- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിസര്‍വേഷന്‍ തുടങ്ങിയില്ല; വന്ദേഭാരത് എക്സ്പ്രസ്സില്‍ ബംഗളൂരുവില്‍ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യാനാവാതെ മലയാളികള്‍; സ്വകാര്യ ബസ് ലോബിയെ സഹായിക്കാനോ?
കൊച്ചി: എറണാകുളം - ബംഗളൂരു റൂട്ടില്‍ പുതുതായി ആരംഭിക്കുന്ന വന്ദേഭാരത് എക്സ്പ്രസ്സില്‍ ബംഗളൂരുവില്‍ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യാനാവാതെ മലയാളികള്‍ വലയുന്നു. റെയില്‍വേ ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിക്കാത്തതാണ് കാരണം. അതേ സമയം ജൂലൈ 31 മുതല്‍ ആഗസ്റ്റ് 4 വരെ എറണാകുളം ജംഗ്ഷനില്‍ നിന്നും ബംഗളൂരു കന്റോണ്‍മെന്റ് സ്റ്റേഷനിലേക്ക് സതേണ്‍ റെയില്‍വേ ടിക്കറ്റ് റിസര്‍വേഷന്‍ എടുത്തിട്ടുണ്ട്. സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ റിസര്‍വേഷന്‍ ആരംഭിക്കാത്തതാണ് കാരണമെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറയുന്നു. ഇന്ന് ഉച്ചയോടെ ആരംഭിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. സ്വകാര്യ ബസ് സര്‍വ്വീസുകളെ സഹായിക്കാനുള്ള ശ്രമമാണെന്നാണ് ഉയരുന്ന ആക്ഷേപം.
എറണാകുളത്ത് നിന്നും റിസര്വ്വേഷന് എടുത്തിട്ടുണ്ടെങ്കിലും 5 മുതല്‍ റിസര്‍വേഷന്‍ സസ്പെന്‍ഡഡ് എന്നാണ് കാണിക്കുന്നത്. ഓണം അവധി അടുത്ത് വരുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ റെയില്‍വേ അനാവസ്ഥ കാണിക്കുന്നതാണ് സ്വകാര്യ ബസ് ലോബിയെ സഹായിക്കാനാണ് എന്ന ആക്ഷേപം ഉയരുന്നത്. കൂടാതെ ട്രെയിന്‍ ജോളാര്‍പേട്ട് വഴിയാണ് പോകുന്നത്. ഇതുമൂലം 28 കിലോ മീറ്റര്‍ അധികം ഓടണം. ബംഗളൂരു ഇന്റര്‍സിറ്റി പോകുന്നത് ഹൊസൂര്‍ വഴിയാണ്. ഇതുവഴി വന്ദേഭാരത് ഓടിച്ചാല്‍ ഏറെ സമയ ലാഭം കിട്ടും. ഇതൊക്കെ കൂട്ടി വായിച്ചാല്‍ ഉയരുന്ന ആക്ഷേപം ശരി വയ്ക്കേണ്ടി വരും. അതേ സമയം റെയില്‍വേ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചിട്ടുണ്ട്. സാങ്കേതികമായ തകരാറാണ് ബുക്കിങിന് താമസം നേരിടുന്നതെന്നും ഇന്ന് രാത്രിയോടെ പരിഹാരമുണ്ടാകുമെന്നും അറിയിച്ചു.
സര്‍വീസ് പ്രഖ്യാപിച്ച് രണ്ടുദിവസം കഴിയുമ്പോള്‍ ബുക്കിങ് വളരെ വേഗത്തിലാണ്. സ്പെഷ്യല്‍ സര്‍വീസിനുള്ള വന്ദേഭാരത് എക്സ്പ്രസ്സ് റേക്ക് ഷൊര്‍ണൂരില്‍ നിന്ന് ഇന്ന് എറണാകുളത്ത് എത്തിച്ചു. 8 കോച്ചുകളുള്ള ട്രെയിനില്‍ ഒരു കോച്ച് എക്സിക്യൂട്ടീവ് ചെയര്‍കാറും 7 എണ്ണം ചെയര്‍കാറുമാണ്. എറണാകുളത്ത് നിന്നും ബംഗളൂരുവിലെത്താന്‍ എ.സി ചെയര്‍കാറില്‍ 1465 രൂപയും എക്സിക്യുട്ടീവ് ചെയര്‍കാര്‍ നിരക്ക് 2945 രൂപയുമാണ്. ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 26 വരെ ആഴ്ചയില്‍ മൂന്ന് ദിവസമാകും സര്‍വീസ് നടത്തുക. ഇത് സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച തീരുമാനം പിന്നീടുണ്ടാകും.
ബംഗളൂരു കന്റോണ്‍മെന്റ്-എറണാകുളം ജംക്ഷന് വന്ദേഭാരത് (06002) വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളില്‍ പുലര്‍ച്ചെ 5.30നു കന്റോണ്മെന്റില് നിന്ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 2.20നു എറണാകുളത്തെത്തും. എറണാകുളം-ബംഗളൂരു കന്റോണ്‍മെന്റ് വന്ദേഭാരത് (06001) ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12.50നു എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 10നു ബെംഗളൂരുവിലെത്തും. ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 26 വരെ ഇരുവശങ്ങളിലേക്കുമായി 24 ട്രിപ്പുകളാണ് വന്ദേഭാരത് ഓടുക.
ബംഗളൂരുവില്‍ നിന്ന് എറണാകുളം ജംക്ഷന് വരെ 620 കിലോമീറ്റര്‍ ദൂരം വന്ദേഭാരത് 9 മണിക്കൂര്‍ 10 മിനിറ്റ് കൊണ്ടാണ് ഓടിയെത്തുന്നത്. ബംഗാര്‍പേട്ട് വഴിയാണ് സര്‍വീസെങ്കിലും ബെംഗളൂരു കഴിഞ്ഞാല്‍ അടുത്ത സ്റ്റോപ് സേലത്താണ്. ഈറോഡ്, തിരുപ്പൂര്‍, പോത്തന്നൂര്‍, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളിലും സ്റ്റോപ് അനുവദിച്ചിട്ടുണ്ട്. ഇതേ റൂട്ടില്‍ പകല്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര് ബെംഗളൂരു-എറണാകുളം ജംക്ഷന് ഇന്റര്‍സിറ്റി എക്സ്പ്രസ് (12677/12678) 10 മണിക്കൂര്‍ 33 മിനിറ്റ് കൊണ്ടാണ് 587 കിലോമീറ്റര്‍ ദൂരം പിന്നിടുന്നത്. ഹൊസൂര്‍ വഴി സര്‍വീസ് നടത്തുന്ന ഇന്റര്‍സിറ്റിക്ക് 14 ഇടത്താണ് സ്റ്റോപ്പുള്ളത്.