''ഒരു കൈയില്‍ തോക്കും മറുകൈയില്‍ ഒലിവ് ഇലയുമായാണ് ഞാന്‍ വന്നിരിക്കുന്നത്'' എന്ന യാസര്‍ അറാഫത്തിന്റെ പഴയ പ്രഖ്യാപനം ഓര്‍മ്മിക്കുന്ന രീതിയില്‍, ശരിക്കും തോക്കുമായി ആയിരുന്നു, ആ നേതാവ് കഴിഞ്ഞ ദിവസം തന്റെ ജനതയെ അഭിസംബോധന ചെയ്തത്. ലോകമെമ്പാടുമുള്ള ഇസ്ലാമിസ്റ്റുകള്‍ക്ക് ഈ 85 വയസുള്ള വയോധികന്‍ ഹീറോയാവുമ്പോള്‍, അമേരിക്കയും ഇസ്രയേലുമടക്കമുള്ളവരുടെ കാഴ്ചപ്പാടില്‍ അയാള്‍ ഒസാമ ബിന്‍ലാദനേക്കാളും, അബൂബക്കര്‍ അല്‍ ബാഗ്ദാദിയെക്കാളും വലിയ ഭീകരനാണ്. ഇറാന്റെ പരമോന്നത നേതാവ് കൂടിയായ ആയത്തുല്ല അലി ഖാംനെയി എന്ന ഷിയാ പുരോഹിതനാണ്, ഇന്ന് ആഗോള തീവ്രവാദത്തിന് വെള്ളവും വളവും കൊടുക്കുന്നുവെന്ന് പാശ്ചാത്യശക്തികള്‍ ആരോപിക്കുന്നവരില്‍ പ്രമുഖന്‍. ( അദ്ദേഹത്തിന്റെ പേരിന്റെ ഉച്ചാരണവും ലോക മാധ്യമങ്ങള്‍ തന്നെ പല രീതിയിലാണ് കൊടുക്കുന്നത്. ചിലര്‍ ആയത്തുല്ല അലി ഖാംനഈ എന്നോ ഖാംനെയി എന്നോ എഴുതുമ്പോള്‍, ചിലര്‍ ഖമേനി, ഖമനേയി എന്നും എഴുതുന്നത് കാണാം.)

ഇസ്രയേലിന്റെ ആക്രണണം ഭയന്ന് ഒളിവില്‍പ്പോയി എന്ന കഥകളൊക്കെ പ്രചരിക്കുമ്പോള്‍ തന്നെയാണ്, കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ആദ്യമായി ഖാംനെയി പരസ്യമായി വെള്ളിയാഴ്ച പ്രസംഗത്തില്‍ പ്രത്യക്ഷപ്പെട്ടത്. അപൂര്‍വ പ്രഭാഷണത്തിനായി 1979-ലെ ഇസ്ലാമിക വിപ്ലവത്തില്‍ നിര്‍ണായക പങ്കുവഹിച്ച ചരിത്രപ്രസിദ്ധമായ ഇമാം ഖമീനി മസ്ജിദാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ആയിരക്കണക്കിന് ഇറാനികളെ അഭിസംബോധന ചെയ്യുമ്പോള്‍ അദ്ദേഹം റഷ്യന്‍ നിര്‍മ്മിത റൈഫിള്‍ കൈയില്‍ പിടിച്ചിരുന്നു!

ഹമാസിന്റെയും, ഹിസ്ബുള്ളയുടെയും, നേതാക്കളെ ഒന്നിന് പറികെ ഒന്നായി ഇസ്രയേല്‍ കൊന്നൊടുക്കുകയും, ഇറാനിലെ ജനങ്ങളോട് ഭരണമാറ്റത്തിനായി ഇസ്രയേല്‍ പ്രസിഡന്റ് ബഞ്ചമിനന്‍ നെതന്യാഹു നേരിട്ട് ആഹ്വാനം ചെയ്യുകയും, ഇറാന്‍ യഹൂദരാഷ്ട്രത്തിലേക്ക് മിസൈല്‍ അയക്കുകയും ചെയ്തിന്റെ പശ്ചാത്തലത്തില്‍ തന്റെ രാജ്യത്തിന്റെയും സേനയുടെ മനോവീര്യം ഉയര്‍ത്തുക എന്നത് ലക്ഷ്യമിട്ട് തന്നെയാണ് ഖാംനെയി വെള്ളിയാഴ്ച പ്രസംഗത്തിന് എത്തിയത്. തീ പാറുന്ന വാക്കുകളിലൂടെ തന്റെ കുടെ നില്‍ക്കുന്നവര്‍ക്ക് ഊര്‍ജം പകരാന്‍ അദ്ദേഹത്തിനായി. ഇതോടുകൂടി ആഗോള മുസ്ലീങ്ങളുടെ നേതൃത്വം സൗദി അറേബ്യയില്‍നിന്ന് ഇറാനിലെത്തുകയാണ്. സുന്നികളില്‍നിന്ന് ഷിയാക്കളില്‍ എത്തുകയാണ്.

ഇസ്രയേലിന് എതിരെ പരസ്യമായ യുദ്ധ ആഹ്വാനമായി മാറി ഖാംനെയിയുടെ പ്രസംഗം. ഇതോടെ ഇസ്രായേലിന്റെ ഹിറ്റ് ലിസ്റ്റില്‍ നമ്പര്‍ വണ്‍ ടാര്‍ജറ്റ് ആയി ഈ പേരും വന്നുചേര്‍ന്നിരിക്കയാണ്. ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയയയെയും ,ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രുളളക്കും വന്ന അതേ ഗതിയാണോ ഖാംനയിയെയും കാത്തിരിക്കുന്നത്? പക്ഷേ മരണത്തെ പേടിക്കുന്നവനല്ല ഖാംനയി. രക്തസാക്ഷികള്‍ക്കുള്ള സ്വര്‍ഗം എന്ന മതപ്രചോദിത കഥകളിലാണ്, അയാളുടെ ജീവിതം നിലനില്‍ക്കുന്നതുതന്നെ. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ചോരയും മരണങ്ങളും കണ്ടുതന്നെയാണ് അയാള്‍ വളര്‍ന്നുവന്നിരിക്കുന്നത്.

യുഎസ് പേപ്പട്ടി, ഇസ്രയേല്‍ രക്തരക്ഷസ്

വെള്ളിയാഴ്ച പ്രസംഗത്തില്‍ ഉടനീളം ഖാംനെയി അമേരിക്കകക്കും, ഇസ്രയേലിനുമെതിരെ ആഞ്ഞടിക്കയായിരുന്നു. അമേരിക്ക പേപ്പട്ടിയെന്നും ഇസ്രയേല്‍ രക്തരക്ഷസെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇറാന്‍ ഇസ്രയേലിനെതിരെ നടത്തിയ മിസൈലാക്രമണം പരിമിതമാണെന്നും, ശത്രുവിന്റെ ലക്ഷ്യം മുസ്ലിം രാജ്യങ്ങള്‍ തിരിച്ചറിയണമെന്നും പറഞ്ഞ ഖാംനെയി, മുസ്ലിം രാജ്യങ്ങളോട് ഒന്നിച്ച് നില്‍ക്കാനും ആവശ്യപ്പെട്ടു. ''ഇസ്രയേലിനോടുള്ള ചെറുത്തുനില്‍പ്പില്‍നിന്ന് പിന്നോട്ടില്ല. നമ്മുടെ അചഞ്ചലമായ വിശ്വാസം ശക്തിപ്പെടുത്തിക്കൊണ്ട് ശത്രുവിനെതിരെ നാം നിലകൊള്ളണം. ഇസ്രയേല്‍ ദീര്‍ഘകാലം നിലനില്‍ക്കില്ല'' -ഖാംനെയി മുന്നറിയിപ്പ് നല്‍കി.




ഹമാസിനെയും ഹിസ്ബുള്ളയെയും തോല്‍പ്പിക്കാന്‍ ഇസ്രയേലിന് സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രയേലിനെതിരേയുള്ള ഇറാന്റെ നീക്കം ഉടനെയുണ്ടാകില്ല. അതേസമയം ഇത് നീട്ടിവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കൃത്യമായ സമയത്ത് നടപടിയുണ്ടാകുമെന്നും ഇറാന്റെ പരമോന്നത നേതാവ് പറഞ്ഞു. ഇസ്രയേലിനെതിരേ 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണം നീതികരിക്കാവുന്നതാണ്. അത് ശരിയായിരുന്നു. ഹമാസും ഹിസ്ബുള്ളയുമായി ചേര്‍ന്ന് ഇറാന്‍ പൊതുശത്രുവിനെ നശിപ്പിക്കും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ നോട്ടപ്പുള്ളിയായതുകൊണ്ടുതന്നെ അപൂര്‍വമായാണ് ഖാംനെയി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുള്ളത്. ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരമായി ഇറാഖിലെ യുഎസ് സൈനിക കേന്ദ്രം ആക്രമിച്ചതിന് പിന്നാലെ 2020 ജനുവരിയിലാണ് അദ്ദേഹം ഇതിന് മുന്‍പ് ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7 -ന് ഹമാസ് ഇസ്രയേലിലേക്ക് നടത്തിയ ആക്രമണത്തില്‍ 1200 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മധ്യേഷ്യയിലാകെ സംഘര്‍ഷം ഉടലെടുത്തിരുന്നു. ഈ സംഭവത്തിന് ഒരു വര്‍ഷം തികയാന്‍ മൂന്ന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് ഇറാന്റെ പരമോന്നത നേതാവിന്റെ പരാമര്‍ശങ്ങള്‍. ആക്രമണത്തിന് ഒരു വര്‍ഷം തികക്കുന്ന വേളയില്‍, ഖാംനെയിയെതന്നെ ഇല്ലായ്മ ചെയതുകൊണ്ട് ഒരു പകവീട്ടില്‍ പ്രഖ്യാപനം നടത്താന്‍ ഇസ്രയേല്‍ ആലോചിക്കുന്നുണ്ട് എന്ന് വിവരം പുറത്തുവരുന്നുണ്ട്. പക്ഷേ നല്ല പ്രായത്തില്‍ മരണത്തെ ഭയക്കാത്ത ഈ 85കാരന്‍ ഇപ്പോഴാണോ പേടിക്കുക!

ശരിക്കും പൊളിറ്റിക്കല്‍ ഇസ്ലാം ആഗ്രഹിക്കുന്ന രീതിയിലുള്ള ഒരു വളര്‍ച്ചയാണ് ഖാംനെയിയുടെതേ്. ഒരു സാധാരണ മൗലവിയായി തുടങ്ങിയ അദ്ദേഹം, തോക്കെടുത്ത് ശത്രുവിനെതിരെ നേരിട്ട് പോരാടിയ യോദ്ധാവ് കൂടിയാണ്. പടിപടിയായി വളര്‍ന്ന് അയാള്‍ ഇറാന്റെ പ്രസിഡന്‍ന്റും, പിന്നീട് പരമോന്നത നേതാവുമായി. ഇറാനെ സംബന്ധിച്ച് പരമോന്നത നേതാവിനോണ് പ്രസിഡന്റിനേക്കാള്‍ വലിയ സ്ഥാനം.

പത്താംക്ലാസും ഗുസ്തിയുമായി വന്ന് മതരാഷ്ട്രീയത്തില്‍ ഭാഗ്യം പരീക്ഷിച്ച ആളല്ല, ഖാംെനയി. അദ്ദേഹം, ബഹുഭാഷാ വിദഗ്ദ്ധനും ഗ്രന്ഥകാരനുമാണ്. പേര്‍ഷ്യന്‍, ഇംഗ്ലീഷ്, അറബിക്ക്, ടര്‍ക്കിഷ്, ആദരി തുടങ്ങിയ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യും. ഇന്ത്യന്‍ കവിയായ അല്ലാമാ ഇഖ്ബാലിനെക്കുറിച്ചുള്ള 'ഇഖ്ബാല്‍: ഇസ്ലാമിക നവോത്ഥാനത്തിന്റെ കവിയും തത്ത്വചിന്തകനും' അടക്കം ഒട്ടേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. കേരളത്തിലെ മതമൗലികവാദികള്‍ താലിബാനെ വിസ്മയം എന്ന് വിശേഷിപ്പിക്കുന്നത് കടമെടുക്കയാണെങ്കില്‍ ശരിക്കും വിസ്മയം തന്നെയാണ് ഖാംനെയിയുടെ ജീവിതവും!

ഖുമേനിയുടെ അരുമ ശിഷ്യന്‍

1939 ഏപ്രില്‍ 19 ന് ഇറാനിലെ മശ്ഹദ് പട്ടണത്തിലാണ് ഖാംെനയിയുടെ ജനനം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതുപ്രകരം അദ്ദേഹത്തിന് ഇപ്പോള്‍ 85 വയസ്സായി. ഒരു ശരാശരി ടോക്സിക്ക് സൈബര്‍ മല്ലുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'കുഴിയിലേക്ക് കാലം നീട്ടിയിരിക്കുന്ന പ്രായത്തിലാണ്' ഈ കിഴവന്‍ ലോകത്തെ വിറപ്പിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബവേരുകള്‍ അസര്‍ബൈജാനിലേക്ക് നീളുന്നു. പിതാവ് അസര്‍ബൈജാനി വംശജനായിരുന്നു, അമ്മ പേര്‍ഷ്യനും. എട്ട് മക്കളില്‍ രണ്ടാമനാണ് ഖാംനെയി. അദ്ദേഹത്തിന്റെ രണ്ട് സഹോദരന്മാരും പുരോഹിതന്മാരാണ്. അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ ഹാദി ഖാംനെയി ഒരു പത്രത്തിന്റെ എഡിറ്ററും പുരോഹിതനുമാണ്. അഫ്താസി സയ്യിദുകളുടെ പിന്‍ഗാമിയായ സയ്യിദ് ഹുസൈന്‍ തഫ്രേഷിയായിരുന്നു ഖാംനെയിയുടെ പൂര്‍വ്വികന്‍. പ്രവാചക പരമ്പരയില്‍പെട്ട കുടുംബമാണ് ഇതെന്ന വിശ്വാസവും ഖാംനെയി കുടുംബത്തിന്റെ സ്വകാര്യത വര്‍ധിപ്പിച്ചു.

ഇറാനില്‍ മക്തബാ ഖാന എന്നറിയപ്പെടുന്ന മതപാഠശാലയില്‍ നിന്നാണ് ബാല്യകാല വിദ്യഭ്യാസം നേടിയത്. പിന്നീട് ദാറുത്തഅലീമെ ദിയാനത്തിയില്‍ പഠനം തുടര്‍ന്നു. അതോടൊപ്പം പിതാവറിയാതെ സ്റ്റേറ്റ് സ്‌കൂളിലെ ഈവനിംഗ് കോഴ്സിനു ചേര്‍ന്ന അദ്ദേഹം സെക്കണ്ടറി സ്‌കൂളില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് കോഴ്സ് പാസായി. 1957-ല്‍ അദ്ദേഹം ഇറാഖിലെ നജാഫിലേക്ക് പോയി. നജഫിലേയും ഖുമ്മിലേയും ഷിയാ സെമിനാരികളില്‍ നിന്ന് ദൈവശാസ്ത്ര പഠനത്തില്‍ ബിരുദം നേടി.




ഇറാന്‍ വിപ്ലവത്തിന്റെ ആചാര്യനും ഗുരുനാഥനുമായിരുന്ന ആയത്തുല്ല റൂഹല്ല ഖുമേനിയും, ആയത്തുല്ലാ ബുറൂജിര്‍ദിയും ഖുമ്മില്‍ അദ്ദേഹത്തിന്റെ അദ്ധ്യാപകരായിരുന്നു. ഖുമേനിയുമായി അന്ന് തുടങ്ങിയ ആ ആത്മബന്ധം മരണംവരെ നീണ്ടു. ഖുമൈനിയാണ് അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് നയിച്ചത്. അക്കാലത്ത് സജീവമായ മറ്റ് പല പുരോഹിതന്മാരെയും പോലെ, ഖമേനിയും മതപരമായകാര്യങ്ങളേക്കാള്‍ രാഷ്ട്രീയത്തില്‍ ഏര്‍പ്പെട്ടിരുന്നു. പിന്നീട് ജീവിത്തിന്റെ ഒരോഘട്ടത്തിലും ഖുമേനിയായിരുന്നു, ഖാംനെയിക്ക് താങ്ങും തണലുമായിരുന്നത്. ഇറാനെ ലോക മുസ്ലീങ്ങളുടെ നേതൃത്വത്തില്‍ എത്തിക്കുക എന്നാതയിരുന്നു ഖുമേനി കണ്ട സ്വപ്നം. ശിഷ്യന്‍ ഖാംനെയി അത് സാധിച്ചു. ഖുമൈനി വിഭാവനം ചെയ്തതില്‍ അപ്പുറത്ത് ഇറാനെ അദ്ദേഹം എത്തിച്ചു. പക്ഷേ അത് ഭീകരവാദത്തിന്റെ കാര്യത്തിലാണെന്ന് മാത്രം.

ഇന്ന് സുന്നി രാഷ്ട്രങ്ങളില്‍ ഖത്തര്‍ ഒഴികെയുള്ളവ ആരും ഇസ്ലാമിക തീവ്രാവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നില്ല. എന്നാല്‍ ഖാംനെയിയുടെ ഉറച്ച പിന്തുണയോടെ ലബനനിലെ ഹിസ്ബുള്ളയും, യമനിലെ ഹൂതികളും, ഗസ്സയിലെ ഹമാസുമൊക്കെ വളര്‍ന്നത്. പലപ്പോഴും ഇറാനിലെ തെരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റുമാര്‍ക്ക് ആ രാജ്യത്തെ വികസനത്തില്‍ ഒന്നാമത് എത്തിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ പ്രസിഡന്റ്, പരമോന്നത നേതാവിന്റ ശിപായി മാത്രമായ ഒരു രാജ്യത്ത് അവര്‍ എന്തുചെയ്യാന്‍. പരമോന്നത നേതാവിനെ സംബന്ധിച്ച് വികസനവും, ദാരിദ്ര്യ നിര്‍മ്മാര്‍ജജനുമൊന്നും പ്രധാനമല്ല. അദ്ദേഹത്തിന് മതചര്യകളാണ്.

തോക്കെടുത്ത മൗലവി

ഖുര്‍ആന്‍ ഓതിയും തഫസീറുകള്‍ വ്യഖാനിച്ചും ജീവിതം ചെലവിടുന്ന ഒരു സാധാരണ മൗലവിയായി ഒതുങ്ങാന്‍ ഖാംനെയി തയ്യാറായിരുന്നില്ല. അയാള്‍ ഇംഗ്ലീഷും, പേര്‍ഷ്യനും, അറബിയുമെല്ലാം പഠിച്ചതുപോലെ, യുദ്ധതന്ത്രങ്ങളും സൈനിക രീതികളും പഠിച്ചു. തോക്കെടുത്ത പുരോഹിതന്‍ എന്നാണ് അയാള്‍ ഒരുകാലത്ത് അറിയപ്പെട്ടിരുന്നത്.

സമ്പന്നമായ ഒരു ഭൂതകാലം ഉണ്ടായിരുന്ന നാടായിരുന്നു ഇറാന്‍.18,000 വര്‍ഷം മുമ്പേ തന്നെയുള്ള ലോകത്തിലെ ഏറ്റവും പുരാതമായ സംസ്‌ക്കാരങ്ങളുടെ നാടയി ഇത് അറിയപ്പെട്ടു. പേര്‍ഷന്‍-ബാബിലോണിയന്‍ സംസ്‌ക്കാരങ്ങളുടെ കേദരാമയ ഈ നാട് ഒരുകാലത്ത് സമ്പല്‍ സമൃദ്ധമായിരുന്നു. ജൂതര്‍ക്കും, സൗരാഷ്ട്രയന്‍സിനും, ക്രിസ്ത്യാനികള്‍ക്കുമൊക്കെ ഇവിടെ സന്തോഷത്തോടെ ജീവിക്കാന്‍ കഴിഞ്ഞു. പക്ഷേ ഇസ്ലാമിക ഭരണം വന്നതോടെ കാര്യങ്ങള്‍ മാറി.

1935-ല്‍ രാജ്യത്തിന്റെ പേര് പേര്‍ഷ്യ എന്നത് മാറ്റി ഇറാന്‍ എന്നാക്കിയ കാലത്തൊക്കെ തീര്‍ത്തും സെക്യുലര്‍ രാജ്യമായിരുന്നു ഈ നാട്.

തുര്‍ക്കിയിലെ കമാല്‍ അത്താ തുര്‍ക്കിനെ മാതൃകയാക്കി, ഇറാന്‍ ഭരണാധികാരി രിസാ ഷാഹ് പഹ്ലവി രാജ്യത്ത് പടിഞ്ഞാറന്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങി. ഇറാനിയന്‍ വേഷവിധാനങ്ങള്‍ക്കു പകരം സ്യൂട്ടും കോട്ടും നിര്‍ബന്ധമാക്കി. പ്രൈമറി സെക്കണ്ടറി വിദ്യാലയങ്ങളില്‍ മതവിദ്യാഭ്യാസം നിര്‍ബന്ധമല്ലാതാക്കി. പര്‍ദ്ദ നിരോധിച്ചു. പക്ഷേ സമൂഹത്തിലെ പ്രമാണിവര്‍ഗത്തിന് അനുകൂലമായിരുന്നു ഷായുടെ നയങ്ങള്‍. ഇത് മുതലെടുത്താണ് ഖുമേനി മൈനി വളര്‍ന്നത്.

1977-ല്‍ ആയത്തുള്ള ഖുമേനി, ഉലമാ മുജാഹിദീന്‍ എന്ന പ്രസ്ഥാനത്തിന് രൂപം നല്‍കിയതോടെയാണ്, ഇറാന്റെ ഇസ്ലാമികവത്ക്കരണത്തിന്റെ തുടക്കം. പിന്നീട് ഖുമൈനിയുടെ വിപ്ലവ പ്രസ്ഥാനമായ ഇസ്ലാമിക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമായും രൂപാന്തരം പ്രാപിച്ചത് ഇതേ ഉലമാ മുജാഹിദീന്‍ ആണ്. അതില്‍ സജീവമായിരുന്നു അലി ഖാംനെയിലും. ഷാ മുഹമ്മദ് റെസ പഹ്ലവിയുടെ ഭരണത്തിനെതിരായ അണ്ടര്‍ഗ്രൗണ്ട് പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഏര്‍പ്പെട്ടു. ഇതോടെ നിരവധി അറസ്റ്റുകള്‍, പീഡനങ്ങള്‍, പ്രവാസം എന്നിവയൊക്കെ അനുഭവിക്കേണ്ടിവന്നു. ആയത്തുല്ല ബുറൂജുര്‍ദിയുടെ മരണശേഷം ഇറാനിലെ ആധികാരിക മതനേതൃത്വമായി ഖുമേനിയെ ഉയര്‍ത്തിക്കൊണ്ട് വരുന്നതില്‍, അന്നത്തെ യുവതുര്‍ക്കിയായ ഖാംനെയിയും, മുഖ്യപങ്കു വഹിച്ചു. വിപ്ലവം മൂര്‍ധന്യത്തിലെത്തി നില്‍ക്കുന്ന ഘട്ടത്തില്‍ അദ്ദേഹം റെവല്യൂഷണറി കമാന്‍ഡ് കൗണ്‍സിലില്‍ അംഗമായിരുന്നു. 1979 ഫെബ്രുവരി 1ന് വിപ്ലവസേനയുടെ കമാണ്ടര്‍ ആയി ചുമതലയേറ്റു. തോക്ക് വെറുതെ ഒരു അലങ്കാരത്തിന് പിടിച്ചതല്ല അദ്ദേഹം. ശരിക്കും തോക്കെടുത്ത് പേരാടിയ മനുഷ്യനാണ്. പിന്നീട് പ്രതിരോധ കൗണ്‍സിലില്‍ വിപ്ലവ കൗണ്‍സിലിന്റെ പ്രതിനിധിയായും പ്രതിരോധ സഹമന്ത്രിയായും സേവനമനുഷ്ഠിച്ചു.




ആയത്തുല്ല ഖുമേനിയെ, ഷാ നാടു കടത്തിയയോടെയാണ് കാര്യങ്ങള്‍ കൈവിട്ടത്. ഷാക്കെതിരെ ജനങ്ങള്‍ തെരുവിലിറങ്ങി. ജനവികാരങ്ങള്‍ ഇളക്കിവിടുന്നതില്‍ ഖുമേനിയുടെ പ്രഭാഷണങ്ങള്‍ വമ്പിച്ച പങ്കുവഹിച്ചു. 1979 ജനുവരി ഒന്നിന് ഖുമൈനി തെഹ്റാനില്‍ തിരിച്ചെത്തി വിപ്ലവനേതൃത്വം ഏറ്റെടുത്തു. അപ്പോഴേക്കും ഷാ പലായനം ചെയ്തിരുന്നു. ഹിതപരിശോധനയില്‍ ജനങ്ങള്‍ അഭിപ്രായപ്പെട്ട പ്രകാരം 1979 ഏപ്രില്‍ ഒന്നിന് ഇറാന്‍ ഒരു ഇസ്ലാമിക ജനാധിപത്യ രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു. ഈ സമയത്തൊക്കെ ഖുമേനിയുടെ വലംകൈയായി ഖാംനെയി കൂടെയുണ്ടായിരുന്നു.

ഇറാഖ് യുദ്ധത്തില്‍ നിര്‍ണ്ണായക പങ്ക്

1979-ലെ ഇസ്ലാമിക വിപ്ലവത്തിനും പഹ്ലവി രാജവംശത്തിന്റെ പതനത്തിനും പിന്നാലെയാണ് ഇറാന്‍- ഇസ്രയേല്‍ ബന്ധം വഷളായത്. 1948-ല്‍ ഇസ്രയേലിനെ ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിക്കുന്ന ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് ഇറാന്‍. അന്ന്, ഇറാനിയന്‍ പൗരന്മാര്‍ക്ക് സൈനിക പരിശീലനം നല്‍കുന്നത് ഇസ്രയേലായിരുന്നു. ഇറാനിയന്‍ സായുധ സേന രൂപീകരിക്കുന്നതില്‍ ഇസ്രയേലിന്റെ പങ്ക് വളരെ വലുതായിരുന്നു. അതുപോലെതന്നെ സാങ്കേതിക മേഖലയിലും ഇസ്രയേലിന്റെ പിന്തുണ ഇറാന് ലഭിച്ചിരുന്നു. ഇറാനില്‍ ട്രെയിന്‍ ഗതാഗതം സാധ്യമാക്കുന്നതിലും ഇസ്രയേലിന്റെ പിന്തുണയുണ്ട്. ഇറാന്‍ ഇതിനൊക്കെ പകരമായി ഇസ്രയേലിന് എണ്ണ നല്‍കി.

പക്ഷേ, ഇസ്ലാമിക വിപ്ലവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം ഇറാന്‍ ഇസ്രയേലുമായുള്ള ബന്ധം പൂര്‍ണമായും വിച്ഛേദിച്ചു. ഇസ്രയേലിനെ ഒരു രാഷ്ട്രമായി അംഗീകരിച്ചത് പിന്‍വലിക്കുകയും എല്ലാ നയതന്ത്രപരവും വാണിജ്യപരവും മറ്റ് ബന്ധങ്ങളും അവസാനിപ്പിക്കുകയും ചെയ്തു. ഇസ്രയേലി പാസ്‌പോര്‍ട്ടുകള്‍ സ്വീകരിക്കുന്നത് അവസാനിപ്പിച്ചു. ഇറാന്റെ പാസ്‌പോര്‍ട്ടുകള്‍ കൈവശമുള്ളവര്‍ക്ക് 'അധിനിവേശ ഫലസ്തീനിലേക്ക്' യാത്ര ചെയ്യുന്നത് വിലക്കി. ടെഹ്‌റാനിലെ ഇസ്രയേല്‍ എംബസി അടച്ച് പി.എല്‍.ഒയ്ക്ക് കൈമാറുകയും ചെയ്തു. ഇതിനെല്ലാം ഖുമേനിയെപ്പോലെ ഖാംനെയിയും വലിയ പങ്ക വഹിചചിരുന്നു.

ഇറാന്‍-ഇറാഖ് യുദ്ധസമയത്ത് (1980-1988) ഖാംനെയിയുടെ സ്വാധീനം കൂടുതല്‍ ശക്തമായി. വിപ്ലവ ഗാര്‍ഡുകളുമായി ഏകോപിപ്പിക്കുന്നതില്‍ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു. ഖാംനെയിലുടെ വളര്‍ച്ചയില്‍ പാളയത്തില്‍ പടയുമുണ്ടായിരുന്നു. 1981 ജൂണില്‍ ടെഹ്‌റാന്‍ പള്ളിയില്‍ നടത്തിയ പ്രസംഗത്തിനിടെ നടന്ന വധശ്രമത്തില്‍ നിന്ന് ഖാനെയി തലനാരിഴക്കാണ് രക്ഷപ്പെട്ടത്. വൈദിക വിരുദ്ധരായ ഫോര്‍ഖാന്‍ ഗ്രൂപ്പാണ് ആക്രമണം നടത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ വലതു കൈ തളര്‍ന്നു. പിന്നീട് വിദഗ്ധ ചികിത്സയുടെ അടിസ്ഥാനത്തില്‍ ഒരു പരിധിവരെ കൈയുടെ സ്വാധീനം വീണ്ടെടുത്തു. അത് ഇന്നും പൂര്‍ണ്ണമായും ശരിയായിട്ടില്ല. സ്വാധീനമില്ലാത്ത ഒറ്റക്കൈയും വെച്ചാണ്് ഈ കിഴവന്‍ ലോകത്തെ വിറപ്പിക്കുന്നത് എന്നോര്‍ക്കണം!

വിപ്ലവാനന്തരമുള്ള സര്‍ക്കാരുകളെ ആര് നയിക്കണം എന്ന ചോദ്യത്തിനും ആയത്തുള്ള ഖുമേനിക്ക് രണ്ടഭിപ്രായം ഉണ്ടായിരുന്നില്ല. 1981-ലേയും 1986-ലേയും പ്രസിഡന്‍ഷ്യല്‍ തെരെഞ്ഞെടുപ്പുകളില്‍ യഥാക്രമം 95%, 86% എന്നിങ്ങനെ വോട്ടുകള്‍ നേടി അദ്ദേഹം ഇറാന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.അതിനിടെ സത്താനിക്ക് വേഴ്സസ് എന്ന നോവലിന്റെ പേരില്‍ സല്‍മാന്‍ റുഷ്ദിയുടെ തല കൊയ്യാനുള്ള ഫത്വയും ഖുമേനി പുറത്തിറക്കി. അതിന്റെ പേരില്‍ വര്‍ഷങ്ങള്‍ക്കുശേഷം റഷ്ദി ക്രൂരമായി ആക്രമിക്കപ്പെട്ടു.

1989 ജൂണ്‍ 3-ന് ആയത്തുല്ല ഖുമൈനി മരണപ്പെട്ടതിനെത്തുടര്‍ന്ന് ഇറാന്റെ പരമോന്നത നേതാവായി ഖാംനെയി തെരെഞ്ഞടുക്കപ്പെട്ടു. പരമോന്നത നേതാവ് എന്ന നിലയില്‍, റവല്യൂഷണറി ഗാര്‍ഡുകളിലുള്ളവര്‍ ഉള്‍പ്പെടെയുള്ള പ്രധാന സൈനിക, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിയമനത്തിനും നീക്കം ചെയ്യലിനും മേല്‍നോട്ടം വഹിക്കുന്ന ഖാംനെയിക്ക് വിപുലമായ അധികാരമുണ്ട്. ഫലത്തില്‍ ഇറാന്റെ ചക്രവര്‍ത്തി എന്നുതന്നെ പറയാം.

ഹിജാബ് പ്രക്ഷോഭത്തില്‍ ഇമേജ് തകര്‍ന്നു

പക്ഷേ ആയത്തുള്ള അലി ഖാംനെയിയുടെ ഇമേജ് വലിയതോതില്‍ തകര്‍ന്നത് രണ്ടുവര്‍ഷം മുമ്പ് നടന്ന ഹിജാബ് സമരത്തിലാണ്. ഹിജാബ് നേരെ ധരിച്ചില്ലെന്ന് പറഞ്ഞ്, മാഷാ അമിനി എന്ന 22 കാരി യുവതിയെ മതകാര്യപൊലീസ് കസ്റ്റഡിയില്‍ എടുക്കുയും തുടര്‍ന്ന് അവര്‍ മരിക്കുകും ചെയ്തതിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭം ഇറാനില്‍ ഫലത്തില്‍ ഭരണകൂടത്തിന് എതിരായി മാത്രമല്ല ഇസ്ലാമിനെതിരെ തന്നെയായി മാറിയിരുന്നു. അമിനിയുടെ സുഹൃത്തുക്കള്‍ തുടങ്ങിയ പ്രതിഷേധം ഇറാനിലെ സ്‌കൂളകളിലേക്കും, കോളേജുകളിലേക്കും വ്യാപിച്ചു.




'സാന്‍, സിന്ദഗി, ആസാദി...' എന്ന മുദ്രാവാക്യം ഇറാനിലെമ്പാടും ഉയര്‍ന്നുകേട്ടു. അര്‍ത്ഥം സ്ത്രീകള്‍, ജീവിതം, സ്വാത്രന്ത്ര്യം. ഈ പ്രക്ഷോഭത്തില്‍ 16നും 24നും വയസ്സില്‍ ഇടയിലുള്ള അഞ്ചൂറിലേറെ പെണ്‍കുട്ടികളെയാണ് പൊലീസും സൈന്യവും തല്ലിയും വെടിവെച്ചും കൊന്നത്്! 25,000 പേര്‍ അറസ്റ്റിലായി. ഇതില്‍ ഏറെയും സ്ത്രീകള്‍. ഇത് ലോക ചരിത്രത്തിലെ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ഒരു പാര്‍ട്ടിയുടെയും ഒരു സംഘടനയുടെയും ആഹ്വാനമില്ലാതെ, തങ്ങളുടെ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വനിതകള്‍ തെരുവില്‍ ഇറങ്ങിയത് ഇറാനെ ഞെട്ടിച്ചിരുന്നു.

'ഞങ്ങള്‍ക്ക് പള്ളിയുംവേണ്ട ഖുറാനും വേണ്ട' എന്ന് പരസ്യമായി മുദ്രാവാക്യംപോലും ഉയര്‍ന്നു.സര്‍ക്കാരിനും ഇറാന്‍ ഇസ്ലാമിക റിപ്പബ്ലിക് സ്ഥാപകനായ ആയത്തുള്ള റൂഹല്ല ഖുമേനിക്കും, ഖാംനെയിക്കും എതിരേ ജനരോഷം ആളിക്കത്തി. ഇരു ആത്മീയ നേതാക്കളുടെയും ചിത്രങ്ങള്‍ തെരുവില്‍ പരസ്യമായി കത്തിച്ചു. നമ്മുടെ രാഷ്ട്ര പിതാവ് ഗാന്ധിജിയുടെ ചിത്രം കൂട്ടിയിട്ട് ജനം കത്തിക്കുന്ന ഒരു കാലം ഓര്‍ക്കന്‍ കഴിയുമോ. അതിലും ഭീകരമണ് ഖുമേനിയുടെട ചിത്രം കത്തിക്കല്‍. കാരണം അയാള്‍ ഒരു മതനേതാവു കൂടിയാണ്. തലപോകുന്ന കേസാണ് ഇറാനില്‍ ഖുമേനി നിന്ദ. എന്നിട്ടും ഈ സ്ത്രീകള്‍ ധൈര്യസമേതം രംഗത്ത് എത്തി. തുടര്‍ന്ന് ഏറെ പണിപ്പെട്ടാണ് ഇറാന്‍ ആ സമരത്തെ അടിച്ചമര്‍ത്തിയത്.

അതിന്റെ കനലുകള്‍ ഇപ്പോഴും ഇറാനില്‍ എരിയുന്നുണ്ട്. ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ തവണ ഇറാനിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചത് ഈ ഭരണത്തെ തൂത്തെറിയാനായിരുന്നു. സാമ്പത്തികമായും ഇറാന്‍ ഏറെ തകര്‍ന്നിരിക്കുന്ന സമയമാണിത്. ദാരിദ്യമൂലം വേശ്യവൃത്തിയും, പിടിച്ചുപറയുമെല്ലാം വര്‍ധിക്കുന്ന കാലം. അപ്പോള്‍ ഇസ്ലാമിക ഭരണത്തിനെതിരെ രാജ്യത്തിനകത്തുനിന്ന് ഒരു ചെറുത്തുനില്‍പ്പ് ഉണ്ടാവുമെന്നാണ് ഇസ്രയേല്‍ കരുതുന്നത്. ഭാവിയില്‍ ഇറാനില്‍ ഒരു അട്ടിമറിയും അവര്‍ മനസ്സില്‍ കാണുന്നു. പക്ഷേ ഇപ്പോള്‍ അത് കൂടി മുന്നില്‍ കണ്ടാണ് ഖാംനെയി തോക്കുമായി വെള്ളിയാഴ്ച പ്രസംഗത്തിന് എത്തിയത് എന്ന് ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. കാരണം മതവികാരം കത്തിച്ചുകൊണ്ട്, ദാരിദ്ര്യത്തെയും വികസനമില്ലയ്മയെയും മറികടക്കാനാണ് അവര്‍ ശ്രമിക്കുന്നത്.

ഇന്ത്യയുമായും വാക്ക്പോര്

ഇറാനുമായി എന്നും നല്ല ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയ്ക്ക് ക്രൂഡ് ഓയില്‍ വിതരണം ചെയ്യുന്ന ഒരു പ്രധാന രാജ്യമാണ് ഇറാന്‍. ചബഹാര്‍ തുറമുഖത്തിന്റെ വികസനം പോലുള്ള സുപ്രധാന പദ്ധതികളില്‍ ഇന്ത്യയും ഇറാനും സഹകരിക്കുന്നുണ്ട്. ഇന്ത്യന്‍ കമ്പനികള്‍ക്ക് കോടിക്കണക്കിന് രൂപയുടെ നിക്ഷേപവും ഇറാനിലുണ്ട്. അതുകൊണ്ടുതന്നെ ഇറാന്റെ പ്രസിഡന്റുമാര്‍ ഇന്ത്യയോടും സൗഹാര്‍ദപരമായ സമീപനമാണ് എടുത്തത്.

പക്ഷേ ഇറാന്‍ പ്രസിഡന്റുമാരെയൊക്കെ നോക്കുകുത്തിയാക്കി ഖാംനെയി നടത്തിയ പല പ്രസ്താനകളും, ഈ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാക്കി. അടുത്തിടെ, ഖാംനെയി ഇന്ത്യയില്‍, മുസ്ലിംകളോടുള്ള പെരുമാറ്റത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ വന്‍ വിവാദമായിരുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മവാര്‍ഷിക വേളയില്‍, ഖാംനയി ഇന്ത്യന്‍ മുസ്ലിങ്ങളെ ഗസ്സ, മ്യാന്‍മര്‍, തുടങ്ങിയ പ്രദേശങ്ങളിലുള്ളവരുമായി കൂട്ടിക്കലര്‍ത്തി എക്സില്‍ ഒരു പോസ്റ്റിടുകയും, അവരുടെ 'ദുരിതങ്ങള്‍' പരാമര്‍ശിക്കുകയും മുസ്ലിംകളുടെ അടിച്ചമര്‍ത്തലിനെതിരെ ഒന്നിക്കാന്‍ ഇസ്ലാമിക ലോകത്തോട് ആഹ്വാനം ചെയ്യുകയും ചെയ്തതാണ് വിവാദമായത്.




മ്യാന്‍മറിലോ, ഗസ്സയിലെയോപോലെ ഇന്ത്യന്‍ മുസ്ലീങ്ങള്‍ ദുരിതത്തിലാണ് എന്ന് പറയുന്നത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഇതോടെ ഇന്ത്യ ശക്തമായി പ്രതികരിച്ചു, 'തെറ്റായ വിവരങ്ങളുള്ളതും അസ്വീകാര്യവും' എന്ന് വിശേഷിപ്പിച്ചാണ്, ഇന്ത്യ ഇതിനോട് പ്രതികരിച്ചത്. മറ്റുള്ളവരെക്കുറിച്ച് ഇത്തരം അഭിപ്രായങ്ങള്‍ പറയുന്നതിന് മുമ്പ് ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള സ്വന്തം രേഖകളില്‍ ഇറാന്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തിരിച്ചടിച്ചു. ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ പൗരന്മാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ പ്രസ്താവനയില്‍ ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്ന ഖാംനെയിയുടെ അഭിപ്രായത്തെ അപലപിക്കുകയും ചെയ്തു.

ഖാംനെയി നടത്തിയ അഭിപ്രായങ്ങളെ ഇന്ത്യയിലെ ഇസ്രായേല്‍ അംബാസഡര്‍ റൂവന്‍ അസറും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 'നിങ്ങള്‍ നിങ്ങളുടെ സ്വന്തം ജനതയുടെ കൊലയാളിയും അടിച്ചമര്‍ത്തലുകാരനുമാണ്. ഇസ്രായേലിലെയും ഇന്ത്യയിലെയും എല്ലാ ജനാധിപത്യ രാജ്യങ്ങളിലെയും മുസ്ലീങ്ങളും ഇറാനില്‍ നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യം ആസ്വദിക്കുന്നു. ഇറാനിലെ ജനങ്ങള്‍ ഉടന്‍ സ്വതന്ത്രരാകുമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇസ്ലാമിക ഉമ്മത്ത് എന്ന നിലയിലുള്ള ഐഡന്റിറ്റി ഉയര്‍ത്തിക്കാട്ടി, ഇല്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ് ഇറാന ചെയ്യുന്നത്''- അസര്‍ ചൂണ്ടിക്കാട്ടി.

ആഗോള ഇസ്ലാമിക ഭീകരവാദികളുടെ ഭീഷണി ഇന്ത്യക്കുമുണ്ട്. ഇന്ന് ലോക ഭീകരവാദത്തെ പാലൂട്ടി വളര്‍ത്തുന്നത്, ഇറാനും അതിന്റെ പരമാധികാരിയായ ആയത്തുള്ള അലി ഖാംനെയിയുമാണ്. അതുകൊണ്ടുതന്നെ ഈ വയോധികന്‍ ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങള്‍ക്കും ഭീഷണി തന്നെയാണ്.

വാല്‍ക്കഷ്ണം: ഒസാമ ബിന്‍ ലാദന്‍ എഞ്ചിനീയറും, അല്‍സവാഹരി ഡോക്ടറുമായിരുന്നു. തീവ്രവാദം ഉള്ളിലില്ലായിരുന്നെങ്കില്‍ അവരൊക്കെ എത്രയോ നല്ല വ്യക്തികള്‍ ആവുമായിരുന്നു. അതുപോലെ തന്നെ ഖാംനെയിയുടെ മസ്തിഷ്‌ക്കത്തില്‍നിന്ന് തീവ്രവാദം എടുത്തുകളഞ്ഞിരുന്നെങ്കില്‍ അദ്ദേഹം, ഒരു ഖലില്‍ ജിബ്രാനെപ്പോലെ ഒരു നല്ല കവിയും, എഴുത്തുകാരനുമൊക്കെയായി മാറില്ലായിരുന്നു എന്ന് ആര് കണ്ടു!