- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1948 ല്‍ ടു സ്റ്റേറ്റ് തിയറി അട്ടിമറിച്ച് യുദ്ധത്തിന് വന്നത് അറബ് രാജ്യങ്ങള്‍; ഈജിപ്ത് ഗസ്സ പിടിച്ചപ്പോള്‍, ജോര്‍ദാന്‍ കൈവശപ്പെടുത്തിയത് വെസ്റ്റ്ബാങ്ക്; 67-ല്‍ രക്തംചിന്തി ഇവ തിരിച്ചുപിടിച്ചത് ഇസ്രയേല്‍; ഇപ്പോള്‍ എല്ലാവര്ക്കും വേണ്ടത് ദ്വിരാഷ്ട്ര പരിഹാരം; ഫലസ്തീനില്‍ ചരിത്രം പ്രഹസനമായി ആവര്‍ത്തിക്കുമ്പോള്‍!
ഫലസ്തീനില്‍ ചരിത്രം പ്രഹസനമായി ആര്‍ത്തിക്കുമ്പോള്‍!
കടങ്കഥപോലെയുള്ള ഒരു രാജ്യം. ഈ രാജ്യം ഉണ്ടെന്നും ഇല്ലെന്നും പറയാന്‍ കഴിയില്ല. ഒളിമ്പിക്‌സുള്‍പ്പെടെയുള്ള അന്താരാഷ്ട്ര കായികമത്സരങ്ങളിലുണ്ട്. പലരാജ്യങ്ങളിലും നയതന്ത്രകാര്യാലയങ്ങളുണ്ട്. യുഎന്നില്‍ നിരീക്ഷകപദവിയുണ്ട്. ഒരുപാട് രാജ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. എന്നിട്ടും അത് ഒരു രാജ്യമല്ല. അതിന് ഒരു പൂര്‍ണ്ണ സ്വാതന്ത്ര്യമോ, തലസ്ഥാനമോ, സൈന്യമോ, ഇല്ല. അതാണ് ഫലസ്തീന്‍. ഒരുപരിധിവരെ കടലാസില്‍ മാത്രം നിലനില്‍ക്കുന്ന രാജ്യം!
നിലവില്‍ വെസ്്റ്റ്ബാങ്കും ഗസ്സയും ചേര്‍ത്താണ് പൊതുവെ ഫലസ്തീന്‍ എന്നു പറയുക. ഇപ്പോള്‍ ഗസ്സയില്‍ അതിശക്തമായ ഇസ്രയേല്‍ ആക്രമണങ്ങള്‍ നടന്നുവരികയാണ്. അതിനിടയിലും ഫലസ്തീന് അനുകൂലമായി നീങ്ങുകയാണ് യുറോപ്പ്.
ഓസ്‌ട്രേലിയയും, കാനഡയും, പോര്‍ച്ചുഗലും, ബെല്‍ജിയവും എന്തിന് പൊളിറ്റിക്കല്‍ ഇസ്ലാമിനെതിരെ ശക്തമായ നടപടികള്‍ എടുക്കുന്ന ഫ്രാന്‍സ്പോലും, ഇപ്പോള്‍ ഫലസ്തീനെ അംഗീകരിച്ചിരിക്കയാണ്. ഏറ്റവും ഒടുവിലായി ബ്രിട്ടനും.
എന്നാല്‍ =ലസ്തീനുള്ള അംഗീകാരം ഫലത്തില്‍ ഹമാസിനുള്ള അംഗീകാരമാവുമെന്നും തങ്ങള്‍ ഒരിക്കലും ഇത് അംഗീകരിക്കില്ല എന്നുമാണ്, ഇസ്രയേല്‍ പറയുന്നത്. ഇവിയെയാണ് ജറുസലേം പോസ്റ്റ് അടക്കമുള്ള ഇസ്രയേല്‍ അനുകൂല മാധ്യമങ്ങള്‍ ചരിത്രം പ്രഹസനമായി ആവര്‍ത്തിക്കുന്നുവെന്ന് പറയുന്നത്. അറബ് ദേശീയതയല്ലാതെ ഫലസ്തീന്‍ ദേശീയത ഒരുകാലത്തും ഉണ്ടായിരുന്നില്ലെന്നും, വെസ്റ്റ് ബങ്കും ഗസ്സയും ചേര്‍ന്ന് ഇന്ന അറിയപ്പെടുന്ന ഫലസ്തീന്‍ ഇസ്രായേലിന്റെ സൃഷ്ടിയാണെന്നുമാണ് അവര്‍ പറയുന്നത്. ചരിത്രം പരിശോധിച്ചാല്‍ ആ വാദത്തിലും വസ്തുതയുണ്ടെന്ന് കാണാം.
ചരിത്രം ഉണ്ടാക്കിയ സമസ്യ
ഇന്ത്യ എന്ന ഐഡന്റിറ്റി ഉണ്ടാക്കിയത് ബ്രിട്ടീഷ് അധിനിവേശമാണ് എന്ന് പറയുന്നതുപോലെയാണ്, ചരിത്രത്തില്‍ ഫലസ്തീന്‍ എന്ന രാജ്യത്തെ രൂപപ്പെടുത്തിയെടുത്ത് ഇസ്രയേലാണ്. ലോകചരിത്രത്തില്‍ യഹുദരെപോലെ പീഡനങ്ങള്‍ ഏറ്റ വേറൊരു ജനതയില്ല. റോമാക്കാരുടെ കാലം തൊട്ട്് അവര്‍ കടുത്ത പീഡനത്തിന് ഇരയായി. എവിടെ മോഷണം ഉണ്ടായാല്‍പോലും നിരപരാധിയായ ജൂതനെ പിടിച്ചിട്ട് അടിക്കുക എന്നത് ഒരുകാലത്ത് യുറോപ്പില്‍ പതിവായിരുന്നു. ക്രിസ്തുവിന്റെ ഘാതകര്‍ എന്ന ഇല്ലാക്കഥയുടെ പേരില്‍ അവര്‍ ഒരുപാട് പീഡിപ്പിക്കപ്പെട്ടു. ലോകമെങ്ങും ചിതറിക്കിടന്ന ജൂതര്‍ക്ക് ഫലസ്തീനില്‍ രാഷ്ട്രമുണ്ടാക്കാന്‍ ബ്രിട്ടന്‍ ശ്രമം തുടങ്ങിയതോടെ അവിടെ അസ്വാരസ്യം തുടങ്ങി. 1917-ല്‍ ബാല്‍ഫര്‍ പ്രഖ്യാപനത്തിലൂടെ ഫലസ്തീനില്‍ ഇസ്രയേല്‍ രാഷ്ട്രം സ്ഥാപിക്കാന്‍ വഴിയൊരുക്കിയത് ബ്രിട്ടനാണ്. അന്ന് ബ്രിട്ടീഷ് മാന്‍ഡേറ്റിന് അകത്തായിരുന്നു ഈ പ്രദേശങ്ങള്‍.
ചരിത്രം നോക്കുകയാണെങ്കില്‍ ഫലസ്തീന്‍ സ്റ്റേറ്റ് ഹുഡ് എന്ന ആവശ്യം ഉണ്ടായിരുന്നില്ല. ഫലസ്തീന്‍ രാഷ്ട്ര വാദം ആയിരുന്നില്ല, മറിച്ച് അറബ് ദേശീയതയായിരുന്നു അല്‍-ഹുസൈനി അടക്കമുള്ളവര്‍ ഉയര്‍ത്തിയ വാദം. അതിനവര്‍ മതപരമായ കാരണങ്ങളാണ് പറഞ്ഞത്. ദാറുള്‍ ഇസ്ലാമായ ഭൂമിയില്‍, വഖഫ് ആയിരിക്കുന്ന ഭൂമിയില്‍, ജൂതന്റെ സാന്നിധ്യമോ ഭരണമോ അനുവദിക്കില്ല എന്നായിരുന്നു അവരുടെ നിലപാട്. ജനാധിപത്യവും, ലിബറല്‍ മൂല്യങ്ങളും, സെക്യുലറിസവും അനിസ്ലാമികമാണന്നും, അത് ദൈവത്തിന്റെ സ്വന്തം മണ്ണില്‍ അനുവദിക്കുകയില്ല എന്നും, വേണമെങ്കില്‍ ഔദാര്യത്തിന് രണ്ടാം നിര പൗരന്‍മ്മാരായി ദിമ്മികളായി ജസിയ കൊടുത്ത് യഹൂദര്‍ക്ക് കഴിയാമെന്നുമാണ് അന്നത്തെ അറബ നേതാക്കള്‍ പീല്‍ കമ്മീഷനു മുന്നില്‍ വ്യക്തമാക്കിയത്.
1920 കളിലും നാല്‍പതുകളിലും ഫലസ്തീനിലേക്ക് ജൂതന്‍മാരുടെ പ്രവാഹം തന്നെയുണ്ടായി. കൂട്ടക്കൊല ഭയന്ന് യൂറോപ്പില്‍ നിന്നും നിരവധിപേര്‍ ഇവിടെയെത്തി. അതിനും എത്രയോ മുമ്പുതന്നെ വിലകൊടുത്ത് ഭൂമി വാങ്ങി, ജറുസലേം നിലനില്‍ക്കുന്ന തങ്ങളുടെ വാഗ്ദത്ത ഭൂമിയിലേക്ക് എത്തിയിരുന്നു. ഹിറ്റ്ലറിന്റെ കൂട്ടക്കൊലയുടെ ഞെട്ടിക്കുന്ന കഥകള്‍കൂടി പുറത്തുവന്നതോടെ യഹൂദര്‍ക്ക് ഒരു രാജ്യം എന്നത് അംഗീകരിക്കപ്പെട്ടു. ഒരു ജനതയുടെ നാലിലൊന്ന് ഭാഗമാണ് രണ്ടാം ലോകമഹായുദ്ധത്തില്‍ തുടച്ചുനീക്കപ്പെട്ടത്. ആ പാപത്തിനുള്ള പരിഹാരംകൂടിയായിരുന്നു അവര്‍ക്കുള്ള രാജ്യം. അല്ലാതെ കേരളത്തിലടക്കം പ്രചരിപ്പിക്കപ്പെടുന്നതുപോലെ യഹൂദര്‍ അങ്ങോട്ട് കയറി എല്ലാവരെയും ആട്ടിയോടിച്ച അധിനിവേശം നടത്തുകയായിരുന്നില്ല.
1947 ഡിസംബര്‍ 10-ന് ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലി റസലൂഷന്‍- 181 പ്രമേയ പ്രകാരം അംഗീകരിച്ച കാര്യമാണ് ഈ ദ്വി രാഷ്ട്ര ഫോര്‍മുല എന്നത്. മത പരമായ കാരണത്താല്‍ ഒരിക്കലും ഒത്തുപോവില്ല എന്ന് കണ്ടതുകൊണ്ടുതന്നെയാണ് വിഭജനം വന്നത്. ( ഇന്ത്യാ- പാക്കിസ്ഥാന്‍ പ്രശ്നത്തിന്റെ അടിസ്ഥാന കാരണവും മറ്റെന്താണ് ) 1920ലെ ജോര്‍ദാന്‍ വിഭജനത്തിന് ശേഷം ഉള്ള ബാക്കി വരുന്ന 28% ഭൂമി 45% ഉം 55% ഉം എന്നിങ്ങനെ രണ്ടായി വിഭജിച്ച് രണ്ട് രാഷ്ട്രങ്ങളാക്കുക എന്നതായിരുന്നു അന്നത്തെ പ്രമേയത്തിന്റെ ഉള്ളടക്കം. നെഗാവു മരുഭൂമി അടക്കമുള്ള പുല്ലുപോലും മുളക്കാത്ത ഭാഗങ്ങളാണ് ഇസ്രയേലിന് കിട്ടിയ 45 ശതമാനത്തില്‍ ഉണ്ടായിരുന്നത്. എന്നിട്ടും അവര്‍ അത് അംഗീകരിച്ചു. ആ മുരുഭൂമിയെ കഠിനമായ അധ്വാനത്തിലുടെയാണ് ഇസ്രയേല്‍ മലര്‍വാടിയാക്കിയത്. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും സഹായത്തോടെ, നാലുപാടുകളും ശത്രുക്കളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ആ കുഞ്ഞന്‍ രാഷ്ട്രം ലോകത്തിന്റെ നെറുകയില്‍ എത്തി. ഫലസ്തീന്‍ എന്ന മറുഭാഗമോ? ഭീകരതയുടെ വിളനിലവുമായി.
്
ഇസ്രയേല്‍ സൃഷ്ടിച്ച ഫലസ്തീന്‍
പക്ഷേ 47-ലെ ദ്വിരാഷ്ട്ര തീരുമാനം അംഗീകരിക്കാന്‍ അറബ് രാജ്യങ്ങള്‍ തയ്യാറായില്ല എന്ന് മാത്രമല്ല. യു എന്‍ അസംബ്ലി പ്രമേയത്തോടെ നിലവില്‍ വന്ന ഇസ്രായേല്‍ എന്ന രാജ്യത്തെ പിറന്നുവീണ അന്ന് കൂട്ടമായി അക്രമിക്കുയാണ് അറബ് രാജ്യങ്ങള്‍ ചെയ്തത്. അന്ന് അത് അംഗീകരിച്ചിരുന്നെങ്കില്‍ ഫലസ്തീന്‍ മുസ്ലീങ്ങളുടെ കൈയില്‍ തന്നെ ഇരുന്നേനെ. പകരം അറബ് മണ്ണില്‍ യഹൂദനെ അനുവദിക്കില്ല എന്ന മതശാസനയുടെ ചുവടുപിടിച്ച്, ഒരു 'ബേബി കണ്‍ട്രിയെ' വളഞ്ഞിട്ട് ആക്രമിക്കയാണ് ചുറ്റുപാടുമുള്ള അയല്‍ക്കാര്‍ ചെയ്തത്. അന്ന് തോറ്റോടിപോവുന്ന പോക്കില്‍ ഈജിപ്ത് പിടിച്ചെടുത്തതാണ് ഗസ്സ. ജോര്‍ദാന്‍ വെസ്്റ്റ് ബാങ്കും പിടിച്ചെടുത്തു.
67-ലെ സിക്സ്ഡേ വാറിന്റെ സമയത്ത് രക്തം ചിന്തി ഈ പ്രദേശങ്ങള്‍ ഇസ്രയേല്‍ തിരിച്ചുപിടിച്ചു. പിന്നീട് സമാധാന സന്ധിയുടെ ഭാഗമായി അവര്‍് അത് തിരിച്ചുനല്‍കിയത്. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ന് നാം കാണുന്ന ഫലസ്തീന്‍ സൃഷ്ടിച്ചത് ഇസ്രയേല്‍ ആണ്! യാസിര്‍ അറഫാത്തിന്റെ പിഎല്‍ഒ രൂപീകരിച്ച വേളയില്‍ അവര്‍ പോലും ഫലസ്തീന്‍ വേണമെന്ന് ആവകാശപെട്ടിരുന്നില്ല. കാരണം അന്ന് ഗസ്സയും വെസ്റ്റ്്ബാങ്കും ഈജിപ്തിന്റെയും, ജോര്‍ദാന്റെയും കൈകളില്‍ ആയിരുന്നുവല്ലോ. 1964-ല്‍ രൂപീകരിച്ച പില്‍എഒയുടെ ഉദ്ദേശ്യവും ജോര്‍ദാന്‍ നദി മുതല്‍ കടല്‍ വരെയുള്ള പ്രദേശം യഹൂദ മുക്തമാക്കുക എന്നത് മാത്രമായിരുന്നു. ജോര്‍ദാന്‍ കൈയ്യില്‍ വച്ച വെസ്റ്റ് ബാങ്കിലും, ഈജിപ്ത് കൈയ്യില്‍ വച്ച ഗസയിലും യാതൊരു അവകാശ വാദവും 1964-ലെ പില്‍ഒ ചാര്‍ട്ടറില്‍ ഇല്ല. ഫലസ്തീന്‍ ദേശീയ വാദവും ഇല്ല.
1967-ലെ ആറ് ദിന യുദ്ധ പരാജയത്തോടെ, ഈജിപ്തില്‍ നിന്ന് ഗസ്സയും, ജോര്‍ദാനില്‍ നിന്ന് വെസ്റ്റ് ബാങ്കും, ഈജിപ്തിന്റെ സിനായി പെനുസുലയും, സിറിയയുടെ ഗൊലാന്‍ ഹൈറ്റ്സും ഉള്‍പ്പെടെ ഇസ്രായേലിന്റെ കൈവശമായി. 1979-ലെ കാമ്പ് ഡേവിഡ് കരാര്‍ പ്രകാരം മറ്റുഭാഗങ്ങള്‍ എല്ലാം വിട്ടു കൊടുത്ത ഇസ്രായേല്‍ ഗസ സ്ട്രിപ്പും, വെസ്റ്റ് ബാങ്കും കൈവശം വച്ചു. ഈ ഭൂവിഭാഗം ഇസ്രായേലിന്റെ കൈവശം ഇരുന്നപ്പോള്‍ ഉണ്ടായ ഒന്ന് മാത്രമാണ് ഫലസ്തീന്‍ സ്റ്റേറ്റ് ഹുഡ് എന്ന വാദം. അതോടെ പില്‍ഒ ചാര്‍ട്ടര്‍ തിരുത്തി ഫലസ്തീന്‍ സ്റ്റേറ്റ് വേണമെന്നും, അതില്‍ യഹൂദന്‍ ഉണ്ടാകരുത് എന്നും പ്രഖ്യാപിച്ചു. അതായത് പച്ചയായ മതം മാത്രമാണ് വിഷയം!
ലാന്‍ഡ് ഫോര്‍ പീസ്
ആറ് ദിവസം കൊണ്ട് പരാജയമടഞ്ഞ അറബ് രാജ്യങ്ങള്‍ മൂന്ന് നോ കള്‍ ഇസ്രായേലിനോട് പ്രഖ്യാപിച്ചു. ഇസ്രായേലിനോട് സമാധാനമോ, അംഗീകാരമോ, പരിഗണയോ ചര്‍ച്ചയോ ഇനി മേലില്‍ ഇല്ല എന്നതായിരുന്നു അവരുടെ പ്രഖ്യാപനം. പക്ഷേ ഇസ്രയേലിന്റെ നിലപാട് അതായിരുന്നില്ല. 'ലാന്‍ഡ് ഫോര്‍ പീസ്' എന്നയാതിരുന്നു അവരുടെ ലൈന്‍. തങ്ങളുമായി സമാധാന സന്ധി ഒപ്പിടുന്ന ഏത് രാജ്യത്തിനും അവര്‍ ഭൂമി തിരിച്ചുകൊടുത്തു. ഗോലന്‍ കുന്നുകള്‍ സറിയക്ക് തിരിച്ചുനല്‍കി. ഇന്ന് ഇസ്രായേലുമായി സന്ധിയൊപ്പിട്ട, സൗഹൃദ രാഷ്ട്രങ്ങളാണ് ജോര്‍ദാനും, ഈജിപ്തുമൊക്കെ. അവര്‍ ആരും തന്നെ ഹമാസിനെ അംഗീകരിക്കുന്നില്ല. അതിര്‍ത്തികള്‍ അടച്ച് ഒരു ഫലസ്തീനിയെപ്പോലും കയറ്റാതെ നോക്കുകയാണ് ഈജിപ്ത് അടക്കമുള്ള രാജ്യങ്ങള്‍ ചെയ്യുന്നത്.
1995- ലെ ഓസ്ലോ കരാര്‍ അനുസരിച്ച് ഇസ്രായേല്‍ ഫലസ്തീന്‍ പ്രദേശത്തെ അംഗീകരിച്ചു കൊണ്ട് ഒപ്പിട്ടു. നിലവിലെ വെസ്റ്റ് ബാങ്ക് എ,ബി.സി, എന്നിങ്ങനെ തിരിക്കാനും, പില്‍എഒയ്ക്ക് പൂര്‍ണ്ണ അധികാരം ഉള്ള എ ടെറിട്ടറിയും, പില്‍ഒയ്ക്ക് ഒപ്പം ഇസ്രായേലിന് സൈനിക അധികാരമുള്ള ബി ടെറിട്ടറിയും, ഇസ്രായേലിന് പൂര്‍ണ്ണ അധികാരമുള്ള സി ടെറിട്ടറിയുമായി ഇസ്രായേല്‍ ചര്‍ച്ചയില്‍ ധാരണയായി ഒപ്പുവച്ചു. അങ്ങനെ ഇസ്രേലികളുടെടെ ജീവനും, ചോരയും, പണവും ഉപയോഗിച്ച് പ്രതിരോധ യുദ്ധത്തില്‍ നേടിയ സ്ഥലങ്ങള്‍ സമാധാനത്തിന് വേണ്ടി ഇസ്രായേല്‍ വിട്ടു നല്‍കി.
ഗസ്സയിലെ അധികാരം ഇസ്രായേല്‍ തുടര്‍ന്നു. 2005-ല്‍ ഇസ്രായേല്‍ ഗസ്സയില്‍ നിന്ന് പിന്‍ വാങ്ങി. 2006-ല്‍ ഗസയില്‍ ഹമാസ് അധികാരത്തിലെത്തി. പിഎല്‍ഒ യുടെ ഫത്ത പാര്‍ട്ടിയും, ഹമാസും തമ്മില്‍ ഒരു വര്‍ഷത്തോളം ഗസ്സയില്‍ ആഭ്യന്തര യുദ്ധം അരങ്ങേറി. ആയിരക്കണക്കിന് ഫത്ത - ഫലസ്തീനികളെ ഹമാസ് കൂട്ടക്കശാപ്പ് നടത്തി് അധികാരം ഉറപ്പിച്ച ഹമാസ് ജൂതനെതിരെ ഇന്തിഫാദകള്‍ തുടര്‍ന്നു. യു എന്നിന്റെ സഹായങ്ങള്‍ കൊണ്ട് ഹമാസ് നേതാക്കള്‍ ബില്യണേഴ്സ് ആയി മാറി. ഫലസ്തീനികളുടെ ഉന്നമനത്തിനായി ലോകം നല്‍കിയ സിമന്റും കമ്പികളും ഭീകര ടണല്‍ മെട്രോകള്‍ ആയി മാറി. ആയുധങ്ങളും മിസൈലുകളും ഐക്യരാഷ്ട്ര സഭയുടെ വാഹനങ്ങളില്‍ ഗസ്സയില്‍ എത്തിച്ചു. ഫലസ്തീനികള്‍ക്ക് വെള്ളം നല്‍കാനുള്ള യൂറോപ്യന്‍ പദ്ധതി അട്ടിമറിച്ച് അതിന്റെ പൈപ്പുകള്‍ പോലും മിസൈലുകളാക്കി മാറ്റി. സ്‌കൂളുകള്‍ തീവ്രവാദ പഠന കേന്ദ്രങ്ങളായി. ആധുനിക വിദ്യാഭ്യാസത്തിന് പകരം പലസ്തീന്‍ കുട്ടികളില്‍ ജൂത വിരോധം പഠിപ്പിച്ചു. അങ്ങനെ, സിങ്കപ്പൂര്‍ ആയി മാറേണ്ട ഗസ്സ തീവ്രവാദ കേന്ദ്രമായി മാറി.
പലസ്തീനികളുടെ സഹായ ട്രക്കുകള്‍ വരെ കൊള്ളയടിച്ച് കരിംചന്തയില്‍ വിറ്റ് തീവ്രവാദം വളര്‍ത്തി. എന്തായിരിക്കും ഒരു ഫലസ്തീന്‍ സ്റ്റേറ്റ് എന്നത് അവര്‍ ലോകത്തിന് കാണിച്ചു തന്നു.അങ്ങനെ ഒരു ഫലസ്തീന്‍ രാജ്യത്തിനായാണ് ഇന്നും ലോകത്ത് മുറവിളി ഉയരുന്നത് എന്ന് പ്രത്യേകം ഓര്‍ക്കണം. എന്നിട്ടും ഇസ്രയേല്‍ സമാധനത്തിനായി രംഗത്തുവന്നു. ലോക പ്രശസ്തമായ അബ്രഹാം കരാര്‍ അടക്കം ഉണ്ടായി. സൗദി അടക്കമുള്ള രാജ്യങ്ങളുമായി ഇസ്രയേല്‍ സൗഹൃദം ഉണ്ടാക്കിയതോടെ, ഹമാസിന് അത് താങ്ങാന്‍ കഴിയാതെയായി. അതിനായിരുന്നു 2023 ഒക്ടോബര്‍ 7-ന് ഇസ്രായേലിലേക്കുള്ള നരനായാട്ട്്. അതോടെ ഇസായേലും കടുത്ത ആക്രമണം തുടങ്ങി. ഇപ്പോള്‍ തന്നെ ഇതാണ് അവസഥയെങ്കില്‍ ഒരു ഫലസ്തീന്‍ രാജ്യം വന്നാല്‍ എന്താവും അവസ്ഥയെന്നാണ് ഇസ്രയേല്‍ ചോദിക്കുന്നത്. അതിന് വ്യക്തമായ മറുപടി നല്‍കാതെയാണ് യൂറോപ്പ് ഫലസ്തീനെ അംഗീകരിക്കുന്നത്.
അംഗീകരിച്ച് യൂറോപ്പ്
ഇപ്പോള്‍ ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങള്‍ ഫലസ്തീനെ അംഗീകരിച്ചിരിക്കയാണ്. കാനഡയ്ക്കും, ഓസ്ട്രേലിയയ്ക്കും, ബെല്‍ജിയത്തിനും. ഫാന്‍സിനും, പിന്നാലെ യു.കെയും ഫലസ്തീനെ അംഗീകരിക്കുന്നത്.ദ്വിരാഷ്ട്ര പരിഹാരത്തിന്റെ സാധ്യത നിലനിര്‍ത്താന്‍ ഈ നീക്കം ആവശ്യമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പറയുന്നത്. ഇത് കൂടാതെ ഭീകര സംഘടനയായ ഹമാസ് ഒരു ഫലസ്തീന്‍ സര്‍ക്കാരിലും ഒരു പങ്കും വഹിക്കില്ലെന്നും കീര്‍ സ്റ്റാര്‍മര്‍ തറപ്പിച്ചു പറഞ്ഞിരുന്നു. എന്നാല്‍ ഈ തീരുമാനത്തിലൂടെ ബ്രിട്ടന്‍, വഞ്ചിച്ചുവെന്നാണ് ഇസ്രയേല്‍ പറയുന്നത്.
രണ്ട് രാഷ്ട്രങ്ങള്‍ക്കിടയില്‍ 1967 ല്‍ ഉണ്ടായിരുന്ന അതിര്‍ത്തി അടിസ്ഥാനമാക്കി വേണം ഭാവിയില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കേണ്ടതെന്നും പരിഷ്‌കരിച്ച ഒരു പലസ്തീന്‍ അഥോറിറ്റി ഇതിനായി മുന്‍കൈ എടുക്കണമെന്നും ബ്രിട്ടന്‍ നിഷ്‌കര്‍ഷിക്കുന്നു. ഫലസ്തീന് ഒരു രാജ്യമായി തുടരാന്‍ നിയമപരമായ അവകാശമുണ്ടെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കി. ഇതോടെ, ബ്രിട്ടന്റെ ഫോറിന്‍, കോമണ്‍വെല്‍ത്ത് ആന്‍ഡ് ഡെവലപ്‌മെന്റോഫീസിന്റെ വെബ്‌സൈറ്റിലുള്ള ഭൂപടവും പരിഷ്‌കരിച്ചിട്ടുണ്ട്. പുതിയ ഭൂപടത്തില്‍, വെസ്റ്റ് ബാങ്ക്, ഗസ്സ എന്നീ പ്രദേശങ്ങളെ പലസ്തീന്‍ എന്നാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ഈ പ്രദേശങ്ങളെ അധിനിവേശ ഫലസ്തീന്‍ എന്നായിരുന്നു പരാമര്‍ശിച്ചിരുന്നത്. മദ്ധ്യപൂര്‍വേഷ്യയില്‍ ബ്രിട്ടന്‍ കൈക്കൊള്ളുന്ന ഒരു സുപ്രധാന നിലപാടായിട്ടാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ ഇതിനെ കാണുന്നത്.
പക്ഷേ ബ്രിട്ടനിലും ഈ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. ലേബര്‍ എംപിമാരെയും വോട്ടര്‍മാരെയും പ്രീതിപ്പെടുത്താനാണ് ഈ നീക്കം എന്നാണ് ടോറികള്‍ അവകാശപ്പെട്ടത്. 'സര്‍വ്വനാശകരമായ ഒരു നടപടി' എന്നാണ് കണ്‍സര്‍വേറ്റീവ് നേതാവ് കെമി ബെയ്ഡ്‌നോക്ക് സ്റ്റാര്‍മറുടെ തീരുമാനത്തെ വിശേഷിപ്പിച്ചത്. ഹാമാസിന് മുന്‍പില്‍ നിബന്ധനകള്‍ ഒന്നും വയ്ക്കാതെ, തികച്ചും ഏകപക്ഷീയമായ ഈ തീരുമാനം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കലാണെന്നും അവര്‍ പറഞ്ഞു. ഇത് ഹമാസ് തീവ്രവാദികള്‍ക്കുള്ള ഒരു പുരസ്‌കാരം മാത്രമാണെന്നും, ഇതുകൊണ്ട് സമാധാനം കൊണ്ടുവരാന്‍ കഴിയില്ലെന്നുമായിരുന്നു റിഫോം യു കെ പാര്‍ട്ടി നേതാവ് നെയ്ജല്‍ ഫരാജിന്റെ പ്രതികരണം. ഒക്ടോബര്‍ 7 ലെ ആക്രമണത്തിനുശേഷം രണ്ട് വര്‍ഷമായി ഗാസയില്‍ തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഈ നീക്കം സഹായിക്കില്ലെന്ന് ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി ഡേവിഡ് ലാമിയും സമ്മതിച്ചു.
ഫലസ്തീന്‍ രാജ്യത്തെ അംഗീകരിക്കുന്ന ആദ്യത്തെ ജി7 രാജ്യമായി കാനഡ മാറിയിരുന്നു. തൊട്ടുപിന്നാലെ ഓസ്ട്രേലിയയും ഫലസ്തീന്‍ രാജ്യത്തെ അംഗീകരിച്ചു. ഇവര്‍ക്കെല്ലാം മുമ്പ് പലസ്തീനെ അംഗീകരിക്കുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും അറിയിച്ചിരുന്നു. യുഎന്‍ പൊതുസഭയിലെ 193 അംഗരാജ്യങ്ങളില്‍ 147 എണ്ണം പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കുന്നുണ്ട്. പൊതുസഭയിലെ എത്രരാജ്യങ്ങള്‍ പലസ്തിന്റെ രാഷ്ട്രപദവിയെ അംഗീകരിച്ചിട്ടും കാര്യമില്ല. അന്തിമഅംഗീകാരം യുഎന്നിന്റെ ഏറ്റവും ശക്തമായ രക്ഷാസമിതിയുടെ തീരുമാനത്തെ ആശ്രയിച്ചാണിരിക്കുന്നത്. അഞ്ചു സ്ഥിരാംഗങ്ങളില്‍ ചൈനയും റഷ്യയും ഫലസ്തീന്‍ രാഷ്ട്രത്തെ മുന്‍പേ അം ഗീകരിച്ചിട്ടുണ്ട്. ബ്രിട്ടനും ഫ്രാന്‍സുംകൂടി അംഗീകരിക്കുന്നതോടെ ഫലസ്തീനെ അംഗീകരിക്കാത്ത ഏക സ്ഥിരാംഗം യുഎസ് മാത്രമാകും. പക്ഷേ അതുമതി. ഒറ്റ രാജ്യം എതിര്‍ത്താല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ തീരുമാനം അസാധുവാവും. അതാണ് വീറ്റോ പവര്‍ എന്ന് പറയുന്നത്. അമേരിക്കയാണ് ഐക്യരാഷ്ട്ര സഭയിലെ ഇസ്രയേലിന്റെ രക്ഷയെന്ന് ചുരുക്കം.
ഹമാസിന് കിട്ടിയ കച്ചിത്തുരുമ്പ്
യൂറോപ്യന്‍ രാജ്യങ്ങള്‍ ഫലസ്തീനെ അംഗീകരിച്ചത് ഫലത്തില്‍ ഹമാസിന് കിട്ടിയ കച്ചിത്തുരുമ്പുകൂടിയാണ്. ഇപ്പോള്‍ ഇസ്രയേലിന്റെ കനത്ത ആക്രമണത്തിലും, ആഗോളവ്യാപകമായി ഫണ്ട് വരവ് നിലക്കുകയും ചെയ്ത് പ്രതിസന്ധിയിലായ ഹമാസിന് പിടിച്ചുനില്‍ക്കാനുള്ള കച്ചിത്തുരുമ്പായി ഈ അംഗീകാരം മാറിയിരിക്കയാണെന്നാണ്, ഇസ്രയേല്‍ മാധ്യമങ്ങള്‍ പറയുന്നത്. ബ്രിട്ടന്റെ അടക്കം തീരുമാനം തങ്ങളുടെ വിജയമാണ് എന്ന അവകാശവാദവുമായി ഹമാസ് നേതൃത്വം രംഗത്തുവന്നിട്ടുണ്ട്. നമ്മുടെ ലക്ഷ്യത്തിന്റെയും നീതിയുടെയും വിജയം എന്നാണ് ഹമാസ് വിശേഷിപ്പിച്ചത്. എന്നാല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത് 'നിങ്ങള്‍ ഭീകരതയ്ക്ക് ഒരു വലിയ സമ്മാനം നല്‍കുകയാണ്ന്‍ എന്നാണ്. നിങ്ങള്‍ക്കായി എനിക്ക് മറ്റൊരു സന്ദേശം കൂടി നല്‍കാനുണ്ട് അത് ഫലസ്തീന്‍ രാഷ്ട്രം യാഥാര്‍്ത്ഥ്യമാകാന്‍ പോകുന്നില്ല എന്നതാണ് എന്നും നെതന്യാഹു വ്യക്തമാക്കി.
ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറ് ഭാഗത്ത് ഒരു ഫലസ്തീന്‍ രാഷ്ട്രം ഉണ്ടാകില്ലെന്നും അദ്ദേഹം തറപ്പിച്ച് പറഞ്ഞു. ഫലസ്തീന്‍ രാഷ്ട്രമുണ്ടാക്കണമെന്ന് പറയുന്നത് തീവ്രവാദത്തിന് പ്രോത്സാഹനം നല്‍കുന്നത് പോലെയാണെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീനെന്ന രാഷ്ട്രം ഉണ്ടാകുന്നത് താന്‍ വര്‍ഷങ്ങളായി തടയുകയായിരുന്നു. ഫലസ്തീന്‍ രാഷ്ട്രത്തിന് വേണ്ടി അന്താരാഷ്ട്രതലത്തിലും ആഭ്യന്തരതലത്തിലും വലിയ സമ്മര്‍ദം താന്‍ നേരിട്ടിട്ടുണ്ടെന്നും നെതന്യാഹു പറഞ്ഞു. സമ്മര്‍ദങ്ങള്‍ക്കിടയിലും ജൂതകുടിയേറ്റം വ്യാപിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതുതന്നെ വരും വര്‍ഷങ്ങളിലും തുടരുമെന്നും നെതന്യാഹു പറഞ്ഞു.
കിഴക്കന്‍ ജറുസലേമിനടുത്തേക്ക് അധിനിവേശം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇസ്രയേല്‍. ഗസ്സയെ പിടിച്ചെടുക്കാനുള്ള ശ്രമത്തിലും. ഈ സാഹചര്യത്തില്‍ ഫലസ്തീന്‍രാഷ്ട്രമെന്ന സങ്കല്പംതന്നെ തകരുന്ന സ്ഥിതിയാണ്. ആര്് എന്തുപറഞ്ഞാലും തങ്ങളുടെ പൗരന്‍മ്മാരുടെ സുരക്ഷ മാത്രമാണ് ഇസ്രയേല്‍ നോക്കുന്നത്. ഈ ലോകം മുഴുവന്‍ എതിര്‍ത്താലും ഇസ്രയേല്‍ പോരടിച്ചുകൊണ്ടിരിക്കും. കാരണം അവര്‍ തോല്‍ക്കുന്ന യുദ്ധം അവരുടെ അവസാന യുദ്ധമാണ്. 47-ല്‍ ദ്വി രാഷ്ട്രാവാദം അംഗീകരിക്കാതെ യുദ്ധത്തിന് വന്നവര്‍ ഇപ്പോള്‍, കറങ്ങിത്തിരിഞ്ഞ് വീണ്ടും അവിടെ എത്തിയിരിക്കയാണ്. ചരിത്രത്തിന്റെ പ്രഹസനം എന്നല്ലാതെ എന്തുപറയാന്‍.
വാല്‍ക്കഷ്ണം: ഗസ്സയെ ഒരു തുറഞ്ഞ ജയില്‍ എന്നാണ് കേരളത്തിലെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കാറുള്ളത്. പക്ഷേ ഈ തുറന്ന ജയിലില്‍വെച്ചാണ് ഡല്‍ഹി മെട്രോയേക്കാള്‍ വലിയ ഒരു തുരങ്കം അവര്‍ സൃഷ്ടിച്ചത്. റോക്കറ്റുകളും ബോംബുകളും മിസൈലുകളും ഉണ്ടാക്കിയത്. ഇസ്രയേലിലേക്ക് കയറി 1200 പേരെ കൊല്ലുകയും 250 പേരെ ബന്ദിയാക്കുകയും ചെയ്യുന്നത്. ഇനി അവിടെ ഒരു സ്വതന്ത്രരാജ്യംകൂടി വന്നാലുള്ള അവസ്ഥ എന്താവുമെന്ന് നെതന്യാഹുവിന്റെ ചോദ്യത്തില്‍ കഴമ്പില്ലേ?