- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂറോപ്യന്‍ യൂണിയന്‍ കൊടുത്ത പൈപ്പുകള്‍ റോക്കറ്റാക്കുന്നു; 22 വയസ്സുകാരിയെ നാലു വയസ്സുകാരിയാക്കിയും, 31 വയസ്സുള്ള സ്ത്രീയെ ഒരു വയസ്സുകാരിയാക്കിയും കണക്ക്; മുങ്ങി മരണങ്ങളും കാന്‍സര്‍ മരണങ്ങളുമെല്ലാം ഇസ്രയേല്‍ കൊലകളുടെ ലിസ്റ്റില്‍; ഹമാസ് പ്രൊപ്പഗന്‍ഡാ ഫാക്ടറി പിടിക്കപ്പെടുമ്പോള്‍!
ഹമാസ് പ്രൊപ്പഗന്‍ഡാ ഫാക്ടറി പിടിക്കപ്പെടുമ്പോള്‍!
'നിങ്ങള്‍ അറിഞ്ഞതും എത്രയോ അപ്പുറത്താണ് മുരുകനെന്ന യാഥാര്‍ത്ഥ്യമെന്ന', പുലിമുരുകന്‍ സിനിമയിലെ മാസ് ഡയലോഗ് ഏറ്റവും കൂടുതല്‍ യോജിക്കുന്നത് 'ഹറകത്തുല്‍ മുഖാവമത്തുല്‍ ഇസ്ലാമിയ' എന്ന ഹമാസിനാണ്. നിങ്ങള്‍ കണ്ടതും കേട്ടതുമൊന്നുമല്ല ഹമാസ്. അതുക്കുംമേലെയാണ്. കേരളത്തിലെ ഒരു ജില്ലയോളം ഒതുങ്ങുന്ന, നാലുപാടും അടച്ചിട്ട തുറന്ന ജയില്‍പോലെ ഒരു പ്രദേശത്തുനിന്ന് അവര്‍ക്ക്, ഇസ്രയേല്‍പോലെ ഒരു വന്‍ സൈനിക ശക്തിയെ വിറപ്പിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍, അത് മതം ചാലിച്ച വിഷത്തിന്റെ ആഗോളവ്യാപകമായി പ്രവഹിക്കുന്ന ധാരയുടെ കരുത്തുകൊണ്ട് കൂടിയാണ്. പുറമേക്ക് കാണുന്നതുപോലെ അമ്പതിനായിരത്തോളം സായുധ ഭടന്‍മ്മാരുള്ള ഒരു സംഘടനമാത്രമല്ല അത്. ലോകമെമ്പാടും ഹമാസിന് വേരുകളുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകന്റെ രൂപത്തില്‍, മാധ്യമ പ്രവര്‍ത്തകന്റെ രൂപത്തില്‍, ഡിപ്ലോമാറ്റായി വേഷം മാറി, പല രൂപത്തില്‍ പല ഭാവത്തില്‍ ഹമാസ് വരാം!
അതുപോലെ കൃത്യമായ പ്രൊപ്പഗന്‍ഡാ ഫാക്ടറിയുള്ള സംഘടനകൂടിയാണ് ഹമാസ്. എതിരാളികളെ ഏത് മ്ലേഛമായ രീതിയില്‍ കരിതേച്ച് കാണിക്കാനും, തങ്ങള്‍ ചെയ്യുന്ന ക്രൂരതകള്‍ എല്ലാം മറച്ചുവെച്ച് സ്വാതന്ത്ര്യസമര പോരാളികളായി ചിത്രീകരിക്കാനുമുള്ള വലിയ പ്രൊപ്പഗന്‍ഡാ ടീമും അവര്‍ക്ക് ഒപ്പമുണ്ട്. ഇത് പലപ്പോഴും ഹമാസിനുള്ള നേരിട്ടുള്ള പിന്തുണ വഴി വരുന്നതുമല്ല. ശുദ്ധമായ ഇസ്ലാമാണ് തങ്ങള്‍ എന്നും ജിഹാദാണ് ആന്ത്യന്തിക ലക്ഷ്യമെന്നും തങ്ങളുടെ ഭരണഘടനയില്‍ എഴുതിവെച്ച സംഘടനയാണ് ഹമാസ്. 'ദൈവം ഞങ്ങളുടെ ലക്ഷ്യം, പ്രവാചകന്‍ ഞങ്ങളുടെ മാതൃക, ഖുര്‍ആന്‍ ഞങ്ങളുടെ ഭരണഘടന, ജിഹാദ് ഞങ്ങളുടെ മാര്‍ഗ്ഗം, ദൈവത്തിനുവേണ്ടിയുള്ള മരണം ഞങ്ങളുടെ അദമ്യമായ ആഗ്രഹം' -ഇതാണ് ഹമാസിന്റെ മുദ്രാവാക്യം. അതാണ് അവരുടെ കരുത്തും. ലോകമെമ്പാടുമുള്ള മുസ്ലീങ്ങളില്‍ വലിയൊരു വിഭാഗം ഇന്നും ഹമാസിന് ഒപ്പമാണ്. പുറമെ ഹമാസിനെ തള്ളിപ്പറയുന്നവര്‍പോലും ഉള്ളിന്റെ ഉള്ളില്‍ അവര്‍ ജയിക്കണമെന്നും, അവസാനത്തെ ജൂതനും കട്ടയും പടവും മടക്കണമെന്നും, മതവെറിമൂലം ആഗ്രഹിക്കുന്നു. അതാണ് മതവെറി!
ഹമാസ് പ്രൊപ്പഗന്‍ഡകള്‍ ബിബിസി തൊട്ട് നമ്മുടെ മാതൃഭൂമിയും, മനോരമയും അടക്കമുള്ള മുഖ്യധാരാ മാധ്യമങ്ങള്‍വരെ എടുത്ത് ആഘോഷിക്കയാണ്. ഇസ്രയേല്‍ അടിക്കടി ആശുപത്രികള്‍ ആക്രമിക്കുന്നുവെന്നതിന്റെയും, കുട്ടികളെ കൊല്ലുന്നുവെന്നതിന്റെയും, ഗസ്സയിലെ മരണനിരക്ക് ഇത്രയേറെ ഉയരുന്നതിന്റെയും യാഥാര്‍ത്ഥ്യം ആരും അന്വേഷിക്കാറില്ല. പക്ഷേ ദ ടെലഗ്രാഫ്, റോയിട്ടേഴ്സ്, ജറുസലേം പോസ്റ്റ് എന്നിവയടക്കമുള്ള നിരവധി മാധ്യമങ്ങള്‍ ഇപ്പോള്‍ തുടര്‍ച്ചയായി ഈ വിഷയത്തില്‍ ഫാക്റ്റ് ചെക്കുകള്‍ നടത്തുന്നുണ്ട്. സ്വതന്ത്രവും, നിഷ്പക്ഷവുമായ ഇത്തരം അന്വേഷണങ്ങളിലാണ്, ഹമാസിന്റെ തനി നിറം വെളിപ്പെടാറുള്ളത്.
ആശുപത്രികള്‍ ആക്രമിക്കുന്നതെന്തിന്?
കേരളത്തിലടക്കം മാധ്യമങ്ങള്‍ അടക്കം വലിയ രീതിയില്‍ പ്രചരിപ്പിക്കുന്ന കാര്യമാണ് ഇസ്രയേല്‍ ആശുപത്രികള്‍ ആക്രമിച്ച് സ്ത്രീകളെയും കുട്ടികളെയുംവരെ കൊല്ലുന്നുവെന്നത്. ആശുപത്രികള്‍ ആക്രമിച്ചാല്‍ ലോക വ്യാപകമായി ഇസ്രയേലിന് എതിരെ വികാരം ഉയരുകയാണ് ഉണ്ടാവുകയെന്ന് സമാന്യബുദ്ധിയുള്ള ആര്‍ക്കും അറിയാം. അതുകൊണ്ടുതന്നെ ഒരു സേനയും സ്വാഭാവികമായ രീതിയില്‍ അത് ചെയ്യില്ല. പക്ഷേ ഗസ്സന്‍ മെട്രോ എന്ന് വിളിക്കുന്ന, ഡല്‍ഹി മേട്രായേക്കാളും വലിയ തുരങ്കങ്ങളുള്ള ഗസ്സയില്‍, പല തുരങ്കങ്ങളും കിടക്കുന്ന ആശുപത്രികള്‍ക്ക് അടിയിലാണ്. അവിടെനിന്ന് ഹമാസ് റോക്കറ്റ് ആക്രമണം നടത്തുമ്പോള്‍, ഇസ്രയേലിന്റെ പ്രത്യാക്രമണം മാത്രമാണ് കേരളത്തിലടക്കം വാര്‍ത്തയാവുക.
ഗസ്സയില്‍ ആശുപത്രികള്‍ ഐഡിഎഫ് പലവട്ടം തകര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ വന്ന ആശുപത്രിയാണ് ഖാന്‍ യൂനിസിലെ യൂറോപ്യന്‍ എയ്ഡ് ആശുപത്രി. ഏത് യുദ്ധ സമയത്തും ആശുപത്രികള്‍ പോലുള്ളവ അക്രമിച്ചാല്‍ അത് യുദ്ധ കുറ്റകൃത്യമാകും എന്ന യു എന്‍ തന്നെ വ്യക്തമാക്കുന്നു. ഇപ്പോള്‍ ഈ ആശുപത്രിയും തൊട്ടടുത്തുള്ള നാസര്‍ ആശുപത്രിയും അടച്ചു എന്ന വാര്‍ത്തയും വരുന്നു. പക്ഷേ കൊടും ഭീകരന്‍ യാഹിയാ സിന്‍വാറിന്റെ സഹോദരനായ മുഹമ്മദ് സിന്‍വാറിനെ ഐഡിഎഫ് കൊന്നതും ഇതേ യൂറോപ്യന്‍ എയ്ഡ് ആശുപത്രിയ്ക്ക് താഴെയുള്ള തുരങ്കത്തില്‍ വച്ചാണ് എന്നത് കേരളത്തിലെ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നില്ല! മുഹമ്മദ് സിന്‍വാര്‍ നേരത്തെ ഗസ്സയുടെ സുരക്ഷാച്ചുമതലയുളള അല്‍-മജ്ദ് ന്റെ കമാന്റര്‍ ചീഫ് ആയിരുന്നു. യഹിയ സിന്‍വാര്‍ മരിച്ചതോടെ ഇയാള്‍ അല്‍ കസം സേനയുടെ ചീഫ് കമാന്റിങ്ങ് ഓഫീസറയായി. ജ്യേഷ്ടന്‍ യഹിയാ സിന്‍വാറിന്റെ തടക്കമുള്ള ഭീകരപ്രവര്‍ത്തനങ്ങളുടെ സൂത്രധാരന്‍ മുഹമ്മദ് സിന്‍വാര്‍ ആയിരുന്നു. ഷാഡോ കമാന്‍ഡര്‍ എന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്.
ഒളിച്ചിരിക്കാന്‍ ഇയാള്‍ വിദഗ്ധന്‍ ആയിരുന്നു. എപ്പോഴും സുരക്ഷയ്ക്കായി സിവിലിയന്‍മ്മാരായ സ്ത്രീകളേയും കുട്ടികളേയും, പിടിച്ചു കൊണ്ടുപോയ ബന്ദികളേയും മനുഷ്യകവചമായി മുഹമ്മദ് സിന്‍വാര്‍ ഉപയോഗിച്ചിരുന്നു. അത് കൊണ്ട് തന്നെ ഐഡിഎഫിന് ഇയാളെ കിട്ടിയിരുന്നില്ല. ഗസ്സയിലെ ചെകുത്താന്‍ എന്നും, ഗസ്സയിലെ ബിന്‍ ലാദന്‍ എന്നും ഇയാള്‍ അറിയപ്പെട്ടിരുന്നു. യഹിയാ സിന്‍വാര്‍ അന്താരാഷ്ട്ര വേദികളില്‍ പ്രത്യക്ഷപ്പെട്ട് കരിഷ്മ ഉണ്ടാക്കി എങ്കിലും ഇയാള്‍ അന്തര്‍മുഖനായിരുന്നു. 10/7ന്റെ അടക്കം ആസൂത്രണത്തില്‍ മുഹമ്മദ് മുഖ്യ പങ്ക് വഹിച്ചതിനാല്‍ ഹിറ്റ് ലിസ്റ്റിലെ ആദ്യ പേരുകാരനില്‍ ഒരാളായിരുന്നു ഇയാള്‍. പല സമാധാന ചര്‍ച്ചകള്‍ക്കും ഇയാള്‍ എതിരായിരുന്നു. കാഫിറുകളുമായി ചര്‍ച്ച വേണ്ട എന്ന ഹമാസിന്റെ ഏറ്റവും തീവ്രമായ നിലപാടുകള്‍ ഇയാള്‍ പിന്‍ തുടര്‍ന്നു. ബന്ധി മോചനത്തിന് ഉള്ള ചര്‍ച്ചകള്‍ക്ക് തടസ്സവും മുഹമ്മദ് സിന്‍വാര്‍ ആയിരുന്നു.
ഇയാള്‍, ഖാന്‍ യൂനിസിലെ എയ്ഡ് ആശുപത്രിയിലെ തുരങ്കത്തില്‍ രോഗികളെ മറയായി ഉപയോഗിച്ച് പ്രവര്‍ത്തിച്ചു വരികയായിരുന്നു എന്നാണ് ഇസ്രയേല്‍ സേനയുടെ വീഡിയോ ഉദ്ധരിച്ച് ജറുസലേം പോസ്റ്റ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊല്ലപ്പെടുമ്പോള്‍ തുരങ്കത്തില്‍ മുഹമ്മദ് സിന്‍വാറും, മുഹമ്മദ് ഷബാന എന്ന ഹമാസിന്റെ റഫാഹ് ബ്രിഗേഡിന്റെ കമാന്‍ഡറും, പത്ത് അംഗരക്ഷകരും, ഇവര്‍ ഹ്യൂമന്‍ ഷീല്‍ഡായി ഉപയോഗിച്ചിരുന്ന സ്ത്രീകളും കുട്ടികളും അടക്കം 28 പേര്‍ ഉണ്ടായിരുന്നു. ആശുപത്രികള്‍ അക്രമിക്കരുത് എന്ന യുദ്ധ നിയമം മറയാക്കി ആശുപത്രിയുടെ, അതും യു എന്‍ അടക്കം നിയന്ത്രിക്കുന്ന എയ്ഡ് ആശുപത്രിയില്‍ ഒളിച്ചിരിക്കുകയായിരുന്നു ഈ ഭീകരന്‍!
ഇവിടുത്തെ തുരങ്കത്തിന് ഒരു കിലോമീറ്റര്‍ നീളമുണ്ടായിരുന്നു. അത് തൊട്ടടുത്തുള്ള നാസര്‍ ആശുപത്രിയുമായി ബന്ധിപ്പിച്ചിരുന്നുവെന്ന് വീഡിയോയില്‍ വ്യക്തമാണ്. ഹമാസ് ഭീകരര്‍ ആശുപത്രി പോലുള്ളവ ഉപയോഗിച്ച് സിവിലിയന്‍മ്മാരെ മറയായി ഉപയോഗിച്ച് യുദ്ധം ചെയ്യുന്നു എന്ന ആരോപണത്തിന്റെ ഏറ്റവും പുതിയ തെളിവാണ് മുഹമ്മദ് സിന്‍വാറിന്റെ ഈ മരണം. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ ഇസ്രയേല്‍ ഏകപക്ഷീയമായി ആശുപത്രികള്‍പോലും ആക്രമിക്കയാണെന്നാണ് മലയാള പത്രങ്ങളിലടക്കം വാര്‍ത്ത വരിക.
കഴിഞ്ഞ ആഴ്ച ഗസ്സയിലെ അല്‍-അഹ്ലി ആശുപത്രി ലക്ഷ്യമിട്ട് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഹമാസ് വിപുലമായ പ്രചാരണ തന്ത്രങ്ങള്‍ ഉപയോഗിച്ചു. ഹമാസിന്റെയും വക്താവായ അല്‍-ജസീറ ചാനല്‍, ഒരു ആശുപത്രിയിലെ അഞ്ഞൂറ് പേര്‍ ഇസ്രായേലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് വാര്‍ത്തയാക്കി. അതോടെ കേരള മാധ്യമങ്ങള്‍വരെ ഇത് വാര്‍ത്തയാക്കി. പക്ഷേ യഥാര്‍ത്ഥ്യം അതല്ലായിരുന്നു.
ഹമാസുപോലെയുള്ള മറ്റൊരു തീവ്രവാദ സംഘടനയായ ഇസ്ലാമിക് ജിഹാദ് വിക്ഷേപിച്ച റോക്കറ്റാണ് ആശുപത്രി അപകടം ഉണ്ടാക്കിയത്. സ്ഫോടനത്തിന് തങ്ങള്‍ ഉത്തരവാദികളല്ലെന്ന ഇസ്രായേലിന്റെ വാദത്തെ അമേരിക്ക, ഫ്രാന്‍സ് തുടങ്ങിയ സഖ്യരാജ്യങ്ങള്‍ പരസ്യമായി പിന്തുണച്ചു. ഇതിന് കൃത്യമായ ഡിജിറ്റല്‍ തെളിവുകളുമുണ്ട്.
മറ്റൊരു പ്രധാന കാര്യം, പലപ്പോഴും ഗസ്സയിലെ സാധാരണ ജനങ്ങളെ ഹമാസും ആക്രമിക്കാറുണ്ടെന്നും ആണ്. ഹമാസ് തൊടുത്തുവിട്ട റോക്കറ്റുകള്‍ സിവിലിയന്‍ മേഖലയില്‍ വീഴുന്നതിന്റെ വീഡിയോകളും നിരവധിയുണ്ട്. ഹമാസിന്റെ റോക്കറ്റ് നിര്‍മ്മാണ പരീക്ഷണങ്ങളിലും, നൂറുകണക്കിന് സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പക്ഷേ അതും വാര്‍ത്ത വരിക ഇസ്രയേല്‍ കൊന്നുവെന്ന രീതിയിലാണ്. കഴിഞ്ഞ വര്‍ഷം ഹമാസിന്റെ റോക്കറ്റ് ലക്ഷ്യം തെറ്റി വീണ് ഏഴോളം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മരിച്ചിരുന്നു. അതും ഇസ്രായേലിന്റെ തലയില്‍ ആയി. ഇതില്‍ അന്വോഷണം നടത്തിയ യു എന്‍, ഇത് പിന്നീട് ഹമാസ് റോക്കറ്റ് പതിച്ച് ഉണ്ടായ അപകടമാണ് എന്ന് കണ്ടത്തി. പക്ഷേ ഈ വാര്‍ത്ത വരുമ്പോഴേക്കും ഇസ്രയേലിന്റെ പ്രതിഛായ അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇടിഞ്ഞു കഴിഞ്ഞു.
അഭയാര്‍ത്ഥി ക്യാമ്പുകളില്‍ സംഭവിക്കുന്നത്?
ഫലസ്തീനില്‍ അഭയാര്‍ത്ഥി ക്യാമ്പുകളും യു എന്നിന്റെ ഏജന്‍സികളും പ്രവര്‍ത്തിക്കുന്നുണ്ട്. അതിനെയെല്ലാം ഏകോപിക്കുന്നത് യുഎന്‍ആര്‍ഡബ്ലയുഎ (യുണൈററഡ് നാഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക് ഏജന്‍സി ഫോര്‍ ഫലസ്തീന്‍ റെഫ്യൂജീസ് ഇന്‍ ദ നിയര്‍ ഈസ്റ്റ്) എന്ന ഏജന്‍സിയാണ്. 1949-ല്‍ സ്ഥാപിക്കപ്പെട്ട ഈ സംഘടനയിലുടെയാണ് ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം, താമസം തുടങ്ങിയ അവശ്യസേവനങ്ങള്‍ നല്‍കുന്നു. വേള്‍ഡ് ഫുഡ് പ്രോഗ്രാം അടക്കം ഇതിന് കീഴിലാണ്.
പക്ഷേ ഈ യുഎന്‍ആര്‍ഡബ്ലയുഎ പ്രവര്‍ത്തിക്കുന്നത് ഹമാസിന്റെ കീഴിലാണെന്നത് പലര്‍ക്കും അറിയാത്ത സത്യമാണ്. ഭക്ഷണവിതരണവും, സ്‌ക്കൂളുകള്‍ നടത്തുന്നതും സിലബസ് തയ്യാറാക്കുന്നതും ഹമാസ് ആണ്. ആശുപത്രികള്‍ നടത്തുന്നതും ഇവരാണ്. അവിടെ ഐ സി യു യൂണിറ്റുകള്‍ ഇല്ലങ്കിലും തുരങ്കങ്ങള്‍ ഉണ്ട്. ക്ലാസ് മുറികളും ആശുപത്രികളും ആയുധ പുരകളാണ്. അവിടെ, സാധാരണ ജനങ്ങള്‍ക്കും കുട്ടികള്‍ക്കും ഇടയിലാണ് തീവ്രവാദികള്‍ സുരക്ഷിതത്വം തേടുന്നത്. ഒക്ടോബര്‍ 7 അക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത യുഎന്‍ആര്‍ഡബ്ലയുഎക്കാര്‍ പോലുമുണ്ട്. ഇവരെ യു എന്‍ അന്വേഷണം നടത്തി പരിച്ചുവിട്ടിരിക്കയാണെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎന്‍ നല്‍കുന്ന ഫണ്ട് പോകുന്നത് അഭയാര്‍ത്ഥികളായ ഫലസ്തീനികള്‍ക്ക് അല്ല, മറിച്ച് ഹമാസ് നേതാക്കളുടെ പോക്കറ്റിലേക്കും, ആയുധ നിര്‍മ്മാണ കമ്പനികളുടെ അക്കൗണ്ടുകളിലേക്കുമാണ്.
ഗസ്സയിലെ ജനം പട്ടിണി കിടക്കുമ്പോഴും ഹമാസ് നേതാക്കള്‍ കോടീശ്വരന്‍മ്മാരാവുകയാണ്. എഴുത്തുകാരനും സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റുമായ കെ ടി നിശാന്ത് പെരുമന ഇങ്ങനെ എഴുതുന്നു-''ഹമാസിന്റെ സമ്പത്ത് ഈ വിഷമസന്ധിയിലും എട്ട് മില്യണ്‍ യു എസ് ഡി വരും എന്നാണ് കണക്ക്. ഹമാസിന്റെ പ്രധാന നേതാക്കളുടെ ആര്‍ജിത സ്വത്ത് അതിന്റെ നാല് ഇരട്ടിയോളം വരുമെന്ന് കണക്കാക്കപ്പെടുന്നു. അതായത്, കേരളത്തിലെ ഒരു ജില്ലയുടെ വലിപ്പം പോലും ഇല്ലാത്ത ഗസ്സയുടെ അതിജീവനത്തിനായി ഒരു ബഡ്ജറ്റ് തയ്യാറാക്കിയാല്‍ എവിടെ നിന്നും കടമെടുക്കാതെ തന്നെ കേരളത്തേക്കാള്‍ വലിയ ബജറ്റ് ഉണ്ടാക്കാം. (കേരളത്തിന്റെ ബഡ്ജറ്റ് ഒരു ദശലക്ഷം ഡോളറെ വരു) ഈ പണം ഫലസ്തീനികളുടെ പണമാണ്.''
ഗസ്സയിലെ എയ്ഡ് ട്രക്കുകള്‍ എല്ലാം ഹമാസ് നിയന്ത്രണത്തിലാണ്. ഭക്ഷ്യ വസ്തുക്കള്‍, വസ്ത്രം, മൊബെല്‍ ഫോണുകള്‍, എന്തിന് സിഗററ്റ് പാക്കറ്റുകള്‍ വരെ തട്ടി എടുത്ത് കരിചന്തയില്‍ വില്‍ക്കുകയാണ് ഹമാസിന്റെ രീതി. യുദ്ധം ഇല്ലാത്ത സമയങ്ങളില്‍ ഫലസ്തീനികള്‍ക്ക് യുഎന്‍ നല്‍കിയിരുന്ന പര്‍ച്ചേഴ്സ് കൂപ്പണുകളിലെ പണവും ഒഴുകുന്നത് ഹമാസിന്റെ പോക്കറ്റിലേക്കാണ്. വാളണ്ടിയേഴസ് എന്ന നിലയില്‍ നല്ല ശമ്പളം പറ്റി പ്രവര്‍ത്തിക്കുന്നതും ഹമാസ് ഭീകരര്‍ തന്നെ. ഇപ്പോള്‍, പ്രശ്നബാധിത മേഖലകളിലെ കമ്യൂണിറ്റി കിച്ചനുകളുടെ നിയന്ത്രണവും യു എന്‍ ഏജന്‍സികള്‍ക്കും അതു വഴി ഹമാസിനും തന്നെ. അതായത് ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യവം ഇല്ലാത്തതുകൊണ്ടല്ല ഗസ്സക്കാര്‍ പട്ടിണി കിടക്കുന്നത്. ഹമാസ് അത് അടിച്ചുമാറ്റി സ്വന്തം കീശവീര്‍പ്പിക്കുന്നതുകൊണ്ടാണ്. എന്നിട്ട് അവസാനം എല്ലാറ്റിന്റെയും കുറ്റം വന്ന് വീഴുന്നതാവട്ടെ ഇസ്രയേലിന്റെ ചുമലിലുമാണ്.
യുറോപ്പ്യന്‍ യൂണിയന്‍ ഗസ്സയിലെ കുട്ടികള്‍ക്ക് കുടിവെള്ളത്തിന് നൂറു മില്യന്‍ യൂറോയുടെ പൈപ്പുകള്‍ കൊടുത്തിരുന്നു. ഹമാസ് അത് കുഴിച്ചെടുത്ത് യഹുദനുനേരെ റോക്കറ്റ് വിടാന്‍ ഉപയോഗിക്കുന്നു. ഇത് അവരുടെ തന്നെ പ്രൊപ്പഗണ്ട വീഡിയോ വഴി അവര്‍ അവകാശപ്പെട്ടതാണ്. തങ്ങളുടെ കുഞ്ഞുങ്ങള്‍ വെള്ളം കുടിച്ചില്ലെങ്കിലും, യഹൂദനിട്ട് പണി കൊടുക്കണം!
മരണക്കണക്കിലും കള്ളക്കളി
ഗസ്സയിലെ മരണസംഖ്യയുമായി ബന്ധപ്പെട്ടോക്കെ ലോക വ്യാപകമായി മാധ്യമങ്ങള്‍ വാര്‍ത്ത കൊടുക്കാറുള്ളത്് ഗസ്സ ആരോഗ്യമന്ത്രാലയത്തില്‍നിന്ന് കിട്ടുന്ന വിവരങ്ങള്‍ അനുസരിച്ചയാണ്. ഇത് യുഎന്‍ നിയന്ത്രിക്കുന്ന നിഷ്പക്ഷ ഏജന്‍സിയാണെന്നാണ് പലരുടെയും ധാരണ. ഇവരെ ഉദ്ധരിച്ച് വസ്തുതാവിരുദ്ധമായ പ്രചാരണം നടത്തിയവരില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വരെ ഉണ്ട്. വാസ്തവത്തില്‍, ഗസ്സന്‍ ആരോഗ്യ മന്ത്രാലയം എന്ന എംഒഎച്ച്, ഹമാസിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ്. ഫലസ്തീന്‍ അതോറിറ്റിയുടെ ഫത്താ വിഭാഗവുമായുള്ള ഏറ്റുമുട്ടലുകളെത്തുടര്‍ന്ന് ഗാസ മുനമ്പിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം 2007-ല്‍ ഹമാസാണ് ഇത് സ്ഥാപിച്ചത്. തുടര്‍ന്ന് ആരോഗ്യ മന്ത്രാലയത്തില്‍ ഉള്‍പ്പെടെ പൊതു വകുപ്പുകളില്‍ നിയമിക്കപ്പെട്ട എല്ലാവരുടെയും ശമ്പളം ഗാസ്സയിലെ ഹമാസ് ഭരിക്കുന്ന സര്‍ക്കാരാണ് നല്‍കുന്നത്. അതിനുമുമ്പ് നിയമിക്കപ്പെട്ടവര്‍ക്ക് ഇപ്പോഴും ഫലസ്തീന്‍ അതോറിറ്റിയാണ് ശമ്പളം നല്‍കുന്നത്.
ഗസ്സന്‍ ആരോഗ്യ മന്ത്രാലയം നല്‍കുന്ന പല കണക്കുകളും തെറ്റിദ്ധാരണാജനകവും, പെരുപ്പിച്ചതുമാണ്. 2024 ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള ഗസ്സ യുദ്ധ മരണങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സൂക്ഷ്മമായി വിശകലനം ചെയ്ത ഒരു കൂട്ടം അന്താരാഷ്ട്ര വിദഗ്ധരാണ് ഇക്കാര്യം കണ്ടെത്തിയത്. ഇത് ജറുസലേം പോസ്റ്റും ടെലഗ്രാഫും അടക്കമുള്ള മാധ്യമങ്ങള്‍ വിശദമായി കൊടുത്തിട്ടുണ്ട്. പ്രധാന ഇംഗ്ലീഷ് പത്രങ്ങളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നുമുള്ള 1,378 ലേഖനങ്ങള്‍ അവര്‍ പരിശോധിച്ചു.ആ നാല് മാസ കാലയളവില്‍, ആ പ്രസിദ്ധീകരണങ്ങളില്‍ 84 ശതമാനത്തിലും, സെനിക മരണങ്ങളും സിവിലിയന്‍ മരണങ്ങളും തമ്മിലുള്ള നിര്‍ണായക വ്യത്യാസങ്ങള്‍ കണ്ടത്തി.
സര്‍വേയില്‍ പങ്കെടുത്ത മാധ്യമ സ്ഥാപനങ്ങളില്‍ 5 ശതമാനം പേര്‍ മാത്രമാണ് ഇസ്രായേല്‍ അധികൃതര്‍ പുറത്തുവിട്ട കണക്കുകള്‍ ഉദ്ധരിച്ചത്. അതേസമയം 98 ശതമാനവും ഹമാസ് നടത്തുന്ന ഗസ്സ ആരോഗ്യ മന്ത്രാലയം നല്‍കിയ മരണ സംഖ്യകളെ ഉദ്ധരിച്ചു. പരിശോധിച്ച 19 ശതമാനം മാധ്യമ റിപ്പോര്‍ട്ടുകളിലും, ഹമാസ് നടത്തുന്ന സ്ഥാപനങ്ങള്‍ നല്‍കിയ കണക്കുകള്‍ ഒരു ഉറവിടവും ഉദ്ധരിക്കാതെയാണ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. സ്വാഭാവിക മരണങ്ങള്‍, ഈ സംഘര്‍ഷം ആരംഭിക്കുന്നതിന് മുമ്പുള്ള മരണങ്ങള്‍, ഹമാസിനാല്‍ കൊല്ലപ്പെട്ടവരുടെ മരണങ്ങള്‍ എന്നിവ ഈ കണക്കുകള്‍ക്ക് പിന്നിലുണ്ട്. ഹമാസ് ഭീകരരുടെ മരണങ്ങളെക്കുറിച്ച് ഇതില്‍ പരാമര്‍ശമില്ല. കൊല്ലപ്പെട്ട സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം ഇത് അമിതമായി കാണിച്ചിരുന്നു എന്ന് കണ്ടത്തി.
മന്ത്രാലയത്തിന്റെ മരണ പട്ടികയില്‍ ഗുരുതരമായ പിശകുകള്‍ കണ്ടെത്തിയിട്ടുണ്ട്. പലപ്പോഴും കുട്ടികള്‍ മരിച്ചുവെന്ന കൂടുതല്‍ കണക്കുകിട്ടാന്‍ മരിച്ചവരുടെ പ്രായം തിരുത്തിയാണ്, ഹമാസ് വിവരങ്ങള്‍ പുറത്തുവിടുക. 22 വയസ്സുകാരിയെ നാലുവയസ്സുകാരിയാക്കിയും, 31 വയസ്സുള്ള സ്ത്രീയെ ഒരു വയസ്സുകാരിയാക്കിയും, മരിച്ച പുരുഷന്‍മ്മാരെ സ്ത്രീകളാക്കിയുമാണ് പലപ്പോഴും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊല്ലപ്പെട്ട സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം കൃത്രിമമായി വര്‍ദ്ധിപ്പിക്കയാണ് ഹമാസ് ചെയ്യുന്നത്. യുദ്ധത്തിന് മുമ്പ് മരിച്ചവരും, ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ മരിച്ചവരുമെല്ലാം ഇസ്രായേല്‍ കൊന്നതാക്കിയാണ് കണക്ക് വരിക.
കാന്‍സര്‍ രോഗികളുള്‍പ്പെടെ പ്രതിവര്‍ഷം ഏകദേശം 5,000 സ്വാഭാവിക മരണങ്ങളും ഇതില്‍ ഉള്‍പ്പെടാം. അതും ഇസ്രായേല്‍ കൊന്നതാക്കി മാറ്റി. യു എന്‍ എയ്ഡ്, യൂറോപ്യന്‍ എയ്ഡ് ആശുപത്രികളില്‍ പോലും നടന്ന ആയിരക്കണക്കിന് സ്വാഭാവിക മരണങ്ങളും, നൂറ് കണക്കിന് റോഡ് ആക്സിഡന്റുകളും, പ്രകൃതി ദുരന്തങ്ങളും, എന്തിന് മുങ്ങി മരണങ്ങളും വരെ ഇസ്രായേലിന്റെ അക്കൗണ്ടിലാണ് വരുന്നത്. മാത്രമല്ല 20,000-ത്തിലധികം ഹമാസ് തീവ്രവാദികള്‍ ഗസ്സയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതും സിവിലിയന്‍സിന്റെ അക്കൗണ്ടിലാണ് വരിക. വെസ്റ്റ് ബാങ്കിലെ റാമല്ല ആസ്ഥാനമായുള്ള ഫലസ്തീന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് അവതരിപ്പിച്ച പ്രസക്തമായ മരണനിരക്ക് ഡാറ്റയില്‍ നിന്നാണ് ഗസ്സയിലെ യുദ്ധത്തിനു മുമ്പുള്ള സ്വാഭാവിക മരണനിരക്ക് കണക്ക് എടുത്തത്. നേരത്തെ ബന്ദികളുടെ മോചന സമയത്ത്, ഇസ്രയേല്‍ ബന്ദിയുടെ മൃതദേഹം എന്ന നിലയില്‍, ഗസ്സന്‍ സ്ത്രീയുടെ മൃതദേഹം നല്‍കി ഹമാസ് കബളിപ്പിച്ചതും, ഇതിനെതിരെ നെതന്യാഹു രൂക്ഷമായി പ്രതികരിച്ചതും ഓര്‍ക്കണം.
ഫണ്ട് വകമാറ്റി തുരങ്ക നിര്‍മ്മാണം
ഒരുവര്‍ഷം മുമ്പ്വരേക്കും, ഗസ്സയില്‍ ഏറ്റവും എളുപ്പത്തില്‍ ആര്‍ക്കും കിട്ടാവുന്ന ഒരു ജോലി എന്താണെന്ന് ചോദിച്ചാല്‍ അത് തുരങ്ക നിര്‍മ്മാണം മാത്രമാണ്. ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്കുപോലും ഗസ്സയില്‍ വന്നാല്‍ യാതൊരു ജോലിയുമില്ല. പിന്നെ അവര്‍ക്ക് ചെയ്യാന്‍ കഴിയുന്നത്, ഒരു പിക്കാസുമെടുത്ത്, ഗസ്സക്കുള്ളില്‍ ഹമാസ് സൃഷ്ടിച്ച അധോലോകത്തിന്റെ പണിയില്‍ പങ്കാളികളാവുക എന്നതാണ്. ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികള്‍ അയക്കുന്ന പണത്തിന്റെ ഒരു വലിയ ഭാഗം ഹമാസ് ഉപയോഗിക്കുന്നത്, ഈ തുരങ്ക നിര്‍മ്മാണത്തിനാണ്.
വൈദ്യുതിക്കും വെള്ളത്തിനും ഇസ്രയേലിനെയാണ് ഗസ്സ നിവാസികള്‍ ആശ്രയിച്ചിരുന്നത്. ഹമാസ് ആക്രമണം കടുപ്പിച്ചതോടെ അതും നിലച്ചു. ഒപ്പം ഗസ്സയിലേക്കുള്ള ചരക്കുകളുടെ വരവുംപോക്കും. പട്ടിണിയും മരണഭയവും മാത്രം മുതല്‍ക്കൂട്ടായ ഗസ്സയിലെ സാധാരണക്കാര്‍ ദുരന്തമുഖത്ത് വലഞ്ഞു. നേരായ മാര്‍ഗത്തിലൂടെയുള്ള അതിര്‍ത്തി അടയ്ക്കപ്പെട്ടപ്പോള്‍ രഹസ്യമായി പ്രവര്‍ത്തിച്ച ഭൂഗര്‍ഭതുരങ്കങ്ങളായിരുന്നു പിന്നീട് ഗസ്സ നിവാസികളെ ഊട്ടിയത്. മനുഷ്യാവകാശ സംഘടനകളെത്തിച്ച ചെറിയ അളവിലുള്ള ഭക്ഷണം ഗസ്സക്കാര്‍ക്ക് തികയുമായിരുന്നില്ല. അതിനാല്‍ ഈജിപ്ഷ്യന്‍ അതിര്‍ത്തിയില്‍ നിന്ന് ഗസ്സയിലേക്കും ഗസ്സയില്‍നിന്ന് ഇസ്രയേലിലേക്കും രഹസ്യമായി ഭൂഗര്‍ഭ തുരങ്കങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു. 2007 മുതല്‍ 2013 വരെയുള്ള കാലയളവില്‍ റഫാ അതിര്‍ത്തിമേഖലയില്‍ 1600-ഓളം തുരങ്കങ്ങള്‍ പ്രവര്‍ത്തിച്ചെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്.
തുരങ്കത്തിന്റെ പ്രവേശനമുഖം പലപ്പോഴും അതിര്‍ത്തിയിലെ വീടുകള്‍ക്കുള്ളിലായിരിക്കും. ഭക്ഷണം, ഇന്ധനം, മരുന്ന്, ഇലക്ട്രോണിക്‌സ്, നിര്‍മ്മാണസാമഗ്രികള്‍ തുടങ്ങിയവ ഫലസ്തീനികള്‍ക്ക് ലഭ്യമായത് ഇങ്ങനെയാണ്. ഒരു കള്ളക്കടത്തുശൃംഖല പോലെ തുരങ്കവ്യാപാരം ശക്തി പ്രാപിക്കുകയും ചെയ്തു. ചരക്കുകള്‍ക്കുപുറമെ, ഇറാന്‍, സിറിയ എന്നിവിടങ്ങളില്‍നിന്ന് റോക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും തുരങ്കങ്ങള്‍ വഴിയെത്തി. ഇപ്പോള്‍ ഇസായലിന്റെ ഞെട്ടിച്ച ഒക്്േടാബര്‍ ആക്രമണത്തിന് വഴിയിട്ടതും തുരങ്കങ്ങളിലൂടെ എത്തിയ ആധുധങ്ങളാണ്. അതേസമയം, ഇസ്രയേലും ഈജിപ്തും തുരങ്കങ്ങള്‍ തകര്‍ക്കാന്‍ പലവിധ ശ്രമങ്ങള്‍ നടത്തി. 2009-ല്‍ റഫാ അതിര്‍ത്തിയില്‍ ഇസ്രയേല്‍ ബോംബാക്രമണങ്ങള്‍ നടത്തി. 2010-ല്‍ തുരങ്കത്തിലൂടെ ഈജിപ്ത് രഹസ്യവാതകം കടത്തിവിട്ടത് ഏതാനും ഫലസ്തീനികളുടെ മരണത്തിലേക്ക് നയിച്ചു. 2013-ഓടെ 1600-ഓളം ടണലുകള്‍ ഈജിപ്തിലെ അല്‍ സീസി സര്‍ക്കാര്‍ നശിപ്പിച്ചു. ഇസ്രയേലിന്റെ ശുപാര്‍ശപ്രകാരം മെഡിറ്ററേനിയന്‍ കടലില്‍നിന്ന് ടണലുകളിലേക്ക് വെള്ളം പമ്പ് ചെയ്യുകയായിരുന്നു സൈന്യം സ്വീകരിച്ച മറ്റൊരു വഴി. ഇത് മേഖലയെ വലിയ പാരിസ്ഥിതികപ്രശ്‌നങ്ങളിലേക്ക് നയിച്ചു. ഇതിനെല്ലാം പുറമെ, ടണലുകള്‍ പ്രവര്‍ത്തിച്ച റഫാ അതിര്‍ത്തിയില്‍ ഈജിപ്തും കിലോ മീറ്ററോളം ബഫര്‍സോണുണ്ടാക്കി. എന്നിട്ടും ഈ തുരങ്കത്തിലൂടെ ഭക്ഷണവും മരുന്നുമാത്രമല്ല, ആയുധവും എത്തി.
തുരങ്കചുങ്കം കൂട്ടിയും ഹമാസ് വന്‍ തുക സമ്പാദിച്ചിരുന്നു. ഉദാഹരണമായി 10 രൂപയുടെ ഒരു പേസ്റ്റ് ഗസ്സക്ക് സഹായമായി ഒരു സംഘടന നല്‍കിയെന്ന് ഇരിക്കട്ടെ. ഹമാസ് അതില്‍ 200 ശതമാനം നികുതി ചുമത്തി 30 രൂപക്കാണ് ഗസ്സക്കാര്‍ക്ക് നല്‍കുക! അതുപോലെ വ്യാപാരികള്‍ക്കുമുണ്ട് നികുതി. ചെക്ക് പോസ്റ്റില്‍ തീരുവയുണ്ട്. അതുപോലെ പലയടിത്തുനിന്നുമായി കൊള്ളയിടിച്ചച് കിട്ടുന്ന സാധാനങ്ങളും ഹമാസ് വലിയ വിലക്ക് വില്‍ക്കും. പക്ഷേ ഇപ്പോള്‍ പറ്റിയത്, ഇസ്രയേലിന്റെ കടുത്ത ആക്രമണത്തില്‍ ഈ തുരങ്കങ്ങളില്‍ ഏറെയും തകര്‍ന്നു. ചെക്ക്പോസ്റ്റുകള്‍ തകര്‍ന്നു. അതോടെ കോടിക്കണിക്കന് രൂപയുടെ വരുമാനം ഒറ്റയടിക്ക് ഇല്ലാതായി. ഗസ്സയിലെ ഏറ്റവും എളുപ്പത്തില്‍ യുവാക്കള്‍ക്ക് ജോലി കിട്ടാനുള്ള ഒരു മാര്‍ഗം അവസാനിച്ചിരിക്കയാണ്.
പക്ഷേ ഈ തുരങ്കങ്ങളൊയൊക്കെ തങ്ങളുടെ പ്രതിരോധത്തിന്റെ ഭാഗമായാണ് ഹമാസ് ചിത്രീകരിക്കുക. അവുടെ പ്രൊപ്പഗന്‍ഡാ മാധ്യമങ്ങള്‍ വഴി അത് കേരളത്തിലുമെത്തുന്നു. സത്യത്തില്‍ ഗസ്സക്കാര്‍ക്ക് ഭക്ഷണത്തിനും കുടിവെള്ളത്തിനും കൊടുക്കുന്ന പണമാണ് ഇങ്ങനെ ഭീകരതക്ക് വേണ്ടി ചെലവിടുന്നത്. ചുരക്കിപ്പറഞ്ഞാല്‍, ഗസ്സയുടെ ശാപം ഇന്ന് ഹമാസ് ആണെന്നതിന് യാതൊരു സംശയവുമില്ല.
വാല്‍ക്കഷ്ണം: അതുപോലെ തങ്ങളുടെ പ്രതിഛായ നിലനിര്‍ത്താന്‍ കഴിയുന്ന കൃത്യമായ പ്രൊപ്പഗന്‍ഡ ക്യാമ്പയിനും ഹമാസ് ശ്രമിക്കാറുണ്ട്. പരിക്കേറ്റതായി ഒരു ഇസ്രായേലി ബന്ദിക്ക് വൈദ്യസഹായം ലഭിക്കുന്നത് കാണിക്കുന്ന ഒരു വീഡിയോ ഹമാസ് പ്രചരിപ്പിച്ചിരുന്നു. തടവുകാരെ തങ്ങള്‍ നന്നായി പരിപാലിക്കുന്നുണ്ടെന്ന് കാണിക്കാനുള്ള ശ്രമമായിരുന്നു അത്. പക്ഷേ ബന്ദികളായി തുരങ്കത്തില്‍ കഴിഞ്ഞവര്‍ക്ക് പറയാനുള്ളത് മറ്റൊരു കഥയായിരുന്നു. ഏത് നിമിഷവും കൊല്ലപ്പെടുമെന്ന ഭീതിയില്‍ കഴിഞ്ഞതും, ഹമാസുകാരുടെ മയക്കുമരുന്ന് ഉപയോഗവും, പരിക്കേറ്റവര്‍ക്ക് പച്ച ഇറച്ചിയില്‍ സ്റ്റിച്ചിട്ടുകൊണ്ട് അവര്‍ ചിരിച്ചതുമായ ഭീതിജനകമായ സംഭവങ്ങള്‍. നിങ്ങള്‍ കണ്ടതും കേട്ടതുമല്ല ഹമാസ്, അതിനുമപ്പുറമാണ്. അതൊരു തീവ്രവാദ മനസ്സാണ്!
കടപ്പാട്: ദ ടെലിഗ്രാഫ്, ജറുസലേംപോസ്റ്റ്, റോയിട്ടേഴ്സ് എന്നിവയിലെ ലേഖനങ്ങള്‍.
ഫേസ്ബുക്ക് പോസ്റ്റുകള്‍- നിശാന്ത് കെ ടി പെരുമന