പത്തനംതിട്ട: ശബരിമലയില്‍ നിന്നും ആദ്യം കാണാതായത് പണക്കിഴിയല്ല, സാക്ഷാല്‍ കൊച്ചുകടുത്ത സ്വാമിയുടെ സ്വര്‍ണ്ണ വിഗ്രഹം! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അവകാശികള്‍ രംഗത്ത്. ശബരിമലയെന്ന പുണ്യസങ്കേതത്തിന് ചുറ്റും വിവാദങ്ങള്‍ ഒഴിയുന്നില്ല. കാണിക്കവഞ്ചിയിലെ മോഷണക്കഥകള്‍ നാം നിത്യേന കേള്‍ക്കുന്നുണ്ട്. എന്നാല്‍, ഭക്തലക്ഷങ്ങളെ ഞെട്ടിച്ചുകൊണ്ട്, ചരിത്രത്തിലെ തന്നെ ഏറ്റവും വലിയൊരു ചതിയുടെയും മോഷണത്തിന്റെയും കഥ പുറത്തുവിടുകയാണ് മറുനാടന്‍ മലയാളി. ശബരിമലയില്‍ നിന്നും ആദ്യം മോഷണം പോയത് നിസ്സാരമായ ഒന്നല്ല, കൊച്ചുകടുത്ത സ്വാമിയുടെ അമൂല്യമായ സ്വര്‍ണ്ണ വിഗ്രഹമാണ്! അതും, 1973-ല്‍ ദേവസ്വം ബോര്‍ഡും തന്ത്രിയും ചേര്‍ന്ന് നടത്തിയ ഒരു നാടകത്തിലൂടെയാണോ ഈ വിഗ്രഹം അപ്രത്യക്ഷമായത് എന്നാണ് ആരോപണം. പത്തനംതിട്ട ചെങ്ങന്നൂര്‍ കല്ലിശ്ശേരിയിലെ മലമേല്‍ കുടുംബം നടത്തുന്ന ഈ വെളിപ്പെടുത്തല്‍ നിര്‍ണ്ണായകമാണ്.


ഈ വാര്‍ത്തയുടെ വിശദ വീഡിയോ സ്‌റ്റോറി ചുവടെ

ശബരിമല അയ്യപ്പന്റെ വിശ്വസ്ത സേനാനായകനായ കൊച്ചുകടുത്ത സ്വാമിയുടെ ക്ഷേത്രത്തിലെ പൂജാവകാശികള്‍ മലമേല്‍ കുടുംബമായിരുന്നു. മണ്ഡല-മകരവിളക്ക് കാലത്ത് ഇവര്‍ കുടുംബത്തില്‍ നിന്നും കൊണ്ടുവരുന്ന സ്വര്‍ണ്ണ വിഗ്രഹമായിരുന്നു അവിടെ പൂജിച്ചിരുന്നത്. എന്നാല്‍ 1950-ലെ ശബരിമല തീപിടുത്തത്തിനും പുനഃപ്രതിഷ്ഠയ്ക്കും ശേഷം കാര്യങ്ങള്‍ മാറിമറിഞ്ഞു. പതിനെട്ടാം പടിക്ക് താഴെയായിരുന്ന കടുത്ത സ്വാമിയെ മാളികപ്പുറത്തേക്ക് മാറ്റുകയും അവിടെ പുതിയ ക്ഷേത്രം പണിയുകയും ചെയ്തു. സാമ്പത്തികമായി പിന്നാക്കമായിരുന്ന കുടുംബത്തിന് ക്ഷേത്രനിര്‍മ്മാണം സാധിക്കാതെ വന്നതോടെ ദേവസ്വം അധികാരം ഏറ്റെടുത്തു. എങ്കിലും 1973 വരെ മലമേല്‍ കുടുംബം തങ്ങളുടെ കൈവശമുള്ള സ്വര്‍ണ്ണ വിഗ്രഹം കൊണ്ടുപോയി പൂജകള്‍ നടത്തിയിരുന്നു. എന്നാല്‍ 1973-ല്‍ ദേവസ്വവും കുടുംബവും തമ്മില്‍ തര്‍ക്കമുണ്ടാവുകയും, അധികൃതര്‍ ബലമായി വിഗ്രഹം അവിടെ നിന്നും നീക്കം ചെയ്യുകയുമായിരുന്നുവെന്ന് കുടുംബാംഗമായ വിജയന്‍ നായര്‍ എം.കെ വെളിപ്പെടുത്തുന്നു.

വിഗ്രഹം നീക്കം ചെയ്ത ദേവസ്വം ഉദ്യോഗസ്ഥരും പോലീസും പറഞ്ഞത് അത് ആറന്മുള ക്ഷേത്രത്തിലെ സ്‌ട്രോങ്ങ് റൂമിലേക്ക് മാറ്റി എന്നായിരുന്നു. എന്നാല്‍ വിജയന്‍ നായരുടെ അച്ഛന്‍ ആറന്മുളയില്‍ ചെന്ന് അന്വേഷിച്ചപ്പോള്‍ അങ്ങനെയൊരു വിഗ്രഹം അവിടെ എത്തിയിട്ടില്ലെന്ന ഞെട്ടിക്കുന്ന മറുപടിയാണ് ലഭിച്ചത്. ആയുധമേന്തി നില്‍ക്കുന്ന യോദ്ധാവിന്റെ രൂപത്തിലുള്ള, തങ്കത്തില്‍ തീര്‍ത്ത ആ വിഗ്രഹം പിന്നെ എവിടേക്ക് പോയി? വിദേശത്തേക്ക് കടത്തിയോ? സംശയമുനകള്‍ നീളുന്നത് ഉന്നതരിലേക്കാണ്. കാണാതായ ആ സ്വര്‍ണ്ണ വിഗ്രഹം ഇന്ന് വിദേശരാജ്യങ്ങളിലെ ഏതോ കോടീശ്വരന്റെ ഷോക്കേസില്‍ ഇരിക്കുന്നുണ്ടാകാം എന്നാണ് കുടുംബം വിശ്വസിക്കുന്നത്. ശബരിമലയിലെ ആദിമ അവകാശികളായിരുന്ന മലയരയന്മാരെയും മലമേല്‍ കുടുംബത്തെയും പോലുള്ളവരെ ആസൂത്രിതമായി പുകച്ചു പുറത്താക്കി എന്ന ഗുരുതരമായ ആരോപണമാണ് ഇവര്‍ ഉയര്‍ത്തുന്നത്. 'എല്ലാ അവകാശികളെയും തുരത്തിയിട്ടാണ് അവര്‍ അവിടെ അധികാരം സ്ഥാപിച്ചത്,' വിജയന്‍ നായര്‍ തുറന്നടിക്കുന്നു.

കൊടിമരത്തിന് മുകളിലുണ്ടായിരുന്ന, പുരാവസ്തു മൂല്യമുള്ളതും ഇറിഡിയം പോലുള്ള ലോഹത്തില്‍ നിര്‍മ്മിച്ചതുമായ 'വാജിവാഹനം' (കുതിരയുടെ രൂപം) തന്ത്രിമാര്‍ എടുത്തുമാറ്റി എന്ന ആരോപണവും ഇവര്‍ ഉന്നയിക്കുന്നുണ്ട്. സ്വര്‍ണ്ണ കൊള്ളയില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം, ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുമ്പോഴും തങ്ങളുടെ പൂര്‍വികര്‍ പൂജിച്ചിരുന്ന ആ സ്വര്‍ണ്ണ വിഗ്രഹം എവിടെയാണെന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല.