്‍ വിഷയത്തില്‍ പ്രതിഷേധങ്ങള്‍ക്കൊപ്പമായിരുന്നു ജെയിംസ് മാത്യു നിലയുറപ്പിച്ചിരുന്നതെന്നതും ശ്രദ്ധേയം. ഈ കേസില്‍ അന്വേഷണം നടന്നുവെങ്കിലും ശ്യാമളയെ പോലീസ് തൊട്ടില്ല. പിണറായി സര്‍ക്കാരിന്റെ കാലത്തെ ഈ അന്വേഷണം പിന്നീട് എങ്ങമെത്താതേയുമായി. ശ്യാമളയ്ക്ക് നല്‍കിയ ആ നീതിയാണ് ഇപ്പോള്‍ ദിവ്യ ചോദിക്കുന്നത്. എന്നാല്‍ ശ്യാമളയ്‌ക്കെതിരെ പ്രത്യക്ഷ തെളിവുകള്‍ ഉണ്ടായിരുന്നില്ല. ഇവിടെ ദിവ്യയുടെ എഡിഎമ്മിന്റെ യാത്ര അയപ്പ് ചടങ്ങിലെ ക്ഷണിക്കാതെ പോയുള്ള പ്രസംഗം തന്നെ ഏറ്റവും വലിയ കുടുക്കായി മാറി. ഇത് ചിത്രീകരിച്ചതും ദിവ്യായ്ക്ക് വേണ്ടിയായിരുന്നു എന്നതാണ് വസ്തുത.
പ്രസംഗം വൈറലാക്കി അഴിമതിക്കെതിരെ സംസാരിക്കുന്ന യുവ നേതാവാകുകയായിരുന്നു ദിവ്യയുടെ ലക്ഷ്യം. എന്നാല്‍ എഡിഎമ്മിന്റെ ആത്മഹത്യ എല്ലാം മാറ്റി മറിച്ചു. 2014 ഡിസംബറിലായിരുന്നു ശശിധരന്‍ മാസ്റ്ററുടെ ആത്മഹത്യ. ചുഴലി സ്വദേശിയായ ശശിധരന്‍ മാസ്റ്റര്‍ ഡിസംബര്‍ പതിനഞ്ചിനാണ് കാസര്‍കോട്ടുള്ള ലോഡ്ജ്മുറിയില്‍ ആത്മഹത്യ ചെയ്തത്. സ്‌കൂളിലെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളാണ് ശശശിധരന്റെ ആത്മഹത്യക്ക് കാരണമായത്. അധ്യാപകന്‍ എഴുതിയ കത്തില്‍ തന്റെ മരണത്തിനുത്തരവാദി ജെയിംസ് മാത്യു എംഎല്‍എയും സഹാധ്യാപകനായ എം.വി.ഷാജിയുമാണെന്ന് വ്യക്തമാക്കിയിരുന്നു. എന്ത് കാരണം കൊണ്ടാണ് താന്‍ ആത്മഹത്യ ചെയ്തതെന്നും ആരൊക്കെയാണ് ഇതിന് പിന്നിലെന്നും ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നു. 'താങ്കള്‍ ഡിസംബര്‍ 13 ന് എന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് ജെയിംസ് മാത്യുവിന്റെ പേരില്‍ എഴുതിവെച്ച ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
''എന്റെ കീഴ്ജീവനക്കാരനായ എം.വി.ഷാജിയുടെ വാക്കുകള്‍ മാത്രമാണ് നിങ്ങള്‍ കേട്ടത്. സ്‌കൂളിലെ മറ്റേതെങ്കിലും അധ്യാപകനോട് എന്നെക്കുറിച്ച് അന്വേഷിച്ചിരുന്നുവെങ്കില്‍ നിങ്ങളുടെ ധാരണ മാറുമായിരുന്നു. കുറഞ്ഞ പക്ഷം എച്ച്എസ്എസ്സിലെ പ്രിന്‍സിപ്പലിനോടെങ്കിലും. ഷാജിയുടെ ചരിത്രം മറ്റ് അധ്യാപകരോട് ചോദിച്ച് മനസ്സിലാക്കിയിരുന്നുവെങ്കില്‍ നിങ്ങള്‍ എന്നെ ഭീഷണിപ്പെടുത്തി കേസില്‍ ഉള്‍പ്പെടുത്തുമായിരുന്നില്ല. ആയതിനാല്‍ ഞാന്‍ എന്റെ ജീവിതം അവസാനിപ്പിക്കുന്നു. എന്റെ ഭാര്യയുടെയും മക്കളുടെയും ശാപം എന്തായാലും നിങ്ങളെ വേട്ടയാടും. എന്റെ ആത്മഹത്യക്ക് നിങ്ങള്‍ രണ്ടാമനായതില്‍ ഞാന്‍ ദു:ഖിക്കുന്നു. പാര്‍ട്ടി അനുഭാവി'' എന്നായിരുന്നു ആത്മഹത്യാക്കുറിപ്പിലെ ഉള്ളടക്കം.
ശശിധരന്‍ ആരോടോ സംസാരിക്കുന്നത് കേട്ടിരുന്നുവെന്നും അത് ഭീഷണിയായിരുന്നുവെന്നും അധ്യാപകനെ ആരോ തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാണ് ആത്മഹത്യ ചെയ്തതെന്നും ജെയിംസ് മാത്യു പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. തനിക്കും അധ്യാപകനും ഇടയില്‍ നിന്ന് പ്രവര്‍ത്തിച്ചയാളെ പോലീസ് അന്വേഷിച്ച് കണ്ടെത്തണം. താന്‍ അധ്യാപകനെ വിളിച്ച് സംസാരിച്ചിരുന്നുവെന്നും എന്നാല്‍ ഭീഷണിപ്പെടുത്തിയില്ലെന്നുമാണ് ജെയിംസ് മാത്യു പോലീസിനോട് പറഞ്ഞത്. അധ്യാപകനെതിരെ താന്‍ കേസ് കൊടുത്തിട്ടില്ല. തെറ്റിദ്ധാരണ കൊണ്ടാണ് ദുര്‍ബല ഹൃദയനായ ശശിധരന്‍ മാസ്റ്റര്‍ ആത്മഹത്യ ചെയ്തതെന്നും ജെയിംസ് മാത്യു പോലീസിനോട് പറഞ്ഞിരുന്നു. ഈ കേസില്‍ പോലീസ് കുറ്റപത്രം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ടാം പ്രതിയായതു കൊണ്ടാണ് ജെയിംസ് മാത്യുവിന് ജാമ്യം കിട്ടിയതും ജയില്‍ വാസം ഒഴിവാക്കാനുമായത്.