ന്തിനെങ്കിലും വില കുറയുമെന്ന് പ്രഖ്യാപിച്ചാല്‍ അത് രാഷ്ട്രീയക്കാരന്റെ വെറും തള്ള് മാത്രമാണ് എന്നാണ് പൊതുവെ കരുതുക. പെട്രോള്‍ വില അമ്പതുരൂപയായി മാറുമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പറഞ്ഞതുപോലെയുള്ള ഒരു ട്രോള്‍ സാധാനം മാത്രമാണ്, കേരളീയര്‍ക്ക് വിലക്കുറവ് എന്നത്. എന്ന സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ കണ്ട ഏറ്റവും വലിയ വിലക്കുറവ് മഹാമഹത്തിന് ഇപ്പോള്‍ മോദി സര്‍ക്കാര്‍ തിരികൊളുത്തിയിരിക്കുന്നത്. ചരക്ക് സേവനനികുതി (ജിഎസ്ടി) നടപ്പിലാക്കിയ ശേഷമുള്ള എറ്റവും വലിയ പരിഷ്‌കരണമാണ് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിലായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാഷയില്‍ പറഞ്ഞാല്‍, ജിഎസ്ടി സമ്പാദ്യ ഉത്സവം തന്നെയാണ് ഇന്ത്യയില്‍ നടക്കുന്നത്.

നേരത്തെ, അഞ്ചുശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാല് നികുതി തട്ടുകളുണ്ടായിരുന്നത് ജിഎസ്ടി അഞ്ചുശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ടായി ചുരുങ്ങി. ആഡംബര ഉത്പന്നങ്ങളും പുകയില, സിഗരറ്റ് പോലെ ആരോഗ്യത്തിനു ഹാനികരമായ ഉത്പന്നങ്ങള്‍ക്കും ലോട്ടറിക്കും 40 ശതമാനം ജിഎസ്ടിയെന്ന ഉയര്‍ന്ന നിരക്കും നടപ്പിലാക്കുകയാണ്. ടൂത്ത് പേസ്റ്റ്, സോപ്പ്, ഷാമ്പു, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ തുടങ്ങി സാധാരണക്കാര്‍ വാങ്ങുന്ന മിക്കവയ്ക്കും വില കുറഞ്ഞു. ഇതോടെ സാധാരണക്കാരന് വലിയ ആശ്വാസമാണ് ലഭിക്കുന്നത്.

വാഹന വിപണിയും നിര്‍മ്മാണ വിപണിയിലും ജിസിടി മാറ്റം വന്‍ ചലനം സൃഷ്ടിച്ചു കഴിഞ്ഞു. 1,200 സിസി വരെയുള്ള പെട്രോള്‍ എന്‍ജിന്‍, എല്‍പിജി, സിഎന്‍ജി കാറുകള്‍ക്കും 1,500 സിസി വരെയുള്ള ഡീസല്‍ എന്‍ജിന്‍ കാറുകള്‍ക്കും ജിഎസ്ടി 28 ശതമാനത്തില്‍നിന്ന് 18 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. ഇടത്തരം കാറുകള്‍, നാലു മീറ്ററിലേറെയുള്ള വലിയ കാറുകള്‍, എസ്യുവികള്‍ എന്നിവയ്ക്ക് 40 ശതമാനമാണ് പുതിയ നിരക്ക്. ഇവയ്ക്ക് നിലവില്‍ സെസ് ഉള്‍പ്പെടെ 45-50 ശതമാനമായിരുന്നു. ഇലക്ട്രിക് കാറുകള്‍ക്ക് അഞ്ച് ശതമാനമാണ് നിരക്ക്. 350 സിസി വരെയുള്ള ഇരുചക്രവാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവയുടെ നിരക്ക് 28 ശതമാനത്തില്‍നിന്ന് 18 ശതമാനമായി കുറയും. എന്നാല്‍, 350 സിസിക്കു മുകളിലുള്ള ഇരുചക്രവാഹനങ്ങള്‍ക്ക് 40 ശതമാനമായി നിരക്ക് ഉയരും.

കാര്‍നിര്‍മാണ കമ്പനികള്‍ ആനുകൂല്യം ഉപഭോക്താക്കളിലേക്ക് പൂര്‍ണമായി കൈമാറാന്‍ തയ്യാറായി. പുതുക്കിയ വിലകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഉപഭോക്തൃ ഉത്പന്നങ്ങളുടെ വിലയിലെ മാറ്റവും മിക്ക കമ്പനികളും പ്രഖ്യാപിച്ചുകഴിഞ്ഞു. നേരത്തേ വില്‍പ്പനയ്ക്കെത്തിയ ഉത്പന്നങ്ങളില്‍ പരിഷ്‌കരിച്ച വില സ്റ്റിക്കറായോ സീലായോ പതിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പ്രായോഗിക ബുദ്ധിമുട്ട് മുന്‍നിര്‍ത്തി ഇതില്‍ ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്. കുടുംബ ബജറ്റിലും വലിയ കുറവ് ഉണ്ടായിട്ടുണ്ട്.

രാഷ്ട്രീയമായി നോക്കുമ്പോള്‍ എന്‍ഡിഎ സര്‍ക്കാറിന് വലിയ മൈലേജാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. എന്നും വിലക്കയറ്റത്തിന്റെ കഥ പറയുന്ന പ്രതിപക്ഷത്തെ ഒറ്റയടിക്ക് വായടപ്പിക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനും ടീമിനും കഴിഞ്ഞു. ജിഎസ്ടി സമ്പാദ്യ ഉത്സവം രാജ്യത്തെ ഓരോ വീടുകളിലും ആരംഭിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്. സ്വദേശി ഉല്‍പന്നങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും വേണം. ഉല്‍പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മിച്ചതാണെന്ന് ആത്മാഭിമാനത്തോടെ പറയാന്‍ കഴിയണം. ജിഎസ്ടി പരിഷ്‌കാരങ്ങള്‍ എല്ലാ വീടുകളിലും പുഞ്ചിരി വിടര്‍ത്തുമെന്നും മോദി പറഞ്ഞു. ഓരോ കുടുംബത്തിനും കൂടുതല്‍ സമ്പാദിക്കാനും ബിസിനസുകള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കാനും ഉള്ള വഴിയാണ് തുറന്നിട്ടുള്ളതെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി തുറന്ന കത്തെഴുതുകയും ചെയ്തു.

കുടുംബ ബജറ്റില്‍ കിഴിവ്

ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതിനൊപ്പം നികുതിഘടന ലളിതമാക്കുക, തര്‍ക്കങ്ങള്‍ ഒഴിവാക്കുക, ജനങ്ങളുടെ പര്‍ച്ചേസിങ് പവര്‍ കൂട്ടുക, അതുവഴി ആഭ്യന്തര സമ്പദ്വളര്‍ച്ച ശക്തമാക്കുക എന്നിവ ലക്ഷ ലക്ഷ്യങ്ങളോടെയാണ് ജിഎസ്ടി 2.0 പരിഷ്‌കാരം. ഒരു വെല്‍ഫയര്‍ രാജ്യത്തിന്റെ ഉദാഹരണമായി സാധാരണ പറയാറുള്ള കാര്യമാണ്, സാധാരണക്കാര്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ക്ക് നികുതി കുറച്ച്, ആഢംബര വസ്തുക്കള്‍ക്ക് നികുതി കൂട്ടുകയെന്നത്. ഇത്തവണ ജിഎസ്ടി പരിഷ്‌ക്കരണത്തില്‍ സംഭവിച്ചിരിക്കുന്നതും അതുതന്നെയാണ്. രാജ്യത്തെ മധ്യ വര്‍ഗത്തിനും സാധാരണക്കാരുടെയും ജീവിതത്തില്‍ നികുതി നിരക്കുകള്‍ വലിയ മാറ്റമാണുണ്ടാക്കിയത്.

സോപ്പ് മുതല്‍ ഫ്രിഡ്ജ് വരെ വിലയുള്ള 375 ഇനങ്ങളുടെ വിലയില്‍ കുറവുണ്ട്. ടൂത്ത് പേസ്റ്റ്, ഷാംപൂ, മുടിയില്‍ ഉപയോഗിക്കുന്ന എണ്ണ, പല്ല് പൊടി തുടങ്ങിയ വീട്ടു സാധനങ്ങള്‍ ഇപ്പോള്‍ 5 ശതമാനം ജിഎസ്ടി സ്ലാബിലാണ് ഉള്‍പ്പെടുന്നത്. ഡയപ്പറുകള്‍, കുഞ്ഞ് കുട്ടികള്‍ക്ക് ആവശ്യമായ കുപ്പികള്‍, അടുക്കള പാത്രങ്ങള്‍, തീപ്പെട്ടികള്‍, മെഴുകുതിരികള്‍ എന്നിവക്കും വിലകുറയും. ഇതോടെ 5000 രൂപയുടെ മാസ കുടുംബ ബജറ്റില്‍ മിനിമം 500 രൂപയെങ്കിലും കുറയുമെന്ന് ഉറപ്പാണ്.

പനീര്‍, യുഎച്ച്ടി പാല്‍, പായ്ക്ക് ചെയ്ത പറോട്ടകള്‍ എന്നിവയുടെ ജിഎസ്ടി ഒഴിവാക്കി. വെണ്ണ, നെയ്യ്, ചീസ്, ചോക്ലേറ്റുകള്‍, ബിസ്‌ക്കറ്റുകള്‍, നാംകിന്‍, പാസ്ത, നൂഡില്‍സ്, ജ്യൂസുകള്‍ തുടങ്ങിയ മറ്റ് ഭക്ഷ്യവസ്തുക്കളെ ഇപ്പോള്‍ 5 ശതമാനം ജിഎസ്ടി സ്ലാബിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചോക്ലേറ്റുകളും ബിസ്‌കറ്റുകളും ഏകദേശം 15 ശതമാനം വിലക്കുറവില്‍ ലഭിക്കും. ഇതോടെ

പ്രതിമാസം 8,000-10,000 രൂപ ചെലവഴിക്കുന്ന ഒരു കുടുംബത്തിന് 800 -1,000 രൂപ ഇതിലൂടെ ലാഭിക്കാന്‍ സാധിക്കും. നോട്ടുബുക്ക് പെന്‍സില്‍ എന്നിവ അടക്കമുള്ള സ്‌കുള്‍ വിപണയും, 12 ശതമാനത്തില്‍നിന്ന് 5 ശതമാനമായി. ഇതോടെ 1000 രൂപയുടെ സ്‌കുള്‍ കിറ്റിന് 850 രൂപയായി കുറഞ്ഞിട്ടുണ്ട്.

സിമന്റ് ഉള്‍പ്പെടെയുളള ഭവന നിര്‍മാണ വസ്തുക്കളുടെയും ജിഎസ്ടിയില്‍ കുറവുണ്ട്. 50,000 രൂപയുടെ സിമന്റ് വാങ്ങുന്നവര്‍ക്ക് ഇപ്പോള്‍ ഏകദേശം 5,000 രൂപ ലാഭിക്കാനാകും. സിമന്റിന്റെ ജിഎസ്ടി നിരക്ക് 28 ശതമാനത്തില്‍നിന്ന് 18 ആയി. നിര്‍മ്മാണ മേഖലയില്‍ വലിയ മാറ്റമാണ് ഇതുണ്ടാക്കുക.32 ഇഞ്ചില്‍ കൂടുതലുള്ള ടെലിവിഷനുകള്‍, എയര്‍ കണ്ടീഷണറുകള്‍, ഡിഷ്വാഷറുകള്‍, മോണിറ്ററുകള്‍ എന്നിവയുടെ ജിഎസ്ടി 28 ശതമാനത്തില്‍നിന്ന് 18 ആയി കുറച്ചിട്ടുണ്ട്. ടിവിയുടെ വലുപ്പവും സവിശേഷതകളും അനുസരിച്ച് 2,500 രൂപ മുതല്‍ 85,000 രൂപ വരെ വിലക്കുറവ് ലഭിക്കുന്നതാണ്.

എയര്‍ കണ്ടീഷണറുകളുടെ ജിഎസ്ടിയും 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയുന്നതാണ്. ഇതനുസരിച്ച് എസികളില്‍ 8,500 രൂപ വരെ കുറവുണ്ടാകും. റഫ്രിജറേറ്ററുകളുടെ വിലയില്‍ 7 മുതല്‍ 8 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് കരുതുന്നത്. സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍ക്ക് 5 ശതമാനമായിരിക്കും ജിഎസ്ടി. 60,000 രൂപയുടെ യൂണിറ്റിന് ഏകദേശം 7,000 രൂപ ലാഭിക്കാം. ലൈഫ്-ആരോഗ്യ-ജനറല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍, 33 ജീവന്‍ സുരക്ഷാമരുന്നുകള്‍ എന്നിവയുടെയും ജിഎസ്ടി ഒഴിവാക്കി.

എന്നാല്‍ പുകയില, പാന്‍മസാല, ലോട്ടറി, ആഡംബര വാഹനങ്ങള്‍, 20 ലക്ഷം മുതല്‍ 40 ലക്ഷം രൂപ വരെ വിലയുള്ള നാലുചക്ര ഇലക്ട്രിക് വാഹനങ്ങള്‍ 40 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ആഡംബര വാഹനങ്ങള്‍, 2,500 രൂപയില്‍ കൂടുതല്‍ വിലയുള്ള വസ്ത്രങ്ങള്‍, ചെരിപ്പുകള്‍, കാര്‍ബണേറ്റ് പാനീയങ്ങള്‍, മധുരം ചേര്‍ത്തുവരുന്ന ഫ്ളേവേഡ് പാനീയങ്ങള്‍ എന്നിവക്കെല്ലാം വില കൂടുകയാണ്.

വിലകുറച്ച് മില്‍മയും അമൂലും

ജിഎസ്ടി നിരക്ക് കുറച്ചതോടെ പാല്‍ ഉല്‍പ്പന്നങ്ങളുടെ വില കുറയുകയാണ്. ജനകീയ പാല്‍ ഉല്‍പ്പന്നങ്ങളുടെ വിലയില്‍ വലിയ മാറ്റം വരുത്തിയാണ് മില്‍മ ജിഎസ്ടി ഇളവിന്റെ ഗുണം ജനങ്ങളിലേക്ക് എത്തിക്കുന്നത്. ഇതിന്റെ ഭാഗമായി നെയ്യ്, വെണ്ണ, പനീര്‍, ഐസ്‌ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വില കുറഞ്ഞു. മില്‍മയുടെ നെയ്യ്, വെണ്ണ, പനീര്‍ എന്നിവയുടെ വിലയില്‍ ഏഴ് ശതമാനത്തോളം കുറവ് വരും. ഐസ്‌ക്രീമിന് 12 മുതല്‍ 13 ശതമാനം വരെ വിലക്കുറവ് ഉണ്ടാകും.

മില്‍മയുടെ നെയ്യ് ഒരു ലിറ്ററിന് 45 രൂപ കുറവ് ഉണ്ടാകും. നിലവിലെ 720 രൂപയില്‍ നിന്ന് 675 രൂപയായാണ് കുറയുന്നത്. 370 രൂപയുണ്ടായിരുന്ന അര ലിറ്റര്‍ നെയ്യ് 25 രൂപ കുറവില്‍ 345 രൂപയ്ക്ക് ലഭിക്കും. നെയ്യുടെ ജിഎസ് ടി 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറഞ്ഞതിന്റെ ഗുണമാണ് മില്‍മ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.240 രൂപയുണ്ടായിരുന്ന 400 ഗ്രാം വെണ്ണ 15 രൂപ കുറഞ്ഞ് ഇനിമുതല്‍ 225 രൂപയ്ക്ക് ലഭിക്കും. 500 ഗ്രാം പനീറിന്റെ വില 245 രൂപയില്‍ നിന്ന് 234 രൂപയായി കുറയും 11 രൂപയുടെ കുറവ് ഉപഭോക്താക്കള്‍ക്ക് ലഭിക്കും. അഞ്ച് ശതമാനം ഉണ്ടായിരുന്ന പനീറിന്റെ ജിഎസ് ടി പൂര്‍ണമായും ഒഴുവാക്കി.

മില്‍മയുടെ ജനപ്രിയ ഉത്പന്നമായ വാനില ഐസ്‌ക്രീമിന്റെ 220 രൂപയായിരുന്ന ഒരു ലിറ്ററിന്റെ വില 196 രൂപയായി കുറച്ചിട്ടുണ്ട്. ജിഎസ്ടി നിരക്ക് 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചതിനാല്‍ 24 രൂപയുടെ കിഴിവ് ലഭ്യമാകും. മില്‍മയുടെ പായസം മിക്സിന്റെ ജിഎസ് ടി 18 ശതമാനത്തില്‍ നിന്ന് അഞ്ചാക്കി കുറച്ചിട്ടുണ്ട്. പായ്ക്ക് ചെയ്ത ജ്യൂസുള്‍ക്കും ഇളവ് ലഭ്യമാണ്.

ജിഎസ്ടി കൗണ്‍സില്‍ നികുതി നിരക്കുകള്‍ കുറച്ചതോടെ 700 ഉത്പന്നങ്ങളുടെ വില കുറയുമെന്ന് അമുല്‍ വ്യക്തമാക്കിയിരുന്നു.

35,300 രൂപ വരെ കുറയുന്ന മരുന്നുകള്‍

മരുന്നുകളുടെ വില കുറയ്്ക്കാനുള്ള തീരുമാനമാണ് പുതിയ നികുതി പരിഷ്‌ക്കാരത്തില്‍ ഏറ്റവും ശ്രദ്ധേയമായത്. കാരണം അടിക്കടിയുള്ള മരുന്ന വില വര്‍ധനവില്‍ ജനം പൊറുതിമുട്ടിയിരിക്കയായിരുന്നു. അര്‍ബുദത്തിനുള്ള മരുന്നുകള്‍ ഉള്‍പ്പെടെ 36 മരുന്നുകള്‍ക്ക് പൂര്‍ണമായും നികുതി ഒഴിവാക്കിയിട്ടുണ്ട്. ചില മരുന്നുകളുടെ ജി.എസ്.ടി 12ശതമാനത്തില്‍ നിന്ന് അഞ്ചായി കുറച്ചിട്ടുണ്ട്. ക്യാന്‍സര്‍, കീമോഫീലിയ, സ്‌പൈനല്‍ മസ്‌ക്കുലര്‍ അട്രോഫി, മാരക ശ്വാസകോശ രോഗികള്‍ക്ക് ഇരട്ടി ആശ്വാസമാണ്. ഇവര്‍ക്കുള്ള 34 മരുന്നുകളുടെ ജി.എസ്.ടി പൂര്‍ണമായി ഇല്ലാതായി.

കരളിലെ ക്യാന്‍സറിനുള്ള അലക്റ്റിനിബ് ഗുളികയ്ക്ക് ഒരാഴ്ചത്തേക്ക് 1.20ലക്ഷം രൂപയായിരുന്നത് ജി.എസ്.ടിയില്ലാതായതോടെ 1.06 ലക്ഷം രൂപയ്ക്ക് ലഭിക്കും. 14,471രൂപയാണ് ഒറ്റയടിക്ക് കുറയുന്നത്. 56 ഗുളികയാണ് അലക്റ്റിനിബിന്റെ ഒരു പായ്ക്കറ്റില്‍. പ്രതിദിനം ആറു മണിക്കൂര്‍ ഇടവിട്ട് എട്ട് ഗുളികയാണ് കഴിക്കേണ്ടത്. ഇത് കഴിക്കുന്ന ഒരു രോഗിക്ക് ഒരാഴ്ച കൊണ്ട് പതിനാലായിരത്തോളം രൂപയാണ് ഇതുകൊണ്ട് മിച്ചം പിടിക്കാന്‍ കഴിയുക എന്നോര്‍ക്കണം. ഹീമോഫീലിയ രോഗികള്‍ക്കുള്ള എമിസിസുമാബ് ഇന്‍ജക്ഷന്‍ മരുന്നിന് വിപണിയില്‍ 2.94ലക്ഷം രൂപയാണ്. അത് 35,300 രൂപ കുറഞ്ഞ് 2.59 ലക്ഷത്തിന് ലഭിക്കും. ഒരു ഡോസ് മരുന്നിന്റെ വിലയാണിത്. കുറഞ്ഞത് ഒരു ഡോസ് പ്രതിമാസം വേണം. രക്തസ്രാവം കൂടുതലാണെങ്കില്‍ കൂടുതല്‍ ഡോസ് വേണ്ടിവരും.

സ്പൈനല്‍ മസ്‌ക്കുലര്‍ അട്രോഫി രോഗികള്‍ക്കുള്ള റിസ്ഡിപ്ലാം പൗഡറിന് വില 6.09ലക്ഷം രൂപയില്‍നിന്ന് 73,000രൂപ കുറഞ്ഞ് 5.36ലക്ഷമായി. പ്രതിമാസം ഒരു ഡോസ് എടുക്കേണ്ട മരുന്നാണിത്. ഗുരുതര ശ്വാസകോശ രോഗത്തിനുള്ള മെപോളിസുമാബ് ഇന്‍ജക്ഷന് 79,853 രൂപയാണ്. ഇനി ഇത് 70,000രൂപയാകും. ഇന്‍സുലിന്‍ മരുന്നുകള്‍ക്ക് നിലവിലുള്ള അഞ്ച് ശതമാനം ജി.എസ്.ടി തുടരും. ഇന്‍സുലിന്‍ ഒഴികെയുള്ള മറ്റ് പ്രമേഹ മരുന്നുകള്‍ക്കുള്ള 12ശതമാനം ജി.എസ്.ടി അഞ്ചാവും. ഗ്ലിമിപിറൈഡ്, മെറ്റ്ഫോര്‍മിന്‍ എന്നിവയാണ് സാധാരണ ഉപയോഗിക്കുന്ന ഗുളികകള്‍. രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, നാഡീ,ഞരമ്പ് രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്കും അഞ്ചായി ജി.എസ്.ടി കുറഞ്ഞു.

ബി.പി അപ്പാരറ്റസ്,ഗ്ലൂക്കോമീറ്റര്‍ തുടങ്ങിയവയ്ക്കും ജി.എസ്.ടി അഞ്ചായി കുറഞ്ഞു.നിലവില്‍ വിപണിയിലുള്ള മരുന്നുകളെല്ലാം 12 ശതമാസം ജി.എസ്.ടിയുള്ളതാണെങ്കിലും ഇനി ഈ നിരക്കില്‍ വില്‍ക്കാനാകില്ല. എം.ആര്‍.പിയില്‍ നിന്ന് ഏഴ് ശതമാനം കുറച്ചായിരിക്കണം നല്‍കേണ്ടത്. ഈവര്‍ഷം ഡിസംബര്‍ 31വരെ പഴയ സ്റ്റോക്കില്‍ തിരുത്തല്‍ വരുത്താനോ സ്റ്റിക്കര്‍ പതിപ്പിക്കാനോ പാടില്ലെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. പുതിയ സ്റ്റോക്ക് അഞ്ച് ശതമാനമായി വില കുറഞ്ഞ് വരുന്നത് വരെ പഴയ സ്റ്റോക്ക് വാങ്ങിയാലും ഇതേ ഇളവ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

ആരോഗ്യ പരിപാലനത്തിന് സ്വന്തം പോക്കറ്റില്‍ നിന്ന് ഏറ്റവും കൂടുതല്‍ ചെലവഴിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ്കേരളം. അതിനാല്‍ ഈ വിലക്കുറവ് ഏറ്റവും ആശ്വാസം പകരുക മലയാളികള്‍ക്കായിരിക്കും.

ലാന്‍ഡ് റോവറിന് 30.4 ലക്ഷംവരെ കുറയുന്നു

പുതിയ ജിഎസ്ടി ഇളവുകള്‍ വന്നതോടെ വാഹന വിപണിയിലും വന്‍ വിലക്കുറവ് പ്രകടമാണ്. മാരുതി, ടാറ്റ, ഹ്യുണ്ടായ്, കിയ, സ്‌കോഡ, മഹേന്ദ്ര തുടങ്ങിയ കമ്പനികളൊക്കെ പുതിയ നിരക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

ടാറ്റ മോട്ടോഴ്സിന്റെ വിവിധ മോഡലുകള്‍ക്ക് 65,000 രൂപമുതല്‍ 1,55,000 രൂപവരെയാണ് കുറയുകയെന്ന് കമ്പനി അറിയിച്ചു. കര്‍വ് മോഡലിനാണ് 65,000 രൂപയുടെ കുറവുവരുക. ടിഗോര്‍ - 80,000, ടിയാഗോ - 75,000, പഞ്ച് - 85,000, അല്‍ട്രോസ് - 1.10 ലക്ഷം, ഹാരിയര്‍ - 1.40 ലക്ഷം, സഫാരി - 1.45 ലക്ഷം, നെക്സണ്‍ - 1.55 ലക്ഷം എന്നിങ്ങനെയായിരിക്കും കുറവ്. മഹീന്ദ്ര പെട്രോള്‍ വാഹനങ്ങള്‍ക്കും എസ്യുവിക്കും വിവിധ മോഡലുകള്‍ക്കനുസരിച്ച് 1.56 ലക്ഷം രൂപവരെയാണ് കുറവുവരുത്തിയത്. എക്സ് യുവി 3എസ്‌ക്ഒ ഡീസല്‍ മോഡലിന് 1.56 ലക്ഷവും പെട്രോള്‍ മോഡലിന് 1.40 ലക്ഷം രൂപയുടെയും കുറവുണ്ടായിട്ടുണ്ട്. ബൊലേറോ/നിയോ - 1.27 ലക്ഷം, ഥാര്‍ 2ഡബ്ല്യുഡി - 1.35 ലക്ഷം, ഥാര്‍ 4 ഡബ്ല്യുഡി - 1.01 ലക്ഷം, സ്‌കോര്‍പിയോ ക്ലാസിക് - 1.01 ലക്ഷം, സ്‌കോര്‍പിയോ എന്‍ - 1.45 ലക്ഷം, ഥാര്‍ റോക്സ് - 1.33 ലക്ഷം, എക്സ് യുവി 7 ഒഒ - 1.43 ലക്ഷം എന്നിങ്ങനെയാണ് കുറയുക.

ടൊയോട്ട ഗ്ലാന്‍സയ്ക്ക് 85,300 രൂപ, ടൈസറിന് 1.11 ലക്ഷം രൂപ, റൂമിയോണിന് 48,700 രൂപ, ഹൈറൈഡറിന് 65,400 രൂപ, ക്രിസ്റ്റയ്ക്ക് 1.80 ലക്ഷം രൂപ, ഹൈക്രോസിന് 1.15 ലക്ഷം രൂപ, ഫോര്‍ച്യൂണറിന് 3.49 ലക്ഷം രൂപ, ലെജന്‍ഡറിന് 3.34 ലക്ഷം രൂപ, ഹൈലെക്സിന് 2.52 ലക്ഷം രൂപ, കാംറിക്ക് 1.01 ലക്ഷം രൂപ, വെല്‍ഫയറിന് 2.78 ലക്ഷം രൂപ എന്നിങ്ങനെയാണ് വില കുറയുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി 2.25 ലക്ഷം രൂപയുടെ കുറവാണ് വാഹന വിലയില്‍ വരുത്തിയിരിക്കുന്നത്. എന്‍ട്രി ലെവല്‍ മോഡലായ ആള്‍ട്ടോ കെ10-ന് 40,000 രൂപയാണ് കുറയുന്നത്. വാഗണ്‍ ആറിന് 57,000 രൂപ, സ്വിഫ്റ്റ് 58,000 രൂപ, ഡിസയര്‍ 61,000 രൂപ, ബലേനൊ 60,000 രൂപ, ഫ്രോങ്‌സ് 68,000 രൂപ, ബ്രെസ 78,000 രൂപ, ഇക്കോ 51,000 രൂപ, എര്‍ട്ടിഗ 41,000 രൂപ, സെലേറിയോ 50,000 രൂപ, എസ്-പ്രെസോ 38,000 രൂപ, ഇഗ്നീസ് 52,000 രൂപ, ജിമ്‌നി 1.14 ലക്ഷം രൂപ, എക്‌സ്എല്‍6 35000 രൂപ, ഇന്‍വിക്ടോ 2.25 ലക്ഷം രൂപ എന്നിങ്ങനെയാണ് കുറയുന്നത്.

ഇന്ത്യയിലെ പാസഞ്ചര്‍ കാര്‍ വിപണിയിലെ രണ്ടാം സ്ഥാനക്കാരായ ഹ്യുണ്ടായി 2.4 ലക്ഷം രൂപ വരെയാണ് വാഹനങ്ങളുടെ വിലയില്‍ കൊണ്ടുവന്നിട്ടുള്ള കുറവ്. ഗ്രാന്റ് ഐ10 നിയോസ് 73,808 രൂപ, ഓറ 78,465 രൂപ, എക്സ്റ്റര്‍ 89,209 രൂപ, ഐ20 98,053 രൂപ, ഐ20 എന്‍ലൈന്‍ 1.08 ലക്ഷം രൂപ, വെന്യു 1.23 ലക്ഷം, വെന്യു എന്‍-ലൈന്‍ 1.19 ലക്ഷം, വെര്‍ണ 60,640 രൂപ, ക്രെറ്റ 72,145 രൂപ, ക്രെറ്റ എന്‍-ലൈന്‍ 71,762 രൂപ, അല്‍കസാര്‍ 75,376 രൂപ, ടൂസോണ്‍ 2.4 ലക്ഷം രൂപ എന്നിങ്ങനെയാണ് വില കുറയുന്നത്.

ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡയുടെ എസ്യുവിയായ കോഡിയാക്കിന് 3.3 ലക്ഷം രൂപയാണ് കുറയുന്നത്. ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട കാര്‍സ്. എന്‍ട്രി ലെവല്‍ വാഹനമായ അമേസ് സെഡാനാണ് ഏറ്റവും ഉയര്‍ന്ന ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നാം തലമുറ അമേസിന് 95,500 രൂപയാണ് കുറയുന്നത്. അതേസമയം, രണ്ടാം തലമുറ മോഡലിന് 72,800 രൂപയാണ് കുറയുന്നത്. ഹോണ്ട സിറ്റിക്ക് 57,500 രൂപ വരെ കുറയും, എലിവേറ്റ് എസ്യുവിക്ക് 58,400 രൂപയും കുറയുമെന്നാണ് ഹോണ്ട് അറിയിച്ചിരിക്കുന്നത്.

ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്വാഗണിനെയും വില കുറയ്ക്കാന്‍ നിര്‍ബന്ധിതമാക്കിയിട്ടുണ്ട്. നാല് വാഹനങ്ങളുമായി വിപണിയിലുള്ള ഈ കമ്പനിയുടെ മിഡ് സൈസ് എസ്യുവി മോഡലായ ടൈഗൂണിന് വേരിയന്റുകള്‍ക്ക് അനുസരിച്ച് 48,000 രൂപ മുതല്‍ 1.63 ലക്ഷം രൂപ വരെയാണ് വില കുറച്ചിരിക്കുന്നത്. സെഡാന്‍ മോഡലായ വെര്‍ടസിന് 61,000 രൂപ മുതല്‍ 67000 രൂപ വരെ വിലയില്‍ കുറവ് വരുത്തിയിട്ടുണ്ട്. ടിഗ്വാന്‍ എസ്യുവിക്ക് 3.27 ലക്ഷം രൂപയാണ് കുറഞ്ഞിരിക്കുന്നത്. പെര്‍ഫോമെന്‍സ് ഹാച്ച്ബാക്ക് മോഡലായ ഗോള്‍ഫ് ജിടിഐയ്ക്ക് 2.09 ലക്ഷം രൂപയും കുറച്ചിട്ടുണ്ട്.

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ വാഹനങ്ങള്‍ക്ക് 13.6 ലക്ഷം രൂപ വരെയാണ് വിലയില്‍ കുറവ് വരുത്തിയിരിക്കുന്നത്. ബിഎംഡബ്ല്യു 2 സീരീസിന് 1.70 ലക്ഷം രൂപ വരെയും ത്രീ സീരീസിന് 3.55 ലക്ഷം രൂപ വരെയും ഫൈവ് സീരീസിന് 4.15 ലക്ഷം രൂപ വരെയും സെവന്‍ സീരീസിന് 10.45 ലക്ഷം രൂപയുടെയും കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.

ജര്‍മന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയുടെ 911 കരേരയ്ക്ക് 11 ലക്ഷം രൂപയും കരേര 4 ജിടിഎസ് പതിപ്പിന് ആറുലക്ഷം രൂപയും കയേനിന് 11 ലക്ഷം രൂപയും കുറയുന്നുണ്ട്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ആഡംബര എസ്യുവി നിര്‍മാതാക്കളായ ലാന്‍ഡ് റോവറിന്റെ മോഡലുകള്‍ക്ക് 30.4 ലക്ഷം രൂപ വരെയാണ് വിലയില്‍ കുറവ് വരുന്നത്. എന്‍ട്രി ലെവല്‍ വാഹനമാണ് ഇവോക്കിന് 4.6 ലക്ഷം രൂപയാണ് കുറഞ്ഞത്. വെലാറിന് ആറ് ലക്ഷം രൂപ, ഡിസ്‌കവറിക്ക് 9.9 ലക്ഷം രൂപ, ഡിസ്‌കവറി സ്‌പോര്‍ട്ടിന് 4.6 ലക്ഷം രൂപ, റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് എസ്വി എഡിഷന് 19.7 ലക്ഷം രൂപ, ഓട്ടോബയോഗ്രഫിക്ക് 18.3 ലക്ഷം രൂപ, ഡിഫന്‍ഡറിന് മോഡലുകള്‍ക്ക് അനുസരിച്ച് 18.6 ലക്ഷം രൂപ വരെ, റേഞ്ച് റോവര്‍ 3.0 എസ്വി ലോങ് വീല്‍ ബേസിന് 27.4 ലക്ഷം രൂപ, റേഞ്ച് റോവര്‍ 4.4 എസ്വി ലോങ് വീല്‍ബേസിന് 30.4 ലക്ഷം രൂപ എന്നിങ്ങനെയാണ് കുറഞ്ഞിരിക്കുന്നത്. 4.25 കോടിരൂപയാണ് എസ്വി ലോങ് വീല്‍ബേസിന്റെ ഒറിജിനല്‍ വില എന്നോര്‍ക്കണം. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡിയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായ ക്യൂ8ന് 7.83 ലക്ഷം രൂപയാണ് കുറയുന്നത്. ജി.എസ്.ടി ഇളവിന് വേണ്ടിയുള്ള കാത്തിരിപ്പിനിടയില്‍ വാഹനം വാങ്ങാനുള്ള പദ്ധതി ആളുകള്‍ മാറ്റിവെച്ചതോടെ ഓണക്കാലത്തെ വണ്ടിക്കച്ചവടം ഇടിഞ്ഞിരുന്നു. പക്ഷേ ഇപ്പോള്‍ വണ്ടിക്കച്ചവടം ടോപ് ഗിയറിലാണ്.

പൊറോട്ടക്കും നികുതി കുറച്ചു; പക്ഷേ

ഇന്ത്യയുടെ ഭക്ഷണ വിപണിയിലും പുതിയ ജി എസ് ടി സ്ലാബുകള്‍ ആശ്വാസമാണ്. ജിഎസ്ടി ഭേദഗതിയുടെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേ പുറത്തിറക്കുന്ന റെയില്‍നീര്‍ കുപ്പിവെള്ളത്തിന്റെ വിലയില്‍ ഒരുരൂപയുടെ കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. ലിറ്ററിന് 15 രൂപയായിരുന്നത് 14 രൂപയായാണ് കുറച്ചത്. അര ലിറ്ററിന് 10 രൂപയില്‍നിന്ന് ഒന്‍പതുരൂപയാകും. റെയില്‍വേ പരിസരങ്ങളിലും ട്രെയിനുകളിലും വില്‍ക്കുന്ന ഐആര്‍സിടിസി/റെയില്‍വേയുടെ പട്ടികയിലുള്ള മറ്റ് ബ്രാന്‍ഡുകളുടെ കുപ്പിവെള്ളത്തിനും ഈ വിലക്കുറവ് ബാധകമാണ്.

അതുപോലെ തട്ടുകടകളെ ജിഎസ്ടി പരിധിയില്‍നിന്ന് പുര്‍ണ്ണായി ഒഴിവാക്കിയിട്ടുണ്ട്. ഹോട്ടലുകളില്‍ വില കുറയുമെന്ന് പ്രചാരണം ഉണ്ടെങ്കിലും അത് ഉണ്ടായിട്ടില്ല. നേരത്തെ ചുമത്തിയിരുന്ന 18 ശതമാനം സ്ലാബില്‍ നിന്ന് ലഘുഭക്ഷണങ്ങളുടെ ജിഎസ്ടി 5 ശതമാനമെന്ന താഴ്ന്ന സ്ലാബിലേക്ക് മാറ്റിയിട്ടുണ്ട്. പഴംപൊരി, വട, അട, കൊഴുക്കട്ട തുടങ്ങിയ ലഘുഭക്ഷണങ്ങളുടെ വില ഇതുമൂലം കുറയേണ്ടതാണ്. പക്ഷേ കേരളത്തില്‍ അത് കുറഞ്ഞിട്ടില്ല.

പകരം പാക്ക്ഡ് ഫുഡ്സിലാണ് മാറ്റമുള്ളത്. ഇന്ത്യന്‍ റൊട്ടിവിഭവങ്ങളും ഇനി ജിഎസ്ടി രഹിതമായിരിക്കും. നേരത്തെ, 18 ശതമാനമായിരുന്നു പൊറോട്ടയുടെ ജിഎസ്ടി ഒഴിവാക്കിയെങ്കിലും ഹോട്ടലില്‍ സാധാരണ വിലയാണ്. പാക്കറ്റുകളില്‍ വില്‍ക്കുന്ന പൊറോട്ടയ്ക്കും ചപ്പാത്തിക്കുമാണ് ജിഎസ്ടി ഒഴിവാക്കിയത്. പറാത്ത, പൊറോട്ട, റൊട്ടി അടക്കമുള്ള ഇന്ത്യന്‍ ബ്രെഡ് എന്ന വിഭാഗത്തില്‍ വരുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ജി.എസ്.ടി ഒഴിവാക്കുന്നതാണ് പുതിയ പരിഷ്‌കാരം. നേരത്തെ സാധാരണ ബ്രെഡുകള്‍ക്ക് മാത്രമാണ് ജിഎസ്ടി ഇല്ലാതിരുന്നത്. ഇതിന്റെ പേരില്‍ കോടതി കേസ് വരെ ഉണ്ടായിരുന്നു. പഴയ നികുതി ഘടന പ്രകാരം പറാത്ത, പൊറോട്ട, പിസ്സ ബ്രെഡ് എന്നിവയ്ക്ക് 5-18 ശതമാനം വരെ നികുതി ഈടാക്കിയിരുന്നു.

വില്‍ക്കുന്ന പേര് പരിഗണിക്കാതെ എല്ലാ ഇന്ത്യന്‍ ബ്രെഡിന്റെയും ജിഎസ്ടി പൂജ്യമാക്കുന്നു എന്നാണ് ജിഎസ്ടി കൗണ്‍സിലിന്റെ നിര്‍ദ്ദേശം. ഇതോടെ നേരത്തെ ഈടാക്കിയിരുന്ന ജിഎസ്ടി പ്രകാരം പൊറോട്ട, ചപ്പാത്തി എന്നിവയ്ക്ക് 5-12 ശതമാനം വരെ വിലയില്‍ കുറവ് വരും. പ്ലെയിന്‍ ചപ്പാത്തി, റൊട്ടി എന്നിവയ്ക്ക് നേരത്തെ അഞ്ച് ശതമാനമായിരുന്നു ജിഎസ്ടി. പൊറോട്ട, പറാത്ത മറ്റു ഇന്ത്യന്‍ ബ്രെഡ് എന്നിവയുടെ ജിഎസ്ടി 18 ല്‍ നിന്നാണ് പൂജ്യത്തിലേക്ക് എത്തുന്നത്.

കടകളില്‍ പാക്കറ്റിലായി വില്‍ക്കുന്നവയ്ക്കാണ് വില കുറയുക. അതേസമയം, റെസ്റ്റോറന്റുകളിലെ എല്ലാ ഇനങ്ങളും ഭക്ഷണമായി കണക്കാക്കുകയും റസ്റ്റോറന്റിന്റെ തരം അനുസരിച്ച് 5-18 ശതമാനം ജിഎസ്ടി ഈടാക്കുകയും ചെയ്തു. എസി, നോണ്‍ എസി റസ്റ്റോറന്റുകള്‍ക്ക് അഞ്ച് ശതമാനമാണ് ജിഎസ്ടി. അതിനാല്‍ തല്‍ക്കാലം ഹോട്ടലുകളിലെ പൊറാട്ട വില കുറയല്ല. എന്നാല്‍ ഹോട്ടലിലെ അസംസ്‌കൃത വസ്തുക്കള്‍ക്ക് വിലകുറയുന്നത് പരോക്ഷമായി ഭക്ഷണ വിലയെ സ്വാധീനിക്കാവും. ഇനി അങ്ങോട്ട് ഉടനെ ഒരു വില വര്‍ധനവരാനും സാധ്യതയില്ല.

വാല്‍ക്കഷ്ണം: മൊത്തത്തിലുള്ള ഒരു മാറ്റത്തിന്റെ ഓളം എല്ലാ മേഖലയെയും ബാധിക്കും. ഇപ്പോള്‍ കേരളത്തിലെ പല സിനിമാ തീയേറ്റുകളിലും 10 ശതമാനംവരെ സ്വമേധയാ നിരക്ക് കുറച്ചിട്ടുണ്ട്. അതുപോലെ അനുബന്ധ മേഖലകളില്‍ വരും ദിവസങ്ങളില്‍ ഇതുപോലുള്ള മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.