1971-ലെ യുദ്ധകാലത്ത് പാകിസ്ഥാന്‍ പട്ടാളം ഹിന്ദുവാണെന്ന് പറഞ്ഞ് അയാളുടെ ജനനേന്ദ്രിയം ഛേദിച്ച് കളഞ്ഞു! എന്നിട്ടും അയാള്‍ ജന്‍മനാടായ ബംഗ്ലാദേശ് വിട്ടിട്ട് എങ്ങോട്ടും പോയില്ല. പിറന്ന് വീണത് ഹിന്ദു കുടംബത്തില്‍ ആയിരുന്നുവെങ്കിലും, അദ്ദേഹം നാസ്തികനായിരുന്നു. അതാണ് സുധാമയ് ദത്ത. ഇന്ത്യാ വിഭജനകാലത്ത് പോലും കിഴക്കന്‍ പാകിസ്ഥാന്‍ വിട്ട് ഇന്ത്യയിലേക്ക് പോകാന്‍ തയ്യാറാകാതിരുന്ന കുടുംബത്തിലെ കണ്ണിയായിരുന്നു ദത്ത. പിന്നീട് ബംഗ്ലാദേശ് യുദ്ധകാലത്ത് ജീവിതം മാറാപ്പിലാക്കി പതിനായിരങ്ങള്‍ ഇന്ത്യയിലേക്ക് പലായനം ചെയ്ത അക്കാലത്തും, ജനിച്ച് വളര്‍ന്ന മണ്ണ് വിട്ടുപോരാന്‍ അദ്ദേഹം തയ്യാറായില്ല.

ബംഗ്ലാദേശിന്റെ മണ്ണും വായുവും വെള്ളവും ചെമ്പരത്തിപ്പൂക്കളും അദ്ദേഹത്തിന് അത്രത്തോളം പ്രിയപ്പെട്ടതായിരുന്നു. ബാബറി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ ന്യൂനപക്ഷവേട്ട നടന്നപ്പോള്‍ സുധാമയ് തളര്‍വാതം പിടിച്ച് കിടപ്പിലായിരുന്നു. ലഹളക്കാര്‍ വീടാക്രമിച്ച് മകള്‍ മായയെ തട്ടിക്കൊണ്ടുപോയി. ബാക്കിയായ ജീവനുകളെങ്കിലും രക്ഷിക്കാനായി നാടുവിട്ട് പോകാന്‍ മകനും ഭാര്യയും നിര്‍ബന്ധിച്ചപ്പോഴും സുധാമയ് വിസ്സമതിച്ചു. അദ്ദേഹത്തിന് ബംഗ്ലാ മണ്ണ് വിട്ട് വേറൊരു നാടില്ലായിരുന്നു ജീവിതമില്ലായിരുന്നു..!

പക്ഷേ കലാപം പടരുന്നു. എന്നാല്‍ ഒരു ദിവസം രാവിലെ ഭാര്യയുടെ ചുമലില്‍ താങ്ങിനടന്ന് സുധാമയ് ഉറങ്ങിക്കിടന്ന മകന്‍ സുരഞ്ജയനെ വിളിച്ചുണര്‍ത്തി. അദ്ദേഹം പറഞ്ഞു, നമുക്ക് ഈ നാട്ടില്‍നിന്നുപോകാം. മകന്‍ ചോദിച്ചു, എങ്ങോട്ട്? ഇന്ത്യയിലേക്ക്, സുധാമയ് പറഞ്ഞു. ലജ്ജകൊണ്ട് അദ്ദേഹത്തിന്റെ ശിരസ്സ് അപ്പോള്‍ കുനിഞ്ഞു താണിരുന്നു.

ഇതാണ് തസ്ലീമാ നസ്റീന്റെ വിവാദ നോവലായ ലജ്ജയൂടെ ചുരുക്കം. ഇതില്‍ എവിടെയും ഇസ്ലാമിനെതിരെ അവര്‍ ഒന്നും പറയുന്നില്ല. സ്വന്തം രാജ്യത്ത് ഇസ്ലാമിക മതമൗലികവാദികള്‍ ലഹളകള്‍ സൃഷ്ടിച്ച് ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുന്നത് കണ്ടപ്പോളുണ്ടായ വിങ്ങലും വേദനയും രോഷവായിരുന്നു തസ്ലീമ നോവലിലുടെ പ്രകടിപ്പിച്ചത്. അത് അവരുടെ അനുഭവം ആയിരുന്നു. അതോടെ തസ്ളീമ ബംഗ്ളാദേശിന്റെ ശത്രുവായി. ജമാമത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ മതമൗലികവാദികള്‍ മതനിന്ദപ്രകാരം തസ്ലീമയെ തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ട് ധാക്കയിലെ തെരുവുകളിലൂടെ വിഷപ്പാമ്പുകളുമായി അലറി നീങ്ങി. വാതില്‍തുറന്നിട്ട പാശ്ചാത്യലോകത്തേക്ക് ജീവനും കൊണ്ട് തസ്ലീമ പാഞ്ഞു.




അക്കാലത്ത് പീപ്പിള്‍ റിപ്പബ്ലിക്ക് ഓഫ് ബംഗ്ലാദേശ് എന്ന രാജ്യത്തിന്റെ ഭരണഘടനയില്‍ പേരിനെങ്കിലും മതേതരത്വം എന്ന വാക്കുണ്ടായിരുന്നു. എന്നാല്‍ ഇന്നോ. സംവരണവിരുദ്ധ പ്രേക്ഷാഭത്തിലൂടെ ഷെയ്ഖ ഹസീന സര്‍ക്കാര്‍ വീണതോടെ ശരിക്കും ഒരു ഇസ്ലാമിക രാജ്യമാവുകയാണ് ബംഗ്ലാദേശ്. ന്യൂനപക്ഷങ്ങളായി ഹിന്ദുക്കളും ക്രിസ്ത്യാനികളും വ്യാപകമായി ആക്രമിക്കപ്പെടുന്നു. ഹിജാമ് ധരിക്കാത്തതിന്റെ പേരില്‍ സ്ത്രീകള്‍ താലിബാന്‍ മോഡല്‍ മര്‍ദനങ്ങള്‍ക്ക് ഇടയാക്കപ്പെടുന്നു. മതനിന്ദയുടെ പേരില്‍ അന്യമതസ്ഥരെ തല്ലിക്കൊല്ലുന്നു. നെബേല്‍ സമ്മാനം കിട്ടിയ സാമ്പത്തിക ശാസ്ത്രഞ്ജനായ മുഹമ്മദ് യൂനുസിനെ ഇടക്കാല സര്‍ക്കാറിന്റെ തലവനാക്കിക്കൊണ്ട് ജമാഅത്തെ ഇസ്ലാമി അടക്കമുള്ള മതമൗലികവാദികള്‍ കളിക്കയാണ്. ഭരണഘടനയില്‍നിന്ന് മതേതരത്വവും സോഷ്യലിസവും എടുത്തുമാറ്റാനുള്ള ശ്രമത്തിലാണ് ബംഗ്ലാദേശ് ഇപ്പോള്‍. ഒരു താലിബാന്‍ മോഡല്‍ രാജ്യത്തിമായി, നമ്മുടെ അയല്‍പക്കം മാറുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.

ഇന്ത്യ ജീവന്‍ കൊടുത്തുണ്ടാക്കിയ രാജ്യം

ഇന്ത്യന്‍ പട്ടാളം ജീവന്‍ കൊടുത്ത ഉണ്ടാക്കിയ രാജ്യമാണ് സത്യത്തില്‍ ബംഗ്ലാദേശ്. 1971-ലെ ബംഗ്ലാദേശ് യുദ്ധത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള റസാക്കര്‍മാര്‍ എന്ന സംഘത്തിന്റെ സഹായത്തോടെ പാക് പട്ടാളം അഴിഞ്ഞാടുകയായിരുന്നു. 30 ലക്ഷംപേരാണ്, അന്ന് കൊല്ലപ്പെട്ടത്. 10 ലക്ഷം മുതല്‍ 40ലക്ഷം വരെ സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്നും പറയപ്പെടുന്നു. ഈ റേപ്പിന്റെ ഫലമായി 25,000 മുതല്‍ 2 ലക്ഷംവരെ ഗര്‍ഭധാരണമുണ്ടായി. റസാക്കര്‍മാരുടെ ബീജത്തില്‍നിന്ന് ഉണ്ടായ അനാഥരായ പതിനായിരിക്കണക്കിന് പേര്‍ ഇന്നും ആ നാട്ടില്‍ ജീവിച്ചിരിപ്പുണ്ട്! അപ്പോഴാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സൈനിക നടപടി പ്രഖ്യാപിച്ചത്. അങ്ങനെ ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനെ മുട്ടുകുത്തിച്ചതിന്റെ ഭാഗമായാണ് ബംഗ്ലാദേശ് എന്ന രാഷ്ട്രം പിറക്കുന്നത്. ബംഗ്ലാബന്ധു എന്ന് അറിയപ്പെടുന്ന, ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്‍, രാജ്യത്തിന്റെ പ്രസിഡന്റായപ്പോള്‍, ഏറെ പ്രാധാന്യം നല്‍കിയത് മതത്തേക്കള്‍ ബംഗ്ലാദേശ് ദേശീയതക്കായിരുന്നു. ഇന്ന് മതമൗലകവാദികള്‍ ബംഗ്ലാ ദേശീയതയേക്കാള്‍ ഇസ്ലാമിന് പ്രാധാന്യം കൊടുക്കുന്നു. ഇന്ത്യയുടെ സഹായത്തോടെ ഉണ്ടായ രാജ്യം ഇന്ന് ഇന്ത്യക്കെതിരെ തിരിയുന്നു. ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യുന്നു!

മുജീബുര്‍ റഹ്‌മാന്റെ കാലത്ത് രാജ്യത്ത് പേരിനെങ്കിലും മതേതരത്വം ഉണ്ടായിരുന്നു. ബംഗ്ലാദേശിലെ മതേതരത്വം 'മതത്തിന്റെ നിഷ്പക്ഷത' എന്ന പേരിലാണ് അറിയപ്പെടുന്നത്. ബംഗ്ലാദേശ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 8-ല്‍ മതേതരത്വത്തെ രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നായി പ്രതിപാദിക്കുന്നു. പക്ഷേ 1975-ല്‍ ഷെയ്ഖ് മുജീബുര്‍ റഹ്‌മാനെ, പാക്കിസ്ഥാന്റെ പിന്തുണയോടെ അംഗരക്ഷകര്‍ കൊന്നെടുക്കിയതോടെ ബംഗ്ലാദേശ് സൈനിക ഭരണത്തിലേക്ക് പോയി. 1977-ല്‍ സിയാവുര്‍ റഹ്‌മാന്റെ സൈനിക സ്വേച്ഛാധിപത്യത്തിന്റെ കാലത്ത് മതേതരത്വം ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്തു . 1988-ല്‍ ഹുസൈന്‍ മുഹമ്മദ് ഇര്‍ഷാദിന്റെ കാലത്ത് ബംഗ്ലാദേശ് പാര്‍ലമെന്റ് ഇസ്ലാമിനെ ഭരണകൂട മതമായി അതായത്് സ്റ്റേറ്റ് റിലീജിയനായി പ്രഖ്യാപിച്ചു.




1990-ല്‍ പാര്‍ലമെന്ററി ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടതിന് ശേഷം, ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി), അവാമി ലീഗ് സര്‍ക്കാരുകള്‍ ഇസ്ലാം സ്റ്റേറ്റ് റിലീജിയനായി നിലനിര്‍ത്തി. 2010-ല്‍ ബംഗ്ലാദേശ് സുപ്രീം കോടതി 1977-ല്‍ മതേതരത്വം നീക്കം ചെയ്തത് നിയമവിരുദ്ധമാണെന്ന് വിധിച്ചു, കാരണം ഭരണഘടനാ വിരുദ്ധമായ പട്ടാള നിയമ ഭരണകൂടമാണ് നടത്തിയത്. കോടതി മതേതരത്വം ഭരണഘടനയില്‍ പുനഃസ്ഥാപിച്ചു. ഇതിനിടില്‍ 2011-ല്‍ മുജീബുറ്ഹമാന്റെ മകള്‍ ഷേക്ക് ഹസീന ഭരണഘടനാ ഭേദഗതി നടത്തി, സെക്യുലര്‍, സോഷ്യലിസ്റ്റ് എന്നീ കാര്യങ്ങള്‍ കൃത്യമായി എഴുതിച്ചേര്‍ത്തു. സ്ത്രീ സംവരണം വര്‍ധിപ്പിച്ചതും ഇക്കാലത്താണ്. മുജീബുറഹ്‌മാനെ രാഷ്ട്ര പിതാവായി പ്രഖ്യാപിച്ചതും ഇതേ ഭരണഘടനാ ഭേദഗതിയിലൂടെയാണ്. എന്നാല്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് ഹസീന സര്‍ക്കാര്‍ നിലംപൊത്തുകയും, ഡോ മുഹമ്മദ് യൂനുസിന്റെ കാവല്‍ സര്‍ക്കാര്‍ അധികാരത്തില്‍ ഏറുകയും ചെയ്തതോടെ കാര്യങ്ങള്‍ ആകെ മാറി.

മതേതരത്വവും സോഷ്യലിസവും വേണ്ട

ഇപ്പോള്‍ ബംഗ്ലാദേശ് ഭരണഘടനയില്‍ നിന്ന് മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് അറ്റോണി ജനറല്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരിക്കയാണ്. ഒരുകൂട്ടം പൗരന്‍മാര്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെ, അറ്റോണി ജനറല്‍ മുഹമ്മദ് അസദുസ്സമാനാണ് കോടതിയെ ഇക്കാര്യം അറിയിച്ചത്. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ അവാമി ലീഗിന്റെ ഭരണത്തില്‍ 2011-ല്‍ നടത്തിയ ഭരണഘടനയുടെ 15ാം ഭേദഗതിയിലുടെയാണ് ഈ വാക്കുകള്‍ കൊണ്ടുവന്നത്. തിരഞ്ഞെടുപ്പ് മേല്‍നോട്ടത്തിനുള്ള കാവല്‍ ഗവണ്‍മെന്റ് സംവിധാനം ഉല്ലാതാക്കൂക, ശൈഖ് മുജീബുര്‍റഹ്‌മാനെ രാഷ്ട്രപിതാവായി പ്രഖ്യാപിക്കുക എന്നിവയും ഈ ഭേദഗതികളില്‍ പെടുന്നു.

രാഷ്ട്രപിതാവായ ശൈഖ് മുജീബുര്‍ റഹ്‌മാന്‍ ബംഗ്ലാദേശിന്റെ അനിഷേധ്യ നേതാവായിരുന്നുവെങ്കിലും, അവാമി ലീഗ് പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങള്‍ക്കായി അദ്ദേഹത്തെ രാഷ്ട്രീയവത്ക്കരിച്ചുവന്നെ് അറ്റോണി ജനറല്‍ പറഞ്ഞു. അവാമി ലീഗിന് പാര്‍ലിമെന്റില്‍ ഉണ്ടായിരുന്ന മൃഗീയ ഭൂരിപക്ഷത്തിന്റെ മറവിലായിരുന്നു ഭേദഗതി വന്നത്. ചില വ്യവസ്ഥകള്‍ മാത്രം നിലനിര്‍ത്തിക്കൊണ്ട് ഭരണഘടനയുടെ 15ാം ഭേദഗതി ഏറെക്കുറെ ഭരണഘടനാവിരുദ്ധമായി പ്രഖ്യപിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്ന് അസദുസ്സമാന്‍ കോടതിയെ അറിയിച്ചു. ഇപ്പോള്‍ ഹസീനയുടെ പതനത്തിന് ഇടയാക്കിയ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത അബുസയ്യിദിനെയും, മുദ്ഗോയെയും പോലുള്ള രക്തസാക്ഷികളുടെ ത്യാഗത്തെ ഒറ്റിക്കൊടുക്കുന്നതാണ് 15ാം ഭേദഗതിയിലെ വ്യവസ്ഥകള്‍ എന്നും അറ്റോണി ജനറല്‍ പറയുന്നു.

അറ്റോണി ജനറല്‍ കാര്യങ്ങള്‍ പച്ചക്കാണ് പറയുന്നത്. ഈ രാജ്യത്തെ ഭരണഘടനയില്‍ 90 ശതമാനം മുസ്ലീങ്ങളാണ്. പിന്നെ എന്തിനാണ് മതേതരത്വം എന്നാണ് ചോദ്യം. എല്ലാ മതങ്ങളിലും ആചാരങ്ങളിലും പെട്ടവര്‍ക്ക്, തുല്യാവകാശവും തുല്യതയും ഉറപ്പിക്കണമെന്ന് ബംഗ്ലാദേശ് ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 2 എയില്‍ പറയുന്നുണ്ട്. എന്നാല്‍ ആര്‍ട്ടിക്കില്‍ 9 ബംഗ്ലാദേശ് ദേശീയതയെക്കുറിച്ച് പറയുന്നു. ഇത് വൈരുധ്യമാണെന്നും അറ്റോണി ചൂണ്ടിക്കാട്ടുന്നു.




ഷെയ്ഖ് മുജീബുര്‍ റഹ്‌മാനും കുടുംബവും സ്വന്തം പട്ടാളത്തിലെ വിമതരാല്‍ വെടിയേറ്റ് കൊല്ലപ്പെടുമ്പോള്‍, വിദേശത്ത് ആയിരുന്നതുകൊണ്ട് മാത്രമാണ് മുജീബുര്‍ റഹ്‌മാന്റെ മകള്‍ ഷെയ്ഖ ഹസീന രക്ഷപ്പെട്ടത്. പക്ഷേ അവള്‍ വിട്ടില്ല. അധികാരം പിടിച്ചപ്പോള്‍ സ്വന്തം പിതാവിന്റെ മരണത്തിന് കണക്ക് ചോദിച്ചു. ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചു. നൂറോളം നേതാക്കളെ തൂക്കിക്കൊന്നു. റസാക്കര്‍മാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. കഴിഞ്ഞ 15 വര്‍ഷമായി മറ്റെല്ലാവരെയും നിഷ്പ്രഭമാക്കി ബംഗ്ലാ മണ്ണില്‍ ഹസീന തരംഗമായിരുന്നു. പക്ഷേ തുടര്‍ച്ചയായ അധികാരം ഹസീനയെ അഴിമതിക്കാരിയും, ധാര്‍ഷ്ട്യക്കാരിയുമാക്കി.

പക്ഷേ മതമൗലികവാദികള്‍ തക്കം പാര്‍ത്തിരിക്കയായിരുന്നു. അവര്‍ ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സംവരണവിരുദ്ധ പ്രക്ഷോഭത്തില്‍ എരിവ് പകര്‍ന്നു. വിചിത്രമായിരുന്നു ബംഗ്ലാദേശിലെ സംവരണ നയം. 71-ലെ വിമോചനയുദ്ധത്തില്‍ പങ്കെടുത്ത സ്വാതന്ത്ര്യ സമരസേനാനികളുടെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ഉള്‍പ്പെടെയുള്ളവര്‍ക്ക് രാജ്യത്തെ ഉന്നത സര്‍ക്കാര്‍ ജോലികളില്‍ 30 ശതമാനം സംവരണമുണ്ടായിരുന്നു. ഈ മാനദണ്ഡം മൂലം സര്‍ക്കാര്‍ ജോലികള്‍ ഏറെയും കൈയടിക്കിയിരുന്നത് അവാമി ലീഗ് പാര്‍ട്ടിയുടെ നേതാക്കളാണ്. ഹസീനയുടെ പിതാവ് ശൈഖ് മുജീബുര്‍ റഹ്‌മാനും അദ്ദേഹത്തിന്റെ അവാമി ലീഗുമായിരുന്നു സ്വാതന്ത്ര്യസമരത്തിലെ പ്രധാനികള്‍. ഈ സംവിധാനം അനീതിയാണെന്നു പലരും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ രീതി മാറ്റാന്‍ തുടങ്ങിയ വിദ്യാര്‍ത്ഥികളുടെ സമരമാണ് ഇപ്പോള്‍ ഹസീനയുടെ പതനത്തിലെത്തിച്ചത്. സംവരണക്വാട്ട റദ്ദാക്കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചിട്ടും സമരം തീര്‍ന്നില്ല. പിന്നില്‍ മുഖ്യപ്രതിപക്ഷമായ ഖാലിദാ സിയയുടെ പാര്‍ട്ടിയും ജമാഅത്തെ ഇസ്ലാമിയുമാണെന്ന് വ്യക്തമായിരുന്നു. സേഛ്വാധിപതിയാണെന്ന്, വിമര്‍ശനം ഉണ്ടെങ്കിലും, രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ സംരക്ഷകയായിരുന്നു, ഷെയ്ഖ് ഹസീന എന്ന 76കാരി. ബംഗ്ലാദേശിന്റെ ഉരുക്കുവനിത എന്ന് അറിയപ്പെടുന്നു, ഷെയ്ഖ ഹസീന വീണതോടെ, ആ രാജ്യത്ത് തീവ്ര ഇസ്ലാമിസ്റ്റുകളുടെ നരനയാട്ട് തുടങ്ങി. 24 മണിക്കുറിനുള്ളില്‍ അഞ്ചുറോളം ആളുകളാണ്, രാജ്യത്ത് മരിച്ചുവീണത്. ഹിന്ദുക്ഷേത്രങ്ങളും, ക്രിസ്ത്യന്‍ പള്ളികളും, സിഖ് ദേവാലയങ്ങളും, വ്യാപകമായി ആക്രമിക്കപ്പെട്ടു. കമ്യൂണിസ്റ്റ് നേതാക്കളും കൊല്ലപ്പെട്ടു. അന്ന് തുടങ്ങിയ ഇസ്ലാമികവത്ക്കരണ ശ്രമങ്ങള്‍ ഇന്നും തുടരുകയാണ്.

ഡോ മുഹമ്മദ് യൂനുസ് വരുന്നു

അവാമി ലീഗുകാര്‍ക്ക് അധികാരം നഷ്ടമായ വേളകളില്‍ രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ അതിന്റെ തനിയാവര്‍ത്തനമാണ് നടക്കുന്നത്. താലിബാന്‍ മോഡലില്‍ ഗായകരെയും നടന്‍മ്മാരെയുമൊക്കെ വര്‍ഗീയവാദികള്‍ കൊന്നൊടുക്കി. ബംഗ്ലാ നടന്‍ ഷാന്റോ ഖാനെയും , പിതാവും ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ സെലിം ഖാനെഅക്രമികള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിഅതുപോലെ, പ്രശസ്ത ബംഗ്ലാദേശി ഗായകന്‍ രാഹുല്‍ ആനന്ദിന്റെ 140 വര്‍ഷം പഴക്കമുള്ള വീടിന് നേരെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണമുണ്ടായി.. 3000-ത്തിലധികം വാദ്യോപകരണങ്ങള്‍ കത്തിനശിച്ചു. വീടിന്റെ ഫര്‍ണിച്ചറുകള്‍ കൊള്ളയടിച്ചു.കമ്യൂണിസ്റ്റുകളും വ്യാപകമായി ആക്രമിക്കപ്പെടുനനുണ്ട്. ബംഗ്ലാദേശ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (സിപിബി) നേതാവും കര്‍ഷക തൊഴിലാളി നേതാവും റോയ്ഗഞ്ച് പ്രസ് ക്ലബ് അസിസ്റ്റന്റ് സെക്രട്ടറിയുമായ പ്രദീപ് ഭൗമിക്കിനെ കലാപകാരികള്‍ ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു.

ഹിജാബ് ധരിക്കാത്തതിന്, പ്രമുഖ അഭിഭാഷക ടൂറിന്‍ അഫ്രോസിനെ ആക്രമിച്ചു.

ഇതൊന്നും സംവരണത്തിനെതിരെ പ്രക്ഷോഭം നയിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ ഒന്നും ആഗ്രഹിക്കാത്ത കാര്യമാണ്. ചില ക്യാമ്പസുകളിലൊക്കെ മറ്റ് മതക്കാര്‍ക്ക് കുട്ടികള്‍ കാവലിരിക്കേണ്ട ഗതികേടുവന്നു. ഈ അരക്ഷിതാവസ്ഥക്കിടെയാണ്, ബംഗ്ലാദേശ് ഒരു ഭരണമാറ്റത്തിന് സാക്ഷ്യം വഹിച്ചത്. ബംഗ്ലാദേശിന്റെ ഇടക്കാല ഭരണാധികാരിയായി നൊബേല്‍ ജേതാവ് മുഹമ്മദ് യൂനുസ് സത്യപ്രതിജ്ഞചെയ്തത് അധികാരമേറ്റപ്പോള്‍, പ്രതീക്ഷകള്‍ ഏറെയായിരുന്നു. പക്ഷേ യൂനുസും മതമൗലികവാദികള്‍ക്ക് കൂട്ടുനില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. അദ്ദേഹത്തിന് ഷേഖ് ഹസീനയോട് തീരാത്ത പകയുമുണ്ട്.




ബംഗ്ലാദേശ് യുദ്ധകാലത്ത് മുജീബുര്‍ റഹമാന് ഒപ്പമായിരുന്നു ഡോ യൂനുസ്. അക്കാലത്ത് പാക്കിസ്ഥാനുള്ള അമേരിക്കയുടെ സൈനിക സഹായം അവസാനിപ്പിക്കാന്‍ ഡോ. യൂനുസ് യുഎസ് കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദം ചെലുത്തി. വാഷിങ്ടണില്‍ ഒരു ബംഗ്ലാദേശ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തിപ്പിക്കുകയും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് പിന്തുണ നല്‍കാന്‍ പൗരസമിതി രൂപീകരിക്കുകയും ചെയ്തു. യുദ്ധാനന്തരം ബംഗ്ലാദേശേ് സ്വതന്ത്രമായതിന് പിന്നാലെ അദ്ദേഹം രാജ്യത്തേക്ക് മടങ്ങി. തിരിച്ചെത്തിയ അദ്ദേഹം സര്‍ക്കാരില്‍ ആസൂത്രണ കമ്മീഷനില്‍ നിയമിതനായി. പിന്നീട് ജോലി രാജിവെച്ച അദ്ദേഹം ചിറ്റഗോങ് സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ തലവനായി നിയമിതനായി.

1974-ല്‍ രാജ്യത്ത് ഒരു കടുത്ത ക്ഷാമം ഉണ്ടായി. ഏകദേശം 15 ലക്ഷം ആളുകളാണ് പട്ടിണിമൂലം മരിച്ചുവീണത്. ക്ഷാമത്തിന് പിന്നാലെ യൂനുസ് ദാരിദ്ര്യനിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ഒരു ഗ്രാമീണസാമ്പത്തിക പരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. 'ബംഗ്ലാദേശിലെ ഭയാനകമായ ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വകലാശാല ക്ലാസ്റൂമില്‍ സാമ്പത്തികശാസ്ത്രത്തിന്റെ ഗംഭീരമായ സിദ്ധാന്തങ്ങള്‍ പഠിപ്പിക്കാന്‍ എനിക്ക് ബുദ്ധിമുട്ടായിരുന്നു. 'പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും മുന്നില്‍ ആ സിദ്ധാന്തങ്ങളുടെ ശൂന്യത എനിക്ക് അനുഭവപ്പെട്ടു'- പില്‍ക്കാലത്ത് 2006-ലെ നൊബേല്‍ പ്രഭാഷണത്തില്‍ യൂനുസ് പറഞ്ഞു. 'ഒരു മനുഷ്യനെങ്കില്‍ ഒരാള്‍, എന്റെ ചുറ്റുമുള്ള ഒരാളെയെങ്കിലും സഹായിക്കാന്‍, അവര്‍ക്ക് കുറച്ചുകൂടി മെച്ചപ്പെട്ട ഒരു ദിവസം നല്‍കാന്‍ അടിയന്തിരമായി എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചു',- അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശിലെ ക്ഷാമകാലം അദ്ദേഹത്തിന്റെ ജീവിതത്തില്‍ വലിയ മാറ്റമാണ് ഉണ്ടാക്കിയത്. 1976-ല്‍, ചിറ്റഗോങ് സര്‍വകലാശാലക്ക് സമീപമുള്ള ജോബ്ര ഗ്രാമത്തിലേക്കുള്ള അദ്ദേത്തിന്റെ യാത്ര വലിയ വഴിത്തിരിവുണ്ടാക്കി. മുളകൊണ്ടുള്ള ഗ്രഹോപകരണങ്ങള്‍ നിര്‍മിക്കുന്നവരായിരുന്നു ആ ഗ്രാമത്തിലെ സ്ത്രീകള്‍. ഉത്പന്നങ്ങള്‍ നിര്‍മിക്കാനും വ്യവസായം മുന്നോട്ട് കൊണ്ടുപോകാനും പലപ്പോഴും അവര്‍ പണമില്ലാതെ ബുദ്ധിമുട്ടി. തിരിച്ചടക്കല്‍ശേഷി കുറവാണെന്ന് മനസിലാക്കി ബാങ്കുകള്‍ അവര്‍ക്ക് ചെറിയ വായ്പകള്‍ നല്‍കിയിരുന്നില്ല. പകരം പരമ്പരാഗത പണമിടപാടുകാര്‍ ഈ സാഹചര്യം മുതലെടുത്ത് കൊള്ളപ്പലിശ ഈടാക്കി. ഇവര്‍ക്കിടയില്‍ മൈക്രോ ക്രെഡിറ്റ് ഒരു പ്രായോഗിക ബിസിനസ്സ് മോഡലാണെന്ന് യൂനുസ് വിശ്വസിച്ചു. തന്റെ ആദ്യത്തെ 'ചെറികിട വായ്പ' സ്‌കീം ആരംഭിച്ച യൂനുസ് ജോബ്രയിലെ കുടുംബങ്ങള്‍ക്ക് ചെറിയ തുക കടമായി നല്‍കി. തുടക്കത്തില്‍ ഗ്രാമത്തിലെ 42 സ്ത്രീകള്‍ക്കാണ് അദ്ദേഹം തന്റെ കൈയ്യില്‍നിന്ന് പണം കടം നല്‍കിയത്. വായ്പ ഉപയോഗപ്പെടുത്തി ചെറുകിട വ്യവസായത്തില്‍ അവര്‍ ലാഭം നേടിയതോടെ മൈക്രോക്രെഡിറ്റ് എന്ന ആശയം യൂനുസ് പ്രാവര്‍ത്തികമാക്കി. 1976 ഡിസംബറില്‍, ജോബ്രയിലെ പാവപ്പെട്ടവര്‍ക്ക് വായ്പ നല്‍കാന്‍ യൂനുസ് ഗവണ്‍മെന്റ് ജനതാ ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തു. മറ്റ് ബാങ്കുകളില്‍ നിന്ന് വായ്പ നേടിയെടുത്തും അദ്ദേഹം തന്റെ പ്രവര്‍ത്തനം തുടര്‍ന്നു.

1982 ആയപ്പോഴേക്കും സംഘത്തില്‍ 28,000 അംഗങ്ങളുണ്ടായിരുന്നു. 1983 ഒക്ടോബര്‍ ഒന്നിന്, പാവപ്പെട്ട ബംഗ്ലാദേശികള്‍ക്കായി ഒരു സമ്പൂര്‍ണ്ണ ബാങ്ക് എന്ന നിലയില്‍ ഈ സംരംഭം പ്രവര്‍ത്തനം ആരംഭിച്ചു. പിന്നീട് ഇത് ഗ്രാമീണ്‍ ബാങ്ക് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. ബംഗ്ലാദേശ് സര്‍ക്കാര്‍ 1983-ല്‍ ഗ്രാമീണ്‍ ബാങ്ക് പദ്ധതിയെ ഒരു സ്വതന്ത്ര ബാങ്കാക്കി. ബാങ്കില്‍ സര്‍ക്കാരിനും ഓഹരിയുണ്ടായിരുന്നു.തിരിച്ചടവ് ഉറപ്പാക്കാന്‍, ബാങ്ക് ഒരു സംഘത്തിനാണ് വായ്പകള്‍ നല്‍കിയത്. ഈ ചെറിയ അനൗപചാരിക ഗ്രൂപ്പുകള്‍ വായ്പകള്‍ക്കായി ഒരുമിച്ച് അപേക്ഷിക്കുകയും അതിലെ അംഗങ്ങള്‍ക്ക് പരസ്പരം ജാമ്യം നില്‍ക്കാനും സാധിച്ചിരുന്നു. യൂനുസ് ഉയര്‍ത്തിയ ഈ ഗ്രാമീണ ബാങ്ക് മാതൃക ലോകമെമ്പാടുമുള്ള മൈക്രോഫിനാന്‍സ് പദ്ധതികളെ പ്രോത്സാഹിപ്പിച്ചു. ഇതോടെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിനുള്ള ശ്രമങ്ങളുടെ പേരില്‍ 2006-ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം യൂനുസിനും ഗ്രാമീണ്‍ ബാങ്കിനും ലഭിച്ചു. 2007 ജൂലൈ ആയപ്പോഴേക്കും ഗ്രാമീന്‍ ബാങ്ക് 74 ലക്ഷം ഇടപാടുകളും 6.38 ബില്യണ്‍ യു.എസ്. ഡോളര്‍ വായ്പയും നല്‍കുന്ന നിലയിലേക്ക് വളര്‍ന്നു. അതിന്റെ പേരില്‍ അദ്ദേത്തിന് നൊബേല്‍ സമ്മാനവും കിട്ടി.

മതമൗലികവാദികളുടെ കളിപ്പാവയോ?

അക്കാലത്തൊക്കെ ഷെയ്ഖ ഹസീനക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയായിരുന്നു ഡോ യൂനുസ്. പക്ഷേ അതിനിടെ അദ്ദേഹം രാഷ്ട്രീയത്തില്‍ ഇറങ്ങാനും സ്വന്തം പാര്‍ട്ടിയുണ്ടാക്കാനും ശ്രമിച്ചു. ഏകാധിപതിയായ ഹസീനക്ക് അത് പിടിച്ചില്ല. അവര്‍ യൂനുസിനെതിരെ തിരിഞ്ഞു. ഗ്രാമീണ്‍ ബാങ്കിനെ യൂനുസ് സ്വകാര്യസ്വത്തായാണ് കാണുന്നതെന്നും അദ്ദേഹവും സംഘവും പാവപ്പെട്ടവരുടെ ചോര കുടിക്കുകയാണെന്നും ഷെയ്ഖ് ഹസീന ആരോപിച്ചു. പിന്നാലെ ബാങ്കിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനമൊഴിയാന്‍ അദ്ദേഹത്തിന് മേല്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തി. തൊഴില്‍ നിയമലംഘനങ്ങള്‍ക്കും അഴിമതിക്കും നൂറിലേറെ കുറ്റാരോപണങ്ങളാണ് യൂനുസ് തുടര്‍ന്ന് നേരിട്ടത്. അദ്ദേത്തെ വിടാതെ പീഡിപ്പിക്കുന്ന നിലപാടാണ് ഷെയ്ഖ് ഹസീന സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിനെതിരെ മുന്‍ യു.എസ്. പ്രസിഡന്റ് ബറാക്ക് ഒബാമ, മുന്‍ യു.എന്‍.ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ എന്നിവരുള്‍പ്പെടെ പ്രമുഖര്‍ ഹസീന സര്‍ക്കാരിന് കത്തെഴുതതിയിട്ടും ഫലമുണ്ടായില്ല. ഹസീന വീണ്ടും അധികാരത്തിലെത്തിയപ്പോഴും പ്രതികാരനടപടികള്‍ തുടര്‍ന്നു.

യൂനുസിന്റെ പേരില്‍ 100-ലധികം ക്രിമിനല്‍ കേസുകളാണ് ഉണ്ടായിരുന്നത്. പക്ഷേ, കുറ്റക്കാരനെന്ന് കണ്ടെത്തിയതും ശിക്ഷിച്ചതും ഒരു കേസില്‍ മാത്രമായിരുന്നു. തൊഴില്‍നിയമങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട കേസില്‍ യൂനുസിനും മൂന്നുപേര്‍ക്കും ആറുമാസത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. പിന്നീട് അദ്ദേഹത്തിന് ജാമ്യം ലഭിച്ചു. ഹസീന അധികാരത്തില്‍നിന്ന് പുറത്തായതോടെ തൊഴില്‍നിയമലംഘനക്കേസില്‍ യൂനുസിനെ കോടതി കുറ്റവിമുക്തനാക്കി. അദ്ദേഹം നല്‍കിയ അപ്പീല്‍ പരിഗണിച്ചായിരുന്നു നടപടി. കേസ് റദ്ദാക്കിയതിന് പിന്നാലെ അദ്ദേഹം രാജ്യത്തെത്തുകയും ബംഗ്ലാദേശിന്റെ ഇടക്കാല ഭരണാധികാരിയായി അധികരമേല്‍ക്കുകയും ചെയ്തു.





യൂനുസിന് ഹസീനയോട് ഉണ്ടായിരുന്ന ചൊരുക്ക് ശരിക്കും മതമൗലികവാദികള്‍ മുതലെടുത്തു. സത്യത്തില്‍ അവരുടെ കൈയിലെ കളിപ്പാവമാത്രമാണ്, ഈ പ്രതിഭാശാലിയായ ശാസ്ത്രജ്ഞന്‍ എന്നാണ് വിമര്‍ശനം ഉയരുന്നത്. തന്നെ പുറത്താക്കിയതിന് പിന്നില്‍ അമേരിക്കയുടെ കരങ്ങള്‍ ഉണ്ടെന്ന് ഷേഖ് ഹസീന നേരത്തെ ആരോപിച്ചിരുന്നു. ഇത് ശരിവെക്കുന്ന വിവരങ്ങളാണ് പിന്നീട് പുറത്തുവന്നത്. ഹസീനയുടെ പുറത്താകല്‍ ആകസ്മികമല്ലെന്നും ആലോചിച്ചുറപ്പിച്ച് നടത്തിയ നീക്കങ്ങളാണ് അതിലേക്ക് നയിച്ചതെന്നും മുഹമ്മദ് യൂനുസ് ഇയിടെ അമേരിക്കയില്‍ പറഞ്ഞത് വാര്‍ത്തയായിരുന്നു. ന്യൂയോര്‍ക്കില്‍ ക്ലിന്റണ്‍ ഗ്ലോബല്‍ ഇനിഷ്യേറ്റീവിന്റെ വാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടകീയമായ രംഗങ്ങളാണ് ഈ വേദിയില്‍ ഉണ്ടായത്. രണ്ട് യുവാക്കളെയും ഒരു യുവതിയെയും വേദിയിലേക്ക് വിളിച്ച യൂനുസ്, ബംഗ്ലാദേശ് പ്രക്ഷോഭത്തിന് പിന്നിലെ കേന്ദ്രബിന്ദുക്കളാണ് ഇവരെന്ന് സദസ്സിനെ പരിചയപ്പെടുത്തി. കൂട്ടത്തിലെ മഹ്ഫുജ് അബ്ദുള്ള എന്ന യുവാവിനെ ഹസീനയുടെ പതനത്തിന് പിന്നിലെ ബുദ്ധികേന്ദ്രമെന്നാണ് വിശേഷിപ്പിച്ചത്. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണും അപ്പോള്‍ വേദിയില്‍ ഉണ്ടായിരുന്നു. ബില്‍ ക്ലിന്റണും യൂനുസും തമ്മില്‍ 1980 മുതല്‍ അടുത്ത സൗഹൃദമുണ്ട്.

ബംഗ്ലാദേശിലെ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ ഐസ്ഐയുടെയും സിഐഎയുടെയും ഇടപെടല്‍ ഉണ്ടെന്ന ആരോപണം ശക്തമാണ്. അതുപോലെതന്നെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ന്നിരിക്കയാണ്. ഈ ഘട്ടത്തില്‍ ഒരു ഇടപെടലും നടത്താതെ മതമൗലികവാദികളെ പാലൂട്ടി വളര്‍ത്തുകയാണ് യുനുസ് സര്‍ക്കാര്‍ ചെയ്യുന്നത്. മുഖ്യ പ്രതിപക്ഷ നേതാവായ ഖാലിദ സിയപോലും നോക്കുകുത്തിയായിരിക്കയാണ്.

എല്ലാറ്റിനും പിന്നില്‍ ജമാഅത്തെ?

ബംഗ്ലാദേശിലെ പ്രശ്നങ്ങളില്‍ ഏറ്റവും വലിയ റോള്‍ വഹിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണ്. രാജ്യത്തെ ഇസ്ലാമികവത്ക്കരിക്കുക എന്ന സംഘടനയുടെ പതിറ്റാണ്ടുകള്‍ നീണ്ട ആഗ്രഹത്തിന്റെ പ്രായോഗിക രൂപമാണ് ഇപ്പോള്‍ നടക്കുന്നത്. ഫലത്തില്‍ ഹിജാബ് ധരിക്കാതെ സ്ത്രീകള്‍ പുറത്തിറങ്ങാന്‍ ഭയക്കുന്ന ഒരു ചെറിയ താലിബാന്‍ സ്റ്റേറ്റാക്കി രാജ്യത്തെ മാറ്റാന്‍ ജമാഅത്തെ ഇസ്ലാമിക്ക് കഴിഞ്ഞു. ഹസീന ഭരണത്തില്‍ ഇരിക്കുമ്പോള്‍ ഇവര്‍ നിരന്തരം പ്രശ്നമുണ്ടാക്കിയിരുന്നു. ഹസീനയാവട്ടെ ഈ വര്‍ഗീയവാദികള്‍ക്ക് അടിക്കടി തൂക്കുകയറും കൊടുത്തു. 2013-ല്‍ അബ്ദുല്‍ ഖാദര്‍ മെല്ല എന്ന ജമാഅത്തെ നേതാവിനെ ഹസീന സര്‍ക്കാര്‍, ബംഗ്ലായുദ്ധത്തിലെ അതിക്രമങ്ങളുടെ പേരില്‍ തൂക്കിലേറ്റി. പക്ഷേ ആ വിധിപുറപ്പെടുവിച്ച ജഡ്ജിയെ കഴുത്തറുത്തു കൊന്നാണ് ജമാഅത്തെ ഇസ്ലാമി പകവീട്ടിയത്! അങ്ങനെ എത്രയെത്ര സംഭവങ്ങള്‍.

2013നുശേഷം 20 ഓളം എഴുത്തുകാരാണ് ഈ നാട്ടില്‍ കൊല്ലപ്പെട്ടത്. 2015- ഫെബ്രുവരി 26ന്്, ഡോ അവിജിത് റോയ് എന്ന വ്ളോഗറെ കഴുത്തറത്ത് കൊന്നത് ലോക മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. ഈ ക്രൂരതകള്‍ക്ക് എല്ലാം പിന്നില്‍ സത്യത്തില്‍ ജമാഅത്തെ ഇസ്ലാമി തന്നെ ആയിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി സംഘടന ഇസ്ലാമി ഛാത്ര ഷിബിര്‍ (ഐസിഎസ്) ആണ് പാക്കിസ്ഥാന്റെ പിന്തുണയോടെയെന്ന് സത്യത്തില്‍ ഹസീനയെ തുരത്തിയത്. വിദ്യാര്‍ത്ഥികളുടെ ഐസിസ് എന്നാണ് ഈ ഐസിഎസ് വിശേഷിപ്പിക്കപ്പെടുന്നത്.

്പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐ ഇവര്‍ക്ക് ആളും അര്‍ത്ഥവും നല്‍കി. സംഘടനയുടെ നിരവധി കേഡര്‍മാര്‍ പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്തിട്ടുമുണ്ട്. ഇസ്ലാമി ഛാത്ര ഷിബിറില്‍ ഉള്‍പ്പെട്ട നിരവധി വിദ്യാര്‍ഥികള്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി ബംഗ്ലാദേശിലെ വിവിധ സര്‍വകലാശാലകളില്‍ പ്രവേശനം നേടിയിരുന്നു. ഇവര്‍ നിരന്തരം വിദ്യാര്‍ഥികളെ കുത്തിത്തിരുപ്പാക്കുകയായിരുന്നു.




ധാക്ക സര്‍വകലാശാല, ചിറ്റഗോങ് സര്‍വകലാശാല, ജഹാംഗീര്‍ സര്‍വകലാശാല, സില്‍ഹെറ്റ് സര്‍വകലാശാല, രാജ്ഷാഹി സര്‍വകലാശാലഎന്നിവയാണ് ഇസ്ലാമി ഛാത്ര ഷിബിറിന്റെ പ്രധാന കേന്ദ്രങ്ങള്‍. മൂന്ന് വര്‍ഷമായി സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ഇസ്ലാമി ഛാത്ര ഷിബിറിന്റെ പിന്തുണയോടെയാണ് വിജയിച്ചത്. വ്യാജ ഡിപികള്‍ ഉപയോഗിച്ചാണ് ഐഎസ്ഐ അംഗങ്ങള്‍ വിദ്യാര്‍ത്ഥികളുമായി സോഷ്യല്‍ മീഡിയയില്‍ സംവദിച്ചത്. ജമാഅത്തെ ഇസ്ലാമിയും അതിന്റെ വിദ്യാര്‍ഥി വിഭാഗവും പ്രതിഷേധങ്ങളെ മുതലെടുക്കുകയും അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്യുകയാണെന്ന് പ്രക്ഷോഭങ്ങള്‍ ശക്തമാകുന്നതിനിടയില്‍ ഷെയ്ഖ് ഹസീന ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഈ സംഘടനയെ നിരോധിച്ചു. അതും പക്ഷേ അവര്‍ക്ക് മുതല്‍ക്കൂട്ടായി.

ബംഗ്ലാദേശ് ഭീകരവാദ സംഘടനയായ ജമാഅത്തുല്‍ മുജാഹിദീനിനും ഈ സംഘടനയുമായി ബന്ധപ്പെട്ടിരുന്നു. ഷെയ്ഖ് ഹസീന തുടര്‍ച്ചയായി നാലാം തവണയും അധികാരത്തില്‍ തിരിച്ചെത്തിയതിനെത്തുടര്‍ന്ന് ഈ വര്‍ഷം ശക്തിപ്രാപിച്ച 'ഇന്ത്യ ഔട്ട്' പ്രചാരണത്തിനു പിന്നിലും ഇസ്ലാമി ഛാത്ര ഷിബിറായിരുന്നു. മാലിദ്വീപിലുണ്ടായ പ്രതിഷേധത്തിന്റെ മാതൃകയിലുണ്ടായ ഈ പ്രചാരണത്തിന് പിന്നില്‍ പാക്കിസ്ഥാന്റെയും ഐഎസ്‌ഐയുടെയും ഗൂഢാലോചനയാണെന്നാണ് ഇന്ത്യയും സംശയിക്കുന്നത്. ഷേഖ് ഹസീന സ്ഥാനഭ്രഷ്ടയാക്കപ്പെട്ടത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു വലിയ പ്രഹരമാണ്. അതിര്‍ത്തിയില്‍ ഇന്ത്യക്കാകെ ഉള്ള ഒരു വലിയ സുഹൃത്തിനാണ് അധികാരം നഷ്ടപ്പെട്ടിട്ടുള്ളത്. മാത്രമല്ല, മതമൗലികവാദികള്‍ക്കും പാക്കിസ്ഥാനും അവിടെ വലിയ മേല്‍ക്കെയും കിട്ടി. ഇപ്പോഴിതാ ഇടക്കാല സര്‍ക്കാറിനെ മറയാക്കി ബംഗ്ലാദേശ് ഇസ്ലാമികവത്ക്കരിക്കപ്പെടുമെന്നും ആശങ്ക ഉയരുന്നു. ഇതുവെച്ച് നോക്കുമ്പോള്‍ ഹസീന എത്ര ഭേദമായിരുന്നു?

വാല്‍ക്കഷ്ണം: മഹാത്മാ ഗാന്ധിയുടെ പ്രതിമ തല്ലിത്തകര്‍ക്കുന്ന ഒരു ആള്‍ക്കൂട്ടത്തെ ഇന്ത്യക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമോ. എന്നാല്‍ രാഷ്ട്രപിതാവായ ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ പ്രതിമക്ക് മുകളില്‍ കയറി മൂത്രമൊഴിച്ചശേഷം അത് അടിച്ച് തകര്‍ക്കയാണ് ബംഗ്ലാദേശില്‍ സംഭവിച്ചത്! ഇതില്‍നിന്നുതന്നെ കാര്യം വ്യക്തമാണ്. സമരക്കാരുടെ അജണ്ട വേറെയായിരുന്നു. ഹസീന വീണിട്ടും തീരാത്ത പ്രശ്നങ്ങള്‍ വിരല്‍ചൂണ്ടുന്നതും അതുതന്നെ.