ഒരു ചായകുടിക്കണമെന്ന് തോന്നിയാല്‍ 82 രൂപ കൊടുക്കേണ്ടി വരുന്ന ഒരു രാജ്യത്തിന്റെ അവസ്ഥ എന്തായിരിക്കും! അതിഭീകരമായ സാമ്പത്തിക തകര്‍ച്ചയിലൂടെയാണ്, കേരളത്തിലടക്കം പല ഇസ്ലാമിസ്റ്റുകളും സ്വര്‍ഗരാജ്യമായി കണക്കാക്കുന്ന, ഷിയാ കാര്‍ക്കശ്യത്തിന്റെ അവസാനവാക്കായ ഇറാന്‍ കടന്നുപോവുന്നത്. മൂല്യം കുത്തനെ ഇടിഞ്ഞ് ഇടിഞ്ഞ് ഒരു രൂപ കിട്ടാന്‍ 468 ഇറാന്‍ റിയാല്‍ കൊടുക്കണം എന്ന അവസ്ഥ വന്നിരിക്കയാണ്. അതായത് നമ്മുടെ നൂറുരൂപയെന്നാല്‍, ഇറാനിലെ 46,800 റിയാലാണ്. അങ്ങനെ കണക്ക് കൂട്ടുമ്പോഴാണ് ഒരു ചായക്ക് 82 രൂപയും, ഒരു കിലോ അരിക്ക് 200 രൂപയും വരുന്നത്. കഴിഞ്ഞ വര്‍ഷവുമായി തട്ടിച്ചുനോക്കുമ്പോള്‍ 52 ശതമാനമാണ് വിലക്കയറ്റം. അതായത് കഴിഞ്ഞ വര്‍ഷം 100രൂപയുണ്ടായിരുന്നു, ഒരു സാധനത്തിന് ഇന്ന് 152 രൂപ കൊടുക്കണം!

വിലക്കയറ്റം താങ്ങാനാവതെ വ്യാപാരികള്‍ കടകള്‍ക്ക് ഷട്ടറിടുകയാണ്. ചില ഭക്ഷ്യവസ്തുക്കളുടെ വില മൂന്‍വര്‍ഷത്തേക്കള്‍ 72 ശതമാനം കൂടികഴിഞ്ഞു. മരുന്ന് വില 50 ശതമാനവും ഉയര്‍ന്നു. ഡോളറിനെതിരെ റിയാലിന്റെ മൂല്യം 14,00,000 എന്ന പുതിയ റെക്കോര്‍ഡ് എന്ന നിലയിലേക്ക് താഴ്ന്നിരുന്നു. അതായത് ഒരു യുഎസ് ഡോളര്‍ കിട്ടണമെങ്കില്‍ 14 ലക്ഷം ഇറാനിയന്‍ റിയാല്‍ കൊടുക്കണം! ലോകത്ത് ഏറ്റവും മൂല്യമിടിഞ്ഞ കറന്‍സികളില്‍ ഒന്നായി ഇറാന്‍ റിയാല്‍ മാറിയിരിക്കയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നോട്ടിലെ പൂജ്യം വെട്ടുക എന്ന അറ്റകൈവരെ അവര്‍ പ്രയോഗിച്ചു കഴിഞ്ഞു. എന്നിട്ടും പ്രശ്നം തീരുന്നില്ല. വില വാണം വിട്ടപോലെ ഉയരുകയാണ്. വിമാനങ്ങളൊക്കെ ഒരാഴ്ചക്ക്മുന്നേ അങ്ങാട്ടുമിങ്ങോട്ടും ബുക്ക് ചെയ്യുന്ന രീതി ഇപ്പോള്‍ അനുവദിക്കുന്നില്ല. കാരണം അഡ്വാന്‍സ്ബുക്ക് ചെയ്താല്‍, ഒരാഴ്ചക്കുള്ളില്‍ കറന്‍സിയുടെ വില എങ്ങനെയാണ് ഇടിയുക എന്ന് പ്രവചിക്കാന്‍ കഴിയില്ല. ആ തുക കൂടി കൊടുക്കണം എന്ന നിബന്ധനയോടെയാണ് ഇപ്പോള്‍ എയര്‍ലൈന്‍ ബുക്കിങ്ങടക്കം നടക്കുന്നത്. പലയിടത്തും ഇറാന്‍ റിയാല്‍ എടുക്കതായി. പകരം ട്രാന്‍സാക്ഷന്‍ ഡോളറിലായി.

സാമ്പത്തിക രംഗം ആകെ തകര്‍ന്നതോടെ ഇറാനിലെ ധനമന്ത്രി രാജിവെച്ചിരുന്നു. പിന്നാലെ സെന്‍ട്രല്‍ ബാങ്ക് തലവന്‍ മുഹമ്മദ് റെസയും രാജിവച്ചു. പക്ഷേ അപ്പോഴേക്കും ജനം തെരുവില്‍ ഇറങ്ങിയിരുന്നു. 2025 ഡിസംബര്‍ 27 മുതലാണ് ഇറാനിലെ തെരുവുകള്‍ ജനകീയ പ്രതിഷേധത്താല്‍ കലുഷിതമായത്. ടെഹ്‌റാനില്‍ ആരംഭിച്ച പ്രതിഷേധം പിന്നീട് മറ്റിടങ്ങളിലേക്ക് കൂടി വ്യാപിക്കുകയായിരുന്നു. വ്യാപാരികള്‍ തുടങ്ങിവെച്ച സമരം, യുവജനങ്ങള്‍ ഏറ്റെടുക്കയായിരുന്നു.

ഇറാനിലെ ലോറെസ്ഥാന്‍ പ്രവിശ്യയിലെ അസ്‌ന എന്ന നഗരത്തിലാണ് ഏറ്റവും തീവ്രമായ സമരവും സംഘര്‍ഷവും നടന്നത്. സമരക്കാര്‍ക്ക് നേരെ സുരക്ഷാ സേന വെടിയുതിര്‍ക്കുന്നത് പുറത്തുവന്ന ചില വിഡിയോകളില്‍ വ്യക്തമായി കാണാം. ഈ പ്രക്ഷോഭത്തില്‍ പത്തോളംപേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. ഹിജാബ് നിയമം ലംഘിച്ചതിന് മഹ്‌സ അമിനി അറസ്റ്റിലായതിന് പിന്നാലെ നടന്ന സമരത്തിന് ശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ പ്രക്ഷോഭമാണ് ഇത്. 'മുല്ലമാര്‍ ഇറാന്‍ വിട്ടുപോണം' എന്ന് പറഞ്ഞ് ജനം തെരുവിലിറങ്ങുമ്പോള്‍ ആയത്തുള്ള അലി ഖാമനേയി അടക്കമുള്ള ഇറാന്റെ പരമോന്നത നേതാക്കള്‍ അമ്പരുന്ന് നില്‍ക്കയാണ്.

ബ്ലഡി നവംബര്‍ ആവര്‍ത്തിക്കുമോ?

ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇറാനിയന്‍ ജനസംഖ്യയുടെ 50% പേരും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത്. ആറ് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ഏകദേശം 16% പേര്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. 8 ലക്ഷത്തോളം കുട്ടികള്‍ പ്രോട്ടീന്‍ കുറവിന്റെയും പ്രശ്നങ്ങള്‍ നേരിടുന്നു. ഇറാനിലെ 11% കുട്ടികള്‍ ഭാരക്കുറവുള്ളവരാണെന്നും 5% പേര്‍ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്നും യുനിസെഫിന്റെ സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നു. അതായത് ഇറാന്റെ ദാരിദ്ര്യം പെട്ടന്ന് ഉണ്ടായതല്ല. കഴിഞ്ഞ കുറേക്കാലമായി അങ്ങനെയാണ്.




ഇതാദ്യമായല്ല, ജീവിതം വഴിമുട്ടിയ ഇറാന്‍ ജനത തെരുവിലറങ്ങുന്നതും. കഴിഞ്ഞ ഒരു ദശകത്തിനിടെ വിലക്കയറ്റംമൂലമുണ്ടാവുന്ന മൂന്നാമത്തെ ജനകീയ പ്രക്ഷോഭമാണിത്. 2009-ല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വന്‍ ജനകീയ സമരം രാജ്യത്തുണ്ടായിരുന്നു. അതിനുശേഷം 2017-ലാണ് ജനം തെരുവില്‍ ഇറങ്ങുന്നത്. 'ഡേ പ്രോട്ടസ്റ്റ്' എന്നറിയപ്പെട്ട ഈ സമരത്തില്‍ വിലക്കയറ്റംകൊണ്ട് പൊറുതി മുട്ടിയ ജനം ഭരണകൂടത്തിനെതിരെ മുഷ്ടി ചുരുട്ടി. അന്നും ഇറാന്‍ സമരത്തെ ക്രൂരമായി അടിച്ചമര്‍ത്തി. നാല്‍പ്പതോളം പേര്‍ക്കാണ് ഈ പ്രക്ഷോഭത്തില്‍ ജീവന്‍ നഷ്ടമായത്.

അതിനുശേഷമാണ് ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭമായ 'ബ്ലഡി നവംബര്‍' ഉണ്ടായത്. 2019 നവംബറിന് ഒറ്റരാത്രികൊണ്ട് ഇന്ധന വില 500മുതല്‍ 200 ശതമാനം കുതിച്ചുയര്‍ത്തതോടെയാണ് ജനം സമരം തുടങ്ങിയത്. പിന്നീട് അത് ഭരണകൂട വിരുദ്ധ പ്രക്ഷോഭമായി നൂറോളം നഗരങ്ങളിലേക്ക് പടര്‍ന്നു. സോഷ്യല്‍ മീഡയിയിലൂടെയാണ് സമരം കരുത്താര്‍ജിച്ചത്. അതുകൊണ്ടുതന്നെ ഇന്റര്‍നെറ്റ് വിഛേദിക്കുക എന്ന പരിപാടിയാണ് സമരക്കാര്‍ക്കെതിരെ ഭരണകൂടം ആദ്യം ചെയ്തത്. നവംബര്‍ 16ന് രാജ്യവ്യാപകമായി നെറ്റ് വിഛേദിക്കപ്പെട്ടു. തുടര്‍ന്ന് ചരിത്രത്തിലെ ഏറ്റവും ക്രൂരമായ അടിച്ചമര്‍ത്തലിലാണ് പിന്നീട് ഇറാന്‍ സാക്ഷ്യം വഹിച്ചത്. പ്രക്ഷോഭത്തില്‍ 1,500ഓളം പേരാണ് കൊല്ലപ്പെട്ടത്. നിരവധിപേരെ കാണാതായി. അവരെ ഇനിയും കണ്ടുകിട്ടിയിട്ടില്ല.

അതിനുശേഷം 2022ലാണ് ഇറാന്‍ വലിയൊരു ജനകീയ പ്രക്ഷോഭത്തിന് സാക്ഷിയായത്. 2022-ല്‍ ശിരോവസ്ത്രം ധരിച്ചില്ലെന്ന് പറഞ്ഞ്, ഇറാന്‍ മതകാര്യപൊലീസ് മഹ്സ അമിനി എന്ന പെണ്‍കുട്ടിതെ തല്ലിക്കൊന്നതിന് പിന്നാലെയാണിത്. അന്നും ഇറാന്റെ ആത്മീയ ആചാര്യന്‍മ്മാരായ അലി ഖുമേനിയുടെയും, ഖാമനേയിയുടെയും, ചിത്രങ്ങള്‍ കത്തിച്ചുകൊണ്ടാണ് സ്ത്രീകള്‍ തെരുവിലറിങ്ങിയത്. പക്ഷേ അഞ്ചുറോളം പേരുടെ ജീവനെടുത്ത ആ സമരത്തെ ഇറാനിലെ ഇസ്ലാമിക ഭരണകൂടം നിര്‍ദയം അടിച്ചമര്‍ത്തുകയാണ്. അതിനുശേഷം ഇപ്പോഴാണ് ജനം വീണ്ടും തെരുവിലറങ്ങുന്നത്.

മത അടിച്ചമര്‍ത്തലുകള്‍ക്കിടയിലുടെ നടന്നുപോവുന്ന ഇറാനില്‍ സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥയാണ് അതിദയനീയമായത്. വലിയ സദാചാരമൂല്യങ്ങള്‍ പിന്തുടരുന്ന ഒരു ഇസ്ലാമിക രാജ്യം എന്നായിരിക്കു പുറമെനിന്ന് നോക്കുമ്പോള്‍ ഇറാനെക്കുറിച്ച് തോന്നുക. എന്നാല്‍ ഈ ധാരണ തീര്‍ത്തും അബദ്ധമാണെന്നാണ് ഇറാനില്‍ ജീവിച്ചവര്‍ പറയുന്നത്. വേശ്യാവൃത്തിയും, വിവാഹേതര ബന്ധങ്ങളും, ലൈംഗിക ചൂഷണവും മനുഷ്യക്കടത്തും, എല്ലാം ഇവിടെ വര്‍ധിച്ച് വരികയാണ്. പക്ഷേ അതിലൊക്കെയുള്ള ഒരു വ്യത്യാസം ഇറാന്‍ എല്ലാറ്റിനും ഒരു മതത്തിന്റെ മേമ്പൊടി കൊടുക്കുന്നു എന്നതാണ്! ഹ്യൂമന്‍ വാച്ചിന്റെ റിപ്പോര്‍ട്ട് പ്രകാരം, പാകിസ്ഥാന്‍, തുര്‍ക്കി, യുഎഇ, ബഹ്‌റൈന്‍, യൂറോപ്പ് എന്നിവിടങ്ങളില്‍ പാവപ്പെട്ട ഇറാനിയന്‍ കുട്ടികളെ ലൈംഗിക വ്യാപാരത്തിലേക്ക് വില്‍ക്കുന്നുണ്ട്. രാജ്യത്ത് വേശ്യാവൃത്തിയും വര്‍ധിച്ചുവരികയാണ്. അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളെ തെക്കന്‍ ഇറാനിലെ വേശ്യാലയങ്ങളിലേക്ക് കൊണ്ടുവരുന്ന മനുഷ്യക്കടത്ത് സംഘങ്ങളുമുണ്ട്. മുത്വ എന്നു പറയുന്ന ഒരു തരം താല്‍ക്കാലിക വിവാഹത്തിന്റെ മറവിലാണ് ഇവിടെ വേശ്യാവൃത്തി കൊഴുക്കുന്നത്.

കറന്‍സിയില്‍നിന്ന് പൂജ്യങ്ങള്‍ വെട്ടുന്നു!

പട്ടിണി, തെരുവ് പോരാട്ടങ്ങള്‍, രോഗം എന്നിവ കാരണം ഓരോ മാസവും ഈ നാട്ടില്‍ 100-ലധികം കുട്ടികള്‍ മരിക്കുന്നുവെന്നാണ് യുണിസെഫ് പുറത്തുവിട്ട കണക്ക്. കുട്ടികളെ കടത്തുന്നതും ബാലവേല ചെയ്യുന്നതും തടയാനുള്ള നടപടികള്‍ ഇവിടെ ദുര്‍ബലമാണ്. കുട്ടിക്കുറ്റവാളികളുടെ എണ്ണത്തിലും വലിയ രീതിയിലുള്ള വര്‍ധനയുണ്ട്.18 വയസ്സിന് താഴെയുള്ളവര്‍ക്ക് വധശിക്ഷ അനുവദിക്കുന്ന അഞ്ച് രാജ്യങ്ങളില്‍ ഒന്നാണ് ഇറാന്‍ (പാകിസ്ഥാന്‍, സൗദി അറേബ്യ, സുഡാന്‍, യെമന്‍ എന്നിവയോടൊപ്പം). ഇറാനില്‍ 5 വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് വളരെ കൂടുതലാണ്. ഇപ്പോള്‍ മരുന്നിന്റെ വിലക്കയറ്റംമൂലവും കൂട്ടികള്‍ മരിക്കയാണ്. കടകള്‍ അടച്ചിടുകയാണ്. പലയിടത്തുനിന്നും കൊള്ളയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. നേരത്തെ 31 രൂപക്ക് കിട്ടിക്കൊണ്ടിരുന്ന പ്രെടോളിന് ഇപ്പോള്‍ നൂറുരൂപയായി. ഇന്ധനങ്ങള്‍ക്ക് റേഷനിങ്ങും ക്വാട്ട സമ്പ്രദായവുമുണ്ട്. അതായത് ഓരോ ക്വാട്ടകഴിഞ്ഞും പ്രെട്രോള്‍ അടിച്ചാല്‍ വിലകൂടും.


നേരത്തെയുംു ചില കടുത്ത സാമ്പത്തിക നടപടികള്‍ ഇറാന്‍ എടുത്തിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു, കറന്‍സിയിലെ പൂജ്യം വെട്ടല്‍. നമ്മുടെ രണ്ടായിരത്തിന്റെ നോട്ടിലെ മൂന്ന് പൂജ്യങ്ങള്‍ പൊടുന്നനെ അസാധുവാക്കപ്പെടുകയും അതിന് വെറും 2 രൂപയുടെ വില മാത്രമാവുകയും എന്നുവന്നാല്‍ എന്ത് ചെയ്യും! അഞ്ഞൂറിന്റെ നോട്ടിന് മൂല്യമുണ്ടാവുക വെറും 5 രൂപയുടേതാവും. എന്നാല്‍ അത്തരമൊരു കടും വെട്ടിലേക്കാണ് ഇറാന്‍ നടത്തിയത്. വിലയിടഞ്ഞ് കറന്‍സിക്ക് കടലാസുവിലയായ ചില രാജ്യങ്ങളെ കഥ നാം കേട്ടിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളായ സുഡാനിലും, സോമാലിയയിലുമൊക്കെ അവിടുത്തെ കറന്‍സികള്‍ ആര്‍ക്കും വേണ്ടാതായിരുന്നു. ഈ രാജ്യങ്ങളിലൊക്കെ ഉന്തുവണ്ടിയില്‍ കറന്‍സികള്‍ കൊണ്ടുവരുന്നതിന്റെ അടക്കം വീഡിയോകള്‍ വൈറലായിരുന്നു. ഒരുകാലത്ത് ശ്രീലങ്കയും, അര്‍ജന്റീനയടക്കമുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും ഇത്തരം സാമ്പത്തിക ദുരന്തങ്ങളിലൂടെ കടന്നുപോയി. ആ സാഹചര്യം ഒഴിവാക്കാനും,സാമ്പത്തിക ഇടപാടുകള്‍ ലളിതമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കറന്‍സിയില്‍നിന്ന് നാല് പൂജ്യങ്ങള്‍ ഇറാന്‍ നീക്കീയത്. ഇതോടെ 10,000 ത്തിന് തുല്യമായ ഒരു കറന്‍സിക്ക് ഇനി ഒരു റിയാലിന്റെ മൂല്യമാവും ഉണ്ടാവുക. കൂടാതെ ഇതിനെ 100 ഘെറാനുകളായി വിഭജിച്ചിരിക്കുന്നു.





മെയ് മാസത്തില്‍, ഇറാനിയന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ മുഹമ്മദ് റെസ ഫാര്‍സിന്‍ ഈ പദ്ധതി പിന്തുടരുമെന്ന് പറഞ്ഞിരുന്നു. പിന്നീട് കുറച്ചുകാലത്തേക്ക് കേള്‍ക്കാതായ ഈ പദ്ധതിയാണ് ഈയിടെ വീണ്ടും പുറത്തെടുത്തിരിക്കയാണ്. പക്ഷേ ഇത് വെറും തൊലിപ്പുറമെയുള്ള പരിഷ്‌ക്കാരം മാത്രമാണെന്ന് അന്നേ വിമര്‍ശനം വന്നിരുന്നു.പുജ്യം വെട്ടിയാലും പഴയ കറന്‍സി പിന്‍വലിച്ചാലുമൊന്നും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടില്ല. അതിന് കൂടുതല്‍ വാണിജ്യങ്ങളും, വ്യവസായങ്ങളും ഉണ്ടാവേണ്ടതുണ്ട്. രാജ്യത്തിന്റെ കയറ്റുമതി മെച്ചപ്പെടണം. ടൂറിസം മേഖല ശക്തിപ്പെടണം. തദ്ദേശീയമായി ജനങ്ങളുടെ കൈയില്‍ പണം എത്തണം. അതിന് ഇറാനിയല്‍ സമ്പദ് വ്യവസ്ഥയില്‍ അടിമുടി പരിഷ്‌ക്കരണമാണ് വേണ്ടത്. അതിന് പക്ഷേ മതനേതൃത്വം അനുവദിക്കില്ല. അതുതന്നെയാണ് ഇറാന്റെ യഥാര്‍ത്ഥ പ്രശ്നവും.

പ്രശ്നം മതനേതൃത്വം തന്നെ

ലോകത്തിലെ എണ്ണ ശേഖരത്തിന്റെ 10 ശതമാനവും, പ്രകൃതി വാതക ശേഖരത്തിന്റെ 15 ശതമാനവുമുള്ള 'എന്‍ര്‍ജി സൂപ്പര്‍ പവര്‍' എന്നറിയപ്പെടുന്ന രാജ്യമാണ് ഈ രീതിയില്‍ കൂപ്പുകുത്തുന്നത്. വെള്ളം വെള്ളം സര്‍വത്ര, തുള്ളി കുടിപ്പാനില്ലത്രേ എന്ന ഉപമപോലെ, 2024 മുതല്‍ ഇറാന്‍ ഒരു ഊര്‍ജ്ജ പ്രതിസന്ധി നേരിടുക കൂടി ചെയ്യുന്നുണ്ട്. ട്രില്ല്യന്‍ കണക്കിന് ബാരല്‍ എണ്ണയും പ്രകൃതിവാതകവും വിറ്റുള്ള പണം സത്യത്തില്‍ തുലക്കുകയാണ് ഇറാനിലെ മതനേതൃത്വം ചെയ്യുന്നത്.

അടിക്കടിയുണ്ടാവുന്ന യുദ്ധങ്ങളും പ്രോക്സി സംഘടനകള്‍ക്കുള്ള ഫണ്ടിങ്ങുമാണ് ഇറാന്റെ ഖജനാവ് ചോര്‍ത്തുന്ന ഏറ്റവും പ്രധാന സംഭവങ്ങള്‍. ഇറാഖുമായുള്ള എട്ട് വര്‍ഷത്തെ യുദ്ധം കുറഞ്ഞത് 3,00,000 ഇറാനിയന്‍ ജീവനുകളുാണ് അപഹരിച്ചത്. 5,00,000-ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇറാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് യുദ്ധം വലിയ ആഘാതമായി. ചെലവ് ഏകദേശം 500 ബില്യണ്‍ ഡോളറായിരുന്നു! 1988ല്‍ യുദ്ധം അവസാനിച്ചതിനുശേഷമാണ് ഇറാന്‍ ഒന്ന് പച്ചപിടിച്ചുവന്നത്. പക്ഷേ 1980 നും 2000 നും ഇടയില്‍ ഇറാന്റെ ജനസംഖ്യ ഇരട്ടിയിലധികമായി വര്‍ദ്ധിച്ചു. നിരവധി ഇറാനികള്‍ കര്‍ഷകരാണെങ്കിലും, 1960 കള്‍ മുതല്‍ കാര്‍ഷിക ഉല്‍പ്പാദനം സ്ഥിരമായി കുറഞ്ഞു. 1990 കളുടെ അവസാനത്തോടെ, ഇറാന്‍ അതിന്റെ ഭക്ഷണത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്തു. അക്കാലത്ത്, ഗ്രാമപ്രദേശങ്ങളില്‍നിന്ന് നഗരങ്ങളിലേക്ക് കൂട്ട പലായനവും ഉണ്ടായി.

സൈനിക ചെലവും രാജ്യത്ത് ഭീമാണ്. 2021- ല്‍ തന്നെ ഏറ്റവും കൂടുതല്‍ സൈനിക ചെലവിടുന്ന 14-ാമത്തെ രാജ്യമായി ഇത് മാറി. അതിനേക്കാള്‍ വലിയ ചിലവാണ് പ്രോക്സികളെ തീറ്റിപ്പോറ്റുക എന്നത്. ലെബനോണിലെ ഹിസ്ബുള്ളക്കും, യമനിലെ ഹൂതികള്‍ക്കുമൊക്കെ കോടികളുടെ ഫണ്ടാണ് ഇവര്‍ പമ്പ് ചെയ്യുന്നത്. അതുപോലെ വിമതരെ അടിച്ചമര്‍ത്താനും, ഭരണകൂടത്തിനെതിരെ പ്രതികരിക്കുന്നവരെ തുരത്താനും വേണ്ടി പോവുന്നതും ശതകോടികളാണ്. അതുപോലെ തന്നെയാണ് ആണവ പദ്ധതികള്‍. അതിനും കോടികളാണ് ഇറാന്‍ ചെലവിടുന്നത്. സ്വന്തം ജനത പട്ടിണി കിടക്കുമ്പോഴും, ഇസ്ലാമിക ഭരണകൂടത്തിന് പ്രധാനം ആറ്റം ബോംബുണ്ടാക്കുകയാണ്!

അമേരിക്കയുടെ ഉപരോധത്തില്‍ വലയുന്ന ഇറാന്, ട്രംപ് ജനുവരിയില്‍ അധികാരത്തില്‍ തിരിച്ചെത്തും വലിയ വിനയായി. ഇറാനെതിരെ പരമാവധി സമ്മര്‍ദ ഉപരോധ പ്രചാരണങ്ങളാണ് ട്രംപ് നടത്തുന്നത്. ജൂണില്‍ ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങള്‍ക്ക് ഇസ്രായേല്‍ ആക്രമണം നടത്തിയതിന് ശേഷം 12 ദിവസത്തെ മാരകമായ യുദ്ധം നടന്നിരുന്നു. കോടിക്കണക്കിന് നാശനഷ്ടങ്ങള്‍ക്കും വരുമാനനഷ്ടത്തിനും കാരണമായി.

ഇന്ത്യയുടെയും ചൈനയുടെയുമെല്ലാം പട്ടിണി മാറ്റിയത് ശരിക്കും പറഞ്ഞാല്‍ സാമ്പത്തിക ഉദാരീകരണവും ആഗോളീകരണവുമാണ്. എന്നാല്‍ ഇറാനില്‍ അതുപോലെ ഒരു അവസ്ഥയല്ല. ഇപ്പോഴും അടഞ്ഞ സാമ്പത്തിക അവസ്ഥയാണ് ഇറാനില്‍. ഇപ്പോഴും സ്വകാര്യവത്ക്കരണം വളരെ കുറവായ രാജ്യങ്ങളിലൊന്നാണ് ഇറാന്‍. സമ്പദ്വ്യവസ്ഥയുടെ 80%-ത്തിലധികവും സര്‍ക്കാര്‍ നിയന്ത്രണത്തിലാണ്. ഇതുതന്നെ ഒരു സാമ്പത്തിക രോഗമാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. 1979- ന് മുമ്പ്, ഇറാന്‍ അതിവേഗം വികസിച്ചിരുന്നു. പരമ്പരാഗതമായി കാര്‍ഷിക മേഖല ശക്തമായിരുന്നു ഈ രാജ്യം 1970 കളോടെ വ്യവസായവല്‍ക്കരണത്തിനും ആധുനികവല്‍ക്കരണത്തിനും വിധേയമായി. വിപ്ലവത്തിന് തൊട്ടുമുമ്പ് മൂലധന ഒഴുക്ക് 1980-യുഎസ് ഡോളറില്‍ 30 മുതല്‍ 40 ബില്യണ്‍ ഡോളറിലെത്തിയതോടെ 1978 ആയപ്പോഴേക്കും വേഗത കുറഞ്ഞു. 1979ലെ ദേശസാല്‍ക്കരണവും ഇറാന്‍-ഇറാഖ് യുദ്ധവുമൊക്കെ രാജ്യത്തെ പറികോട്ടടിപ്പിച്ചു.

'മുല്ലമാര്‍ ഇറാന്‍ വിട്ടുപോണം'

മുല്ലമാര്‍ ഇറാന്‍ വിട്ട് പോകണം, മുല്ലമാര്‍ മണ്‍മറഞ്ഞുപോകാതെ ഇറാന്‍ സ്വതന്ത്രമാകില്ല തുടങ്ങിയ ശക്തമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ്, ഇപ്പോള്‍ ജനങ്ങള്‍ തെരുവില്‍ സമരം ചെയ്യുന്നത്. പണമില്ലാതെ നട്ടം തിരിയുകയാണെന്നും ജീവിക്കാനാകുന്നില്ലെന്നുമാണ് സമരക്കാര്‍ പറയുന്നത്. അതേസമയം ജനങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറെന്ന് ഇറാന്‍ പ്രസിഡന്റ് പെസെഷ്‌കിയാന്‍ എക്‌സിലൂടെ അറിയിച്ചിട്ടുണ്ട്.




പുരോഹിത ഭരണം അവസാനിപ്പിക്കാനും പഴയ രാജഭരണം മതിയെന്നും പറയുന്ന മുദ്രാവാക്യങ്ങള്‍ യുവജനങ്ങള്‍ ഏറ്റെടുത്ത പ്രക്ഷോഭത്തില്‍ മുഴങ്ങിക്കേള്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്. പതിറ്റാണ്ടുകളായി ഇറാനില്‍ വിലക്കപ്പെട്ട ഒന്നായിരുന്നു പഴയ പഹ്ലവി രാജവംശത്തെ അനുകൂലിക്കുന്ന മുദ്രാവാക്യങ്ങള്‍. ഇപ്പോള്‍ ആയത്തൊള്ള ഖാമനേയിയുടെ നേതൃത്വത്തിലുള്ള ഇറാനിലെ ഭരണ സംവിധാനത്തിനെതിരായ പ്രക്ഷോഭത്തിന്റെ പ്രധാന മുദ്രാവാക്യമായി മാറിയിരിക്കുകയാണ് ആ പഴയ മുദ്രാവാക്യം. 'ജാവീദ് ഷാ' (ഷാ നീണാള്‍ വാഴട്ടെ) എന്ന വിളി ഖാമനേയി വിരുദ്ധ പ്രക്ഷോഭത്തിന്റെ ആവേശമായി മാറിയിരിക്കുകയാണ്. 1979-ല്‍ പുറത്താക്കപ്പെട്ട പഹ്ലവി രാജവംശത്തെയാണ് പ്രതിഷേധക്കാര്‍ ഇപ്പോള്‍ പിന്തുണയ്ക്കുന്നത്. ഇസ്ലാമിന്റെ കടന്നുവരവോടെ എല്ല അര്‍ത്ഥത്തിലും, പിറകോട്ടടക്കിയായിരുന്നു ഇറാന്‍.

നിലവില്‍ അമേരിക്കയില്‍ കഴിയുന്ന പഹ്ലവി രാജവംശത്തിലെ കിരീടാവകാശി റെസ പഹ്ലവി പ്രക്ഷോഭകാരികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചതായി ബിബിസിയടക്കം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട. ഇറാനിലെ ഭാവി ഭരണക്രമം തീരുമാനിക്കാന്‍ സ്വതന്ത്ര ഹിതപരിശോധന വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു. അതായത് ഇസ്ലാമിക ഭരണകൂടത്തിന് പകരം, ഒരു ജനാധിപ്യത്യ സംവിധാനമാണ് സമരക്കാര്‍ സ്വപ്നം കാണുന്നത്. 1979ല്‍ പഹ്ലവി രാജവംശത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ആയത്തുള്ള ഖൊമേനിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ഇസ്ലാമിക വിപ്ലവത്തിലൂടെയാണ് പഹ്ലവി രാജവംശത്തിറെ ഭരണം, ഇറാനില്‍ അവസാനിച്ചത്. പിന്നെ അങ്ങോട്ട് ഇസ്ലാമിക ഭരണത്തില്‍ ഞെരിഞ്ഞ് അമരുകയായിരുന്നു, ഒരുകാലത്ത് സംസ്‌ക്കാരങ്ങളുടെ കളിത്തൊട്ടില്‍ എന്ന് വിളിച്ചിരുന്ന ഈ നാട്ടില്‍ സുന്നികളെയും കമ്യുണിസ്റ്റുകളെയുമൊക്കെ കൂട്ടക്കൊലയാണ് പിന്നീട് കണ്ടതും. ഇപ്പോള്‍ അതേ ഇസ്ലാമിക കാര്‍ക്കശ്യത്തെ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളും തള്ളിപ്പറയുകയാണ്.

അതുപോലെ, ഇസ്ലാമിക ഭരണമായിരുന്നിട്ടും, അഴിമതിയും രാജ്യത്ത് വ്യാപകമാണ്. ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ രാജ്യങ്ങളില്‍ ഒന്നാണ് ഇറാന്‍ എന്നാണ് വിവധി പഠനങ്ങള്‍ പറയുന്നത്. 2021-ലെ ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലിന്റെ കറപ്ഷന്‍ പെര്‍സെപ്ഷന്‍സ് ഇന്‍ഡെക്സില്‍ 180 ല്‍ 150-ാം സ്ഥാനത്താണ് ഇറാന്‍. മതസ്ഥാപനങ്ങളും, ഉന്നത പുരോഹിതന്മാരുമാണ് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നത്. ഇത് വിഭവങ്ങള്‍ പാഴാക്കുന്നതിനും അവസരങ്ങള്‍ നഷ്ടപ്പെടുന്നതിനും കാരണമാകുന്നുവെന്ന് ടാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ ചൂണ്ടിക്കാട്ടുന്നു.

ഇറാനില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വ്യാപകമാണ്. സമീപ വര്‍ഷങ്ങളില്‍ രാജ്യത്ത് അഴിമതിയുടെയും തട്ടിപ്പിന്റെയും എണ്ണം മൂന്നിരട്ടിയായി വര്‍ദ്ധിച്ചു. ഈ കേസുകളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ ജീവനക്കാരോ സര്‍ക്കാര്‍ നടത്തുന്ന സാമ്പത്തിക സ്ഥാപനങ്ങളിലെ മാനേജീരിയല്‍ സ്ഥാനങ്ങളില്‍ നിയമിതരായ ആളുകളോ ആണ്, നികുതി നല്‍കാത്ത ഫൗണ്ടേഷനുകളുടെയും (ബോണയാഡുകള്‍) സുതാര്യതയില്ലാത്തത സംഘടനകളുടെയും സാന്നിധ്യം രാജ്യത്ത് ധാരാളമുണ്ട്. രാഷ്ട്രീയ ഉന്നതരുടെയും പ്രമുഖ പുരോഹിതന്മാരുടെയും മറ്റ് പ്രമുഖ രാഷ്ട്ര നേതാക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് ഈ ബോണയാഡുകള്‍ ട്രില്യണ്‍ കണക്കിന് ഡോളര്‍ പൊതു ഫണ്ട് വഴിതിരിച്ചുവിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഇറാനിലെ മത നേതൃത്വം തന്നെയാണ് സാമ്പത്തിക തകര്‍ച്ചക്കും ഉത്തരവാദികള്‍. ജനം അവര്‍ക്കെതിരെ തിരിയുന്നതില്‍ കുറ്റം പറയാന്‍ കഴിയില്ല.

എല്ലാകുറ്റവും യുഎസിനും ഇസ്രയേലിനും

പക്ഷേ ഈ രീതിയിലുള്ള ഒരു സ്വയം വിമര്‍ശനവും ഇറാന്‍ നടത്തുന്നില്ല. അവര്‍ എല്ലാകുറ്റവും അമേരിക്കയും ഇസ്രായേലിനും മേല്‍ ചാര്‍ത്തുകയാണ്്. ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍പോലും, ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ സ്പോണ്‍സര്‍ഷിപ്പില്‍ നടക്കുന്നതാണെന്നാണ് ഇറാന്‍ ഭരണകൂടം ആരോപിക്കുന്നത്. സമാധാനരമായി പ്രക്ഷോഭം നടത്തുള്ള ആളുകളെ ഇറാന്‍ ഭരണകൂടം കായികമായി നേരിട്ടാല്‍, തങ്ങള്‍ ഇടപെടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും അറിയിച്ചിട്ടുണ്ട്.

മിഡില്‍ ഈസ്റ്റിലെ തീവ്രവാദ, വിഘടനവാദി ഗ്രൂപ്പുകളെ ഭരണകൂടം പിന്തുണയ്ക്കുന്നു എന്ന കാരണം പറഞ്ഞാണ് അമേരിക്കയും സഖ്യ കക്ഷികളും ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ ആണവ സമ്പുഷ്ടീകരണത്തിന്റെ പേരിലും വലിയ ഉപരോധങ്ങള്‍ ഇറാന്‍ നേരിടുന്നുണ്ട്. ഇറാന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായ ക്രൂഡോയില്‍ വില്‍പ്പനയെയും ഉപരോധം സാരമായി ബാധിച്ചു. ഉപരോധങ്ങള്‍ കടുപ്പിച്ചതോടെഇറാന്‍ ആഗോള സമ്പദ്വ്യവസ്ഥയില്‍ നിന്ന് ഒറ്റപ്പെടുകയും അത് സാമ്പത്തിക മേഖലയുടെ തകര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്തു. പക്ഷേ അമേരിക്കയുടെ ആരോപണം നൂറുശതമാവും ശരിയാണെന്ന് ഏവര്‍ക്കും അറിയാം. ഇന്ന് ഹമാസ് മുതല്‍ ഹൂതികള്‍വെയുള്ള, ഇസ്ലാമിക ഭീകരവാദികളെ ഫണ്ട് ചെയ്യുന്ന രാജ്യങ്ങളിലൊന്ന് ഇറാന്‍ തന്നെയാണ്. അത് നിര്‍ത്താന്‍ അവര്‍ തയ്യാറാവുന്നില്ല. ജനം പട്ടിണി കിടക്കുമ്പോഴും, ഭീകരതക്ക് വളമിടാന്‍ തന്നെയാണ്, ഇറാന് താല്‍പ്പര്യം.




അതിനിടെ ഇറാനെതിരെ വീണ്ടും സൈനിക നീക്കങ്ങള്‍ക്ക് ഇസ്രയേല്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇറാന്‍ തങ്ങളുടെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ഈ ഭീഷണിക്കെതിരെ നടപടി എടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ധരിപ്പിക്കാനുള്ള നീക്കത്തിലാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവെന്ന് യുഎസ് മാധ്യമമായ എന്‍ബിസി ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയതിരുന്നു. നോക്കുക, ജനം പട്ടിണിയും പരിവട്ടവുമായി കഴിയുമ്പോഴും ബാലിസ്റ്റിക്ക് മിസൈലിനും, ആണവ റിയാക്ടറിനുമൊക്കെയാണ് ഇറാന്‍ ഭരണകൂടത്തിന്റെ മുന്‍ഗണന!

വാല്‍ക്കഷ്ണം: മതം പുളക്കുന്ന ഒരു രാജ്യവും രക്ഷപ്പെടില്ല എന്നതിന്റെ അവസാനത്തെ തെളിവ്കൂടിയാണ് ഇറാന്റെ അനുഭവം. ഒരു രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ഏറ്റവും അടിസ്ഥാനം, ഒരു മതേതര ജനാധിപത്യ ഭരണം തന്നെയാണ്. ഗള്‍ഫ് രാജ്യങ്ങളൊക്കെ പുരോഗമിക്കുന്നത് അവര്‍ മതത്തെ, പൊതുഭരണത്തില്‍നിന്ന് അകറ്റിനിര്‍ത്തുന്നതുകൊണ്ടും, നിരന്തരം പരിഷ്‌ക്കരണങ്ങള്‍ക്ക് വിധേയമാവുകയും ചെയ്യുന്നതുകൊണ്ട് കൂടിയാണ്.