- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യസീദികളെ കൊന്ന് തിന്നതിന്റെ തനിയാവര്‍ത്തനമോ? സ്ത്രീകളെ നഗ്നരാക്കി തെരുവില്‍ നടത്തിച്ച് വെടിവെച്ച് കൊല്ലുന്നു; വിഗ്രഹാരാധകരെയും ബഹുദൈവവിശ്വാസികളെയും ലക്ഷ്യമിട്ട് തീവ്രവാദികള്‍; ക്രിസ്ത്യന്‍ സമൂഹവും ഭീഷണിയില്‍; മതപ്പകയില്‍ സിറിയയില്‍ വീണ്ടും വംശശുദ്ധീകരണം!
മതപ്പകയില്‍ സിറിയയില്‍ വീണ്ടും വംശശുദ്ധീകരണം!
മതപരമായ പകവെച്ച് മനുഷ്യന്‍ മനുഷ്യനെ കൊന്നുതിന്ന സംഭവങ്ങള്‍ ഈ 21ാം നൂറ്റാണ്ടിലും ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞാല്‍ പലര്‍ക്കും അംഗീകരിക്കാന്‍ മടിയാണ്! പക്ഷേ അതായിരുന്നു, ഭൂമിയിലെ നരകം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സിറിയയിലെ യസീദികളുടെ അനുഭവം. പ്രാകൃതമത വിശാസികളായ യസീദികള്‍ ചെകുത്താന്‍ ആരാധകരും, സമൂഹത്തിന് ഭീഷണിയുമാണെന്നായിരുന്നു, 2000ത്തിന്റെ തുടക്കത്തില്‍ സിറിയയുടെ പല ഭാഗങ്ങളിലും സമാന്തര ഭരണകൂടമായിരുന്ന ഐസിസിന്റെ നിഗമനം. യസീദി സ്ത്രീകളെ ലൈംഗിക അടിമകളാക്കിയും, ചന്തയില്‍ കൊണ്ടുപോയി വിറ്റുമൊക്കെ അവര്‍ നടത്തിയ ക്രൂരതകള്‍ക്ക് കണക്കില്ല. അതില്‍ എറ്റവും വലിയ ക്രൂരതയായിരുന്നു, യസീദികളില്‍ ചിലരെ കൊന്ന് തിന്നെന്ന വാര്‍ത്തകളും!
അതാണ് മതത്തിന്റെ പേരില്‍ കിട്ടുന്ന പകകളുടെ ഒരു രൂപം. സുന്നി ഭൂരിപക്ഷമുള്ള ഐസിസിനെ സംബന്ധിച്ച് ബഹുദൈവ ആരാധകരായ യസീദികള്‍ തനി മേച്ഛരാണ്. അത്രക്ക് ഭീകരമല്ലെങ്കിലും, മറ്റൊരു വംശശുദ്ധീകരണത്തിനുകൂടി സാക്ഷ്യം വഹിക്കയാണ് ഇപ്പോള്‍ സിറിയയെന്ന ഭാഗ്യം കെട്ട നാട്. പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ശേഷം, അവിടെ അദ്ദേഹത്തിന്റെ ആളുകള്‍ എന്ന നിലയ്ക്കും, ഇസ്ലാമികവിരുദ്ധമായ ജീവിതശൈലി പിന്തുടുന്ന പേഗന്‍ മതക്കാര്‍ എന്ന രീതിയിലും, വംശശുദ്ധീകരണത്തിന് വിധേയമാക്കപ്പെടുകയാണ്, അലവൈറ്റുകള്‍ എന്ന് പറയുന്ന, ജനസംഖ്യയില്‍ പത്തുശതമാനമുള്ള ഒരു സമൂഹം!
കഴിഞ്ഞ ദിവസം സിറിയയിലെ കടലോര മേഖലകളില്‍ ഉണ്ടായ ആക്രമണങ്ങള്‍ ലോക മനസാക്ഷിയെ നടുക്കുന്നതായിരുന്നു. അലവി പുരുഷന്മാരെ ബന്ധിച്ചു വാഹനത്തില്‍ കയറ്റി നാല്‍ക്കവലയില്‍ എത്തിക്കുക, സ്ത്രീകളെ നഗ്നരാക്കി തെരുവില്‍ പരേഡ് നടത്തിക്കുക... ഒടുക്കം എല്ലാവരെയും ഒരുമിച്ചു നിര്‍ത്തി പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ചു കുഴിയില്‍ തള്ളുക!
കുന്നുകൂടുന്ന അലവികളുടെ ജഡങ്ങള്‍
ഇപ്പോള്‍ സിറിയയുടെ തീരദേശമേഖലകളില്‍ അലവൈറ്റുകളുടെ ജഡങ്ങള്‍ കുന്നുകൂടുന്നതായാണ് വാര്‍ത്തകള്‍ പറയുന്നത്. പുറത്താക്കപ്പെട്ട മുന്‍ നേതാവ് ബാഷര്‍ അല്‍ അസദിന് സ്വാധീനമുള്ള പ്രദേശങ്ങള്‍ കേന്ദ്രകീരിച്ചാണ് വംശീയ ആക്രമണം. ലാതാകിയ, ടാര്‍ട്ട്സ്, എന്നീ തീരദേശ പ്രവിശ്യകളിലാണ് ഏറ്റവും പ്രശ്നബാധിതം. തീരേദേശ നഗരമായ ബനിയാസിലെ അലവൈറ്റ് ഭൂരിപക്ഷ പ്രദേശയാല്‍ ഹൈ അല്‍ കസൂരാണ് ഏറ്റവും കൂടുതല്‍ രക്തം ഒഴുകിയ പ്രദേശം.
ഹയാത്ത് തഹ്രീര്‍ അല്‍ ഷാമിന്റെ (എച്ച്ടിഎസ്) നിയന്ത്രണത്തിലുള്ള സിറിയന്‍ സൈന്യവും മറ്റ് ലഹളക്കാരും ചേര്‍ന്ന് സാധാരണക്കാരായ രണ്ടായിരത്തിലേറെ അലവികളെ കൂട്ടുക്കൊല ചെയ്തുവെന്നാണ് വിവരം. സൈന്യം ആളുകളെ നിരത്തിനിര്‍ത്തി വെടിവച്ചുകൊല്ലുകയാണ്. ലതാകിയയ്ക്ക് പുറമേ ടാര്‍ട്ടസ് ഗവര്‍ണറേറ്റിലും നിരവധിപേരെ വധിച്ചതായി റിപ്പോര്‍ട്ടുണ്ട്. സൈന്യവും സര്‍ക്കാര്‍ അനുകൂല ആയുധധാരികളും വീടുകളും സ്വത്തുക്കളും കൊള്ളയടിക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ വെളിപ്പെടുത്തി.
തീരദേശ പട്ടണമായ, ഹൈ അല്‍ കുസൂറില്‍നിന്നൊക്കെ വരുന്ന വാര്‍ത്തകള്‍ ഭീതിദമാണ്. അലവികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ ആണ് അവിടെ ഭൂരിപക്ഷം. ആ പട്ടണം ഇന്ന് ശവപ്പറമ്പ് ആയി മാറിയിരിക്കയാണ്. ഛിന്ന ഭിന്നമായ ശരീര അവശിഷ്ടങ്ങള്‍ ഒന്നിനുമുകളില്‍ ഒന്നായി പാതയോരത്ത് കൂട്ടി ഇട്ടിരിക്കുകയാണ്.
അതില്‍ സ്ത്രീകളും കുട്ടികളും ഒക്കെയുണ്ട്. അവരുടെ വീടുകള്‍ മുഴുവന്‍ കൊള്ളയടിക്കപ്പെട്ടു. ചെറിയ കുട്ടികളെ ഉള്‍പ്പടെ പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ചു തള്ളുന്നു. ഇത് ബിബിസി ചാനലിന് മുമ്പില്‍ പറയുമ്പോള്‍ അയ്മന്‍ ഫാരിസ് എന്ന അലവി മുസ്ലിം പയ്യന്‍ പൊട്ടി പൊട്ടി കരയുകയായിരുന്നു. അവന്റെ വീടും കൊള്ളയടിക്കപ്പെട്ടു. അമ്മയും സഹോദരിമാരും കൊല്ലപ്പെട്ടു പക്ഷേ അവനെ മാത്രം അവര്‍ കൊന്നില്ല... അതിനു കാരണം അവന്‍ അലവി വംശക്കാരന്‍ ആയിരുന്നെങ്കിലും മുന്‍ ഭരണാധികാരി ബാഷര്‍ അല്‍ അസദിനെ വിമര്‍ശിച്ചു ജയില്‍വാസം അനുഭവിച്ചിരുന്നു. അതുകൊണ്ടാണ്,അവന്റെ ജീവന്‍ എടുക്കാതെ വെറുതെ വിട്ടത്. ഇന്നവന്‍ തെരുവില്‍ ഒരു ഭ്രാന്തനെ പോലെ അലയുകയാണ്. തന്റെ ബന്ധുക്കളെയും തിരഞ്ഞ്.
ചുവന്ന ടീ ഷര്‍ട്ടും കറുത്ത മാസ്‌കും നീല തൊപ്പിയും വെച്ച് ഒരു യുവാവ് നിലവിളിക്കുന്ന ഒരു വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.ഞാന്‍ പേടിച്ചിട്ടാണ് മാസ്‌ക് വെച്ചത് എന്നും, എന്നെ തിരിച്ചറിഞ്ഞാല്‍ ഭീകര വാദികള്‍ കൊല്ലും എന്നും അയാള്‍ വിളിച്ചു പറയുന്നുണ്ട്.. വീട്ടില്‍ പേടിച്ച് കഴിയുക ആണെന്നും, കൗമാരക്കാരായ രണ്ടു സഹോദരിമാരും അമ്മയും വീട്ടില്‍ ഉണ്ട് എന്നും അയാള് തേങ്ങി തേങ്ങി പറയുന്നുണ്ട്. ഞാന്‍ കൊള്ളപ്പെട്ടാലും സാരമില്ല , പക്ഷെ എന്റെ അമ്മയെയും കുഞ്ഞു അനുജത്തിമാരെയും ഓര്‍ത്തു എനിക്ക് ഭയമാകുന്നു, അതുകൊണ്ട് യുഎന്‍ ഉം ഹ്യൂമണ്‍ റൈറ്റ് വിങ്ങും ഒക്കെ എത്തി ഞങ്ങളെ രക്ഷിക്കണം എന്നുമാണ് അയാള്‍ ദയനീയമായി വിലപിക്കുന്നത്. ചുറ്റിനും നൂറുകണക്കിന് മൃതദേഹങ്ങള്‍ ആണ് കിടക്കുന്നത് എന്നും, അവര്‍ വീട്ടിലേക്ക് ഇരച്ചു കയറി കണ്ണില്‍ പെടുന്ന എല്ലാവരെയും വെടിവെച്ചു കൊല്ലുകയാണ് എന്നും അയാള്‍ വിലപിക്കുന്നു.
ഭീകരന്മാരെ കണ്ട് പേടിച്ച് നിലവിളിച്ചു ഓടി വീടിന്റെ ടെറസ്സില്‍ കയറിയ കുട്ടികളെ ഒക്കെ അവിടെ തന്നെ വെടിവെച്ചുകൊല്ലുകയാണ്. വീടിന്റെ മേല്‍ക്കൂരകളില്‍ വരെ മൃതദേഹങ്ങള്‍ നിറഞ്ഞിരിക്കയാണ്. ഔദ്യോഗിക കണക്കില്‍ രണ്ടായിരമാണ് മരണ സംഖ്യയെങ്കിലും ഇതിന്റെ എത്രയോ ഇരട്ടി മരണം നടന്നിരിക്കാമെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. സൈന്യത്തിനൊപ്പം പ്രാദേശിക സുന്നികളും, യുദ്ധ പ്രഭുക്കന്‍മാരുമൊക്കെ ചേരുന്നതോടെ, കൊലയും കൊള്ളയുമായി ഈ നാട് വല്ലാത്ത അവസ്ഥയിലേക്കാണ് നീങ്ങുന്നത്. ഈ പ്രദേശങ്ങളിലൊന്നും വൈദ്യതിയും വെള്ളവുമില്ല. ആയിരക്കണക്കിന് ആളുകള്‍ പര്‍വതങ്ങളിലേക്ക് പലായനം ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തിച്ച് വെടിവെച്ച് കൊല്ലുന്നതൊക്കെ ലോക ചരിത്രത്തിലെ അസാധാരണമായ നടപടികളാണ്. എവിടെനിന്നാണ് അവര്‍ക്ക് ഇത്രയും പക വരുന്നത്.
അലവികളോട് നേരത്തെയുള്ള പക
അസദ് അനുകുലികള്‍ ആയതുകൊണ്ടുമാത്രമല്ല, അലവികള്‍ക്ക് നേരെ ഈ പ്രശ്നങ്ങള്‍ ഉണ്ടായത്. ഇത് ഒരു മത പ്രശ്നം കൂടിയാണ്. ഷിയാക്കളിലെ ആഴ്വാന്തര വിഭാഗായ, സ്വന്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുള്ള അലവൈറ്റുകളെ മുസ്ലീങ്ങളായിപോലും സുന്നികള്‍ അംഗീകരിച്ചിരുന്നില്ല. ഇവര്‍ സിറിയയിലെ ജനസംഖ്യയുടെ ഏകദേശം 10 ശതമാനത്തോളം വരുമെന്നാണ് കണക്കാക്കുന്നത്. അവര്‍ പ്രധാനമായും ലതാകിയ, ടാര്‍ട്ടസ് എന്നീ തീരദേശ പ്രദേശങ്ങളിലാണ് താമസിക്കുന്നത്. അവരുടെ വിശ്വാസം ഇസ്ലാമിക പാരമ്പര്യങ്ങളെ ജ്ഞാനവാദത്തിന്റെയും മിസ്റ്റിസിസത്തിന്റെയും ഘടകങ്ങളുമായി സംയോജിപ്പിക്കുന്നു. മെറ്റെംസൈക്കോസിസില്‍ (ആത്മാക്കളുടെ കൈമാറ്റം) ഒരു കാതലായ വിശ്വാസം ഇവര്‍ക്കുണ്ട്. അതുകൊണ്ടുതന്നെ ഷിയ, സുന്നി സമൂഹങ്ങളിലെ യാഥാസ്ഥിതിക മുസ്ലീം പരോഹിതര്‍ ഇവരെ അംഗീകരിക്കുന്നില്ല.
ഇസ്ലാം, സൊറോസ്ട്രിയനിസത്തില്‍ എന്നവിയൊക്കെ ചേര്‍ന്നതാണ് അലിവിസം.കൂടാതെ അതിന്റെ പല ആചാരങ്ങളും രഹസ്യമായിരുന്നു. ഇത് തുടക്കം മുതല്‍ തന്നെ യാഥാസ്ഥിതിക മുസ്ലീങ്ങളില്‍ സംശയം ജനിപ്പിക്കുകയും അവരെ ശത്രുപക്ഷത്ത് നിര്‍ത്താന്‍ പ്രേരിപ്പിച്ചു.
സുന്നികളും അലവികളും തമ്മിലുള്ള സംഘര്‍ഷത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. പല സുന്നി പണ്ഡിതന്‍മ്മാരും, അലിവകള്‍ക്കെതിരെ ജിഹാദിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. ഷിയാക്കളും അലവികളെ അംഗീകരിച്ചിരുന്നില്ല. ഇസ്ലാമിന്റെ ആധിപത്യത്തിനുശേഷം ഫ്രഞ്ച് കോളനിയായിരുന്ന സിറിയയില്‍, അലവികള്‍ക്ക് ഒരു പ്രത്യേക സ്റ്റേറ്റ് കൊടുക്കാന്‍ ഫ്രാന്‍സ് ശ്രമിച്ചിരുന്നു. 1920-ല്‍ ഫ്രാന്‍സ് തീരത്ത് ഒരു അലവൈറ്റ് സംസ്ഥാനം സ്ഥാപിച്ചു. അത് സുന്നി പീഡനങ്ങളില്‍ നിന്ന് ഒരു അഭയസ്ഥാനമായി വര്‍ത്തിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. എന്നാല്‍ 1932-ല്‍ 1932-ല്‍ ഫലസ്തീനിലെ ഗ്രാന്‍ഡ് മുഫ്തിയും അന്നത്തെ ആഗോള മുസ്ലീം നേതാവുമായിരുന്നു അമീന്‍ അല്‍ ഹുസൈനി ഇത് എതിര്‍ത്തു. അലവൈറ്റുകള്‍ എന്ന അലവികളും മുസ്ലീങ്ങള്‍ ആണെന്നും അവര്‍ക്ക് പ്രത്യേക സംസ്ഥാനം ആവശ്യമില്ല എന്നുമായിരുന്നു അല്‍ ഹുസൈനിയുടെ നിലപാട്. സുന്നികള്‍ ആധിപത്യം പുലര്‍ത്തുന്ന സ്വതന്ത്ര സിറിയയില്‍ അലവൈറ്റുകള്‍ക്ക് തുല്യ പരിഗണന വാഗ്ദാനം ചെയ്തുകൊണ്ട് ഹുസൈനിയുടെ ഫത്വ.
പക്ഷേ ഇത് വെറും തട്ടിപ്പായിരുന്നു. അലവൈറ്റുകള്‍ക്ക് പ്രത്യേക സംസ്ഥാനം ഇല്ലാതാവക്കുക എന്നത് മാത്രമായിരുന്നു, അല്‍ ഹുസൈനിയുടെ ചിന്ത. ഹുസെനിക്ക്ശേഷം ആ വാക്കുതന്നെ സുന്നികള്‍ മറന്നു. രണ്ടാംതരം പൗരന്‍മ്മാരെപ്പോലെയാണ് അലവികള്‍ സ്വന്തം രാജ്യത്ത് കഴിഞ്ഞത്.
അസദിനൊപ്പം അധികാരത്തില്‍
1963-ല്‍ ബാത്ത് പാര്‍ട്ടിയുടെ ഉദയത്തോടെയാണ് അലവൈറ്റുകളുടെ സാമൂഹിക സാഹചര്യങ്ങള്‍ മെച്ചപ്പെട്ടത്. പ്രത്യേകിച്ച് 1970-ല്‍ ഹാഫിസ് അല്‍അസദ് അധികാരമേറ്റെടുതോടെ. ( ഹാഫിസ് അല്‍ അസദ് എന്നത് ഇപ്പോള്‍ റഷ്യയിലേക്ക് രക്ഷപ്പെട്ട ബാഷര്‍ അല്‍ അസദിന്റെ പിതാവാണ്) മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അസദ് കുടംബമായിരുന്നു, അലവികളുടെ ഗോഡ്ഫാദര്‍മാര്‍. ഹാഫിസ് അധികാരത്തിലേറിയതോടെ, സൈന്യത്തിലും രഹസ്യാന്വേഷണ വിഭാഗത്തിലും സംസ്ഥാന മന്ത്രാലയങ്ങളിലും പ്രധാന സ്ഥാനങ്ങളില്‍ അലവികള്‍ എത്തി. തന്റെ അധികാരത്തിനെതിരെ മത്സരിച്ച ഗോത്ര നേതാക്കളെ ഇല്ലാതാക്കിക്കൊണ്ട് ഹാഫിസ്, അലവൈറ്റ് സമൂഹത്തെ ഒരു ഏകശിലയാക്കി മാറ്റി. ഇപ്പോള്‍ അലവി ജനസംഖ്യയിലെ 80 ശതമാനത്തോളം ആളുകളും സര്‍ക്കാര്‍ ജീവനക്കാരോ, സൈനികരോ ആണ്. ഒരുകാലത്ത് നിര്‍ഗതിയും പരഗതിയുമില്ലാതിരുന്നു ഒരു സമുഹം ഉയര്‍ച്ചയിലേക്ക് വന്നു. ഇതും സുന്നികളുടെ പക കൂട്ടി.
മാത്രമല്ല അസദിന്റെ ഏകാധിപത്യകാലത്ത് നടന്ന പല കൂട്ടുക്കൊലകളുടെയും ഉത്തരവാദിത്വവും, അലവൈറ്റ് സമൂഹത്തിനും മേല്‍ ചാര്‍ത്തപ്പെട്ടു. 1982-ല്‍ മുസ്ലീം ബ്രദര്‍ഹുഡിന്റെ നേതൃത്വത്തില്‍ നടന്ന വന്‍ പ്രക്ഷോഭം, സിറിയയെ ഇളക്കിമറിഞ്ഞിരുന്നു. എന്നാല്‍ 30,000 പേരെ കൊന്നൊടുക്കിക്കൊണ്ട് ഇതിനെ ഹാഫിസ് അടിച്ചമര്‍ത്തി. ഇതിനൊക്കെ മുന്‍പന്തിയില്‍ നിന്നത് സ്വാഭാവികമായും സൈനികരും റുളിങ്്ക്ലാസുമായ അലവൈറ്റുകള്‍ ആയിരുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അക്കാലത്ത് ഭരണകൂടത്തിന്റെ കില്ലര്‍ സ്‌ക്വാഡുകള്‍ ആയിരുന്നു, ആ മതസമൂഹം!
ഹാഫിസിന്റെ മകന്‍ ബാഷര്‍ അല്‍ അസദ് വര്‍ഷങ്ങളോളം ഈ തന്ത്രം തുടര്‍ന്നു. 2011-ന് ശേഷം അലവൈറ്റുകളെ നിരവധി സൈനിക നടപടികള്‍ക്ക് ഉപയോഗിക്കപ്പെട്ടു. സ്വന്തം ജനതക്കുനേരെപ്പോലും, രാസായുധം ഉപയോഗിച്ച് ക്രൂരനായിരുന്നു ബാഷര്‍. കുര്‍ദുകളെയൊക്കെ അയാള്‍ കൂട്ടക്കൊല ചെയ്തതിന്റെ വാര്‍ത്തകള്‍ നടുക്കുന്നതായിരുന്നു. ഇതിലൊക്കെ അലവികളുടെ പങ്ക് സുന്നികള്‍ എടുത്തുകാട്ടുന്നു. അസദ് ഭരണം വീണതിനുശേഷം ഈ പ്രതികാരംകൂടിയാണ് നടക്കുന്നത്. പക്ഷേ അന്ന് സൈന്യത്തിന്റെ ഭാഗമായതുകൊണ്ട് അങ്ങനെയൊക്കെ ചെയ്തു എന്നല്ലാതെ, ഒരു കമ്യൂണിറ്റി എന്ന നിലയില്‍ അലവികള്‍ ആര്‍ക്കും ഒരു ഉപദ്രവും ചെയ്തിട്ടില്ല എന്നത് വസ്തുതയാണ്. പക്ഷേ അസദുകളുടെ സ്വന്തം ആളുകള്‍ എന്ന പേര് ഇവര്‍ക്ക് വീണുപോയി. അതുകൊണ്ടുതന്നെയാണ് ഇപ്പോള്‍ അസദ് വീണതോടെ അലവികളുടെ രക്തംകൊണ്ട് സിറിയയിലെ തെരുവുകള്‍ ചുവക്കുന്നതും.
നടക്കുന്നത് വംശശുദ്ധീകരണം
ആന്റി അലാവൈറ്റൈസേഷന്‍ എന്ന വാക്ക് പതിറ്റാണ്ടുകള്‍ മുമ്പേ സിറിയില്‍ ഉയര്‍ന്നുകേട്ടതാണ്. മതവിരുദ്ധര്‍ എന്ന് തങ്ങള്‍ കണക്കാക്കുന്ന, അലവികളുടെ പുക കാണാന്‍ കാത്തിരിക്കുന്നവരാണ് സുന്നികള്‍ അടക്കമുള്ളവര്‍. പക്ഷേ അന്ന് അതിനുള്ള രാഷ്ട്രീയ സാധ്യതകള്‍ ഇല്ലായിരുന്നു. പക്ഷേ ഇന്ന് ഹയാത്ത് തഹ്രീര്‍ അല്‍-ഷാം (എച്ച്ടിഎസ്) എന്ന തുര്‍ക്കിയുടെ പിന്തുണയുള്ള സായുധ ഗ്രൂപ്പ്, ബാഷര്‍ അല്‍ അസദിനെ രാജ്യത്തുനിന്ന് തുരത്തിക്കഴിഞ്ഞു. മൂന്‍ ഐസിസുകാരനായ അഹമ്മദ് അല്‍ ഷറയാണ് സിറിയയുടെ താല്‍ക്കാലിക പ്രസിഡന്റ്. ഫലത്തില്‍ അയാളുടെ മനസ്സ് ഐസിസില്‍ തന്നെയാണ്. അതുകൊണ്ടുതന്നെ സിറിയയിലെ അലവികള്‍ മാത്രമല്ല, 10 ശതമാനത്തോളം വരുന്ന ക്രിസ്ത്യനികളും, 3 ശതമാനത്തോളം വരുന്ന ഡ്രൂസും എല്ലാം ഭീതിയിലാണ്. കാരണം അവര്‍ ലക്ഷ്യമിടുന്നത് വംശ ശുദ്ധീകരണം തന്നെയാണെന്നത് പരസ്യമായ രഹസ്യമാണ്.
നേരത്തെതന്നെ അസദ് ഭരണത്തില്‍ സര്‍ക്കാര്‍ ജോലികള്‍ എല്ലാം കൊണ്ടുപോവുന്നത് അലവികള്‍ ആണെന്ന കാമ്പയിന്‍ സുന്നികള്‍ അഴിഞ്ഞുവിട്ടിരുന്നു. അതില്‍ സത്യവും ഉണ്ടായിരുന്നു. അസദിന്റെ കീഴില്‍, 80 ശതമാനത്തിലധികം അലവൈറ്റുകളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി. കൊല്ലപ്പെട്ട അലവൈറ്റ് സൈനികരുടെ ഭാര്യമാര്‍ക്കും കുട്ടികള്‍ക്കും സര്‍ക്കാര്‍ ജോലികള്‍ ലഭിച്ചു. ഇപ്പോള്‍ സൈന്യത്തിലും സര്‍ക്കാരിലും 'ഡി-അലാവൈറ്റൈസേഷന്‍' നടത്തുക എന്നതാണ് പുതിയ നേതൃത്വം ലക്ഷ്യമിടുന്നത്. ഇതോടെ ഡമാസ്‌കസിലും ഹോംസിലും ചുറ്റുമുള്ള ഉള്‍നാടന്‍ പ്രദേശങ്ങളിലും താമസിക്കുന്ന നിരവധി അലവൈറ്റുകള്‍ അവരുടെ ഗ്രാമങ്ങളിലെ വീടുകളിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരാകും.
അലവൈറ്റ് സൈനികര്‍ നടത്തിയ ക്രൂരതകളും സുന്നികള്‍ കാര്യമായി പ്രചരിപ്പിക്കുന്നുണ്ട്. മൂന്‍കാലങ്ങളില്‍ സംഘര്‍ഷമുണ്ടായപ്പോള്‍, അസദിന്റെ പിന്തുണയോടെ, അലവൈറ്റ് അര്‍ദ്ധസൈനികര്‍ വഴിയിലുടനീളം സുന്നികളുടെ വീടുകള്‍ കൊള്ളയടിച്ചതായി പറയുന്നു. ഈ മോഷണ മുതല്‍ വില്‍ക്കാനായി 'സുന്നി സൂക്ക്' എന്ന് വിളിക്കപ്പെടുന്ന ഒരു വിപണി പോലും ഉയര്‍ന്നുവന്നു. ഹോംസിലെ ബാബ് അല്‍-അംര്‍, അല്‍-ഖുസൈര്‍, പ്രശസ്തമായ കുരിശുയുദ്ധ കോട്ടയുടെ ചരിവുകളിലെ ഖലാത്ത് അല്‍-ഹോസ്ന്‍ തുടങ്ങിയ മുഴുവന്‍ സുന്നി പ്രദേശങ്ങളും ജനവാസമില്ലാത്തതും നശിപ്പിക്കപ്പെട്ടതില്‍ അലവികളുടെ പങ്ക് സുന്നികള്‍ എടുത്തു പറയുന്നുണ്ട്. ഇതിനെല്ലാം ചേര്‍ന്നുള്ള പ്രതികാരം ഇപ്പോള്‍ ഉണ്ടാവുമോ എന്നാണ് ഭീതി.
പുതിയ സര്‍ക്കാര്‍ നയങ്ങള്‍ അലവൈറ്റ് ജീവിതരീതിക്ക് ഭീഷണിയായി മാറിമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഉദാഹരണത്തിന്, ടാര്‍ട്ടസ്, ലതാകിയ പോലുള്ള സമൂഹങ്ങളില്‍ നിലവില്‍ ഹിജാബ് ഇല്ല. പുതിയ ഭരണത്തിന് കീഴില്‍ ഇത് നിര്‍ബന്ധമാവാനുള്ള സാധ്യത മാധ്യമങ്ങള്‍ കാണുന്നുണ്ട്. അതുപോലെ ബാത്ത് പാര്‍ട്ടി മദ്യത്തിന്റെ ഉപഭോഗവും ഉല്‍പാദനവും നിരോധിച്ചിരുന്നില്ല. ( സദ്ദാം ഹുസൈനും ഒരു ബാത്ത് പാര്‍ട്ടിക്കാരനായിരുന്നു. ഇറാഖില്‍ മദ്യത്തിന് നിരോധനവും ഉണ്ടായിരുന്നില്ല) ഇനി താലിബാന്‍ മോഡല്‍ ഭരണത്തില്‍ ഇതെല്ലാം പഴങ്കഥയാവും. ഗ്രാമപ്രദേശങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന, ജനകീയ ആരാധനാലയങ്ങളായി വര്‍ത്തിക്കുന്ന അലവൈറ്റ് ശവകുടീരങ്ങള്‍ക്ക് എന്ത് സംഭവിക്കമെന്നതും ചോദ്യമാണ്.
സുന്നി പക്ഷത്ത് സിറിയക്കാര്‍ മാത്രമല്ല ഉള്ളത്. അവശിഷ്ട ഐസിസുകാരും, ഉസ്ബക് -ചെച്നിയന്‍ ജിഹാദി സംഘവും, കുര്‍ദ് തീവ്രവാദികളുമുണ്ട്. ഇവര്‍ തീരദേശത്ത് അവശേഷിക്കുന്ന വിഗ്രഹ ആരാധകരായ ക്രിസ്ത്യാനികളെയും , അലവികളയെും കൊന്നു വംശ ശുദ്ധി വരുത്തിയ ഒരു ഇസ്ലാമിക് ഖാലിഫേറ്റ് ഉണ്ടാക്കാനുള്ള ശ്രമത്തിലാണെന്നാണ് ന്യുനപക്ഷ സംഘടനകള്‍ ഭയക്കുന്നത്. റമദാന്‍ മാസത്തിലും അവസാനിക്കാത്ത ആക്രമണങ്ങള്‍ അതിന്റെ സൂചനകളാണ്. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളും അങ്ങേയറ്റത്തെ ഭീതിയിലാണ്. ഏതാനും പതിറ്റാണ്ടുകള്‍ മുമ്പ് വരെ 25 ലക്ഷം ക്രിസ്ത്യാനികള്‍ സിറിയയില്‍ ഉണ്ടായിരുന്നു. ഇന്ന് അതു ചുരുങ്ങി 3 ലക്ഷമായി. ഒരുപാട് പേര്‍ നാട് വിട്ടു പോയി ധാരാളം ആളുകള്‍ നിലനില്‍പ്പിന് വേണ്ടി മതം മാറി സുന്നി ഇസ്ലാം ആയി മാറി. ക്രൈസ്തവ സമൂഹത്തിന് 7 മര്‍പ്പാപ്പാമാരെ നല്‍കിയ നാടായിരുന്നു സിറിയ. ഒരുകാലത്ത് ഡമാസ്‌ക്കസ് എന്നാല്‍ മാനവ സംസ്‌ക്കാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാഗരികതയായിരുന്നു. പക്ഷേ ഇസ്ലാം കയറിവന്നതോടെ ആ നാട്, വല്ലാത്ത രീതിയില്‍ പിറകോട്ട് അടിച്ചുവെന്നത് വാസ്തവമാണ്. ഇവിടെ വ്യക്തിക്ക് യാതൊരു പ്രധാന്യവുമില്ല. മതവും, ഗ്രോത്രവും, വംശീയതും മാത്രം. സിറിയയുടെ ദുരിതം ഇനിയും തുടരുമെന്ന് വ്യക്തം.
വാല്‍ക്കഷ്ണം: സ്വന്തം മതക്കാര്‍, എതിരാളികളാല്‍ കൊലപ്പെടുമ്പോള്‍ മാത്രം, ഒലിച്ചിറങ്ങുന്ന കണ്ണുനീര്‍ ഗ്രന്ഥികള്‍ ഉള്ളവരാണ്, ലോകത്ത് ഏറെയുമുള്ളതെന്ന് അലവികളുടെ അനുഭവത്തില്‍നിന്നും വ്യക്തമാവുകയാണ്. ഒരു ജനത സ്വന്തം രാജ്യത്ത് ഈ രീതിയില്‍ കൊല്ലപ്പെടുമ്പോഴും, അന്താരാഷ്ട്ര സമുഹത്തില്‍നിന്ന് വലിയ പ്രതിഷേധമൊന്നും ഉണ്ടാവുന്നില്ല. ഇറാന്‍ അവരെ ഷിയാക്കളായിപ്പോലും അംഗീകരിക്കുന്നില്ല. കേരളത്തിലെ സോഷ്യല്‍മീഡിയയില്‍, ഗസ്സയുടെ പേരില്‍ കരയുന്നവര്‍, സിറിയയെക്കുറിച്ച് മിണ്ടില്ല!