- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരുകിലോ അരിക്ക് 500 രൂപ, ഒരുകപ്പ് ചായക്ക് 82! ഒറ്റ ഇന്ത്യന്‍ രൂപകൊടുത്താല്‍ കിട്ടുക 14,006 റിയാല്‍; വിലക്കയറ്റം 42 ശതമാനം; കറന്‍സിയിലെ പൂജ്യങ്ങള്‍ വെട്ടി പരീക്ഷണം; ഇപ്പോള്‍ ഒരുകോടിയുടെ ഒറ്റനോട്ട്; പക്ഷേ മൂല്യം വെറും 650 ഇന്ത്യന്‍ രൂപ; കറന്‍സിക്ക് കടലാസ് വിലയില്ലാതെ പട്ടിണിരാജ്യമായി ഇറാന്
ഒരുകിലോ അരിക്ക് 500 രൂപ, ഒരുകപ്പ് ചായക്ക് 82! ഒറ്റ ഇന്ത്യന്‍ രൂപകൊടുത്താല്‍ കിട്ടുക 14,006 റിയാല്‍

പൊതുവെ നമ്മള്‍ മലയാളികള്‍ക്ക്, ഇന്ത്യന്‍ രൂപയെക്കുറിച്ച് വലിയ മതിപ്പില്ല. ഡോളറിനെതിരെയുള്ള രൂപയുടെ മുല്യത്തകര്‍ച്ചയാണ് നമ്മള്‍ പലപ്പോഴും ചര്‍ച്ച ചെയ്യാറുള്ളത്. എന്നാല്‍ ഒരു ഒറ്റ ഇന്ത്യന്‍ രൂപകൊടുത്താല്‍, 14,006 റിയാല്‍ കിട്ടുന്ന ഒരു രാജ്യത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ! അതാണ് ഖുമേനിമാര്‍ വളര്‍ത്തിയ ഇസ്ലാമിക രാഷ്ട്രമായ ഇറാന്റെ അവസ്ഥ. 2026 മാര്‍ച്ച് 23-ലെ വിനിമയ നിരക്ക് പ്രകാരം 1 ഇന്ത്യന്‍ രൂപ ഏകദേശം 14,006 ഇറാനിയന്‍ റിയാലിന് തുല്യമാണ്. 1 യു.എസ്. ഡോളര്‍ എന്നത് ഏകദേശം 13,15,625 ഇറാനിയന്‍ റിയാലുമാണ്! ഞെട്ടിപ്പിക്കുന്ന വിലത്തകര്‍ച്ചയാണ് ഇറാന്‍ റിയാല്‍ നേരിട്ടത്. പലയിടത്തും കറന്‍സിക്ക് കടലാസ് വിലപോലുമില്ലാതായി. ഡോളര്‍ അവിടെയൊക്കെ പ്രധാന കറന്‍സിയായി.
യുദ്ധം തുടങ്ങിയതോടെ നമ്മുടെ നാട്ടില്‍ പാചകവാതകക്ഷാമമൂലം ഹോട്ടലുകള്‍ അടച്ചിട്ടിരിക്കയാണ്. അതുവെച്ച്, ഇറാനിനോട് കളിച്ചാല്‍ ഇങ്ങനെയിരിക്കുമെന്ന് ഫേസ്ബുക്കില്‍ തള്ളുന്നുവരുണ്ട്. പക്ഷേ നമ്മളേക്കാര്‍ നൂറിരട്ടി മോശമാണ് ഇറാന്റെ അവസ്ഥ. ഒരു കപ്പ് ചായ കിട്ടാന്‍ 82 രൂപയുടെ മുല്യം വരുന്ന റിയാല്‍ കൊടുക്കണം. ഒരു കിലോ അരിക്ക് 500 രൂപക്ക് സമാനമായ റിയാല്‍ കൊടുക്കണം. മരുന്നിനും അവശ്യവസ്തുക്കള്‍ക്കും ക്ഷാമമാണ്. പശ്ചിമേഷ്യന്‍ യുദ്ധം തുടങ്ങിയതിനുശേഷം, ഇറാനും തകര്‍ച്ചയില്‍നിന്ന് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. ലോകത്തിലെ എണ്ണ ശേഖരത്തിന്റെ 10 ശതമാനവും, പ്രകൃതി വാതക ശേഖരത്തിന്റെ 15 ശതമാനവുമുള്ള 'എന്‍ര്‍ജി സൂപ്പര്‍ പവര്‍' എന്നറിയപ്പെടുന്ന രാജ്യമാണ് ഈ രീതിയില്‍ തകരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നോട്ടിലെ പൂജ്യം വെട്ടുക എന്ന കടും വെട്ട് നേരത്തെ ഇറാന്‍ നടത്തിയിരുന്നു. അതായത് നോട്ടിലെ പൂജ്യങ്ങള്‍ക്ക് വിലയില്ലാതായി. രണ്ടായിരത്തിന്റെ നോട്ടിന് രണ്ട് രൂപയുടെ വിലയായി.
യുദ്ധത്തിന് മുമ്പാണ് ഈ കുടംവെട്ട് നടത്തിയത്. യുദ്ധത്തിനുശേഷം കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ഇപ്പോള്‍ ഇറാന്‍ ഒരു കോടി റിയാലിന്റെ ഒറ്റ നോട്ട് ഇറക്കിയിരിക്കയാണ്! ഇത്തരം ചെപ്പടി വിദ്യകള്‍കൊണ്ട് പരിഹരിക്കാന്‍ കഴിയുന്നതാണോ, ഇറാന്റെ സാമ്പത്തിക പ്രശ്നങ്ങള്‍ എന്നതും ചര്‍ച്ചയാവുകയാണ്.
ഒരു കോടി റിയാലിന്റെ ഒറ്റനോട്ട്
യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും ശക്തമാകുന്നതിനിടെ ഒരു കോടി റിയാലിന്റെ ബാങ്ക് നോട്ട് പുറത്തിറക്കിയിരിക്കയാണ് ഇറാന്‍. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള നോട്ടാണിത്. ഔദ്യോഗിക കറന്‍സിയായ ഇറാന്‍ റിയാല്‍ കനത്ത തകര്‍ച്ച നേരിടുന്നതിനിടെയാണ് പുതിയ നീക്കം. മുഖവില ഉയര്‍ന്നതാണെങ്കിലും ഇതിന്റെ യഥാര്‍ത്ഥ മൂല്യം വെറും ഏഴ് ഡോളര്‍ അതായത്, 650 ഇന്ത്യന്‍ രൂപ മാത്രമാണ്!
കുതിച്ചുയരുന്ന പണപ്പെരുപ്പം, ദുര്‍ബലമാകുന്ന റിയാലിന്റെ മൂല്യം, അമേരിക്കയും ഇസ്രയേലും ഉള്‍പ്പെടുന്ന സംഘര്‍ഷം തുടങ്ങിയ ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന സാമ്പത്തിക സമ്മര്‍ദം എന്നിവ ഇറാനില്‍ ജന ജീവിതം ദുസ്സഹമാകുന്നതിനിടെയാണ് പുതിയ നീക്കം. വിലക്കയറ്റം രൂക്ഷമായതോടെ ദൈനംദിന ഇടപാടുകള്‍ക്ക് കൂടുതല്‍ കൂടുതല്‍ കറന്‍സികളും ആവശ്യമാണ്. ഈ പ്രതിസന്ധി മറികടക്കാനാണ് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അധികൃതര്‍ പുറത്തിറക്കുന്നത്. നിലവിലുള്ള പ്രതിസന്ധി ഘട്ടത്തില്‍ ബാങ്കിങ് സംവിധാനങ്ങള്‍, ഡിജിറ്റല്‍ പേയ്മെന്റുകള്‍ എന്നിവയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കുറഞ്ഞിട്ടുണ്ട്. ഇതോടെ നിരവധി ഇറാനികള്‍ കറന്‍സിയായി പണം കൈവശം വയ്ക്കുന്ന പ്രവണത കൂടിയിട്ടുണ്ട്. ഇത് എടിഎമ്മുകളിലും ബാങ്കുകളിലും നീണ്ട ക്യൂവിലേക്ക് നയിക്കയാണ്.
ഇറാന്റെ പ്രധാന വരുമാന മാര്‍ഗ്ഗമായ എണ്ണ കയറ്റുമതിയില്‍ ഉപരോധങ്ങള്‍ കാരണം വലിയ കുറവുണ്ടായി. ഇത് വിദേശനാണ്യ ശേഖരത്തെ തകര്‍ത്തു. രാജ്യത്ത് സാധനങ്ങളുടെ വില കുതിച്ചുയരുന്നതും പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കഴിയാത്തതും റിയാലിന്റെ മൂല്യം തകരാന്‍ കാരണമായി. 2026 മാര്‍ച്ചിലെ കണക്കനുസരിച്ച് ഇറാനിലെ പണപ്പെരുപ്പം 42% ന് മുകളിലാണ്. സാമ്പത്തിക വളര്‍ച്ചയില്ലാതെ സര്‍ക്കാര്‍ അമിതമായി പണം അച്ചടിക്കുന്നതും കറന്‍സിയുടെ മൂല്യമിടിയാന്‍ കാരണമായതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക ഇടപാടുകള്‍ ലളിതമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കറന്‍സിയില്‍നിന്ന് നാല് പൂജ്യങ്ങള്‍ നീക്കാന്‍ ഇറാന്‍ നേരത്തെ തീരുമാനിച്ചത് വാര്‍ത്തയായിരുന്നു. അത് ഒരുവര്‍ഷം മുമ്പായിരുന്നു. ഇതോടെ 10,000 ത്തിന് തുല്യമായ ഒരു കറന്‍സിക്ക് റിയാലിന്റെ മൂല്യത്തിലേക്ക് മാറി. പക്ഷേ അതിനുശേഷമാണ് യുദ്ധം വന്നത്. അതോടെ കാര്യങ്ങള്‍ ആകെ കൈവിട്ടു
ഒരുകിലോ അരിക്ക് 500രൂപ!
സാമ്പത്തിക പ്രതിസന്ധിയും പണപ്പെരുപ്പവും കാരണം നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിന്റെ പേരിലാണ് ഇറാന്‍ പ്രക്ഷോഭം തുടങ്ങിയത്. അമ്പതിനായിരത്തോളം വരുന്ന സ്വന്തം ജനതയെ കൊന്നുതള്ളിയാണ്, ഖമേനി ആ സമരം അടിച്ചമര്‍ത്തിയത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇറാന്‍ അഭിമുഖീകരിക്കുന്നതാണ് ഈ പ്രതിസന്ധി. പശ്ചിമേഷ്യന്‍ യുദ്ധത്തിനുശേഷം, വലിക്കയറ്റം വാണം വിട്ടതുപോലെ ഉയരുകയാണ്. ഒരു കിലോ അരിക്ക് ഏകദേശം 2,20,000 - 2,50,000 റിയാല്‍ വരെയാണ് വില. ഇത് ഇന്ത്യന്‍ രൂപയില്‍ ഏകദേശം 470 - 500 രൂപയോളം വരും. നമ്മുടെ നാട്ടിലെ പൊതുവിതരണ സമ്പ്രദായമൊന്നും ഇവിടെയില്ല.
ടെഹ്‌റാന്‍ മാര്‍ക്കറ്റില്‍ ഒരു കിലോ ഗോതമ്പ് പൊടിക്ക് ഏകദേശം 5,20,000 റിയാല്‍ വരെയാണ് വില. കഴിഞ്ഞ വര്‍ഷത്തിന്റെ ഇരിട്ടിയാണ് ഗോതമ്പ് പൊടിയുടെ വിലക്കയറ്റമെന്ന് ടെഹ്റാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പഞ്ചസാരയുടെ വിലയിലും 2025-26 കാലയളവില്‍ ഏകദേശം 900% വരെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു കിലോയ്ക്ക് ഏകദേശം 1,50,000 - 2,00,000 റിയാല്‍ വരെയാണ് ഇപ്പോഴത്തെ നിരക്ക്. പച്ചക്കറികളുടെ വിലയില്‍ പ്രതിമാസം 7.8% എന്ന തോതില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നുണ്ട്. ഒരു കിലോ ഉരുളക്കിഴങ്ങിന് ഏകദേശം 47 ഇന്ത്യന്‍ രൂപ (ഏകദേശം 21,000 റിയാല്‍) നല്‍കേണ്ടി വരുന്നു.
നിത്യോപയോഗ സാധനങ്ങളില്‍ ഏറ്റവും കൂടുതല്‍ വില കൂടിയ ഇനങ്ങളില്‍ ഒന്നാണിത്. ഏകദേശം 133% വര്‍ദ്ധനവാണ് പാചക എണ്ണയുടെ വിലയില്‍ ഉണ്ടായത്.ഒരു ഡസന്‍ മുട്ടയ്ക്ക് ഏകദേശം 1.10 ഡോളര്‍ (ഏകദേശം 90-100 ഇന്ത്യന്‍ രൂപ) വിലവരും. ചിക്കന്‍ കിലോയ്ക്ക് ഏകദേശം 70% വരെ വില കൂടിയിട്ടുണ്ട്.
ഒരു കപ്പ് ചായയുടെ വില ഏകദേശം 82 ഇന്ത്യന്‍ രൂപയാണ്. 11,48,352 ഇറാനിയന്‍ റിയാല്‍ നല്‍കിയാലാണത്രേ ഒരു കപ്പ് ചായകിട്ടുക. ഇതുമൂലം ജനം ചായകുടി നിര്‍ത്തിക്കഴിഞ്ഞു. ഇറക്കുമതിചെയ്യുന്ന സാധനങ്ങള്‍ക്കെല്ലാംവില കൂടിക്കഴിഞ്ഞു. വിലക്കയറ്റം താങ്ങാനാവതെ വ്യാപാരികള്‍ കടകള്‍ക്ക് ഷട്ടറിടുകയാണ്. ചില ഭക്ഷ്യവസ്തുക്കളുടെ വില മൂന്‍വര്‍ഷത്തേക്കള്‍ 72 ശതമാനം കൂടികഴിഞ്ഞു. മരുന്ന് വിലയും കുത്തനെ ശതമാനവും ഉയര്‍ന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മരുന്ന് വിലയില്‍ 70% മുതല്‍ 110% വരെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പാരസെറ്റമോളിന്റെ അസംസ്‌കൃത വസ്തുക്കളുടെ വിലയില്‍ അടുത്തിടെ 26% വര്‍ദ്ധനവുണ്ടായി. ഇറാനിലെ വിപണിയില്‍ 10 ഗുളികകള്‍ അടങ്ങിയ ഒരു സ്ട്രിപ്പിന് ഏകദേശം 40 - 60 ഇന്ത്യന്‍ രൂപ വരെ നല്‍കേണ്ടി വരുന്നു. ഇന്ത്യയില്‍ ഒരു ഗുളകക്ക് വെറും 2 രൂപയാണെന്ന് ഓര്‍ക്കണം.
സാധാരണ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകളുടെ വിലയില്‍ 400% വരെ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, 'ജെന്റാമൈസിന്‍' എന്ന മരുന്നിന്റെ വില ഏകദേശം 160 - 170 ഇന്ത്യന്‍ രൂപ (2,366,700 റിയാല്‍) ആയി ഉയര്‍ന്നു. വിറ്റാമിന്‍ ബി12ന്റെ വിലയില്‍ 156% വര്‍ദ്ധനവുണ്ടായി. ഒരു ഡോസിന് ഏകദേശം 95 - 100 ഇന്ത്യന്‍ രൂപ (1,355,980 റിയാല്‍) നല്‍കണം. വേദനസംഹാരികള്‍ക്ക് ഒരു മാസത്തിനിടെ മൂന്നിരട്ടിയിലധികം വില വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇറാനില്‍ മരുന്ന് ക്ഷാമം അതീവ ഗുരുതരമാണ്. കാന്‍സര്‍, പ്രമേഹം, ഹൃദ്രോഗം, തലസീമിയ തുടങ്ങിയ മാറാരോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്ക് വലിയ ക്ഷാമം നേരിടുന്നുണ്ട്. മാനുഷിക പരിഗണന നല്‍കി മരുന്നുകളെ ഉപരോധത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും, ബാങ്കിംഗ് - ഷിപ്പിംഗ് തടസ്സങ്ങള്‍ കാരണം മരുന്നുകള്‍ ഇറക്കുമതി ചെയ്യാന്‍ ഇറാന്‍ പ്രയാസപ്പെടുന്നു. മരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്നതോടെ പലരും മരുന്നുകള്‍ക്കായി കരിഞ്ചന്തയെ സമീപിക്കേണ്ടി വന്നിട്ടുണ്ട്.
ഇപ്പോള്‍ യുദ്ധമായതിനാല്‍ വിമാന സര്‍വീസുകള്‍ തടസപ്പെട്ടിരിക്കയാണ്. പക്ഷേ കഴിഞ്ഞ ഒരുവര്‍ഷം മുമ്പേ തന്നെ, ഒരാഴ്ചക്ക്മുന്നേ അങ്ങാട്ടുമിങ്ങോട്ടും ബുക്ക് ചെയ്യുന്ന രീതി വിമാനകമ്പികള്‍ അനുവദിക്കാറില്ല. കാരണം അഡ്വാന്‍സ്ബുക്ക് ചെയ്താല്‍, ഒരാഴ്ചക്കുള്ളില്‍ കറന്‍സിയുടെ വില എങ്ങനെയാണ് ഇടിയുക എന്ന് പ്രവചിക്കാന്‍ കഴിയില്ല. ആ തുക കൂടി കൊടുക്കണം എന്ന നിബന്ധനയോടെയാണ് എയര്‍ലൈന്‍ ബുക്കിങ്ങടക്കം നടന്നത്. വിമാനക്കമ്പനികളില്‍ പലയിടത്തും ഇറാന്‍ റിയാല്‍ എടുക്കതായി. പകരം ട്രാന്‍സാക്ഷന്‍ ഡോളറിലായി.
റിയാലിന് പകരം 'തോമാന്‍'
വിലയിടഞ്ഞ് കറന്‍സിക്ക് കടലാസുവിലയായ ചില രാജ്യങ്ങളെ കഥ നാം കേട്ടിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളായ സുഡാനിലും, സോമാലിയയിലും സിബാംബ്വേയിലുമൊക്കെ അവിടുത്തെ കറന്‍സികള്‍ ആര്‍ക്കും വേണ്ടാതായിരുന്നു. ഈ രാജ്യങ്ങളിലൊക്കെ ഉന്തുവണ്ടിയില്‍ കറന്‍സികള്‍ കൊണ്ടുവരുന്നതിന്റെ അടക്കം വീഡിയോകള്‍ വൈറലായിരുന്നു. ഒരുകാലത്ത് ശ്രീലങ്കയും, അര്‍ജന്റീനയടക്കമുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും ഇത്തരം സാമ്പത്തിക ദുരന്തങ്ങളിലൂടെ കടന്നുപോയി. ഇപ്പോള്‍ ഏതാണ്ട് സമാനമായ ഒരു സാമ്പത്തിക പ്രതിസന്ധിയാണ് ഇറാനും നേരിടുന്നത്.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍, ഉണ്ടായതുപോലെ കറന്‍സി ചാക്കില്‍ കൊണ്ടുപോവേണ്ട സാഹചര്യമാണ് ഇറാനിലും ഉണ്ടായത്. പക്ഷേ, ജനങ്ങള്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ ഇറാന്‍ ചില വഴികള്‍ സ്വീകരിച്ചിട്ടുണ്ട്. വലിയ അളവില്‍ നോട്ടുകള്‍ കൊണ്ടുനടക്കുന്നത് ഒഴിവാക്കാന്‍ ഇറാനികള്‍ ബാങ്ക് ചെക്കുകള്‍ കൂടുതലായി ഉപയോഗിക്കുന്നു. ഇവ സാധാരണ നോട്ടുകളെപ്പോലെ തന്നെ വിപണിയില്‍ കൈമാറ്റം ചെയ്യാം. 5 ലക്ഷം, 10 ലക്ഷം, ഇപ്പോള്‍ 1 കോടി റിയാലിന്റെ വരെ ചെക്ക് നോട്ടുകള്‍ ലഭ്യമാണ്. കൂടാതെ, ഡിജിറ്റല്‍ പേയ്മെന്റുകളും കാര്‍ഡുകളും ഇറാനില്‍ സജീവമാണ്.
കണക്കുകള്‍ ലഘൂകരിക്കാന്‍ ജനങ്ങള്‍ ഔദ്യോഗിക കറന്‍സിയായ റിയാലിന് പകരം 'തോമാന്‍' എന്ന യൂണിറ്റാണ് ഉപയോഗിക്കുന്നത്. 10 റിയാല്‍ ചേരുന്നതാണ് 1 തോമാന്‍. സാധനങ്ങള്‍ വാങ്ങുമ്പോള്‍ കടക്കാര്‍ വില പറയുന്നത് തോമാനിലായിരിക്കും. ഇത് സംഖ്യയിലെ പൂജ്യങ്ങളുടെ എണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇറാനില്‍ ബാങ്കിംഗ് ശൃംഖല ശക്തമാണ്. ചെറിയ കടകളില്‍ പോലും കാര്‍ഡ് റീഡറുകള്‍ ഉണ്ട്. അതിനാല്‍ ചാക്കില്‍ പണം കൊണ്ടുപോകുന്നതിന് പകരം ഭൂരിഭാഗം പേരും ഡെബിറ്റ് കാര്‍ഡുകളാണ് ഉപയോഗിക്കുന്നത്. ഒരു കോടി റിയാലിന്റെ ഒറ്റ നോട്ടുകള്‍ ഇറക്കിയതും ഇത്തരം പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ്. പഴയ ചെറിയ നോട്ടുകള്‍ക്ക് പകരം ഇത്തരം വലിയ നോട്ടുകള്‍ വരുമ്പോള്‍ പണത്തിന്റെ എണ്ണം കുറയുമല്ലോ. റിയാലിന്റെ മൂല്യം ദിവസേന ഇടിയുന്നതുകൊണ്ട്, സമ്പാദ്യമായി പണം സൂക്ഷിക്കാന്‍ പലരും യുഎസ് ഡോളറോ സ്വര്‍ണ്ണമോ ആണ് വാങ്ങുന്നത്. വലിയ ഇടപാടുകള്‍ക്ക്, ഉദാഹരണത്തിന് വീട് അല്ലെങ്കില്‍ കാര്‍ വാങ്ങാന്‍ പലപ്പോഴും ഡോളറാണ് ഉപയോഗിക്കുന്നത്.
ഇപ്പോള്‍ ഒരുകോടിയുടെ ഒറ്റനോട്ട് ഇറക്കിയതും സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാനാണ്. പക്ഷേ ഇത് വെറും തൊലിപ്പുറമെയുള്ള പരിഷ്‌ക്കാരം മാത്രമാണെന്ന് വിമര്‍ശനമുണ്ട്. പുജ്യം വെട്ടിയാലും ഒരുകോടിയുടെ നോട്ടിറക്കിയാലുമൊന്നും, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടില്ല. അതിന് കൂടുതല്‍ വാണിജ്യങ്ങളും, വ്യവസായങ്ങളും ഉണ്ടാവേണ്ടതുണ്ട്. രാജ്യത്തിന്റെ കയറ്റുമതി മെച്ചപ്പെടണം. ടൂറിസം മേഖല ശക്തിപ്പെടണം. തദ്ദേശീയമായി ജനങ്ങളുടെ കൈയില്‍ പണം എത്തണം. അതിന് ഇറാനിയല്‍ സമ്പദ് വ്യവസ്ഥയില്‍ അടിമുടി പരിഷ്‌ക്കരണമാണ് വേണ്ടത്. അതിന് പക്ഷേ മതനേതൃത്വം അനുവദിക്കില്ല. അതുതന്നെയാണ് ഇറാന്റെ യഥാര്‍ത്ഥ പ്രശ്നവും.
വിപണി തുറക്കാത്ത ഭരണകൂടം
ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇറാനിയന്‍ ജനസംഖ്യയുടെ 50% പേരും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത്. ആറ് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ഏകദേശം 16% പേര്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. 8 ലക്ഷത്തോളം കുട്ടികള്‍ പ്രോട്ടീന്‍ കുറവിന്റെയും പ്രശ്‌നങ്ങള്‍ നേരിടുന്നു. ഇറാനിലെ 11% കുട്ടികള്‍ ഭാരക്കുറവുള്ളവരാണെന്നും 5% പേര്‍ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്നും യുനിസെഫിന്റെ സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നു. അതായത് ഇറാന്റെ ദാരിദ്ര്യം പെട്ടന്ന് ഉണ്ടായതല്ല. കഴിഞ്ഞ കുറേക്കാലമായി അങ്ങനെയാണ്. മതഭരണകൂടുത്തിന്റെ അടഞ്ഞ ചിന്താഗതികള്‍ പ്രശ്നം വര്‍ധിപ്പിക്കയാണ്.
1979- ന് മുമ്പ്, ഇറാന്‍ അതിവേഗം വികസിച്ചിരുന്നു. പരമ്പരാഗതമായി കാര്‍ഷിക മേഖല ശക്തമായിരുന്നു ഈ രാജ്യം 1970 കളോടെ വ്യവസായവല്‍ക്കരണത്തിനും ആധുനികവല്‍ക്കരണത്തിനും വിധേയമായി. വിപ്ലവത്തിന് തൊട്ടുമുമ്പ് മൂലധന ഒഴുക്ക് 1980-യുഎസ് ഡോളറില്‍ 30 മുതല്‍ 40 ബില്യണ്‍ ഡോളറിലെത്തിയതോടെ 1978 ആയപ്പോഴേക്കും വേഗത കുറഞ്ഞു. ഇസ്ലാമിക ഭരണകൂടം വന്നതോടെയുണ്ടായ, 1979-ലെ ദേശസാല്‍ക്കരണവും ഇറാന്‍-ഇറാഖ് യുദ്ധവുമൊക്കെ രാജ്യത്തെ പറികോട്ടടിപ്പിച്ചു.
ഇന്ന് ഇറാനില്‍ ബിസിനസ്സ് തുടങ്ങുന്നതിനും വിദേശ നിക്ഷേപം കൊണ്ടുവരുന്നതിനും കടുത്ത നിയന്ത്രണങ്ങളുണ്ട്. ഇതുതന്നെയാണ് ആ രാജ്യത്തെ പിന്നോട്ടടിപ്പിക്കുന്നതിന്റെ പ്രധാന കാരണമായി വിദഗ്ധര്‍ പറയുന്നത്. ഇറാന്റെ സമ്പദ്വ്യവസ്ഥയുടെ വലിയൊരു ഭാഗം നിയന്ത്രിക്കുന്നത് സര്‍ക്കാരും 'റെവല്യൂഷണറി ഗാര്‍ഡുമായി' ബന്ധപ്പെട്ട സ്ഥാപനങ്ങളുമാണ്. ഇത് സ്വതന്ത്ര വിപണിയെയും മത്സരത്തെയും തടയുന്നു. മതപരമായ സ്ഥാപനങ്ങള്‍ക്ക് നികുതിയിളവുകളും മറ്റും ലഭിക്കുന്നത് സര്‍ക്കാരിന്റെ വരുമാനത്തെ ബാധിക്കുന്നു. മതസ്ഥാപനങ്ങളും, ഉന്നത പുരോഹിതന്മാരുമാണ് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നത്. ഇത് വിഭവങ്ങള്‍ പാഴാക്കുന്നതിനും അവസരങ്ങള്‍ നഷ്ടപ്പെടുന്നതിനും കാരണമാകുന്നുവെന്ന് ടാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ ചൂണ്ടിക്കാട്ടുന്നു.
അന്താരാഷ്ട്ര തലത്തില്‍ ഇറാന്‍ അഴിമതിയുടെ കാര്യത്തില്‍ ഉയര്‍ന്ന റാങ്കിലാണ്. ഇത് വിദേശ നിക്ഷേപകരെ പിന്നോട്ടടിപ്പിക്കുന്നു. പ്രധാന വ്യവസായങ്ങളെല്ലാം സര്‍ക്കാര്‍ അല്ലെങ്കില്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കൈവശമാണ്. ഇത് കാര്യക്ഷമത കുറയ്ക്കുന്നു. സമീപ വര്‍ഷങ്ങളില്‍ രാജ്യത്ത് അഴിമതിയുടെയും തട്ടിപ്പിന്റെയും എണ്ണം മൂന്നിരട്ടിയായി വര്‍ദ്ധിച്ചു. ഈ കേസുകളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ ജീവനക്കാരോ സര്‍ക്കാര്‍ നടത്തുന്ന സാമ്പത്തിക സ്ഥാപനങ്ങളിലെ മാനേജീരിയല്‍ സ്ഥാനങ്ങളില്‍ നിയമിതരായ ആളുകളോ ആണ്, നികുതി നല്‍കാത്ത ഫൗണ്ടേഷനുകളുടെയും (ബോണയാഡുകള്‍) സുതാര്യതയില്ലാത്തത സംഘടനകളുടെയും സാന്നിധ്യം രാജ്യത്ത് ധാരാളമുണ്ട്. രാഷ്ട്രീയ ഉന്നതരുടെയും പ്രമുഖ പുരോഹിതന്മാരുടെയും മറ്റ് പ്രമുഖ രാഷ്ട്ര നേതാക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് ഈ ബോണയാഡുകള്‍ ട്രില്യണ്‍ കണക്കിന് ഡോളര്‍ പൊതു ഫണ്ട് വഴിതിരിച്ചുവിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഇറാനിലെ മത നേതൃത്വം തന്നെയാണ് സാമ്പത്തിക തകര്‍ച്ചക്കും ഉത്തരവാദികള്‍.
നോട്ടച്ചടിച്ച് പ്രശ്ന പരിഹാരം?
പണപ്പെരുപ്പം നേരിടാന്‍ സര്‍ക്കാര്‍ അമിതമായി പണം അച്ചടിക്കയാണ് ചെയ്തത്. ഈ സാമ്പത്തിക അസംബന്ധംമൂലം, കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനും നല്‍കിയിരുന്ന അമിത സബ്‌സിഡികള്‍ സര്‍ക്കാരിന് വലിയ ബാധ്യതയായി. ഇത് പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട്.
അടിക്കടിയുണ്ടാവുന്ന യുദ്ധങ്ങളും പ്രോക്സി സംഘടനകള്‍ക്കുള്ള ഫണ്ടിങ്ങുമാണ് ഇറാന്റെ ഖജനാവ് ചോര്‍ത്തുന്ന ഏറ്റവും പ്രധാന സംഭവങ്ങള്‍. ഇറാഖുമായുള്ള എട്ട് വര്‍ഷത്തെ യുദ്ധം കുറഞ്ഞത് 3ലക്ഷം ഇറാനിയന്‍ ജീവനുകളാണ് അപഹരിച്ചത്. 5 ലക്ഷത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇറാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് യുദ്ധം വലിയ ആഘാതമായി. ചെലവ് ഏകദേശം 500 ബില്യണ്‍ ഡോളറായിരുന്നു! 1988ല്‍ യുദ്ധം അവസാനിച്ചതിനുശേഷമാണ് ഇറാന്‍ ഒന്ന് പച്ചപിടിച്ചുവന്നത്. പക്ഷേ 1980 നും 2000 നും ഇടയില്‍ ഇറാന്റെ ജനസംഖ്യ ഇരട്ടിയിലധികമായി വര്‍ദ്ധിച്ചു. നിരവധി ഇറാനികള്‍ കര്‍ഷകരാണെങ്കിലും, 1960 കള്‍ മുതല്‍ കാര്‍ഷിക ഉല്‍പ്പാദനം സ്ഥിരമായി കുറഞ്ഞു. 1990 കളുടെ അവസാനത്തോടെ, ഇറാന്‍ അതിന്റെ ഭക്ഷണത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്തു. അക്കാലത്ത്, ഗ്രാമപ്രദേശങ്ങളില്‍നിന്ന് നഗരങ്ങളിലേക്ക് കൂട്ട പലായനവും ഉണ്ടായി.
സൈനിക ചെലവും രാജ്യത്ത് ഭീമാണ്. 2021- ല്‍ തന്നെ ഏറ്റവും കൂടുതല്‍ സൈനിക ചെലവിടുന്ന 14-ാമത്തെ രാജ്യമായി ഇത് മാറി. അതിനേക്കാള്‍ വലിയ ചിലവാണ് പ്രോക്സികളെ തീറ്റിപ്പോറ്റുക എന്നത്. ലെബനോണിലെ ഹിസ്ബുള്ളക്കും, യമനിലെ ഹൂതികള്‍ക്കുമൊക്കെ കോടികളുടെ ഫണ്ടാണ് ഇവര്‍ പമ്പ് ചെയ്യുന്നത്. അതുപോലെ വിമതരെ അടിച്ചമര്‍ത്താനും, ഭരണകൂടത്തിനെതിരെ പ്രതികരിക്കുന്നവരെ തുരത്താനും വേണ്ടി പോവുന്നതും ശതകോടികളാണ്. അതുപോലെ തന്നെയാണ് ആണവ പദ്ധതികള്‍. അതിനും കോടികളാണ് ഇറാന്‍ ചെലവിടുന്നത്. സ്വന്തം ജനത പട്ടിണി കിടക്കുമ്പോഴും, ഇസ്ലാമിക ഭരണകൂടത്തിന് പ്രധാനം ആറ്റം ബോംബുണ്ടാക്കുകയാണ്.
അമേരിക്കയുടെ ഉപരോധത്തില്‍ വലയുന്ന ഇറാന്, ട്രംപ് ജനുവരിയില്‍ അധികാരത്തില്‍ തിരിച്ചെത്തും വലിയ വിനയായി. ഇറാനെതിരെ പരമാവധി സമ്മര്‍ദ ഉപരോധ പ്രചാരണങ്ങളാണ് ട്രംപ് നടത്തുന്നത്. കഴിഞ്ഞ ജൂണില്‍ ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങള്‍ക്ക് ഇസ്രായേല്‍ ആക്രമണം നടത്തിയതിന് ശേഷം 12 ദിവസത്തെ മാരകമായ യുദ്ധം നടന്നിരുന്നു. കോടിക്കണക്കിന് നാശനഷ്ടങ്ങള്‍ക്കും വരുമാനനഷ്ടത്തിനും കാരണമായി. ഇറാന്റെ വരുമാനത്തിന്റെ 80 ശതമാനവും എണ്ണ കയറ്റുമതിയില്‍ നിന്നാണ്. ഉപരോധം കാരണം എണ്ണ വില്‍ക്കാന്‍ കഴിയാത്തത് വിദേശനാണ്യ ശേഖരം കുറയാന്‍ കാരണമായി. അന്താരാഷ്ട്ര ബാങ്കിംഗ് ശൃംഖലകളില്‍ (സ്വിഫ്റ്റ്) നിന്ന് ഇറാനെ പുറത്താക്കിയതോടെ വിദേശ രാജ്യങ്ങളുമായി വ്യാപാരം നടത്താന്‍ അവര്‍ക്ക് കഴിയുന്നില്ല. പക്ഷേ ഇറാനില്‍ തഴച്ചുവളരുന്ന ഒരു കാര്യമുണ്ട്്. അതാണ് ആയുധ വ്യവസായം. ഇത്രയധികം കഷ്ടതകള്‍ അനുഭവിച്ചിട്ടും, അണുബോംബ് നിര്‍മ്മാണത്തില്‍നിന്ന് അവര്‍ പിന്‍മാറുന്നുമില്ല.
വാല്‍ക്കഷ്ണം: ഇറാനില്‍ ഏറെ ദുരിതമനുഭവിക്കുന്നതില്‍ ഒരു വിഭാഗം കുട്ടികളാണ്. പട്ടിണി, തെരുവ് പോരാട്ടങ്ങള്‍, രോഗം എന്നിവ കാരണം ഓരോ മാസവും ഈ നാട്ടില്‍ 100-ലധികം കുട്ടികള്‍ മരിക്കുന്നുവെന്നാണ് യുണിസെഫ് പുറത്തുവിട്ട കണക്ക്. ഇറാനിലെ മത ഭരണകൂടത്തിന്റെ ഇരകളാണ് സത്യത്തില്‍ അവര്‍. പക്ഷേ നമ്മുടെ നാട്ടില്‍ അതും അമേരിക്കയുടെയും ഇസ്രയേലിന്റെയും അക്കൗണ്ടിലാണ് വരിക.


