- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂര്‍ പൂരം കലക്കലില്‍ ജ്യുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കും; ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശയ്ക്ക് ശേഷം ഹൈക്കോടതി റിട്ട. ജഡ്ജിയെ നിശ്ചയിക്കും; അതിവേഗ തീരുമാനത്തിന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തം
പൂരം കലക്കലില്‍ തുടരന്വേഷണത്തില്‍ അതിവേഗ തീരുമാനം വേണമെന്നതാണ് സിപിഐയുടെ നിലപാട്
തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലില്‍ ജ്യൂഡീഷ്യല്‍ അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും. തുടരന്വേഷണം ഉണ്ടാകുമെന്ന സൂചന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയിരുന്നു. എഡിജിപി എം.ആര്‍.അജിത് കുമാറിന്റെ പൂരം അന്വേഷണ റിപ്പോര്‍ട്ട് പൊലീസ് മേധാവിയുടെ ശുപാര്‍ശയോടെ തനിക്കു ലഭിച്ചതായി മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി പരിശോധിക്കും. അതാണ് നടപടിക്രമം. അതിനുശേഷം കാര്യങ്ങള്‍ തീരുമാനിക്കാമെന്നും മുഖ്യമന്ത്രി വിശദീകരിക്കും. ഈ വിഷയത്തില്‍ ജ്യൂഡീഷ്യല്‍ അന്വേഷണത്തിന് ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ നല്‍കുമെന്നാണ് സൂചന. ഇതിനുള്ള നിര്‍ദ്ദേശം ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും ആഭ്യന്തര സെക്രട്ടറിയ്ക്ക് ലഭിച്ചു കഴിഞ്ഞു.
പൂരം കലക്കലില്‍ പോലീസ് മേധാവിയുടെ നേതൃത്വത്തിലെ അന്വേഷണ ആവശ്യമാണ് പൊതുവേ ഉയര്‍ന്നത്. എന്നാല്‍ എഡിജിപി അജിത് കുമാറിന് എതിരാണ് പോലീസ് മേധാവിയെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തില്‍ പോലീസ് മേധാവിയുടെ അന്വേഷണം സത്യം വെളിച്ചത്തു കൊണ്ടു വരില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍. ജ്യൂഡീഷ്യല്‍ അന്വേഷണമാകുമ്പോള്‍ പ്രതിപക്ഷവും വിമര്‍ശനം കുറയ്ക്കും. അതിന് ആധികാരികതയും കൂടും. റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയാകും അന്വേഷിക്കുക എന്നാണ് സൂചന. വിഷയത്തില്‍ ഡിജിപി തല അന്വേഷണത്തിന് നടപടിക്രമങ്ങള്‍ കുറവാണ്. ജ്യൂഡീഷ്യല്‍ അന്വേഷണത്തിന് പോകുന്നതു കൊണ്ടാണ് ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശ അടക്കം വേണ്ടി വരുന്നത്. പൂരം കലക്കലില്‍ തുടരന്വേഷണത്തില്‍ അതിവേഗ തീരുമാനം വേണമെന്നതാണ് സിപിഐയുടെ നിലപാട്.
പൊലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് പരിശോധനയ്ക്കായി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറുകയായിരുന്നു. റിപ്പോര്‍ട്ടില്‍ വീഴ്ചയുണ്ടോ, പുതുതായി അന്വേഷണം നടത്തണോ, പുതിയ അന്വേഷണ വിഷയങ്ങള്‍ ഉള്‍പ്പെടുത്തണോ എന്നിവ അടക്കമുള്ള കാര്യങ്ങളാണ് ആഭ്യന്തര സെക്രട്ടറി പരിശോധിക്കുക. ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടരന്വേഷണത്തില്‍ തീരുമാനമെടുക്കും. റിപ്പോര്‍ട്ടിനൊപ്പം പോലിസ് മേധാവി ഒരു കുറിപ്പും കൈമാറി. ഇത് അജിത് കുമാറിനെ കുറ്റപ്പെടുത്തുന്നതാണ്. ഈ സാഹചര്യത്തിലാണ് ജ്യുഡീഷ്യല്‍ അന്വേഷണമെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ പോകുന്നത്. എം.ആര്‍.അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റുന്നതും പരിഗണനയിലാണ്.
തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ തിരുവമ്പാടി ദേവസ്വത്തിനു പങ്കുണ്ടെന്നും രാഷ്ട്രീയലക്ഷ്യം സംശയിക്കുന്നതായും എഡിജിപി അജിത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതായാണ് സൂചന. എന്നാല്‍ പൂരം നടത്തിപ്പില്‍ എഡിജിപി എം.ആര്‍.അജിത്കുമാറിന്റെ മേല്‍നോട്ടത്തില്‍ വീഴ്ചയുണ്ടായെന്ന് പൊലീസ് മേധാവി എസ്.ദര്‍വേഷ് സാഹിബ് ഇന്നലെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. പൂരം അലങ്കോലപ്പെട്ടതിലെ ഗൂഢാലോചന വിശദമായി അന്വേഷിക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ജ്യുഡീഷ്യല്‍ അന്വേഷണത്തിലേക്ക് സര്‍ക്കാര്‍ പോകുന്നത്. സിപിഐയുടെ നിലപാടും ജ്യുഡീഷ്യല്‍ അന്വേഷണത്തിന് ഒപ്പമാണ്.
എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച സംബന്ധിച്ച് സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ നിലപാട് ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് തുടരന്വേഷണം എന്നതും നിര്‍ണ്ണായകമാണ്. എഡിജിപിയെ മാറ്റണമെന്നാണ് സിപിഐ നിലപാട്. ആര്‍എസ്എസ് ഉന്നത നേതാക്കളെ എഡിജിപി അജിത് കുമാര്‍ സന്ദര്‍ശിച്ച വിവരം പുറത്തുവന്നതോടെയാണ് പ്രതിപക്ഷവും ഘടകകക്ഷികളും അതിശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയത്. എന്നാല്‍ അജിത് കുമാറിന് മുഖ്യമന്ത്രി ഇതുവരെ പ്രതിരോധം തീര്‍ത്തു. ജ്യുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് അജിത് കുമാറിനെ തല്‍കാലം രക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന ആരോപണവും ഉയരുന്നുണ്ട്.
എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങള്‍ തുടര്‍ന്ന് നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍ വീണ്ടും രംഗത്തു വന്നു. 'അദ്ദേഹത്തെ സര്‍വീസില്‍ നിന്നും പുറത്താക്കണം. സസ്‌പെന്‍ഡ് ചെയ്യണമെന്നായിരുന്നു നേരത്തെ പറഞ്ഞത്. എന്നാല്‍, കുപ്രസിദ്ധനായ കുറ്റവാളിയാണ് അജിത് കുമാര്‍. പോലീസ് സേനയ്ക്ക് പറ്റുന്ന വ്യക്തിയല്ല അദ്ദേഹം. അത് ജനങ്ങള്‍ക്ക് അറിയാവുന്ന കാര്യമാണ്' - എം.എല്‍.എ. മാധ്യമങ്ങളോട് പറഞ്ഞു.