'പന്നികളോട് ഗുസ്തി പിടിക്കരുത്' എന്നത് പ്രശ്സതമായ ഒരു ഇംഗ്ലീഷ് പഴമൊഴിയാണ്. പന്നി നിങ്ങളുടെ മേല്‍ ചെളിതെറിപ്പിക്കുമെന്ന് മാത്രമല്ല അത് നന്നായി ആസ്വദിക്കുകയും ചെയ്യും. റഷ്യ യുക്രൈനെ ആക്രമിച്ചപ്പോള്‍, ന്യൂയോര്‍ക്കില്‍ നടന്ന ഒരു പ്രതിഷേധറാലിലെ ഒരു പ്ലക്കാര്‍ഡ് ഈ പഴമൊഴിയാതും അര്‍ത്ഥ ഗര്‍ഭമാണ്. ശരിക്കും ഈ പഴമൊഴിയിലെ പന്നിക്ക് സമാനനായ, സൈക്കോ എകാധിപതി തന്നെയാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍. സ്വന്തം സൈന്യത്തിലെ ലക്ഷങ്ങള്‍ മരിക്കുന്നതൊന്നും പുടിന് ഒരു പ്രശ്നമല്ല. രാജ്യത്തെ ഉപരോധിക്കുന്നതും. സ്വന്തം പ്രതിഛായ വര്‍ധിക്കുകയും, താന്‍ ലോക പൊലീസാണെന്ന് ബോധ്യപ്പെടുത്തുകയും വേണം. പതിനായിരങ്ങളുടെ ജീവനെടുത്ത മൂന്നര വര്‍ഷം നീണ്ട റഷ്യ-യുക്രൈന്‍ യുദ്ധം അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍, പുടിന്‍ തന്റെ ലക്ഷ്യം നേടുകയാണ്.

ഒരു സ്വതന്ത്ര പരമാധികാരം രാഷ്ട്രം എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് അവരാണ്. നാറ്റോ സഖ്യത്തില്‍ ചേരുക എന്നത് അതിനാല്‍ നാറ്റോയിലെ അംഗരാജ്യങ്ങളുടെയും, യുക്രൈനിന്റെയും ആഭ്യന്തരകാര്യമാണ്. പക്ഷേ യുക്രൈന്‍ നാറ്റോയില്‍ ചേരുന്നത് തങ്ങള്‍ക്ക് ഭീഷണിയാവുമെന്നും, അവിടം ഭരിക്കുന്നത് നാസികളാണെന്നുമൊക്കെപ്പറഞ്ഞ്, യുക്രൈനെ ആക്രമിക്കുമ്പോള്‍ പുടിന്റെ മനസ്സിലുണ്ടായിരുന്നത്, അഖണ്ഡ റഷ്യയെന്ന പണ്ട് സോവിയറ്റ് യൂണിയനായിരുന്ന കാലത്തെ മുഴുവന്‍ രാജ്യങ്ങളും ഒന്നിച്ച് ഒരു രാജ്യമാവുന്ന സ്വപ്നമായിരുന്നു.

തോന്നിവാസങ്ങള്‍ക്കെല്ലാം വളം വെച്ച് ഹിറ്റ്‌ലറെ വളര്‍ത്തിയപോലെ പുടിന്‍ എന്ന പാപിയെയും പനപോലെ വളര്‍ത്തുകയായിരുന്നു അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങള്‍ ചെയ്തിരുന്നത്. ഇപ്പോള്‍ ആയിരക്കണക്കിന് സ്ത്രീകളെ റേപ്പ് ചെയ്തുും, പതിനായിരങ്ങളൊകൊന്നൊടുക്കിയും, പതിഞ്ചോളം പ്രമുഖ നഗരങ്ങള്‍ തകര്‍ത്തും, ശതകോടികളുടെ നഷ്ടം ലോക സമ്പദ്വ്യവസ്ഥക്ക് ഉണ്ടാക്കിയതിനും ശേഷം വരുന്ന, ഈ സമാധാനവും പുടിനെ കൂടതല്‍ കരുത്തനാക്കുകയാണ്. ഈ സമാധാന കരാറും ഏകപക്ഷീയമാണ്. അവിടെയും റഷ്യന്‍ സമഗ്രാധിപത്യമാണ്. യുക്രൈന് യാതൊന്നുമില്ല.

യുദ്ധം തുടങ്ങുമ്പോള്‍ ഒപ്പമുണ്ടായിരുന്നു അമേരിക്കപോലും യുക്രൈന്‍ പക്ഷത്തുനിന്ന് കാലുമാറി. ഒരു നാറ്റോ രാജ്യത്തെ ആരെങ്കിലും ആക്രമിച്ചാല്‍ എല്ലാവരും ചേര്‍ന്ന് ഒന്നിച്ച് തിരിച്ചടിക്കണം എന്നാണ് അവരുടെ തത്വം. നാറ്റോയില്‍ ചേരാനായി ശ്രമിച്ച ഒരു രാജ്യത്തിന് ഈ ഗതികേടുണ്ടായിട്ടും, ലോക പൊലീസായ ആമേരിക്കയും, ബ്രിട്ടനും, ഫ്രാന്‍സും, ജര്‍മ്മനിയും അടക്കമുള്ളവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. യുഎന്നും അന്താരാഷ്ട്ര നിയമങ്ങളുമൊക്കെ റഷ്യക്ക് മുന്നില്‍ നോക്കുകുത്തിയാണ്.




എവിടെയാണ് യുക്രൈന് പിഴച്ചത്? അമേരിക്കയടക്കമുള്ള ലോക രാഷ്ട്രങ്ങളെ വിശ്വസിച്ചതാണോ? യുക്രൈന്‍ ഇസ്രയേലിനെപ്പോലെ സൈനിക ശക്തിയായിരുന്നെങ്കില്‍ അവര്‍ക്ക് ഒരിക്കലും ഈ ഗതികേട് ഉണ്ടാവുമായിരുന്നില്ല.

കരാറിലും റഷ്യന്‍ സമഗ്രാധിപത്യം

റഷ്യ - യുക്രൈന്‍ സമാധാന കരാറിനെ, ഒരു കരാര്‍ എന്നുപോലും വിശേഷിപ്പിക്കാന്‍ കഴിയില്ല എന്നാണ് റോയിട്ടേഴ്സ് പറയുന്നത്. റഷ്യ ഏകപക്ഷീയമായി എഴുതിയുണ്ടാക്കിയ ഒരു സാധനത്തില്‍ യുക്രൈന്‍ ഒപ്പിടുന്നുവെന്ന് മാത്രം. പക്ഷേ സാമ്പത്തികമായി തകര്‍ന്ന യുക്രൈന് ഇനിയും പിടിച്ചുനില്‍ക്കാന്‍ കഴിയില്ല എന്നതാണ് സത്യം. അവര്‍ ഇത്രയും കാലം നടത്തിയ ചെറുത്തുനില്‍പ്പുതന്നെ ഐതിഹാസികമാണ്.

മൂന്നര വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിന്, അബുദാബിയില്‍ റഷ്യന്‍ പ്രതിനിധികളുമായി യുഎസ് ആര്‍മി സെക്രട്ടറി ഡാന്‍ ഡാന്‍ ഡ്രിസ്‌കോള്‍ ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് സമാധാന കരാറിന് ധാരണയായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ചില കാര്യങ്ങളില്‍ തീരുമാനമാകാനുണ്ടെങ്കിലും, യുക്രൈനും കരാറിന് സമ്മതിച്ചതായാണ് സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ഞായറാഴ്ച യുഎസ്, യുക്രൈന്‍, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ജനീവയില്‍ ചര്‍ച്ച നടത്തിയിരുന്നു. അമേരിക്ക മുന്നോട്ടുവച്ച 28 ഇന സമാധാന കരാറിന്റെ അടിസ്ഥാനത്തിലാണ് പ്രതിനിധികള്‍ പൊതുധാരണയിലെത്തിയത്. ഗാസയിലെ ട്രംപിന്റെ മോഡലിന്റെ ഒരു അനുകരണമാണ് ഇതും. ഇരുവശത്തുനിന്നുമുള്ള അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ച പദ്ധതിയാണ് രൂപകല്‍പ്പന ചെയ്തതെന്ന് സമൂഹമാധ്യമക്കുറിപ്പില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. സമാധാന കരാര്‍ യുക്രൈന്‍ അംഗീകരിച്ചതോടെ റഷ്യയുമായി ചര്‍ച്ച നടത്തുമെന്നും ട്രംപ് വ്യക്തമാക്കി.

സമാധാനത്തിനായുള്ള നിരവധി സാധ്യതകള്‍ കാണുന്നതായി യുക്രൈ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയും എക്സില്‍ കുറിച്ചിരുന്നു. കരാറിന്റെ വ്യവസ്ഥകളെക്കുറിച്ച് പ്രതിനിധികള്‍ പൊതു ധാരണയിലെത്തിയതായി യുക്രൈന്റെ ദേശീയ സുരക്ഷാ സെക്രട്ടറി റുസ്തം ഉമറോവ് എക്സില്‍ കുറിച്ചു. തുടര്‍ന്നുള്ള നടപടികളില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. അന്തിമ നടപടികള്‍ക്കായി സെലന്‍സ്‌കി ഈ മാസം തന്നെ അമേരിക്ക സന്ദര്‍ശിച്ചേക്കും. കരാറിലെ 'സെന്‍സിറ്റീവ് വിഷയങ്ങള്‍' ചര്‍ച്ച ചെയ്യുന്നതിനായി കൂടിയായിരിക്കും സന്ദര്‍ശനം.

ട്രംപിന്റെ പശ്ചിമേഷ്യ കാര്യ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും പുട്ടിന്റെ ഉപദേഷ്ടാവ് കിറില്‍ ദിമിത്രീവും ചേര്‍ന്നാണ് സമാധാന കരാറിനായുള്ള കരട് തയാറാക്കിയത്. യുക്രൈന്റെ ആവശ്യപ്രകാരം ഏതാനും വ്യവസ്ഥകളില്‍ ഭേദഗതി വരുത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുക്രൈ്ന്‍ നാറ്റോയില്‍ ചേരാന്‍ പാടില്ല, സൈനികരുടെ എണ്ണം 6 ലക്ഷമായി കുറയ്ക്കണം, യുദ്ധത്തില്‍ പിടിച്ചെടുത്ത ക്രൈമിയ, ലുഹാന്‍സ്‌ക്, ഡോണെറ്റ്സ്‌ക് എന്നീ പ്രവിശ്യകള്‍ റഷ്യയ്ക്കു വിട്ടുകൊടുക്കണം, ഹേഴ്സന്‍, സാപൊറീഷ്യ എന്നിവിടങ്ങള്‍ ഭാഗികമായി റഷ്യ കയ്യില്‍വയ്ക്കും, സാപൊറീഷ്യ ആണവനിലയത്തില്‍നിന്നുള്ള വൈദ്യുതിയുടെ പകുതി റഷ്യയ്ക്കു നല്‍കണം എന്നിവയായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥകള്‍.

കരാര്‍ റഷ്യയ്ക്ക് അനുകൂലമാണെന്ന് നേരത്തേ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ യുക്രൈന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ ഭേദഗതികള്‍ വരുത്തി കരാര്‍ 19 പോയിന്റുകളുള്ളതാക്കി മാറ്റിയെന്നാണ് സൂചന. പക്ഷേ ഇപ്പോഴും യുക്രൈന്‍ നിലവില്‍ കൈവശം വെച്ചിരിക്കുന്നതടക്കം ഡോണ്‍ബാസ് മേഖല പൂര്‍ണമായി റഷ്യക്ക് വിട്ടുനല്‍കുന്നതടക്കം വ്യവസ്ഥകള്‍ കരാറിലുണ്ടെന്ന് മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. യുക്രൈന്‍ സൈന്യത്തിന്റെ ആയുധ ശേഷി കുറക്കുന്നതും അമേരിക്കയുടെ സൈനീക സഹകരണം അവസാനിപ്പിക്കുന്നതും പദ്ധതിയുടെ ഭാഗമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.




കരാര്‍ നിലവില്‍ വരുന്നതോടെ റഷ്യയുടെ തന്ത്രപ്രധാനമായ കേന്ദ്രങ്ങള്‍ ലക്ഷ്യമിടാന്‍ ദീര്‍ഘദൂര മിസൈലെന്ന യുക്രൈയ്ന്റെ ഏറെനാളായുള്ള ആവശ്യവും നിരാകരിക്കപ്പെടും. യുക്രൈനില്‍ റഷ്യന്‍ ഭാഷക്ക് ഔദ്യോഗിക ഭാഷാ പദവി നല്‍കണമെന്നും റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പ്രാദേശിക വിഭാഗത്തെ അംഗീകരിക്കണമെന്നും വ്യവസ്ഥകളുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതായത് ചുരക്കിപ്പറഞ്ഞാല്‍ റഷ്യക്ക് ഹിതകരമായ വ്യവസ്ഥകളാണ് കരാറില്‍ മൊത്തമുള്ളത്. സെലന്‍സ്‌കി എന്ന ധീരനായ യുക്രൈന്‍ നേതാവിന്റെ തലവെട്ടുക എന്ന പുടിന്റെ അഭിലാഷം മാത്രം കരാറില്‍ ഇല്ല എന്നാണ് സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു പരിഹാസം.

അതേസമയം, റഷ്യന്‍ സൈന്യം യുക്രൈനില്‍ നടത്തിയ നരനായിട്ടിന് യാതൊരു നഷ്ടപരിഹാരവും നല്‍കണമെന്നോ, തകര്‍ന്ന നഗരങ്ങളുടെ പുനര്‍ നിര്‍മ്മാണം എങ്ങനെ ആയിരിക്കണം എന്നോ കരാറില്‍ പറയുന്നില്ല. എന്നാല്‍ ട്രംപ് തന്നെ മുന്‍കൈയെടുത്ത് ഉണ്ടാക്കിയ ഗാസ കരാറില്‍ ആ നാടിന്റെ പുനര്‍ നിര്‍മ്മാണമടക്കമുള്ള കാര്യങ്ങള്‍ പറയുന്നുണ്ട്. പക്ഷേ ഇവിടെ റഷ്യന്‍ സൈന്യം ആക്രമിച്ച് പിടിച്ചെടുത്ത യെൈുക്രന്റെ ഭാഗങ്ങളില്‍ പലതും റഷ്യയോട് ചേരും. അങ്ങനെ വന്നാല്‍ ആ നാട്ടിലെ തദ്ദേശീയരുടെ സ്ഥിതിയെന്താവും. നേരത്തെ സ്റ്റാലിന്റെ കാലം മുതല്‍ തന്നെ സോവിയറ്റ് യൂണിയനില്‍പോലും, യുക്രൈനോട് ചിറ്റമ്മ നയമായിരുന്നു. ഒരേ രാജ്യത്തിന്റെ ഭാഗമായിരുന്നിട്ടും സ്്റ്റാലിന്‍ യുക്രൈനികളെ പട്ടിണിക്കിട്ട് കൊല്ലാന്‍ നോക്കിയെന്നാണ് ചരിത്രം.

സ്റ്റാലിന്റെ കാലംമുതക്കേ പീഡനം

റഷ്യയെപ്പോലെ, യുക്രൈന്‍ ഒരു ഏകശിലാ രാജ്യമല്ല. വ്യത്യസ്ത വംശീയതകളുള്ള നാടാണത്. ഇതിലെ ഓരോ പ്രദേശത്തിനും വ്യത്യസ്തമായ സാംസ്‌കാരിക സാഹചര്യങ്ങളാണ്. കിഴക്ക്, തെക്ക് മേഖലകളില്‍ റഷ്യയുടെ സ്വാധീനം ശക്തമാണ്. പടിഞ്ഞാറന്‍ മേഖല പോളണ്ട്, ഓസ്ട്രിയ, ലിത്വാനിയ എന്നിവയുടെ സ്വാധീനത്തിലാണ്. ഈ മേഖലയിലെ ജനങ്ങള്‍ യൂറോപ്യന്‍ യൂണിയനില്‍ ചേരാനാണ് ആഗ്രഹിക്കുന്നത്. പക്ഷേ

കിഴക്കന്‍ ഭാഗത്തെ ജനത ഇടതു പക്ഷ പാര്‍ട്ടികള്‍ക്കാണ് വോട്ട് ചെയ്യുന്നത്. കമ്യൂണിസ്റ്റ്സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഈ മേഖലയില്‍ സ്വാധീനമുണ്ട്. റഷ്യയെ അനുകൂലിക്കുന്നവരാണിവിടെയുള്ളത്. യുറോപ്യന്‍ യൂണിയനോ റഷ്യയോ എന്ന വിഷയം വരുമ്പോള്‍ ഇരു വിഭാഗത്തെയും ജനതയ്ക്കിടയില്‍ ഭിന്നസ്വരം ഉയരുന്നുണ്ട്. പക്ഷേ എന്നിട്ടും അവര്‍ ഒന്നിച്ച് നില്‍ക്കുന്നു. പക്ഷേ പഴയ സോവിയറ്റ് യൂണിയന്റെ ഹാങ്ങ് ഓവര്‍ ഇനിയും മാറിയിട്ടില്ലാത്ത, പുടിന്‍ ഇപ്പോഴും ആഗ്രഹിക്കുന്നത്, യുക്രൈന്‍ അടക്കമുള്ളവ റഷ്യയുടെ ഭാമാണ് എന്നാണ്. പുടിന്റെ ഈ അഖണ്ഡ റഷ്യ ആഗ്രഹത്തില്‍നിന്നാണ്, യുക്രൈന്‍ യുദ്ധം തന്നെ ഉണ്ടാവുന്നത്.

സോവിയറ്റ് യൂണിയന്റെ ഭാഗമായിരിക്കുമ്പോള്‍പോലും, സമാനതകളില്ലാത്ത പീഡനങ്ങള്‍ ഏറ്റുവാങ്ങിയവരാണ് യുക്രൈന്‍ ജനത. 1932-33 കാലഘട്ടത്തില്‍ ഒന്നും രണ്ടുമല്ല ഏകദേശം, 39 ലക്ഷം പേരാണ് യുക്രൈനില്‍ പട്ടിണി കിടന്ന് മരിച്ചത്. വരള്‍ച്ചയോ ദാരിദ്ര്യമോ മൂലമുണ്ടായ ചരിത്രത്തിലെ മറ്റ് ക്ഷാമങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായി മനുഷ്യസൃഷ്ടിയായിരുന്നു അത്. യുക്രൈയ്നിലെ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ചെറുകൃഷിയിടങ്ങള്‍ പിടിച്ചെടുത്ത് സര്‍ക്കാറിന്റെ കീഴിലാക്കിയ കമ്യൂണിസ്റ്റ് നേതാവ് ജോസഫ് സ്റ്റാലിന്റെ നയങ്ങളുടെ ബാക്കിപത്രമായിരുന്നു ഈ മരണങ്ങള്‍. 1929-ല്‍, സ്റ്റാലിന്റെ കീഴിലുളള കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍, വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കൃഷിയിടങ്ങള്‍ പിടിച്ചെടുത്ത് കൂട്ടുകൃഷി തുടങ്ങാന്‍ തീരുമാനിച്ചു. പാവപ്പെട്ട കര്‍ഷകര്‍ തങ്ങളുടെ ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. കൃഷിഭൂമികള്‍ മാത്രമല്ല, വീടുകളും സര്‍ക്കാരിന് കൈമാറേണ്ടതായി വന്നു. എന്നാല്‍, കര്‍ഷകര്‍ ഈ തീരുമാനത്തെ എതിര്‍ത്തു. പലയിടത്തും കര്‍ഷകസമരങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു.

സോവിയറ്റ് ഭരണകൂടം എതിര്‍ക്കുന്നവരെ ശത്രുക്കളായി കണക്കാക്കി. അവരെ ജന്മികളെന്നും, സോവിയറ്റ് വിരുദ്ധരെന്നും മുദ്രകുത്തി. ആയിരങ്ങളെ വെടിവച്ച് കൊന്നു, ആയിരിങ്ങളെ ജയിലിലടച്ചു. സോവിയറ്റ് ഉദ്യോഗസ്ഥര്‍ കര്‍ഷകരെ അവരുടെ ഫാമുകളില്‍ നിന്ന് ബലം പ്രയോഗിച്ച് പുറത്താക്കി. സ്റ്റാലിന്റെ രഹസ്യ പൊലീസ് 50,000 ഉക്രേനിയന്‍ കര്‍ഷക കുടുംബങ്ങളെ സൈബീരിയയിലേക്ക് നാടുകടത്താന്‍ പദ്ധതിയിട്ടതായി, ചരിത്രകാരിയായ ആനി ആപ്പിള്‍ബോം തന്റെ പുസ്തകമായ 'റെഡ് ഫാമൈന്‍: സ്റ്റാലിന്‍സ് വാര്‍ ഓണ്‍ യുക്രൈനില്‍' എഴുതിയിട്ടുണ്ട്. ജനങ്ങള്‍ ദുരന്തം അനുഭവിച്ചാലും, നശിച്ചാലും പ്രശ്‌നമില്ല, ഉക്രൈനിനെ ഒരു ആധുനിക, തൊഴിലാളിവര്‍ഗ, സോഷ്യലിസ്റ്റ് രാഷ്ട്രമാക്കണമെന്ന ഒരൊറ്റ ഉദ്ദേശത്തിലായിരുന്നു സ്റ്റാലിനെന്നും ചരിത്രകാരി എഴുതുന്നു.




പുടിന്റെ ഹൊളോഡോമോര്‍

കര്‍ഷകരുടെ ഭൂമിയും കന്നുകാലികളും സര്‍ക്കാര്‍ ഉടമസ്ഥതയിലായതോടെ കര്‍ഷകര്‍ ദിവസക്കൂലിക്കാരായി ഇവിടെ ജോലി ചെയ്തു. ഉക്രെയ്നിനെ സോവിയറ്റ് യൂണിയന്റെ ഭക്ഷ്യകേന്ദ്രമാക്കാന്‍ സ്റ്റാലിന്‍ ആഗ്രഹിച്ചു. വിളവെടുക്കുന്ന ധാന്യം വിദേശത്തേക്ക് കയറ്റുമതി ചെയ്യാനും അതുവഴി സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനുമായിരുന്നു പദ്ധതി.

അത് അനിയന്ത്രിതമായ ഒരു ദുരന്തമായിരുന്നു. നിശ്ചിത അളവില്‍ ധാന്യങ്ങള്‍ സര്‍ക്കാരിന് കൃഷിചെയ്തു നല്‍കണമെന്ന് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചു. എന്നാല്‍, എത്ര ശ്രമിച്ചിട്ടും സര്‍ക്കാര്‍ പറയുന്ന അളവില്‍ കര്‍ഷകര്‍ക്ക് ധാന്യങ്ങള്‍ നല്‍കാന്‍ കഴിഞ്ഞില്ല. മാത്രവുമല്ല, കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് മതിയായ പണവും ലഭിച്ചില്ല. കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ നയങ്ങള്‍ അതോടെ സര്‍ക്കാര്‍ നടപ്പിലാക്കി.

ഉക്രെയ്നിലെ ഗ്രാമനഗരങ്ങളും കൃഷിയിടങ്ങളും സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ഭക്ഷണം ലഭിക്കുന്നത് തടയുകയും ചെയ്തു. സര്‍ക്കാര്‍ അനുവദിച്ച റേഷന്‍ മാത്രമാണ് ആളുകള്‍ക്ക് ലഭിച്ചിരുന്നത്. അതേസമയം പട്ടിണിയിലായ കര്‍ഷകര്‍ ഭക്ഷണം തേടി നാട് വിടുന്നത് സര്‍ക്കാര്‍ തടയുകയും ചെയ്തു. ഭക്ഷ്യവസ്തുക്കള്‍ മോഷ്ടിക്കുന്നവര്‍ക്ക് വധശിക്ഷയോ, 10 വര്‍ഷത്തെ തടവോ ചുമത്തി. കര്‍ഷകരും സാധാരണക്കാരും പട്ടിണിയിലാവുന്നതിനിടയിലും, ഭക്ഷ്യ കയറ്റുമതി വര്‍ദ്ധിപ്പിക്കാനുള്ള നടപടികളിലായിരുന്നു സ്റ്റാലിന്‍. പൊലീസും പാര്‍ട്ടി പ്രവര്‍ത്തകരും കര്‍ഷകരുടെ വീടുകള്‍ ആക്രമിക്കുകയും വിളകള്‍ മുതല്‍ സകല ഭക്ഷ്യവസ്തുക്കളും കൈയടക്കുകയും ചെയ്തു. അതോടെ പ്രതിസന്ധി പാരമ്യത്തിലെത്തി. പട്ടിണിയും ഭയവും ആളുകളെ കീഴ്‌പ്പെടുത്തി.

പതുക്കെ ഉക്രെയ്നിലെ മരണനിരക്ക് വര്‍ധിച്ചു. മനുഷ്യര്‍ മനുഷ്യരെ തിന്നുന്ന സംഭവങ്ങള്‍ മുതല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വരെയുള്ള നിരവധി വിവരണങ്ങള്‍ പൊലീസ് രേഖകളില്‍ നിന്ന് കണ്ടെത്തി. നാട്ടിന്‍പുറങ്ങളില്‍ കൂട്ടക്കുഴിമാടങ്ങള്‍ കുഴിച്ചു. വിറക്കുന്ന കാലുമായി ആളുകള്‍ തെരുവുകളില്‍ ലക്ഷ്യമില്ലാതെ നടന്നു. അതിനിടയില്‍ പലരും കുഴഞ്ഞ് വീണ് മരിച്ചു. സെമിത്തേരികളില്‍ വലിയ കുഴിയെടുത്ത് ശവശരീരങ്ങള്‍ കുഴിച്ചുമൂടി. റേഷന്‍ കാര്‍ഡുകള്‍ കാരണം പലര്‍ക്കും അതിജീവിക്കാന്‍ കഴിഞ്ഞെങ്കിലും പട്ടിണി നഗരവാസികളെയും ബാധിച്ചു. ഉക്രെയ്നിലെ ഏറ്റവും വലിയ നഗരങ്ങളും, തെരുവുകളും ശവശരീരങ്ങളാല്‍ നിറഞ്ഞു. കര്‍ഷകര്‍ ജീവനോടെ നിലനില്‍ക്കാന്‍ പലവഴിയും പയറ്റി. അവര്‍ വളര്‍ത്തുമൃഗങ്ങളെ കൊന്ന് തിന്നുകയും പൂക്കള്‍, ഇലകള്‍, മരത്തിന്റെ പുറംതൊലി, വേരുകള്‍ എന്നിവ കഴിക്കുകയും ചെയ്തു. ഒടുവില്‍, 1991 -ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍, ഉക്രെയ്ന്‍ ഒരു സ്വതന്ത്ര രാഷ്ട്രമായി മാറി. എന്നാലും ആ ക്ഷാമകാലം ഉക്രേനിയക്കാരുടെ പൊതുസ്വത്വത്തിന്റെ വേദനാജനകമായ ഭാഗമായി തുടര്‍ന്നു. 2019 -ന്റെ തുടക്കത്തില്‍, 16 രാജ്യങ്ങളും വത്തിക്കാനും ഹോളോഡോമറിനെ വംശഹത്യയായി അംഗീകരിച്ചു. കൂടാതെ യു എസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും ഇത് വംശഹത്യ എന്ന് പ്രഖ്യാപിച്ചു.

ഉക്രൈനിലെ ജനങ്ങളുടെ സ്വാതന്ത്ര്യമോഹങ്ങള്‍ ഇല്ലാതാക്കാനും വംശീയമായി ഉക്രൈന്‍ വംശജരെ ഉന്മൂലനം ചെയ്യാനും വേണ്ടി സ്റ്റാലിന്‍ മനപ്പൂര്‍വ്വമായി സൃഷ്ടിച്ച ക്രൂരമായ ഒരു പരിപാടിയാണ് ഹൊളോഡോമോര്‍ (പട്ടിണിക്കിട്ട് കൊല്ലുക) എന്നാണ് പിന്നീട് പഠനങ്ങള്‍ വന്നത്. ഇപ്പോള്‍ ഇതേ ആശയം പുതിയ രീതിയില്‍ നടപ്പാക്കുകയാണ് പുടിന്‍ ചെയ്യുന്നത് എന്നാണ് വിമര്‍ശനം. യുക്രൈനിന്റെ സ്വാതന്ത്ര്യമോഹങ്ങള്‍ ഇല്ലായ്മ ചെയ്ത അവരെ റഷ്യക്ക് ഒപ്പം ചേര്‍ക്കുക എന്നതാണ് അന്തിമായി പുടിനും താലോലിക്കുന്ന സ്വപ്നം.

റേപ്പ് ആയുധമാക്കിയ റഷ്യന്‍ സൈന്യം

സ്റ്റാലിന്‍ പട്ടിണിക്കിട്ട് കൊല്ലിച്ചാണ്, യുക്രൈനെ മെരുക്കിയെടുത്തതെങ്കില്‍, കണ്ണില്‍ച്ചോരയില്ലാതെ മിസൈല്‍ ആക്രമണം നടത്തിയും, സൈനികരെക്കൊണ്ട് റേപ്പ് ചെയ്ത് ഭീതി ജനിപ്പിച്ചും, സാമ്പത്തികമായി തകര്‍ത്തുമാണ്, പുടിന്‍ യുക്രൈനെ വരുതിയിലാക്കിയത്. യുദ്ധം അവസാനഘട്ടത്തിലേക്ക് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളും, കൂട്ട ബലാത്സഗങ്ങളുമായി യുക്രൈനെ കശക്കിയെറിയുന്ന റഷ്യയെയാണ് പിന്നീട് കണ്ടത്.




രാജ്യത്തെ തകര്‍ക്കാന്‍ മിസൈലാക്രമണം. ജനങ്ങളുടെ ആത്മവീര്യം തകര്‍ക്കാര്‍ റേപ്പ്. ഈ രണ്ടു കാര്യങ്ങളിലും റഷ്യന്‍ പട്ടാളം അതീവ ശ്രദ്ധാലുക്കള്‍ ആണെന്നും, എല്ലാവിധ അന്താരാഷ്ട്ര മര്യാദകളും ഇവര്‍ ലംഘിക്കുകയുമാണെന്നാണ് വിദേശ മാധ്യമങ്ങള്‍ പറയുന്നത്. ഏറ്റവും വിചിത്രം പല റഷ്യന്‍ പട്ടാളക്കാരും വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്നതിന്റെ വീഡിയോ പ്രചരിച്ചതാണ്. ഇതില്‍ ഇന്ന് എത്ര യുക്രൈന്‍ യുവതികളെ ബലാത്സഗം ചെയ്തുവെന്ന്, ഭാര്യ ഭര്‍ത്താവിനോട് ചോദിക്കയാണ്! യുക്രെയ്ന്‍ പ്രഥമ വനിത ഒലേന സെലന്‍സ്‌ക ഇക്കാര്യം ചൂണ്ടിക്കാട്ടി റഷ്യക്കെതിരെ രംഗത്തെത്തിയിരുന്നു. ''യുക്രൈന്‍ കീഴടക്കാന്‍ റഷ്യന്‍ പട്ടാളക്കാര്‍ ഉപയോഗിക്കുന്ന പ്രധാന ആയുധം ബലാത്സംഗമാണ്. രാജ്യത്തിലെ വനിതകളെ ലൈംഗികമായി ഉപദ്രവിക്കാന്‍ ഓരോ റഷ്യന്‍ പട്ടാളക്കാരനും പ്രചോദനം നല്‍കുന്നത് അവരുടെ ഭാര്യമാരാണ്.ലൈംഗികാതിക്രമത്തിലൂടെ രാജ്യത്തെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്ന റഷ്യന്‍ പട്ടാളക്കാരുടെ നീക്കം യുദ്ധക്കുറ്റമാണ്'- ഒലേന ചൂണ്ടിക്കാട്ടി. പക്ഷേ സമാധാന കാരാറില്‍ റഷ്യ നടത്തിയ യുദ്ധക്കുറ്റങ്ങളെക്കുറിച്ചോ, അതിനുള്ള നഷ്ടപരിഹാരമോ ഒന്നും പറയുന്നില്ല.

എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചുകൊണ്ട് സിവിലിയന്‍സിനെ ലക്ഷ്യമിട്ട് കണ്ണില്‍ ചോരയില്ലാത്ത ആക്രമണമാണ് റഷ്യ നടത്തിയത്. ( ഇന്ന സ്ഥലത്ത് ആക്രമിക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കി ലഘുലേഖ വിതരണം ചെയ്ത്, സിവിലിയന്‍സിന് ഒഴിഞ്ഞുപോകാന്‍ സമയം നല്‍കി ആക്രമിക്കുന്ന റഷ്യ നമുക്ക് തെമ്മാടി രാഷ്ട്രമാണ്) യുകൈന്രിന്റെ താപ നിയന്ത്രണ സംവിധാനവും ഗ്യാസ് ശൃംഖലകളും വൈദ്യുത നിലയങ്ങളും ലക്ഷ്യമിട്ടാണ് റഷ്യ സേന ആക്രമണം നടത്തി. വൈദ്യുതിയും വെള്ളവും മൊബൈലുമില്ലാതെ ഒരു കോടിയോളം ജനങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലായി. ഈ മഞ്ഞുകാലത്ത് യുക്രൈനെ കാത്തിരിക്കുന്ന കൂട്ടമരണമാണെന്നാണ് ഡെയിലി മെയില്‍ പോലുള്ള ബ്രിട്ടീഷ് പത്രങ്ങള്‍ എഴുതിയിരുന്നത്. പക്ഷേ ഭാഗ്യത്തിന് അതുണ്ടായില്ല.

കുടിക്കാന്‍ വെള്ളവും തണുപ്പകറ്റാന്‍ വൈദ്യുതിയും യുക്രൈനികള്‍ക്ക് വിദൂര സ്വപ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. കേന്ദ്രീകൃത താപ നിയന്ത്രണ സംവിധാനവും ഗ്യാസ് ശൃംഖലകളും റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് തകര്‍ന്നു കഴിഞ്ഞു. രാജ്യത്തെ വൈദ്യുതി ശൃംഖലയുടെ 40 ശതമാനവും ആക്രമണത്തില്‍ തകര്‍ന്നു. ഒരുകാലത്ത് യൂറോപ്പിലെ വൈദ്യുതി മിച്ച രാജ്യമായിരുന്ന യുക്രൈന്‍ എന്നോര്‍ക്കണം. യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടു മാത്രം ആക്രമണങ്ങള്‍ നടത്തിയിരുന്ന റഷ്യ, യുക്രൈന്റെ അടിസ്ഥാന സൗകര്യങ്ങളെ ഉന്നംവച്ചാണ് ഇപ്പോള്‍ നീങ്ങുന്നത്

വൈദ്യുത ശൃംഖലകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ തുടര്‍ക്കഥയായതോടെ അറ്റകുറ്റപ്പണി നടത്തി വലയുകയാണ് യുക്രൈനികള്‍. ആയിരത്തിലധികം പേരെയാണു തകരുന്ന വൈദ്യുത ശൃംഖലകള്‍ നന്നാക്കാനായി മാത്രം നിയോഗിച്ചിട്ടുള്ളത്. ഇങ്ങനെ വെള്ളവും വൈദ്യുതി ഇല്ലാതാക്കി നരകിപ്പിച്ച് യുക്രൈനെ വെടി നിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി നിര്‍ബന്ധിതരാക്കുക റഷ്യയുടെ ലക്ഷ്യം. യുക്രൈനിന്റെ സെനിക നീക്കത്തിന്റെ നട്ടെല്ലായ റെയില്‍ റോഡ് സംവിധാനം നിശ്ചലമാക്കുകയെന്ന അജണ്ടയും ഈ നീക്കത്തിന് പിന്നിലുണ്ട്. റെയില്‍വേ ലൈനുകള്‍ക്കും പാലങ്ങള്‍ക്കും നേരെ നടത്തിയ ആക്രമണങ്ങള്‍ വേണ്ടത്ര വിജയം കാണാത്തതുകൊണ്ട് റെയില്‍വേയ്ക്ക് ആവശ്യമായ വൈദ്യുതി മുടക്കുന്നതിലേക്ക് റഷ്യ എത്തിയത്. ഇതോടൊപ്പം മിസൈലാക്രമണവും ശക്തമാക്കി. ഇങ്ങനെ ആകെ ഞെരുങ്ങിപ്പോയ സെലന്‍സിക്കിക്കും യുക്രൈനിനും മുന്നില്‍ എങ്ങനെയെങ്കിലും യുദ്ധം അവസാനിപ്പിക്കു എന്നതല്ലാതെ വേറെ വഴികളില്ല. ജോ ബൈഡന്‍ മാറി ട്രംപ് വന്നതോടെ യുക്രൈനിന് ആയുധം നല്‍കുന്നതും ഫണ്ട് നല്‍കുന്നതും വന്‍തോതിലാണ് അമേരിക്ക കുറച്ചത്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടെ സഹായം കൊണ്ടാണ് അവര്‍ ഇത്രയും കാലം പിടിച്ചുനിന്നതുതന്നെ. യുദ്ധം സാമ്പത്തികമായി തകര്‍ത്ത യുക്രൈനെ എങ്ങനെ പുനര്‍ നിര്‍മ്മിക്കുമെന്ന ചോദ്യത്തിനും, സമാധാനകരാറില്‍ അടക്കം യാതൊരു പോംവഴിയുമില്ല.

പുടിന്‍-ട്രംപ്- സെലന്‍സ്‌ക്കി

മൂന്നര വര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ യുദ്ധം അവസാനിക്കുമ്പോള്‍, പുടിന്‍-ട്രംപ്- സെലന്‍സ്‌ക്കി എന്നീ മുന്ന് നേതാക്കളെ ചുറ്റിത്തിരിഞ്ഞാണ് കാര്യങ്ങള്‍ മുന്നോട്ട് പോവുന്നത്. അതില്‍, ജയിച്ച് നില്‍ക്കുന്നത് സൈക്കോ ഭരണാധികാരി എന്ന് വിശേഷിപ്പിക്കുന്ന വ്ളാദിമിര്‍ പുടിന്‍ തന്നെയാണ്. തനിക്ക് എന്തും ചെയ്യാമെന്നും, ഐക്യരാഷ്ട്ര സഭയും അന്താരാഷ്ട്ര നിയമങ്ങളുമൊക്കെ വെറും കുട്ടിക്കളി മാത്രമാണെന്നും പുടിന്‍ ഈ യുദ്ധത്തിലൂടെ തെളിയിച്ചു. സ്വന്തമായി കൊലയാളി സംഘമുള്ള, ലോകത്തിന്റെ ഏത് ഭാഗത്തും ചെന്നെത്താന്‍ കഴിയുന്ന ചാരസംഘമുള്ള, പതിനായിരിക്കണക്കിന് ഡോളറിന്റെ സ്വത്തുക്കളുള്ള, റഷ്യയുടെ ഈ ചക്രവര്‍ത്തി ഇതോടെ കൂടുതല്‍ കുരത്തനാവുകയാണ്.




പക്ഷേ ഇതിന് വഴിയൊരുക്കിയതാവട്ടെ, സാക്ഷാല്‍ ട്രംപുമാണ്. കാരണം ജോ ബൈഡന്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍ ആയുധവും പണവുമായി നല്ല സഹായം യുക്രൈന് കിട്ടിയിരുന്നു. അവര്‍ നന്നായി തിരിച്ചടിക്കുകയും റഷ്യയില്‍ കയറി ഡ്രോണ്‍ ആക്രമണം നടത്തി വിറപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ പിന്നീട് അമേരിക്കയുടെ സഹായം കുറയുകയും, യുറോപ്യന്‍ രാജ്യങ്ങള്‍ക്ക് പഴയ താല്‍പ്പര്യം ഇല്ലതാവുകയും ചെയ്തതോടെയാണ് അവര്‍ക്ക് തിരിച്ചടികള്‍ ഏല്‍ക്കാന്‍ തുടങ്ങിയത്. ഒരു സ്വതന്ത്രരാജ്യത്തെ മുട്ടാപ്പോക്കുകളുടെ പുറത്ത്, ഒരു മുട്ടാളന്‍ ആക്രമിക്കുമ്പോള്‍, അതിന് ചൂട്ടുപിടിക്കുക എന്ന പരിപാടിയാണ് ഫലത്തില്‍ ട്രംപ് ചെയ്തത്. എന്നിട്ട് ഇപ്പോള്‍ ഏകപക്ഷീയമായ സമാധാന കരാറുമായി വന്നിരിക്കുന്നതും അതേ ട്രംപ് തന്നെയാണ്. നൊബേല്‍ സമ്മാനം എന്നത് ട്രംപിന്റെ ഏറ്റവും വലിയ സ്വപ്നമാണ്!

യുക്രൈന്‍ പ്രസിഡന്റ് സെലന്‍സിക്കിയെ 'ഫാളന്‍ എയ്ഞ്ചല്‍' എന്നാണ് ലോക മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. റഷ്യ യുക്രൈന്‍ ആക്രമിച്ചപ്പോള്‍ സെലന്‍സിക്കിയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്നാണ് ലോക മാധ്യമങ്ങള്‍ എഴുതിയത്. പക്ഷേ അയാള്‍ പിടിച്ചു നിന്നു. തിരിച്ച് ആക്രമിച്ച് റഷ്യയെന്ന വന്‍ ശക്തിയെ വെല്ലുവിളിച്ചു. ഇപ്പോഴും സെലന്‍സ്‌ക്കി ജീവിച്ചിരിക്കുന്ന എന്നതുതന്നെയാണ് പുടിനുള്ള ഏറ്റവും വലിയ തിരിച്ചടിയും. 'ജനസേവകന്‍'എന്ന ടിവി പരമ്പരയിലൂടെയാണ് വൊളോഡിമിര്‍ സെലെന്‍സ്‌കി യുക്രൈനില്‍ പ്രശസ്തനായത്. ആ പരമ്പരയില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന സത്യസന്ധനായ ഒരു സ്‌കൂള്‍ അധ്യാപകന്റെ വേഷമാണു സെലെന്‍സ്‌കി അവതരിപ്പിച്ചത്. അഴിമതിക്കാരെ തകര്‍ത്തെറിയുന്ന നേതാവിന്റെ പ്രതിഛായ പകര്‍ന്ന തരംഗത്തില്‍ 2019- ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ അദ്ദേഹം രാജ്യത്തിന്റെ പ്രസിഡന്റായി. മറ്റ് രാഷ്ട്രീയ പശ്ചാത്തലമൊന്നുമില്ലാത്ത സെലന്‍സ്‌കി അതിനു മുന്‍പ് ഹാസ്യനടനെന്ന നിലയിലായിരുന്നു അറിയപ്പെട്ടിരുന്നത്. യുദ്ധം തുടങ്ങിയതോടെ ആ ഹാസ്യനടന്‍ ജനങ്ങളുടെ ഹീറോയായി. പരമാവധി പൊരുതിയശേഷം ഇപ്പോള്‍ അയാള്‍ സമാധനത്തിലേക്കടുക്കുന്നത്, തന്റെ രാജ്യത്തിന്റെ തകര്‍ന്ന അവസ്ഥകൂടി മുന്നില്‍ കണ്ടാണ്.

യുക്രൈന്‍ യുദ്ധം അവസാനിക്കുന്നുവെന്ന വാര്‍ത്ത വരുമ്പോഴും ലോകത്തിന്റെ പേടി മാറിയിട്ടില്ല. ആര്‍ക്കും ആരെയും ആക്രമിച്ച് കീഴടക്കാന്‍ ഇക്കാലത്തും കഴിയും എന്ന തോന്നല്‍, സൈന്യമില്ലാത്ത കൊച്ചു രാജ്യങ്ങളെപ്പോയും സായുധവത്ക്കരിക്കയാണ്. റഷ്യയുടെ ഏകാധിപത്യത്തിനു കീഴില്‍ വീണ്ടും ഞെരിഞ്ഞമരേണ്ടി വരുമോ എന്ന ഭയത്തിലാണ് മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകള്‍ ആയിരുന്ന എസ്റ്റോണിയ, ലിത്വാനിയ, ലാത്വിയ എന്നീ രാജ്യങ്ങള്‍. സാംസ്‌കാരികമോ ഭാഷാപരമോ ആയി റഷ്യയുമായി ഒരു ബന്ധവുമില്ലാത്ത ഈ നാടുകളെ രണ്ടാം ലോക മഹായുദ്ധത്തിനു പിന്നാലെ ജോസഫ് സ്റ്റാലിന്‍ സോവിയറ്റ് യൂണിയനോട് ബലമായി കൂട്ടിച്ചേര്‍ക്കുകയായിരുന്നു. അതിനു മുന്‍പും 200 വര്‍ഷത്തോളം റഷ്യന്‍ സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു ഇവ. 1991-ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കു പിന്നാലെയാണ് ജനാധിപത്യത്തിന്റെ ശുദ്ധവായു ശ്വസിച്ചത്. നാളെ പുടിന്റെ ടാങ്കുകള്‍ ബാള്‍ട്ടിക്ക് രാജ്യങ്ങളിലേക്ക് കടന്നു കയറില്ല എന്ന് എന്താണ് ഉറപ്പ്. സ്വന്തം ചരിത്രമില്ലാത്ത, കൃത്രിമമായി സൃഷ്ടിച്ച രാജ്യമാണ് യുക്രെയ്ന്‍ എന്ന പുടിന്റെ പ്രസ്താവന തങ്ങള്‍ക്കു കൂടിയുള്ള മുന്നറിയിപ്പായാണ് ഈ രാജ്യങ്ങള്‍ കണ്ടിരുന്നത്. യൂറോപ്പില്‍ നിലവിലുള്ള അമേരിക്കന്‍ സൈന്യത്തിലെ ഒരു വിഭാഗം ബാള്‍ട്ടിക് രാജ്യങ്ങളുടെ സുരക്ഷയ്ക്കു വേണ്ടി എത്തുമെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു. പക്ഷേ ട്രംപ് അത്തരത്തിലുള്ള യാതൊരു സംരക്ഷണവും കൊടുക്കില്ല. അതോടെ ഈ രാജ്യങ്ങളും സായുധവത്ക്കരിക്കപ്പെടുകയാണ്. ഇത് മൊത്തത്തിലുള്ള ഒരു ട്രെന്‍ഡാണ്. റഷ്യന്‍ ഭീതിയില്‍, കൂടുതല്‍ ആയുധങ്ങളും, കൂടുതല്‍ പട്ടാളവും, കൂടുതല്‍ ബോംബുകളും ലോകത്തുണ്ടാവുന്നു.



വാല്‍ക്കഷ്ണം: ഇസ്രായേലാണ് ശരിയെന്നും വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കയാണ് യുക്രൈന്‍ യുദ്ധം. നാലുപാടു ശത്രുക്കളുണ്ടായിട്ടും ഇസ്രയേല്‍ എന്ന കൊച്ചുരാഷ്ട്രം പിടിച്ചുനില്‍ക്കുന്നത് അവരുടെ ആയുധ- സൈനിക കരുത്തിലാണ്. അതില്ലായിരുന്നെങ്കില്‍ യഹൂദരുടെ അവസ്ഥ എന്താകുമായിരുന്നു. ഒരു സ്വതന്ത്ര-പരമാധികാര രാഷ്ട്രത്തെ ആക്രമിച്ചിട്ട്, പിടിച്ചെടുത്ത പ്രദേശങ്ങള്‍ തങ്ങള്‍ക്ക് വേണമെന്നാണ് റഷ്യ പറയുന്നത്. അമേരിക്ക അത് സമ്മതിക്കുകയും ചെയ്യുന്നു. നേരെ തിരിച്ചാണ് ഇസ്രയേലിന്റെ കാര്യങ്ങള്‍. അവര്‍ നിരന്തരം ഞങ്ങളെ ആക്രമിക്കരുതേ എന്ന് അഭ്യര്‍ത്ഥിക്കയാണ്. എന്നിട്ട് വളഞ്ഞിട്ട് ആക്രമിച്ചവരെ മുഴുവന്‍ ഒറ്റക്ക് പൊരുതി തോല്‍പ്പിച്ചാണ് അവര്‍ ഭൂമി പിടിച്ചത്. ആ ഭൂമി ലാന്‍ഡ് ഫോര്‍ പീസ് കരാറില്‍ അവര്‍, വിട്ടുകൊടുക്കയാണ്. എന്നിട്ടും ഇസ്രയേല്‍ നമുക്ക് തെമ്മാടി രാഷ്ട്രമാണ്. അങ്ങോട്ട് ആക്രമിച്ച മണ്ണ് തിരിച്ചുകൊടുക്കാത്ത റഷ്യയും പുടിനും മഹാന്‍മ്മാരും!