തിരുവനന്തപുരം: കേരളാ ക്രിക്കറ്റിന് ചരിത്ര നേട്ടം സമ്മാനിച്ചത് ഒരു ഹെല്‍മറ്റാണ്. ഗുജറാത്തിനെതിരായ സെമി ഫൈനല്‍ മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ രണ്ട് റണ്‍ നേട്ടം കേരളത്തിന് നല്‍കിയത് ആ ഹെല്‍മറ്റിന്റെ കരുത്തായിരുന്നു. ഇതിനൊപ്പം അത് ധരിച്ചു നിന്ന സല്‍മാന്‍ നിസാര്‍ എന്ന സൂപ്പര്‍ താരത്തെ ആ ഹെല്‍മറ്റ് സംരക്ഷിക്കുകയും ചെയ്തു. ഉള്‍ക്കരുത്തുള്ള തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസമാണ് ഇന്ന് കേരളാ ക്രിക്കറ്റിന് ആ ഹെല്‍മറ്റ്. ഗുജറാത്തിന്റെ പത്താ വിക്കറ്റ് ക്യാപ്ടന്‍ സച്ചിന്‍ ബേബിയുടെ കൈയ്യിലേക്ക് എത്തിച്ച ആ ഹെല്‍മറ്റ് ഇനി കേരളാ ക്രിക്കറ്റിന്റെ ചരിത്ര സ്മാരകമായി മാറും. ആ ഹെല്‍മറ്റ് കേരളാ ക്രിക്കറ്റ് അസോസിയേഷന് കൈമാറി ആ സെമി വിജയത്തിന്റെ കേരളാ ക്രിക്കറ്റിലെ പ്രാധാന്യം ഭാവി തലമുറയ്ക്ക് കൈമാറാനാണ് തീരുമാനം. സല്‍മാന്‍ നിസാറിന്റെ ഹെല്‍മറ്റ് കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ മ്യൂസിയത്തിലെ തിളങ്ങും താരമായി ഭാവിയില്‍ മാറും.

സ്‌കള്‍ ക്യാപ് ധരിച്ച് പേസ് ബൗളര്‍മാരെ നേരിട്ട സുനില്‍ ഗവാസ്‌കര്‍ പോലും കേരളത്തിന്റെ രഞ്ജി സെമിയിലെ നേട്ടത്തെ വാനോളം പുകഴ്ത്തി. ക്രിക്കറ്റില്‍ ജയത്തോടൊപ്പം പ്രധാനപ്പെട്ടതാണ് താരങ്ങളുടെ സുരക്ഷിതത്വവും. അതിന് വേണ്ടിയാണ് ബാറ്റര്‍മാരും വിക്കറ്റ് കീപ്പര്‍മാരും ഷോര്‍ട് ലെഗിലെ ഫീല്‍ഡര്‍മാരുമെല്ലാം പാഡും ഗ്ലൗസും ഹെല്‍മറ്റും എല്ലാം ധരിക്കുന്നത്. തലയില്‍ പന്തുകൊണ്ടാല്‍ എന്തും സംഭവിക്കാം. ഇതിനുള്ള സുരക്ഷാ കവചമാണ് ഹെല്‍മറ്റ്. ഈ ഹെല്‍മറ്റ് പല കമ്പനികളും ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ കാലം മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രതിഭകള്‍ തിരഞ്ഞെടുക്കുന്നത് ഫോര്‍മയുടെ രക്ഷാ കവചമാണ്. സാധാരണ ഹെല്‍മറ്റിനെക്കാള്‍ വില കൂടിയ ഹെല്‍മറ്റ്. രഞ്ജി ട്രോഫിയില്‍ കേരളത്തിനായി ഈ സീസണില്‍ അത്ഭുതം കാട്ടിയ സല്‍മാനും തന്റെ സുരക്ഷിതത്വത്തിന് കരുതിയത് ഇതേ ഹെല്‍മറ്റാണ്. പ്രൊട്ടക്ഷന്‍ കൂടുതലുള്ള ഫോര്‍മാ ഹെല്‍മറ്റ്. ഈ ഹെല്‍മറ്റാണ് കേരളത്തിന് രഞ്ജിയില്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡോടു കൂടിയ സമനിലയും സല്‍മാന് ക്രിക്കറ്റ് ലൈഫും നല്‍കുന്നത്. അതുകൊണ്ട് തന്നെ കേരളാ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ആ ഹെല്‍മറ്റിന് സുവര്‍ണ്ണ സ്ഥാനമാകും ഉണ്ടാവുക. ഭാവിയില്‍ കേരളാ ക്രിക്കറ്റ് ഉന്നതങ്ങളിലെത്തിയാല്‍ അതിന് കാരണായി ഈ ഫോര്‍മാ ഹെല്‍മറ്റ് മാറും.

കേരളത്തിന്റെ രഞ്ജി ട്രോഫി ഫൈനല്‍ പ്രവേശത്തിനൊപ്പം ട്രെന്‍ഡിങ്ങായി മാറുകയാണ് സല്‍മാന്‍ നിസാറിന്റെ ഹെല്‍മെറ്റും. സല്‍മാന്റെ ഹെല്‍മെറ്റിനെ പുകഴ്ത്തി കേരള പൊലീസ് അടക്കം രംഗത്തെത്തി. ഒന്നാം ഇന്നിങ്‌സില്‍ ഗുജറാത്തിന്റെ പത്താം വിക്കറ്റിന് ശരിക്കും അവകാശി സല്‍മാന്റെ ഹെല്‍മെറ്റാണെന്ന് പറയുകയാണ് സോഷ്യല്‍ മീഡിയയും. ദൈവത്തിന്റെ കയ്യൊപ്പുള്ള ഹെല്‍മെറ്റാണതെന്നും ബാറ്റുകൊണ്ടും ബോളുകൊണ്ടും മാത്രമല്ല ഹെല്‍മെറ്റ് കൊണ്ടും കളിക്കുന്നവരാണ് കേരളത്തിന്റെ ചുണക്കുട്ടികളെന്നും ആരാധക പക്ഷം. ഇത് കേരളമാണ് സാര്‍. 100% വിക്ടറി, 100% ഡെഡിക്കേഷന്‍... എന്നും സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ കുറിക്കുന്നു. ഇതിനൊപ്പം എല്ലാവരും ഹെല്‍മെറ്റ് ധരിക്കു എന്ന സച്ചില്‍ തെന്‍ഡുല്‍ക്കറുടെ പഴയ വീഡിയോയും ക്രിക്കറ്റ് ആരാധകര്‍ കുത്തിപ്പൊക്കി. ഇതിന് പിന്നാലെയാണ് ഹെല്‍മെറ്റ് ബോധവല്‍ക്കരണ പോസ്റ്റുമായി കേരള പൊലീസും രംഗത്തെത്തിയത്. അങ്ങനെ ആ ഫോര്‍മാ ഹെല്‍മറ്റിന് പുകഴത്തുലുകല്‍ ഏറുകയാണ്. ഇതേ കമ്പനിയുടെ ഹെല്‍മറ്റ് തന്നെയാണ് സച്ചിനും ബാറ്റിംഗിന് തിരഞ്ഞെടുത്തതെന്നതാണ് വസ്തുത. പന്ത് കൊണ്ട് കളിക്കാരന്റെ തലച്ചോറിന് ക്ഷതമേല്‍ക്കാതിരിക്കാന്‍ അതീവസുരക്ഷയോടെയാണ് ഈ ഹെല്‍മറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വലിയ ആഘാതമേറ്റാലും പൊട്ടാത്ത ഹൈ ഇംപാക്റ്റ് പോളിമറാണ് പുറംപാളിയില്‍ ഉള്ളത്. ഉള്ളില്‍ കവചമായി ഹൈ ഡെന്‍സിറ്റി എക്സ്പാന്‍ഡബിള്‍ പോളിസ്റ്റിറനും ഘടിപ്പിച്ചിട്ടുണ്ട്. ഇവ രണ്ടുമാണ് ഹെല്‍മറ്റിനുള്ളിലെ പ്രാഥമിക സുരക്ഷാ കവചങ്ങള്‍. മുന്‍നിര കളിക്കാര്‍ക്കായി അള്‍ട്രാ ലൈറ്റ് വെയ്റ്റ് ടൈറ്റാനിയത്തിലാണ് ഗ്രില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇതെല്ലാം താരങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കും. പേസ് ബൗളര്‍മാരെ ഭയം കൂടാതെ നേരിടാനുള്ള ധൈര്യമായി അതു മാറും.

രഞ്ജി ട്രോഫിയിലെ സെമിയില്‍ നിര്‍ണായക ഒന്നാം ഇന്നിംഗ്‌സ് ലീഡിലേക്ക് ഗുജറാത്തിന് വെറും 3 റണ്‍സ് മാത്രം മതിയെന്നഘട്ടത്തില്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ചതായിരുന്നു. എന്നാല്‍ നാഗ്വസ്വാലയുടെ ആ ഷോട്ട് കേരളത്തിന് തുണയായി. അതുവരെ സര്‍വാതെയും സക്‌നേയെയും ഫലപ്രദമായി പ്രതിരോധിച്ച നാഗ്വസ്വാല സര്‍വാതെക്കെതിരെ സ്‌ക്വയര്‍ ലെഗ്ഗിലേക്ക് കളിച്ച ഷോര്‍ട്ട് നേരെ കൊണ്ടത് ഷോര്‍ട്ട് ലെഗ്ഗില്‍ ഹെല്‍മെറ്റ് ധരിച്ച് ഫീല്‍ഡ് ചെയ്യുകയായിരുന്ന സല്‍മാന്‍ നിസാറിന്റെ തലയിലെ ഹെല്‍മെറ്റിലായിരുന്നു.ഹെല്‍മെറ്റില്‍ തട്ടി ഉയര്‍ന്ന പന്ത് നേരെ ചെന്നതാകട്ടെ വിക്കറ്റിന് പിന്നില്‍ നില്‍ക്കുയായിരുന്ന ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ കൈകളിലും. പന്ത് അനായാസം കൈയിലൊതുക്കിയ സച്ചിന്‍ ബേബിയും കേരളവും ആഘോഷം തുടങ്ങുമ്പോള്‍ ഗുജറാത്ത് നിരാശയിലായി. സല്‍മാന്റെ ഹെല്‍മറ്റില്‍ കൊണ്ട് പന്ത് പിന്നീട് വായുവില്‍ പൊങ്ങി സ്ലിപ്പില്‍ എത്തുകയായിരുന്നു. സല്‍മാന്റെ ഹെല്‍മറ്റിന്റെ കരുത്തായിരുന്നു അത്രത്തോളം ദൂരം പന്തിനെ കൊണ്ടു പോയതും. ഡബിള്‍ പ്രൊട്ടക്ഷന്‍ ഹെല്‍മറ്റിന്റെ വില ആ സൂപ്പര്‍ വെള്ളി ദിനത്തില്‍ കേരളം എല്ലാ ആര്‍ത്ഥത്തിലും തിരിച്ചറിഞ്ഞുവെന്നതാണ് യാഥാര്‍ത്ഥ്യം.

'സല്‍മാന്‍ നിസാര്‍ ധരിച്ചിരുന്ന ഹെല്‍മറ്റ് സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ ടീമിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ചരിത്ര നേട്ടത്തിന്റെ സ്മാരകമായി അതു കെസിഎ ആസ്ഥാനത്ത് ചില്ലിട്ട് സൂക്ഷിക്കും. കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കുമ്പോള്‍ അതിന്റെ ഗാലറിയിലെ പവലിയനില്‍ അതു സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്'-കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പറഞ്ഞു. ഗുജറാത്ത് ബാറ്റര്‍ അര്‍സാന്‍ നഗ്വാസ്വാലയുടെ ശക്തമായ ഷോട്ട് ഹെല്‍മറ്റില്‍ കൊണ്ടതിനെ തുടര്‍ന്ന് ഷോര്‍ട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്തിരുന്ന സല്‍മാന്‍ നിസാറിനു ദേഹാസ്വസ്ഥ്യം അടക്കം ഉണ്ടായിരുന്നു. ഛര്‍ദിച്ചതിനെത്തുടര്‍ന്ന് സല്‍മാനെ സ്‌ട്രെച്ചറില്‍ കിടത്തി അംബുലന്‍സില്‍ ആശുപത്രിയിലേക്കു മാറ്റി. സിടി സ്‌കാന്‍ ഉള്‍പ്പെടെ എടുത്തു. ഈ സമയം കണ്‍കഷന്‍ ഇന്‍ക്ലൂഷനായി ഷോണ്‍ റോജറിനെ ഉള്‍പ്പെടുത്തി. എന്നാല്‍ മത്സരം പൂര്‍ത്തിയാകും മുന്‍പേ സല്‍മാന്‍ ഗ്രൗണ്ടില്‍ തിരിച്ചെത്തുകയും ചെയ്തു. പൂര്‍ണ്ണ ആരോഗ്യവാനായ സല്‍മാന്‍ ഫൈനലിലും കേരളത്തിനായി കളിക്കും. രഞ്ജി ടോഫി ക്രിക്കറ്റില്‍ കേരളത്തിന് ഫൈനലിലേക്ക് ചരിത്ര ജയമൊരുക്കിയ ആ ഹെല്‍മറ്റ് സല്‍മാന്‍ നിസാറിനേയും സുരക്ഷിതനാക്കിയെന്നതാണ് വസ്തുത. പത്താം വിക്കറ്റില്‍ അതിവേഗം ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടാനായി ഗുജറാത്ത് താരം അടിച്ച ആ ബുള്ളറ്റ് ഷോട്ട് ഹെല്‍മറ്റിലെ കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ലോഗിയിലാണ് കൊണ്ടത്. അത്യുഗ്രന്‍ അടി. അതായത് ആ പന്ത് ഷോട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്ത സല്‍മാന്‍ നിസാറിന്റെ കിറുകൃത്യം നെറ്റിയില്‍. എന്തും ആര്‍ക്കും സംഭവിക്കാവുന്ന സ്ഥലം.

ആ ഷോട്ട് ഏറ്റുവാങ്ങിയ സല്‍മാനും വീണു. കുറച്ചു കഴിഞ്ഞ് സെട്രക്ചറില്‍ ആശുപത്രിയിലേക്കും മാറ്റി. ഈ ദൃശ്യങ്ങളും തല്‍സമയം മലയാളി ആരാധകര്‍ കണ്ടു. ഇതോടെ നിര്‍ണ്ണായക ലീഗ് മത്സരത്തിലും ക്വാര്‍ട്ടറിലും സെമിയിലും കേരളത്തിന് വിജയം നല്‍കിയ സല്‍മാന്‍ നിസാറിന്റെ ആരോഗ്യത്തില്‍ ആശങ്കകളും നിറഞ്ഞു. എന്നാല്‍ അത്തരം ആശങ്കകള്‍ക്കൊന്നും ഇനി സ്ഥാനമില്ല. സല്‍മാന്‍ പൂര്‍ണ്ണ ആരോഗ്യവാനാണ്. സിടി സ്‌കാനില്‍ സല്‍മാന് ഒരു വിധത്തിലുമുള്ള പരിക്കില്ലെന്നും തെളിഞ്ഞു. ഫൈനലിലും കേരളാ ടീമിന് കരുത്തേകാന്‍ തലശ്ശേരിയില്‍ നിന്നുള്ള യുവ ക്രിക്കറ്ററുണ്ടാകും. സല്‍മാന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും അടുത്ത മത്സരത്തിലും കളിക്കുമെന്നും കേരളാ ക്രിക്കറ്റ് ടീം മാനേജ്‌മെന്റ് മറുനാടനോട് പ്രതികരിച്ചു. അസാമാന്യ അടിയായിരുന്നു ഹെല്‍മറ്റില്‍ കിട്ടിയത്. അതിന്റെ അസ്വസ്ഥതയും ചെറു വേദനയും സല്‍മാനുണ്ടായിരുന്നു. അതുകൊണ്ടാണ് ആശുപത്രിയിലേക്ക് മാറ്റി സിടി സ്‌കാന്‍ ചെയ്തതെന്നും മാനേജ്‌മെന്റ് അറിയിച്ചു. ആശുപത്രിയിലേക്ക് മാറ്റിയതോടെ സല്‍മാന് പകരക്കാരനായി ഷോണ്‍ റോജറേയും ആവശ്യമെങ്കില്‍ ബാറ്റിംഗിനായി കേരളം നിശ്ചയിച്ചു. ഷോണ്‍ റോജറിനെ കണ്‍കഷന്‍ സബ്‌സറ്റിറ്റിയൂട്ടാക്കിയതും ആശങ്ക കൂട്ടി. എന്നാല്‍ സിടി സ്‌കാന്‍ ഫലത്തോടെ കേരളാ ടീം സന്തോഷത്തിലേക്ക് തിരിച്ചു വന്നു. വിദര്‍ഭയ്‌ക്കെതിരായ ഫൈനലിലും സല്‍മാന്‍ അനിവാര്യതയാണ്. ആ അനിവാര്യതയെയാണ് കേരളത്തിന് ഒന്നാം ഇന്നിംഗ്‌സില്‍ ലീഡും ഫൈനല്‍ ബര്‍ത്തും നല്‍കിയ ആ ചരിത്ര ഹെല്‍മറ്റ് ഉറപ്പിച്ചത്. ഹെല്‍മറ്റില്ലാത്ത അവസ്ഥയിലായിരുന്നു സല്‍മാന്‍ എങ്കില്‍ കാര്യങ്ങള്‍ മാറി മറിയുമായിരുന്നു. അങ്ങനെ ഹെല്‍മറ്റിന്റെ കരുത്തില്‍ കേരളം ആഘോഷ തിമിര്‍പ്പിലായി.