തിരുവല്ല: മീന്തലക്കരയിലെ സ്പായില്‍ ജീവനക്കാരി ക്രൂരബലാല്‍സംഗത്തിന് ഇരയായ സംഭവത്തില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കാപ്പ കേസ് പ്രതിക്ക് മഞ്ഞാടിയില്‍ സ്വന്തമായി സ്പാ ഉണ്ടെന്നും മറ്റു സ്പാകളില്‍ നിന്ന് ഇയാള്‍ മാസപ്പടി പിരിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നുവെന്നുമുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. മീന്തലക്കരയിലെ സ്പായില്‍ അരങ്ങേറിയത് ഇയാള്‍ നല്‍കിയ ക്വട്ടേഷന്‍ അതിക്രമമായിരുന്നു. പോലീസിനും സ്പാ ഉടമയായ കാപ്പ കേസ് പ്രതിക്കും മാസപ്പടി നല്‍കാത്തതിന്റെ പ്രതികാരമായിട്ടായിരുന്നു മറ്റൊരു കാപ്പ കേസ് പ്രതിയെ വിട്ട് ഇവിടെ നടത്തിയ അതിക്രമവും ക്രൂര ബലാല്‍സംഗവും.

സ്പാ ഉടമയായ കാപ്പ കേസ് പ്രതിക്ക് വേണ്ടി മറ്റു സ്പാകളില്‍ ചെന്ന് മാസപ്പടി പിരിച്ചിരുന്നയാളാണ് മരണം സുബിന്‍. മീന്തലക്കരയിലുള്ള സ്പായില്‍ നിന്ന് ഉടമ പടി നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇവിടേക്ക് കാപ്പ കേസ് പ്രതിായ മരണം സുബിനെ അയച്ചത്. ഇയാള്‍ ഇവിടെ പത്തോളം പേരുമായി ചെന്ന് ഭീഷണി മുഴക്കുകയും ജീവനക്കാരിയെ കത്തിമുനയില്‍ നിര്‍ത്തി അതിക്രൂരമായി ബലാല്‍സംഗം ചെയ്യുകയുമായിരുന്നു. ഇവിടെ വന്ന ഇടപാടുകാരനെ ജീവനക്കാരിക്കൊപ്പം നിര്‍ത്തി വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. തന്നെ ആരുമൊന്നും ചെയ്യില്ലെന്നും തനിക്ക് ഉന്നത ബന്ധങ്ങളുണ്ടെന്നും മരണം സുബിന്‍ ഭീഷണി മുഴക്കിയതായി ബലാല്‍സംഗത്തിന് ഇരയായ യുവതി പറഞ്ഞിരുന്നു.

സുബിന്‍ ഇതൊന്നും വെറുതേ പറഞ്ഞതല്ലെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. ഇയാളാണ് പോലീസിന് വേണ്ടി തിരുവല്ലയിലെ സ്പാകളില്‍ കേന്ദ്രീകൃതമായി മാസപ്പടി പിരിച്ചിരുന്നത്. മഞ്ഞാടിയില്‍ ഇയാള്‍ക്കുള്ള സ്പായില്‍ ചെന്നാണ് സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനും ഡിവൈ.എസ്.പി ഓഫീസിലെ പോലീസുകാരനും പടി വാങ്ങിയിരുന്നത്. ഇവിടെ അനാശാസ്യ പ്രവര്‍ത്തനങ്ങളും അരങ്ങേറിയിരുന്നുവത്രേ. തിരുവല്ലയില്‍ നിന്ന് സ്ഥലം മാറിപ്പോയ, വിവാദ നായകനായ എസ്എച്ച്ഓ ആണ് ഗുണ്ടാപ്പിരിവിന് നേതൃത്വം നല്‍കുന്നത്. ഇയാള്‍ സ്ഥലം മാറിയിട്ടും തിരുവല്ലയില്‍ തന്നെ തുടരുന്നു. ഇയാളുടെ താമസ സ്ഥലം കേന്ദ്രീകരിച്ചും ഇടപാടുകള്‍ നടക്കുന്നുവെന്ന് പറയുന്നു.

ജീവനക്കാരി അതിക്രമത്തിന് ഇരയായ സ്പായുടെ ഉടമ ആദ്യം മാധ്യമങ്ങളോട് പറഞ്ഞത് മറ്റൊരു സ്പാ ഉടമയുടെ ക്വട്ടേഷന്‍ ആണെന്നായിരുന്നു. അതാണ് കാപ്പ കേസ് പ്രതിയായ സ്പാ ഉടമ. ഈ വിവരം മാധ്യമങ്ങളിലൂടെ പുറത്തു വന്നതിനെ തുടര്‍ന്ന് മീന്തലക്കരയിലെ സ്പാ ഉടമയ്ക്ക് ഭീഷണി നേരിടേണ്ടി വന്നുവെന്ന് വേണം കരുതാന്‍. പോലീസ് മൊഴി എടുത്തപ്പോള്‍ ക്വട്ടേഷന്‍ എന്ന ആരോപണം ഇയാള്‍ വിഴുങ്ങി. തിരുവല്ല സ്റ്റേഷനിലെ എസ്എച്ച്ഓയുടെ ഡ്രൈവറും സംശയ നിഴലിലാണ്.

ആറു വര്‍ഷമായി തിരുവല്ലയില്‍ തുടരുന്ന സ്പെഷല്‍ ബ്രാഞ്ച് ഫീല്‍ഡ് ഓഫീസര്‍ക്ക് ഗുണ്ടാബന്ധവും മാസപ്പടി വാങ്ങലുമുണ്ടെന്നുള്ള വിവരം പുറത്തു വന്നെങ്കിലും ഇയാളെ സംരക്ഷിക്കുന്ന നിലപാടാണ് ജില്ലാ പോലീസ് മേധാവി അടക്കം നടത്തുന്നത് എന്ന് ആക്ഷേപം ഉയരുന്നു. ഇവരുടെ ഗൂഗിള്‍ പേ അക്കൗണ്ടോ ഫോണ്‍ ബന്ധങ്ങളോ പരിശോധിക്കാന്‍ ഇതുവരെ തയാറായിട്ടില്ല എന്നാണ് അറിയുന്നത്. ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇവരെ ഒക്കെ രക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

അതിനിടെ സ്പാ ജീവനക്കാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഒരു പ്രതി കൂടി പിടിയിലായി. നിരണം കോതേരില്‍ വീട്ടില്‍ വരുണ്‍ കുമാര്‍ (36) ആണ് പിടിയിലായത്. ആലുവയില്‍ നിന്നുമാണ് ഇയാളെ പ്രത്യേക അന്വേഷണ സംഘം വലയിലാക്കിയത്. ഇയാളെ ഇന്ന് പുലര്‍ച്ചെ ആറുമണിയോടെ തിരുവല്ല പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.

പോലീസ് പ്രതിയിലേക്ക് എത്തുന്നതിനനുസരിച്ച് മൊബൈല്‍ സ്വിച്ച് ഓഫ് ആക്കിയും ഓണാക്കിയും പോലീസിനെ വഴിതെറ്റിക്കാന്‍ ശ്രമിച്ച പ്രതിയെ ടവര്‍ ലൊക്കേഷന്‍ കെന്ദ്രീകരിച്ച് നടത്തിയ അന്വഷണത്തിലൂടെ ആലുവയില്‍ നിന്നാണ് പിടി കൂടിയത്. ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത പ്രതിയെ ഇന്നലെ അര്‍ധ രാത്രിയോടെ തിരുവല്ല മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്റ് ചെയ്ത് മാവേലിക്കര സബ് ജെയിലിലേക്കയച്ചു. പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും, കേസിലെ മറ്റ് മൂന്ന് പ്രതികള്‍ സംസ്ഥാനം വിട്ടതായാണ് പോലീസിന് ലഭിച്ച വിവരം.

ആറു പ്രതികള്‍ ഉള്ള കേസില്‍ കുറ്റപ്പുഴ പാപ്പനവേലില്‍ സുബിന്‍ അലക്സാണ്ടര്‍ ചാക്കോ(മരണം സുബിന്‍29), സംഘാംഗമായ കുളക്കാട് മുപ്പിരിയില്‍ ബെര്‍ലിന്‍ ദാസ്(38) എന്നിവരാണ് നേരത്തേ അറസ്റ്റിലായത്. ഇവര്‍ റിമാന്‍ഡില്‍ ആണ്. മറ്റൊരു പ്രതി കൂടി പോലീസിന്റെ വലയിലായതായ സൂചനകള്‍ ലഭിക്കുന്നുണ്ട്. രണ്ടു പ്രതികള്‍ സംസ്ഥാനം വിട്ടതായും സൂചനയുണ്ട്. കഴിഞ്ഞ ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വൈകിട്ട് മൂന്നു മണിയോടെ സ്പായില്‍ അതിക്രമിച്ചു കയറിയ സംഘം അരലക്ഷം രൂപ പിരിവ് ചോദിക്കുകയും നല്‍കാതെ വന്നപ്പോള്‍ ജീവനക്കാരിയെ കത്തിമുനയില്‍ നിര്‍ത്തി ബലാല്‍സംഗം ചെയ്യുകയുമായിരുന്നു.

അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സഹപ്രവര്‍ത്തകയായ സ്പാ ജീവനക്കാരിയേയും അവരുടെ ആണ്‍ സുഹൃത്തിനേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തേക്കും. ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ ഗുണ്ടാപ്പിരിവ് നല്‍കാത്തതില്‍ ഉള്ള പ്രകോപനം കൊണ്ട് പ്രതികള്‍ നടത്തിയ കൂട്ട ബലാല്‍സംഗമാണോ ക്വട്ടേഷന്‍ മുഖാന്തിരമായ കുറ്റകൃത്യമാണോ എന്ന് വ്യക്തമാകൂ എന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിഗമനം. ക്വട്ടേഷന്‍ കാരണമുള്ള കുറ്റകൃത്യമാണെങ്കില്‍, കുറ്റകൃത്യത്തിന് ഒത്താശ ചെയ്തതിന് സഹപ്രവര്‍ത്തകയും ആണ്‍ സുഹൃത്തും ക്വട്ടേഷന്‍ നല്‍കിയവരുമടക്കം കൂടുതല്‍ പ്രതികളെ കേസില്‍ ഉള്‍പ്പെടുത്തും.

പോലീസും ഗുണ്ടകളും തമ്മില്‍ അവിശുദ്ധ കൂട്ട്കെട്ട് ഉണ്ട് എന്ന് സ്പാ ഉടമ സഞ്ജയ് ആരോപിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ അത്തരത്തിലുള്ള കൂട്ട് കെട്ട് ഇല്ല എന്നാണ് മനസിലായതെന്നും പരാതി ഇല്ലാതെ ലഭിച്ച സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും രണ്ട് പ്രതികളെ പിടി കൂടുകയും ചെയ്തതെന്ന് ജില്ലാ പോലീസ് മേധാവി എസ് ആനന്ദ്മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം സംബന്ധിച്ച് പോലീസ് ആഭ്യന്തര അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.