- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
വിക്രാന്തിൽനിന്ന് മിസൈൽ വിട്ടാൽ ബെയ്ജിങിനെ തകർക്കാം; ലോകത്തിലെ രണ്ടാമത്തെ വലിയ കരസേന; മിഗും മിറാഷും സുഖോയും ജാഗ്വാറുമായി സുശക്തമായ വ്യോമസേന; പിന്നോട്ടടിച്ചത് നേവിയുടെ കാര്യത്തിൽ; ഉടൻ മൂന്ന് വിമാനവാഹിനിക്കപ്പലുകൾ കൂടി; ഇനി ചൈനയുമായി യുദ്ധമുണ്ടായാൽ ജയം ഇന്ത്യക്ക്! വിക്രാന്തിന് മുന്നിൽ അമ്പരപ്പോടെ ലോകരാഷ്ട്രങ്ങൾ
''രാജ്യത്തിന് വിഷാദരോഗം വന്നതു പോലെയുള്ള ഒരു കാലം ആയിരുന്നു അത്. ഞങ്ങൾ 'സാരെ ജഹാംസെ അച്ചാ' ആലപിച്ചപ്പോൾ നെഹ്റു അടക്കമുള്ളവർ വിതുമ്പുന്നത് കാണാമായിരുന്നു''-1962ലെ ചൈനായുദ്ധത്തിൽ ഉണ്ടായ തോൽവി ഇന്ത്യയുടെ മനസ്സിനേൽപ്പിച്ച മുറിവുകൾ എത്രയാണെന്ന്, ഇന്ത്യയുടെ വാനമ്പാടി ലതാമേങ്കഷ്ക്കർ എന്ന ഗായികയുടെ ഈ വാക്കുകളിൽ ഉണ്ട്. 62ൽ ചൈനയോട് ഏറ്റ തിരിച്ചടിക്കുശേഷം ന്യൂഡൽഹിയിൽ നടന്ന ദേശീയോദ്ഗ്രഥന സമ്മേളനത്തിലെ ഗാനാലാപനത്തിന്റെ അനുഭവം അവർ മരിക്കുന്നതുവരെ പറയുമായിരുന്നു. ദേശീയഗാനം കേൾക്കുമ്പോൾ ജനം പൊട്ടിക്കരഞ്ഞിരുന്ന കാലം. പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ അനാരോഗ്യത്തിനും പിന്നീടുള്ള മരണത്തിനും കാരണമാക്കിയതും ചൈനാ യുദ്ധം തന്നെ. സമാധാനപ്രേമിയും സോഷ്യലിസ്റ്റുമായ നെഹ്റു ഇതുപോലെ ഒരു ആക്രമണം കമ്യൂണിസ്റ്റ് ചീന നടത്തുമെന്ന് കരുതിയിരുന്നില്ല.
പക്ഷേ അതിനുശേഷം ഇന്ത്യൻ ആർമിയിൽ കാര്യമായ മാറ്റങ്ങൾ നടന്നു. ആധുനിക ആയുധങ്ങളും യുദ്ധവിമാനങ്ങളും വന്നു. ചൈനാ യുദ്ധത്തിൽ നഷ്ടമായ പേര് 71ലെ ബംഗ്ലാദേശ് യുദ്ധത്തിൽ ഇന്ദിരാഗാന്ധി തിരിച്ചുപിടിച്ചു. അതിനുശേഷം വാജ്പേയിയുടെ കാലം എത്തിയതോടെ ഇന്ത്യ ആണവ ശക്തിയുമായി. ഗാന്ധിസവും, അഹിംസാ പ്രഭാഷണങ്ങളും ഒന്നുമല്ല പ്രായോഗിക തലത്തിൽ നോക്കുമ്പോൾ, ലോകത്ത് സമാധാനം കൊണ്ടുവന്നത് അണവായുധങ്ങൾ തന്നെയാണ്. പാക്കിസ്ഥാനും, ചൈനക്കും, ഇന്ത്യക്കിട്ട് പണി തരാൻ ഇപ്പോഴും ആഗ്രഹം ഇല്ലാഞ്ഞിട്ടില്ല, പക്ഷേ ഇന്ത്യ ഇന്ന് അത്യന്താധുനിക ശേഷിയുള്ള ആണവ രാജ്യമാണെന്ന് ഇവർക്ക് നന്നായിട്ട് അറിയാം.
ലോകത്തിന്റെ സൈനിക ശേഷിനോക്കുമ്പോൾ, അമേരിക്കക്കും, ചൈനക്കും, റഷ്യക്കും പിന്നാലെ നാലാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോഴുള്ളത്. പക്ഷേ കരസേനയുടെ കരുത്ത് മാത്രം എടുത്താൽ ലോകത്തിന്റെ രണ്ടാമത്തെ വലിയ സൈന്യമാണ് നാം. മിഗും, മിറാഷും, സുഖോയും, ജാഗ്വാറുമായി സുശക്തമായ വ്യോമസേനയും ഇന്ത്യക്കുണ്ട്. പക്ഷേ ചൈനയടക്കമുള്ള അയൽരാജ്യങ്ങളെ തട്ടിച്ചുനോക്കുമ്പോൾ അത്രക്ക് ശക്തമായിരുന്നില്ല ഇന്ത്യൻ നേവി. ചൈനക്ക് നാല് വിമാനവാഹിനി കപ്പലുള്ളപ്പോൾ ഇന്ത്യക്ക് ആകെ ഒന്നുമാത്രമാണ് ഉള്ളത്. ഐഎൻഎസ് വിക്രമാദിത്യ. ഇപ്പോഴിതാ ഐഎൻഎസ് വിക്രാന്ത് എന്ന 333 നീലത്തിമിംഗലങ്ങളുടെ വലിപ്പമുള്ള കൂറ്റൻ പടക്കപ്പൽ കമ്മീഷൻ ചെയ്തുകൊണ്ട് ഇന്ത്യ നാവികസേനയെയും ശക്തമാക്കിയിരിക്കയാണ്. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ഈ പടക്കപ്പലിന് പിന്നാലെ മൂന്ന് വിമാനവാഹിനികപ്പലുകൾ കൂടി ഇന്ത്യ പുറത്തിറക്കുന്നുണ്ട്. അതോടെ ആരും ഭയക്കുന്ന ഒരു സൈനിക ശക്തിയായി ഇന്ത്യയും മാറുമെന്നാണ് വിലയിരുത്തൽ.
ലക്ഷ്യം ചൈനയെ വെല്ലുക
ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയായി അമേരിക്കയെ ആണ് പൊതുവെ കണക്കാക്കുന്നുള്ളതെങ്കിലും, ചൈന ഘട്ടം ഘട്ടമായി സൈനിക കരുത്ത് ഉയത്തുന്ന കാഴ്ചാണ് കാണാൻ കഴിഞ്ഞത്. പ്രതിരോധ വെബ്സൈറ്റായ മിലിട്ടറി ഡയറക്റ്റ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ചൈനയാണ് ഇപ്പോൾ സൈനികശേഷിയിൽ ഒന്നാം സ്ഥാനത്ത്. നൂറ് പോയിന്റുള്ള ഇൻഡക്സിൽ 82 പോയന്റാണ് ചൈനക്ക് ലഭിച്ചത്. മികച്ച സൈനിക സംവിധാനങ്ങളും പ്രതിരോധ ബജറ്റും ഉണ്ടായിരുന്നിട്ടും അമേരിക്ക 74 പോയിന്റുമായി രണ്ടാം സ്ഥാനനത്താണ്. റഷ്യ 69 പോയിന്റുമായി മൂന്നാം സ്ഥാനത്തും. വികസിത രാജ്യങ്ങളായ ഫ്രാൻസും ജർമ്മനിയും ബ്രിട്ടനുമെല്ലാം ഫയർ പവർ ഇൻഡക്സ് എന്ന ആയുധശേഷി പട്ടികയിൽ ഇന്ത്യയ്ക്ക് പിന്നിലാണ്. ഇന്ത്യക്ക് 61ഉം പോയിന്റാണ് ലഭിച്ചത്. 58 പോയിന്റുമായി ഫ്രാൻസാണ് അഞ്ചാമത്.
ലോകത്ത് ഏറ്റവും കൂടുതൽ പണം സൈന്യത്തിനായി ചെലവഴിക്കുന്നത് അമേരിക്കയാണ്. 732 ബില്യൺ ഡോളറാണ് അമേരിക്കയുടെ പ്രതിവർഷ സൈനിക ബജറ്റ്. രണ്ടാമതുള്ള ചൈനയുടെ ചെലവ് 261 ബില്യൺ ഡോളറാണ്. 71 ബില്യൺ ഡോളറാണ് ഇന്ത്യയുടെ പ്രതിവർഷ സൈനിക ബജറ്റ്. .പക്ഷേ ഈ മികവിലേക്ക് ചൈനയെ കൊണ്ട് എത്തിച്ചത് കടൽ യുദ്ധത്തിലുള്ള അവരുടെ മിടുക്കാണ്. നാല് വിമാനവാഹിന് കപ്പലാണ് അവർക്ക് ഉള്ളത്. കടൽ യുദ്ധത്തിൽ ചൈനയും, വ്യോമ യുദ്ധത്തിൽ അമേരിക്കയും, കര യുദ്ധത്തിൽ റഷ്യയും, തലപ്പത്താണെന്നാണ് പഠനം. സൈനിക ബജറ്റ്, സൈന്യത്തിന്റെ സജീവത, വായു-കര-നാവിക ന്യൂക്ലിയർ വിഭവ ശേഷി, ശരാശരി വേതനം എന്നീ ഘടകങ്ങൾ ഉൾക്കൊള്ളുന്ന 'അൾട്ടിമേറ്റ് മിലിട്ടറി സ്ട്രെങ്ത് ഇൻഡക്സാണ്' ഇത്.
2019ൽ പുറത്തുവന്ന കണക്കുപ്രകാരവും സൈനിക ശക്തിയിൽ ഇന്ത്യ നാലാം സ്ഥാനത്ത് ആയിരുന്നു. എന്നാൽ ഈ പട്ടികയിൽ പതിമൂന്നാം സ്ഥാനത്ത് മാത്രമാണ് പാക്കിസ്ഥാന് ഉണ്ടായിരുന്നത്. കര-വ്യോമ-നാവിക സേനയിൽ അമേരിക്കയും റഷ്യയും ചൈനയും മാത്രമാണ് ഈ പട്ടികയിൽ ഇന്ത്യക്ക് മുന്നിലുണ്ടായിരുന്നത്. 13 62,500 സൈനികരുള്ള ഇന്ത്യൻ കരസേനയാണ് ലോകത്തിൽ രണ്ടാമത്തെ വലിയ കരസേന. 37,12,500 സൈനികരുള്ള ചൈനയാണ് പട്ടികയിൽ ഒന്നാമത്. ഏഴ് കമാൻഡർമാർക്ക് കീഴിൽ പ്രവർത്തിക്കുന്ന കരസേന രാജ്യത്തെ മൊത്തം സൈനിക ശേഷിയുടെ 80 ശതമാനം വരും. മിഗ് 29, മിറാഷ്, സുഖോയ്, ബോയിങ്, ജാഗ്വാർ തുടങ്ങി ലോകത്തിൽ മുൻപന്തിയുള്ള എല്ലാ യുദ്ധവിമാനങ്ങളും ഇന്ത്യൻ സൈന്യത്തിന്റെ കരുത്തായുണ്ട്.
ഈ കണക്കുകൾ തയ്യാറാക്കിയ സമയത്ത് ഐഎഎൻഎസ് വിക്രാന്ത് ഇന്ത്യയുടെ ഭാഗം ആയിരുന്നില്ല എന്നോർക്കണം. പത്തുവിമാനങ്ങൾക്ക് ഒരേ സമയം ഇറങ്ങാൻ കഴിയുന്ന കൂറ്റൻ വിമാനവാഹിനി കപ്പലിലെ ഏറ്റവും പ്രധാന കാര്യം അത് പുർണ്ണമായും ഇന്ത്യയിൽ നിർമ്മിക്കാൻ കഴിഞ്ഞു എന്നതിലാണ്. ചൈനയും പാക്കിസ്ഥാനും വിക്രാന്തിനെ ഭീതിയോടെയാണ് കാണുന്നത്. ഇപ്പോൾ ഇന്ത്യൻ മഹാസമുദ്രത്തിന്റെ നിയന്ത്രണം ചൈനയുടെ കൈയിലാണ്. ശ്രീലങ്കയെ കടക്കെണിയിലാക്കി അവരുടെ ഹബ്ബൻ തോട്ട തുറമുഖം വരെ കൈക്കലാക്കി, അവിടെ നിന്ന് ഇന്ത്യക്കെതിരെ ചാരവൃത്തി നടത്താനൊക്കെ ചൈന ശ്രമിച്ചിരുന്നു. വിക്രാന്തിന്റെ വരവോടെ ഈ ആധിപത്യത്തിന് തടയിടൻ ഇന്ത്യക്ക് കഴിയും.
വിക്രാന്ത് എന്ന അത്ഭുദം
333 നീലത്തിമിംഗലങ്ങളുടെ വലുപ്പമുണ്ട് ഈ പടക്കപ്പലിന്. 8 കിലോമീറ്ററോളം നടക്കണം വിക്രാന്തിനെ കണ്ടറിയാൻ. തദ്ദേശീയമായി വിമാന വാഹിനി രൂപകൽപന ചെയ്തു നിർമ്മിക്കാൻ ശേഷിയുള്ള, ലോകത്തെ ആറാമത്തെ രാജ്യം എന്ന അഭിമാന നേട്ടത്തിലേക്ക് ഇന്ത്യയെത്തി. വിമാനവാഹിനി നിർമ്മിക്കുന്ന രാജ്യത്തെ ആദ്യ കപ്പൽശാലയെന്ന നേട്ടത്തിലേക്കു കൊച്ചിയുടെ സ്വന്തം ഷിപ്യാഡും.
രാജ്യം 15 വർഷമായി കണ്ട സ്വപ്നമാണ് യാഥാർത്ഥ്യമായത്. 23,000 കോടി രൂപ ചെലവിട്ടാണ് ഇത് നിർമ്മിച്ചത്. 2002 ലാണ് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം പദ്ധതിക്ക് കിട്ടുന്നത്. കൊച്ചി കപ്പൽ ശാലയുമായി കരാറിൽ ഒപ്പ് വയ്ക്കുന്നത് 2007 -ൽ. നിർമ്മാണം തുടങ്ങിയത് 2009 ൽ. 1971 ലെ ഇന്തോ- പാക് യുദ്ധത്തിൽ നിർണായകപങ്ക് വഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനിക്കലായ ഐഎൻഎസ് വിക്രാന്തിനോടുള്ള ആദരസൂചകമായാണ് പുതിയ കപ്പലിനും വിക്രാന്ത് എന്ന് പേര് വന്നത്.
76 ശതമാനവും ഇന്ത്യൻ നിർമ്മിത വസ്തുക്കൾ ഉപയോഗിച്ചാണ് കപ്പലിന്റെ നിർമ്മാണം. 860 അടിയാണ് കപ്പലിന്റെ നീളം. 193 അടിയാണ് ഉയരം. 30 എയർക്രാഫ്റ്റുകളാണ് ഒരേ സമയം കപ്പലിൽ നിർത്തിയിടാൻ കഴിയുക. 4,000 കിലോമീറ്ററാണ് വിക്രാന്തിന് നിർത്താതെ സഞ്ചരിക്കാനാവുക. 10 ഹെലികോപ്ടറുകളും 20 യുദ്ധവിമാനങ്ങളും വഹിക്കാൻ വിക്രാന്തിന് സാധിക്കും. മിഗ് -29, റഫാൽ എന്നീ യുദ്ധവിമാനങ്ങൾ വിക്രാന്തിലുണ്ടാകും. കാമോവ് 30, എംഎച്ച് 60 ഹെലികോപ്ടറുകളും ഇതിൽ ഉപയോഗിക്കും. തീർന്നില്ല, ഇനിയുമുണ്ട് വിക്രാന്തിന്റെ സവിശേഷതകൾ.
വിക്രാന്തിൽ അത്യാധുനിക മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി അടക്കം എല്ലാ സൗകര്യങ്ങളുമുണ്ട്. ദിവസേന നാല് ലക്ഷം ലിറ്റർ ശുദ്ധജലമാണ് ഇതിൽ ഉത്പാദിപ്പിക്കുക. അതുപോലെ മണിക്കൂറിൽ ആയിരം ചപ്പാത്തിയും ഇഡ്ഡലിയും തയ്യാറാക്കാവുന്ന അടുക്കളയാണ് വിക്രാന്തിന്. സ്ത്രീകൾക്ക് പ്രത്യേക താമസസൗകര്യം ഉണ്ടാവും. അതുപോലെ തന്നെ അത്യാധുനിക മാലിന്യ സംസ്കരണ പ്ലാന്റും വിക്രാന്തിന്റെ പ്രത്യേകത തന്നെ. ഇന്ത്യൻ ഉപഭുഖണ്ഡത്തിലെ സമുദ്രാധിപത്യത്തിലെ ഗെയിം ചേഞ്ചർ എന്നാണ് ഇന്ത്യടുഡെ, കൊച്ചി കപ്പൽ നിർമ്മാണ ശാല നിർമ്മിച്ച വിക്രാന്ത് എന്ന അത്ഭുദത്തെ കാണുന്നത്. ഇന്ത്യാ- ചൈന സൈനിക ബലാബലത്തിൽ വലിയ ആത്മവിശ്വാസമാണ് ഇത് ഇന്ത്യക്ക് നൽകുന്നത്.
യുദ്ധമുണ്ടായാൽ വിജയം ആർക്ക്?
ഇന്ത്യയുടെ എറ്റവും വലിയ ശത്രുവായി ഏവരും വിലയിരുത്തുന്നത് പാക്കിസ്ഥാനെയാണെങ്കിലും, സാമ്പത്തിക പ്രതിസന്ധിയും, നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയവും മൂലം നിവർന്നു നിൽക്കാനുള്ള ശക്തിപോലും ആ നാടിന് ഇല്ലാതായിരിക്കയാണ്. 200ത്തോളം പേർ മരിക്കയും, 2000 കോടിരൂപയിലേറെ നാശനഷ്ടവും ഉണ്ടാക്കിയ പ്രളയത്തെ തുടർന്ന് ഇന്ത്യയിൽനിന്ന് ഭക്ഷ്യധാന്യ കയറ്റുമതിപോലും അവർ ആലോചിക്കയാണ്. ഈ സമയത്ത് ഒരു യുദ്ധത്തെക്കുറിച്ചൊന്നും അവർ ചിന്തിക്കില്ലെന്ന് ഉറപ്പാണ്.
ആയുധങ്ങൾ ആവട്ടെ, ഇന്ത്യക്കുള്ളതിന്റെ പകുതി മാത്രമാണ് പാകിസഥാന്റെ പക്കലുള്ളത്. യുദ്ധ ടാങ്കുകൾ. തോക്കുകളുടേയും സായുധ വാഹനങ്ങളുടെയുമൊക്കെ കാര്യത്തിൽ പാക്കിസ്ഥാൻ സേന ഇന്ത്യയേക്കാൾ ബഹുദൂരം പിന്നിലാണ്. ഇതേസമയം, ആയുധങ്ങളുടെ കാര്യത്തിൽ ഇന്ത്യയും ചൈനയും ഏകദേശം തുല്യ നിലയിലാണ്. എന്നാൽ നാവിക സേനയുടെ കാര്യത്തിൽ ചൈന വൻ ശക്തിയാണ്. അത് മറികക്കാനുള്ള നീക്കമാണ് നാം ഇപ്പോൾ നടത്തുന്നത്.
കഴിഞ്ഞ തവണ ഗാൽവാൻ താഴവരിൽ ഇന്ത്യ- ചൈന സംഘർഷത്തിനു പിന്നാലെ വീണ്ടുമൊരു യുദ്ധം ഉണ്ടാകുമെന്ന് ആശങ്ക ഉയർന്നിരുന്നു. ആ സമയത്ത് ഹാർവാർഡ് സർവകലാശാലയിൽ നിന്നുള്ള പഠന റിപ്പോർട്ട് ശ്രദ്ധേയമായിരുന്നു. ഇന്ത്യ- ചൈന യുദ്ധം ഉണ്ടായാൽ വിജയസാധ്യത കൂടുതൽ ഇന്ത്യക്കാണെന്നാണ് ആ റിപ്പോർട്ട് പറഞ്ഞിരുന്നത്. ഹാർവാർഡ് കെന്നഡി സ്കൂളിലെ ബെൽഫർ സെന്റർ ഫോർ സയൻസസ് ആൻഡ് ഇന്റർനാഷണൽ അഫേയേഴ്സ് ആണ് റിപ്പോർട്ട് തയ്യാറാക്കിയത്.
ഇനിയൊരു യുദ്ധം ഉണ്ടായാൽ 1962 ലെ പോലെ ആയിരിക്കില്ലായെന്നും പഠനത്തിൽ പറയുന്നു. ഇതിനായി അവർ എടുത്തുപറയുന്ന ഒരു കാര്യം, ചൈന ഇന്ത്യയേക്കാൾ വലിയ സൈനിക ശക്തയാണെങ്കിലും അവർക്ക് പൊട്ടൻഷ്യൽ ഫൈറ്റേഴ്സിന്റെ എണ്ണം കുറവാണെന്നാണ്. അതായത് ചൈനയിലെ സൈനികരിൽ ഭൂരിഭാഗവും മറ്റ് അതിർത്തികളിൽ തമ്പടിച്ചിരിക്കുന്നവരാണ്. അവർക്ക് ഫോക്കസ്ഡ് ആയി ഒരു ആക്രമണം നടത്താൻ കഴിയില്ല. ചൈനീസ് സേനയുടെ പല വിഭാഗങ്ങളും ടിബറ്റിലും സിൻജിയാങിലുമുള്ള കലാപകാരികൾക്കെതിരെ നിലയുറപ്പിച്ചിരിക്കുകയാണ്. എന്നാൽ, ഇന്ത്യയുടെ കൈവശമുള്ള സൈന്യം തികച്ചും ചൈനയെ ചെറുക്കാനുള്ളതുണ്ടെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു.
ചൈനയുടെ വ്യോമസേനയിലും പൊട്ടൻഷ്യൽ ഫോഴസിന്റെ സ്ഥിതി വ്യത്യസ്തമല്ല. ചൈനീസ് എയർഫോഴ്സിന്റെ വലിയൊരു ഭാഗത്തെ റഷ്യൻ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ ചൈനയുടെ പക്ഷത്ത് എണ്ണത്തിൽ കുറവാണുണ്ടാകുക. ഇന്ത്യൻ ഈസ്റ്റേൺ എയർ കമാൻഡിന് ചൈനയ്ക്കെതിരെ ഒരേ സമയം 101 പോരാളികളെ ഇറക്കാൻ കഴിയും. ചൈനയുടെ ജെ 10 ഫൈറ്റർ യുദ്ധ വിമാനത്തോട് കിടപിടിക്കുന്നയാണ് ഇന്ത്യയുടെ മിറാഷ്- 2000. അതുപോലെ ഇന്ത്യയുടെ എസ് യു- 30എംകെഐ ചൈനയുടെ എല്ലാ പോർവിമാനങ്ങളെക്കാളും മികച്ചതാണ്. അതുകൊണ്ടുതന്നെ വ്യോമക്കരുത്തിൽ ചൈനക്ക് ഇന്ത്യയെ വെല്ലാൻ കഴിയില്ല എന്ന് ഹാർവാർഡ് പഠനം ചൂണ്ടിക്കാട്ടിയിരുന്നു. ഈ റിപ്പോർട്ട് പുറത്തുവന്നത്, വിക്രാന്ത് ഇന്ത്യൻ നേവിയുടെ ഭാഗം ആവുന്നതിന് മുമ്പാണെന്ന് ഓർക്കണം.
ചാരയുദ്ധത്തിൽ ചൈനയെ തുരത്തിയ ഇന്ത്യ
സമുദ്രത്തിലെ ചാരപ്രവർത്തി തടയിടാനും വിക്രാന്തിന് കഴിയും. ലോകരാഷ്ട്രങ്ങൾ രഹസ്യമായി വീക്ഷിച്ചിരുന്ന, ചാര യുദ്ധത്തിൽ ഇന്ത്യ ചൈനയെ ഈയിടെ മലർത്തിയടിച്ചതും വാർത്തയായിരുന്നു. ചാരപ്പണിക്കായി ശ്രീലങ്കൻ തീരത്ത് ചൈനയുടെ യുദ്ധ ചാരക്കപ്പലായ യുവാൻ വാംഗ് 5, ഇന്ത്യ ഉയർത്തിയ സിഗ്നൽ മതിലിൽ കുടങ്ങി നിഷ്പ്രഭമായിരുന്നു. ഇസ്രയേൽ ടെക്ക്നോളജി വഴി ഇന്ത്യയുണ്ടാക്കിയ പ്രതിരോധ മതിലിലുടെയാണ് ഈ നേട്ടം സാധ്യമായത്.
ചൈനയുടെ യുദ്ധ ചാരക്കപ്പലായ യുവാൻ വാംഗ് 5, ഇന്ത്യൻ മഹാസമുദ്രത്തിലെ ശ്രീലങ്കൻ തുറമുഖമായ ഹമ്പൻ തോട്ടയിൽ ഓഗസ്റ്റ് 16 നെത്തി നങ്കൂരമിട്ടത്ത് ഏറെ ആശങ്കകൾക്ക് ഇടയാക്കിയിരുന്നു. ഇന്ത്യയുടെ എതിർപ്പ് അവഗണിച്ചാണ് കപ്പലിന്റെ വരവ്. 750 കിലോ മീറ്ററിനുള്ളിലെ സിഗ്നലുകൾ ചോർത്താൻ കഴിവുള്ള യുവാൻ വാംഗ് 5 ഉപയോഗിച്ച് കൂടംകുളം ആണവ നിലയം, ശ്രീഹരിക്കോട്ട, തുമ്പ, ഐഎസ്ആർഒ, കൊച്ചി കപ്പൽ നിർമ്മാണശാല തുടങ്ങി അമ്പതോളം സുപ്രധാന രഹസ്യ മേഖലകളിലെ സിഗ്നലുകൾ ചോർത്തുക എന്നതായിരുന്നു ചൈനയുടെ ലക്ഷ്യം എന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്.
ലോകത്തിലെ എറ്റവും ശക്തമായ ചാര സംവിധാനങ്ങൾ ഉള്ള കപ്പലാണ് ചൈനയുടെ യുവാൻ വാംഗ്. അത് ഒരു പ്രദേശത്ത് വന്നുനിന്നാൽ അതിന്റെ 750 കിലോമീറ്റർ ചുറ്റളവിലുള്ള സകല വസ്തുക്കളുടെയും വിവരങ്ങൾ എടുക്കാനുള്ള സംവിധാനമുണ്ട്. ആണവ, മിസൈൽ, ബഹിരാകാശ സംവിധാനങ്ങളിലെ സിഗ്നലുകൾ ചോർത്താൻ കഴിയുന്ന ഇതിനെ ഹൈടെക്ക് 'ഗവേഷണ' കപ്പൽ എന്നാണ് ഇതിന് ചൈന വിശേഷിപ്പിക്കുന്നത്. പക്ഷേ ഗവേഷണമല്ല ചാരപ്പണിയാണ് ഇത് നടത്തുന്നതെന്ന് ഏവർക്കും അറിയാം.
ഇന്ത്യ ഇസ്രയേൽ സാങ്കേതികവിദ്യപ്രകാരമുള്ള മിസൈൽ മതിൽ പണിതാണ് രാജ്യത്തെ കാത്തത്. ഇറാഖ് യുദ്ധകാലത്ത് സദ്ദാം അയച്ച സ്കഡ് മിസൈലിൽനിന്ന് കുവൈത്തിന് പ്രതിരോധ കവചം ഒരുക്കിയതുപോലുള്ള ഒരു 'ടെക്ക്നോജിക്കൽ വാർ' ആയാണ് സിഎൻഎൻ ഇതിനെ വിലയിരുത്തിയത്. ഈ മാസം 16ന് ഹമ്പൻതോട്ടയിൽ തമ്പടിച്ച ചൈനീസ് ചാരക്കപ്പലിന് പക്ഷേ ഈ പ്രതിരോധ മതിലിൽ തട്ടി ഒരു സിഗ്നലും കിട്ടിയിട്ടില്ല എന്നാണ് സൈനിക സ്പെഷ്യലിസ്റ്റുകളായ വിദഗ്ദ്ധർ പറയുന്നത്.
ചൈനീസ് കപ്പലിനെതിരെ സാറ്റലൈറ്റ് സിഗ്നൽ ഷീൽഡിനായി ഇന്ത്യ വലിയ സംവിധാനങ്ങളാണ് ഒരുക്കിയത്. ഇന്ത്യ നാല് ഉപഗ്രഹങ്ങളും ഒരു യുദ്ധക്കപ്പലുമാണ് ഇതിനായി വിന്യസിച്ചത്. ജിസാറ്റ് 7 സാറ്റലൈറ്റുകളും, ആർഐ സാറ്റ്, എമിസാറ്റ് എന്ന സ്പൈ സാറ്റലൈറ്റും ഒപ്പം നാവികസേനയുടെ ആശയവിനിമയ യുദ്ധക്കപ്പലും ഇന്ത്യ വിന്യസിച്ചു. എമിസാറ്റ് ഉപഗ്രഹത്തിലെ കൗടില്യ ഇലക്ട്രോണിക് ഇന്റലിജൻസ് പാക്കേജ് ഉപയോഗിച്ചാണ് സിഗ്നൽ ഷീൽഡിങ് നടത്തിയത്. ഇത് ഇസ്രയേൽ ടെക്ക്നോളജിയാണ്.ചൈനീസ് ചാരക്കപ്പലുകളിൽ നിന്നുള്ള നിരീക്ഷണ സിഗ്നലുകൾ തടയാനും വ്യതിചലിപ്പിക്കാനും ഈ ഷീൽഡിന് കഴിഞ്ഞു.
ഇപ്പോൾ ഐഎൻസഎസ് വിക്രാന്തിൽ നാം ഇസ്രയേൽ ടെക്ക്നോളജി വഴി സിഗ്നൽ പ്രതിരോധ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അതായത് ഇനി നമുക്ക് ചൈനയുടെ ചോർത്തൽ ഭയക്കേണ്ട കാര്യമില്ല. യുവാൻ വാംഗിനെ വിക്രാന്തുകൊണ്ടുതന്നെ തടയാൻ കഴിയും.
കരുത്ത് തെളിയിച്ച് കൊച്ചിയും
ഇറക്കുമതി ചെയ്യുന്നതിലല്ല ഒരു രാജ്യത്തിന്റെ കരുത്ത്. ഒരു വസ്തു സ്വന്തമായി ഉണ്ടാക്കുമ്പോഴാണ്. അപ്പോഴാണ് നമുക്ക് അതിൽ പൂർണ്ണമായും ആക്സസ് ഉണ്ടാവുക. നമ്മുടെ ബജറ്റിസ് അനുസരിച്ച് അത് നിർമ്മിക്കാൻ കഴിയുക. വിക്രാന്തിലൂടെ നാം ഈ മഹത്തായനേട്ടം കൈവരിച്ചു. കൊച്ചി ഷിപ്പ്യാർഡും കരുത്ത് തെളിയിച്ചിരിക്കയാണ്. നേരത്തെ വാണിജ്യക്കപ്പലുകൾ മാത്രമാണു കൊച്ചിൻ ഷിപ്യാഡ് നിർമ്മിച്ചിരുന്നത്. ചരക്കുകപ്പലുകളും ടാങ്കറുകളും ഓഫ്ഷോർ യാനങ്ങളും ഡ്രജറുകളുമെല്ലാം അതിൽ ഉൾപ്പെട്ടിരുന്നെങ്കിലും യുദ്ധക്കപ്പലുകൾ ആ പട്ടികയിലെങ്ങും ഉണ്ടായിരുന്നില്ല. എന്നിട്ടും രാജ്യം ആദ്യമായി വിമാനവാഹിനി നിർമ്മിക്കാൻ തീരുമാനിച്ചപ്പോൾ നിർമ്മാണക്കരാർ കൊച്ചി കപ്പൽശാലയെ തേടിയെത്തിയതിനും കൃത്യമായ കാരണമുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഡ്രൈ ഡോക്കുകൾ അന്നു കൊച്ചി കപ്പൽശാലയിലായിരുന്നു. ഇന്ത്യയുടെ മുൻ വിമാനവാഹിനി ഐഎൻഎസ് വിരാട് 1991 മുതൽ വിവിധ വർഷങ്ങളിലായി 13 തവണ അറ്റകുറ്റപ്പണി നടത്തിയതു കപ്പൽശാലയിലായിരുന്നു.
സാങ്കേതികവിദ്യയിലെ മുന്നേറ്റങ്ങൾക്കനുസൃതമായ ഷിപ് ഡിസൈൻ ബ്യൂറോയിലെ കപ്പൽ രൂപകൽപനാ വിദഗ്ദ്ധർ കോറിയിട്ട രേഖാചിത്രങ്ങളിൽ നിന്ന് ഉരുക്കിൽ തീർത്ത പടുകൂറ്റൻ വിമാനവാഹിനിയിലേക്കുള്ള ഐഎൻഎസ് വിക്രാന്തിന്റെ പരിണാമഘട്ടം പ്രതിസന്ധികളുടേതായിരുന്നു. അടിക്കടി ഡിസൈൻ വ്യതിയാനങ്ങളും
മാറ്റങ്ങളുമെല്ലാം വെല്ലുവിളിയായി. യുദ്ധക്കപ്പൽ നിർമ്മിക്കാൻ ആവശ്യമായ സ്പെഷലൈസ്ഡ് സ്റ്റീൽ ആയിരുന്നു മറ്റൊരു വെല്ലുവിളി. റഷ്യയിൽ നിന്നുള്ള ഇറക്കുമതി മുടങ്ങിയതോടെ ഇതു സ്വന്തമായി ഉൽപാദിപ്പിക്കുക എന്ന ദൗത്യം ഡിആർഡിഒയും സെയിലും ഏറ്റെടുത്തു. ഈ സ്റ്റീൽ വെൽഡ് ചെയ്യാനുള്ള ഉയർന്ന നിലവാരത്തിലുള്ള ഇലക്ട്രോഡുകൾ മിശ്രധാതു നിഗം ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനം വികസിപ്പിച്ചു. ഇത് ഉപയോഗിക്കുന്നതെങ്ങനെയെന്ന് 500 ജീവനക്കാർക്കു പരിശീലനം നൽകി.
കപ്പലിന്റെ ബോഡി നിർമ്മാണമാരംഭിച്ച ശേഷം എത്തിക്കുന്ന വലിയ ഉപകരണങ്ങൾ ഉള്ളിലെത്തിക്കുന്നതായിരുന്നു മറ്റൊരു പ്രതിസന്ധി. എല്ലായ്പ്പോഴും ബോഡി മുറിച്ചുനീക്കിയ ശേഷം ഇവ ഉള്ളിൽ കടത്തേണ്ടി വന്നു. പ്രൊപ്പല്ലറിന്റെ 100 മീറ്റർ നീളമുള്ള ഷാഫ്റ്റ് ഉള്ളിൽക്കടത്താൻ പ്രത്യേകം ജിഗ് തന്നെ കപ്പൽശാല ജീവനക്കാർ നിർമ്മിച്ചെടുത്തു. നിർമ്മാണം പൂർത്തിയാക്കിയ കപ്പൽ നീറ്റിലിറക്കുന്നതും വൻ പ്രതിസന്ധിയായിരുന്നു. കപ്പലിൽനിന്നു വിമാനങ്ങളെ പറന്നുയരാൻ സഹായിക്കുന്ന മുകളിലേക്കു വളഞ്ഞ മൂക്ക് (സ്കീ ജംപ്) കപ്പൽ വെള്ളത്തിലിറക്കിയിട്ട ശേഷം ഘടിപ്പിക്കാനായിരുന്നു പദ്ധതി.
300 ടണ്ണോളം ഭാരമുള്ള സ്കീ ജംപ് ഘടിപ്പിച്ചാൽ ഡോക്കിലെ വെള്ളത്തിൽ കപ്പൽ പൊങ്ങിക്കിടക്കില്ല എന്നതിനാലായിരുന്നു തീരുമാനം. എന്നാൽ ഒടുവിൽ സ്കീ ജംപ് ഘടിപ്പിച്ച ശേഷം മതി വെള്ളത്തിലിറക്കൽ എന്നായി തീരുമാനം. തദ്ദേശീയമായി നിർമ്മിച്ച ഫ്ലോട്ടിങ് പൊൻടൂൺസ് കപ്പലിന്റെ രണ്ടു വശത്തും ഘടിപ്പിച്ചു ഭാരമേറിയാലും ആഴം കുറഞ്ഞ വെള്ളത്തിൽ പൊങ്ങിക്കിടക്കാനുള്ള ശേഷി ഉറപ്പുവരുത്തിയാണ് ഈ പ്രതിസന്ധി മറികടന്നത്. രാജ്യത്തു തന്നെ അപൂർവമായിരുന്നു ഇത്തരമൊരു കണ്ടെത്തൽ.
ഫ്രാൻസ്- യുഎസ്- ഇസ്രയേൽ കൂട്ട്
സൈനിക ശക്തിയെന്നാൽ പലപ്പോഴും സഖ്യങ്ങളുടെ വിജയം കൂടിയാണ്. ആർമിയില്ലാത്ത രാജ്യങ്ങൾ പോലും ഇന്ന് നാറ്റോ സഖ്യത്തിന് കീഴിൽ സുരക്ഷിതരാണ്. ഇവിടെയും ഇന്ത്യക്ക് ഒരുപാട് നയതന്ത്ര മുന്നേറ്റങ്ങൾ ഉണ്ടാക്കാനായിട്ടുണ്ട്. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ ഏറിയതിനുശേഷം ഫ്രാൻസ്, ഇസ്രയോൽ, അമേരിക്ക തുടങ്ങിയ രാജ്യങ്ങുമായി വളരെ നല്ല ബന്ധമാണ പുലർത്തുന്നത്്. നേരത്തെ നമ്മുടെ ആവണ പദ്ധതികൾ വരെ റഷ്യയുമായി ബന്ധപ്പെട്ടായിരുന്നു. ഈ റഷ്യൻ ചേരിയിൽനിന്നുള്ള പരോക്ഷമായ പിന്മാറ്റം ഇന്ത്യക്ക് നന്നായി ഗുണം ചെയ്തു. ഇന്ന് ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് ഫ്രാൻസും, യുഎസും, തന്ന വിമാനങ്ങളും അവയുടെ സാങ്കേതിക വിദ്യയുമാണ്. നേവിയുടെ കാര്യത്തലുള്ള പിന്നോക്കാവസ്ഥ അമേരിക്കൻ പിന്തുണയോടെയാണ് നാം മാറ്റിയെടുക്കുന്നത്.
പക്ഷേ ഇന്ത്യക്ക് സാങ്കേതികമായ എല്ലാ സഹായങ്ങളും ചെയ്യുന്നത് ഇസ്രയേൽ എന്ന കുഞ്ഞനും കരുത്തനുമായ രാഷ്ട്രമാണ്. കാർഗിലിലെ പാക്കിസ്ഥാന്റെ നൂഴഞ്ഞുകയറ്റം കണ്ടെത്തി ഇന്ത്യയെ അറിയിച്ച് നമ്മുടെ രാജ്യത്തെ വലിയൊരു വിപത്തിൽ രക്ഷിച്ചത് സാക്ഷാൽ ഇസ്രയേൽ ആയിരുന്നു. അവരുടെ സാറ്റലൈറ്റ് ഉപയോഗിച്ച് എടുത്ത ചിത്രങ്ങൾ ഇസ്രയേൽ തത്സമയം നമുക്ക് നൽകി കൊണ്ടിരുന്നതും കാർഗിൽ യുദ്ധത്തിൽ ഭാരതത്തിന് നിർണ്ണായകമായി. യാതൊരു പ്രതിഫലവും ഇല്ലാതെ, ഒരു സൗഹൃദ രാഷ്ട്രം എന്ന നിലയിലാണ് അവർ ഇന്ത്യയെ സഹായിച്ചത്. ഇപ്പോഴിതാ നിർണ്ണായകമായ ബഹിരാകാശ- സൈനിക - ആണവ രഹസ്യങ്ങൾ ചോർത്താൻ ലക്ഷ്യമിട്ട് ഇറങ്ങിയ ചൈനക്കും, ഇസ്രയേൽ ടെക്ക്നോളജിയിലൂയൊണ് നാം എട്ടിന്റെ പണി കൊടുത്തത്.
ഇസ്രയേലുമായി വളരെ ഊഷ്മളമായ ബന്ധമാണ് ഇന്ത്യക്ക് ഉള്ളത്.േേ മാദി അധികാരത്തിൽ ഏറിയിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായി. അതുപോലെ ഇപ്പോൾ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ പുതിയ മിലിട്ടറി സൗഹൃദ രാഷ്ട്രമായി മാറിയത്. വ്യോമസേനയെ നവീകരിക്കുന്ന കാര്യത്തിൽ അവർ നമ്മെ സഹായിക്കുന്നു. ഇനിയുള്ള കാലത്ത് സൈനിക ശേഷി എന്നാൽ വെറും കാലാൾപ്പടയുടെ കരുത്തല്ല. സൈന്യത്തിലും റോബോട്ടിക്സ് കടന്നുവരുന്ന കാലമാണിത്. ഡ്രോണുകൾ യുദ്ധം ചെയ്യുന്ന കാലമാണ് വരാൻ പോവുന്നത്. ആ രീതിയിൽ വളർന്നുവരാൻ തക്ക സൗഹൃദ രാഷ്ട്രങ്ങളെ നിലനിർത്താൻ കഴിയുന്ന നിലയിൽ ഇന്ത്യ വിദേശ ബന്ധങ്ങളും കൊണ്ടുപോകുന്നതുകൊണ്ടാണ് ഈ നേട്ടം കൈവരിക്കാൻ കഴിയുന്നത്.
ഐഎൻസ് വിക്രാന്തിന് പിന്നാലെ രാജ്യം പ്രഖ്യാപിച്ച മൂന്ന് വിമാനവാഹനി കപ്പലുകൾ പുർത്തിയാവുന്നതോടെ, ലോകത്തിലെ മൂന്നാമത്തെ ആയുധ ശക്തിയായും ഇന്ത്യ മാറാം. നിലവിലെ അവസ്ഥവെച്ച് പൃഥി,അഗ്നി മിസെലുകൾ ഉപയോഗിച്ച്, ഐൻഎസ് വിക്രാന്തിലുടെ ഇന്ത്യക്ക് ഷാങ്ങ്ഹായിയെയോ, ബെയ്ജിങ്ങിനേയോ ആക്രമിക്കാവുന്നതേയുള്ളൂ! ഈ ഞെട്ടൽ ശരിക്കും ചൈനക്കും മറ്റ് ലോക രാഷ്ട്രങ്ങൾക്കുമുണ്ട്. പക്ഷേ എന്നും സമാധനത്തിനുവേണ്ടി നിലകൊണ്ട രാജ്യമാണ് ഇന്ത്യ. നമ്മെ ഇങ്ങോട്ട് ആക്രമിക്കാതെ നാം ഒരു യുദ്ധത്തിലും പങ്കെടുത്തിട്ടില്ല. ഒരു ഭീകരവാദത്തിനും പ്രത്യക്ഷമായും പരോക്ഷമായും പിന്തുണയും കൊടുക്കുന്നില്ല. ആ ഒരു ക്ലീൻ ഇമേജിൽനിന്നുകൊണ്ട്, സമാധാനത്തിനുവേണ്ടിയാണ് ഞങ്ങൾ ഇവയൊക്കെ ഉണ്ടാക്കുന്നത് എന്ന് ഉറച്ചു പറയാനും ഇന്ത്യക്ക് കഴിയും.
വാൽക്കഷ്ണം: ലോകമെമ്പാടും സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോൾ ചൈനയെ മറികടന്ന് ഇന്ത്യ സാമ്പത്തിക വളർച്ച നേടിയതും ഇതോടൊപ്പം ശ്രദ്ധിക്കേണ്ടതാണ്. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയായ ഇന്ത്യ ജൂൺ പാദത്തിൽ 13.5ശതമാനം വളർച്ച കൈവരിച്ചിരിക്കുന്നു. ഒന്നാം സ്ഥാനത്തുള്ള ചൈനയാകട്ടെ 0.4ശതമാനവും. വളരുന്ന ഒരു രാജ്യത്തിന് മാത്രമേ പ്രതിരോധ ബജറ്റുകൾ വർധിപ്പിക്കാൻ കഴിയുള്ളുവെല്ലോ. ആ രീതിയിൽ നോക്കുമ്പോഴും ഇന്ത്യ തിളങ്ങുന്ന കാലമാണ് ഇത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ