ന്ത്യന്‍ ഇലക്ഷനുകള്‍ക്ക് ഒരു സര്‍വേകള്‍ക്കും പൂര്‍ണ്ണമായി പിടികിട്ടാന്‍ കഴിയാത്ത സങ്കീര്‍ണ്ണതകള്‍ പലപ്പോഴുമുണ്ട്. അതുതന്നെയാണ് ഇത്തവണ ഹരിയാനയിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പിലും സംഭവിച്ചത്. എക്‌സിറ്റ് പോളിനെ വിശ്വസിച്ച് രാവിലെ മുതല്‍ ആഘോഷം തുടങ്ങിയ കോണ്‍ഗ്രസിന് ഹരിയാന നല്‍കിയത് ഹരിക്കേന്‍ ചുഴലിക്ക് സമാനമായ ഷോക്കാണ്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ പോലെ എല്ലാ ദേശീയ മാധ്യമങ്ങളും തുടക്കത്തില്‍ കോണ്‍ഗ്രസിന് വമ്പന്‍ ലീഡ് നല്‍കി. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകള്‍ വന്നതോടെ, ' ബിജെപി തോറ്റമ്പിയെന്ന്' നാവാട്ടം നടത്തിയിരുന്ന കേരളത്തിലെ ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍വരെ അമ്പരന്നു. മൂന്നാം തവണയും അധികാരത്തിലേറി, ഹരിയാനയില്‍ ബിജെപി ചരിത്രം കുറിച്ചു.

തികച്ചും അപ്രതീക്ഷിതമായിരുന്നു ബിജെപിയുടെ ഈ നേട്ടം. പ്രശ്നങ്ങളുടെ നടുക്കടലിലാണ് അവര്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. കര്‍ഷക സമരം, ഗുസ്തി താരങ്ങളുടെ സമരം, സീറ്റ് നിഷേധിച്ചതിനു പിന്നാലെ സ്വതന്ത്രരായി മത്സരത്തിനിറങ്ങിയ വിമത സ്ഥാനാര്‍ഥികള്‍, തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ജെജെപി സഖ്യം വിട്ടത്.. അങ്ങനെ പോവുന്ന പ്രശ്നങ്ങളുടെ നീണ്ട ലിസ്റ്റ്. ജാട്ട് സമുദായത്തിന് ഏറെ പ്രാതിനിധ്യമുള്ള ഹരിയാനയില്‍ ജാട്ടു കക്ഷികളില്‍ ഒന്നിന്റെയും പിന്തുണയില്ലാതെ മത്സരത്തിന് ഇറങ്ങിയത് ബിജെപിക്ക് തിരിച്ചടിയാകുമെന്നായിരുന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി. പത്തുവര്‍ഷം തുടര്‍ച്ചയായി ഭരിച്ചതിന്റെ ഭരണവിരുദ്ധ വികാരം ഒരു ഭാഗത്ത്. ഇതോടെ കോണ്‍ഗ്രസ് നേതാക്കാള്‍ അനായാസ ജയമാണ് പ്രതീക്ഷിച്ചത്. പക്ഷേ ഫലം വന്നപ്പോള്‍ എല്ലാവരും ഞെട്ടി. ദല്‍ഹിയില്‍, മോദിയുടെ മൂക്കിന് താഴെയുള്ള സംസ്ഥാനത്ത് അധികാരം പിടിക്കുക വഴി, മോദി പ്രഭാവം മങ്ങിയെന്ന ദേശീയ കാമ്പയിനുള്ള അവസരമാണ് കോണ്‍ഗ്രസ് നഷ്ടപ്പെടുത്തിയത്.

ഇതിന് ഇടയാക്കിയതാവട്ടെ, കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹുഡയുടെ ചെയ്തികള്‍ ആണെന്നാണ് പൊതുവെ വിമര്‍ശനം ഉയരുന്നത്. ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യം തകര്‍ത്തതും, മകനെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിയതും, അന്ധമായ ജാട്ട് വികാരത്തിലുടെ മറ്റ് സമുദായക്കരുടെ വോട്ടുകള്‍ എതിരാക്കിയതും, ഹുഡയുടെ ഒറ്റ പരിപാടിയാണെന്നാണ് വിമര്‍ശനം. ഫലം പുറത്തുവന്നതോടെ ഹുഡ ഹരിയാനയിലെ രാഷ്ട്രീയ വില്ലനായിരിക്കയാണ്.

ബാപ്പു ബേട്ട പാര്‍ട്ടി

2002-ല്‍ കോണ്‍ഗ്രസില്‍ ഗാന്ധി കുടുംബത്തിന്റെ ആധിപത്യം ചോദ്യം ചെയ്തുകൊണ്ട് രംഗത്തിറങ്ങിയ തിരുത്തല്‍ വാദികളെ ഓര്‍മ്മയില്ലേ? ഡല്‍ഹിയില്‍ ഗുലാംനബി ആസാദ് അടക്കമുള്ളവര്‍ അന്ന് യോഗം ചേര്‍ന്നത് കബില്‍ സിബലിന്റെ വസതിയിലാണ്. അന്ന് ആ സംഘത്തിലെ പ്രമുഖ നേതാവാണ് ഇന്ന് അതേ കുടുംബാധിപത്യം നടപ്പാക്കുന്ന ഭൂപീന്ദര്‍ ഹുഡ. ഹരിയാന കോണ്‍ഗ്രസ് എന്നാല്‍ 'ബാപ്പു- ബേട്ട പാര്‍ട്ടി' എന്നാണ് അറിയപ്പെടുന്നത്. അതായത്, ഹൂഡയുടെ കുടുംബത്തിലേക്ക് കോണ്‍ഗ്രസ് സംസ്ഥാന ഘടകമാകെ ചുരുങ്ങിയ അവസ്ഥ.




മകന്‍ ദീപേന്ദര്‍ ഹൂഡയാണ് പാര്‍ട്ടിയിലെ രണ്ടാമന്‍. അദ്ദേഹം തന്നെയാണ് ഭാവി മുഖ്യമന്ത്രിയെന്നും അടക്കം പറച്ചിലുകള്‍ ഉണ്ടായിരുന്നു. അതിനുതക്കവണ്ണം, ദീപേന്ദറിനെ അച്ഛന്‍ വളര്‍ത്തിയെടുത്തിട്ടുമുണ്ട്. നാലുതവണ റോഹ്തക്കില്‍നിന്നുള്ള എം.പിയായിരുന്നു ദീപേന്ദര്‍. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷത്തിനു തൊട്ടുപുറകേയുള്ള ഏറ്റവും കൂടിയ ഭൂരിപക്ഷമാണ് ദീപേന്ദര്‍ നേടിയത്. തെരഞ്ഞെടുപ്പിനുമുമ്പ് തൊഴിലില്ലായ്മ, അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റിലെ പ്രശ്‌നങ്ങള്‍ എന്നീ വിഷയങ്ങളുയര്‍ത്തി ദീപിന്ദറിന്റെ നേതൃത്വത്തില്‍ ഒരു യാത്രയും സംഘടിപ്പിച്ചിരുന്നു. ഇതിനും വലിയ ജന പിന്തുണ കിട്ടിയിരുന്നു.

ദീപേന്ദര്‍ സിങ് ഹൂഡയെ നായകത്വം ഏല്‍പിക്കണമെന്ന നിലപാടിനെതിരെ പാര്‍ട്ടിയില്‍ പരസ്യമായ കലാപമുണ്ടായിരുന്നു. അതൃപ്തി പ്രകടമാക്കിയ എഐസിസി ജനറല്‍ സെക്രട്ടറിയും പാര്‍ട്ടിയുടെ ദലിത് മുഖവുമായ കുമാരി സെല്‍ജ എം പി രംഗത്ത് എത്തിയിരുന്നു. ഇവരുടെ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം കോണ്‍ഗ്രസിന് എതിരായിരുന്നു. രാജ്യസഭാ എം പിയും തീപ്പൊരി പ്രാസംഗികനുമായ രണ്‍ദീപ് സിങ് സുര്‍ജേവാലയുടെ നേതൃത്വത്തില്‍ മറ്റൊരു ഗ്രൂപ്പും ഹുഡക്ക് എതിരെ ഉണ്ടായിരുന്നു. ഫലത്തില്‍ ഇവരൊക്കെ കോണ്‍ഗ്രസിന്റെ അടിത്തമാന്തുകയാണ് ഉണ്ടായത്. ഹുഡയുടെ അഹങ്കാരമാണ് തിരിച്ചടിക്ക് കാരണമായതെന്ന് ഇപ്പോള്‍ കോണ്‍ഗ്രസ് ക്യാമ്പുകള്‍ തന്നെ പറയുന്നു.

കോണ്‍ഗ്രസിലും വിമതര്‍ ധാരാളമായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിക്കാന്‍ തീരുമാനിച്ച 13 നേതാക്കളെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. ഈ വോട്ട് കോണ്‍ഗ്രസിന് തിരിച്ചടിയായി. ഹരിയാനയില്‍ ഭരണം തിരിച്ചുപിടിക്കാന്‍ ഏഴ് ഗാരന്റികളടങ്ങിയ പ്രകടനപത്രികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയത്. സ്ത്രീകള്‍ക്ക് പ്രതിമാസം 2,000 രൂപ, 300 യൂണീറ്റ് വരെ സൗജന്യ വൈദ്യുതി തുടങ്ങിയവ ഉള്‍പ്പെടെ കര്‍ഷകരെയും സ്ത്രീകളെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ളതാണ് പ്രകടന പട്ടിക. എന്നാല്‍ ഈ പ്രഖ്യാപനമൊന്നും കോണ്‍ഗ്രസിന് തുണയായില്ല.

ആപ്പ് സഖ്യം പൊളിഞ്ഞത് പ്രശ്നമായി

2022 മുതല്‍ പാര്‍ട്ടി സംസ്ഥാനഘടകം ഹൂഡയുടെ പൂര്‍ണ നിയന്ത്രണത്തിലാണ്. ഇത്തവണ സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യനീക്കത്തില്‍നിന്ന് പിന്മാറുന്നതുവരെയുള്ള തീരുമാനങ്ങള്‍ ഹൂഡ ഒറ്റയ്ക്കുതന്നെയാണ് എടുത്തത് എന്നു പറയാം. സംസ്ഥാനത്ത് സ്വന്തം ആധിപത്യം ഉറപ്പിക്കാനുള്ള ഹൂഡയുടെ നീക്കമാണ് ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യം തകര്‍ത്തതെന്നുവരെ വിമര്‍ശകര്‍ പറയുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- ആപ്പ് സഖ്യം സംസ്ഥാനത്ത് 47.6 ശതമാനം വോട്ട് നേടിയിരുന്നു, ബി.ജെ.പി നേടിയ 46.1 ശതമാനത്തേക്കാള്‍ കൂടുതല്‍. എന്നിട്ടും ആ സഖ്യം നിലനിര്‍ത്തുന്നതില്‍ ഹൂഡ വലിയ താല്‍പര്യം കാട്ടിയില്ല. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആപ്പുമായുള്ള സഖ്യനീക്കത്തിന് കൊണ്ടുപിടിച്ച ശ്രമം നടത്തിയെങ്കിലും അവയെ ഹൂഡ ക്യാമ്പ് നിര്‍വീര്യമാക്കി. വോട്ടുകള്‍ വിഭജിക്കുന്നത് വടക്ക്, മധ്യ മേഖലകളില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്ന ആശങ്കയും ഹൂഡയുടെ വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കിച്ചിരുന്നു. അത് ഇപ്പോള്‍ ശരിയായി. പലയിടത്തും നേരിയ വോട്ടിനാണ് കോണ്‍ഗ്രസ് തോറ്റത്.




ഡല്‍ഹി-പഞ്ചാബ് അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് ഹരിയാന. ഡല്‍ഹിയിലും പഞ്ചാബിലും ആംആദ്മി ഭരണമാണ്. അതുകൊണ്ട് തന്നെ അവിടെ ആംആദ്മി ചലനം പ്രതീക്ഷിച്ചു. പക്ഷേ അവര്‍ക്ക് പത്തു സീറ്റുപോലും നല്‍കാതെ ഹുഡ അപമാനിച്ചു. തുടര്‍ന്നാണ് അവര്‍ ഒറ്റക്ക് മത്സരിച്ചത്. അരവിന്ദ് കെജ്രിവാളിന്റെ ജയില്‍ വാസത്തിലെ രാഷ്ട്രീയ പ്രതികാരവും മുഖ്യമന്ത്രി പദത്തില്‍ നിന്നുള്ള കെജ്രിവാളിന്റെ രാജിയുമൊക്കെ തങ്ങള്‍ക്ക് വോട്ടുകൂട്ടുമെന്ന് ആപ്പ് കരുതി. പക്ഷേ അതുണ്ടായില്ല. വോട്ട് ഭിന്നിച്ചപ്പോള്‍ പലയിടത്തും ബിജെപി ജയിച്ചുകയറി.

എന്‍ഡിഎ, ഇന്ത്യാസഖ്യം എന്നീ മുന്നണികളുടെ ഭാഗമായാണ് ബിജെപിയും കോണ്‍ഗ്രസും മത്സരിച്ചതെങ്കിലും എന്‍ഡിഎ സഖ്യത്തില്‍ 89 സീറ്റുകളിലും ബിജെപിയാണ് മത്സരിച്ചത്, ഒരു സീറ്റില്‍ മാത്രമാണ് ലോക്ഹിത് പാര്‍ട്ടി മത്സരിച്ചത്. ഇന്ത്യാസഖ്യത്തില്‍ കോണ്‍ഗ്രസ് 89 സീറ്റുകളിലും ജനവിധി തേടിയപ്പോള്‍ ഒരു സീറ്റിലാണ് സഖ്യത്തിന്റെ ഭാഗമായ സിപിഎം മത്സരിച്ചത്. ഇതിനു പുറമേ ജെജെപി (ജനനായക് ജനതാ പാര്‍ട്ടി) എഎസ്പി (ആസാദ് സമാജ് പാര്‍ട്ടി) സഖ്യവും ഐഎന്‍എല്‍ഡി- ബിഎസ്പി സഖ്യവുമുണ്ടായിരുന്നു.പരമ്പരാഗത ജാട്ട് പാര്‍ട്ടികളായ ദുഷ്യന്ത് സിങ് ചൗട്ടാലയുടെ ജെജെപിയും ഐഎന്‍എല്‍ഡിയും പ്രധാന മുന്നണികളുമായി സഖ്യത്തിലുമായിരുന്നില്ല. ഇതും വോട്ട് ഭിന്നിക്കാന്‍ ഇടയാക്കി. അതിന്റെ ഗുണ ഫലം ബിജെപിക്ക് കിട്ടുകയും ചെയ്തു.

ജാട്ട്വികാരം കത്തിച്ച നേതാവ്

ഒന്നാന്തരം മതപ്പണിയിലുടെ വളര്‍ന്നുവന്ന നേതാവാണ് ഹുഡ. ജാട്ട് വികാരം കത്തിക്കുന്നതിലുടെയാണ് കക്ഷിക്ക് വോട്ട് കൂടാറ്. 2005 മുതല്‍ 2014 വരെ, തുടര്‍ച്ചയായി രണ്ടു തവണ സംസ്ഥാന മുഖ്യമന്ത്രിയായ ആദ്യ നേതാവാണ്, ഈ 77 കാരന്‍. ജാട്ട് സ്വാധീനമേഖലകളായ റോഹ്തക്, ജഗ്ഗാര്‍, സോണിപത്, ഹിസാര്‍, ജിന്‍ഡ്, പാനിപ്പത് എന്നിവിടങ്ങളില്‍ ഹൂഡക്ക് വന്‍ ജനപിന്തുണയുണ്ട്. ജാട്ട് പിന്തുണയാണ് കഴിഞ്ഞ തവന അഞ്ച് ലോക്‌സഭാ സീറ്റുകള്‍ നേടാന്‍ കോണ്‍ഗ്രസിന് തുണയായത്. ജാട്ട് വോട്ടുബാങ്കിനെ ബി.ജെ.പി ഭരണത്തിനെതിരെ തിരിച്ചുവിടാന്‍ കഴിഞ്ഞതാണ് ഹൂഡയുടെ വിജയസൂത്രം. ഒപ്പം അഴിമതിയും സ്വജനപക്ഷപാതിത്വവും അദ്ദേഹത്തിന്റെ കൂടെപ്പിറപ്പാണ്.

2016-ലെ സംവരണ പ്രക്ഷോഭം, കര്‍ഷക പ്രക്ഷോഭം, ഗുസ്തി താരങ്ങളുടെ പ്രതിഷേധം തുടങ്ങിയവയെല്ലാം ജാട്ട് സമുദായത്തിന്റെ വൈകാരിക വിഷയങ്ങള്‍ കൂടിയായിരുന്നു. അവയെ പരമാവധി മുതലെടുത്ത് ഭരണവിരുദ്ധവികാരമാക്കി മാറ്റാന്‍ ഹൂഡ ശ്രമിച്ചു. മുമ്പ് ജാട്ട് സമുദായ പിന്തുണ കോണ്‍ഗ്രസിന് 33 ശതമാനമായിരുന്നു. കഴിഞ്ഞ തവണ 64 ശതമാനമായി ഉയര്‍ന്നു. സംസ്ഥാനത്തെ 90 നിയമസഭാ മണ്ഡലങ്ങളില്‍ 37 ഇടത്ത് കര്‍ഷക വിഭാഗങ്ങള്‍ക്ക് സ്വാധീനമുണ്ട്.




ഹൂഡയുടെ സര്‍വാധിപത്യം അംഗീകരിച്ചുകൊടുത്താല്‍ ജാട്ട് ഇതര വിഭാഗങ്ങള്‍ക്കിടയില്‍ ധ്രുവീകരണമുണ്ടാകുമെന്ന, പാര്‍ട്ടിയിലെ ഹൂഡ വിരുദ്ധര്‍ പറഞ്ഞുപരത്തിയിരുന്നു. എന്നാല്‍, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒ.ബി.സി വിഭാഗങ്ങളുടെ കൂടി പിന്തുണ നേടിയെടുത്ത്, ഹൂഡ കരുത്തുകാട്ടി. 74 ശതമാനം ഒ.ബി.സി വോട്ട് ലഭിച്ചിരുന്ന ബി.ജെ.പിക്ക് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ലഭിച്ചത് 44 ശതമാനം മാത്രമാണ്. ഒപ്പം, നല്ലൊരു ശതമാനം പട്ടികജാതി വോട്ടും ഹൂഡയ്ക്ക് സ്വന്തമാക്കാനായി. പക്ഷേ ഇത്തവണ കാര്യങ്ങള്‍ തിരിച്ചടിയായി. ഒബിസി വോട്ടുകള്‍ ബിജെപിയിലേക്ക് പോയി. അതിന് ഇടയാക്കിയത് ഹുഡയുടെ അന്ധമായ ജാട്ട് പ്രീണനമായിരുന്നു. ഹൈക്കമാന്‍ഡിനെപ്പോലും അനുസരിക്കാത്ത ധിക്കാരിയായ നേതാവ് എന്ന ഇമേജാണ് ഹുഡക്ക് ഉണ്ടായിരുന്നത്.

2019 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ ബിജെപി 40 സീറ്റുകള്‍ നേടിയിരുന്നു. ബിജെപിയുടെ വോട്ട് വിഹിതം 36.49% ആയിരുന്നു. കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 28.08% , ജെജെപിയുടേത് 14.80%, ഐഎന്‍എല്‍ഡിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്. ഭരണവിരുദ്ധവികാരം തുണയാകുമെന്ന ആത്മവിശ്വാസത്തിലാണ് 2024-ല്‍ കോണ്‍ഗ്രസ് മത്സരത്തിന് എത്തിയത്. ബിജെപിയിലും കോണ്‍ഗ്രസിലും സീറ്റ് ലഭിക്കാത്തവര്‍ വിമതരായി മത്സരിച്ചു. മുഖ്യമന്ത്രി നയാബ് സിങ് സെയ്നി ഉള്‍പ്പെടെ ബിജെപി നേതാക്കള്‍ക്കെതിരെ സ്വതന്ത്രരായി മത്സരിക്കുന്ന വിമത നേതാക്കളെ പാര്‍ടിയില്‍ നിന്ന് ബിജെപി പുറത്താക്കിയിരുന്നു. ഏതായാലും വിമതര്‍ ബിജെപിക്ക് കാര്യമായ വെല്ലുവിളിയായിലെന്ന് ഫലങ്ങള്‍ തെളിയിക്കുന്നു.

രാഷ്ട്രീയ കുടുംബങ്ങളുടെ അന്ത്യം

എന്നും വ്യക്തി - കുടുംബ കേന്ദ്രീകൃതമായ രാഷ്ട്രീയമാണ് ഹരിയാനയിലേത്. ചൗതാല- ബെന്‍സിലാല്‍- ഭജന്‍ലാല്‍ എന്നീ മുന്ന് കുടുംബങ്ങളെയും വെട്ടിക്കൊണ്ടാണ് ആ ഗ്യാപ്പിലേക്ക് ഹുഡ കുടുബം വരുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തെ ബി.ജെ.പി ഭരണവും ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ മുന്നേറ്റവും ഈ പരമ്പാരാഗത ജാട്ട് കുടുംബങ്ങളെ പിന്നോട്ട് അടുപ്പിച്ചു. അപ്പോഴാണ് ജാട്ട് വികാരം ആളിക്കത്തിച്ച് ഹുഡ കളം പിടിച്ചത്. ഈ തോല്‍വിയോടെ ഹുഡ കുടുംബവും അപ്രസക്തവുമെന്നാണ് സൂചന. കാരണം രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ സംസ്ഥാന നേതൃത്വത്തില്‍ ഇനി ശക്തമായി ഇടപെടാന്‍ സാധ്യതയുണ്ട്.




മൂന്‍ ഉപപ്രധാനമന്ത്രിയും രണ്ടു തവണ ഹരിയാന മുഖ്യമന്ത്രിയുയുമായിരുന്നു ദേവിലാലിന്റെ മകന്‍ ഓം പ്രകാശ ചൗതാല കുടുംബത്തിന് അവസാന പിടിവള്ളിയും അറ്റ തിരഞ്ഞെടുപ്പാണ് ഇത്. സംസ്ഥാന രാഷ്ട്രീയത്തില്‍ ഇപ്പോള്‍ അത്ര പിടിയില്ലെങ്കിലും ഈ കുടുംബത്തിലെ അഭയ് ചൗതാല, ദുഷ്യന്ത് ചൗതാല, ദിഗ്വിജയ് ചൗതാല, സുനൈന, അര്‍ജുന്‍, രണ്‍ജീത് സിങ്, അമിതി സിഹാഗ്, ആദിത്യ ചൗതാല എന്നിവര്‍ ദേവിലാലിന്റെയും മകന്‍ ഓംപ്രകാശ് ചൗതാലയുടെയും പൈതൃകത്തിന്റെ അവകാശികളായി മത്സരിച്ചെങ്കിലും മിക്കവരും തോറ്റമ്പി.

ചൗതാല കുടുംബത്തില്‍നിന്ന് രൂപം കൊണ്ട ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍, ജനനായക് ജനതാപാര്‍ട്ടി ,എന്നിവയുടെയും കോണ്‍ഗ്രസിന്റെയും സ്ഥാനാര്‍ഥികളായാണ് കുടുംബാംഗങ്ങളുടെ മത്സരം. പല മണ്ഡലങ്ങളിലും പല പാര്‍ട്ടികളിലായി ചൗതാലക്കാര്‍ നേരിട്ട് മുട്ടുകയാണ്. ചൗതാല കുടുംബത്തിന്റെ സ്വന്തം പാര്‍ട്ടിയായിരുന്നു ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍. ഓം പ്രകാശ് ചൗതാല അഴിമതിക്കേസില്‍ ജയിലിലായതോടെയാണ് മൂത്ത മകന്‍ അഭയ് ചൗതാല പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തത്.

ഇത് പാര്‍ട്ടിയില്‍ കുടുംബകലഹത്തിന് തിരികൊളുത്തി. ചൗതാലയുടെ മറ്റൊരു മകന്‍ അജയ് ചൗതാലയും അദ്ദേഹത്തിന്റെ മകന്‍ ദുഷ്യന്ത് ചൗതാലയും ചേര്‍ന്ന് ജെ.ജെ.പിയുണ്ടാക്കി. ഈ പിളര്‍പ്പാണ് ചൗതാല കുടുംബത്തിന്റെ രാഷ്ട്രീയസ്വാധീനത്തിന് ഇടിവുണ്ടാക്കിയത്. ഇതില്‍ ദുഷ്യന്ത് ചൗതാല മാത്രമായിരുന്നു, നിറഞ്ഞു നിന്നിരുന്നത്. കഴിഞ്ഞ തവണ ബിജെപി സംഖ്യത്തില്‍ ഇയാള്‍ ഉപമുഖ്യമന്ത്രിവരെയായി. പക്ഷേ ബിജെപിയുമായി പിരിഞ്ഞതോടെ പ്രതാപം നഷ്ടമായി. ഈ തിരഞ്ഞെടുപ്പില്‍ ആ കടയും പൂട്ടി. ദുഷ്യന്ത് പിന്നിലാണെന്നാണ് ഏറ്റവും ഒടുവില്‍ കിട്ടുന്ന വിവരങ്ങള്‍.

കേന്ദ്രമന്ത്രിയും മൂന്നു തവണ ഹരിയാന മുഖ്യമന്ത്രിയുമായിരുന്ന ഭജന്‍ലാലിന്റെ കുടുംബവും ഹരിയാന രാഷ്ട്രീയത്തില്‍ ഒന്നുമല്ലാതായിക്കഴിഞ്ഞു. ഭജന്‍ലാലിന്റെ മൂന്ന് അനന്തരാവകാശികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. മകന്‍ ചന്ദര്‍ മോഹന്‍, പേരക്കുട്ടി ഭവ്യ ബിഷ്‌നോയ്, മരുമകന്‍ ദുറ റാം. മൂന്നുപേരും പിന്നാലാണെന്നാണ് വിവരം. മൂന്നു തവണ മുഖ്യമന്ത്രിയും 1984-ലെ രാജീവ് ഗാന്ധി മന്ത്രിസഭയില്‍ റെയില്‍വേ- ഗതാഗത മന്ത്രിയുമായിരുന്ന ബന്‍സിലാലിന്റെ കുടുംബത്തിലെ മൂന്നുപേര്‍ ഇത്തവണ മത്സരിച്ചിരുന്നു. കൊച്ചുമകന്‍ അനിരുദ്ധ് ചൗധരി, മരുമകള്‍ കിരണ്‍ ചൗധരി, ശ്രുതി ചൗധരി, എന്നിവരാണ് അവര്‍. ഈ കുടുംബത്തിനും കാര്യമായ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.




ഹാട്രിക് ജയമെന്ന സ്വപ്നതുല്യമായ നേട്ടത്തിലാണ് ഹരിയാനയില്‍ ബിജെപി. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി നായബ് സിങ് സെയ്നി തന്നെ തുടരാണ് സാധ്യത. അതിനിടെ മുന്‍ ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന നേതാവുമായ അനില്‍ വിജും മുഖ്യമന്ത്രിസ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചേക്കുമെന്ന് കേള്‍ക്കുന്നുണ്ട്. 2014-ല്‍ മനോഹര്‍ ലാല്‍ ഖട്ടറിനെ പാര്‍ട്ടി മുഖ്യമന്ത്രിയാക്കിയപ്പോഴും കഴിഞ്ഞ ഏപ്രിലില്‍ സെയ്നിയെ ചുമതലയേല്‍പ്പിച്ചപ്പോഴും പരിഗണിക്കപ്പെടാതെ പോയതിലെ അതൃപ്തി വിജ് പ്രകടിപ്പിച്ചിട്ടുണ്ട്.

വാല്‍ക്കഷ്ണം: എന്തൊക്കെയായാലും അഴിമതിയും അക്രമവും കൊടികുത്തിവാഴുന്ന കുടുംബ പാര്‍ട്ടികളേക്കാന്‍ എത്രയോ ഭേദമാണ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍. ചൗതാലയുടെ ഭരണകാലത്തൊക്കെ എന്തിലും ഏതിലും അഴിമതിയുടെ വാര്‍ത്തകള്‍ മാത്രമായിരുന്നു ഹരിയാനയില്‍ നിന്ന് കേള്‍ക്കാനുണ്ടായിരുന്നു.