തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സര്‍ജിക്കല്‍ ഐ.സി.യു.വിലുണ്ടായ തീപിടിത്തം അപ്രതീക്ഷിതമായിരുന്നില്ല, മറിച്ച് അധികൃതര്‍ വരുത്തിവെച്ച ഒന്നാണെന്ന് വ്യക്തമാകുന്നു. ആശുപത്രികളിലെ അഗ്‌നിസുരക്ഷാ സംവിധാനങ്ങളിലെ പാളിച്ചകളെക്കുറിച്ച് 2021-ല്‍ തന്നെ കൃത്യമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നുവെങ്കിലും സര്‍ക്കാര്‍ ഇത് ഗൗരവത്തിലെടുത്തില്ലെന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് ആധാരം. അഞ്ച് വര്‍ഷം മുമ്പ് കോവിഡ് കാലത്ത് നല്‍കിയ കര്‍ശനമായ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന ഒന്നായിരുന്നു ചൊവ്വാഴ്ച മെഡിക്കല്‍ കോളേജിലുണ്ടായ അപകടം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആശുപത്രികളില്‍ തീപിടിത്തമുണ്ടാകുകയും മരണങ്ങള്‍ സംഭവിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ 2021 ഏപ്രില്‍ മാസത്തില്‍ കേരളത്തിലെ ആശുപത്രികളില്‍ അഗ്‌നിസുരക്ഷാ ഓഡിറ്റിന് നിര്‍ദ്ദേശമുണ്ടായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള പ്രധാന ആശുപത്രികള്‍ ഫയര്‍ ഓഡിറ്റ് നടത്തുന്നതില്‍ വലിയ വീഴ്ച വരുത്തിയെന്ന് അന്ന് തന്നെ കണ്ടെത്തിയിരുന്നു. ഐ.സി.യു.കളില്‍ ഓക്‌സിജന്‍ സപ്പോര്‍ട്ടും വലിയ യന്ത്രസാമഗ്രികളും വര്‍ധിച്ച സാഹചര്യത്തില്‍ അപകടസാധ്യത ഇരട്ടിയാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.

2021 മെയ് മാസത്തില്‍ കേരള ചീഫ് സെക്രട്ടറിയുടെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം സതേണ്‍ നേവല്‍ കമാന്‍ഡിലെ വിദഗ്ധ സംഘമാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഫയര്‍ ഓഡിറ്റ് നടത്തിയത്. കൊച്ചിയിലെ ഐ.എന്‍.എസ് വെണ്ടുരുത്തി മുതല്‍ ഏഴിമല നാവിക അക്കാദമിയിലെയും കോയമ്പത്തൂരിലെ ഐ.എന്‍.എസ് അഗ്രാണിയിലെയും ഉദ്യോഗസ്ഥരടങ്ങിയ 27 ടീമുകളാണ് യുദ്ധകാലാടിസ്ഥാനത്തില്‍ 140-ഓളം ആശുപത്രികളില്‍ പരിശോധന പൂര്‍ത്തിയാക്കിയത്. ഐ.സി.യു-കളില്‍ ഓക്‌സിജന്‍ ലൈനുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകാനുള്ള സാധ്യതയും, അത് നേരിടാനുള്ള സജ്ജീകരണങ്ങളുടെ കുറവും നേവി അന്ന് കൃത്യമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ ആരോഗ്യവകുപ്പ് പരാജയപ്പെട്ടു.

ഓക്‌സിജന്‍ ചോര്‍ച്ച തടയുന്നതിനുള്ള പരിശീലനം, ഇലക്ട്രിക്കല്‍ സിസ്റ്റങ്ങളുടെ കൃത്യമായ പരിശോധന , രോഗികളെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള പ്ലാന്‍ എന്നിവ നടപ്പാക്കണമെന്ന് അന്ന് നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും മെഡിക്കല്‍ കോളേജ് അധികൃതര്‍ ഇത് അവഗണിക്കുകയായിരുന്നു. അഗ്‌നിശമന സേന നല്‍കിയ അടിസ്ഥാന പ്ലാനുകള്‍ പോലും ആശുപത്രികളില്‍ പൂര്‍ണ്ണമായി നടപ്പിലാക്കിയിട്ടില്ലെന്ന് അന്നത്തെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ചൊവ്വാഴ്ച രാവിലെ സര്‍ജിക്കല്‍ ഐ.സി.യു.വിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് വലിയ പരിഭ്രാന്തിയാണ് മെഡിക്കല്‍ കോളേജില്‍ സൃഷ്ടിച്ചത്. പോര്‍ട്ടബിള്‍ വെന്റിലേറ്ററില്‍ നിന്ന് പുകയും തീയും ഉയര്‍ന്നതോടെ രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും എന്ത് ചെയ്യണമെന്നറിയാതെ ഭയചകിതരായി. പുക നിറഞ്ഞ ഐ.സി.യു.വില്‍ ശ്വാസമെടുക്കാന്‍ പോലും പ്രയാസപ്പെട്ട് രോഗികള്‍ കിടന്ന നിമിഷങ്ങള്‍ ഭയാനകമായിരുന്നു. ജീവനക്കാരുടെയും ഡോക്ടര്‍മാരുടെയും സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് 32 രോഗികളുടെ ജീവന്‍ രക്ഷിക്കാനായത്. ഓക്‌സിജന്‍ ലൈനുകള്‍ ഉടന്‍ വിച്ഛേദിച്ചതും വലിയൊരു പൊട്ടിത്തെറി ഒഴിവാക്കി.

അഗ്‌നിസുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ടാങ്കുകളില്‍ ആവശ്യത്തിന് വെള്ളം സംഭരിക്കണമെന്നുമുള്ള 2021-ലെ നിര്‍ദ്ദേശങ്ങള്‍ ഇന്നും പലയിടത്തും പാലിക്കപ്പെട്ടിട്ടില്ല. മെഡിക്കല്‍ കോളേജ് പോലെ ആയിരക്കണക്കിന് രോഗികള്‍ എത്തുന്ന ഒരിടത്ത് ഇത്തരം സാങ്കേതിക പരിശോധനകളില്‍ ഉണ്ടാകുന്ന വീഴ്ച ക്രിമിനല്‍ കുറ്റത്തിന് തുല്യമാണെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വെന്റിലേറ്ററുകള്‍ ഉള്‍പ്പെടെയുള്ള ജീവന്‍രക്ഷാ ഉപകരണങ്ങളുടെ കൃത്യമായ അറ്റകുറ്റപ്പണി നടക്കാത്തതാണ് ഷോര്‍ട്ട് സര്‍ക്യൂട്ടിലേക്ക് നയിച്ചത്.

സംഭവത്തില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ എന്‍. ഖോബ്രഗഡെ പ്രിവന്റീവ് ടെക്നിക്കല്‍ അനാലിസിസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും, പഴയ റിപ്പോര്‍ട്ടുകളിലെ കണ്ടെത്തലുകള്‍ എന്തുകൊണ്ട് നടപ്പാക്കിയില്ല എന്ന ചോദ്യത്തിന് മറുപടിയില്ല. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം അന്വേഷണം പ്രഖ്യാപിക്കുകയും പിന്നീട് അത് വിസ്മരിക്കുകയും ചെയ്യുന്ന പതിവ് ശൈലിയാണ് മെഡിക്കല്‍ കോളേജിനെ ഈ അപകടമുനമ്പിലെത്തിച്ചത്.