കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സഗം ചെയ്ത് കൊലപ്പെടുത്തിയതിന്റെ ഞെട്ടലില്‍ നിന്ന് രാജ്യം ഇനിയും മുക്തമായിട്ടില്ല. കൊല്‍ക്കൊത്ത ആര്‍ ജി കര്‍ ആശുപത്രിയില്‍ നടന്ന ഹീനമായ കൃത്യത്തെ തുടര്‍ന്ന് ഡോക്ടമാര്‍ രാജ്യവ്യാപകമായി പണി മുടക്കിയതും, പശ്്ചിമ ബംഗാള്‍ ഭരിക്കുന്ന, മമതാ ബാനര്‍ജിക്കെതിരെ ശക്തമായ പ്രതിഷേധമായി അത് മാറിയതും നാം കണ്ടു. അതിനിടെയാണ് 92-ല്‍ നടന്ന മറ്റൊരു റേപ്പ് കേസിന്റെ വിധിയുണ്ടാവുന്നത്. അതാണ് കുപ്രസിദ്ധമായ അജ്മീര്‍ റേപ്പ് കേസ്. ഒന്നും രണ്ടുമല്ല 250-ഓളം പെണ്‍കുട്ടികളാണ്, രാജസ്ഥാനിലെ സൂഫി ദര്‍ഗയാല്‍ പ്രസിദ്ധമായ, ശാന്തിയുടെ സമാധാനത്തിന്റെയും കേന്ദ്രമായി കരുതപ്പെടുന്ന അജ്മീറില്‍ ബലാത്സംഗത്തിന് ഇരയായത്. അതില്‍ ഭൂരിഭാഗം കുട്ടികളും, 11നും 20നും ഇടയില്‍ പ്രായമുള്ള സ്‌കൂള്‍- കോളജ് വിദ്യാര്‍ത്ഥികളാണ്. ഇന്ത്യ കണ്ട ഏറ്റവും വലിയ ബലാത്സംഗക്കേസിന്റെ വിധി വന്നത്, 32 വര്‍ഷത്തിനുശേഷമാണെന്നതും ഞെട്ടിപ്പിക്കുന്നതാണ്. സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ തന്നെ നൂറോളം കുട്ടികള്‍ പീഡനത്തിന് ഇരയായി എന്നു പറയുന്നുണ്ട്.

2024 ആഗസ്റ്റ് 20ന് കേസിലെ 18 പ്രതികളില്‍ ആറുപേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് രാജസ്ഥാനിലെ പോക്സോ കോടതി ഉത്തരവിട്ടിരിക്കയാണ്. ഹീനമായ കുറ്റകൃത്യത്തില്‍ പ്രതികളെല്ലാം അഞ്ച് ലക്ഷം രൂപ വീതം പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു.

നോക്കുക, നൂറിലേറെ പെണ്‍കുട്ടികള്‍ റേപ്പ് ചെയ്യപ്പെട്ടിട്ടും അതില്‍ വിധി വരാന്‍ 32 വര്‍ഷം എടുക്കുന്നു. അന്ന് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളില്‍ പലരും ഇന്ന് മുത്തശ്ശിമാരാണ്. പ്രതികളില്‍ പലരും മരിച്ചു. വൈകിക്കിട്ടുന്ന നീതി, നീതി നിഷേധം തന്നെയാണെന്ന ആപ്തവാക്യം ഇവിടെ അന്വര്‍ത്ഥമാവുകയാണ്. ഇപ്പോള്‍ ബിബിസിയുടെ മുബൈ പ്രതിനിധി, കേസിലെ ഇരകളെയും, പ്രോസിക്യൂട്ടറെയും, കേസ് പുറംലോകത്തെ അറിയിച്ച പത്രപ്രവര്‍ത്തകനെയുമൊക്കെ കണ്ടെത്തി വിശദമായി ഒരു ഫീച്ചര്‍ തയ്യാറാക്കിയിരിക്കയാണ്. 'വെയിറ്റിങ്ങ് 32 ഇയേഴ്സ് ഫോര്‍ ജസ്റ്റിസ് ഇന്‍ ആന്‍ ഇന്ത്യന്‍ റേപ്പ് കേസ്'- എന്ന് തലക്കെട്ടിട്ട ആ റിപ്പോര്‍ട്ട് ഇന്ത്യന്‍ ഭരണവര്‍ഗം നിര്‍ബന്ധമായും വായിക്കേണ്ടതാണ്.

90-കളില്‍ അങ്ങേയറ്റം കലുഷിതമായ രാഷ്ട്രീയ സാഹചര്യമായിരുന്നു രാജസ്ഥാനടക്കമുളള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍. ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക്ശേഷം, ചെറുതും വലുതുമായ നിരവധി വര്‍ഗീയ കലാപങ്ങളിലൂടെ രാജ്യം കടന്നുപോയി. അപ്പോഴൊക്കെ ഒരു പ്രശ്നവുമില്ലാതിരുന്ന പ്രദേശമായിരുന്ന അജ്മീര്‍. മാത്രമല്ല അജ്മീര്‍ സൂഫി ദര്‍ഗ എന്നത് മതസൗഹാര്‍ദത്തിന്റെ പ്രതീകമായിരുന്നു. പക്ഷേ ദൗര്‍ഭാഗ്യം എന്നു പറയട്ടെ ഈ ദര്‍ഗയുടെ നടത്തിപ്പുകാരുടെ ബന്ധുക്കള്‍ തന്നെയാണ്, ഇന്ത്യയിലെ ഏറ്റവും വലിയ ബലാത്സംഗക്കേസില്‍ പ്രതികളായതും! ഇരകളാക്കപ്പെട്ടവരില്‍ ഭൂരിഭാഗവും ഹിന്ദു പെണ്‍കുട്ടികളുമായിരുന്നു. ഭാഗ്യം കൊണ്ടുമാത്രമാണ്, ഇതിന്റെ പേരില്‍ ഒരു വര്‍ഗീയ കലാപം ഉണ്ടാവാഞ്ഞത്.

അജ്മീര്‍ കേസിന്റെ കോടതി രേഖകള്‍ വായിച്ചാല്‍ നടുങ്ങിപ്പോകും. അതുവരെ യാതൊരു ക്രിമിനല്‍ പശ്ചാത്തലവും ഇല്ലാതിരുന്ന, ഒരു കൂട്ടം യുവാക്കള്‍ ഇങ്ങനെ കൊച്ചുപെണ്‍കുട്ടികളെ പീഡന ചങ്ങലയില്‍ വീഴുത്തുക എന്നത് സമാനതകള്‍ ഇല്ലാത്തതാണ്. അജ്മീറിലെ സമ്പന്നരും സ്വാധീനമുള്ളവരുമായ കുടുംബങ്ങളില്‍ പെട്ടവരായിരുന്നു പ്രതികള്‍. പ്രണയം നടിച്ച് ഒരു പെണ്‍കുട്ടിയെ വശത്താക്കുക, തുടര്‍ന്ന് അവളെ ലൈംഗിക ചൂഷണം ചെയ്തശേഷം നഗ്ന ഫോട്ടോകള്‍ എടുക്കുക. എന്നിട്ട് ഇതിന്റെ പേരില്‍ ബ്ലാക്ക് മെയല്‍ ചെയ്യുക. നീ മറ്റുകുട്ടികളെ ഇവിടെ എത്തിച്ചില്ലെങ്കില്‍ ഫോട്ടോ നാടുമുഴുവന്‍ പ്രചരിപ്പിക്കുമെന്ന് പറയുക. അങ്ങനെ ഗത്യന്തരമില്ലാതെ അവള്‍ മറ്റൊരു കുട്ടിയെ പറഞ്ഞുവിടും. അവളെയും ചൂഷണം ചെയ്ത് ഇതേ തന്ത്രം ആവര്‍ത്തിക്കും. അങ്ങനെ നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ്ങുകാരൊക്കെ പ്രയോഗിക്കുന്ന തന്ത്രം പോലെയാണ് ഈ സെക്സ് ചെയിന്‍ മുന്നേറിയത്!

ഇരകളെ ചൂഷണം ചെയ്യുന്നതിനായി ഇവര്‍ക്ക് ഒരു ഫാം ഹൗസ് തന്നെ ഉണ്ടായിരുന്നു. പീഡനത്തിനായി, ഒരു സുസുക്കി വാനും പ്രതികള്‍ സംഘടിപ്പിച്ചു. കേസിന്റെ തുടക്കം 90-ലാണ്. ഇവിടുത്തെ ഒരു സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ത്ഥിയയായ പെണ്‍കുട്ടിയുടെ രാഷ്ട്രീയ മോഹമാണ് പ്രതികള്‍ മുതലെടുത്തത് എന്നാണ് കോടതി രേഖകളില്‍ പറയുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആ കുട്ടി ആഗ്രഹിച്ചിരുന്നു. കേസിലെ മുഖ്യപ്രതിയായ ഫാറൂഖ് ചിഷ്തിക്ക് നല്ല കോണ്‍ഗ്രസ് ബന്ധമുണ്ട്. ഇങ്ങനെയാണ് ഇവര്‍ പരിചയപ്പെടുന്നത്. 2003- ലെ സുപ്രീം കോടതി വിധിയില്‍ ഇക്കാര്യം പറയുന്നുണ്ട്. അങ്ങനെ സ്്നേഹം നടിച്ച് അടുത്തുകൂടിയ ഫാറൂഖ് കുട്ടിയെ ചൂഷണം ചെയ്യുകയും, നഗ്ന ഫോട്ടോകള്‍ എടുത്തതുമാണ് സെക്സ് റാക്കറ്റിന്റെ തുടക്കം.

അത് അങ്ങനെ ചങ്ങലയായി പടര്‍ന്നു. ഫാറുഖും കുട്ടാളികളും ചേര്‍ന്ന് സ്‌കുള്‍- കോളജ് വിദ്യാര്‍ത്ഥികളായ 250 ഓളംപേരെ പീഡിപ്പിച്ചെന്നാണ് പറയുന്നത്. പക്ഷേ പൊലീസ് എഫ്ഐആര്‍ ഇട്ടപ്പോള്‍ ഇത് നൂറായി കുറഞ്ഞു. രാഷ്ട്രീയ ഇടപെടലും, മതപരമായ സ്വാധീനവും, അന്വേഷണത്തിലെ മെല്ലെപ്പോക്കുമെല്ലാം ബാധിച്ച ഒരു വല്ലാത്ത കേസാണിത്.

ഏത് രഹസ്യവും ഒരിക്കല്‍ പുറത്താവുമല്ലോ. ഇരകളുടെ എണ്ണം വര്‍ധിച്ചതോടെ സംഭവം നാട്ടില്‍ പാട്ടായി. പക്ഷേ അതിഭീകരമായ ലൈംഗിക ചൂഷണത്തിന്റെ വിവരങ്ങള്‍ അറിഞ്ഞിട്ടും ഇതില്‍ നിയമ നടപടികള്‍ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ രാജസ്ഥാനിലെ, പ്രാദേശിക ദിനപത്രമായ ദൈനിക് ജ്യോതിയുടെ ലേഖകന്‍ സന്തോഷ് ഗുപ്തയാണ് ഈ വിവരം പുറംലോകത്തെ അറിയിച്ചത്.

അജ്മീറിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും നുറോളം പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതായി അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തു. ഒരു പെണ്‍കുട്ടിയുടെ ചിത്രം, ഫോട്ടോ ലാബില്‍ നിന്നും ചോര്‍ന്ന് സന്തോഷ് ഗുപ്തയുടെ കൈയ്യില്‍ എത്തിയതോടെയാണ് സംഭവത്തിന് പിന്നിലെ ഇരുണ്ട സത്യങ്ങള്‍ ചുരുള്‍ നിവരുന്നത്. 'കുട്ടികള്‍ ബ്ലാക്ക്മെയിലിങ്ങിന്റെ ഇരകള്‍' എന്ന തലക്കെട്ടോടെയാണ് സന്തോഷ് ഗുപ്ത വാര്‍ത്ത പ്രസിദ്ധീകരിച്ചത്. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇതിലുള്ള പങ്കും ഗുപ്ത വിശദമായി റിപ്പോര്‍ട്ട് ചെയ്തു.

32 വര്‍ഷങ്ങള്‍ക്കുശേഷം ബിബിസിയോട് പ്രതികരിക്കുമ്പോള്‍, സന്തോഷ് ഗുപ്തക്ക് ഒട്ടും സന്തോഷമുണ്ടായിരുന്നില്ല. 'നിങ്ങള്‍ക്ക് ആഗസ്റ്റ് 20 ലെ വിധിയെ നീതി എന്ന് വിളിക്കാമോ? ആ വിധി നീതിയല്ല, ജസ്റ്റിസ് ഡിലൈഡ് എന്നാല്‍ ജസ്റ്റിസ് ഡിനൈഡ് തന്നെയാണ്' - പ്രോസിക്യൂഷന് സാക്ഷി കൂടിയായ സന്തോഷ് ഗുപ്ത ബിബിസിയോടെ പഞ്ഞു. 'ഇത് നിയമവ്യവസ്ഥയ്ക്ക് അപ്പുറത്തേക്ക് വ്യാപിക്കുന്ന ഒരു പ്രശ്നത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നമ്മുടെ പുരുഷാധിപത്യ സമൂഹം തകരണം. നമുക്ക് വേണ്ടത് ഒരു ചിന്താപരമായ മാറ്റമാണ്, എന്നാല്‍ അതിന് എത്ര സമയമെടുക്കും?- അദ്ദേഹം ചോദിക്കുന്നു.

തന്റെ കൈയില്‍ കിട്ടിയ ഒരു ഫോട്ടോ പ്രസിദ്ധീകരിക്കാന്‍ ദൈനിക് ജ്യോതി പത്രം എടുത്ത ധീരമായ തീരുമാനമാണ് സംഭവത്തില്‍ വഴിത്തിരിവായതെന്ന്, സന്തോഷ് ഗുപ്ത പറയുന്നു. 'തെളിവ് കിട്ടിയിട്ടും, ആദ്യം പോലീസില്‍ നിന്നോ പൊതുജനങ്ങളില്‍ നിന്നോ കാര്യമായ പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. ഞാന്‍ കുറച്ച് റിപ്പോര്‍ട്ടുകള്‍ എഴുതിയെങ്കിലും വലിയ ചര്‍ച്ചയൊന്നും ഉണ്ടായില്ല. അങ്ങനെയിരിക്കെയാണ് ഞങ്ങള്‍ പീഡനത്തിന്റെ ഒരു ഫോട്ടോ കൊടുക്കാനുള്ള ധീരമായ ഒരു തീരുമാനമെടുത്തത്. അരക്കെട്ടിന് മുകളിലേക്ക് നഗ്നയായ ഒരു പെണ്‍കുട്ടി, അവളുടെ മുലകള്‍ തഴുകുന്ന രണ്ട് പുരുഷന്മാര്‍ക്കിടയില്‍ ഇരിക്കുന്ന ഒരു ഫോട്ടോയായിരുന്നു അത്. പ്രതികളില്‍ ഒരാള്‍ ക്യാമറയെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ മുഖം ബ്ലര്‍ ചെയ്താണ് കൊടുത്തത്. ഈ ഫോട്ടോ നാടിനെ ഞെട്ടിച്ചു. പൊതുജനം പ്രകോപിതരായി. നഗരം അടച്ചിടേണ്ടിവന്നു, രോഷം ആളിക്കത്തുന്ന തീ പോലെ രാജസ്ഥാനില്‍ പടര്‍ന്നു"- സന്തോഷ് ഗുപ്ത മൂന്ന് പതിറ്റാണ്ടിനുശേഷം അക്കാര്യങ്ങള്‍ ഓര്‍ത്തെടുക്കുന്നു.

ഇതോടെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. നാടെങ്ങും പ്രക്ഷോഭമായി. സ്ഥിതിഗതികള്‍ വഷളായതോടെ അന്നത്തെ രാജസ്ഥാനിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭൈറോണ്‍ സിംങ് ഷെഖാവത് പ്രതികളെ വെറുതെ വിടരുതെന്ന് നിര്‍ദ്ദേശം നല്‍കി. സന്തോഷ് ഗുപ്ത നിരന്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരുന്നു. ഒടുവില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടികളുണ്ടായി. പ്രതികള്‍ക്കെതിരെ ബലാത്സംഗത്തിനും ബ്ലാക്ക് മെയിലിംഗിനും കേസ് രജിസ്റ്റര്‍ ചെയ്യുകയും അത് സംസ്ഥാന ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് (സിഐഡി) കൈമാറുകയും ചെയ്തു. വിശദമായ അന്വേഷണത്തിന് ശേഷം പതിനെട്ട് പേരെ പോലീസ് അറസ്റ്റു ചെയ്തു. പ്രശസ്തമായ അജ്മീര്‍ ദര്‍ഗയിലെ ഖാദിമാരുടെ അടുത്ത ബന്ധുക്കളും, പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും, പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നു. അറസ്റ്റിനെ തുടര്‍ന്ന് പീഡനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വാര്‍ത്തകളായി. അതോടെ അജ്മീര്‍ സംഘര്‍ഷഭരിതമായി.

ബിബിസി ലേഖകന്‍ പ്രോസിക്യൂഷന്‍ അഭിഭാഷകനെയും നേരിട്ട് കാണുന്നുണ്ട്. പ്രതികള്‍ തങ്ങളുടെ ശക്തിയും സ്വാധീനവും ഉപയോഗിച്ച് ഇരകളെ കബളിപ്പിക്കാനും ഭീഷണിപ്പെടുത്താനും വശീകരിക്കാനും ശ്രമിച്ചതായി പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ വീരേന്ദ്ര സിംഗ് റാത്തോഡ് പറയുന്നു. 'അവര്‍ ഫോട്ടോഗ്രാഫുകളും വീഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയാണ് ഇരകളെ നിശബ്ദരാക്കാന്‍ ശ്രമിച്ചത്. ഇതിനായി അവര്‍ ഇടനിലക്കാരെയും ഇറക്കി. പണം കൊടുത്ത് മൊഴിമാറ്റിക്കാനും ശ്രമിച്ചു. പക്ഷേ എതാനും സ്ത്രീകള്‍ ധൈര്യപൂര്‍വം മൊഴിയില്‍ ഉറച്ചുനിന്നു. അതുമൂലമാണ് ഈ ശിക്ഷയെങ്കിലും വാങ്ങിക്കൊടുക്കാനായത്"-റാത്തോഡ് പറയുന്നു.

'പല സ്ത്രീകളും, തങ്ങളുടെ കേസുമായി ബന്ധപ്പെടുത്താന്‍ ആഗ്രഹിച്ചില്ല. ഇപ്പോള്‍ 50വയസ്സ് പ്രായമുള്ള ഇരകള്‍, തങ്ങളെ വര്‍ഷങ്ങള്‍ക്ക് ശേഷം എന്തിനാണ് കോടതിയിലേക്ക് വലിച്ചിഴയ്ക്കുന്നതെന്ന് ജഡ്ജിയോട് അപേക്ഷിച്ചിരുന്നു. കേസില്‍ സാക്ഷികള്‍ ഇല്ലാതെ പ്രോസിക്യൂഷന്‍ വിഷമിച്ചു. കോടതിയിലേക്കുള്ള വരവും വിചാരണയും ഇരകളായ സ്ത്രീകളുടെ ജീവിതത്തില്‍ പ്രശ്നമായി. ഇപ്പോഴും പ്രതികളിലൊരാള്‍ ഒളിവിലാണ്. ഇയാളെ അറസ്റ്റ് ചെയ്യുകയോ, മറ്റ് പ്രതികള്‍ വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുകയോ ചെയ്താല്‍ ഇരകളെയും സാക്ഷികളെയും വീണ്ടും മൊഴിയെടുക്കാന്‍ വിളിക്കും. "- റാത്തോഡ് ബിബിസിയോട് റഞ്ഞു.

ഹൈക്കോടതി, ഫാസ്റ്റ് ട്രാക്ക് കോടതി, സുപ്രീം കോടതി, പോക്‌സോ കോടതി അങ്ങനെ വിധി കോടതികള്‍ കയറിയിറങ്ങിയ കേസായിരുന്നു ഇത്. 1998-ല്‍ സെഷന്‍ കോടതി എട്ടു പ്രതികളെ ജീവപര്യന്തം ശിക്ഷിച്ചു. നാലുപേരെ മതിയായ തെളിവില്ലാത്തതിനാല്‍ വെറുതെവിട്ടു. ഒരാള്‍ ആത്മഹത്യ ചെയ്തു. 2007-ല്‍ മറ്റൊരാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചെങ്കിലും, ആറ് വര്‍ഷത്തിന് ശേഷം വെറുതെ വിട്ടു. പ്രതികളിലൊരാള്‍ ഇപ്പോഴും ഒളിവിലാണ്. 2003-ല്‍ പ്രതികളായ മറ്റ് നാല് പേരുടെ ജീവപര്യന്തം തടവ് പത്ത് വര്‍ഷമായി കുറച്ചു. അതിനുശേഷം ഇപ്പോഴാണ് പോക്സോ കോടതിയുടെ വിധിയുണ്ടാവുന്നത്. ഇതിനെതിരെയും പ്രതികള്‍ക്ക് അപ്പീല്‍ പോവാം. ചുരുക്കിപ്പറഞ്ഞാല്‍ കേസില്‍ അന്തിമ വിധി ഇപ്പോഴും ഉണ്ടായിട്ടില്ല.

രാഷ്ട്രീയരംഗത്തും സാമൂഹികമേഖലകളിലും ഉന്നതസ്വാധീനമുള്ളവരാണ് പ്രതികളായത്. അതുകൊണ്ടുതന്നെ ഇരകള്‍ക്കുമേല്‍ അവരുടെ വലിയ സമ്മര്‍ദം ഉണ്ടായിരുന്നു. അതിക്രമം നേരിട്ടവരുടെ നഗ്നഫോട്ടോകള്‍ പ്രദേശത്ത് പ്രചരിച്ചതോടെ പലരും നാടുവിട്ടു. വര്‍ഗീയ സംഘര്‍ഷത്തിനുള്ള സാധ്യതയും പലരും ഭയന്നിരുന്നു. എന്നിരുന്നാലും അതിക്രമത്തിന് വിധേയരായ കൂടുതല്‍ പേരുടെയം വിവരങ്ങള്‍ രഹസ്യമായിത്തന്നെ നിലനിന്നു. അവരില്‍ പലരും ഇടത്തരം കുടുംബങ്ങളില്‍ നിന്നായിരുന്നു. എന്നാല്‍ ഇവര്‍ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങളില്‍ നിന്നുള്ളവരാണെന്ന തരത്തില്‍ മാധ്യമങ്ങളുടെ ഭാഗത്തുനിന്നടക്കം തെറ്റായ പ്രചാരണമുണ്ടായി. പീഡിപ്പിക്കപ്പെട്ടവരില്‍ ഏതാനും പേര്‍ മാത്രമാണ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മക്കളായി ഉണ്ടായിരുന്നത്.

പൊലീസ് രേഖകളില്‍ അതിജീവിതരുടെ അപൂര്‍ണമായ പേരും കാലഹരണപ്പെട്ട മേല്‍വിലാസങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്. ഇതും കേസ് അന്വേഷണത്തെ പലപ്പോഴും പ്രതികൂലമായി ബാധിച്ചു. 30 വര്‍ഷത്തോളം ഇവരില്‍ പലരും കോടതികള്‍ കയറിയിറങ്ങി. പൊലീസ് അകമ്പടിയോടെയും അല്ലാതെയുമുള്ള ഈ കോടതിസന്ദര്‍ശനങ്ങളും അവരെ മാനസികമായി തളര്‍ത്തി. 'ഞാനിപ്പോഴൊരു മുത്തശ്ശിയാണ്. ഇനിയെങ്കിലും എന്നെ വെറുതെ വിടൂ. ഞങ്ങള്‍ക്കും കുടുംബമുണ്ട്. ഇനിയും ഞങ്ങളെന്ത് പറയാനാണ്?"- 2021-ല്‍ കോടതിമുറിയില്‍ ഒരു അതീജിവിതയുടെ പ്രതികരണമിങ്ങനെയായിരുന്നു. കേസ് നീണ്ടുപോകുന്നതില്‍ പൊലീസും അസ്വസ്ഥരായിരുന്നു. എത്ര തവണയാണ് ഈ പാവങ്ങളെ ഇങ്ങനെ വിളിച്ചുവരുത്തുക. ഫോണ്‍ വിളിക്കുമ്പോഴേക്കും അവര്‍ ഞങ്ങളെ ചീത്തപറയുകയാണ്. വാതില്‍ക്കല്‍ ഓരോ തവണ പൊലീസുകാരനെ കാണുമ്പോഴും അവര്‍ ഭയചകിതരാകുന്നു. അതിജീവിതരെക്കുറിച്ച് പൊലീസ് പറഞ്ഞ് ഇങ്ങനെയാണ്.

ഇക്കാലത്തിനിടയ്ക്ക് ജീവനൊടുക്കിയ ഇരകളുണ്ട്. ആത്മഹത്യാശ്രമം നടത്തിയവരുമുണ്ട്. വിചരണയ്ക്കിടെ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍ തമ്മില്‍ തര്‍ക്കമുമുണ്ടായിരുന്നു. നൂറില്‍ പരം പെണ്‍കുട്ടികള്‍ ഇരകളാണെങ്കിലും കുറച്ചു പേര്‍ മാത്രമാണ് മൊഴികളില്‍ ഉറച്ചു നിന്നത്. ഇതില്‍ ഒരു ഇരയെ ബിബിസി ലേഖകന്‍ നേരിട്ട് കാണുന്നുണ്ട്. സുഷമ എന്ന ഒരു ഫേക്ക് ഐഡന്റിയാണ് ബിബിസി അവര്‍ക്ക് കൊടുത്തത്. 'അന്ന് എനിക്ക് 18 വയസ്സായിരുന്നു. എനിക്ക് അറിയാവുന്ന ഒരാള്‍ വീഡിയോ ടേപ്പുകള്‍ കാണാമെന്ന് പറഞ്ഞ് എന്നെ, ഒരു ഉപേക്ഷിക്കപ്പെട്ട വെയര്‍ഹൗസിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് ഏഴോളം പുരുഷന്മാര്‍ കെട്ടിയിട്ട് ബലാത്സംഗം ചെയ്യുകയും ഫോട്ടോ എടുക്കുകയുമായിരുന്നു. അതിനുശേഷം, അവരില്‍ ഒരാള്‍ എനിക്ക് 200 രൂപ ലിപ്സ്റ്റിക്ക് വാങ്ങാന്‍ തന്നു. ഞാന്‍ പണം വാങ്ങിയില്ല. ഇന്ന് എനിക്ക് ഇന്ന് 50 വയസ്സായി, ഒടുവില്‍ എനിക്ക് നീതി ലഭിച്ചതായി തോന്നുന്നു. എന്നാല്‍ എനിക്ക് നഷ്ടപ്പെട്ടതെല്ലാം തിരികെ കൊണ്ടുവരാന്‍ അതിന് കഴിയില്ല."- സുഷമ പറയുന്നു.

ഇതിന്റെ പേരില്‍ വര്‍ഷങ്ങളോളം സമൂഹത്തില്‍ നിന്നുള്ള അപവാദങ്ങളും പരിഹാസങ്ങളും താന്‍ സഹിച്ചുവെന്നും, ഭര്‍ത്താവ് ഭൂതകാലം കണ്ടെത്തിയതോടെ തന്റെ രണ്ട് വിവാഹങ്ങളും വിവാഹമോചനത്തില്‍ അവസാനിച്ചുവെന്നും അവര്‍ പറഞ്ഞു. കേസില്‍ കോടതിയില്‍ മൊഴി കൊടുത്ത 16 ഇരകളില്‍ ഒരാളാണ് സുഷമയെന്നും ബിബിസി റിപ്പോര്‍ട്ട് എടുത്തുപറയുന്നു. ആറ് പ്രതികളെ ശിക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച മൂന്ന് ഇരകളില്‍ ഒരാളായ സുഷമ പറഞ്ഞു - 'ഞാന്‍ ഒരിക്കലും എന്റെ കഥ കോടതിയില്‍ മാറ്റിപ്പറഞ്ഞില്ല. ഈ ആളുകള്‍ എന്നോട് ഇത് ചെയ്യുമ്പോള്‍ ഞാന്‍ ചെറുപ്പമായിരുന്നു. ഇപ്പോള്‍ മുത്തശ്ശിയായി. എനിക്കിപ്പോള്‍ നഷ്ടപ്പെടാന്‍ എന്താണുള്ളത്?".

അജ്മീര്‍ കൂട്ടബലാത്സഗം വലിയ രീതിയില്‍ രാഷ്ട്രീയ വിവാദവുമായിരുന്നു. മുന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നുള്ള ആരോപണങ്ങളൊക്കെ ഉയര്‍ന്നു. പ്രതികളിലുള്‍പ്പെട്ട ഫറൂഖും നഫീസും അജ്മീര്‍ ഷരീഫ് ദര്‍ഗ നടത്തിപ്പുമായി ബന്ധമുള്ള ഖാദി കുടുംബത്തിലെ അംഗങ്ങളായിരുന്നു. ഇവര്‍ക്ക് കോണ്‍ഗ്രസിലെ ഉന്നതരുമായും അടുത്ത ബന്ധമുണ്ടായിരുന്നു. മുഖ്യപ്രതി ഫാറൂഖ് ചിഷ്തി അജ്മീര്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും, മറ്റ് പ്രതികളായ നഫീസ് ചിഷ്തിയും അന്‍വര്‍ ചിഷ്തിയും യഥാക്രമം അജ്മീര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും ജോയിന്റ് സെക്രട്ടറിയുമായിരുന്നു. എന്നാല്‍ തങ്ങള്‍ ഒരുകാലത്തും പ്രതികളെ സഹായിച്ചിട്ടില്ലെന്നും, ഇരകള്‍ക്ക് ഒപ്പമാണെന്നും, തങ്ങളുടെ സര്‍ക്കാറാണ് പ്രതികളെ പിടികൂടിയത് എന്നുമാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.

2023-ല്‍ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രം അജ്മീര്‍ 92 ഈ ബലാത്സംഗ കേസിനെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. ആ സമയത്ത്, പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട മൂന്‍ മന്ത്രി രാജേന്ദ്ര സിംഗ് ഗുഡ, അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത് വന്നത് വാര്‍ത്തായായിരുന്നു.-'അജ്മീര്‍ 92 സിനിമയുടെ വില്ലന്‍ സംസ്ഥാന മന്ത്രിസഭയില്‍ ഉണ്ട്. ഏറ്റവും വലിയ റേപ്പിസ്റ്റ് മന്ത്രിസഭയിലാണ്. ഈ ആരോപണം തെറ്റാണെന്ന് തെളിയിച്ചാല്‍ ഞാന്‍ രാഷ്ട്രീയം വിടും"- ഗുഡയുടെ ഈ പ്രസ്താവന വന്‍ വിവാദം സൃഷ്ടിച്ചിരുന്നു.

അജ്മീറില്‍ നടത്ത് ഹിന്ദുപീഡനം ആണെന്ന് ആരോപിച്ച് ബിജെപിയും വിഎച്ച്പിയും രംഗത്ത് എത്തിയിരുന്നു. മുസ്ലീം വോട്ടുകള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് സര്‍ക്കാറുകള്‍, കേസില്‍ വെള്ളം ചേര്‍ത്തുവെന്നും അവര്‍ ആരോപിക്കുന്നുണ്ട്. ഇപ്പോള്‍ പോക്സോ കോടതിയുടെ വിധി വന്നതിന്റെ പശ്ചാത്തലത്തില്‍, പ്രതികളെ തൂക്കിലേറ്റണം എന്ന ആവശ്യവുമായി വിഎച്ച്പി നേതാവ് ഡോ. സുരേന്ദ്ര ജെയിന്‍രംഗത്തെത്തിയിട്ടുണ്ട്.

ഇതോടൊപ്പം അജ്മീര്‍ ദര്‍ഗ ഷെരീഫിന്റെ ഇരുണ്ട ചരിത്രവും ജനങ്ങള്‍ക്കുമുന്നില്‍ തുറന്നു കാട്ടേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് സുരേന്ദ്ര ജെയിന്‍ പറയുന്നത്. അദ്ദേഹത്തിന്റെ പ്രസ്താവന ഇങ്ങനെ-'തന്റെ യജമാനനായ മൊയ്‌നുദ്ദീന്‍ ചിഷ്തിയുടെ കീഴില്‍ ശരീഅത്ത് നിയമങ്ങള്‍ പിന്തുടര്‍ന്ന്, അയാളുടെ ഖാദി ആയി സല്‍മാന്‍ ചിഷ്തി ഈ ദര്‍ഗയില്‍ ആണ് സേവനമനുഷ്ഠിച്ചിരുന്നത്. ഇയാള്‍ ഹിന്ദുക്കള്‍ക്ക് നേരെ നിരവധി അതിക്രമങ്ങള്‍ നടത്തുകയും, നിരവധി ഹൈന്ദവ ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും ചെയ്തു എന്ന കാര്യവും ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട്. ഈ ബലാത്സംഗകേസിലെ പ്രതികളായ പകുതിയിലേറെപ്പേര്‍ സ്ഥലത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാരവാഹികളായിരുന്നു എന്നതും വസ്തുതയാണ്. ഹിന്ദുവിനെ എങ്ങനെയും നശിപ്പിക്കാനായി ജിഹാദികളും കോണ്‍ഗ്രസ്സും തമ്മില്‍ തോളോട് തോള്‍ ചേര്‍ന്നുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിലൂടെ തെളിയുന്നത്.

അജ്മീര്‍ ദര്‍ഗ ഷെരീഫ് സന്ദര്‍ശനത്തിന് നല്‍കുന്ന പണം ഹിന്ദുക്കള്‍ക്കെതിരെ അനധികൃത ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. അജ്മീര്‍ ബലാത്സംഗക്കേസ് ഇതിന് വ്യക്തമായ ഉദാഹരണമാണ്. അതിനാല്‍ ദര്‍ഗ ഷെരീഫ് സന്ദര്‍ശിക്കരുതെന്ന് വിശ്വഹിന്ദു പരിഷത്ത് കാലാകാലങ്ങളായി ഹിന്ദുക്കളോട് ആവശ്യപെട്ടിട്ടുണ്ട്. ഹിന്ദുക്കളെ സാമ്പത്തികമായി ബഹിഷ്‌ക്കരിക്കണം എന്ന് അവിടെ നിന്നുള്ള ഒരു ചിഷ്തി ആഹ്വാനം ചെയ്തിരുന്നു എന്നതും ഇവിടെ എടുത്തുപറയേണ്ടതാണ്. ഖാദി കുടുംബം നേരത്തെയും പലവിധ വിവാദങ്ങളില്‍ പെട്ടിരുന്നു എന്നത് രഹസ്യമായകാര്യമല്ല. അജ്മീര്‍ ദര്‍ഗ ഭരണം നടത്തുന്ന അഞ്ജുമാന്‍ കമ്മിറ്റിയിലെ സര്‍വാര്‍ ചിഷ്തി പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും രാജ്യം മുഴുവന്‍ 'ഇളക്കിമറിക്കും'എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നതും ഗൗരവമായി കാണേണ്ടതാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം സര്‍വാര്‍ ചിഷ്തി നിരോധിത സംഘടനയായ പോപ്പുലര്‍ഫ്രണ്ടിന്റെ പ്രവര്‍ത്തകനാണെന്നു സ്വയം പറഞ്ഞെട്ടുണ്ട്. കൂടാതെ അജ്മീര്‍ ദര്‍ഗയില്‍ നിന്ന് ഹിന്ദുക്കളെ സാമ്പത്തികമായി ബഹിഷ്‌കരിക്കാനും ഇയാള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്"- ഇങ്ങനെ അതിഗുരുതരമായ ആരോപങ്ങളാണ് അജ്മീര്‍ ദര്‍ഗക്കെതിരെ വിഎച്ച്പി ഉന്നയിക്കുന്നത്.

എന്നാല്‍ ഇതെല്ലാം വെറും വ്യാജ വാര്‍ത്തകള്‍ മാത്രമാണെന്നും, സൂഫി പാരമ്പര്യം പിന്തുടരുന്ന തങ്ങള്‍ അക്രമരാഹിത്യത്തിലാണ് വിശ്വസിക്കുന്നതുമെന്നും, എല്ലാ മതവിശ്വാസികള്‍ക്കും വരാവുന്ന സ്ഥലമാണ് ഇവിടമെന്നുമാണ് അജീമീര്‍ ദര്‍ഗ അധികൃതര്‍ പറയുന്നത്. പ്രതികളെ ഒറ്റപ്പെടുത്തുകയും, പിടികൂടാനായി പൊലീസിനൊപ്പം നിന്നവരുമാണ് തങ്ങള്‍ എന്നാണ് ദര്‍ഗാ നേതൃത്വം പറയുന്നത്. അജ്മീര്‍ റേപ്പ് കേസ് വീണ്ടും വിവാദമായതോടെ, അത് സാമുദായിക സ്പര്‍ധയിലേക്ക് പോകുമോ എന്ന ആശങ്ക പൊതുവെ നിലനില്‍ക്കുന്നുണ്ട്.

വാല്‍ക്കഷ്ണം: അജ്മീര്‍ ദര്‍ഗ മുമ്പ് ക്ഷേത്രമായിരുന്നുവെന്നും, അത് തങ്ങള്‍ക്ക് തിരിച്ചുകിട്ടണമെന്നുമുള്ള മഹാറാണ പ്രതാപ് സേനയെന്ന ഹിന്ദുത്വ സംഘടനയുടെ അവകാശ വാദവും ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം. അയോധ്യയിലും, ഗ്യാന്‍വാപിയിലും നടത്തിയത് പോലെ അജ്മീര്‍ ദര്‍ഗയിലും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ സര്‍വേ നടത്തണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്!