'ഒരു കൈയില്‍ തോക്കും മറുകൈയില്‍ ഖുറാനുമായാണ് അയാള്‍ വന്നത്'! 1979-ലെ ഇറാന്‍ വിപ്ലവത്തിന്റെ അവസാന ഘട്ടത്തില്‍ ആയത്തുള്ള റൂഹുള്ള ഖുമേനി എന്ന ആ മതപുരോഹിതന്‍ നാട്ടിലെത്തുമ്പോള്‍, ന്യൂയോര്‍ക്ക് ടൈസ് കൊടുത്ത തലക്കെട്ട് പില്‍ക്കാലത്ത് അറം പറ്റി. ഷാ പഹല്‍വിയുടെ രാജഭരണം അവസാനിപ്പിക്കാനായി ജനാധിപത്യത്തിന്റെ വെളിച്ചം വാഗ്ദാനം ചെയ്ത എത്തിയ ആ മത നേതാവിനെ, സോഷ്യലിസ്റ്റും സാമ്രാജ്യത്വ വിരുദ്ധ പേരാളിയുമായിട്ടാണ് അന്നത്തെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ കണ്ടത്. കുറ്റം പറയാന്‍ പറ്റില്ല, ആ രീതിയിലായിരുന്നു മധുരം പൊതിഞ്ഞ അയാളുടെ പ്രഭാഷണങ്ങള്‍. പക്ഷേ അയാള്‍ ആരാണെന്ന് ഇറാന്‍ പിന്നീടാണ് അറിഞ്ഞത്. അധികാരം കൈയില്‍ കിട്ടിയതോടെ ആദ്യം ഖുമേനിയെടുത്ത തലകള്‍, രാജഭരണത്തിനെതിരെ ഒപ്പം പൊരുതിയ കമ്യൂണിസ്റ്റുകാരുടെതായിരുന്നു!




പിന്നീട് അങ്ങോട്ട് ലോകത്തിലെ ഷിയാ കാര്‍ക്കശ്യത്തിന്റെ അവസാന വാക്കായി ഖുമേനി. സല്‍മാന്‍ റുഷ്ദിക്കെതിരെ തൊട്ട് എത്രയെത്ര വിവാദ ഫത്വകള്‍.



1989-ല്‍ മരിക്കുമ്പോഴും ഇറാന്റെ പരമോന്നത നേതാവായിരുന്നു ഖുമേനി. തുടര്‍ന്ന് അധികാരത്തിലേറിയത് അദ്ദേഹത്തിന്റെ അരുമശിഷ്യനായ ആയത്തുള്ള അലി ഖമേനിയായിരുന്നു. ഖുമേനി സ്വപ്നം കണ്ടതിനേക്കാള്‍ എത്രയോ അപ്പുറത്തേക്ക് ഖമേനി ഇറാനിലെ ഇസ്ലാമിക ഭരണത്തെകൊണ്ടുപോയി. ഒരു മുടിയിഴ പുറത്തുകാണാതെപോലും തന്റെ രാജ്യത്തെ സ്ത്രീകളെ ഹിജാബിനുള്ളില്‍ കയറ്റിയ അയാള്‍, ആണവായുധമുണ്ടാക്കി അവസാനത്തെ യഹൂദനെയും ഇല്ലാതാക്കാനുള്ള ശ്രമത്തിലായിരുന്നു. അതിനിടെയാണ്, അമേരിക്കന്‍ സഹായത്തോടെ ഇസ്രയേല്‍ നടത്തിയ മിന്നലാക്രമണത്തില്‍ ഖമേനി കൊല്ലപ്പെടുന്നത്.



അതിനുശേഷം ഇറാന്റെ പരമോന്നത നേതാവായി അധികാരത്തിലേറിയത്, അന്ന് ബോംബാക്രമണത്തില്‍ അമ്മയെയും, ഭാര്യയെയും, മകനെയും, സഹോദരിയെയും അടക്കം നാല് ബന്ധുക്കളെ നഷ്ടമായ മൊജ്തബ ഖമേനി ആയിരുന്നു.

ആയത്തുള്ള അലി ഖമനേയിയുടെ മകന്റെ ഈ സ്ഥാനാനാരോഹണം, ഇറാന്റെ ഷിയ കാര്‍ക്കശ്യ മതനേതൃത്വത്തിലും ഭിന്നതകള്‍ സൃഷ്ടിച്ചിരിക്കയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് പോലുള്ള മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ആയത്തുള്ള ബിരുദമില്ലാത്ത ഡ്യൂപ്പിക്കേറ്റാണ് മൊജ്തബ ഖമേനിയെന്നും, പിതാവിന് ശേഷം പുത്രന്‍ അധികാരത്തിലേറാന്‍ ഇവിടെ രാജഭരണമാണോ എന്നും ഷിയാ നേതൃത്വത്തിലെ ഒരു വിഭാഗം പരസ്യമായി ചോദിക്കുന്നു. ഇതിന് നേതൃത്വം കൊടുക്കുന്നതാവട്ടെ, ഇറാന്‍ വിപ്ലവത്തിന്റെ ആചാര്യനായ സാക്ഷാല്‍, ആയത്തുള്ള റൂഹുള്ള ഖുമേനിയുടെ കുടുംബാംഗങ്ങളുമാണ്! ഖുമേനി- ഖമേനി കുടുംബപോര് ഇറാന്‍ സൈന്യത്തെ വരെ ബാധിക്കുമോ എന്നതാണ് ചോദ്യം.

ഡ്യൂപ്പിക്കേറ്റ് ആയത്തുള്ള!

ഇറാന്റെ പരമോന്നത നേതാക്കളായ ഖുമേനിയുടെയും, ഖമേനിയുടെയും മുന്നിലായി, ആയത്തുള്ള എന്ന വാക്ക്് കാണാം. ഇത് ഒരു കുടുംബപേരോ, ഗോത്രനാമമോ ഒന്നുമല്ല. പരമോന്നത നേതാവാകാന്‍ ആവശ്യമായ ആയത്തുള്ള എന്ന പദവി ഒരു ഔദ്യോഗിക ബിരുദം പോലെയല്ല, മറിച്ച് മതപരമായ പഠനത്തിലൂടെയും അംഗീകാരത്തിലൂടെയും നേടിയെടുക്കുന്ന ഒന്നാണ്. ഷിയാ ഇസ്ലാമിലെ പണ്ഡിത ശ്രേണിയില്‍ ഉയര്‍ന്ന സ്ഥാനമാണിത്.

ദീര്‍ഘകാല പഠനത്തിലുടെയാണ് ഇത് നേടിയെടുക്കുന്നത്. ഇറാനിലെ ഖ്വാം അല്ലെങ്കില്‍ ഇറാഖിലെ നജാഫ് പോലുള്ള പ്രശസ്തമായ ഇസ്ലാമിക് സെമിനാരികളില്‍ ദശകങ്ങള്‍ നീണ്ട പഠനം നടത്തണം. പ്രാഥമിക പഠനങ്ങള്‍ക്ക് ശേഷം 'ദര്‍സ്-ഇ-ഖാരിജ്' എന്ന ഉയര്‍ന്ന തലത്തിലുള്ള ക്ലാസുകളില്‍ പങ്കെടുക്കണം. ഇവിടെ പാഠപുസ്തകങ്ങള്‍ക്ക് അപ്പുറം നിയമസംഹിതകളെ സ്വതന്ത്രമായി വിശകലനം ചെയ്യാനുള്ള പരിശീലനമാണ് ലഭിക്കുന്നത്. ഇസ്ലാമിക നിയമപ്രമാണങ്ങളെ ആധാരമാക്കി പുതിയ പ്രശ്നങ്ങളില്‍ സ്വതന്ത്രമായ വിധിതീര്‍പ്പുകള്‍ നടത്താനുള്ള കഴിവ് തെളിയിക്കണം. ഈ കഴിവ് നേടിയ പണ്ഡിതനെ മുജ്തഹിദ് എന്ന് വിളിക്കുന്നു.

ഒരു വ്യക്തി മുജ്തഹിദ് ആയിക്കഴിഞ്ഞാല്‍, നിലവിലുള്ള മുതിര്‍ന്ന ആയത്തുള്ളമാര്‍ അദ്ദേഹത്തിന്റെ അറിവിനെ അംഗീകരിക്കുകയും സര്‍ട്ടിഫിക്കറ്റ് നല്‍കുകയും വേണം. ജനങ്ങള്‍ക്കിടയിലും സഹപണ്ഡിതര്‍ക്കിടയിലും ലഭിക്കുന്ന ബഹുമാനവും അംഗീകാരവുമാണ് ഒരാളെ ആയത്തുള്ള എന്ന പദവിയിലേക്ക് എത്തിക്കുന്നത്. എന്നാല്‍ നമ്മുടെ മൊജ്തബ ഖമേനിക്ക് ഈ അയത്തുള്ള പദവിയില്ല. മൊജ്തബ നിലവില്‍ ഹുജ്ജത്തുല്‍ ഇസ്ലാം എന്ന പദവിയിലാണ് അറിയപ്പെടുന്നത്. ഇത് ആയത്തുള്ളയ്ക്ക് തൊട്ടുതാഴെയുള്ള സ്ഥാനമാണ്. അദ്ദേഹം വര്‍ഷങ്ങളായി ഖ്വാമില്‍ ക്ലാസുകള്‍ എടുക്കുന്നുണ്ടെങ്കിലും, ഒരു പൂര്‍ണ്ണമായ ആയത്തുള്ള ആയി പല മുതിര്‍ന്ന പണ്ഡിതരും അദ്ദേഹത്തെ അംഗീകരിച്ചിട്ടില്ല. എന്നിരുന്നാലും, രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിച്ച് ഇറാാനിലെ അസംബ്ലി ഓഫ് എക്സ്പെര്‍ട്സ് ഇത്തരം നിബന്ധനകളില്‍ ഇളവ് വരുത്താറുണ്ട്. ആ ഇളവില്‍, ചുളുവിലാണ് മൊജ്തബ ആയത്തുള്ളയായത്.




2022-ല്‍ തന്നെ ഇറാാനിലെ പ്രമുഖ സെമിനാരികള്‍ മൊജ്തബയെ 'ആയത്തുള്ള' എന്ന് അഭിസംബോധന ചെയ്യാന്‍ തുടങ്ങിയിരുന്നു. ഇറാന്റെ ഭരണഘടനയനുസരിച്ച് പരമോന്നത നേതാവാകാന്‍ വലിയ പണ്ഡിതന്‍ ആയിരിക്കണം എന്ന നിബന്ധനയുണ്ട്. എന്നാല്‍ 1989-ല്‍ അലി ഖമേനി അധികാരമേറ്റപ്പോള്‍ ഈ നിബന്ധനയില്‍ ഇളവ് വരുത്തിയിരുന്നു. സമാനമായ രീതിയില്‍, മൊജ്തബയുടെ കാര്യത്തിലും രാഷ്ട്രീയമായ പ്രാധാന്യം കണക്കിലെടുത്ത് അസംബ്ലി ഓഫ് എക്സ്പെര്‍ട്സ് അദ്ദേഹത്തിന്റെ മതപരമായ യോഗ്യത അംഗീകരിച്ചു നല്‍കുകയായിരുന്നു. പക്ഷേ, ഇറാനിലെ പരമ്പരാഗത പണ്ഡിതന്മാര്‍ക്കിടയില്‍ ഇതിനെതിരെ ഇപ്പോഴും ഭിന്നതകളുണ്ട്. ആയാള്‍ ഡ്യൂപ്പിക്കേറ്റ് ആയത്തുള്ളയാണെന്ന് എതിര്‍ക്കുന്നവര്‍ ധാരാളമാണ്.

ഒരു രാജവാഴ്ചയ്ക്ക് സമാനമായ രീതിയില്‍ മകനെ പിതാവിന്റെ പിന്‍ഗാമിയായി നിയമിച്ചത് ഇറാനിലെ ചില വിഭാഗങ്ങള്‍ക്കിടയില്‍ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

വീണ്ടും രാജഭരണമോ?

ഒരു വിഭാഗം ഷിയാനേതാക്കള്‍, മൊജ്തബയുടെ നിയമനത്തെ ശക്തമായി എതിര്‍ക്കുന്നുണ്ട്. 1979-ലെ ഇസ്ലാമിക വിപ്ലവം പഹ്ലവി രാജവംശത്തിന്റെ പാരമ്പര്യ ഭരണത്തെ അവസാനിപ്പിക്കാനാണ് നടന്നതെന്ന് ഇവര്‍ വാദിക്കുന്നു. ഖമേനിയുടെ മകന്‍ തന്നെ അധികാരമേല്‍ക്കുന്നത് വിപ്ലവത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇത് രാജവാഴ്ച തിരികെ കൊണ്ടുവരുന്നതിന് തുല്യമാണെന്നും ഇവര്‍ ആരോപിക്കുന്നു. മുന്‍ സുരക്ഷാ സമിതി തലവന്‍ അലി ലാരിജാനി നയിക്കുന്ന വിഭാഗം, ഉടനടി ഒരു പിന്‍ഗാമിയെ നിശ്ചയിക്കുന്നതിന് പകരം ഇടക്കാല കൗണ്‍സിലിന് അധികാരം നല്‍കാനാണ് താല്‍പ്പര്യപ്പെട്ടത്.




ഷിയാ ഇസ്ലാമിലെ പണ്ഡിത ശ്രേണിയില്‍ മൊജ്തബയ്ക്ക് മതിയായ യോഗ്യതയില്ലെന്ന് ചില മുതിര്‍ന്ന പണ്ഡിതര്‍ കരുതുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ആയത്തുള്ള പദവി നല്‍കുന്നത് മതപരമായ മാനദണ്ഡങ്ങളുടെ ലംഘനമാണെന്നാണ് ഇവരുടെ പക്ഷം. ഭരണകൂടം പാരമ്പര്യമായി കൈമാറുന്നത് മതപരമായ കീഴ്വഴക്കങ്ങള്‍ക്ക് നിരക്കാത്തതാണെന്ന് ഇവര്‍ വിശ്വസിക്കുന്നു. 2009ലെയും 2022-ലെയും പ്രതിഷേധങ്ങളില്‍ ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയായിട്ടാണ് സാധാരണക്കാരായ പല ഇറാനികളും മൊജ്തബയെ കാണുന്നത്. അദ്ദേഹത്തിന്റെ നിയമനത്തിനെതിരെ ടെഹ്‌റാന്‍ യൂണിവേഴ്സിറ്റി ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ വിദ്യാര്‍ത്ഥികളും സ്ത്രീകളും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. 'മൊജ്തബ, നീ അധികാരം കാണുന്നതിന് മുന്‍പേ മരിക്കട്ടെ' എന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന മുദ്രാവാക്യം.

1969 സെപ്റ്റംബര്‍ 8-ന് ഇറാനിലെ മഷാദിലാണ് മൊജ്തബ ജനിച്ചത്. ആയത്തുള്ള അലി ഖമേനിയുടെ ആറ് മക്കളില്‍ രണ്ടാമത്തെ മകനാണ് ഇദ്ദേഹം. ടെഹ്‌റാനിലെ അലവി സ്‌കൂളിലായിരുന്നു, വിദ്യാഭ്യാസം. തുടര്‍ന്ന് ഖ്വാമിലെ സെമിനാരിയില്‍ ഇസ്ലാമിക് തിയോളജി പഠിച്ചു.1980-കളില്‍ നടന്ന ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്.ഇറാന്റെ ശക്തമായ സൈനിക വിഭാഗമായ റവല്യൂഷണറി ഗാര്‍ഡ്‌സുമായി മൊജ്തബയ്ക്ക് അടുത്ത ബന്ധമാണുള്ളത്. പിതാവിന്റെ ഭരണകാലത്ത് തിരശ്ശീലയ്ക്ക് പിന്നില്‍ നിന്ന് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്ന ഒരു 'ഗേറ്റ് കീപ്പര്‍' ആയിട്ടാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഇതും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. ഉപജാപങ്ങളിലൂടെ വളര്‍ന്നുവന്ന ഒരു വ്യക്തിയെയാണോ പരമോന്നത നേതാവാക്കിയത് എന്ന ചോദ്യവും ശക്തമാണ്.

ഖുമേനി കുടുംബത്തിനും രക്ഷയില്ല

ഇസ്ലാമിക വിപ്ലവത്തിന്റെ നേതാവ് ആയത്തുള്ള അലി ഖുമേനിയുടെ പിന്‍ഗാമികള്‍ പോലും മൊജ്തബയുടെ നിയമനത്തെ, പരോക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. അധികാരം കുടുംബപരമായി കൈമാറുന്നത് ഖുമേനി, ഒരിക്കലും അനുവദിച്ചിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ പേരക്കുട്ടി അലി ഖുമേനി സമൂഹമാധ്യമങ്ങളിലൂടെ ഓര്‍മ്മിപ്പിച്ചു. ഇറാനിലെ ഇസ്ലാമിക വിപ്ലവത്തിന്റെ അടിസ്ഥാന ശിലയിട്ട, രാജ്യത്തെ ആദ്യ പരമോന്നത നേതാവായ ആയത്തുള്ള ഖുമേനിയുടെ മകന്‍ അഹമ്മദ് ഖുമേനിയുടെ മക്കളില്‍ ഒരാളാണ് അലി ഖുമേനി. അദ്ദേഹം നിലവില്‍ ഇറാഖിലെ ഷിയാ പുണ്യനഗരമായ നജാഫില്‍ ആണ് താമസിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹം ഇറാന്‍ വിട്ട് നജാഫിലേക്ക് താമസം മാറ്റിയിരിക്കുകയാണ്. ഇവിടുത്തെ പ്രശസ്തമായ ഇസ്ലാമിക് സെമിനാരിയില്‍തന്റെ മതപഠനവും അധ്യാപനവും തുടരുകയാണ്. പിതാവിന്റെയും പിതാമഹന്റെയും വഴിയെ ഒരു മതപണ്ഡിതനായി അദ്ദേഹം അറിയപ്പെടുന്നു.


അലി ഖുമേനി പൊതുവെ ഇറാന്റെ നിലവിലെ ഭരണകൂടവുമായി വലിയ ഏറ്റുമുട്ടലുകള്‍ക്ക് നില്‍ക്കാത്ത വ്യക്തിയായാണ് കരുതപ്പെടുന്നത്. അതേസമയം, അദ്ദേഹത്തിന്റെ സഹോദരന്‍ ഹസന്‍ ഖുമേനി ടെഹ്‌റാനില്‍ ഖുമേനി, സ്മാരകത്തിന്റെ മേല്‍നോട്ടം വഹിക്കുകയും 'പരിഷ്‌കരണവാദികളുമായി' ചേര്‍ന്ന് നില്‍ക്കുകയും ചെയ്യുന്നു. ഇറാനില്‍ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയ-മത വ്യക്തിത്വങ്ങളില്‍ ഒരാളാണ് സയ്യിദ് ഹസന്‍ ഖുമേനി. ഇസ്ലാമിക വിപ്ലവ നേതാവ് ആയത്തുള്ള ഖുമേനിയുടെ പേരക്കുട്ടി എന്ന നിലയില്‍ അദ്ദേഹത്തിന് വലിയ ജനസ്വാധീനമുണ്ട്.

.മുന്‍ പ്രസിഡന്റുമാരായ മുഹമ്മദ് ഖാതമി, ഹസന്‍ റൂഹാനി എന്നിവരുമായി അദ്ദേഹം ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016-ല്‍ 'അസംബ്ലി ഓഫ് എക്സ്പെര്‍ട്സ്' തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഹസന്‍ ശ്രമിച്ചുവെങ്കിലും ഭരണകൂടം അദ്ദേഹത്തിന്റെ യോഗ്യത നിരാകരിച്ചു. ഖമേനിയുടെ നേതൃത്വത്തിലുള്ള തീവ്രനിലപാടുകാര്‍ക്ക് ഹസന്‍ന്റെ പരിഷ്‌കരണവാദ ചിന്താഗതിയോടുള്ള എതിര്‍പ്പാണ് ഇതിന് പിന്നിലെന്ന് പറയപ്പെടുന്നു. മൊജ്തബ അധികാരമേറ്റപ്പോള്‍ ഹസന്‍ ചടങ്ങ് ബഹിഷ്‌കരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അധികാരം കുടുംബപരമായി കൈമാറുന്നത് ഇസ്ലാമിക വിപ്ലവത്തിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അദ്ദേഹം തുറന്നടിച്ചിരുന്നു. യുവാക്കള്‍ക്കും മിതവാദികള്‍ക്കും ഇടയില്‍ അദ്ദേഹത്തിന് വലിയ സ്വീകാര്യതയുണ്ട്. ഭരണകൂടത്തിന്റെ കര്‍ക്കശമായ നിയന്ത്രണങ്ങളെ അദ്ദേഹം പലപ്പോഴും വിമര്‍ശിക്കാറുണ്ട്.



ആയത്തുള്ള ഖുമേനിയുടെ യഥാര്‍ത്ഥ പിന്‍ഗാമികള്‍ ഹസന്‍ ഖുമേനിയെപ്പോലുള്ളവരാണെന്നാണ് അവരെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ഹസന്‍ ഖുമേനിയെ മുന്‍നിര്‍ത്തി ഇറാനിലെ മിതവാദികളും പരിഷ്‌കരണവാദികളും ഒന്നിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും ഭരണപരമായ തീരുമാനങ്ങളിലും വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. ഭരണകൂടത്തിനുള്ളില്‍ തന്നെ മൊജ്തബയെ അനുകൂലിക്കുന്നവരും ഹസന്‍ ഖൊമേനിയുടെ ആശയങ്ങളെ പിന്തുണയ്ക്കുന്നവരും എന്നിങ്ങനെ രണ്ട് ചേരികള്‍ രൂപപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സൈന്യത്തിനുള്ളിലും ഇന്റലിജന്‍സ് വിഭാഗങ്ങളിലും ഈ ഭിന്നത പ്രകടമാണ്. ഖുമേനി കുടുംബത്തില്‍ നിന്നുള്ളവര്‍ തന്നെ ഭരണകൂടത്തെ വിമര്‍ശിക്കുന്നത് തെരുവിലിറങ്ങുന്ന പ്രതിഷേധക്കാര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നു. 'യഥാര്‍ത്ഥ വിപ്ലവകാരികള്‍ മൊജ്തബയ്ക്കൊപ്പമല്ല' എന്ന സന്ദേശം യുവാക്കള്‍ക്കിടയില്‍ പടരാന്‍ ഇത് കാരണമായി. നിലവില്‍, ഹസന്‍ നയിക്കുന്ന ഈ വിഭാഗം മൊജ്തബയുടെ അധികാരം പരിമിതപ്പെടുത്താന്‍ അന്താരാഷ്ട്ര തലത്തിലും സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇതോടെ ഖുമേനി കുടുംബത്തിനുനേരെയും ഖമേനിയുടെ ചാരക്കണ്ണുകള്‍ നീളുകയാണ്.

ഹസന്‍ ഖുമേനിയുടെ അനുയായികള്‍ക്കെതിരെയും കടുത്ത നടപടിയുണ്ടായിട്ടുണ്ട്. ഹസനോട് ആഭിമുഖ്യം പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, സിവില്‍ സൊസൈറ്റി അംഗങ്ങള്‍ എന്നിവരെ 'വിദേശ ഏജന്റുകള്‍' എന്ന് മുദ്രകുത്തി തടവിലാക്കുകയോ വീട്ടുതടങ്കലിലാക്കുകയോ ചെയ്യുന്നു. ഹസന്‍ ഖുമേനിയുടെ തന്നെ പൊതുപരിപാടികള്‍ക്ക് പലപ്പോഴും രഹസ്യമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താറുണ്ട്. ഇന്റലിജന്‍സ് നിരീക്ഷണവും ശക്തമാണ്. റവല്യൂഷണറി ഗാര്‍ഡ്‌സിന്റെ ഇന്റലിജന്‍സ് വിഭാഗം സൈന്യത്തിനുള്ളിലെ തന്നെ വിള്ളലുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു. ഹസനുമായോ മറ്റ് മിതവാദികളുമായോ ബന്ധം പുലര്‍ത്തുന്ന ഉദ്യോഗസ്ഥരെ പ്രധാന പദവികളില്‍ നിന്ന് നീക്കം ചെയ്യുകയാണ് ഇവരുടെ രീതി. മൊജ്തബ ഖമേനിയെ ഒരു ധീരനായ നേതാവായും, വിദേശ ശക്തികള്‍ക്കെതിരെ ഇറാന്റെ പരമാധികാരം സംരക്ഷിക്കാന്‍ കെല്‍പ്പുള്ള ഒരേയൊരു വ്യക്തിയായും ചിത്രീകരിക്കുന്ന വലിയ പ്രചാരണ പരിപാടികള്‍ റവല്യൂഷണറി ഗാര്‍ഡ്‌സസ് നടത്തുന്നു. ഇതിനായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളെ പൂര്‍ണ്ണമായും ഉപയോഗിക്കുന്നു. വന്നുവന്ന് ഖുമേനിയുടെ കുടുംബത്തിനും രക്ഷയില്ലാത്ത അവസ്ഥ വരുന്നു!


മൊജ്തബയുടെ കരുത്ത് സൈന്യത്തില്‍

പക്ഷേ, ഇതൊന്നും തന്നെ മൊജ്തബ ഖമേനിക്ക് പ്രായോഗികമായി പ്രശ്നമല്ല. അദ്ദേഹത്തിന് അധികാരം നിലനിര്‍ത്താന്‍ കരുത്ത് നല്‍കുന്നത് ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് എന്ന ഐ ആര്‍ജിസിയാണ്. മറ്റുരാജ്യങ്ങളില്‍നിന്നും തീര്‍ത്തു വ്യത്യസ്തമാണ് ഇറാന്റെ സൈനിക സംവിധാനം. ഇവിടെ രണ്ട് സമാന്തര സൈന്യങ്ങള്‍ ഒരേസമയം പ്രവര്‍ത്തിക്കുന്നത്. ഒന്ന് ഔദ്യോഗിക സൈന്യമായ അര്‍ട്ടേഷ്, മറ്റൊന്ന് ഇസ്ലാമിക വിപ്ലവ സംരക്ഷണ സേനയായ ഐഎസ്ആര്‍ജിസി.

ഇത് കേവലം ഒരു സൈന്യമല്ല, മറിച്ച് ഇറാന്റെ ഇസ്ലാമിക ഭരണവ്യവസ്ഥയെയും വിപ്ലവത്തെയും സംരക്ഷിക്കാന്‍ രൂപീകരിച്ച പ്രത്യേക സേനയാണ്. രാജ്യത്തിന്റെ ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷ ഉറപ്പാക്കുക, ഭരണകൂടത്തിനെതിരായ അട്ടിമറികള്‍ തടയുക എന്നിവയൊക്കെയാണ് വിപ്ലവസേനയുടെ ചുമതല. വിദേശ രാജ്യങ്ങളില്‍ ഇറാന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന 'ഖുദ്‌സ് ഫോഴ്‌സ്' ഇതിന്റെ ഭാഗമാണ്. രാഷ്ട്രീയത്തിലും സമ്പദ്വ്യവസ്ഥയിലും ഇവര്‍ക്ക് വലിയ സ്വാധീനമുണ്ട്. ഇറാന്റെ മിസൈല്‍ പ്രോഗ്രാമും ആണവ രഹസ്യങ്ങളും ഇവരുടെ നിയന്ത്രണത്തിലാണ്.

ഇറാനിലെ പരമ്പരാഗതമായ ദേശീയ സൈന്യമായ ആര്‍ട്ടേഷ് ഫലത്തില്‍ രണ്ടാം കിടയാണ്. രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുക, വിദേശ ആക്രമണങ്ങളെ പ്രതിരോധിക്കുക എന്നതാണ് ഇവരുടെ പ്രാഥമിക ധര്‍മ്മം. രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ഇവര്‍ക്ക് അനുവാദമില്ല. കരസേന, വ്യോമസേന, നാവികസേന എന്നിങ്ങനെ മൂന്ന് വിഭാഗങ്ങള്‍ ഇവര്‍ക്കുണ്ട്. അര്‍ട്ടേഷില്‍, ഏകദേശം 3,50,000 - 4,00,000 പേര്‍ ഉള്ളപ്പോള്‍, ഐ.ആര്‍.ജി.സിയില്‍ ഏകദേശം 1,90,000 - 2,50,000 പേരുണ്ട്. പക്ഷേ, ഐ.ആര്‍.ജി.സിക്ക് കീഴിലുള്ള ബസീജ് എന്നറിയപ്പെടുന്ന സന്നദ്ധ സേനയില്‍ ലക്ഷക്കണക്കിന് ആളുകള്‍ അംഗങ്ങളായുണ്ട്. യുദ്ധസമയത്തോ അടിയന്തര സാഹചര്യത്തിലോ ഇവരെയും സൈന്യത്തിന്റെ ഭാഗമായി ഉപയോഗിക്കാറുണ്ട്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ പിന്തുണ ആരാര്‍ക്കാണോ അയാള്‍ക്കാണ് ഇറാനെ നിയന്ത്രിക്കാന്‍ കഴിയുക. ഇവിടെയാണ് മൊജ്തബ ഖമേനിയുടെ കരുത്ത്. ഐ.ആര്‍.ജി.സി അയാള്‍ക്ക് പിന്നില്‍ അടിയുറച്ച് നില്‍ക്കയാണ്.




പ്രതിഷേധങ്ങളെയും ആഭ്യന്തര വെല്ലുവിളികളെയും ഐആര്‍ജിസിയെക്കൊണ്ട് അടിച്ചമര്‍ത്തിക്കുകയാണ് ഇറാന്‍ നേതാക്കളുടെ രീതി. മൊജ്തബയുടെ അധികാരലബ്ധിക്കെതിരെ തെരുവിലിറങ്ങുന്ന പ്രതിഷേധക്കാരെ അമര്‍ച്ച ചെയ്യാന്‍ ഐആര്‍ജിസി അവരുടെ സന്നദ്ധ സേനാ വിഭാഗമായ ബസീജ് മിലിഷ്യയെ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്. പ്രധാന നഗരങ്ങളില്‍ സായുധ പട്രോളിംഗും സിസിടിവി നിരീക്ഷണവും കര്‍ശനമാക്കിയിട്ടുണ്ടെന്ന് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഇരു സൈന്യങ്ങളും ഏറ്റുമുട്ടുമോ?

ലോകത്തിലെ ഏറ്റവും വിചിത്രമായ ഒരു അവസ്ഥ നിലനില്‍ക്കുന്ന രാജ്യമാണ് ഇറാന്‍. അവിടെ പ്രസിഡന്റിനേക്കാള്‍ പവര്‍, പരമോന്നത നേതാവ് എന്ന മതനേതൃത്വത്തിനാണ്. അതുപോലെ രണ്ടു സേനകളും ഉണ്ട്. അതില്‍ റവല്യൂഷണറി ഗാര്‍ഡ്‌സ് എപ്പോഴും പരമോന്നത നേതാവിന്റെ കൈപ്പിടിയിലാണ്്. ഇറാന്റെ സമ്പദ്വ്യവസ്ഥയുടെ വലിയൊരു ഭാഗം റവല്യൂഷണറി ഗാര്‍ഡ്‌സിന്റെ നിയന്ത്രണത്തിലാണ്. മൊജ്തബയെ പിന്തുണയ്ക്കുന്നവര്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കിയും, എതിര്‍ക്കുന്നവരില്‍ സമ്മര്‍ദ്ദം ചെലുത്തിയും അവര്‍ വശത്താക്കുന്നുണ്ട്. എന്നിട്ടും ഇറാനിലെ മതനേതൃത്വത്തിനുള്ളില്‍ അഭിപ്രായ ഭിന്നത പുകയുന്നുണ്ട്. ഈ വളരുന്ന അസംതൃപ്തി ഒരു വലിയ ആഭ്യന്തര യുദ്ധത്തിലേക്ക് മാറാന്‍ സാധ്യതയുണ്ടോ എന്ന് നിരീക്ഷിക്കുകയാണ് അമേരിക്കയും ഇസ്രയേലും.

ആര്‍ട്ടേഷും, ഐ.ആര്‍.ജി.സി.യും തമ്മിലുള്ള ഗുരതരമായ ഭിന്നിപ്പിന്റെ വാര്‍ത്തകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. ഇറാന്റെ പ്രതിരോധ ബജറ്റിന്റെ സിംഹഭാഗവും ലഭിക്കുന്നത് ഐ.ആര്‍.ജി.സി.ക്കാണ്. അത്യാധുനിക മിസൈലുകള്‍, ഡ്രോണുകള്‍, മികച്ച സാങ്കേതിക വിദ്യകള്‍ എന്നിവയെല്ലാം ഐ.ആര്‍.ജി.സി.ക്ക് നല്‍കുമ്പോള്‍, അര്‍ട്ടേഷിന് പലപ്പോഴും പഴയകാല ആയുധങ്ങള്‍ ഉപയോഗിക്കേണ്ടി വരുന്നു. ഈ വിവേചനം അര്‍ട്ടേഷ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വലിയ അതൃപ്തി ഉണ്ടാക്കാറുണ്ട്. ഐ.ആര്‍.ജി.സി.ക്ക് രാഷ്ട്രീയത്തിലും സാമ്പത്തിക മേഖലയിലും വലിയ സ്വാധീനമുണ്ട്. എന്നാല്‍ അര്‍ട്ടേഷ് തികച്ചും പ്രൊഫഷണലായ സൈന്യമായി നിലകൊള്ളാന്‍ ആഗ്രഹിക്കുന്നു. ഭരണകൂടം തങ്ങളേക്കാള്‍ കൂടുതല്‍ വിശ്വാസം ഐ.ആര്‍.ജി.സി.യില്‍ അര്‍പ്പിക്കുന്നത് അര്‍ട്ടേഷിനെ പ്രകോപിപ്പിക്കാറുണ്ട്.

ഖമേനി വധത്തിന് ശേഷം ഇരുസേനകളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരിക്കയാണെന്നാണ്, ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖമേനിയുടെ സുരക്ഷാ ചുമതല ഐ.ആര്‍.ജി.സി.ക്കായിരുന്നു. ഇത്രയും വലിയൊരു വീഴ്ച സംഭവിച്ചത് അവരുടെ പരാജയമാണെന്ന് അര്‍ട്ടേഷ് വിഭാഗം ആരോപിക്കുന്നു. ഖമനേയിയുടെ വധത്തിന് ശേഷം മൊജ്തബ അധികാരം ഏറ്റെടുത്തപ്പോള്‍, അര്‍ട്ടേഷിലെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിസ്സംഗത പാലിച്ചത് ശ്രദ്ധേയമായിരുന്നു. ഐ.ആര്‍.ജി.സി.യുടെ ഏകപക്ഷീയമായ തീരുമാനങ്ങളെ അര്‍ട്ടേഷ് പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നില്ല എന്നതിന്റെ സൂചനയാണിതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് എഴുതുന്നത്. ഈ രണ്ട് സേനകളും തമ്മിലുള്ള ഐക്യമില്ലായ്മ ഇറാന്റെ ആഭ്യന്തര സുരക്ഷയെ ബാധിക്കുമെന്ന് പല നിരീക്ഷകരും കരുതുന്നു.




മൊജ്തബ ഖമേനിയെ സംബന്ധിച്ചിടത്തോളം അര്‍ട്ടേഷിനെ കൂടെ നിര്‍ത്തുക എന്നത് വലിയൊരു വെല്ലുവിളിയാണ്. അര്‍ട്ടേഷ് എപ്പോഴും തങ്ങളെ 'ഭരണകൂടത്തിന്റെ സൈന്യമല്ല, രാജ്യത്തിന്റെ സൈന്യമാണ്' എന്ന് വിശേഷിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നു. 1979-ലെ വിപ്ലവകാലത്ത് ജനങ്ങള്‍ക്കെതിരെ വെടിയുതിര്‍ക്കാന്‍ വിസമ്മതിച്ച ചരിത്രം അര്‍ട്ടേഷിനുണ്ട്. ഇതെല്ലാം വെച്ചുനോക്കുമ്പോള്‍, വലിയ തോതിലുള്ള ജനകീയ പ്രതിഷേധങ്ങള്‍ ഉണ്ടായാല്‍ അര്‍ട്ടേഷ് പ്രതിഷേധക്കാര്‍ക്കൊപ്പം നില്‍ക്കുമോ എന്ന് ഭരണകൂടം ഭയപ്പെടുന്നുണ്ട്. ഇറാനിലെ പ്രതിഷേധക്കാര്‍ പലപ്പോഴും 'അര്‍ട്ടേഷ്, ഞങ്ങളെ സംരക്ഷിക്കൂ' എന്ന മുദ്രാവാക്യം വിളിക്കാറുണ്ട്. ഐ.ആര്‍.ജി.സി.യുടെ അടിച്ചമര്‍ത്തലുകളില്‍ നിന്ന് തങ്ങളെ രക്ഷിക്കാന്‍ അര്‍ട്ടേഷ് ഇടപെടുമെന്ന് അവര്‍ പ്രത്യാശിക്കുന്നു. അര്‍ട്ടേഷിലെ ഇടത്തരം റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രതിഷേധക്കാരോട് അനുകമ്പയുള്ളവരുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അര്‍ട്ടേഷിനെ വരുതിയിലാക്കാന്‍ മൊജ്തബ തന്നോട് കൂറുള്ള യുവ ഉദ്യോഗസ്ഥരെ അര്‍ട്ടേഷിന്റെ പ്രധാന പദവികളില്‍ നിയമിക്കുന്നുണ്ട്. കാലങ്ങളായി അര്‍ട്ടേഷിനുള്ള പരാതി പരിഹരിക്കാന്‍ അവര്‍ക്ക് കൂടുതല്‍ ഫണ്ടും ആധുനിക ആയുധങ്ങളും വാഗ്ദാനം ചെയ്തുകഴിഞ്ഞു.

മൊജ്തബയുടെ അധികാരം ചോദ്യം ചെയ്യപ്പെട്ടാല്‍, ഐ.ആര്‍.ജി.സി. പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അര്‍ട്ടേഷ് നിഷ്പക്ഷത പാലിക്കുകയോ അല്ലെങ്കില്‍ ജനങ്ങളെ സംരക്ഷിക്കാന്‍ മുന്നോട്ട് വരികയോ ചെയ്താല്‍ അത് വലിയൊരു രാഷ്ട്രീയ മാറ്റത്തിന് വഴിവെക്കും. ഐ.ആര്‍.ജി.സി.യും അര്‍ട്ടേഷും തമ്മില്‍ നേരിട്ടുള്ള ഒരു ഏറ്റുമുട്ടല്‍ ഉണ്ടായാല്‍ അത് ഇറാന്റെ പതനത്തിന് കാരണമാകുമെന്ന് ഉറപ്പാണ്. അതുപോലെ ഇറാന്‍ ഫണ്ട് ചെയ്യുന്ന കുറേയെറെ പ്രോക്സി സേനകള്‍ ഉണ്ട്. ലബനിലെ ഹിസ്ബുള്ള, യമനിലെ ഹൂത്തികള്‍ തുടങ്ങിയവര്‍ റവല്യൂഷണറി ഗാര്‍ഡ്‌സിനോടും പരമോന്നത നേതാവിനോടുമാണ് വിധേയത്വം കാട്ടാറുള്ളത്.

വാല്‍ക്കഷ്ണം: ഖുമേനിയേക്കാള്‍ വലിയ തീവ്രവാദിയായിരുന്നു, തുടര്‍ന്ന് അധികാരത്തിലേറിയ ഖമേനി. കൊല്ലപ്പെട്ട പിതാവിനേക്കാള്‍ കടുത്ത നിലപാടുകാരനാണ് മൊജ്തബ എന്ന മകന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഓരോ തലമുറ കഴിയുന്നതിന് അനുസരിച്ച് മതവിഷവും തീവ്രവാദത്തിന്റെ ഡോസും കുറയുകയാണ് സാധാരണ ചെയ്യാറുള്ളത്. എന്നാല്‍ ഇറാനില്‍ അത് നേരെ തിരിച്ചാണ്!