തിരുവനന്തപുരം: ശബരിമലയിലെ അയ്യപ്പ സേവാ സംഗമത്തിന് പിന്നില്‍ 'ദൈവ വിധി'യോ? കേരളം നേരിടുന്ന മൊത്തം പ്രശ്നങ്ങള്‍ക്കും പരിഹാരമായാണ് അയ്യപ്പ സേവാ സംഗമം നടത്തുന്നതെന്നതിന് സമാനമായ ജ്യോതിഷ ചാര്‍ത്ത് മറുനാടന്‍ പുറത്തു വിട്ടിരുന്നു. ക്ലിഫ് ഹൗസിലെ ഗോശാല അടക്കം ഇതിന്റെ ഭാഗമാണെന്നാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബം ക്ഷേത്രങ്ങളിലേക്ക് പോകുന്നതും ഈ പാപപരിഹാര ഫലമാണെന്നായിരുന്നു വിലയിരുത്തല്‍. ശബരിമലയില്‍ ചെയ്ത തെറ്റുകള്‍ക്ക് മഹാപാപ പരിഹാരമെന്ന തരത്തില്‍ രണ്ടാം ദോഷ പരിഹാരവും ജ്യോതിഷി നിര്‍ദ്ദേശിച്ചിരുന്നു. അതില്‍ ശനി ശാന്തിക്ക് പറയുന്നതും ശ്രദ്ധേയമാണ്. സദാ കറുപ്പ് ധരിക്കുക. അത് സാധ്യമല്ലെങ്കില്‍ കറുത്ത വാഹനത്തില്‍ സഞ്ചരിക്കണമെന്നും പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ കിയയുടെ കറുത്ത കാറില്‍ യാത്ര മാറ്റിയത് ഇതുകൊണ്ടാണെന്ന സംശയം ഉയര്‍ന്നിരുന്നു. ശബരിമലയില്‍ യുവതി പ്രവേശനം നടക്കുമ്പോള്‍ എ പത്മകുമാറായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. പിണറായി കറുത്ത കിയയിലേക്ക് മാറിയത് ചാര്‍ത്തിന്റെ ഭാഗമാണെന്നായിരുന്നു വിലയിരുത്തല്‍. പിണറായിയെ പോലെ ഈ സമയം പത്മകുമാറും കറുത്ത വാഹനത്തില്‍ യാത്രമാറ്റിയെന്നതാണ് മറ്റൊരു വസ്തുത.

ശബരിമലയെ സംബന്ധിച്ചിടത്തോളം ദേവസ്വം ബോര്‍ഡ് പ്രസിന്റാണ് ചാര്‍ത്തിലെ 'രാജാവ്' എന്നായിരുന്നു പത്മകുമാറിന്റെ വിലയിരുത്തല്‍. മുമ്പ് വെള്ള ഇന്നോവയിലായിരുന്നു പത്മകുമാര്‍ പത്തനംതിട്ടയില്‍ കറങ്ങിയത്. പിണറായി കറുത്ത കിയയിലേക്ക് മാറിയപ്പോള്‍ വെളുത്ത ഇന്നോവ പത്മകുമാറും കൈവിട്ടു. പകരം കറുത്ത ഇന്നോവ വാങ്ങി. അതിലായി യാത്ര. മുഖ്യമന്ത്രി പിണറായി കറുത്ത കാറില്‍ കറങ്ങുന്നതിനോട് ആഭിമുഖ്യം കാട്ടാനാണ് പുതിയ കാര്‍ കറുപ്പു നിറത്തില്‍ വാങ്ങിയതെന്ന സന്ദേശം പത്മകുമാര്‍ നല്‍കുകയും ചെയ്തു. എന്നാല്‍ പാപ പരിഹാരത്തിനുള്ള കറുത്ത വാഹനത്തിലെ യാത്രയായിരുന്നു അത്. അതായത് കറുത്ത കാറിലെ യാത്ര ജയില്‍ വാസത്തില്‍ നിന്നും പത്മകുമാറിനെ രക്ഷിച്ചില്ലെന്ന് സാരം. സ്വര്‍ണ്ണ കൊള്ളിയിലെ കള്ളത്തരത്തില്‍ പത്മകുമാര്‍ കുടുങ്ങി. കട്ടിളപാളിയിലെ പത്തിള പ്രയോഗത്തെ തിരുത്തി ചെമ്പാക്കിയതാണ് വിനയായത്. ഈ കൈയ്യക്ഷരം പത്മകുമാറിന് ശബരിമല കൊള്ളയില്‍ ജയില്‍ വാസം ഉറപ്പിക്കുമെന്നും വിലയിരുത്തുന്നവരുണ്ട്. തന്ത്രിയേയും മുന്‍ മന്ത്രി കടകംപള്ളിയേയും കൊണ്ടേ താന്‍ പോകൂവെന്നും പത്മകുമാര്‍ പലരേയും അറിയിച്ചിട്ടുണ്ട്.

കറുത്ത കാറില്‍ യാത്ര തുടങ്ങിയതു മുതല്‍ പത്മകുമാറിന് കഷ്ടകാലമാണെന്നും സൂചനകളുണ്ട്. കൊല്ലം സിപിഎം സമ്മേളനത്തില്‍ സംസ്ഥാന സമിതിയില്‍ എത്താനായില്ല. ഇതോടെ സിപിഎമ്മുമായി പരസ്യ കലഹം പ്രഖ്യാപിച്ചു. പക്ഷേ ഒന്നും നടന്നില്ല. പിന്നീട് സിപിഎം ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും പുറത്താകുകയും ചെയ്തു. പിന്നാലെ ശബരിമലയില്‍ അറസ്റ്റും. അയ്യപ്പ സേവാ സംഗമത്തിന് ശേഷമാണ് സ്വര്‍ണ്ണ പാളി കേസ് അതിശക്തമാകുന്നത്. പിന്നീട് പല ട്വിസ്റ്റുകളുമുണ്ടായി. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തനിനിറം പുറത്തു വന്നു. സ്വര്‍ണ്ണ കൊള്ളയിലെ വസ്തുത ഹൈക്കോടതി കണ്ടെത്തി. ഉദ്യോഗസ്ഥരിലേക്ക് മാത്രം അന്വേഷണം കേന്ദ്രീകരിക്കുമെന്ന ഘട്ടത്തിലാണ് 2018ലെ സ്വര്‍ണ്ണ കൊള്ള പുറത്ത് അറിയുന്നത്. ഇതോടെ 2025ലെ ദ്വാരപാലക ശില്‍പ വിവാദം അപ്രസക്തമായി. പകരം കട്ടളപ്പാളിയടക്കമുള്ള പത്മകുമാറിന്റെ കാലത്തെ കൊള്ള പുറത്തായി. യുവതി പ്രവേശന കാലത്ത് ശബരിമലയെ നിയന്ത്രിച്ച നാലു പേര്‍ അഴിക്കുളളിലായി. അന്ന് ദേവസ്വം കമ്മീഷണറായിരുന്ന എന്‍ വാസുവിന്റെ കൈയ്യില്‍ വിലങ്ങും വീണു. ഇതിനെല്ലാം കാരണം ശബരിമലയിലെ ഈശ്വര ചൈതന്യം കൂടിയതാണെന്ന് വിശ്വാസികള്‍ വിലയിരുത്തുന്നുമുണ്ട്.

ജ്യോതിഷ ചാര്‍ത്ത് പുറത്തു വന്നത് പലര്‍ക്കും ഞെട്ടലായിരുന്നു. ശബരിമല ക്ഷേത്ര ധര്‍മ്മത്തിനുണ്ടായ ഭംഗംമൂലം ശാസ്താവിന്റെ ശാപഫലം ശക്തമായിരിക്കുന്നു. ഇത് രാജാവിന് ദോഷമായും രോഗങ്ങള്‍ക്കും കാരണമാകുന്നു. ശനി, കേതു, ഗുരു, ചന്ദ്രന്‍ എന്നീ ഗ്രഹങ്ങളുടെ കോപം വ്യക്തമാണ്. മരണം, അപമാനം, സ്ഥാനഭ്രംശം, ബന്ധനം, ശാരീരിക പീഡകള്‍, പുത്രദുഖം, പുത്ര വിരഹം, ദണ്ഡനം എന്നിവ ലഗ്‌നാലും ഗോചരാലും കാണുന്നു. പ്രശ്ന വശാല്‍ ഈ ജന്മത്തില്‍ പാപങ്ങള്‍ മുജ്ജന്മ പുണ്യത്തെ പൂര്‍ണ്ണമായും ഹനിച്ചിപിക്കുന്നുവെന്നാണ് പരിഹാര നിര്‍ദ്ദേശത്തിലെ ആദ്യ വിശദീകരണം. ദോഷ പരിഹാരത്തിന് ഗോ സേവയും പറയുന്നു. വീടിനോട് ചേര്‍ന്ന് ഗോശാല സ്ഥാപിക്കണമെന്നും 'സ്വാമിയേ ശരണം അയ്യപ്പാ' എന്ന മന്ത്രം 1008 തവണ ജപിക്കണമെന്നും പറയുന്നു. ദേവീയുടെ പാദം മുറുക്കിപ്പിടിച്ച് ചെയ്ത തെറ്റുകള്‍ പൊറുക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും പറയുന്നു. ഇതിന്റെ ഭാഗമാണ് ക്ലിഫ് ഹൗസില്‍ ഗോശാല സ്ഥാപിച്ചതെന്ന വിലയിരുത്തല്‍ സജീവമാണ്. ചാര്‍ത്തിലെ അടുത്ത ഭാഗം നടപ്പാക്കാനാണ് ആഗോള അയ്യപ്പ സംഗമമെന്ന വിലയിരുത്തലും വന്നു.

1008 ഭക്തര്‍ ഒന്നിച്ചു കൂടി 12 മണിക്കൂര്‍ തുടര്‍ച്ചയായ ശരണം വിളിയും പാപ പരിഹാരമാണ്. ലോകമെമ്പാടുമുള്ള ഭജന സംഘങ്ങള്‍ ഒന്നായി ഭജനം ചെയ്യുക. ഇത് ദോഷത്തെ ഭൂമിയില്‍ നിന്നും അകറ്റും. അഗോള സഹ-ഭജനം എന്നാണ് ഇതിന് പറയുന്നത്. സമൂഹത്തില്‍ അന്നദാനം നടത്തുക. ദോഷം ലോകത്തിന്റെ എല്ലാ ഭാഗത്ത് വ്യാപിച്ചാല്‍ പോലും അത് ഇല്ലാതാകും. രാജാവിന്റെ സാന്നിദ്ധ്യത്തില്‍ വേണം അന്നദാനം. സ്വന്തം കൈ കൊണ്ട് വിളമ്പിയാല്‍ ഗുണം കൂടും-ഇതാണ് ജ്യോതിഷ കുറിപ്പിലുള്ളത്. രക്ഷാ ഉപായവും താന്ത്രിക ഉപസംഹാരവുമുണ്ട്. ഇതൊരു അറ്റകൈ പ്രയോഗമാണെന്നും പറയുന്നു. യജമാനന്‍ തന്നെ ദോഷം പൂര്‍ണ്ണമായും അനുഭവിക്കുന്നതിന് പകരം, ഇത് സമൂഹത്തില്‍ വിലയിപ്പിക്കുന്നതിനെയാണ് താന്ത്രിക ഉപസംഹാരമെന്ന് വിശദീകരിക്കുന്നത്. പത്മകുമാറും ഈ ചാര്‍ത്തിലെ പരിഹാര കര്‍മ്മങ്ങളെല്ലാം ചെയ്‌തോ എന്ന ചര്‍ച്ചയും സജീവമാകുന്നുണ്ട്.