സൈനിക നിഗൂഢതകളുടെ യൂണിവേഴ്സിറ്റിയാണ് റഷ്യയെങ്കില്‍ അതിന്റെ ചാന്‍സിലറാണ് പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ എന്നാണ് പറയുക. റഷ്യയുടെ ഈ പരമാധികാരിയെ ചൂഴ്ന്ന് നില്‍ക്കുന്ന ദുരൂഹതകളും കെട്ടുകഥകളും ഏറെയാണ്. റഷ്യയുടെ പ്രസിഡന്റല്ല, അക്ഷരാര്‍ത്ഥത്തില്‍ ചക്രവര്‍ത്തിയാണ് പുടിന്‍. മരിക്കുന്നതുവരെ രാജ്യത്തിന്റെ പ്രസിഡന്റ് ആവാന്‍ കഴിയുന്ന രീതിയില്‍ അദ്ദേഹം ഭരണഘടന ഭേദഗതി ചെയ്തു കഴിഞ്ഞു. റഷ്യയില്‍ എല്ലാം പുടിനാണ്. അയാളെ വിമര്‍ശിച്ചാല്‍ മരണം നിങ്ങളെ തേടിയെത്തും. രാജ്യത്തെ തന്റെ സ്വകാര്യ കമ്പനി പോലെയാണ് പുടിന്‍ കൊണ്ടുനടക്കുന്നത്. ഒന്നും രണ്ടുമല്ല, ഇരുപതിനായിരം കോടി ഡോളറിന്റെ പേഴ്സണല്‍ സമ്പാദ്യമാണ്, ജനാധിപത്യ മാര്‍ഗങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഈ ഏകാധിപതിക്കുള്ളതെന്നാണ് കണക്ക്.

ഈ 70-ാം വയസ്സിലും കാലുകൊണ്ട് ചെവി ചൊറിയത്തക്ക രീതിയില്‍ ഫിറ്റായ ജൂഡോ അഭ്യാസിയാണ് അയാള്‍. ഇടയ്ക്കിടെ പര്‍വതം കയറിയും, കുതിരപ്പുറത്ത് നീന്തിയുമൊക്കെ പുടിന്‍ കരുത്ത് പ്രകടിപ്പിക്കാറുണ്ടായിരുന്നു. തനിക്ക് ചുറ്റം ഒരു അതിമാനുഷ പരിവേഷം കൂടിയുണ്ടാക്കാന്‍ അദ്ദേഹം എന്നും ശ്രദ്ധാലുവായിരുന്നു. കടുവകളുമായി കുശലം പറച്ചില്‍, ഷര്‍ട്ടില്ലാതെ കരുത്തുറ്റ പേശികള്‍ കാണിച്ചുള്ള ഫോട്ടോകള്‍, ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ഫോട്ടോകള്‍ വിഡിയോകള്‍ എന്നിവയെല്ലാം അദ്ദേഹത്തിന്റെ ആരാധകര്‍ പ്രചരിപ്പിച്ചു.

പക്ഷേ ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിയുകയാണ്. യുക്രൈനുമായുള്ള യുദ്ധം ആരംഭിച്ച് മാസങ്ങള്‍ക്ക് ശേഷം പുടിന്‍ പങ്കെടുത്ത യോഗങ്ങളില്‍ അദ്ദേഹത്തിന് പാര്‍ക്കിന്‍സണ്‍സ് രോഗ ലക്ഷണമുണ്ടെന്നും വലത് കൈയും കാലും നിയന്ത്രണാതീതമായി ചലിക്കുന്നുവെന്നും ന്യുയോര്‍ക്ക് ടൈംസ് അടക്കം വിദേശ മാധ്യമങ്ങള്‍ വീഡിയോ സഹിതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെ പുടിന് ഉദരരോഗമുണ്ടെന്നും അതീവ രഹസ്യമായി ശസ്ത്രക്രിയക്ക് വിധേയനായെന്നും വാര്‍ത്തകള്‍ പുറത്ത് വന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വസതിയില്‍ കുഴഞ്ഞ് വീണതായി റിപ്പോര്‍ട്ടുകള്‍ വന്നു. ക്യാന്‍സറാണെന്നും പുടിന് കൂടുതല്‍ കാലം ആയുസ്സില്ലെന്നുമുള്ള തരത്തിലും ചര്‍ച്ചകള്‍ വന്നു. പുടിന്റെ അടുത്ത അനുയായിയായ നിക്കോളായ് പത്രുഷേവ്, പുടിന്റെ മെഡിക്കല്‍ അപ്പോയിന്റ്മെന്റുകളില്‍ ആക്ടിങ്ങ് പ്രസിഡന്റായി നിലകൊണ്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇപ്പോഴിതാ വീണ്ടും ബോഡി ഡബിള്‍ വിവാദവും സജീവമാണ്. പുടിനെപ്പോലുള്ള അഞ്ചു പുടിന്‍മാരെ റഷ്യ തയ്യാറാക്കിവെച്ചിരിക്കുന്നുവെന്നാന്ന് വാദം. എന്നാല്‍ ഇത്തരം പ്രചാരണങ്ങളെല്ലാം 'ശുദ്ധ അസംബന്ധം' എന്ന് ക്രെംലിന്‍ തള്ളിക്കളയുകയാണ്. പക്ഷേ അപ്പോഴും പുടിന്റെ ആരോഗ്യസ്ഥിതി സംശയാസ്പദമാണ്. അതിവിചിത്രമായ രീതികള്‍ക്ക് കുപ്രസിദ്ധനാണ്, പണ്ടുതൊട്ടേ ഈ സൈക്കോ എകാധിപതി.




കമ്പ്യൂട്ടറുകളോട് വിമുഖത

അടുത്തകാലത്തായി രോഗങ്ങള്‍ മൂലം പുടിന്‍ ഏറെ ബുദ്ധിമുട്ടിലാണെന്നും, സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിച്ചാണ് പിടിച്ചുനില്‍ക്കുന്നതാണ് എന്നുമാണ് വിമര്‍ശകര്‍ പറയുന്നത്. പുടിന്‍ രാത്രി വൈകി ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നയാളാണ്. അതുകൊണ്ട് ഉച്ചയ്ക്ക് 12 മണിക്കാണ് എഴുന്നേല്‍ക്കുന്നത്. ഉടന്‍ തന്നെ ഭക്ഷണം കഴിക്കുന്ന പുടിന്‍ ഒരു വലിയ പ്ലേറ്റ് ഓംലെറ്റോ, ഒരു വലിയ ബൗള്‍ ഓട്‌സോ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നു. ഇതോടൊപ്പം കോട്ടേജ് ചീസും, കാടമുട്ടയും നിര്‍ബന്ധമാണ്. അവസാനം ഒരു കപ്പ് കാപ്പിയും കുടിക്കുന്നു. റഷ്യയിലെ മത നേതാവായ പാത്രിയാര്‍ക്കീസ് കിറിലിന്റെ കൃഷിഭൂമിയില്‍ നിന്ന് കൊണ്ടുവരുന്ന പച്ചക്കറികളാണ് പുടിന്‍ ദിവസവും കഴിക്കുന്നത്.

സ്റ്റീവന്‍ ലീ എഴുതിയ 'ദ ന്യൂ സാര്‍: ദി റൈസ് ആന്‍ഡ് റെയിന്‍ ഓഫ് വ്‌ളാദിമിര്‍ പുടിന്‍' എന്ന പുസ്തകത്തിലും ഇക്കാര്യം പറയുന്നുണ്ട്. സാധാരണയായി പ്രഭാതങ്ങളില്‍ പുടിന്‍ തനിച്ചായിരിക്കും. പുടിന്റെ നായ കോണിയാണ് അദ്ദേഹത്തിന്റെ അപ്പോഴുള്ള കൂട്ട്. പുടിന്‍ നീന്താന്‍ തുടങ്ങുമ്പോള്‍ കോണി നീന്തല്‍ക്കുളത്തിനരികില്‍ കാത്തിരിക്കുന്നു എന്ന് സ്റ്റീവന്‍ പറയുന്നു. ഭക്ഷണവും, വ്യായാമവും ഒക്കെ കഴിയുമ്പോള്‍, സമയം ഉച്ചകഴിയും. അതിനുശേഷം മാത്രമേ അദ്ദേഹം തന്റെ ഔദ്യോഗിക ജോലി ആരംഭിക്കുകയുള്ളൂ.

വ്യായാമത്തിന് ശേഷമുള്ള യോഗത്തില്‍ ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ ധരിച്ചാണ് അദ്ദേഹം എത്താറുള്ളത്. അതും പ്രശസ്ത ഇറ്റാലിയന്‍ കമ്പനിയായ കിറ്റന്‍ ആന്‍ഡ് ബ്രിയോണിയുടെ ഡിസൈനര്‍ വസ്ത്രങ്ങള്‍. തുടര്‍ന്ന്, അദ്ദേഹത്തിന്റെ ജീവനക്കാര്‍ തയ്യാറാക്കിയ ലഘു കുറിപ്പുകള്‍ പുടിനെ വായിച്ച് കേള്‍പ്പിക്കും. ഈ ഹ്രസ്വ കുറിപ്പുകളില്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള അപ്‌ഡേറ്റുകളും ഇന്റലിജന്‍സ് ഇന്‍പുട്ടുകളും ഉള്‍പ്പെടുന്നു. ഇത് കൂടാതെ, റഷ്യന്‍ മാധ്യമങ്ങളില്‍ നിന്നും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിന്നുമുള്ള ക്ലിപ്പുകളും അദ്ദേഹം കാണും. ഇങ്ങനെയാണെങ്കിലും, പുടിന്‍ സാങ്കേതികവിദ്യയില്‍ നിന്ന് അകന്നു നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ്. കമ്പ്യൂട്ടറും സ്മാര്‍ട്ട്‌ഫോണും കുറച്ച് മാത്രം ഉപയോഗിക്കാന്‍ താല്‍പര്യപ്പെടുന്ന, പേപ്പര്‍ ഡോക്യുമെന്റുകളും, ഇ-മെയിലിനും മൊബൈലിനും പകരം ലാന്‍ഡ്‌ലൈനില്‍ നേരിട്ട് സംസാരിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് അദ്ദേഹം.




രാത്രി ഏറെ വൈകിയിരുന്ന് പുസ്തകങ്ങള്‍ വായിക്കുന്ന ശീലം പുടിനുണ്ട്. അത്താഴത്തിന് ശേഷം, പിസ്ത ഐസ്‌ക്രീം കഴിക്കാന്‍ ഇഷ്ടപ്പെടുന്നു. ഒരു കൂടിക്കാഴ്ചയ്ക്കിടെ ചൈനീസ് പ്രസിഡന്റിന് അദ്ദേഹം ഈ ഐസ്‌ക്രീം സമ്മാനിച്ചിരുന്നു. അതേസമയം, പുടിന്‍ ദൂര യാത്ര ചെയ്യുമ്പോള്‍ പാല്‍ ഉല്‍പന്നങ്ങള്‍ കഴിക്കാറില്ല. പുടിന് വീട് വിട്ട് പോകാന്‍ താല്‍പ്പര്യമില്ലെന്നും ന്യൂസ് വീക്ക് പറയുന്നു. മദ്യത്തിനോടും അദ്ദേഹത്തിന് വലിയ താല്പര്യമില്ല. പ്രത്യേക ഔദ്യോഗിക പരിപാടികളില്‍ മാത്രമാണ് അദ്ദേഹം അല്‍പ്പം മദ്യപിക്കുന്നത്. രാത്രി വൈകുവോളം വായിക്കുന്ന അദ്ദേഹം ഏകദേശം 3 മണിക്ക് ഉറങ്ങാന്‍ കിടക്കും.




കോണ്ടം 'അലര്‍ജി'

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെപ്പോലെ തികഞ്ഞ സ്ത്രീലമ്പടനായിട്ടാണ് റഷ്യന്‍ പ്രസിഡന്റ് വാളിദിമിര്‍ പുടിനും അറിയപ്പെടുന്നത്. പുടിന്റെ കാമുകിമാരുടെയും പങ്കാളികളുടെയും ലിസ്റ്റ് ഏറെ ദൈര്‍ഘ്യമുള്ളതാണ്്. റുപര്‍ട്ട് മര്‍ഡോക്കിന്റെ മുന്‍ ഭാര്യയും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ മുന്‍ കാമുകിയുമായ വെന്‍ഡി ഡെന്‍ഗ്, പുടിന്റെ കാമുകിയാണെന്നാണ് പത്തുവര്‍ഷങ്ങള്‍ക്കുമുമ്പേ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുടിനുമായുള്ള വെന്‍ഡിയുടെ ബന്ധം പുറത്ത് വന്നതിനെ തുടര്‍ന്നാണ് മര്‍ഡോക്ക് ഇവരെ ഉപേക്ഷിച്ചതെന്നും തെളിഞ്ഞിരുന്നു.

ബാലപീഡകന്‍ ആണെന്നുപോലും വിമര്‍ശിക്കപ്പെടുന്ന, ഏകാധിപതിയായ ഈ കോടീശ്വരന് റഷ്യക്ക് അകത്തും പുറത്തുമായി നിരവധി കാമുകിമാര്‍ ഉണ്ട്. ഇവരില്‍ പലരും പുടിന്‍ കൊള്ളയടിച്ചുണ്ടാക്കിയ സ്വത്തിന്റെ ബിനാമികളുമാണ്. ഭാര്യ ല്യൂഡ്മിലയുമായി വിവാഹമോചനം നടന്നശേഷം, തന്റെ ജീവിതത്തിലേക്ക് പുതിയൊരു യുവതി കടന്നുവരില്ലെന്ന് പുട്ടിന്‍ നേരത്തെ പറഞ്ഞിരുന്നു. പക്ഷേ ഇതെല്ലാം കള്ളമാണെന്ന് പാശ്ചാത്യമാധ്യമങ്ങള്‍ കണ്ടെത്തിയിരുന്നു. ഒളിമ്പിക് ജിംനാസ്റ്റിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് അലീന കബയേവയാണ് പുടിന്റെ അറിയപ്പെടുന്ന കാമുകി. അലീന പുടിന്റെ ബിനാമി കൂടിയാണ്. അലീനയുടെ മുഴൂവന്‍ സ്വത്തുക്കളും, യുക്രൈന്‍ യുദ്ധത്തിന്റെ പേരില്‍ അമേരിക്ക മരവിപ്പിച്ചിരിക്കയാണ്. പുടിനുമായി ബന്ധപ്പെട്ട നിരവധി പ്രമുഖര്‍ക്കെതിരെ യു എസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് ഏര്‍പ്പെടുത്തിയ ഉപരോധമാണ് കാമുകിക്ക് വിനയായത്.


ഇസ്ലാമില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് വന്ന വനിതയാണിവര്‍. പുടിന് അലിനയില്‍ രണ്ട് മക്കള്‍ ഉള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നുവെങ്കിലും വാര്‍ത്ത പ്രസിദ്ധീകരിച്ച സ്ഥാപനം സര്‍ക്കാര്‍ പൂട്ടിച്ചു.പുട്ടിന്റെ സ്വകാര്യജീവിതത്തിലേക്ക് തലയിടാന്‍ പേടികാരണം റഷ്യന്‍ മാധ്യമങ്ങളും തയ്യാറായിട്ടില്ല. കോണ്ടം ഉപയോഗിക്കാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് ആയുസ് വര്‍ധിപ്പിക്കുമെന്നാണത്രേ പുടിന്റെ വികല ധാരണ. അങ്ങനെ ലോകത്തിന്റെ നനാഭാഗത്തും പുടിന് കുട്ടികളുണ്ടെന്നാണ് പറയുന്നത്.

രണ്ടുവര്‍ഷം മുമ്പ് പുടിന്റെ രഹസ്യ മകള്‍ എലിസവേറ്റ ക്രിവോനോജിക് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒരു വ്യക്തി തന്റെ ജീവിതം തകര്‍ത്തുവെന്നാണ് ആ 22 കാരി പേര് വെളിപ്പെടുത്താതെ ടെലഗ്രാം ചാനലിലൂടെ തുറന്നുപറഞ്ഞിരിക്കുന്നത്. 'ഞാന്‍ ആരാകാന്‍ ജനിച്ചുവെന്നും എന്റെ ജീവിതം നശിപ്പിച്ചത് ആരാണെന്നും ഇത് ഓര്‍മപ്പെടുത്തുന്നു. ദശലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ ആ മനുഷ്യന്‍ തന്നെയാണ് എന്റെ ജീവിതവും നശിപ്പിച്ചത്''-എലിസവേറ്റ വെളിപ്പെടുത്തി. പേര് പറഞ്ഞില്ലെങ്കിലും അവര്‍ സൂചിപ്പിച്ചത് പുടിനെ തന്നെയാണെന്നാണ് വ്യക്തമാണ്. എന്നാല്‍ പുടിന്‍ എലിസവേറ്റയെ കുറിച്ച് കേട്ടിട്ടുകൂടിയില്ലെന്നാണ് 2020ല്‍ അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞത്.

ശുചീകരണ തൊഴിലാളിയായിരുന്ന സ്വെറ്റ്ലാന ക്രിവോനോഗിഖാണ് എലിസവേറ്റയുടെ അമ്മ. ശുചീകരണ തൊഴിലാളിയായിരുന്ന സ്വെറ്റ്ലാന വളരെ പെട്ടെന്നാണ് റഷ്യയിലെ പ്രമുഖ ബിസിനസ് സ്ഥാപനങ്ങളുടെ ഷെയര്‍ ഹോള്‍ഡറായി മാറിയത്. പുടിനുമായുള്ള ബന്ധമായിരുന്നു അതിന് കാരണം. യു.എസ് പുടിന്റെ സ്വകാര്യ പണപ്പെട്ടി എന്ന് വിശേഷിപ്പിക്കു ബാങ്ക് ഓഫ് റഷ്യയുടെ ബഹുഭൂരിഭാഗം ഓഹരികളും അവരുടെ പേരിലായിരുന്നു. 2020ലെ കണക്കനുസരിച്ച് സ്വെറ്റ്ലാനയുടെ ആസ്തി 83 മില്യണ്‍ പൗണ്ട് വരുമെന്നാണ്. 2003 മാര്‍ച്ച് മൂന്നിനാണ് എലിസവേറ്റ ജനിച്ചത് എന്നാണ് രേഖകളിലുള്ളത്. ജനന സര്‍ട്ടിഫിക്കറ്റില്‍ അമ്മയുടെ പേര് മാത്രമേയുള്ളൂ. എന്നാല്‍ പുടിന്റെ മകള്‍ എന്ന് സൂചിപ്പിക്കുന്ന വ്ലാദിമിറോവ്ന എന്ന പേര് സ്വീകരിച്ചിട്ടുമുണ്ട്. റഷ്യയില്‍ പിതാവിന്റെ ആദ്യ പേര് പെണ്‍കുട്ടികള്‍ സ്വന്തം പേരിനോട് ചേര്‍ക്കുന്ന പതിവുണ്ട്. പിന്നീട് പുടിനുമായി തെറ്റിയതോടെ മകള്‍ യൂറോപ്പിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഇത്തരത്തിലുള്ള നിരവധി രഹസ്യക്കുട്ടികള്‍ പുടിന് ലോകത്ത് എമ്പാടുമുണ്ടെന്നാണ് പറയുന്നത്.


പ്രേതവണ്ടിയും ആത്മാക്കളുടെ പാനീയവും

പുടിന്‍ യുവത്വം നിലനിര്‍ത്താനായി ഒരു സംഘം ഗവേഷകരെ നിയോഗിച്ചതായും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ബോട്ടോക്സ് ഇഞ്ചക്ഷനിലുടെയാണ് അയാള്‍ മുഖകാന്തി നിലനിര്‍ത്തുന്നത്. തൊലിയില്‍ ചുളിവുകള്‍ വീഴുന്നതു തടയാനായി ലോകത്ത് സെലിബ്രിറ്റികളുള്‍പ്പെടെ പ്രമുഖര്‍ ഉപയോഗിക്കുന്ന മാര്‍ഗമാണു ബോട്ടോക്‌സ്. ഡോ. ജേക്ക് സ്ലോനെപ്പോലെയുള്ള കോസ്‌മെറ്റിക് വിദഗ്ധര്‍ പറയുന്നത് പ്രകാരം, പുട്ടിന്‍ ബോട്ടോക്‌സിനു പുറമേ കവിളിനെ പുഷ്ടിപ്പെടുത്താനും തുടുത്തു നില്‍ക്കാനുമായി ഫില്ലറുകള്‍ ചീക്ക് ബോണുകളില്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ്. പ്രായമാകുന്നതിന് അനുസരിച്ച് ആളുകളുടെ മുഖങ്ങള്‍ മെലിഞ്ഞു വരുന്നതാണു സാധാരണ കണ്ടുവരുന്നതെങ്കില്‍ പുട്ടിന്റെ കാര്യത്തില്‍ അദ്ദേഹത്തിന്റെ മുഖവും കവിളുകളും മനോഹരമായി തുടുത്ത് പുഷ്ടിപ്പെട്ട് ഇരിക്കുകയാണെന്നും ഇത് സൗന്ദര്യവര്‍ധക പ്രക്രിയകളുടെ ഫലമായാണെന്നും കോസ്മറ്റിക് സര്‍ജന്‍മാര്‍ പറയുന്നു.

അതുപോലെ മദ്യവും മാസാഹാരവും പുടിന്‍ കുറക്കുന്നതും പ്രായം പിടിച്ചുനിര്‍ത്താനാണെന്ന് പറയുന്നു. പക്ഷേ പുടിന്റെ അത്മാനുഷനെപ്പോലുള്ള ശക്തിക്ക് പിന്നില്‍ ഈ ആത്മാക്കളുടെ പാനീയം എന്ന് അറിയപ്പെട്ടുന്ന ഈ സാധനം ആണെന്നാണ് ആരാധകര്‍ പറയുന്നത്. ഇക്കാര്യം അദ്ദേഹത്തിന്റെ ചില കാമുകിമാരും ശരിവെക്കുന്നുണ്ട്.വൈകുന്നേരങ്ങളിലാണത്രേ പുട്ടിന്‍ കെഫീര്‍ കുടിക്കുന്നത്. ഒരു ഗ്ലാസ് കെഫീര്‍ കൊടുത്താല്‍ എത്ര തിരക്കിലും പുട്ടിന്റെ ശ്രദ്ധ ലഭിക്കുമെന്ന് അദ്ദേഹത്തിന്റെ മുന്‍ ഭാര്യ ല്യുദ്മില നേരത്തെ പറഞ്ഞിട്ടുള്ള കാര്യമാണ്. റഷ്യയുടെ വടക്കന്‍ കോക്കാസസ് മേഖലയില്‍ നിന്നുള്ള പാനീയമാണ് കെഫീര്‍. പാലും യീസ്റ്റ് പോലുള്ള കെഫീര്‍ തരികളും തമ്മില്‍ മിശ്രണം ചെയ്താണ് ഈ പാനീയം ഉണ്ടാക്കുന്നത്. കെഫീര്‍ തരികള്‍ വീണ്ടും വീണ്ടും ഉപയോഗിക്കാം. വടക്കന്‍ കോക്കസസ് മേഖലയില്‍ കെഫീര്‍ വളരെ സവിശേഷമായാണു കരുതപ്പെടുന്നത്. ഒരുവീട്ടിലെ കെഫീര്‍ തരികള്‍ മറ്റൊരു വീട്ടിലേക്കു കൈമാറ്റം ചെയ്യരുതെന്നു പോലും അവര്‍ വിശ്വസിക്കുന്നു. കെഫീര്‍ തരികള്‍ ആത്മാക്കള്‍ക്കു പ്രിയപ്പെട്ടതാണത്രേ...അവ കൈമാറ്റം ചെയ്താല്‍ അത് ആത്മാക്കളെ വേദനിപ്പിക്കും. അവര്‍ ശപിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.

അതുപോലെ പുടിന്റെ ഔദ്യോഗികവാഹനം പ്രേത വണ്ടി എന്നാണ് വിമര്‍ശകര്‍ക്കിടയില്‍ അറിയപ്പെടുക. ഈ വണ്ടിയില്‍ ഇരുന്നാണത്രേ ആളുകളെ കൊല്ലാനുള്ള ഉത്തരവുകള്‍ പുടിന്‍ പുറപ്പെടുവിക്കുക. റഷ്യയില്‍ പുടിനെ വിമര്‍ശിക്കുന്നവര്‍ ഒക്കെ തന്നെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുകയാണ് ഉണ്ടായത്. രണ്ടുഡസനോളം മാധ്യമ പ്രവര്‍ത്തകരാണ് ഇങ്ങനെ മരിച്ചത്. പലരും കെട്ടിടത്തില്‍നിന്ന് വീണാണ് കൊല്ലപ്പെടുന്നത്.



സോവിയറ്റ് യൂണിയന്റെയും പിന്നീട് റഷ്യയുടെയും ചാരനായിരുന്ന അലക്‌സാണ്ടര്‍ ലിത്വിനെങ്കോ 2016ല്‍ ലണ്ടനില്‍ കൊല്ലപ്പെട്ടപ്പോഴും വന്‍ വിവദം ഉണ്ടായിരുന്നു. ലിത്വിനെങ്കോയുടെ മരണം അന്വേഷിച്ച റോബര്‍ട്ട് ഓവന്റെ റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ ഉള്ളത്. പുട്ടിന്‍ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങള്‍ പകര്‍ത്തപ്പെട്ടിട്ടുണ്ടെന്നും ലിത്വിനെങ്കോ വെളിപ്പെടുത്തിയിരുന്നു. പുട്ടിന്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് ചെറിയ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നുവെന്നും വെളിപ്പെടുത്തലുകളില്‍പ്പെടുന്നു.

2006 ജൂണില്‍ ക്രെംലിനില്‍ക്കൂടി നടക്കവെ, പുട്ടിന്‍ ഒരു അഞ്ചുവയസ്സുകാരന്റെ ഉടുപ്പ് പൊക്കി വയറ്റത്ത് ചുംബിക്കുന്ന ദൃശ്യം അന്വേഷോദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഫ്ളാറ്റില്‍ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങള്‍ പുട്ടിന്‍ നശിപ്പിച്ചുകളഞ്ഞതായും ലിത്വിനെങ്കോയുടെ പഴയ ബ്ലോഗ് ലേഖനത്തില്‍പറയുന്നതായി റോബര്‍ട്ട് ഓവന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സി എഫ്എസ്ബിയുടെ തലവനുമായിരുന്നു. പുട്ടിനുമായി തെറ്റി ബ്രിട്ടനിലേക്ക് കടന്ന ലിത്വിനെങ്കോയെ 2006-ല്‍ പ്ലൂട്ടോണിയം വിഷം നല്‍കി കൊലപ്പെടുത്തുകയാണെന്നാണ് ആരോപണം. സ്വന്തമായി കില്ലര്‍ സ്‌ക്വാഡുള്ളയാളാണ് പുടിന്‍. ജയിലിലെ കൊടും കുറ്റവാളികളെയും മറ്റുവെച്ചാണ് ഇതിലേക്കുള്ള റിക്രുട്ട്മെന്റ്. ഈ സ്വകാര്യകൂലിപ്പട പുട്ടിന്റെ എതിരാളികളെ ലോകത്ത് എവിടെവെച്ചും കൊന്നൊടുക്കും. പ്രതിപക്ഷ നേതാക്കളൊക്കെ ഇങ്ങനെ കൊല്ലപ്പെട്ടവരാണ്.

മലം കെട്ടിപ്പൊതിഞ്ഞ് കൊണ്ടുപോവുന്നു?

വിദേശ യാത്രയ്ക്കിടെ റഷ്യന്‍ പ്രസിഡന്റിന്റെ ഷെഡ്യൂള്‍ കൂടുതല്‍ കര്‍ശനമാണ്. അദ്ദേഹം താമസിക്കുന്നിടത്തെല്ലാം, ഷീറ്റുകള്‍, ടോയ്‌ലറ്ററികള്‍ മുതല്‍ പഴ പാത്രങ്ങള്‍ വരെ എല്ലാം പുതിയതാണ് വയ്ക്കുന്നത്. അദ്ദേഹം കഴിക്കുന്ന എല്ലാ ആഹാര സാധനങ്ങളും, വിഷം കലര്‍ന്നിട്ടില്ലെന്ന് ഉറപ്പാക്കാന്‍ ഒരു ഫുഡ് ടെസ്റ്റര്‍ ആദ്യം അത് രുചിച്ച് നോക്കുന്നു.

പുട്ടിനും ട്രംപും കഴിഞ്ഞ തമ്മിലെ അലാസ്‌കയില്‍ കൂടിക്കാഴ്ചക്ക് ശേഷം, പുടിന്റെ അംഗരക്ഷകരാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. അവരുടെ കൈയിലുണ്ടായിരുന്ന സ്യൂട്ട് കേസുകളാണ് ചര്‍ച്ചയാകുന്നത്. അലാസ്‌ക ഉച്ചകോടിയില്‍ പുടിന്‍ എത്തിയത് തന്റെ വിസര്‍ജ്യം ശേഖരിക്കുന്ന സ്യൂട്ട്കേസുമായി ആണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുടിന്‍ വിദേശ യാത്ര നടത്തുമ്പോഴെല്ലാം അംഗരക്ഷകര്‍ അദ്ദേഹത്തിന്റെ മലം ശേഖരിച്ച് റഷ്യയിലേക്ക് തിരികെ കൊണ്ടുപോകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

2022ല്‍ ഫ്രഞ്ച് മാസികയായ പാരീസ് മാച്ചിലെ രണ്ട് പത്രപ്രവര്‍ത്തകര്‍ ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടിരുന്നു. ദി എക്സപ്രസ് യു.എസിന്റെ റിപ്പോര്‍ട്ട് പ്രകാരം റഷ്യന്‍ പ്രസിഡന്റിന്റെ ആരോഗ്യത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ വിദേശ ഏജന്‍സികള്‍ അറിയുന്നത് തടയാനാണ് അസാധാരണമായ നടപടി. റഷ്യന്‍ പ്രസിഡന്റിന്റെ ഫെഡറല്‍ പ്രൊട്ടക്ഷന്‍ സര്‍വീസ് (എഫ്പിഎസ്) പുടിന്റെ മലം ഉള്‍പ്പെടെയുള്ള ശരീര മാലിന്യങ്ങള്‍ ശേഖരിക്കുകയും പ്രത്യേക ബാഗുകളില്‍ അടയ്ക്കുകയും സുരക്ഷിതമായ ബ്രീഫ്‌കേസുകളില്‍ കൊണ്ടുപോകുകയും ചെയ്യുന്നു.

2017 മേയില്‍ പുടിന്‍ ഫ്രാന്‍സ് സന്ദര്‍ശിച്ചപ്പോഴും 2019 ഒക്ടോബറില്‍ സൗദി അറേബ്യയിലേക്കുള്ള യാത്രയിലും ഈ സ്യൂട്ട്കേസുകളില്‍ വിസര്‍ജ്യം ശേഖരിച്ചിരുന്നു. വിദേശ ഇന്റലിജന്‍സ് ഏജന്‍സികള്‍ തന്റെ ആരോഗ്യത്തെക്കുറിച്ച് അറിയാന്‍ തന്റെ ജൈവ മാലിന്യങ്ങള്‍ പരിശോധിച്ചേക്കുമെന്ന് പുടിന്‍ ആശങ്കാകുലനാണെന്ന് യുഎസ് പ്രതിരോധ ഇന്റലിജന്‍സ് ഏജന്‍സി (ഡിഐഎ)യിലെ മുന്‍ ഉദ്യോഗസ്ഥയായ റെബേക്ക കോഫ്‌ലര്‍ ഫോക്‌സ് ന്യൂസിനോട് പറഞ്ഞു, മുന്‍ ബിബിസി പത്രപ്രവര്‍ത്തക ഫരീദ റുസ്തമോവ ഈ വാദത്തെ പിന്തുണച്ചിരുന്നു. വിയന്നയില്‍ സമാനമായ ഒരു കേസ് തനിക്ക് അറിയാമെന്ന് അവര്‍ എക്‌സില്‍ എഴുതി.




രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള മാര്‍ഗമായി മലം ഉപയോഗിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു മാവോയുടെയും മറ്റ് നേതാക്കളുടെയും വിസര്‍ജ്യം പഠനവിധേയമാക്കി ജോസഫ് സ്റ്റാലിന്‍ ചാരപ്പണി നടത്തിയെന്ന് ഒരു മുന്‍ സോവിയറ്റ് ഏജന്റ് ഒരിക്കല്‍ അവകാശപ്പെട്ടിരുന്നു. ശീതയുദ്ധകാലത്ത് കിഴക്കന്‍ ജര്‍മ്മനിയില്‍ സോവിയറ്റ് സൈനികര്‍ ഉപയോഗിച്ചിരുന്ന ടോയ്‌ലറ്റ് പേപ്പര്‍ ബ്രിട്ടീഷ് ഇന്റലിജന്‍സ് ഏജന്റുമാര്‍ പരിശോധിച്ചതായി പറയപ്പെടുന്നു. ബ്രിട്ടീഷ് സൈനിക വിദഗ്ധന്‍ ടോണി ഗെരാട്ടിയാണ് ഈ അവകാശവാദം ഉന്നയിച്ചത്. ഈ പേടിമൂലമാണത്രേ പുടിന്റെ മലം കെട്ടിപ്പൊതിഞ്ഞ് നാട്ടിലേക്ക് കൊണ്ടുപോവുന്നത്!

ബോഡി ഡബിള്‍ ഉണ്ടോ?

ഇപ്പോള്‍ അലാസ്‌ക്കയില്‍ ട്രംപുമായുള്ള കൂടിക്കാഴ്ചക്കുശേഷം പുടിന്റെ ബോഡിഡബിള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. അലാസ്‌കയില്‍ എത്തിയ പുടിന് കൂടുതല്‍ വീര്‍ത്ത കവിളുകളുണ്ടെന്നാണ് ഒരു കണ്ടെത്തല്‍. വലതുകൈ അധികം ചലിപ്പിക്കാതെയുള്ള പുടിന്റെ പതിവ് നടത്തമല്ല കാണാന്‍ കഴിഞ്ഞത്. ട്രംപിനെ കാണുമ്പോള്‍ റഷ്യന്‍ പ്രസിഡന്റ് പതിവിലും കൂടുതല്‍ ഉന്മേഷവാനായി കാണപ്പെട്ടതാണ് മറ്റു ചിലരില്‍ സംശയം ജനിപ്പിച്ചിരിക്കുന്നത്.

ഇത് പുടിന്റെ അഞ്ചാമത്തെ അപരനാണെന്നാണ് പറയുന്നത്. അപരന്മാര്‍ അദ്ദേഹവുമായി പരമാവധി സാമ്യം തോന്നിക്കാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുണ്ടെന്ന് പോലും പ്രചരണങ്ങളുണ്ട്. നേരത്തേ ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈനെയും ജര്‍മ്മന്‍ ഏകാധിപതി ഹിറ്റ്ലറെ കുറിച്ചും ഇത്തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. യുക്രൈനും പല തവണ പുടിനെതിരെ ഈ ആരോപണം ഉന്നയിച്ചിരുന്നു. 2020 ല്‍ നല്‍കിയ ഒരഭിമുഖത്തില്‍ പുടിന്‍ ഈ ആരോപണം തള്ളിക്കളയുകയായിരുന്നു. വ്‌ളാഡിമിര്‍ പുടിന്‍ തന്റെ അപരനെ ഉപയോഗിക്കുന്നുണ്ടെന്ന സിദ്ധാന്തം യുക്രൈനിലെ മിലിട്ടറി ഇന്റലിജന്‍സ് മേധാവിയാണ് കിറിലോ ബുഡനോവാണ് നേരത്തെ ഉന്നയിച്ചത്. അടുത്ത കാലത്തായി പുടിന്റെ ഉയരത്തിലും ചെവിയുടെ സ്വഭാവത്തിലും മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നാണ് യുക്രൈന്റെ മേജര്‍ ജനറല്‍ കൈറിലോ ബുഡനോവ് അവകാശപ്പെട്ടതായി ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തത്.

പുടിന്റെ ചെവിയാണ് അപരനുണ്ടെന്നതിനുള്ള പ്രധാന തെളിവായി ബുഡനോവ് നിരത്തുന്നത്. 'പുടിന്റെ ചെവിയുടെ ചിത്രം വ്യത്യസ്തമാണ്... കൂടാതെ ഇത് ഒരു വിരലടയാളം പോലെയാണ്. ഓരോ വ്യക്തിയുടെയും ചെവി മറ്റൊരാളില്‍ ആവര്‍ത്തിക്കില്ല. അത് അദ്വിതീയമാണ്. അത് ആവര്‍ത്തിക്കാനാവില്ല.' അദ്ദേഹം ഊന്നിപ്പറഞ്ഞു. പുടിന്റെ അപരന് വ്യത്യസ്ത ശീലങ്ങള്‍, വ്യത്യസ്ത രീതികള്‍, വ്യത്യസ്ത നടത്തം തുടങ്ങി നിങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ചിലപ്പോള്‍ വ്യത്യസ്ത ഉയരങ്ങള്‍ തന്നെ ഇവര്‍ തമ്മില്‍ കാണാനാകുമെന്നും ബുഡനോവ് ആരോപിച്ചു. ടെഹ്‌റാനില്‍ നടന്ന ഉച്ചകോടിയില്‍ പുടിന്‍ അപരനെ ഉപയോഗിച്ചിരിക്കാമെന്ന് ബുഡനോവ് നേരത്തെ തന്നെ അവകാശപ്പെട്ടിരുന്നു.



എന്നാല്‍ ശാസ്ത്രീയ പരിശോധനകളില്‍ ഇതൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പുടിന്റെ നടത്തത്തിലും പല കഥകളുണ്ട്. ഒരു കൈ അനങ്ങാതെ, ഇടതുകൈ ആട്ടിയാട്ടിയുളള പുടിന്റെ നടത്തം കെജിബി ട്രെയിനിംഗ് സ്റ്റൈല്‍ ആണെന്നാണ് പറയുന്നത്. ഗണ്‍സ്ലിംഗേര്‍സ് ഗൈറ്റ് എന്നാണ് ഈ സ്റ്റൈല്‍ അറിയപ്പെടുന്നത്. ദീര്‍ഘകാലം കെജിബി ഉദ്യോഗസ്ഥനായ പുടിന്‍ ഇത് ശീലിച്ചുപോയി എന്നാണ് പറയുന്നത്.

മൃതശരീരത്തില്‍ നിന്ന് ജനിച്ചവന്‍!

പുടിന്‍ ഇല്യൂമിനാറ്റിയെന്ന് വിശ്വസിക്കുന്നവര്‍, ഈ ലോകത്ത് ആയിരക്കണക്കിന് ആളുകളുണ്ട്്. ഈ ലോകത്തിലെ എല്ലാകാര്യങ്ങളും നിയന്ത്രിക്കുന്ന ലോത്ത് എന്ന ഇല്യൂമിനാറ്റി കുടുംബത്തിന്റെ തലവനാണ്, ഈ റഷ്യന്‍ ഏകാധിപതിയെന്ന് വളരെ സീരിയസായി വീഡിയോ ചെയ്യുന്ന, പ്രൊഫസര്‍മാരെയും ഡോക്ടര്‍മാരെയും നമുക്ക് യുട്യൂബില്‍ കാണാം! പുടിന്‍ ഒരു വ്യക്തിയല്ലെന്നും കാലാതീതമായ സങ്കല്‍പമാണെന്നുമാണ് പ്രബലമായ മറ്റൊരു സിദ്ധാന്തം. ഇത് ചൂടേറിയ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. അദ്ദേഹത്തിനു വിക്കിപിഡിയ രേഖപ്പെടുത്തുന്ന പ്രായം 70. എന്നാല്‍ പല കാലഘട്ടങ്ങളിലും പുടിന്‍ അവതരിച്ചിട്ടുണ്ടെന്നാണ് വാദം. മിത്തുകള്‍ വാഴ്ത്തിപ്പാടിയ അവതാരങ്ങളെല്ലാം മനുഷ്യനന്‍മയാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ആധുനിക അവതാരപുരുഷനെന്ന് തുല്യമായാണ് പലരും പുടിനെ ആരാധിക്കുന്നത്. പുടിന്‍ സാത്താന്‍ മതക്കാരനാണെന്നും ലുസിഫറിന്റെ ആരാധകനാണെന്നതുമൊക്കെ വര്‍ഷങ്ങള്‍ക്കുമുമ്പേയുള്ള കഥകളാണ്.

അതിനിയില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ഭാര്യയും യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായ ഹിലാരി ക്ലിന്റണ്‍ 'ഹാര്‍ഡ് ചോയ്‌സസ്' എന്ന പേരില്‍ എഴുതിയ പുസ്തകത്തില്‍ പുടിനെ കുറിച്ച് എഴുതിയ ഒരു ഭാഗവും വലിയ രീതിയില്‍ ചര്‍ച്ചയായി. കേരളത്തിലെ സോഷ്യല്‍ മീഡിയയിലും ഈ പുസ്തക ശകലങ്ങള്‍ ചര്‍ച്ചയായി. 2014ല്‍ സൈമണ്‍ & ഷുസ്റ്റര്‍ പ്രസിദ്ധീകരിച്ച പുസ്തകം, 2009 മുതല്‍ 2013 വരെയുള്ള കാലയളവിലെ ഹിലരിയുടെ ഓര്‍മ്മക്കുറിപ്പുകളാണ്. പത്തുലക്ഷത്തോളം പ്രീം ബുക്കിങ്് ഓര്‍ഡര്‍ ലഭിച്ച ബെസ്റ്റ് സെല്ലറാണ് അത്. അതില്‍ അതില്‍ പുടിനെ കുറിച്ച് ഹിലരി പറയുന്ന കഥ ഇങ്ങനെയാണ്.



രണ്ടാം ലോക മഹായുദ്ധം ആരംഭിച്ച് ഏതാനും ആഴ്ചകള്‍ക്കുശേഷം, ഒരു റഷ്യന്‍ പട്ടാളക്കാരന് വീട്ടിലേക്ക് പോകാന്‍ അവധി ലഭിക്കുന്നു. അവധിക്ക് തന്റെ ഗ്രാമത്തിലേക്ക് പോയ പട്ടാളക്കാരന്‍ ഗ്രാമത്തില്‍ പ്രവേശിച്ചയുടനെ ഞെട്ടിപ്പോയി. ശത്രുക്കള്‍ അദ്ദേഹത്തിന്റെ ഗ്രാമത്തില്‍ ബോംബെറിഞ്ഞു. സൈനിക വാഹനങ്ങളില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരുന്നു. നൂറുകണക്കിന് മൃതദേഹങ്ങള്‍ അവിടെ കിടന്നിരുന്നു. ഒരു കൂട്ടക്കുഴിമാടത്തിലേക്ക് കൊണ്ടുപോകാന്‍ അവ തയ്യാറായിരുന്നു. സെനികന്‍ കുറച്ചുനേരം മൃതദേഹങ്ങള്‍ക്ക് മുന്നില്‍ നിന്നു. പെട്ടെന്ന് ഒരു സ്ത്രീയുടെ കാലില്‍ ഒരു ജോഡി ഷൂസ് അയാള്‍ ശ്രദ്ധിച്ചു. അവ തലേദിവസം ഭാര്യക്ക് വാങ്ങിയ ഷൂസ് പോലെയായിരുന്നു.

അയാള്‍ ഉടനെ വീട്ടിലേക്ക് ഓടി.ആരും വീട്ടിലില്ല.അയാള്‍ വേഗം തിരിച്ചെത്തി വാഹനത്തിലെ മൃതദേഹം പരിശോധിച്ചു. അത് അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു. ഞെട്ടിപ്പോയ അയാള്‍ മൃതദേഹം തനിക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടു, പൊതു ശവക്കുഴിയില്‍ അവളെ സംസ്‌കരിക്കാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും ഒരു സ്വകാര്യ ശവക്കുഴിയില്‍ അവളെ സംസ്‌കരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. അയാള്‍ക്ക് അനുമതി ലഭിച്ചു. വളരെ പ്രയാസപ്പെട്ട് വാഹനത്തില്‍ നിന്ന് മൃതദേഹം പുറത്തെടുത്തപ്പോള്‍, ഭാര്യ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് കണ്ട് അയാള്‍ ഞെട്ടി.അയാള്‍ ഉടന്‍ തന്നെ അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ആവശ്യമായ ചികിത്സ നല്‍കിയതോടെ സൈനികന്റെ ഭാര്യ ജീവിതത്തിലേക്ക് തിരിച്ചുവന്നു.

ഈ അപകടത്തിന് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, ജീവനോടെ സംസ്‌കരിക്കപ്പെടാന്‍ പോയ ഭാര്യ ഗര്‍ഭിണിയായി. ഒരു ആണ്‍കുട്ടി ജനിച്ചു.ആ കുട്ടിയാണ് ഇപ്പോഴത്തെ റഷ്യന്‍ പ്രസിഡന്റ്. ശവക്കുഴിയിലേക്ക് പോകേണ്ടിയിരുന്ന ഒരു അമ്മയില്‍ നിന്നാണ് അവന്‍ ജനിച്ചത് എന്നാണ് ഹിലരി പറയുന്നത്. എന്നാല്‍ റഷ്യന്‍ അധികൃതര്‍ ഈ കഥ സ്വീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല. ഇതുശരിയാണോ അല്ലയോ എന്ന് പുടിനോട് ചോദിക്കാന്‍ ആര്‍ക്കും ധൈര്യവും ഉണ്ടായിരുന്നില്ല. പക്ഷേ പുടിന്‍ ആരാധകര്‍ ഇതും പ്രചരിപ്പിച്ചു. മൃതശരീരത്തില്‍ നിന്ന് പിറന്ന മനുഷ്യന്‍ എന്ന് പറഞ്ഞാണ് അവര്‍ ഈ കഥയും ആഘോഷിക്കുന്നത്.

വാല്‍ക്കഷ്ണം: പുടിനെകുറിച്ച് പ്രചരിക്കുന്ന കഥകളില്‍ പലതും അമാനുഷിക പരിവേഷം കിട്ടാനും, നുണയും സത്യവും തമ്മില്‍ വേര്‍തിരിച്ച് അറിയാതിരിക്കാനുമായി പുടിന്റെ ടീം തന്നെ പടച്ചുവിടുന്നതാണ് എന്നാണ് ഫോക്സ് ന്യൂസ് എഴുതുന്നത്. അതിലും കാര്യമില്ലാതില്ല.