- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിമെന്റ് പാളി അടര്‍ന്നു വീണ് യുവാവ് മരിച്ച ബാര്‍ ഹോട്ടല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ നീക്കം; ഹൈക്കോടതി വിധി വളച്ചൊടിച്ച് നഗരസഭയുമായി കരാര്‍ വച്ചു: അന്തിമ അനുമതിക്ക് കൗണ്‍സില്‍ അജണ്ട വയ്ക്കും; ഉന്നത നേതാവിന്റെ ബിനാമി ഏറ്റെടുത്ത് നടത്തുമെന്ന് ആക്ഷേപം; കോട്ടയത്തെ രാജധാനി ബാര്‍ ഹോട്ടല്‍ വീണ്ടും വിവാദത്തില്‍
സിമെന്റ് പാളി അടര്‍ന്നു വീണ് യുവാവ് മരിച്ച ബാര്‍ ഹോട്ടല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ നീക്കം

കോട്ടയം: നഗരമധ്യത്തിലെ നഗരസഭ കോംപ്ലക്സില്‍ പ്രവര്‍ത്തിച്ചിരുന്ന രാജധാനി ബാര്‍ ഹോട്ടല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ നീക്കം. നഗരസഭ ഭരിക്കുന്നത് യുഡിഎഫ് ആണെങ്കിലും സംസ്ഥാനത്തെ ഒരു മന്ത്രിയുടെ ബിനാമിക്ക് വേണ്ടി ബാര്‍ ഹോട്ടല്‍ വീണ്ടും തുറക്കാന്‍ ഒത്താശ ചെയ്യുന്നുവെന്ന് ആക്ഷേപം. ബിജെപി നേതാക്കളും അവസരോചിതമായ മൗനം പാലിക്കുമ്പോള്‍ ബലക്ഷയത്തിലുള്ള കെട്ടിടത്തില്‍ നിന്ന് സിമെന്റ് പാളി വീണ് ഒരു യുവാവ് മരിച്ച സംഭവവും പാടേ എല്ലാവരും മറക്കുകയാണ്. നഗരസഭയുമായി ഹോട്ടല്‍ നടത്തിപ്പിന് കരാര്‍ വച്ചിട്ടുണ്ടെന്നതല്ലാതെ അന്തിമ അനുമതി നല്‍കിയിട്ടില്ലെന്ന് സെക്രട്ടറി പറയുന്നു. അജണ്ട വച്ച കൗണ്‍സില്‍ തീരുമാനം എടുത്തതിന് ശേഷമേ ഇക്കാര്യത്തില്‍ അന്തിമ അനുമതി ഉണ്ടാവുകയുള്ളൂ.
2023 ഓഗസ്റ്റ് 18 നാണ് തിരുനക്കരയില്‍ ബലക്ഷയമുള്ള ബസ് സ്റ്റാന്‍ഡ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ബാര്‍ ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് സിമെന്റ് പാളി അടര്‍ന്നു വീണ് താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന മീനാക്ഷി ലക്കി സെന്ററിലെ ജീവനക്കാരന്‍ പായിപ്പാട് പള്ളിക്കച്ചിറ കവല കല്ലൂപ്പറമ്പില്‍ ജിനോ കെ. ഏബ്രഹാം (42) മരിച്ചത്. ഈ കെട്ടിടം രാജധാനി ബാര്‍ ഹോട്ടല്‍ ഉടമകള്‍ അനധികൃതമായി നവീകരിച്ചത് വിവാദമായിരുന്നു. നഗരസഭയുടെ അറിവോ അംഗീകാരമോ ഇല്ലാതെയായിരുന്നു നവീകരണം.
നഗരസഭയുടെ കെട്ടിടം ലൈസന്‍സി സ്വന്തം ഇഷ്ടപ്രകാരവും താല്‍പര്യവും അനുസരിച്ച് പുതുക്കിപ്പണിയുകയായിരുന്നു. അതിന് നഗരസഭാ കൗണ്‍സിലും മരാമത്ത് വിഭാഗവും പിന്തുണ നല്‍കുകയും അതിനോടു ചേര്‍ന്നുള്ള മറ്റു കെട്ടിടങ്ങളുടെ അത്തരം ആനുകൂല്യത്തിന് അവസരം നിഷേധിക്കുകയുമായിരുന്നു. ഓരോ ഘട്ടത്തിലും ചട്ടലംഘനമെന്ന് റിപ്പോര്‍ട്ട് എഴുതിയ ശേഷം പണിപൂര്‍ത്തിയായപ്പോള്‍ എല്ലാത്തിനും കണ്ണടച്ച് അനുമതി നല്‍കുകയാണ് നഗരസഭ എന്‍ജിനീയറിങ് വിഭാഗം ചെയ്തതെന്ന് സംസ്ഥാന ഓഡിറ്റ് വകുപ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈ കെട്ടിടത്തിലെ മറ്റ് മുറികളൊക്കെ ബലക്ഷയത്തിന്റെ പേര് പറഞ്ഞ് പൊളിച്ചു നീക്കിയപ്പോള്‍ ബാര്‍ ഹോട്ടല്‍ മാത്രം ഉടമ തന്നെ ബലപ്പെടുത്തി എന്ന് പറഞ്ഞാണ് പൊളിക്കാതിരുന്നത്. ആ കെട്ടിടത്തില്‍ നിന്നാണ് കൂറ്റന്‍ സിമെന്റ് പാളി വീണ് ലോട്ടറിക്കടയിലെ ജീവനക്കാരന്‍ മരിച്ചത്. തുടര്‍ന്ന് സുരക്ഷിതമല്ലാത്ത കെട്ടിടം, നക്ഷത്രപദവിയുടെ ചട്ട ലംഘനം എന്നീ പേരു പറഞ്ഞ് നഗരസഭയും എക്സൈസും അടച്ചുപൂട്ടിയ ബാര്‍ ഹോട്ടലാണ് ഇപ്പോള്‍ വീണ്ടും തുറക്കാനുള്ള നീക്കം നടക്കുന്നത്. സര്‍ക്കാര്‍ ഇറങ്ങുന്നതിന് മുന്‍പ് ബാര്‍ ഹോട്ടല്‍ പ്രവര്‍ത്തനം തുടങ്ങാനുളള അറ്റകുറ്റപ്പണി അതിവേഗം നടക്കുകയാണ്.
കോട്ടയത്തെ ഉന്നത സി.പി.എം നേതാവിന്റെ ബിനാമിയാണ് ഇതിന് പിന്നിലെന്ന് പറയുന്നു. ബാര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് എക്സൈസ്, ടൂറിസം വകുപ്പുകള്‍ നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ഏത് നിമിഷവും പൊളിഞ്ഞു വീണ് വന്‍ അപകടം ഉണ്ടാക്കാന്‍ സാധ്യതയുള്ള മുന്‍സിപ്പാലിറ്റി കെട്ടിടത്തില്‍ രാജധാനി പാട്ട വ്യവസ്ഥയിലാണ് പ്രവര്‍ത്തിക്കുന്നത്. 50 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ കെട്ടിടം ഘടനാപരമായി സുരക്ഷിതമല്ലാത്തതിനാല്‍ മുഴുവന്‍ കെട്ടിടവും പൊളിച്ചുമാറ്റാന്‍ കേരള ഹൈക്കോടതിയുടെ ഉത്തരവ് നിലനില്‍ക്കുന്നുമുണ്ട്. കെട്ടിടം സുരക്ഷിതമല്ലെന്ന് ബോദ്ധ്യമുണ്ടായിട്ടും രണ്ട് വര്‍ഷം മുമ്പ് മാനേജിംഗ് പാര്‍ട്ണര്‍മാര്‍, മുനിസിപ്പല്‍ അധികൃതരെ സ്വാധീനിച്ച് കെട്ടിട പ്ലാന്‍, വര്‍ക്ക് പെര്‍മിറ്റ്, ട്രേഡ് ലൈസന്‍സ്, ഒക്യുപ്പന്‍സി സര്‍ട്ടിഫിക്കറ്റ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി ക്ലിയറന്‍സ് എന്നിവ നേടിയെടുത്ത് ഹോട്ടല്‍ നവീകരിച്ച് പ്രവര്‍ത്തിപ്പിച്ചിരുന്നു.
മാലിന്യ സംസ്‌കരണ സംവിധാനം, പാര്‍ക്കിങ്, അഗ്നി ശമന പ്രതിരോധം, മലിനീകരണ നിയന്ത്രണ നിയമപ്രകാരമുള്ള സംവിധാനങ്ങള്‍തുടങ്ങിയവ ഇല്ലാത്തതിന്റ പേരിലാണ് അടച്ചു പൂട്ടിയത്. ബാങ്കുകളില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് നവീകരിച്ച ഹോട്ടല്‍ അടച്ചുപൂട്ടുകയും ലോണ്‍ കുടിശികയില്‍ ജപ്തി നടപടികള്‍ ആരംഭിക്കുകയും ചെയ്തതോടെ നില്‍ക്കക്കള്ളിയില്ലാതായ ബാറിന്റെ പാര്‍ട്ണര്‍മാര്‍ ബാര്‍ വില്‍പ്പനയ്ക്കെന്ന പേരില്‍ ഒന്നിലധികം പേരില്‍ നിന്ന് കോടികള്‍ അഡ്വാന്‍സായി വാങ്ങുകയും ലൈസന്‍സില്ലാത്ത ബാര്‍ അവര്‍ക്ക് കൈമാറ്റം ചെയ്ത് കൂടുതല്‍ തുക കബളിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി ഉയര്‍ന്നിരുന്നു.
ബാറിന് പണം നല്‍കിയവരുടെ സമ്മര്‍ദ്ദമേറിയപ്പോള്‍ തിരുവനന്തപുരം സ്വദേശിയും പ്രമുഖ പാര്‍ട്ടിയുടെ നേതാവും ഇടനില നിലനിന്നാണ് സി.പി.എം നേതാവിനെ ബിനാമിയാക്കി ബാര്‍ തുറപ്പിക്കാനുള്ള പദ്ധതി തയാറാക്കിയത്. കോട്ടയം നഗരസഭാ ഭരണം കോണ്‍ഗ്രസാണെങ്കിലും സി.പി.എം അനുകൂല സംഘടനയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ വിവിധ കാരണങ്ങള്‍ക്ക് പിഴയും ഫീസുമടക്കം 10 ലക്ഷത്തോളം രൂപ നഗരസഭയിലേക്ക് ഈടാക്കി കെട്ടിടം നവീകരണത്തിനും ലൈസന്‍സിന് പുതുക്കലിനുമുള്ള നടപടികളാണ് ഇപ്പോള്‍ നടത്തിവരുന്നത്.
ചട്ടലംഘനത്തിന് നഗരസഭ തന്നെ പൂട്ടിക്കെട്ടിയ ബാര്‍ സി.പി.എം ഉന്നതന്റെ ബിനാമിക്ക് തുറന്ന് നല്‍കാനുള്ള നീക്കം പുറത്തായതോടെ കേന്ദ്ര ടൂറിസം മന്ത്രി, എക്സൈസ് കമ്മിഷണര്‍, ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പൊതുപ്രവര്‍ത്തകന്‍ പരാതി നല്‍കിയിട്ടുണ്ട്. ചട്ടവിരുദ്ധവും അപകടകരവുമായ ഹോട്ടല്‍ നവീകരണവും ബാര്‍ ലൈസന്‍സ് നല്‍കലും തടയണമെന്നും ബിനാമി ഇടപാടുകള്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്.
അതേ സമയം, പാട്ടക്കരാര്‍ മാത്രമാണ് പുതുക്കിയതെന്നും ബാര്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും കോട്ടയം നഗരസഭ സെക്രട്ടറി ബി. അനില്‍കുമാര്‍ മറുനാടനോട് പറഞ്ഞു. നഗരസഭ കൗണ്‍സിലാണ അന്തിമ തീരുമാനം എടുക്കേണ്ടത്. ഇതിനായി അജണ്ട വച്ച് ചര്‍ച്ച വേണം. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് പാട്ടക്കരാര്‍ പുതുക്കിയിട്ടുള്ളത്. ശേഷിച്ച കാര്യങ്ങള്‍ കൗണ്‍സില്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ഹൈക്കോടതി വിധി കെട്ടിടം പാട്ടത്തിന് നല്‍കാനോ ബാര്‍ പ്രവര്‍ത്തിപ്പിക്കാനോ ഉള്ളതല്ലെന്നാണ് പരാതിക്കാരുടെ വാദം. 2022 ല്‍ ഹോട്ടല്‍ ഉടമ ലൈസന്‍സ് നഗരസഭ പുതുക്കി കൊടുക്കുന്നില്ലെന്ന് കാട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹോട്ടല്‍ ഉടമയുടെ അപേക്ഷ ഒരു മാസത്തിനകം തീര്‍പ്പാക്കണമെന്ന് മാത്രം നിര്‍ദേശം കൊടുത്തു കൊണ്ട് ഹര്‍ജി തീര്‍പ്പാക്കി. എന്നാല്‍, ഹോട്ടലിന്റെ നവീകരണം മുതല്‍ അടിമുടി ചട്ടലംഘനം നിലനിന്നിരുന്നതിനാല്‍ ട്രേഡ് ലൈസന്‍സ് പുതുക്കി കൊടുക്കുകയോ പ്രവര്‍ത്തനാനുമതി നല്‍കുകയോ ചെയ്തിരുന്നില്ലെന്നും പരാതിക്കാരന്‍ പറയുന്നു.


