'ഗാങ്‌സ്റ്റേഴ്സ് മോള്‍' (Gangster's Moll)! പെട്ടന്ന് കേട്ടാല്‍ എന്താണ് ഈ ഇംഗ്ലീഷ് വാക്കിന്റെ അര്‍ത്ഥമെന്ന് പലര്‍ക്കും പിടികിട്ടില്ല. 90കളുടെ അവസാനത്തില്‍ മണിശങ്കര അയ്യര്‍ എന്ന യങ്ങ് വൈബ്രന്റ് പൊളിറ്റേഷന്‍ ഹിന്ദു പത്രത്തില്‍ എഴുതുന്ന കോളത്തിന് വലിയ ജനപ്രീതിയുണ്ടായിരിന്നു. ഇംഗ്ലീഷ് മെച്ചപ്പെടുത്താനായി, മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന മലയാളികളടക്കം സ്ഥിരമായി വായിക്കുന്ന കോളമായിരുന്നു, 'മണി ടോക്ക്സ്'. കോണ്‍ഗ്രസ് നേതാവായ അയ്യര്‍, കോണ്‍ഗ്രസിന്റെ ഡല്‍ഹിയിലെ വനിതാമുഖമായ ഷീലാദീക്ഷിതിനെ 'ഗാങ്‌സ്റ്റേഴ്സ് മോള്‍' എന്ന് വിശേഷിപ്പിച്ചപ്പോള്‍ അവര്‍ക്കുപോലും ആദ്യം ഈ പ്രയോഗത്തിലെ ഭീകരത മനസ്സിലായിരുന്നില്ല. പിന്നീടാണ് അറിയുന്നത്, 'വിമതരുടെ വെപ്പാട്ടി' അല്ലെങ്കില്‍ 'ഗുണ്ടാസംഘത്തിന്റെ കൂടെയുള്ള പെണ്‍കുട്ടി' എന്നൊക്കെ അര്‍ത്ഥം വരാവുന്ന, അങ്ങേയറ്റം ആക്ഷേപകരമായ ഒരു പ്രയോഗമായിരുന്നു ഇതെന്ന്! ഭാഷാ പ്രയോഗത്തില്‍ ശശി തരൂരിനോട് കിടപിടിക്കുന്ന നേതാവ് സ്വന്തം പാര്‍ട്ടിയിലെ ഒരു വനിതാനേതാവിനെ ഈ രീതിയില്‍ വിശേഷിപ്പിച്ചത വലിയ വാര്‍ത്തയായി.

1998-ല്‍ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഷീല ദീക്ഷിതിനെ ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷയായി നിയമിച്ചതിനെ അയ്യര്‍ എതിര്‍ത്തിരുന്നു. അക്കാലത്ത് പാര്‍ട്ടിയിലെ ചില 'വിമത' ഗ്രൂപ്പുകളുമായി ഷീല ദീക്ഷിത് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. അതിന്റെപേരിലാണ് വിമതരുടെ വെപ്പാട്ടിയാക്കിയുള്ള അധിക്ഷേപം. ഈ പ്രയോഗം കോണ്‍ഗ്രസിനുള്ളിലും പുറത്തും വലിയ പ്രതിഷേധത്തിന് കാരണമായി. ഷീല ദീക്ഷിത് അന്ന് ഈ വിഷയത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും സോണിയാ ഗാന്ധിക്ക് പരാതി നല്‍കുകയും ചെയ്തു.

എന്നിട്ടും കാലങ്ങള്‍ക്കുശേഷമാണ് മണിശങ്കര അയ്യര്‍ തിരുത്തിയത്. രണ്ട് പതിറ്റാണ്ടിനുശേഷം എഴുതിയ ആത്മകഥയിലാണ്, ഈ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതില്‍ അദ്ദേഹം കുറ്റബോധം പ്രകടിപ്പിത്. ഷീല ദീക്ഷിത് ഡല്‍ഹി മുഖ്യമന്ത്രിയായി മികച്ച ഭരണം കാഴ്ചവെച്ചപ്പോള്‍ തന്റെ നിലപാടുകള്‍ മാറിയെന്ന് അദ്ദേഹം പറയുന്നു. പക്ഷേ അപ്പോഴേക്കും രാഷ്ട്രീയ എതിരാളികള്‍, ഷീലാദീക്ഷിത് എന്ന ഇന്ത്യ കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിലെ അപമാനിക്കാനുള്ള അവസരമായി ഈ വാക്ക് വൈറലാക്കിയിരുന്നു!

അതാണ് മണിശങ്കര അയ്യര്‍ എന്ന മുന്‍ കേന്ദ്രമന്ത്രിയും, മുന്‍ കോണ്‍ഗ്രസ് നേതാവുമായ, ഉന്നതവിദ്യാഭ്യാസം നേടിയ, ഐഎഫ്എസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങിയ, വെറ്ററന്‍ പൊളിറ്റീഷ്യന്റെ ഇപ്പോഴത്തേയും അവസ്ഥ. കൈവിട്ട ആയുധം, വാവിട്ട വാക്ക് എന്ന വിശേഷണം ആര്‍ക്കെങ്കിലും തീര്‍ത്തും യോജിക്കുന്നുണ്ടെങ്കില്‍ അത് ഇദ്ദേഹത്തിനാണ്. ഒരിടത്ത് മണി പ്രസംഗിക്കാന്‍പോയാല്‍ പിറ്റേന്ന് കോണ്‍ഗ്രസിന്റെ എതിരാളികള്‍ക്ക് ആഘോഷിക്കാനുള്ള വകയുണ്ടാവും. ഈ 84-ാം വയസ്സിലും അദ്ദേഹം അത് ആവര്‍ത്തിക്കയാണ്.




ഇപ്പോഴിതാ, കേരളത്തിലെത്തിയും കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ അദ്ദേഹം വെടിപൊട്ടിച്ചിരിക്കയാണ്. കേരള സര്‍ക്കാരിന്റെ സംസ്ഥാന ആസൂത്രണ ബോര്‍ഡ് സംഘടിപ്പിച്ച വിഷന്‍ 2031 എന്ന അന്താരാഷ്ട്ര സെമിനാറിലാണ് മണിശങ്കര അയ്യര്‍ പങ്കെടുത്തത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും പിണറായി വിജയന്‍ തന്നെ കേരള മുഖ്യമന്ത്രിയാകുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. രാജീവ് ഗാന്ധി സ്വപ്നം കണ്ട പഞ്ചായത്തീരാജ് സംവിധാനം ഏറ്റവും മികച്ച രീതിയില്‍ നടപ്പിലാക്കിയത് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരാണെന്ന് പ്രശംസിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ 'റൗഡി' എന്നാണ് മണിശങ്കര അയ്യര്‍ അധിക്ഷേപിച്ചത്. കോണ്‍ഗ്രസ് വക്്താവ് പവന്‍ ഖേരയെ പാവ എന്നും വിളിച്ചു. തന്നെ പുറത്താക്കാന്‍ കെ.സി. വേണുഗോപാലിനോ രമേശ് ചെന്നിത്തലയ്ക്കോ അധികാരമില്ലെന്നും എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കത്തു തന്നാലേ താന്‍ പാര്‍ട്ടിക്ക് പുറത്താവൂ എന്നും അയ്യര്‍ വെല്ലുവിളിക്കുന്നു.

പക്ഷേ ഇപ്പോള്‍ പ്രായാധിക്യം കൊണ്ട് പിച്ചുംപേയും പറയുകയാണെന്ന് നമുക്ക് തോന്നാം. പക്ഷേ ഈ മണി പണ്ടേ അങ്ങനെയാണ്. രാജീവ്ഗാന്ധിയുടെ അടുത്ത സുഹൃത്തായിരുന്നു ഈ മുന്‍ സിവില്‍ സര്‍വീസുകാരന്റെ ജീവിതം ഒരു അസാധാരണമായ അനുഭവമാണ്.

ലാഹോറില്‍ ജനിച്ച് ഷിംലയിലേക്ക്

1941 ഏപ്രില്‍ 10-ന് ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന ലാഹോറിലാണ് മണി ശങ്കര അയ്യര്‍ ജനിച്ചത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്ന വൈദ്യനാഥ ശങ്കര അയ്യരും, ഭാഗ്യലക്ഷ്മി ശങ്കര അയ്യരുമാണ് മാതാപിതാക്കള്‍. പ്രമുഖ പത്രപ്രവര്‍ത്തകനായ സ്വാമിനാഥന്‍ അയ്യര്‍, മണിയുടെ സഹോദരനാണ്. മാതാപിതാക്കള്‍ തമിഴ്നാട്ടുകാരായ ബ്രാഹ്‌മണരാണ്. പിതാവ് വൈദ്യനാഥ ശങ്കര അയ്യര്‍ തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലുള്ള കരുഗുഡി എന്ന ഗ്രാമത്തില്‍ നിന്നുള്ളയാളാണ്. മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഫിസിക്സില്‍ ബിരുദം നേടിയ ശേഷം, അക്കാലത്ത് തമിഴ്നാട്ടില്‍ ബ്രാഹ്‌മണര്‍ക്ക് തൊഴിലവസരങ്ങള്‍ കുറവാണെന്ന് കണ്ട് വൈദ്യനാഥ അയ്യര്‍ ജോലി തേടി നാടുവിടുകയായിരുന്നു. മദ്രാസില്‍ നിന്ന് കഴിയുന്നത്ര ദൂരെയുള്ള സ്ഥലത്തേക്ക് പോകണമെന്ന ആഗ്രഹത്തോടെ ട്രെയിന്‍ കയറിയ അദ്ദേഹം ലാഹോറിലെത്തി. അവിടെയുള്ള പി.എന്‍.എസ്. അയ്യര്‍ എന്ന പ്രശസ്ത ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിക്കുകയും പിന്നീട് അവിടെ പാര്‍ട്ണര്‍ ആവുകയും ചെയ്തു. പിന്നെ അദ്ദേഹം വളരെ പെട്ടന്ന് സാമ്പത്തിക പുരോഗതിയിലേക്ക് ഉയര്‍ന്നു.

ലാഹോറിലെ 'ലക്ഷ്മി മാന്‍ഷന്‍സില്‍' ആണ് കുടുംബം താമസിച്ചിരുന്നത്. വിഭജനഭീതി ഉയര്‍ന്നതോടെ, 1946-ല്‍ അവര്‍ ലാഹോറില്‍ നിന്ന് ഡല്‍ഹിയിലേക്കുമാറി. വൈദ്യനാഥ അയ്യര്‍ അവിടെ സ്വന്തമായി പ്രാക്ടീസ് തുടങ്ങി. ഡല്‍ഹിയിലെ പ്രസിദ്ധമായ ഗണേശ ക്ഷേത്രത്തിന്റെ സ്ഥാപകരില്‍ ഒരാളായിരുന്നു വൈദ്യനാഥ അയ്യര്‍. അദ്ദേഹം തുടങ്ങിയ വി. ശങ്കര അയ്യര്‍ ആന്റ് കമ്പനി ഇന്നും ഇന്ത്യയിലെ പ്രമുഖ ഓഡിറ്റിംഗ് സ്ഥാപനങ്ങളിലൊന്നായി നിലനില്‍ക്കുന്നു. സമ്പന്നവും സമൃദ്ധവുമായതായിരുന്നു ഈ ബാല്യത്തിന്റെ ഓര്‍മ്മകള്‍ മണിശങ്കര അയ്യറും എഴുതിയിട്ടുണ്ട്. പക്ഷേ അതില്‍ വിഭജനത്തിന്റെ മുറിവുകളുമുണ്ട്. പില്‍ക്കാലത്ത് തന്റെ രാഷ്ട്രീയ ജീവിതത്തില്‍ പാക്കിസ്ഥാനുമായി മൃദു സമീപനം സ്വീകരിക്കുന്നുവെന്നതിന്റെ പേരിലും മണി ശങ്കര അയ്യര്‍ വിമര്‍ശിക്കപ്പെട്ടു.

മണിക്ക് 12 വയസ്സുള്ളപ്പോള്‍ പിതാവ് ഒരു വിമാനാപകടത്തില്‍ മരണപ്പെട്ടു. അത് കുടുംബത്തിന് വലിയ ആഘാതമായി. ഡെറാഡൂണിലെ പ്രശസ്തമായ വെല്‍ഹാം ബോയ്‌സ് സ്‌കൂള്‍, ദ ഡൂണ്‍ സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിതാവിന്റെ മരണത്തോടെ സാമ്പത്തിക സ്ഥിതിമോശമായി. കുറഞ്ഞ ഫീസില്‍ പഠനം തുടരാന്‍ അയ്യരെ അനുവദിക്കണമെന്ന് അമ്മക്ക് സ്‌കുള്‍ അധികൃതരെ കണ്ട് പറയേണ്ടിവന്നു. പക്ഷേ പഠിക്കാന്‍ ബഹുമിടുക്കനായ ആ വിദ്യാര്‍ത്ഥിയെ തള്ളാന്‍ സ്‌കുളിന് കഴിഞ്ഞില്ല. ദി ഡൂണ്‍ സ്‌കൂള്‍ വീക്കിലിയുടെ എഡിറ്ററായിരുന്നു അവന്‍. മൂര്‍ച്ചയുള്ള എഴുത്തും വാക്കുകളും കുട്ടിക്കാലം തൊട്ടുതന്നെ മണിയുടെ പ്രത്യേകതയായിരുന്നു.




ഡല്‍ഹിയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ഇക്കണോമിക്സില്‍ ബിരുദം നേടിയ ശേഷം കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ട്രിനിറ്റി ഹാളില്‍ നിന്നാണ് മണി ഉപരിപഠനം പൂര്‍ത്തിയാക്കിയത്. കേംബ്രിഡ്ജിലെ മാര്‍ക്സിസ്റ്റ് സൊസൈറ്റിയിലും അദ്ദേഹം സജീവ അംഗമായിരുന്നു. കേംബ്രിഡ്ജില്‍, അയ്യര്‍ സ്റ്റുഡന്‍സ് പ്രസിഡന്‍് സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ചിട്ടുണ്ട്. അക്കാലത്തുതന്നെ ഒരു നെഹ്റുവിയന്‍ സോഷ്യലിസ്റ്റ്, എത്തീസ്റ്റ് എന്ന നിലയില്‍ താന്‍ പരുവപ്പെട്ടുവന്നുവെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്.

1963-ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ (ഐഎഫ്എസില്‍) ചേര്‍ന്നു. അന്നും ഇന്നും സ്വപ്നതുല്യമായി ജോലിയായാണ് അത്. 1978 മുതല്‍ 1982 വരെ പാകിസ്ഥാനിലെ കറാച്ചിയില്‍ ഇന്ത്യയുടെ ആദ്യത്തെ കോണ്‍സല്‍ ജനറലായി സേവനമനുഷ്ഠിച്ചു. 1973 ജനുവരി 14-ന് അദ്ദേഹം സുനീത് വീര്‍ സിംഗിനെ വിവാഹം കഴിച്ചു. ഇവര്‍ക്ക് മൂന്ന് പെണ്‍മക്കളുണ്ട്. സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് മുന്‍ മേധാവിയായ യാമിനി അയ്യര്‍ അദ്ദേഹത്തിന്റെ മകളാണ്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി സ്‌കൂളിലും കേംബ്രിഡ്ജിലും അദ്ദേഹത്തിന്റെ ജൂനിയറായിരുന്നു. അത് വലിയ ഒരു സ്നേഹബന്ധത്തിന്റെ തുടക്കമായി. ആ ബന്ധമാണ് അദ്ദേഹത്തെ രാഷ്ട്രീയത്തിലും എത്തിച്ചത്.

രാജീവ്ഗാന്ധിയുടെ വലംകൈ

വലിയ ഒരു രാജീവ്ഗാന്ധി ഫാനാണ് മണി. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ രാജീവ്ഗാന്ധിയുടെ സേവനങ്ങള്‍ വേണ്ടത്ര രീതിയില്‍ അടയാളപ്പെടുത്തിയിട്ടിലെന്ന് മണിശങ്കര അയ്യര്‍ ഇപ്പോഴും പറയുന്നുണ്ട്. പഞ്ചായത്ത് രാജിന്റെ പിതാവ് എന്ന നിലയിലും, മോഡേണ്‍ ടെക്ക്നോ ഇന്ത്യയുടെ പിതാവ് എന്ന നിലയിലും രാജീവ് സ്മരിക്കപ്പെടുന്നില്ല എന്ന് അദ്ദേഹം പറയാറുണ്ട്.

മണിശങ്കര്‍ അയ്യരും രാജീവ് ഗാന്ധിയും ഡെറാഡൂണിലെ ഡൂണ്‍ സ്‌കൂളില്‍ ഒരുമിച്ചായിരുന്നു പഠിച്ചത്. എന്നാല്‍ അയ്യര്‍ രാജീവ് ഗാന്ധിയേക്കാള്‍ ഏകദേശം മൂന്ന് വര്‍ഷം സീനിയര്‍ ആയിരുന്നു. പിന്നീട് കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ പഠിക്കുമ്പോഴും രാജീവ് ഗാന്ധി അദ്ദേഹത്തിന്റെ ജൂനിയര്‍ ആയിരുന്നു. കേംബ്രിഡ്ജില്‍ അയ്യര്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായപ്പോള്‍ രാജീവ് അദ്ദേഹത്തെ പിന്തുണച്ചിരുന്നു.

പക്ഷേ മണിശങ്കര്‍ അയ്യര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയത് രാജീവ് ഗാന്ധിയുടെ നിര്‍ബന്ധം കൊണ്ടല്ല, സ്വന്തം താല്‍പ്പര്യപ്രകാരമാണ്. യഥാര്‍ത്ഥത്തില്‍, അയ്യര്‍ സര്‍വീസില്‍ നിന്ന് രാജിവെച്ച് രാഷ്ട്രീയത്തില്‍ ചേരുന്നതിനെ രാജീവ് ഗാന്ധി ആദ്യം എതിര്‍ക്കുകയായിരുന്നു. രാഷ്ട്രീയം കഠിനമായ വഴിയാണെന്നും അയ്യരെപ്പോലെ വ്യക്തമായ നിലപാടുകളുള്ള ഒരാള്‍ക്ക് അത് യോജിച്ചതാകില്ലെന്നും കരുതി രാജീവ് അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് വരാന്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ല.

എങ്കിലും 1989-ല്‍ അദ്ദേഹം ഐ.എഫ്.എസ് രാജിവെച്ച് സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങി. പിന്നീട് മരണം വരെ രാജീവ് ഗാന്ധിയുടെ ഏറ്റവും വിശ്വസ്തരായ സഹായികളില്‍ ഒരാളായി അദ്ദേഹം തുടര്‍ന്നു.

അവരുടെ സൗഹൃദം വളരെ ദൃഢമായിരുന്നു. മണിശങ്കര്‍ അയ്യര്‍ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്, രാജീവ് ഗാന്ധിക്ക് തന്റെ മേല്‍ വലിയ വിശ്വാസമുണ്ടായിരുന്നു എന്ന്. 1985-ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അയ്യരെ വിദേശകാര്യ സര്‍വീസില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ജോയിന്റ് സെക്രട്ടറിയായി നിയമിച്ചു. രാജീവിന്റെ പ്രസംഗങ്ങള്‍ തയ്യാറാക്കുന്നതിലും വിദേശയാത്രകള്‍ ആസൂത്രണം ചെയ്യുന്നതിലും അയ്യര്‍ പ്രധാന പങ്കുവഹിച്ചു. രാജീവ് ഗാന്ധിയെ ലോകം തെറ്റിദ്ധരിച്ചുവെന്ന് വിശ്വസിക്കുന്ന അയ്യര്‍, അദ്ദേഹത്തോടുള്ള ബഹുമാനസൂചകമായി 'ദ രാജീവ് ഐ ന്യൂ' എന്ന പുസ്തകം രചിച്ചിട്ടുണ്ട്.




1991 മെയ് 21ന് രാജീവ്ഗാന്ധി കൊല്ലപ്പെട്ടത് മണിശങ്കര അയ്യര്‍ക്ക് താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു. രാജീവ്, രണ്ട് തവണ വധിക്കപ്പെട്ടു എന്നാണ് പില്‍ക്കാലത്ത് അദ്ദേഹം എഴുതിയത്. ആദ്യത്തേത്, ബോഫോഴ്സ് അഴിമതി ആരോപണങ്ങളിലൂടെ 17 വര്‍ഷത്തോളം നീണ്ടുനിന്ന അദ്ദേഹത്തിന്റെ സ്വഭാവഹത്യയിലുടെയാണ്. രണ്ട്, 1991 മെയ് 21-നുണ്ടായ ശാരീരികമായ അന്ത്യവുമെന്നായിരുന്നു മണിയുടെ നിലപാട്. ശ്രീലങ്കയിലേക്ക് ഇന്ത്യന്‍ സമാധാന സേനയെ അയച്ച രാജീവ് ഗാന്ധിയുടെ തീരുമാനത്തെ അയ്യര്‍ ന്യായീകരിക്കുന്നു. എന്നാല്‍ ഇന്ത്യന്‍ സൈന്യവും രഹസ്യാന്വേഷണ ഏജന്‍സികളും അദ്ദേഹത്തെ പരാജയപ്പെടുത്തിയെന്നും, അതിന്റെ വലിയ രാഷ്ട്രീയ വില അദ്ദേഹത്തിന് നല്‍കേണ്ടി വന്നുവെന്നും മണി നിരീക്ഷിക്കുന്നു.

1989-ല്‍ നയതന്ത്ര സേവനത്തില്‍ നിന്ന് രാജി വെച്ച് സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു.തമിഴ്‌നാട്ടിലെ മയിലാടുതുറൈ മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ (1991, 1999, 2004) ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഡോ. മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ പെട്രോളിയം-പ്രകൃതി വാതകം, പഞ്ചായത്തീരാജ്, കായിക-യുവജനക്ഷേമം തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിച്ചു.ഭരണഘടനയുടെ 73, 74 ഭേദഗതികളിലൂടെ പഞ്ചായത്തീരാജ് സംവിധാനം ശാക്തീകരിക്കുന്നതില്‍ അദ്ദേഹം നിര്‍ണ്ണായക പങ്കുവഹിച്ചു. പഞ്ചായത്തീരാജ് എന്നത് രാജീവ്്ഗാന്ധിയുടെ സ്വപ്നമായിരുന്നുവെന്നും, ഇപ്പോള്‍ അത് ഏറ്റവും നന്നായി നടപ്പാക്കിയത് കേരളമാണെന്നും, ഇക്കഴിഞ്ഞ ദിവസവും മണിശങ്കര അയ്യര്‍ ആവര്‍ത്തിച്ചിരുന്നു.

സോണിയ തെറിപറഞ്ഞ് ശകാരിക്കുന്നു

രാജീവ്ഗാന്ധിയുടെ മരണത്തിനുശേഷം ഗാന്ധി കുടുംബവുമായുള്ള അദ്ദേഹത്തിന്റെ ബന്ധം പഴയതുപോലെ ഊഷ്മളമായില്ല. തന്റെ രാഷ്ട്രീയ കരിയര്‍ ഗാന്ധി കുടുംബവുമായുള്ള ബന്ധത്തിലൂടെ വളര്‍ന്നതാണെങ്കിലും, തന്റെ രാഷ്ട്രീയ ജീവിതം ഗാന്ധി കുടുംബം തന്നെ പിന്നീട് ഇല്ലാതാക്കിയെന്നും 'മേഡ് ആന്‍ഡ് അണ്‍മേഡ് ബൈ ഗാന്ധീസ്' എന്ന പുസ്തകത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്.

സോണിയാ ഗാന്ധിയുടെ കാലത്ത് തനിക്ക് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നും പാര്‍ട്ടിയില്‍ താന്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുവെന്നും അദ്ദേഹം തുറന്ന് എഴുതിയിട്ടുണ്ട്. സോണിയാ ഗാന്ധിയെ ചുറ്റിപ്പറ്റിയുള്ള ഉപദേശകര്‍ തന്നെ അവരില്‍ നിന്ന് അകറ്റാന്‍ ശ്രമിച്ചുവെന്ന് മണി ആരോപിക്കുന്നു. അതിനിടെയാണ് തമിഴ്നാട്ടില്‍നിന്ന് പി ചിദംബരം കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് ഉയര്‍ന്നുവരുന്നത്. ചിദംബരവുമായുള്ള പ്രശ്നങ്ങളും മണിയെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണ്ണിലെ കരടാക്കി.

2010-ല്‍ രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് മാവോയിസ്റ്റുകള്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കിയ സൈനിക നീക്കമായ ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടിനെ മണിശങ്കര അയ്യര്‍ വിമര്‍ശിച്ചിരുന്നു. തോക്കുകൊണ്ട് നേരിടുന്നതിന് പകരം വികസനത്തിലൂടെയാണ് മാവോയിസ്റ്റ് പ്രശ്നം പരിഹരിക്കേണ്ടത് എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇത് സോണിയാ ഗാന്ധിയുടെ ക്ഷുഭിതയാക്കി. സോണിയാ ഫോണില്‍ വിളിച്ച് വളരെ രൂക്ഷമായ ഭാഷയില്‍ സംസാരിക്കുകയും അതൃപ്തി അറിയിക്കുകയും ചെയ്തുവെന്ന് മണി എഴുതിയിട്ടുണ്ട്. ശരിക്കും തെറി പറയുന്നതുപോലെയായിരുന്നു അവരുടെ പെരുമാറ്റമെന്ന് അദ്ദേഹം പറയുന്നു. തന്റെ രാഷ്ട്രീയത്തില്‍ തന്റെ പതനത്തിന് ആ ഒരു ഫോണ്‍ കോള്‍ വലിയ കാരണമായെന്ന് അദ്ദേഹം കരുതുന്നു.

2006-ല്‍ പെട്രോളിയം മന്ത്രിസ്ഥാനത്ത് നിന്ന് തന്നെ മാറ്റിയതിന് പിന്നിലും സോണിയാ ഗാന്ധിയുടെ താല്‍പ്പര്യക്കുറവാണെന്ന് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. അമേരിക്കയുമായുള്ള ഗ്യാസ് പൈപ്പ്‌ലൈന്‍ കരാറുകളില്‍ അദ്ദേഹം എടുത്ത സ്വതന്ത്രമായ നിലപാടുകള്‍ പാര്‍ട്ടി നേതൃത്വത്തിന് അതൃപ്തിയുണ്ടാക്കിയിരുന്നു. മാത്രമല്ല, മണിശങ്കര അയ്യര്‍ ഒരു സ്ഥിരം പ്രശ്നക്കാരന്‍ എന്നാണ് സോണിയ ടീം കരുതിയത്. അവര്‍ അദ്ദേഹത്തെ പതുക്കെ തഴയാന്‍ തുടങ്ങി.

മണി ശങ്കര അയ്യര്‍ക്ക് രാഹുല്‍ ഗാന്ധിയുമായുള്ള ബന്ധത്തിലും വിള്ളലുകള്‍ ഉണ്ടായിട്ടുണ്ട്. താന്‍ ഒരു 'ഗാന്ധിയനും നെഹ്‌റുവിയനും രാജീവിയനും' ആണെന്നും എന്നാല്‍ ഒരിക്കലും ഒരു 'രാഹുലിയന്‍' അല്ലെന്നും അദ്ദേഹം പരസ്യമായി പ്രസ്താവിച്ചിട്ടുണ്ട്. താന്‍ രാഹുല്‍ ഗാന്ധിയെ ഉപദേശിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ രാഹുല്‍ തന്റെ ഉപദേശങ്ങള്‍ തേടാറില്ലെന്നും അയ്യര്‍ പറഞ്ഞിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്ക് ചുറ്റുമുള്ള കെ.സി. വേണുഗോപാല്‍ തുടങ്ങിയ നേതാക്കളുടെ സ്വാധീനം പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുന്നുവെന്നും പഴയ തലമുറയിലെ നേതാക്കളെ ഇവര്‍ മാറ്റിനിര്‍ത്തുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. ഇക്കഴിഞ്ഞ ദിവസവും മണിശങ്കര അയ്യര്‍ കെ സിക്കെതിരെ ആഞ്ഞടിച്ചു. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇരുന്ന കസേരിയില്‍ ഇപ്പോള്‍ കെ സിയാണ് ഇരിക്കുന്നത് എന്ന് അദ്ദേഹം പരിഹസിക്കുന്നു.




എന്തുപറഞ്ഞാലും വിവാദം

വിവാദങ്ങളുടെ തോഴനാണ് മണി. അത് പലപ്പോഴും കോണ്‍ഗ്രസിന് വലിയ തിരിച്ചടിയുമായി. 2004 -ന്റെ അവസാനത്തില്‍ കാബിനറ്റ് മന്ത്രിയായി ആന്‍ഡമാനില്‍ പര്യടനം നടത്തുന്നതിനിടെ, സവര്‍ക്കറും മുഹമ്മദ് അലി ജിന്നയും തമ്മില്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്ന് അയ്യരുടെ പ്രസ്താവന വന്‍ വിവദമായി. സവര്‍ക്കറെ അനുസ്മരിക്കുന്ന കവിതയുള്ള ഒരു ഫലകത്തിന് പകരം, മഹാത്മാഗാന്ധിയുടെ ഉദ്ധരണികള്‍ ഉള്ള ഒരു ഫലകം സ്ഥാപിക്കാനും അദ്ദേഹം ഉത്തരവിട്ടു. ഇത് സംഘപരിവാര്‍ ആയുധമാക്കി. മഹാരാഷ്ട്രയില്‍ ശിവസേന പ്രക്ഷോഭങ്ങള്‍ക്ക് തുടങ്ങി. അയ്യരുടെ പരാമര്‍ശങ്ങള്‍ ഭരണകക്ഷിയിലും ആശയക്കുഴപ്പം സൃഷ്ടിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി സവര്‍ക്കറെ ഒരു സ്വാതന്ത്ര്യ സമര സേനാനിയോ ദേശസ്‌നേഹിയോ ആയി കണക്കാക്കുന്നില്ലെന്ന് ഔദ്യോഗിക വക്താവ് ആനന്ദ് ശര്‍മ്മ അഭിപ്രായപ്പെട്ടു. പക്ഷേ സവര്‍ക്കര്‍ കിടന്ന സെല്ലുലാര്‍ ജയിലില്‍പോയി, സവര്‍ക്കറുടെ ഫലകം നീക്കിയെന്നത് ബിജെപിക്ക് ഒരു രാഷ്ട്രീയ ആയുധം കൊടുക്കയാണ് ചെയ്തത്.

2011 സെപ്റ്റംബറില്‍, അയ്യര്‍ തന്റെ പൂര്‍വ വിദ്യാലയമായ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ 'ഭരണവും അഴിമതിയും: പഞ്ചായത്തിരാജ് ഒരു പരിഹാരമോ?' എന്ന വിഷയത്തില്‍ സംസാരിച്ചതും വന്‍ വിവാദമായി. വിഷയത്തില്‍നിന്ന് പുറത്തുചാടി, ഹന്‍സ്രാജ് കോളേജിനെയും അതിന്റെ മുന്‍ വിദ്യാര്‍ത്ഥിയായ അജയ് മാക്കനെയും അദ്ദേഹം പരിഹസിക്കാന്‍ തുടങ്ങി. കിരോരി മാള്‍ കോളേജിനെയും ഡല്‍ഹി സര്‍വകലാശാലയിലെ ഒരു കോഴ്‌സായ ബിഎ (പ്രോഗ്രാം) ബിരുദത്തെയും അദ്ദേഹം താഴ്ത്തിക്കെട്ടി സംസാരിച്ചു.

ഇതോടെ ഹന്‍സ്രാജ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം തുടങ്ങി. വിദ്യാര്‍ത്ഥികള്‍ മറുപടിക്കായി സമീപിച്ചപ്പോള്‍ അയ്യര്‍ അവരെ കൂടുതല്‍ പരിഹസിച്ചു. പിന്നീട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴും, അയ്യര്‍ ക്ഷമാപണം നടത്താന്‍ വിസമ്മതിക്കുകയും ഈ സ്ഥാപനങ്ങളെ കൂടുതല്‍ പരിഹസിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളില്‍ അമ്പരന്നുപോയ സ്റ്റീഫന്‍സ് കോളേജും അതിലെ വിദ്യാര്‍ത്ഥികളും ഹന്‍സ്രാജ് കോളേജിനോട് ക്ഷമാപണം നടത്തിയാണ് വിവാദം അവസാനിപ്പിച്ചത്. എന്നിട്ടും ക്ഷമ പറയാന്‍ കൂടി മണി തയ്യാറായില്ല.

മണി ശങ്കര അയ്യര്‍ പാകിസ്ഥാനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകള്‍ പലപ്പോഴും വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. 2024 മെയ് മാസത്തില്‍, ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ അദ്ദേഹത്തിന്റെ ഒരു പഴയ അഭിമുഖം പുറത്തുവന്നത് വലിയ വിവാദമായിരുന്നു. പാകിസ്ഥാന്‍ ഒരു പരമാധികാര രാഷ്ട്രമാണെന്നും അവരെ ആദരവോടെ കാണണമെന്നും അദ്ദേഹം പറയുന്നതാണ്, സംഘപരിവാര്‍ കുത്തിപ്പൊക്കിയത്. പാകിസ്ഥാന്റെ പക്കല്‍ അണുബോംബ് ഉണ്ടെന്നും അവരെ പ്രകോപിപ്പിച്ചാല്‍ ഏതെങ്കിലും ഒരു 'ഭ്രാന്തന്‍' അത് പ്രയോഗിച്ചേക്കാമെന്നും മണിശങ്കര അയ്യര്‍ ഈ അഭിമുഖത്തില്‍ മുന്നറിയിപ്പ് നല്‍കി. ലാഹോറില്‍ ഒരു ബോംബ് പൊട്ടിയാല്‍ അതിന്റെ റേഡിയോ ആക്റ്റിവിറ്റി വെറും എട്ട് സെക്കന്‍ഡുകള്‍ കൊണ്ട് അമൃത്സറില്‍ എത്തുമെന്നും അതുകൊണ്ട് ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം പറയുന്നുണ്ട്. ഇത് പാക്കിസ്ഥാന്‍ പ്രേമമാണ് എന്ന് പറഞ്ഞ് ബിജെപി ഹാന്‍ഡിലുകള്‍ വ്യാപകമായി പ്രചരിപ്പിരുന്നു.




2015-ല്‍ പാകിസ്ഥാനിലെ 'ദുനിയ ടിവി' എന്ന ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മറ്റൊരു വിവാദ പരാമര്‍ശം ഉണ്ടായത്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ എന്തുചെയ്യണം എന്ന അവതാരകന്റെ ചോദ്യത്തിന്, 'ആദ്യം നരേന്ദ്ര മോദിയെ മാറ്റണം' എന്നായിരുന്നു അയ്യരുടെ മറുപടി.

'ഞങ്ങളെ അധികാരത്തില്‍ കൊണ്ടുവരിക, അദ്ദേഹത്തെ മാറ്റുക' എന്ന് അദ്ദേഹം പറഞ്ഞതും ബിജെപിയുടെ വലിയ പ്രതിഷേധത്തിന് കാരണമായി.

ചായ്വാലയും നീച് ആദ്മിയും

മണി ശങ്കര അയ്യരുടെ പല പ്രസ്താവനകളും വരുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കാറുള്ളത് ബിജെപിയാണ്. കാരണം ആ വിവാദങ്ങളുടെ ഗുണഭോക്താക്കള്‍ അവരാണ്. ഇന്ന് ഇന്ത്യമുഴുവന്‍ വ്യാപിച്ച ചായ്പേയ് ചര്‍ച്ച സത്യത്തില്‍ മണിശങ്കര അയ്യര്‍ ഉണ്ടാക്കിയ വിവാദത്തിന്റെ ഉപോല്‍പ്പന്നമാണ്.

2014 -ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു അഭിമുഖത്തില്‍ മണി പറഞ്ഞു. ഒരു ചായ വില്‍പ്പനക്കാരന് ഒരിക്കലും ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ കഴിയില്ലെന്നും, എന്നാല്‍ എഐസിസി യോഗങ്ങളില്‍ ചായ വില്‍ക്കാന്‍ കഴിയുമെന്നും. ഇത് മോദിയെ അധിക്ഷേപിക്കുന്നതാണെന്ന് വ്യാപക വിമര്‍ശനമുണ്ടായി. താന്‍ അങ്ങനെ പറഞ്ഞില്ലെന്ന് പിന്നീട് മണിശങ്കര അയ്യര്‍ പറഞ്ഞെങ്കിലും കാര്യങ്ങള്‍ കൈവിട്ടുപോയി. മോദി ഇത് കോണ്‍ഗ്രസിനെതിരെ തിരിച്ചു. കോണ്‍ഗ്രസ് നേതൃത്വം ഈ പ്രസ്താവന തള്ളിപ്പറഞ്ഞു. വ്യക്തിപരമായ ആക്രമണങ്ങള്‍ നടത്തരുതെന്ന് രാഹുല്‍ ഗാന്ധി, മണി ശങ്കര അയ്യരോട് ആവശ്യപ്പെട്ടു. പക്ഷേ അപ്പോഴേക്കും ഇത് വലിയ വിവാദമായി. ഒരു ചായക്കടക്കാരന് പ്രധാനമന്ത്രിയാവാന്‍ കഴിയില്ലേ എന്ന ചോദ്യമുയര്‍ന്നു. ഇന്ന് കാണുന്ന ചായ്പേയ് ചര്‍ച്ചകളുടെ തുടക്കവും അവിടെനിന്നാണ്.

ഫ്രാന്‍സ് ഹിജാബ് നിരോധിപ്പോള്‍ അതിനെ അദ്ദേഹം ശരിവെക്കുകയാണ് ഉണ്ടായത്. ഇതെല്ലാം മുസ്ലീം വോട്ട് ലക്ഷ്യമിടുന്ന കോണ്‍ഗ്രസിനെ പ്രതിരോധത്തിലായി. അവര്‍ പരസ്യമായി മണിയെ തള്ളിപ്പറയേണ്ടി വന്നു.

അതിനുശേഷമാണ് 'നീച് ആദ്മി' വിവാദം. മോദിയെ ' നീച് ആദ്മി ' എന്ന് വിളിച്ചപ്പോള്‍ അത് ഒരു രാഷ്ട്രീയ കൊടുങ്കാറ്റായി. തുടര്‍ന്ന്, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് അദ്ദേഹത്തെ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തു. പക്ഷേ പ്രധാനമന്ത്രി മോദിയുടെ പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ 'താഴ്ന്ന മാനസികാവസ്ഥയും മര്യാദയുമില്ലായമയുമാണ് കാണിക്കുന്നത് എന്നായിരുന്നു അയ്യരുടെ വാദം. ''അതെ, ഞാന്‍ മോദിയെ 'നീച്' എന്ന് വിളിച്ചു, പക്ഷേ അത് താഴ്ന്ന ജനിച്ച ആളാണെന്ന് അര്‍ത്ഥമാക്കിയില്ല. മോദിയുടെ താഴ്ന്ന മാനസികാവസ്ഥയും മര്യാദയുമില്ലായമയുമാണ് വിമര്‍ശിച്ചത്''- ഇതായിരുന്നു മണിശങ്കര അയ്യരുടെ പ്രതികരണം. അത് സത്യവുമായിരുന്നു. പ്രധാനമന്ത്രിയുടെ ജാതിയോ, കുടുംബ പശ്ചാത്തലമോ ആയിരുന്നില്ല മണി ശങ്കര അയ്യര്‍ ഉദ്ദേശിച്ചത്. പക്ഷേ വിവാദം കത്തിക്കയറിയതോടെ പാര്‍ട്ടിക്ക് അയാളെ തള്ളിപ്പറയേണ്ടി വന്നു.

്ഏറ്റവും ഒടുവിലായി 2024 ഫെബ്രുവരിയില്‍ ലാഹോറില്‍ നടന്ന ഒരു സാഹിത്യോത്സവത്തില്‍ പങ്കെടുത്ത മണിശങ്കര അയ്യര്‍ വീണ്ടും വിവാദത്തിലായി. പാകിസ്ഥാന്‍ ജനത ഇന്ത്യയെ സ്നേഹത്തോടെയാണ് കാണുന്നതെന്നും ഇന്ത്യയുടെ ഏറ്റവും വലിയ സ്വത്ത് പാകിസ്ഥാനിലെ ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാര്‍ പാകിസ്ഥാനോട് ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതിനെയും മണി ശങ്കര അയ്യര്‍ വിമര്‍ശിച്ചു.

ഇതെല്ലാം സംഘപരിവാറിന് വലിയ ചാകരയാവുകയാണ്. ഫലത്തില്‍ മണി എന്തുപറഞ്ഞാലും, അത് കോണ്‍ഗ്രസിന് എതിരാവുകയാണ് പതിവ്. അതുകൊണ്ടുതന്നെയാണ്, കഴിഞ്ഞ കുറേക്കാലമായി കോണ്‍ഗ്രസ് നേതൃത്വം അടുപ്പിക്കാത്തതും. തമിഴ്നാട്ടിലാവട്ടെ കോണ്‍ഗ്രസ് നേതൃത്വത്തിനും അദ്ദേഹം ഒട്ടും സ്വീകാര്യനല്ല. പലതവണ മത്സരിച്ചിട്ടും മണി തോല്‍ക്കുകയും ചെത്തു. ഇപ്പോള്‍ അദ്ദേഹം കേരളത്തിലേക്ക് വരുന്നുവെന്ന് അറിഞ്ഞപ്പോള്‍ തന്നെ ഇതുപോലെ ഒരു വിവാദം പലരും പ്രതീക്ഷിച്ചിരുന്നതുമാണ്. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റിയില്‍ പ്രത്യേക ക്ഷണിതാവായ മണി ശങ്കര അയ്യര്‍ ഇപ്പോള്‍ ഒന്നുമല്ലാതായതിന് പിന്നിലും സ്വയംകൃത അനര്‍ത്ഥം എന്നേ പറയാന്‍ കഴിയൂ.




വാല്‍ക്കഷ്ണം: വിവരവും വിദ്യാഭ്യാസവും ഉണ്ടായിട്ടും, അത് വിവേകപൂര്‍വം ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്ത് സംഭവിക്കും എന്നതിന്റെ ഏറ്റവും നല്ല കേസ് സ്റ്റഡിയാണ് മണി ശങ്കര അയ്യര്‍. ഫലത്തില്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന സ്വഭാവക്കാരനാണ് അദ്ദേഹം. ഇനി സിപിഎമ്മില്‍ ചേരുമോ എന്ന ചോദ്യത്തിന്, 'അവര്‍ തന്നെ എടുക്കില്ല' എന്ന് മണിശങ്കര അയ്യര്‍ തമാശയായി പറയുന്നത് സത്യമാണ്. വേലിയിലിരിക്കുന്ന പാമ്പിനെ എടുത്ത് ആരാണ് തോളില്‍വെക്കുക!