കോട്ടയം: ഏറ്റുമാനൂരില്‍ ട്രെയിന് മുന്നില്‍ ചാടി തന്റെ ഭാര്യയും, രണ്ടുപെണ്‍മക്കളും ജീവനൊടുക്കിയ സംഭവത്തില്‍ തനിക്ക് കുറ്റബോധമെന്ന് ഷൈനിയുടെ ഭര്‍ത്താവ് തൊടുപുഴ സ്വദേശി നോബി ലൂക്കോസ്. അറസ്റ്റിലായ നോബി വളരെയധികം കുറ്റബോധത്തോടെ വാക്കുകള്‍ ഇടറിയാണ് സംസാരിച്ചതെന്ന് ഏറ്റുമാനൂര്‍ പൊലീസ് പറഞ്ഞു. തന്റെ ഭാര്യയോടും മക്കളോടും താന്‍ ചെയ്തത് വളരെ വലിയ ദ്രോഹമായിരുന്നു.

ചോദ്യം ചെയ്യുമ്പോഴൊക്കെ തല കുമ്പിട്ടിരുന്ന് വിങ്ങുകയായിരുന്നു നോബി എന്നാണ് ഏറ്റുമാനൂര്‍ സിഐ മറുനാടനോട് പറഞ്ഞത്. തന്റെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു വീഴ്ച സംഭവിച്ചു. ഭാര്യയെയും രണ്ടുമക്കളെയും നഷ്ടമായി. അതിന്റെ കടുത്ത വേദനയില്‍ തന്നെയാണ് താനെന്ന് അയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു.

പൊലീസ് നോബിയെ വിശദമായി തന്നെ ചോദ്യം ചെയ്തു. താന്‍ പലപ്പോഴും അവരെ ദ്രോഹിച്ചിരുന്നു എന്നകാര്യം പൊലീസിന് മുമ്പാകെ ഏറ്റുപറഞ്ഞു. താന്‍ മര്‍ദ്ദിച്ചതായും സമ്മതിച്ചു. ഇതോടുകൂടിയാണ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി ഇയാളെ അറസറ്റ് ചെയ്തത്. നോബിക്കെതിരെ കരിങ്കുന്നം പൊലീസിലും നിലവില്‍ കേസുണ്ട്. തൊടുപുഴ സ്‌റ്റേഷനില്‍ ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിന് കൊടുക്കുന്നില്ല എന്നതടക്കം കേസുണ്ട് എന്നാണ് അറിയുന്നത്. കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ ഇയാളുടെ സഹോദരനായ ഓസ്‌ട്രേലിയയിലുള്ള ഫാ. ബോബി ചിറയിലിന് എതിരെ കേസെടുക്കുകയുള്ളുവെന്നാണ് പൊലീസ് വ്യക്തമാക്കിയത്. നോബിക്കെതിരെ ഗാര്‍ഹിക പീഡന കുറ്റം അടക്കം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നാണ് സൂചന.


യുവതിയുടെ ഭര്‍ത്താവിന്റെ മൊഴി വിശദമായി പരിശോധിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. ഷൈനി മരിക്കുന്നതിന് തലേദിവസം നോബി വാട്‌സ്ആപ്പില്‍ മെസേജ് അയച്ചിരുന്നുവെന്നാണ് മൊഴി. നോബിയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്കാണ് തൊടുപുഴയിലെ വീട്ടിലെത്തി നോബി ലൂക്കോസിനെ ഏറ്റുമാനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് സ്റ്റേഷനില്‍ എത്തിച്ച മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തതിനുശേഷം ആണ് നോബിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിശദമായ ചോദ്യം ചെയ്യലില്‍ ഷൈനി മരിച്ചതിന് തലേന്ന് വാട്‌സാപ്പില്‍ മെസേജ് അയച്ചിരുന്നതായി പ്രതി നോബി മൊഴി നല്‍കി. ചില സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചുള്ള കാര്യങ്ങളായിരുന്നു മെസേജിലുണ്ടായിരുന്നത്.

പ്രകോപനപരമായ രീതിയില്‍ എന്തെങ്കിലും മെസേജുണ്ടോ എന്ന് പ്രതി കൃത്യമായ മറുപടി നല്‍കിയിട്ടില്ല. എന്ത് മെസ്സേജുകള്‍ ആണ് അയച്ചതെന്ന് കണ്ടെത്താന്‍ പൊലീസ് നോബിയുടെ ഫോണ്‍ കസ്റ്റഡിയിലെടുത്തു. നിലവില്‍ വാട്‌സ്ആപ്പ് ചാറ്റുകള്‍ പൂര്‍ണമായും ഡിലീറ്റ് ചെയ്ത നിലയിലാണ്. ഇത് റിക്കവറി ചെയ്യുന്നതിനുള്ള നടപടി തുടങ്ങി. ഷൈനിയുടെ ഫോണും പൊലീസ് കസ്റ്റഡിയിലെടുക്കും.

നിലവില്‍ ഷൈനിയുടെ ഫോണ്‍ പാര്‍വലിക്കലിലെ വീട്ടിലുണ്ടെന്നാണ് വിവരം. രണ്ട് ഫോണുകളും ശാസ്ത്രീയ പരിശോധനക്കും അയക്കും. ഒമ്പതു മാസം മുമ്പാണ് ഷൈനി നോബിയുടെ തൊടുപുഴയിലെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് എത്തിയത്. തൊടുപുഴയിലെ വീട്ടിലായിരുന്ന സമയത്ത് നോബി അതിക്രൂരമായി ഷൈനിയെ ഉപദ്രവിക്കുമായിരുന്നുവെന്നും ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്.ഇരുവരുടെയും വിവാഹമോചനമായി ബന്ധപ്പെട്ട കേസും ഏറ്റുമാനൂര്‍ കുടുംബ കോടതിയില്‍ നിലനില്‍ക്കുകയാണ്. നിലവില്‍ കേസില്‍ നോബി മാത്രമാണ് പ്രതി.