ലയാളിയുടെ ആസ്ഥാന ഭക്ഷണം എന്താണെന്ന് ചോദിച്ചാൽ അത് പൊറോട്ട എന്നാണ് പൊതുവെ പറയുക. ചൂടുള്ള പൊറാട്ടയും, നല്ല ബീഫും കൂട്ടി കഴിക്കയെന്നാൽ ഒരു 'അനുഭൂതി' തന്നെയാണ്. ഏതൊ ഒരു സിനിമയിൽ പറയുന്നതുപോലെ പോറോട്ടയും ബീഫും സമാധനപരമായി തിന്നാൻ കഴിയും എന്നത് മാത്രമായി കേരളത്തിന്റെ വിശേഷങ്ങൾ മാറിയിരുന്നു. ഇങ്ങനെ ഒക്കെ ആണെങ്കിലും ആളെക്കൊല്ലി, പശ എന്നിങ്ങനെ പൊറോട്ടക്ക് കിട്ടാത്ത മോശം പേരുകൾ ഇല്ല. ഇതുവരെയുള്ള ചരിത്രം നോക്കിയാൽ, കേരളത്തിൽ ഇത്രയേറെ ഭീതി പരത്തപ്പെട്ട മറ്റൊരു ഭക്ഷണവുമില്ല. 90കളുടെ തുടക്കത്തിലും, 2010ലുമൊക്കെ പൊറാട്ട വിഷമാണെന്നും, കാൻസർ ഉണ്ടാക്കുമെന്നും പറഞ്ഞുകൊണ്ടുള്ള വൻ കാമ്പയിനുകൾ നാം കണ്ടു. അതിനുശേഷ കുറേക്കാലത്തേക്ക്, പൊറാട്ട സേഫ് സോണിലായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും പൊറാട്ടപ്പേടി നമ്മുടെ സോഷ്യൽ മീഡിയയിൽ അടക്കം നിറയുകയാണ്.

കേരളത്തിലെ അർബുദ ചികിത്സയിലെ ജനകീയ മുഖമാണ് ഡോക്ടർ വി പി ഗംഗാധരൻ. കാൻസർ രോഗത്തെ കുറിച്ച് ഒരുപാട് അറിവുകൾ പകർന്ന് നൽകിയ, ഏറെ പേരെടുത്ത ചികിത്സകൻ. അദ്ദേഹം ന്യൂ ഇന്ത്യൻ എക്സപ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങൾ, ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം, വൻ വിവാദവും ഭീതിയും സൃഷ്ടിച്ചിരിക്കയാണ്. പൊറാട്ട-ബീഫ് കോംബോ വില്ലനാണെന്നും, 50 ശതമാനും വരുന്ന കാൻസറുകളും നമുക്ക് തടയാൻ കഴിയുന്നവയാണെന്നുമാണ് ഡോക്ടർ ഗംഗാധരൻ പറയുന്നത്.

അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ. ''കേരളത്തിൽ പ്രതിദിനം 120 ലേറെ കാൻസർ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതൊരു വലിയ സംഖ്യയാണ്. കേരളത്തിലെ ജനങ്ങളുടെ ഭക്ഷണരീതിയും രോഗബാധയിൽ പ്രധാന പ്രശ്നമാണ്. പൊറോട്ട, മാംസാഹാരം തുടങ്ങിയവയാണ് ഇപ്പോൾ മെനുവിൽ പ്രധാനം. ഇതെല്ലാം കഴിച്ചശേഷം ആളുകൾ ഷുഗർ-പ്രഷർ-കൊളസ്ട്രോൾ എന്നിവക്കുള്ള ഗുളികകളും കഴിക്കുന്നു. പൊറോട്ടയ്ക്ക് ഉപയോഗിക്കുന്ന മൈദയാണ് പ്രധാന വില്ലൻ. പാശ്ചാത്യർ മൈദ ഉപയോഗിച്ചുള്ള ഭക്ഷണം കഴിക്കുമ്പോൾ ഒപ്പം സാലഡും പഴങ്ങളും കഴിക്കുന്നുണ്ട്. എന്നാൽ നമ്മൾക്ക് അത്തരം ശീലമില്ലെന്നും ഡോക്ടർ പറഞ്ഞു.

മാംസാഹാരങ്ങളും ആരോഗ്യത്തിന് പ്രശ്നമാണ്. ബീഫ്, ചിക്കൻ, മട്ടൻ തുടങ്ങിയവ വല്ലപ്പോഴും കഴിക്കുന്നതാണ് നല്ലത്. അതേസമയം ചെറിയ മത്സ്യങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. അവിയൽ, തോരൻ പോലുള്ള കറികളിൽ ഫൈബർ അംശം കൂടുതലാണ്. ഇപ്പോഴത്തെ കുട്ടികൾക്ക് എത്ര മാതാപിതാക്കളാണ് പിണ്ടിത്തോരൻ കറി നൽകുന്നത് ഫാസ്റ്റ് ഫുഡ് മനുഷ്യനെ അതിവേഗം കൊല്ലും'' ഡോക്ടർ ഗംഗാധരൻ പറയുന്നു.

ഇതിൽ പൊറാട്ട- ബീഫ് കോമ്പോ വില്ലൻ എന്ന് ഇന്ത്യൻ എക്പ്രസ് ഹൈലൈറ്റ് ചെയ്തതോടെയാണ് സോഷ്യൽ മീഡിയയിൽ വൻ വിവാദം തുടങ്ങിയത്. ഇത് വെറും ഭീതിവ്യാപാരം മാത്രമാണെന്നും, ലോകത്തിൽ എവിടെയും ഇതുപോലത്തെ പഠനങ്ങൾ നടന്നിട്ടില്ല എന്നുമാണ്, ശാസ്ത്രപ്രചാരകർ ചൂണ്ടിക്കാട്ടുന്നത്. പൊറാട്ട കാൻസർ ഉണ്ടാക്കുമെന്ന വാദം, പത്തുവർഷം മുമ്പുതന്നെ കേരളം ചർച്ചചെയ്ത് തള്ളിയതാണെന്നും, ഡോ നിക്സൺ ജോസഫിനെപ്പോലുള്ളവർ ചൂണ്ടിക്കാട്ടുന്നു. ഫുഡ് സ്റ്റാൻഡേഡിന്റെ കാര്യത്തിൽ ലോകത്തിൽ ഏറ്റവും നിഷ്‌ക്കർഷ പുലർത്തുന്ന യൂറോപ്യൻ യൂണിയനിൽ അടക്കം, ലോകത്തിന്റെ എല്ലാഭാഗങ്ങളിലും പൊറാട്ടയും ബീഫുമുണ്ട്. കാൻസർ ഉണ്ടാക്കാക്കുമെന്ന് എന്തെങ്കിലും സൂചനയുണ്ടെങ്കിൽ അമേരിക്കയടക്കമുള്ള രാജ്യങ്ങൾ ഇവ നിരോധിക്കുമായിരുന്നു.

പൊറാട്ട വയറ്റിൽ ഒട്ടിപ്പിടിക്കുമോ?

ഒന്നാമതായി പൊറാട്ടയും ബീഫും ശരീരത്തിന് ഹാനികരമാണെന്നും കാൻസർ ഉണ്ടാക്കുമെന്നും ലോകത്ത് എവിടെയും പഠനം നടത്തി സ്ഥിരീകരിക്കപ്പെട്ടില്ല. എന്തും അമിതമായാൽ വിഷമാണ്. ഡോസാണ് ഒരു വസ്തുവിന്റെ ടോക്സിസിറ്റി നിർണ്ണയിക്കുക. ദിവസവും നാലുനേരം വെച്ച് ആരും പൊറാട്ടയും ബീഫും കഴിക്കുന്നില്ലല്ലോ. അർബുദം സംബന്ധിച്ച വിവിധ പഠനങ്ങളിൽ അത് സസ്യാഹാരികൾക്കും മാംസാഹാരികൾക്കും ഏതാണ്ട് ഒരുപോലെയാണ് ഉണ്ടാകുന്നത് എന്നാണ് കണ്ടെത്തിയിട്ടുള്ളത്.

ഒരു വിഭാഗം നാച്ചറോപ്പതിക്കാർ, പോസ്റ്റർ ഒട്ടിക്കാനുള്ള മൈദയിൽ നിന്നാണ് പൊറാട്ട ഉണ്ടാക്കുന്നത് എന്നാണ് വിമർശിച്ചിരുന്നത്. എഴുത്തുകാരനും സ്വതന്ത്രചിന്തകനുമായ സി രവിചന്ദ്രൻ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. '' മൈദ കുടൽ മുഴുവൻ ഒട്ടിപ്പിടിക്കും എന്നായിരുന്നു ഇവർ പ്രചരിപ്പിച്ചിരുന്നത്. മൈദയിൽ ചേർക്കുന്ന അലോക്സാൻ ഹൈഡ്രേറ്റ് പ്രമേഹം ഉണ്ടാക്കുമെന്നതിന് തെളിവുണ്ട് എന്നും ഇവർ ഉന്നയിച്ചിരുന്നു. പക്ഷേ ഈ ആരോപണങ്ങളിൽ ഒന്നിനും ശാസ്ത്രീയ തെളിവുണ്ടായിരുന്നില്ല.''.

മൈദ മാത്രമല്ല ചോറും ഒട്ടിപ്പിടിക്കുന്നു സാധനമാണ്. അങ്ങനെ നോക്കുകയാണെങ്കിൽ ദിവസവും ചോറ് കഴിക്കുന്ന നമ്മുടെ കുടൽ ശരിക്കും ഒട്ടിപ്പോവേണ്ടതാണ്. ഒട്ടിപ്പിടിക്കുക എന്നത് അന്നജത്തിന്റെ ഒരു ഗുണമാണ്. പക്ഷേ നമ്മുടെ കുടലിൽ ഒരു വസ്തുവും ഒട്ടിപ്പിടിക്കുന്നില്ല. നമ്മൾ കഴിക്കുന്നത് മൈദയല്ല, പൊറാട്ടയാണ്. പൊറാട്ട ഒട്ടിപ്പിടിക്കുന്ന വസ്തുവല്ല. മൂലകങ്ങൾ സംയുക്തമാവുമ്പോൾ അതിന്റെ ഗുണം മാറുമെന്നത് രസതന്ത്രത്തിന്റെ എൽ പി സ്‌കുൾ അറിവാണ്. തീപ്പിടിക്കുന്ന ഹൈഡ്രജനും, ജ്വലന സഹായിയായ ഓക്സിജനും ചേർന്ന് ഉണ്ടാവുന്ന വെള്ളം എന്തുകൊണ്ടാണ് ആളിക്കത്താത്തത് എന്ന തമാശച്ചോദ്യം പോലെയാണ് ഈ ഒട്ടിപ്പിടിക്കൽ വാദവും. പിന്നെ നമ്മുടെ അന്നനാളവും ആമാശയവുമൊകെ ഹൈലി ലൂബ്രിക്കേറ്റഡ് ആണ്. അവിടെ യാതൊന്നും ഒട്ടിപ്പിടിക്കുമെന്ന ഭീതി വേണ്ട.

ബ്ലീച്ചിങ്ങിൽ വിഷം ഉണ്ടാവുമോ ?

നാം ഒട്ടും പേടിക്കേണ്ട സാധനമല്ല, മൈദ. തീർത്തും 'നാച്ച്വറൽ' ആയ ഗോതമ്പിൽനിന്ന് നിന്നാണ് മൈദ ഉണ്ടാക്കുന്നത്. ഗോതമ്പ് മണിയെടുത്ത് അതിൻെ മുള അഥവാ ജെം എടുത്തുകളഞ്ഞ്, അതിന്റെ പുറത്തുള്ള ബ്രാൻ അഥാവാ ഉമി 85 ശതമാനവും നീക്കം ചെയ്യുക. അപ്പോൾ കിട്ടുന്നതാണ്് മൈദ. ഇതിനെ ബ്ലീച്ച് ചെയ്യുമ്പോഴാണ് അത് വെള്ള നിറമായും മിനുസമുള്ളതാതും മാറുന്നത്. അപ്പോഴാണ് ബേക്കറി സാധനങ്ങൾ ഉണ്ടാക്കുന്ന മികച്ച വസ്തുവായി അത് മാറുക. ഗോതമ്പുവെച്ച് ഉണ്ടാക്കുന്ന ഇത്തരം സാധനങ്ങൾക്കൊക്കെ, ഒരു പരിധിയുണ്ട്. അതിനാണ് മിനുസപ്പെടുത്തി ബ്ലീച്ച് ചെയ്ത്, ഉഷാറാക്കി മൈദയാക്കി മാറ്റുന്നത്. ഈ മൈദ വെച്ചു തന്നെ ആണ് ബ്രെഡും കേക്കും പല ബിസ്‌കറ്റുകളും ഉണ്ടാക്കുന്നത്. ഇതൊന്നും കഴിക്കുമ്പോൾ ഇല്ലാത്ത പ്രശ്നം എങ്ങനെയാണ്് പൊറാട്ട കഴിക്കുമ്പോൾ ഉണ്ടാവുന്നത്. ഗോതമ്പിന്റെ തവിടു നീക്കം കളഞ്ഞു ഉണ്ടാക്കുന്ന മാവ് ആയതിനാൽ അധികം പോഷകങ്ങൾ പൊറാട്ടയിൽ ഉണ്ടാകില്ല. ഇങ്ങനെ തന്നെ ആണ് അരിപ്പൊടിയും. അരിപൊടി ഉണ്ടാക്കുന്നത് നന്നായി പോളിഷ് ചെയ്ത് എടുത്ത അരിയിൽ നിന്നാണ്.

ഗോതമ്പിന്റെ ജെമ്മും, ബ്രാനും നീക്കി ബാക്കിയുള്ളതാണ് എൻഡോസ്പേം. ഇത് ജെമ്മിന് വളർന്നുവരുമ്പോൾ ആഹരിക്കുന്നതിനായുള്ള സാധനമാണ്. അതിനകത്ത് യാതൊരു വിഷവും ഇല്ല. തീർത്തും പ്രകൃതിദത്തമാണ്. സാധാരണ നാം നെല്ലും ഗോതമ്പും ഒക്കെ കഴിക്കുന്നതുപോലുള്ള കാർബോഹൈഡ്രേറ്റ് തന്നെയാണ് അവിടെയുള്ളത്. ഇത് ഉള്ളിൽ ചെന്നാൽ ഗ്ലൂക്കോസായി ആഗിരണം ചെയ്യപ്പെടുകയും ചെയ്യും.

ഇനി ബ്ലീച്ചിങ്ങ് ഹാനികരമാണെന്ന വാദവും തെറ്റാണ്. ബ്ലീച്ച് ചെയ്തെങ്കിൽ മാത്രമേ നമ്മൾ ഉപയോഗിക്കുന്ന തരത്തിലുള്ള മാർദവുമുള്ള, തെളിമയുള്ള, പശിമയുള്ള സാധനമായി മൈദ മാറുകയുള്ളു. ബ്ലീച്ചിങ്ങ് എന്നത് ലോകാരോഗ്യ സംഘടന ഉൾപ്പെടെയുള്ളവർ അംഗീകരിച്ചിട്ടുള്ള കാര്യമാണ്. പക്ഷേ ബ്ലീച്ച് ചെയ്യാത്ത മൈദയാണ് വിൽക്കുന്നത് എന്ന് കേരളത്തിലെ പല വ്യാപാരികളും പറയാറുണ്ട്. ഫാറ്റി ആസിഡുകൾ അടക്കമുള്ള പോഷകങ്ങൾ നഷ്ടമാവും എന്ന ഒരു ദോഷം ബ്ലീച്ചിങ്ങിന് ഉണ്ട്. അത് പരിഹരിക്കാൻ എന്റിച്ചിഡ് ഫ്ളോർ അഥാവ സമ്പുഷ്ട മാവ് ഇപ്പോൾ വിപണിയിൽ ഉണ്ട്.

ബെൻസോയിൽ പെറോക്സൈഡ് ആണ് മൈദക്ക് ബ്ലീച്ചിങ്ങിനായി ഉപയോഗിക്കുന്നത്. ഇത് പലപ്പോഴും ഔഷധമായി ഉപയോഗിക്കുന്ന സാധനമാണ്. ലോകാരോഗ്യസംഘടനയുടെ എറ്റവും സുരക്ഷിതവും കാര്യക്ഷമവുമായ, ഔഷധങ്ങളുടെ പട്ടികയിൽ ഇതിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. 1981ൽ നടന്ന പഠനങ്ങളിൽ ഇത് കാർസിനോജൻ അല്ല എന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ബ്ലീച്ചിങ്ങിനിടെ 100 ഡിഗ്രി കഴിയുമ്പോൾ ഇത് വിഘടിച്ച് പോവും. പൊറാട്ടയൊക്കെ കല്ലിലിട്ട് പൊള്ളിച്ച് എടുക്കുന്നത് ഉയർന്ന ചൂടിലാണ്. അതുകൊണ്ടുതന്നെ ബെൻസോയിൽ പെറോക്സൈഡ് അവിടെ ഉണ്ടാവാനേ സാധ്യതയില്ല.

എലിക്ക് വിഷം, നമുക്ക് ഔഷധം

അടുത്ത കപടവാദം മൈദ ഉണ്ടാക്കുമ്പോൾ ചേർക്കുന്ന അലോക്സാൻ ഹൈഡ്രേറ്റ് പ്രമേഹം ഉണ്ടാക്കുന്നുവെന്നാണ്. ഇത്തരക്കാർക്ക് മൈദ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നുപോലും അറിയില്ല. അലോക്സാൻ ഹൈഡ്രേറ്റ് മൈദയിൽ ചേർക്കുകയല്ല, അതിൽ സ്വാഭാവികമായി വന്നുചേരുകയാണ്. അന്തരീക്ഷവായുവും, ഈർപ്പവുമായുള്ള സമ്പർക്കവും, മൈദയിൽ നടക്കുന്ന ബ്ലീച്ചിങ്ങും മൂലമാണ് അലോക്സാൻ ഹൈഡ്രേറ്റ് രൂപപ്പെടുന്നത്. ഇത് മനുഷ്യശരീരത്തിൽ യാതൊരു കുഴപ്പവും ഉണ്ടാക്കുമെന്ന് പഠനങ്ങളില്ല.

അലോക്സാൻ ഹൈഡ്രേറ്റ് പാൻക്രിയാസിലെ ബീറ്റാസെല്ലുകളെ നശിപ്പിച്ച് പ്രമേഹം ഉണ്ടാക്കുമെന്നത് നേരത്തെ വന്ന ഒരു ദുരാരോപണമാണ്. പക്ഷേ അത് എലികളിൽ നടത്തിയ പഠനം മാത്രമാണ്. മനുഷ്യരുടെ കാര്യത്തിൽ ബീറ്റാ സെല്ലിനെ നശിപ്പിക്കില്ല എന്നാണ് പഠന ഫലങ്ങൾ പറയുന്നത്. എലിയുടെ പാൻക്രിയാസും നമ്മുടെ പാൻക്രിയാസും പ്രതികരിക്കുന്ന രീതി വ്യത്യസ്തമാണ്. നമുക്ക് വിഷം ആയിട്ടുള്ള ഒരുകാര്യം എലിക്ക് വിഷം ആവണമെന്നില്ല. എലിക്ക് വിഷം ആയ ഒരു കാര്യം നമുക്കും വിഷം ആകണമെന്നില്ല. വാർഫാറിൻ എന്ന എലിവിഷം, ഹൃദ്രോഗികൾക്ക് മരുന്നായി കൊടുക്കാറുണ്ട്.

കാരണം രക്തം നേർപ്പിക്കാനുള്ള കഴിവ് വാർഫാറിന് ഉണ്ട്. ഇത് നേരിയ അളവിൽ ക്ലിനിക്കൽ ഡോസിൽ കൊടുക്കുമ്പോൾ, ബ്ലോക്ക് മുലം രക്തം കട്ടപിടിച്ചവർക്ക് ഉപകരിക്കും. ഒരേ സാധനം തന്നെ ഡോസ് മാറുമ്പോൾ, എലിവിഷമായും, ഔഷധമായും മാറുന്നു! ഈ അത്ഭുതത്തിന്റെ പേരാണ് രസതന്ത്രം. ഇത് മനസ്സിലാക്കാതെയാണ് കപട ശാസ്ത്രക്കാർ അത് വിഷം, ഇത് വിഷം എന്ന് ഭീതി വ്യാപാരം നടത്തുന്നത്.

പക്ഷേ പൊറാട്ട അധികമായാൽ ആണ് ദഹന പ്രശ്നവും, ബ്ലഡ് ഷുഗർ കൂടുന്നതും, ശരീരത്തിന്റെ മെറ്റാബോളിസത്തെ തടപ്പെടുത്തുന്നതും ഒക്കെയുള്ള പ്രശ്നങ്ങൾ ഉണ്ടാവും. അത് സ്വാഭിവകമാണ്. വെള്ളംപോലും അമിതമായി ഉള്ളിലെത്തിയാൽ പ്രശ്നമാണ്. എന്നുവെച്ച് വെള്ളം കാൻസർ അടക്കം മാരക രോഗങ്ങൾ ഉണ്ടാക്കുന്നുവെന്ന് പറയാൻ കഴിയുമോ? ലോകത്ത് ഇന്നുവരെ ഒരു ഗവേഷകനും മൈദ ശരീരത്തിന് ഹാനികരമാണ് എന്ന് കണ്ടത്തിയിട്ടില്ല മാത്രമല്ല നമ്മൾ മൈദ എന്ന് പറയുന്ന സാധനം വെച്ചു തന്നെ ആണ് ലോകം മുഴുവനും ആളുകൾ പല ഭക്ഷണങ്ങൾ ഉണ്ടാക്കുന്നത്. ഒരു യൂണിവേഴ്സൽ ബേക്കിങ്ങ് സബ്സ്റ്റൻസ് എന്നാണ് മൈദ വിശേഷിപ്പിക്കപ്പെടുന്നത്. അതായത് ലോകം മുഴുവൻ ഒരു ദിവസം ലക്ഷക്കണക്കിന് കിലോ മൈദകൊണ്ട് വിവിധ സാധനങ്ങൾ ഉണ്ടാക്കി ഭക്ഷിക്കുന്നു. പക്ഷേ കേരളത്തിൽ മാത്രം മൈദ, കാൻസർ ഉണ്ടാക്കുന്നുണ്ട്!

ബീഫ്: പ്രോട്ടീന്റെ ചീപ്പ് സോഴ്സ്

മൈദയുടെ കാര്യത്തിലുള്ളതുപോലെയുള്ള ഇരട്ടത്താപ്പാണ്, കേരളത്തിൽ ബീഫിന്റെ കാര്യത്തിലും നടക്കുന്നത്. അന്റാട്ടിക്കിയിലും, ആർട്ടിക്കിലും ഒഴികെ, ലോകത്തിന്റെ എല്ലാഭാഗത്തുമുള്ള ഭക്ഷണമാണ് ബീഫ്. നൂറ്റാണ്ടുകളായി മനുഷ്യൻ ഇത് ഉപയോഗിച്ചുവരുന്നുണ്ട്. പരിണാമപരമായി തന്നെ നോക്കിയാൽ മനുഷ്യനെ കരുത്തനാക്കിയതിന്റെ ഏറ്റവും വലിയ ഘടകങ്ങളിൽ ഒന്ന് മാംസാഹാര ഭക്ഷണമാണ്. മനുഷ്യൻ അടിസ്ഥാനപരമായ സസ്യഭുക്കാണെന്നതും കപടവാദമാണ്. സസ്യഭുക്കുകൾക്ക് കഴിയുന്നപോലെ സെല്ലുലോസ് ദഹിപ്പിക്കാനുള്ള എൻസൈമുകളൊന്നും നമ്മുടെ ശരീരത്തിലില്ല. ശരിക്കും ഒരു മിശ്രഭുക്കാണ് ഹോമോസാപ്പിയൻസ് സാപ്പിയസ് എന്ന നാം. അമിതമായ റെഡ് മീറ്റിന്റെ ഉപയോഗം പ്രശ്നമുണ്ടാക്കുമെന്നല്ലാതെ, മാസാഹാരം മനുഷ്യന് ഹാനികരമാണെന്ന പഠനങ്ങൾ ലോകത്ത് എവിടെയും നടന്നിട്ടില്ല.

മനുഷ്യശരീരത്തിന്റെ ആരോഗ്യത്തിനായി, ഭക്ഷണത്തിൽ മൂന്നു ഘടകങ്ങൾ അത്യാവശ്യമാണ്. കാർബോഹൈഡ്രേറ്റ് (അന്നജം), പ്രോട്ടീൻ (മാംസ്യം), ഫാറ്റ് (കൊഴുപ്പ്). ഇതിനുപുറമെ വൈറ്റമിനുകളും ലവണങ്ങളുമൊക്കെ ആവശ്യം തന്നെ. ഭക്ഷണത്തിൽ 40 ശതമാനമെങ്കിലും പ്രോട്ടീൻ വേണമെന്നാണു കണക്ക്. പ്രോട്ടീനിന്റെ പ്രധാന സ്രോതസ്സ് പച്ചക്കറിയിൽ പയർവർഗങ്ങളാണ്. പിന്നെ, മൽസ്യവും മാംസവും. കേരളത്തിൽ പയർവർഗങ്ങൾ വേണ്ടത്ര ലഭ്യമല്ല. ഉള്ളവയ്ക്കുതന്നെ വിലക്കൂടുതലുമാണ്. അതുകൊണ്ടുതന്നെ ഭക്ഷണത്തിൽ അത് ഉൾപ്പെടുത്തുന്നതും കുറയുന്നു. അപ്പോൾ, പ്രോട്ടീനിനായി കാര്യമായി ആശ്രയിക്കാവുന്നതു മത്സ്യവും മാംസവും തന്നെ.

ഒട്ടേറെ ഇനങ്ങളുണ്ടെങ്കിലും മാംസത്തിൽ ബീഫ്, ആട്, കോഴി എന്നിവയാണു പ്രധാനമായും ലഭ്യമാകുന്നത്. ഇക്കൂട്ടത്തിൽ ഇന്ത്യയൊട്ടാകെ സുലഭമായതും വിലക്കുറവുള്ളതും ബീഫാണ്. കേരളത്തിലാണെങ്കിൽ ആട്ടിറച്ചിയെക്കാളും കോഴിയിറച്ചിയെക്കാളും വിറ്റഴിയുന്നതും ബീഫാണ്. ചുരുക്കിപ്പറഞ്ഞാൽ, മനുഷ്യശരീരത്തിന് അത്യാവശ്യമായി വേണ്ട പ്രോട്ടീനിന്റെ ലഭ്യമായ പ്രധാന സ്രോതസ്സാണു ബീഫ്.

ബീഫിന്റെ ഗുണവും ദോഷവും ഇങ്ങനെ

ധാരാളം ഗുണങ്ങളുടെ ബീഫ് കഴിക്കുന്നതുകൊണ്ട് ഉണ്ട്. നമ്മുടെ ശരീരത്തിന് എളുപ്പത്തിൽ സ്വീകരിക്കാൻ കഴിയുന്ന ഹീം അയൺ ബീഫിൽ ധാരാളമുണ്ട്. ഇതു വിളർച്ച (അനീമിയ) തടയാൻ സഹായിക്കും. ഇതിനായി മിതമായ അളവിൽ ബീഫ് കഴിക്കുന്നതു നല്ലതാണ്. പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും. ശരീരത്തിന്റെ വളർച്ച, മസിലുകളുടെ ആരോഗ്യം എന്നിവയ്ക്കു സഹായിക്കുന്ന അമിനോ ആസിഡ് ബീഫിൽ ധാരാളമുണ്ട്.ബീഫിലെ ബി12 വൈറ്റമിനുകൾ ചുവന്ന രക്താണുക്കളുടെ ഉൽപാദനത്തിനു സഹായിക്കും. ഞരമ്പ്, തലച്ചോർ തുടങ്ങിയവയുടെ ആരോഗ്യത്തിനും ഇത് അത്യാവശ്യം വേണ്ട ഘടകമാണ്. വൈറ്റമിൻ ബി3 വലിയ അളവിൽ ബീഫിലുണ്ട്. ബി3യുടെ അഭാവം ഹൃദ്രോഗങ്ങൾക്കു കാരണമാകാറുണ്ട്. പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന സിങ്ക് ബീഫിലുണ്ട് പ്രോട്ടീൻ നിർമ്മിക്കുന്നതിനു സഹായിക്കുന്ന ഒൻപത് എസൻഷ്യൽ അമിനോ ആസിഡുകൾ മാംസങ്ങളിൽ അടങ്ങിയിട്ടുണ്ട്.

വൈറ്റമിൻ ബി3 വലിയ അളവിൽ ബീഫിലുണ്ട്. ബി3യുടെ അഭാവം ഹൃദ്രോഗങ്ങൾക്കു കാരണമാകാറുണ്ട്. പ്രോട്ടീൻ നിർമ്മിക്കുന്നതിനു സഹായിക്കുന്ന ഒമ്പത് എസൻഷ്യൽ അമിനോ ആസിഡുകൾ മാംസങ്ങളിൽ അടങ്ങിയിട്ടുണ്ട്. മാസ്റ്റർ ആന്റി ഓക്സിഡന്റ് എന്നറിയപ്പെടുന്ന ഗ്ലൂട്ടാത്തയോണിന്റെ സ്രോതസ്സുകൂടിയാണ് ബീഫ്. ഗ്ലൂട്ടാത്തയോൺ നിർമ്മിക്കാൻ ശരീരത്തെ പ്രാപ്തമാക്കുന്ന സിസ്റ്റൈൻ, ഗ്ലൂട്ടാമേറ്റ്, ഗ്ലൈസിൻ എന്നീ അമിനോ ആസിഡുകൾ ബീഫിൽ അടങ്ങിയിട്ടുണ്ട്. ചർമത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും പ്രായം വർധിക്കുന്നത് തടയാനുമെല്ലാം ഗ്ലൂട്ടാത്തയോൺ സഹായിക്കും.

അതുപോലെ ബീഫ് തീറ്റ അമിതമായാലും പ്രശ്നമാണ്. ശരീരത്തിന് ഏറെ ഹാനികരമായ പൂരിതകൊഴുപ്പുകൾ ബീഫിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ബീഫ് ക്രേസുകൾക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണ്. ബീഫിൽ കൊളസ്ട്രോൾ അളവ് കൂടുതലാണ്. അതിനാൽ കൊളസ്ട്രോൾ ഉള്ളവർ ബീഫ് സൂക്ഷിച്ചുവേണം കഴിക്കാൻ. പ്രമേഹരോഗികളും സൂക്ഷിക്കേണ്ടതാണ്. മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തവർക്ക് യാതൊരു വിഷമവും ബീഫ് ഉണ്ടാക്കില്ല.

പ്രോസസ്ഡ് മീറ്റിനെ സൂക്ഷിക്കണം

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് പ്രോസസ്ഡ് മീറ്റ്. രുചിയിൽ മാറ്റം വരുത്തുന്നതിനും കേടുകൂടാതെ ഇരിക്കുന്നതിനുമായെല്ലാം ധാരാളം രാസചേരുവകൾ ചേർത്താണ് ഇത്തരം വിഭവങ്ങൾ തയ്യാറാക്കുന്നത്. ഇത് നിരന്തരമായി ഉപയോഗിച്ചാൽ പ്രശ്നമാണെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

സോസേജ്, ബേക്കൻ ഹാം, ഹോട്ട്ഡോഗ്, ബീഫ് ജെർക്കി തുടങ്ങിയ സംസ്‌കരിച്ച ഇറച്ചി വിഭവങ്ങൾ നിത്യേന കഴിക്കുന്നത് കാൻസറിന് പ്രധാന കാരണമാകും. ഇത്തരത്തിലുള്ള ഇറച്ചി വിഭവങ്ങൾ കഴിക്കുന്നവരിൽ ഉന്മാദം അടക്കമുള്ള മാനസിക രോഗങ്ങൾക്ക് സാധ്യത കൂടുതലാണ്. ഫ്രഷ് ആയ ഇറച്ചി മുറിച്ചും അരച്ചും ചില ചേരുവകൾ ചേർത്തും പ്രിസർവേറ്റീവുകൾ ചേർത്തുമാണ് സംസ്‌കരിക്കുന്നത്. 2016 ൽ അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കാൻസർ റിസർച്ച് നടത്തിയ പഠനത്തിൽ പ്രോസസ്ഡ് മീറ്റിന്റെ ഉപയോഗം ഉദരത്തിലെ അർബുദത്തിനു കാരണമാകുമെന്നു കണ്ടെത്തിയിരുന്നു.പ്രോസസ്ഡ് മീറ്റ് കഴിച്ചാൽ രക്തസമ്മർദ്ദം കൂടാൻ സാധ്യത കൂടുതലാണ്.

ലോകാരോഗ്യ സംഘടന പ്രോസസ് ചെയ്ത ഇറച്ചി വിഭവങ്ങളെ ഗ്രൂപ്പ് 1 കാർസിനോജനിക് ടു ഹ്യൂമൻസ് അതായത് മനുഷ്യനിൽ കാൻസർ ഉണ്ടാക്കുന്നതിന് സാധ്യതയുള്ള ഏറ്റവും പ്രധാന ഘടകം ആയാണ് തരം തിരിച്ചിരിക്കുന്നത്.ഇവിടെ നിരനതരം ഉപയോഗം എന്ന ഭാഗം അടിവരയിടണം. ദിവസം മൂന്ന് നേരവും, ബീഫ് തിന്നുന്ന രീതിയും എവിടയുമില്ലല്ലോ. മാത്രമല്ല, ലോകരോഗ്യ സംഘടനയുടെ കാർസിനോജനിക്ക് ഗ്രൂപ്പ് എന്നാൽ നിരന്തര ഉപയോഗത്തിലൂടെ കാൻസർ സാധ്യതയാണ് കണ്ടെത്തുന്നത്. എന്നാൽ ശക്തമായ വെജിറ്റേറിയൻ വാദം ഉന്നയിക്കുന്ന വീഗൻ ഗ്രൂപ്പുകൾ ഇത് പൊക്കിപ്പിടിച്ച് മാസാംഹാരം കാൻസർ ഉണ്ടാക്കുമെന്ന് പ്രചാരണം നടത്തുന്നുണ്ട്.

നമുക്ക് വേണ്ടത് സമീകൃതാഹാരം

അമിതമായി എന്ത് കഴിച്ചാലും പ്രശ്നമാണ്. വെള്ളവും പ്രാണവായുവുമൊക്കെ ഒരു പരിധി കഴിഞ്ഞാൽ വിഷമാണ്. ഒറ്റയടിക്ക് 32ലിറ്റർ വെള്ളം കുടിച്ചാൽ നാം മരിച്ചുപോവും. അതുപോലെ ഓക്സിജൻ ടോക്സിസ്റ്റി എന്ന ഒരു സാധനവുണ്ട്. നേരത്തെ പറഞ്ഞപോലെ, ഒരു വസ്തുവിഷം ആകുന്നത് അതിന്റെ ഡോസ് മൂലമാണ്. പിന്നെ നിങ്ങൾ മൂന്ന് നേരം പൊറോട്ട കഴിക്കേണ്ട കാര്യമില്ല. കാര്യമായി ശാരീരിക അധ്വാനം ഇല്ലാത്തവർ പൊറോട്ട കഴിക്കുന്നത് പ്രോൽസാഹിപ്പിക്കാൻ കഴിയില്ല. അതേസമയം നന്നായി അധ്വാനിക്കുന്ന ആളുകൾക്ക് പൊറോട്ടപോലൊരു നല്ല ആഹാരം വേറെയില്ല. കഠിനമായി അധ്വാനിക്കുന്ന നമ്മുടെ നാട്ടിലെ ബംഗാൾ തൊഴിലാളികളെയെല്ലാം നോക്കിയാൽ അവർ പൊറാട്ട കഴിച്ചിട്ടാണ്, ജോലിക്കുപോകുന്നത്. അത്രമാത്രം ഊർജം അവർക്കുവേണം.

പൊറോട്ടയുടെ പ്രധാനചേരുവകൾ മൈദയും ഡാൽഡയുമാണ്. ഇവയിൽ അന്നജം, കൊഴുപ്പ് എന്നിവ കൂടുതലുള്ളതിനാൽ ധാരാളം കാലറി ശരീരത്തിന് നൽകുന്നു. വളരെ സാവധാനമേ ഇത് ദഹിക്കുകയുള്ളൂ. ഈവക കാരണങ്ങൾ കൊണ്ടുതന്നെ തൊഴിലാളികൾ ഇത് ഭക്ഷിക്കുമ്പോൾ അവർക്കു ജോലിചെയ്യാനുള്ള ഊർജ്ജവും ധാരാളം ലഭിക്കുന്നതു കൂടാതെ ഇവയുടെ ദഹനത്തിന് കൂടുതൽ സമയം എടുക്കുന്നതുകൊണ്ട് വളരെ സമയത്തേക്ക് വിശക്കുകയുമില്ല. പൊറാട്ട കഴിക്കുമ്പോൾ ഒപ്പം പ്രോട്ടീൻ കണ്ടന്റ് കൂടുതൽ ഉള്ളതും നാര് കൂടുതൽ ഉള്ളതുമായ ഭക്ഷണ പഥാർത്ഥങ്ങൾ കഴിച്ച് സമീകൃതം ആക്കിയാൽ മതി. പൊറാട്ടക്കൊപ്പം സാലഡും പഴങ്ങളും ആവാം.

 

മാംസാഹാരം മാത്രമോ, സസ്യാഹാരം മാത്രമോ കഴിച്ചാൽ എല്ലാവിധ പോഷണങ്ങളും കിട്ടില്ല. പണ്ടുകാലത്ത് സപോർട്സിൽ അടക്കം നാം പിറകോട്ട് പോകനുള്ള ഒരു കാരണമായി പറഞ്ഞിരുന്നത്, മാംസഭക്ഷണത്തിന്റെ അഭാവമാണ്. സ്‌കുൾ ചെറിയ ക്ലാസുകളിൽ പഠിക്കുന്ന, ബാലൻസ്ഡ് ഡയറ്റ് എന്ന സമീകൃത ആഹാരമാണ്, നമ്മുടെ വ്യക്തിജീവിതത്തിലും ഉപയോഗിക്കേണ്ടത്. മലയാളിയുടെ ദേശീയ ഭക്ഷണമാണ് പൊറോട്ട എന്നാണ് പൊതുവെ പറയുക. ചൂടുള്ള പൊറാട്ടയും, നല്ല ബീഫും കൂട്ടി കഴിക്കയെന്നാൽ ഒരു 'അനുഭൂതി' തന്നെയാണ്. ഇല്ലാത്ത പൊറാട്ടപ്പേടി മൂലം നാം അത് ഉപേക്ഷിക്കേണ്ട കാര്യമില്ല.

വാൽക്കഷ്ണം: കീമോഫോബിയ അഥവാ രാസവസ്തുക്കളോടുള്ള അനാവശ്യ ഭീതി ഏറ്റവും കുടുതലുള്ള സമൂഹമാണ് മലയാളി. നോൺ അയൊണൈസിങ്ങായ മൊബൈൽ ഫോൺ വലിയ റേഡിയഷൻ ഉണ്ടാക്കുമെന്നും, അജിനമോട്ടോ എന്ന ലോകം മുഴുവൻ ഉപയോഗിക്കുന്ന മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് കൊടിയ വിഷം ആണെന്നും, രാസവളങ്ങളും കീടനാശിനികളും മണ്ണ് നശിപ്പിക്കും എന്നത് തൊട്ട് ലക്ഷ്മിതരുവും മുള്ളാത്തയും കാൻസർ മാറ്റുമെന്നുവരെ നാം വിശ്വസിക്കുന്നു. 'വിദ്യാഭ്യാസമുണ്ട് പക്ഷേ വിവേകമില്ല' എന്ന് പറയിപ്പിക്കുന്ന ഒരു ജനത ആയാണോ നാം മാറുന്നത്.