'ലോകത്തെ ഭീതിയിലാഴ്ത്താന്‍ ഇനി ഹസ്സന്‍ നസറുള്ളയ്ക്ക് സാധ്യമാവില്ല'. ഒടുവില്‍ ലബനനില്‍ നിന്ന് ഇസ്രയേല്‍ കാത്തിരുന്ന ആ വാര്‍ത്ത എത്തുകയാണ്. ഇപ്പോള്‍ അവരുടെ ഹിറ്റ് ലിസ്റ്റിലെ ഏറ്റവും മോസ്റ്റ് വാണ്ടഡ് നേതാവായ ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസ്സന്‍ നസറള്ള കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പ്രതിരോധ സേനയായ ഐഡിഎഫ് സ്ഥിരീകരിക്കയാണ്. പേജര്‍ ആക്രമണത്തിലുടെ ഹിസ്ബുളളയെ ഞെട്ടിച്ച ശേഷം ഇസ്രയേല്‍ നടത്തുന്ന ഏറ്റവും വലിയ സൈനിക മുന്നേറ്റമാണിത്. ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയെ ഇറാനില്‍ പോയി കൊലപ്പെടുത്തി ഞെട്ടിച്ച ഇസ്രയേല്‍, തങ്ങളുടെ ശത്രുക്കളെ ഒന്നൊന്നായി അരിഞ്ഞുവീഴ്ത്തിയും ചുട്ടെരിച്ചും ശരിക്കും വിസ്മയമാവുകയാണ്.

ഇറാന്‍ പിന്തുണയോടെ ലെബനനില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയാണ് ഹിസ്ബുള്ള. ഹമാസിന് ഒപ്പം ചേര്‍ത്ത് യഹൂദ രാഷ്ട്രത്തിന്റെ ഉന്മൂലനം ലക്ഷ്യമിട്ട് നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കയാണ് അവര്‍. കഴിഞ്ഞ രണ്ടാഴ്ചയായി ഹിസ്ബുള്ളയെ തീര്‍ക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ആക്രമണങ്ങളിലാണ് ഇസ്രയേല്‍ സൈന്യം. ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെ ആസ്ഥാനം തവിടുപൊടിയായെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തകര്‍ന്ന കെട്ടിടങ്ങളില്‍ ഹിസ്ബുള്ള തലവന്‍ ഹസ്സന്‍ നസറള്ള ഉണ്ടായിരുന്നുവെന്ന് ആദ്യമേ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും, കൊല്ലപ്പെട്ടതായി ലെബനനോ ഹിസ്ബുള്ളയോ ഇസ്രായേലോ സ്ഥിരീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇക്കാര്യം വ്യക്തമാക്കി ഐഡിഎഫ് രംഗത്തെത്തിയത്.

ലോകത്തെ ഭീതിയിലാഴ്ത്താന്‍ ഇനി ഹസ്സന്‍ നസറള്ളയ്ക്ക് സാധ്യമാവില്ലെന്ന കുറിപ്പാണ് ഐഡിഎഫ് എക്സില്‍ പങ്കുവച്ചിരിക്കുന്നത്. കൂടാതെ ഇസ്രായേല്‍ സൈന്യത്തിന്റെ വക്താവ് ലെഫ്. കേണല്‍ നദാവ് ഷോഷാനിയും വാര്‍ത്ത സ്ഥിരീകരിച്ചു. അതോടെ ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയയുടെ കൊലക്കുശേഷം, ആഘോഷിക്കേണ്ട ഒരു മരണം കൂടി യഹൂദരാഷ്ട്രത്തിന് വന്ന് ചേരുകയാണ്.

മധ്യപൂര്‍വദേശത്ത് വലിയ സ്വാധീനമുള്ള നേതാവാണ് നസ്റള്ള. ഇറാനുമായി അടുത്ത ബന്ധമുള്ള നസ്റുള്ളയാണ് ഹിസ്ബുല്ലയെ ഇന്ന് കാണുന്ന തരത്തില്‍ രാഷ്ട്രീയ, സൈനിക സംഘടനയാക്കി മാറ്റിയത്. ഇസ്രയേലിന്റെ വധഭീഷണിയുള്ളതിനാല്‍ പൊതു ചടങ്ങുകളില്‍ വര്‍ഷങ്ങളായി പങ്കെടുക്കാറില്ല. ഹമാസ്, ഇറാഖിലെയും, ഇറാനിയെലും യെമനനിലെയും സായുധ ഗ്രൂപ്പുകള്‍ എന്നിവയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ്. ലെബനീസ് രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായ നസ്റള്ളയാണ് രാജ്യത്തെ സൈന്യത്തേക്കാള്‍ വലിയ സൈനിക ശക്തിയായി ഹിസ്ബുള്ളയെ വളര്‍ത്തിയെടുത്തത്.



മതം പഠിച്ച് ആയുധമെടുത്ത നേതാവ്

നേരത്തെ കൊല്ലപ്പെട്ട ഹമാസ് - ഹിസ്ബള്ള നേതാക്കളെപോലെ തന്നെ മതം പഠിച്ച്, തീവ്രാദിയായ നേതാവാണ്, ദ ജക്കാള്‍ എന്നും ഹിഡന്‍ സാത്താന്‍ എന്നൊക്കെ അപരനാമധേയങ്ങളുള്ള ഹസ്സന്‍ നസറുള്ള. വര്‍ഷങ്ങളായി ഇസ്രയേലിന്റെ നോട്ടപ്പുള്ളിയാണ് ഹിസ്ബുള്ളയുടെ ഈ ബുദ്ധികേന്ദ്രം. മൊബൈല്‍ ഉപയോഗിക്കരുതെന്നും, അത് ഇസ്രയേല്‍ ഹാക്ക് ചെയ്യുമെന്നും നസ്റല്ല പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ്, ഹിസ്ബുള്ള പേജറിലേക്ക് തിരിഞ്ഞത്.

1960-ല്‍ ലബനനിലെ ബെയ്റൂട്ടിലാണ് ജനനം. ദ ഗാര്‍ഡിയന്‍ അടക്കമുള്ള ആഗോള മാധ്യമങ്ങള്‍ പറയുന്നത് പ്രകാരം ബെയ്റൂട്ടിലെ ഒരു പച്ചക്കറികച്ചവടക്കാരന്റെ മകനാണ് നസ്റള്ള. ഒന്‍പത് മക്കളില്‍ മൂത്തവനാണ്. ഈ കുടുംബത്തില്‍ മത തീവ്രവാദത്തിന്റെ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. ക്രിസ്ത്യന്‍ അര്‍മേനിയക്കാര്‍, ഡ്രൂസ്, പലസ്തീനികള്‍ എന്നിവരോടൊപ്പമാണ് വളര്‍ന്നത്. ഒമ്പത് സഹോദരങ്ങള്‍ ഉണ്ട്. പക്ഷേ ക്രമേണ ലബനനിലെ കാര്യങ്ങള്‍ മാറി. ക്രിസ്ത്യന്‍ ഭൂരിപക്ഷമായിരുന്ന രാജ്യത്തേക്ക് മൂന്ന് ലക്ഷത്തോളം ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ എത്തി. പതുക്കെ പതുക്കെ ലെബനന്‍ ഒരു മുസ്ലീം രാഷ്ട്രമായി. അതോടെ അവിടെ തീവ്രവാദത്തിന്റെ തുടക്കവുമായി.

1975-ല്‍ ഷിയ ഗ്രൂപ്പുകളുടെ അമല്‍ മൂവ്മെന്റിന്റെ ഭാഗമായി നസറുള്ള ഇറാഖിലേക്ക് പോയി. അവിടെ വെച്ചാണ് അദ്ദേഹത്തിന് മനം മാറ്റം ഉണ്ടാവുന്നത്. ഇറാഖിലെ നജാഫില്‍ മൂന്ന് വര്‍ഷം അദ്ദേഹം ഇസ്ലാമതം പഠിച്ചെന്നും പറയപ്പെടുന്നു. ഈ സമയത്താണ്, ഹിസ്ബുള്ള സ്ഥാപകന്‍ അബ്ബാസ് അല്‍-മുസാവിയുടെ കണ്ണില്‍ നസറള്ള പെട്ടത്. ഇസ്ലാമത നിഷ്ഠയോടെ ജീവിക്കുന്ന കൗമാരക്കാരനെ മുസാവി തന്റെ കൂടികൂട്ടി വേണ്ടതെല്ലാം നല്‍കി പരിപാലിച്ചു. അങ്ങനെയാണ് അയാള്‍ യഹൂദ വിരോധം ഉള്ളില്‍പേറുന്ന, കറകളഞ്ഞ തീവ്രവാദിയായി പരിഗണിച്ചത്. മതത്തിനുവേണ്ടിയുള്ള ജിഹാദ് ആണ് ഇതെന്നും തന്നെ സ്വര്‍ഗം കാത്തിരിക്കുന്നുവെന്നും, ഒരു സന്ദേശത്തില്‍ നസ്റുള്ള പറഞ്ഞിരുന്നു. മതപഠനത്തിനുശേഷം ലബനനില്‍ തിരിച്ചെത്തി വീണ്ടും അമല്‍ മൂവ്മെന്റിന്റെ ഭാഗമായി. അപ്പോഴേക്കും അയാള്‍ ഒരു ഭീകരനായി പരിണമിക്കപ്പെട്ടിരുന്നു.




ഷിയാ ഐസിസ് എന്ന ഹിസ്ബുള്ള

സുന്നി സംഘടനായാണ് ഐസിസ് എങ്കില്‍, ക്രൂരതുകൊണ്ട് അതിന്റെ ഷിയാ പതിപ്പാണ് ഹിസ്ബുള്ള. ഷിയാ ഐസിസ് എന്ന് അതിനെ ചില മാധ്യമങ്ങള്‍ വിളിക്കുന്നതും അതുകൊണ്ടുതന്നെ. പ്രതിരോധ സേന എന്ന് പറയുന്നുണ്ടെങ്കിലും തീവ്രവാദമാണ് ഹിസ്ബുള്ളയുടെയും മുഖ്യം. അറബ് രാഷ്ട്രങ്ങളുമായുള്ള യുദ്ധങ്ങളില്‍ ഇസ്രയേല്‍ അടിക്കടി ജയിക്കുന്നത് ലബനനിലെ യുവാക്കളെയും മതനേതൃത്വത്തെയും അമ്പരപ്പിച്ചിരുന്നു. അങ്ങനെയാണ് ഹിസ്ബുള്ള രൂപീകരിക്കപ്പെടുന്നത്.

ഷിയാക്കളുടെ സ്വത്വം എന്ന നിലയില്‍, ഇറാനാണ് ആളും അര്‍ത്ഥവും നല്‍കി ഹിസ്ബുള്ളയെ വളര്‍ത്തിയത്. ദൈവത്തിന്റെ സംഘടന എന്നാണ് ഹിസ്ബുള്ള എന്ന വാക്കിന്റെ അര്‍ഥം. ലെബനീസ് ആഭ്യന്തര യുദ്ധത്തിനിടയില്‍ 1982-ലാണ് ഹിസ്ബുള്ള രുപീകരിച്ചത്. ഒരു കൂട്ടം തീവ്ര ഷിയ പുരോഹിതന്മാരാണ് അതിന് നേതൃത്വം കൊടുത്തത്. ഒരു സമയം ഒരു രാഷ്ട്രീയ പാര്‍ട്ടിയും തീവ്രവാദ സംഘടനയുമാണ് ഹിസ്ബുള്ള. ഇന്നും ലബനീസ് പാര്‍ലിമെന്റില്‍ ഹിസ്ബുള്ളക്ക് നിരവധി അംഗങ്ങളുണ്ട്. രാജ്യത്തിന്റെ ഔദ്യോഗിക സൈന്യത്തേക്കാള്‍ കൂടുതല്‍ കരുത്ത് ഹിസ്ബുള്ളയുടെ സൈന്യത്തിനാണ്!

ഹിസ്ബുള്ളക്ക്, ടിവി സ്റ്റേഷനുകളും ക്ലിനിക്കുകളും സ്‌കൂളുകളും ഉള്‍പ്പെടെയുള്ള സേവനങ്ങളുടെ വിപുലമായ ശൃംഖലയും ഇവര്‍ കൈകാര്യം ചെയ്യുന്നു. നിയമവിരുദ്ധവും അല്ലാത്തതുമായ നിരവധി ബിസിനസുകളിലൂടെ കോടിക്കണക്കിന് ഡോളറുകള്‍ ഹിസ്ബുള്ള ഉണ്ടാക്കുന്നുണ്ട്. 1982 മുതല്‍ 2000 വരെ നീണ്ടുനിന്ന ഇസ്രയേലി അധിനിവേശത്തില്‍ നിന്ന് തെക്കന്‍ ലെബനനെ മോചിപ്പിക്കുക എന്ന പ്രത്യക്ഷ ലക്ഷ്യമായിരുന്നു ഹിസ്ബുള്ളയ്ക്ക് ഉണ്ടായിരുന്നത്. അതിനായി ലെബനനിലും ഇസ്രയേലിലും അന്താരാഷ്ട്ര തലത്തിലും നിരവധി രക്തരൂക്ഷിതമായ ആക്രമണങ്ങള്‍ ഹിസ്ബുള്ള നടത്തി. വന്‍തോതിലുള്ള ചാവേര്‍ ആക്രമണങ്ങള്‍ ലോകത്തെ ഞെട്ടിച്ചു. തെക്കന്‍ ബെയ്റൂട്ട്, തെക്കന്‍ ലെബനന്‍, കിഴക്കന്‍ ബെക്കാ താഴ്വര തുടങ്ങി ലെബനനിലെ പ്രധാന ഷിയാ കേന്ദ്രങ്ങളെല്ലാം ഹിസ്ബുല്ലയുടെ നിയന്ത്രണത്തിലാണുള്ളത്. ഭീകരസംഘടനയുടെ പട്ടികയാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഹിസ്ബുള്ളയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഹിസ്ബുള്ളയും ഹമാസും 1980-കളിലാണ് രുപീകരിക്കുന്നത് എങ്കിലും രണ്ടിനും ഒരുപാട് വ്യത്യാസങ്ങളുണ്ട്. ഹമാസ് സുന്നി മുസ്ലീം ബ്രദര്‍ഹുഡ് പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ പങ്കിടുന്ന സംഘടനയാണ്. എന്നാല്‍ ഹിസ്ബുള്ളയുടെ ആശയപരമായ ഉറവ ഇറാനില്‍ നടന്ന ഇസ്ലാമിക വിപ്ലവമാണ്. എങ്കിലും രണ്ടുസംഘടനകളും ദീര്‍ഘകാലമായി സഖ്യ കക്ഷികളാണ്. സിറിയയിലെ ആഭ്യന്തര യുദ്ധകാലത്ത് ബശ്ശാര്‍ അല്‍ അസദിന്റെ സര്‍ക്കാറിനെ പിന്തുണക്കാന്‍ ഹമാസ് വിസമ്മിതച്ചതോടെയാണ് ഇരു സംഘടനകളും അകലുന്നത്. എന്നാല്‍ സംഘടനകളുടെ പ്രതിനിധികളും ഇറാനിയന്‍ സുരക്ഷാ ഉദ്യോഗസ്ഥരും പതിവായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിലുടെ ഇസ്രയേലിനെ നശിപ്പിക്കുക എന്ന പൊതു ലക്ഷ്യത്തിനാണ് ഇവര്‍ പ്രഥമ പരിഗണന നല്‍കിയത്.

ഇന്ന് ആരും ഭയക്കുന്ന സൈനിക ശക്തിയാണ് ഹിസ്ബുള്ള. രാജ്യത്തിനുള്ളില്‍ മറ്റൊരു രാജ്യം എന്ന രീതിയില്‍ അത് മാറിയിരിക്കുന്നു. ലെബനനിലെ പര്‍വതങ്ങളില്‍ സ്‌നൈപ്പര്‍ റൈഫിളുകള്‍, സ്‌കിസ്, സ്‌കിഡൂകള്‍ എന്നിവ ഉപയോഗിച്ച് പോരാളികള്‍ക്ക് പരിശീലനം നല്‍കുന്ന ഹിസ്ബുള്ളയുടെ സമീപകാല വീഡിയോ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. .തെക്കന്‍ ലെബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങള്‍ ആഴത്തിലുള്ള ബങ്കറുകള്‍, തുരങ്കങ്ങള്‍, ഭൂഗര്‍ഭ സംഭരണ ഡിപ്പോകള്‍ എന്നിവയാല്‍ സംരക്ഷിക്കപ്പെടുന്നുവെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

ഹിസ്ബുള്ളയ്ക്ക് ദീര്‍ഘദൂര മിസൈലുകളുടെ വിപുലമായ ശേഖരം ഉണ്ട് എന്നതും നിര്‍ണ്ണായകമാണ്. അത് ഇസ്രയേലില്‍ ഏതാണ്ട് എവിടെയും ആക്രമിക്കാനും അടിസ്ഥാന സൗകര്യങ്ങളെ നശിപ്പിക്കാനും ജനവാസ കേന്ദ്രങ്ങളെ തകര്‍ക്കാനും പ്രതിരോധ കവചങ്ങളെ മറികടക്കാനും സാധിക്കുമെന്ന് കരുതുന്നവരുമുണ്ട.് 2006-ല്‍ ഹിസ്ബുള്ളയും ഇസ്രയേലും 34 ദിവസത്തെ യുദ്ധത്തിലേര്‍പ്പെട്ടിരുന്നു. ഈ യുദ്ധത്തില്‍ ലെബനനില്‍ 1,200-ലധികം പേര്‍ മരിച്ചിരുന്നു.




ഹിസ്ബുള്ളയുടെ നേതൃത്വത്തിലേക്ക്

ലബനനില്‍ ഒതുങ്ങി നിന്ന ഹിസ്ബുള്ള ആഗോള ഭീഷണിയായി മാറിയത് ഹസന്‍ നസറള്ളയുടെ കാലത്താണ്. 1992-ല്‍ മുസാവിയെ ഇസ്രായേല്‍ വധിച്ചതിന് പിന്നാലെയാണ് 32ാം വയസിലാണ് ഹിസ്ബുള്ളയുടെ ഭരണം നസറള്ള ഏറ്റെടുത്തത്. ഹിസ്ബുള്ളയുടെ സായുധ വിഭാഗമായ ജിഹാദ് കൗണ്‍സില്‍ പ്രവര്‍ത്തനവും നസറുള്ള ശക്തമാക്കി. അഞ്ച് വര്‍ഷത്തിന് ശേഷം അമേരിക്ക ഹിസ്ബുള്ളയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചു.

ഇസ്രയേലിനെതിരെ നസ്റുള്ളയുടെ ആദ്യത്തെ തിരിച്ചടി വടക്കന്‍ ഇസ്രയേലില്‍ റോക്കറ്റ് ആക്രമണം നടത്തിയാണ്. കാര്‍ ബോംബ് ആക്രമണത്തില്‍ തുര്‍ക്കിയിലെ ഇസ്രയേല്‍ എംബസിയിലെ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. അര്‍ജന്റീനയിലെ ഇസ്രയേല്‍ എംബസിയിലെ മനുഷ്യബോംബ് സ്ഫോടനത്തില്‍ 29 പേരാണ് കൊല്ലപ്പെട്ടത്. ഹിസ്ബുള്ളയുമായുള്ള ചെറു യുദ്ധത്തില്‍ തെക്കന്‍ ലെബനനില്‍നിന്ന് ഇസ്രയേലിന് പിന്‍മാറേണ്ടി വന്നു. ഇസ്രയേലിന്റെ തിരിച്ചടിയില്‍ നസ്റള്ളയുടെ ഇളയ മകന്‍ കൊല്ലപ്പെട്ടു. മകനെ ഇസ്രായേല്‍ സൈനികര്‍ക്ക് മുന്നില്‍ ഇട്ട് കൊടുത്ത് നസറുള്ള സ്വയം രക്ഷപ്പെട്ടു എന്നും ആരോപണം ഉയര്‍ന്നിരുന്നു. ലെബനന്റെ പഴയ അതിര്‍ത്തികള്‍ പുനഃസ്ഥാപിക്കുമെന്ന് നസ്റുള്ള പ്രഖ്യാപിച്ചു. 2006- ല്‍ ഹിസ്ബുള്ള, ഇസ്രയേല്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്തി. 8 ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷം യുദ്ധമായി വളര്‍ന്നു.

34 ദിവസത്തെ യുദ്ധത്തില്‍ 1,125 ലെബനന്‍കാരും 119 ഇസ്രയേല്‍ സൈനികരും കൊല്ലപ്പെട്ടു. നസ്റള്ളയുടെ വീട് ഇസ്രയേല്‍ യുദ്ധ വിമാനങ്ങള്‍ ലക്ഷ്യമിട്ടെങ്കിലും രക്ഷപ്പെട്ടു. 2009-ല്‍ ഹിസ്ബുല്ലയുടെ രാഷ്ട്രീയ കാഴ്ച്ചപ്പാട് വ്യക്തമാക്കി നസ്റുള്ള മാനിഫെസ്റ്റോ പുറത്തിറക്കി. നാലു വര്‍ഷത്തിനുശേഷം സംഘടന പുതിയ മേഖലകളിലേക്ക് കടന്നു. ഇറാന് പിന്തുണയുമായി സിറിയയിലേക്ക് പോരാളികളെ അയച്ചു. സിറിയയിലേക്ക് യുദ്ധത്തിന് പോരാളികളെ അയച്ചതിനെ എതിര്‍ത്ത് ലെബനനിലെ സുന്നി നേതാക്കള്‍ രംഗത്തുവന്നിരുന്നു.

2000-ല്‍, ഹിബ്ബുള്ളയുടെ നിരന്തര ആക്രമണങ്ങള്‍ കാരണം, തെക്കന്‍ ലെബനനില്‍ നിന്ന് ഇസ്രായേല്‍ പിന്‍വാങ്ങിയതോടെ അറബ് ലോകത്ത് നസറുള്ളയുടെ പ്രശസ്തി വര്‍ദ്ധിച്ചു. ഇതോടെ ഹിസ്ബുള്ളയുടെ സ്വന്തം റേഡിയോയിലും സാറ്റലൈറ്റ് ടിവി സ്റ്റേഷനിലും ആളുകളെ അഭിസംബോധന ചെയ്യുന്നതും സ്ഥിരം പരിപാടിയായി. 2021-ല്‍ 10 ലക്ഷം 'പോരാളികള്‍' തങ്ങള്‍ക്കുണ്ടെന്നാണ് നസറള്ള അവകാശപ്പെട്ടത്. ഹിസ്ബുള്ള ലെബനന് ഉള്ളില്‍ സ്വന്തം രാജ്യം സ്ഥാപിച്ചുവെന്നുവേണം പറയാന്‍.

മുസാവിയുടെ സ്വപ്നം കണ്ടതിലും കൂടുതല്‍ മനുഷ്യത്വ രഹിതമായി ഹിസ്ബുള്ളയെ മാറ്റിയത് നസറള്ളയാണ്. ഇക്കാര്യം ഇസ്രായേല്‍ സൈനിക ഉദ്യോഗസ്ഥര്‍ മുന്‍കൂട്ടി കണ്ടെല്ലെന്നു വേണം പറയാന്‍. ഇതിനിടെ ഹിസ്ബുള്ള ലെബനനിലെ സര്‍ക്കാരിന്റെ ഭാഗമാവുകയും ചെയ്തു. 2006-ലെ ഇസ്രായേലുമായുള്ള യുദ്ധത്തിന് ശേഷം രഹസ്യജീവിതം നയിക്കുന്ന നസറുള്ളയെ പിന്നീട് കൂറ്റന്‍ സ്‌ക്രീനുകളിലെ പ്രസംഗങ്ങളിലൂടെ മാത്രമേ പുറംലോകം കണ്ടിട്ടുള്ളൂ. സെപ്തംബര്‍ 19- ന് ലെബനനിലെ പേജര്‍ സ്ഫോടനങ്ങളെ ഇസ്രായേലിന്റെ യുദ്ധപ്രഖ്യാപനമെന്ന് വിളിച്ചുള്ള സ്‌ക്രീന്‍ പ്രസംഗമാണ് ഇതില്‍ ഏറ്റവും ലേറ്റസ്റ്റ്.




പേജറുകള്‍ക്ക് പിന്നിലെ ബുദ്ധി

സാധാരണ താലിബാന്‍ മോഡല്‍ ഭീകരവാദികളെപോലെയല്ല, ടെക്ക്നോളജിയില്‍ ഏറെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യക്തിയായിരുന്ന നസ്റുള്ള എന്നാണ് ബിബിസി പറയുന്നത്. നസ്റള്ളയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ ഒഴിവാക്കി, കുറഞ്ഞ സാങ്കേതികവിദ്യയുള്ള പേജറുകള്‍ ഹിസ്ബുള്ള ഉപയോഗിച്ചിരുന്നത്. ഇസ്രയേല്‍ ഇത് ഹാക്കുചെയ്യുമെന്ന വിവരം ഇറാന്‍ ഇന്റലിജന്‍സാണ് ഹിസ്ബുള്ളക്ക് നല്‍കിയത്.

ഇസ്രയേലിന്റെ ലൊക്കേഷന്‍ ട്രാക്കിംഗില്‍ നിന്ന് രക്ഷപ്പെടാനായാണ് ഹിസ്ബുല്ല മൊബൈല്‍ ഫോണുകള്‍ക്ക് പകരം പേജറുകള്‍ വ്യാപകമായി ഉപയോഗിക്കുന്നത്. ആല്‍ഫാന്യൂമെറിക് അഥവാ ശബ്ദ സന്ദേശങ്ങള്‍ സ്വീകരിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന ഒരു വയര്‍ലെസ് ആശയവിനിമയ ഉപകരണമാണ് പേജര്‍. ഹമാസിന്റെ ബോംബ് നിര്‍മാതാവായ യഹിയ അയ്യാഷ് 1996ല്‍ കൈയ്യിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടിരുന്നു. ഇസ്രയേല്‍ ആസൂത്രണം ചെയ്താണ് ഈ കൊലപാതകം നടത്തിയത്. ഇതിന് ശേഷം ഇവരുടെ ഇടയില്‍ മൊബൈല്‍ഫോണ്‍ ഉപയോഗം വളരെ വിരളമാണ്. പേജര്‍ താരതമ്യേന പഴയ സാങ്കേതികവിദ്യയാണ്. അതിനെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാന്‍ കഴിയില്ല. അതിനാല്‍, മൊബൈല്‍ അല്ലെങ്കില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ സാധാരണയായി കാണുന്ന സൈബര്‍ ആക്രമണങ്ങളില്‍ നിന്നും ചാര, നിരീക്ഷണ ശ്രമങ്ങളില്‍ നിന്നും ഒരു പരിധി വരെ സുരക്ഷിതമാണ്.

പക്ഷേ കഴിഞ്ഞ ആഴച്യുണ്ടായ കൂട്ട പേജര്‍- വാക്കിടോക്കി സ്ഫോടനം ഹിസ്ബുള്ളയെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കിയിരുന്നു. നാലായിരത്തോളം പേര്‍ക്ക് പരിക്കേറ്റ സേ്ഫോടനത്തില്‍, 15 പേര്‍ മരിച്ചിരുന്നു. ലബനനിലെ ഇറാന്‍ അമ്പാസിഡറും പേജര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇത് സൂചിപ്പിക്കുന്നത് ഹിസ്ബുള്ള ഭീകരര്‍ ഉപയോഗിക്കുന്ന പേജര്‍, ഇറാന്‍ സര്‍ക്കാരിന്റെ ഔദോഗിക പ്രതിനിധിയായ ഇറാന്‍ അമ്പാസിഡറും ഉപയോഗിച്ചു എന്ന ഭീകരതയാണ്.




സംഭവം വലിയ സുരക്ഷാ വീഴ്ചയായാണ് ഹിസ്ബുള്ള കണ്ടത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്രായേല്‍ ഏറ്റെടുക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ലബനീസ് പ്രധാനമന്ത്രി നജീബ് മികാതി അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ത്തു. ലബനാന്റെ പരമാധികാരത്തിന്റെ ഗുരുതര ലംഘനമാണിതെന്നും സകല മാനദണ്ഡങ്ങള്‍ പ്രകാരവും കുറ്റകൃത്യമാണെന്നും അദ്ദേഹം പറഞ്ഞു. ലോക ചരിത്രത്തില്‍ തന്നെ പുതിയ ഒരു ആക്രമണ രീതിക്കാണ് ഇത് വഴി ഇസ്രയോല്‍ വഴിതുറന്നിരിക്കുന്നത്. ഇതോടെ എവിടെയെത്താനാവും, തങ്ങള്‍ക്ക് എന്തും ചെയ്യാനാവുമെന്ന ഒരു ആത്മവിശ്വാസമാണ് ഇസ്രയേല്‍ ഉണ്ടാക്കിയെടുത്തത്. പേജര്‍ സ്ഫോടനത്തില്‍ ലെബനന്‍ ഞെട്ടിയിരിക്കെയാണ്, ഹിസ്ബുള്ള തലവന്റെ മരണ വാര്‍ത്തയും എത്തുന്നത്.

ഒപ്പം മകളും കൊല്ലപ്പെട്ടു?

ആക്രമണത്തില്‍, നസ്റുള്ളയുടെ മകള്‍ സൈനബ് നസ്റള്ള കൊല്ലപ്പെട്ടതായി ഇസ്രായേലി വാര്‍ത്താ മാദ്ധ്യമമായ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സൈനബിന്റെ മൃതദേഹം ഇസ്രായേല്‍ ആക്രമിച്ച കമാന്‍ഡ് സെന്ററിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയെന്നും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഹിസ്ബുള്ളയോ ലെബനീസ് അധികൃതരോ തയ്യാറായില്ല ഹിസ്ബുള്ളയുടെ നേതൃത്വത്തിലെ സ്ത്രീ സാന്നിദ്ധ്യമാണ് സൈനബ് എന്ന് പറയപ്പെടുന്നു. 1997-ല്‍ സൈനബിന്റെ സഹോദരന്‍ ഹാദിയെയും ഇസ്രയേല്‍ സൈന്യം വധിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ഹമാസ് ഇസ്രയേലില്‍ കയറി നടത്തിയ ഭീകരാക്രമണത്തിനുശേഷം, നിരന്തരമായി ഇസ്രയേലിനെതിരെ ആക്രമിച്ചതിന്റെ തിരിച്ചടിയാണ് ഇപ്പോള്‍ കിട്ടുന്നത്. ഒക്ടോബര്‍ 7-ന് ഇസ്രായേല്‍-ഹമാസ് യുദ്ധം ആരംഭിച്ച് ഒരു ദിവസം കഴിഞ്ഞ് , ഗാസയുടെ ''ബാക്കപ്പ് ഫ്രണ്ട്'' എന്ന് വിളിക്കുന്ന അതിര്‍ത്തിയിലെ ഇസ്രായേല്‍ സൈനിക പോസ്റ്റുകള്‍ ഹിസ്ബുള്ള ആക്രമിക്കാന്‍ തുടങ്ങി. ഇറാന്റെ പിന്തുണയോടെയായിരുന്നു ഇസ്രായേലിനെതിരെ ആക്രമണം അഴിച്ചു വിട്ടത്. വടക്കന്‍ ഇസ്രായേലില്‍ നിന്ന് പലായനം ചെയ്ത ആയിരക്കണക്കിന് ആളുകളെ തിരിച്ചുവരുന്നതിന് ഹിസബുള്ളയുടെ സാന്നിധ്യം തടസ്സമായി. അതിര്‍ത്തിയില്‍ നിന്ന് പിന്‍മാറാന്‍ ഹിസ്ബുള്ളയോട് ആവശ്യപ്പെട്ടെങ്കിലും നസറുള്ള ധിക്കാരം തുടരുകയായിരുന്നു. ഇതോടെ ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേല്‍ നടപടി ശക്തമാക്കി. പിന്നാലെയാണ് വാക്കിടോക്കി സ്ഫോടനവും പേജര്‍ സ്ഫോടനവും അരങ്ങേറിയത്. ഇതോടെയാണ് ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായത്. സംഭവത്തിന് പിന്നില്‍ ടെല്‍ അവീവ് ആണെന്ന് ആരോപിച്ച്, ഹിസ്ബുള്ള ഇസ്രായേലിന് നേരെ ആക്രമണം അഴിച്ചുവിട്ടു. ഇസ്രായേല്‍ ഇതിനെതിരെ കനത്ത വ്യോമാക്രമണത്തിലൂടെയാണ് പ്രതികരിച്ചത്.



തുടര്‍ന്നാണ് ഹിസ്ബുള്ള തലവനെ ലക്ഷ്യമിട്ടുള്ള ആക്രമണം ഇസ്രായേല്‍ തുടങ്ങുന്നത്. വെള്ളിയാഴ്ചയാണ് ഐഡിഎഫ് ഹിസ്ബുള്ളയുടെ പ്രധാന ആസ്ഥാനത്ത് വ്യോമാക്രണം നടത്തിയത്. ഹസന്‍ നസറുള്ള ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന കെട്ടിടങ്ങള്‍ ആണ് ആക്രമിക്കപ്പെട്ടത്. കുറഞ്ഞത് ആറ് കെട്ടിടങ്ങളെങ്കിലും നശിപ്പിച്ചു. ശനിയാഴ്ച, ഹിസ്ബുള്ളയുടെ കേന്ദ്രങ്ങളില്‍ നിന്നും മാറാന്‍ ബെയ്റൂട്ടിലെ ദഹിയിലെ സമീപപ്രദേശങ്ങളിലെ താമസക്കാര്‍ക്ക് ഐഡിഎഫ് മുന്നറിയിപ്പ് നല്‍കി. ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം തുടരുമെന്നും പ്രതിരോധ സേന വ്യക്തമാക്കി. തങ്ങളുടെ യുദ്ധം ഹിസ്ബുള്ളയോടാണ്, ലെബനനിലെ ജനങ്ങളോടല്ലെന്നും ഇസ്രായേല്‍ സൈന്യം എക്‌സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു. മൊത്തം 700 പേര്‍ ഈ പുതി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.

ഫാത്തിമ യാസിനാണ് നസറള്ളയുടെ ഭാര്യ. അഞ്ചില്‍ മൂന്നു മക്കളും ജീവിച്ചിരിപ്പുണ്ട്. ഇവര്‍ ഹിസ്ബുള്ളയുടെ നേതൃത്വത്തിലുണ്ടോ എന്ന് വ്യക്തമല്ല. എന്താലായും ആഗോള ഭീകരതയെ തളക്കുന്നതിനുള്ള ഒരു നിര്‍ണ്ണായക കാല്‍വെപ്പാണ് നസ്റുള്ളയുടെ കൊല എന്ന് പറയേണ്ടി വരും, ഇസ്രയേല്‍ എന്ന കുഞ്ഞന്‍ രാഷ്ട്രത്തെ ജീവിക്കാന്‍ അനുവദിച്ചിരുന്നുവെങ്കില്‍ ഈ കെടുതികളൊന്നും ഉണ്ടാവുമായിരുന്നില്ല. ഇതോടെ എല്ലാവരും ഉറ്റുനോക്കുന്നത് ഇറാന്റെ നിലപാടാണ്. തങ്ങളുടെ ഷിയാ ഐസിസിനെ യൂഹൂദപ്പട ഇങ്ങനെ അരിഞ്ഞു തള്ളുമ്പോള്‍ അവര്‍ നോക്കിയിരിക്കുമോ? നേരത്തെ ഹമാസ് തലവനെ അവിടെപ്പോയി മൊസാദ് കൊന്നുതള്ളിയതിന്റെ പ്രതികാരം ഇറാന് ബാക്കിയുണ്ട്. നസ്റുള്ളയുടെ കൊല ഇറാന്‍- ഇസ്രയേല്‍ നേരിട്ടുള്ള യുദ്ധത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുമോ എന്നാണ് ലോകം ഭയക്കുന്നത്.




വാല്‍ക്കഷ്ണം: ലോക പ്രശസ്ത പരിണാമ ശാസ്ത്രജ്ഞനും, എഴുത്തുകാരനുമായ റിച്ചാര്‍ഡ് ഡോക്കിസ് ചൂണ്ടിക്കാട്ടിയതുപോലെ, മതതീവ്രവാദം എന്നത് മനുഷ്യന്റെ മസ്തിഷ്‌ക്കങ്ങളില്‍ നിന്ന് മസ്തിഷ്‌ക്കങ്ങളിലേക്ക് കൈമാറപ്പെടുന്ന ഒരു ചെയിന്‍ റിയാക്ഷനാണ്. ഒരാള്‍ മരിച്ചതുകൊണ്ട് അത് ഇല്ലാതാവുന്നില്ല. ഇതോടെ ഹിസ്ബുള്ള തീര്‍ന്നു എന്ന വിലയിരുത്തലുകള്‍ക്കും പ്രസ്‌ക്തിയില്ല. തല്‍ക്കാലം അല്‍പ്പം ആശ്വാസം ഉണ്ടാവുമെന്ന് മാത്രം. ഒരാള്‍ തീര്‍ന്നാല്‍ അടുത്തയാള്‍ ഉയരുന്നവരുന്നതാണ് ഭീകരവാദത്തിന്റെ ഒരു മോഡസ് ഓപ്പറന്‍ഡി.