റിയാദ്: പ്രവാസ ലോകത്തെ മലയാളികളുടെ ജീവിതം കൂടുതല്‍ കഠിനമാകുന്നു. സൗദി അറേബ്യയില്‍ പല മേഖലകളിലേക്കും പ്രവാസിവല്‍ക്കരണം എത്തുന്നതോടെ മലയാളികളെ കാത്തിരിക്കുന്നത് കൂടുതല്‍ തൊഴില്‍നഷ്ടങ്ങളാണ്. സൗദി അറേബ്യയിലെ സ്‌പോര്‍ട്‌സ് സെന്ററുകളിലും ജിമ്മുകളിലും സ്വദേശിവല്‍ക്കരണം നടപ്പിലാക്കാന്‍ ഒരുങ്ങുന്നു. ഈ മേഖലയുമായി ബന്ധപ്പെട്ട 12 തരം തൊഴിലുകളില്‍ 15 ശതമാനം സൗദിവല്‍ക്കരണം ആണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. കൂടുതല്‍ പൗരന്മാര്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.

അടുത്തവര്‍ഷം നവംബര്‍ മുതലാണ് നിയമം പ്രാബല്യത്തില്‍ വരുന്നത്. പേഴ്‌സണല്‍ ട്രെയിനര്‍, സ്‌പോര്‍ട്‌സ് സൂപ്പര്‍വൈസര്‍, ഫുട്‌ബോള്‍ കോച്ച്, സ്‌പോര്‍ട്‌സ് കോച്ച് തുടങ്ങിയ തസ്തികകളില്‍ ഇനി മുതല്‍ സൗദി പൗരന്മാരെ നിയമിക്കണം. പുതിയ നടപടിയിലൂടെ സ്വകാര്യമേഖലയിലെ കായിക സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താന്‍ സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

രാജ്യത്തെമ്പാടുമുള്ള തൊഴില്‍ അന്വേഷകരായ യുവജനങ്ങള്‍ക്ക് ക്രിയാത്മകവും സൃഷ്ടിപരവുമായ തൊഴില്‍ മേഖലകളിലേക്ക് ആകര്‍ഷിക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം നിലവില്‍ വന്നത്. സ്വകാര്യമേഖലയിലെ കായിക പരിശീലന രംഗത്തിന് കൂടുതല്‍ പ്രഫഷനല്‍ അന്തരീക്ഷം കൈവരുത്തുന്നതിനും ഈ രംഗത്ത് കാര്യക്ഷമതയും മേന്മയും വര്‍ധിപ്പിക്കുന്നതിനും ഉതകുന്നതാണ് പുതിയ നയമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

ജോലിക്കായി സൗദി സ്വദേശികളെ തിരഞ്ഞെടുക്കുന്നതിനും അവര്‍ക്കുള്ള തൊഴില്‍ പരിശീലനം നല്‍കുന്നതിനും ഗുണമേന്മ ഉറപ്പാക്കുന്നതിനും ജോലി ലഭ്യതയ്ക്കും ജോലിസ്ഥിരതയ്ക്കും പ്രാദേശിക സ്വദേശിവല്‍ക്കരണത്തിന് മുന്‍ഗണന നല്‍കുന്നതിനും ഒക്കെ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ മന്ത്രാലയ പിന്തുണ സേവനങ്ങള്‍ മാനവവിഭവശേഷി വികസന ഫണ്ട് ഹദാഫ് പ്രോഗ്രാം മുഖാന്തിരം ലഭ്യമാക്കും.

മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഈ മേഖലയിലെ സ്വദേശിവല്‍ക്കരിക്കപ്പെടുന്ന തസ്തികകളുടെ തോത് അടക്കമുള്ള വിശദാംശങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനനുസരിച്ച് പ്രവര്‍ത്തിക്കാത്ത സ്ഥാപനങ്ങള്‍ക്ക് പിഴ ലഭിക്കുമെന്നും മന്ത്രാലയം വെളിപ്പെടുത്തി. കായിക മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് മാനവ വിഭവശേഷി വികസന മന്ത്രാലയം പുതിയ നയം നടപ്പിലാക്കുന്നത്. മാനവ വിഭവശേഷി സാമൂഹിക വികസന വകുപ്പ് നല്‍കുന്ന പിന്തുണയും പ്രോത്സാഹന പരിപാടികളും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് പ്രയോജനപ്പെടും. റിക്രൂട്ട്‌മെന്റ്, പരിശീലനം, യോഗ്യത, തൊഴില്‍, ജോലി നിലനിര്‍ത്തല്‍ എന്നിവയ്ക്കുള്ള പിന്തുണ ഇതില്‍ ഉള്‍പ്പെടുന്നു.

പ്രാദേശികവല്‍ക്കരണ പിന്തുണാ പരിപാടികളിലേക്കും മാനവ വിഭവശേഷി വികസന ഫണ്ടിന്റെ 'ഹദാഫ്' പരിപാടികളിലേക്കും മുന്‍ഗണനാക്രമത്തില്‍ പ്രവേശനം ലഭിക്കും. സ്വകാര്യ മേഖലയിലെ പുരുഷന്മാരുടെ ജിംനേഷ്യത്തിലുമൊക്കെ ട്രെയിനര്‍മാരായി പ്രവാസി മലയാളികളടക്കമുള്ള വിദേശികള്‍ ജോലി ചെയ്യുന്നുണ്ട്. ഈ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. ഫിറ്റ്‌നസ് സെന്ററില്‍ ജോലിചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ തൊഴില്‍ നഷ്ടമായേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍.