കൊച്ചി: കേരള രാഷ്ട്രീയത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന ബിഹാര്‍ പാര്‍ട്ടിയായ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയുടെ (HAM) തലപ്പത്തുള്ളവരുടെ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹത എന്ന് മറുനാടന്‍ മലയാളി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പേരില്‍ തട്ടിപ്പ് നടത്തുന്നതായി ആരോപണം ഉയര്‍ന്നിരിക്കുകയാണ്. സംസ്ഥാനത്തെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഭാഗമായി ഹം പാര്‍ട്ടിക്ക് 15 സീറ്റുകള്‍ നല്‍കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വാക്ക് നല്‍കിയിട്ടുണ്ടെന്ന് ഈ പാര്‍ട്ടിയുടെ സംഘാടകര്‍ പ്രചരിപ്പിക്കുന്നതായാണ് ആക്ഷേപം. ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയുടെ കേരളത്തിലെ നേതാവ് സുബീഷ് പി. വാസുവിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. അമിത് ഷായുടെ പ്രത്യേക ദൂതനാണെന്ന് അവകാശപ്പെട്ട് മാധ്യമങ്ങളെ പണം നല്‍കി വിലക്കെടുത്ത് ഇയാള്‍ വന്‍ തട്ടിപ്പിന് കളമൊരുക്കുകയാണ്.


മാധ്യമങ്ങളെ വിലയ്‌ക്കെടുക്കുന്നു

കേരളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ക്ക് പണം നല്‍കി പരസ്യവാര്‍ത്തകള്‍ (Paid News) നല്‍കിയായിരുന്നു ഇയാളുടെ അരങ്ങേറ്റം. കഴിഞ്ഞ ഞായറാഴ്ച ഒരു പ്രമുഖ പത്രത്തിന്റെ വാരാന്ത്യ പതിപ്പില്‍ വന്ന വാര്‍ത്ത പണം വാങ്ങി നല്‍കിയതാണെന്നതിന്റെ തെളിവുകള്‍ മറുനാടന്‍ പുറത്തുവിട്ടിരുന്നു. മറുനാടനിലേക്ക് വിളിച്ച ഒരു ഏജന്‍സി ഹം പാര്‍ട്ടിക്ക് വേണ്ടി വാര്‍ത്ത എഴുതാന്‍ പണം വാഗ്ദാനം ചെയ്തതിന്റെ ശബ്ദരേഖ പുറത്തുവിട്ടിരുന്നു. പരസ്യമാണെന്ന് തോന്നാത്ത വിധത്തില്‍ വാര്‍ത്ത പോലെ എഴുതണം, പണം തരാം എന്ന് പറഞ്ഞാണ് ഏജന്‍സി പ്രതിനിധി വിളിച്ചത്.

ഇതിന് തൊട്ടുപിന്നാലെ, കഴിഞ്ഞ ഞായറാഴ്ച കേരള കൗമുദി ദിനപത്രത്തിന്റെ വാരാന്ത്യ പതിപ്പിന്റെ ഒന്നാം പേജ് മുഴുവന്‍ ഈ ഹം പാര്‍ട്ടിയുടെ നേതാക്കന്മാരുടെയും സമ്മേളനത്തിന്റെയും ഒക്കെ വാര്‍ത്തകളായിരുന്നു.




അമിത് ഷായുടെ പേരില്‍ വ്യാജ പ്രചാരണം

താന്‍ അമിത് ഷായുടെ നേരിട്ടുള്ള ദൂതനാണെന്നും കേരളത്തില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹം പാര്‍ട്ടിക്ക് 15 സീറ്റുകള്‍ എന്‍.ഡി.എ നല്‍കുമെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. സംസ്ഥാനത്ത് എന്‍.ഡി.എയുടെ ഭാഗമായി വലിയ നേട്ടങ്ങള്‍ കൊയ്യും എന്ന തരത്തില്‍ ഇയാളുടെ അഭിമുഖങ്ങള്‍ പല യൂട്യൂബ് ചാനലുകളിലും വന്നിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിന് ഇയാളെക്കുറിച്ചോ ഈ പാര്‍ട്ടിയെക്കുറിച്ചോ ഒരു അറിവുമില്ല.

സുബീഷ് വാസു കേവലം ഒരു രാഷ്ട്രീയ പ്രവര്‍ത്തകനല്ല, മറിച്ച് അനേകം സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ പ്രതിയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പ്

തൃശൂരിലെ പ്രൈഡ് ' (PRIDE) എന്ന സൊസൈറ്റിയില്‍ നിന്ന് വ്യാജരേഖകള്‍ കാണിച്ച് 5 കോടി രൂപ വായ്പ എടുത്ത് മുങ്ങിയതായും ഇതില്‍ 4.5 കോടി രൂപയും പലിശയും ഇനിയും തിരിച്ചടക്കാനുണ്ടെന്നും വ്യക്തമായി. വ്യാജരേഖകളുടെ പിന്‍ബലത്തിലാണ് ഇയാള്‍ പണം കൈപ്പറ്റിയത്. കേസ് ആയപ്പോള്‍ 50 ലക്ഷം രൂപ മാത്രമാണ് തിരിച്ചടച്ചത്.

ബെംഗളൂരുവിലെ മദ്യക്കച്ചവട തട്ടിപ്പ്

2023-ല്‍ മദ്യക്കച്ചവടത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് ഹൈദരാബാദ് സ്വദേശിയില്‍ നിന്ന് 65 ലക്ഷം രൂപ തട്ടിയ കേസില്‍ ഇയാളെ ബാംഗ്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ കര്‍ണാടകയിലെ മറ്റൊരു രാഷ്ട്രീയ നേതാവായ ശില്‍പ ബാബുവിനൊപ്പമാണ് ഇയാള്‍ പിടിയിലായത്. കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ബാംഗ്ലൂരില്‍ ഇയാള്‍ക്കെതിരെ അനേകം കേസുകളുണ്ട്. ആഴ്ചകളോളം ഇവര്‍ ജയിലിലായിരുന്നു



തൃശൂര്‍ നെടുമ്പുഴ കേസ്

തൃശ്ശൂര്‍ നെടുമ്പുഴ പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസുണ്ട് (Crime No. 36/2021). വിദേശമദ്യം ഇറക്കുമതി ചെയ്യുന്നതിനുള്ള രേഖകള്‍ ശരിയാക്കി തരാമെന്ന് പറഞ്ഞ് ഒരു സ്ഥാപനത്തില്‍ നിന്ന് 9.78 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി

സുബീഷ് വാസുവും വ്യാജ മെത്രാന്മാരെ ഉപയോഗിച്ചുള്ള തട്ടിപ്പും

എന്‍.ഡി.എയിലെ ഘടക കക്ഷിയായ കേന്ദ്രമന്ത്രി ജിതിന്‍ റാം മാഞ്ചിയുടെ നേതൃത്വത്തിലുള്ളതാണ് ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ച. ഹമ്മിന്റെ ദേശീയ കോര്‍ഡിനേറ്റര്‍ എന്നും കേരളത്തിന്റെ തലവന്‍ എന്നുമൊക്കെ അവകാശപ്പെടുന്ന സുബീഷ് പി. വാസു (സുബീഷ് വാസുദേവന്‍) ആയിരുന്നു പ്രധാന സംഘാടകന്‍.

കഴിഞ്ഞ മാസം 19 നാണ് എറണാകുളത്ത് ലയന സമ്മേളനം നടന്നത്. ജെഎസ്എസ് പ്രഫ. താമരാക്ഷന്‍ വിഭാഗവും കേരള കോണ്‍ഗ്രസ് മാത്യു സ്റ്റീഫന്‍ വിഭാഗവുമാണ് ഹം പാര്‍ട്ടിയില്‍ ലയിച്ചത്. ദേശീയ ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറി സുബീഷ് വാസുദേവിന്റെ സാന്നിധ്യത്തില്‍ ബിഹാര്‍ മന്ത്രി സന്തോഷ് കുമാര്‍ സുമന്‍ ലയന സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ഇതിലാണ് കുറേ ബിഷപ്പുമാര്‍ പങ്കെടുത്തത്. ഇവരില്‍ ചിലരാണ് വ്യാജന്മാരാണെന്ന് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. മുന്‍ എം.എല്‍.എമാരായ എ.വി. താമരാക്ഷന്‍, മാത്യു സ്റ്റീഫന്‍ എന്നിവര്‍ ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ച(സെക്യുലര്‍) യില്‍(ഹം) ലയിക്കുന്നതിന് ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ വേദി നിറയെ മെത്രാന്മാരായിരുന്നു. ഇതില്‍ പലരും വ്യാജന്മാരെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു.




കേരളത്തിലെ ലയന സമ്മേളനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനി സുബീഷ് വാസുദേവ് ആയിരുന്നു. ഈ സംഘാടകര്‍ പ്രമുഖ നേതാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ ഉപയോഗിക്കുന്ന പ്രധാന ആയുധം അമിത് ഷായുടെ പേരാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഹം പാര്‍ട്ടിക്ക് എന്‍.ഡി.എയുടെ ഭാഗമായി 15 സീറ്റുകള്‍ അമിത് ഷാ ഉറപ്പുനല്‍കിയിട്ടുണ്ടെന്നാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്.

മുന്‍ എം.എല്‍.എ മാത്യു സ്റ്റീഫന്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ അവകാശവാദം തങ്ങള്‍ കേട്ടിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്നു. എന്നാല്‍ ഇത്രയധികം സീറ്റുകള്‍ ഒരു പുതിയ പ്രാദേശിക പാര്‍ട്ടിക്ക് അമിത് ഷാ നല്‍കുമോ എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിക്കുന്നു. അമിത് ഷായുടെ പേര് ഉപയോഗിച്ച് നടക്കുന്ന ഈ പ്രചാരണങ്ങളെ കേരളത്തിലെ ബി.ജെ.പി നേതൃത്വം പൂര്‍ണ്ണമായും തള്ളിക്കളയുന്നു.

ഹം പാര്‍ട്ടി ബീഹാറില്‍ എന്‍.ഡി.എയുടെ ഭാഗമാണെങ്കിലും കേരളത്തില്‍ നിലവില്‍ അവര്‍ മുന്നണിയുടെ ഘടകകക്ഷിയല്ല. സീറ്റ് വിഭജനത്തെക്കുറിച്ച് അമിത് ഷാ ഇത്തരമൊരു ഉറപ്പ് നല്‍കാന്‍ സാധ്യതയില്ലെന്നും, പാര്‍ട്ടിയുടെ പേരില്‍ നടക്കുന്നത് പച്ചയായ തട്ടിപ്പാണെന്നും ബി.ജെ.പി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.

ആത്മീയ വേദിയിലെ 'വ്യാജന്മാര്‍'

അമിത് ഷായുടെയും എന്‍.ഡി.എയുടെയും പേരില്‍ ന്യൂനപക്ഷ പിന്തുണയുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ലയനസമ്മേളന വേദിയില്‍ പത്തോളം ബിഷപ്പുമാരെയാണ് ഇവര്‍ അണിനിരത്തിയത്. എന്നാല്‍ ഇവര്‍ വ്യവസ്ഥാപിത സഭകളുടെ ഭാഗമല്ലാത്ത 'വാടക ബിഷപ്പുമാരാണെന്ന്' ഇന്റലിജന്‍സ് വിഭാഗവും കണ്ടെത്തിയിട്ടുണ്ട്. ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ പ്രീതിപ്പെടുത്താന്‍ പി.ആര്‍ ഏജന്‍സികളെ ഉപയോഗിച്ച് നടത്തിയ ഒരു വ്യാജ നാടകമാണിതെന്ന് മറുനാടന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇവര്‍ക്ക് പിന്നില്‍ തമിഴ്നാട്ടിലെ വെല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വന്‍ റാക്കറ്റാണെന്ന് സൂചന. യാതൊരു ദൈവശാസ്ത്ര പശ്ചാത്തലമോ സഭാപരമായ അംഗീകാരമോ ഇല്ലാത്തവരാണ് തട്ടിപ്പിന് പിന്നില്‍. മുന്‍പ് വിവിധ പെന്തക്കോസ്ത് സഭകളില്‍ പാസ്റ്റര്‍മാരായിരുന്ന ചിലരാണ് മെത്രാന്‍ വേഷത്തില്‍ രംഗത്ത് വരുന്നത്. വെല്ലൂര്‍ ആസ്ഥാനമായുള്ള സംഘമാണ് നിശ്ചിത തുക വാങ്ങി ഇത്തരക്കാര്‍ക്ക് മെത്രാന്‍ കുപ്പായവും സഭാചിഹ്നങ്ങളും മറ്റ് ഔദ്യോഗിക രേഖകളും നല്കുന്നതെന്നാണ് വിവരം.

സ്വന്തമായി വിശ്വാസിസമൂഹമോ പള്ളികളോ ഇല്ലാത്ത ഇവര്‍ പദവികള്‍ ദുരുപയോഗം ചെയ്ത് രാഷ്ട്രീയ സ്വാധീനം ഉറപ്പിക്കാനാണ് ശ്രമിക്കുന്നത്. കൊച്ചിയിലെ ചടങ്ങില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയായ കൊല്ലം സ്വദേശി ജയിംസ് ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ മെത്രാന്‍ വേഷത്തില്‍ പങ്കെടുത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ഇയാള്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലങ്ങളിലും മറ്റും രാഷ്ട്രീയ സ്ഥാനാര്‍ത്ഥികള്‍ക്ക് 'ആത്മീയ പരിവേഷം' നല്‍കാന്‍ ഇത്തരം വ്യാജന്മാരെ വാടകയ്ക്കെടുത്തുകൊണ്ടുവരുന്നത് പതിവാകുകയാണ്.

നേതാക്കളുടെ പ്രതികരണം

എ.വി. താമരാക്ഷനെയും മാത്യു സ്റ്റീഫനെയും മറുനാടന്‍ നേരിട്ട് വിളിച്ചപ്പോള്‍ തനിക്ക് പാര്‍ട്ടിയുടെ പിന്നിലുള്ളവരെക്കുറിച്ച് അറിയില്ലെന്നും ജിതിന്‍ റാം മഞ്ചിയുടെ മകന്‍ വിളിച്ചതുകൊണ്ടാണ് ചേര്‍ന്നതെന്നും മാത്യു സ്റ്റീഫന്‍ പറഞ്ഞു. താമരാക്ഷനും തനിക്ക് ഇവരുടെ പശ്ചാത്തലത്തെക്കുറിച്ച് അറിയില്ലെന്ന് വ്യക്തമാക്കി

പ്രവീണ്‍ റാണയെപ്പോലെയുള്ള തട്ടിപ്പുകാര്‍ക്ക് മുന്‍പ് മാധ്യമങ്ങള്‍ കുടപിടിച്ചതുപോലെ, രാഷ്ട്രീയത്തിന്റെ മറവില്‍ വീണ്ടും വന്‍ തട്ടിപ്പിന് സുബീഷ് വാസു ലക്ഷ്യമിടുന്നുവെന്നാണ് സൂചന. 'ഹം' പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിന് ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് അറിവുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കേന്ദ്ര സര്‍ക്കാരിന്റെ പേര് പറഞ്ഞ് എത്തുന്ന ഇത്തരം തട്ടിപ്പുകാരെ ജനം ജാഗ്രതയോടെ കാണണമെന്നാണ് മുന്നറിയിപ്പ്.