രുകാലത്തെ ബന്ധുക്കള്‍ പില്‍ക്കാലത്തെ ശത്രുക്കളാവുന്നതുപോലെയാണ് രാഷ്ട്രങ്ങളുടെ കാര്യവും. കാലത്തിന്റെ കുത്തൊഴുക്കിനിടയില്‍ ജിയോ പൊളിറ്റിക്സ് മാറുന്നതിന് അനുസരിച്ച്, ശത്രുക്കള്‍ മാറിമറിഞ്ഞുവരും. ഇന്ത്യക്കും ബാധകമാണിത്. ഇപ്പോഴത്തെ ഇന്ത്യാ-പാക്കിസ്ഥാന്‍ പ്രശ്നങ്ങള്‍ നോക്കിയാല്‍, പുതിയ ശത്രുക്കള്‍ രാജ്യത്തിന് ഉണ്ടാവുകയാണ്. മറ്റൊരുരീതിയില്‍ പറഞ്ഞാല്‍ ശത്രുക്കളാല്‍ വലയം ചെയ്യപ്പെട്ടിരിക്കയാണ് നാം! തുര്‍ക്കിയും, അസര്‍ബൈജാനുമാണ് ഇന്ത്യയുടെ പ്രഖ്യാപിത ശത്രുക്കളായി ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന രണ്ടു രാജ്യങ്ങള്‍.

ഇന്ന് 'ജിന്നയുടെ വിശുദ്ധ നാട്ടുകാര്‍ക്ക്' ഏറ്റവും കൂടുതല്‍ സഹായം ചെയ്യുന്നത്, ഒരു കാലത്ത് 'യുറോപ്പിലെ രോഗി'യെന്ന പരിഹസിക്കപ്പെട്ട തുര്‍ക്കിയാണ്. സൈനിക സഹായവുമായി പാക്കിസ്ഥാന്റെ നട്ടെല്ലാണ് ഇന്ന് തുര്‍ക്കി. പാക്കിസ്ഥാന്‍ പഞ്ചാബിലേക്ക് അയച്ചത് തുര്‍ക്കി നിര്‍മ്മിത ഡ്രോണുകളാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. പാകിസ്ഥാന് പരസ്യ പിന്തുണയുമായി തുര്‍ക്കി പ്രസിഡന്റ് ഉര്‍ദ്ദുഗാനും രംഗത്തെത്തിയിരുന്നു. അസര്‍ബൈജാനും പാകിസ്ഥാന് പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു.




പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് പാക്കിസ്ഥാന്‍ ആവശ്യമുന്നയിച്ചപ്പോള്‍ അതിനെ പിന്തുണച്ച രാജ്യങ്ങളായിരുന്നു ഇരുവരും. പാക്കിസഥാനിലെ ഭീകരകേന്ദ്രങ്ങള്‍ക്കെതിരേ നടന്ന ആക്രമണത്തെയും അവര്‍ അപലപിച്ചു. മാത്രമല്ല, പാക്കിസ്ഥാനിലെ ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുന്നുവെന്ന് ഇരുവരും പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതാണ് ഇന്ത്യയുമായുള്ള ഇരുരാജ്യങ്ങളുടെയും ബന്ധത്തെ സങ്കീര്‍ണമാക്കുന്നത്.


ചൈന അല്‍പ്പം പിറകോട്ട്

ഒരുകാലത്ത് പാക്കിസ്ഥാന് ആയുധങ്ങളും പണവും നല്‍കിയിരുന്നത് അമേരിക്കയായിരുന്നു. എന്നാല്‍ വാളെടുത്തവന്‍ വാളാല്‍ എന്ന രീതിയില്‍ ഭീകരവാദം ബുമറാങ്ങായതോടെ അമേരിക്ക ആ പരിപാടിയില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. പിന്നെയുള്ളത് ചൈനയായിരുന്നു. എക്കാലവും പാക്കിസ്ഥാന് ഒപ്പമാണ് ചൈന നിന്നത്. പക്ഷേ പഹല്‍ഗാം ആക്രമണത്തിനുശേഷം ഇന്ത്യ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയപ്പോള്‍, ചൈന തണുപ്പന്‍ മട്ടിലാണ് പ്രതികരിച്ചത്. തങ്ങള്‍ക്ക് ഒപ്പം നില്‍ക്കുമെന്ന് കരുതിയിരുന്ന ഒരു രാജ്യം ഈ രീതിയില്‍ പ്രതികരിച്ചത് ശരിക്കും പാക്കിസ്ഥാനെ ഞെട്ടിച്ചിരുന്നു. പാക്കിസ്ഥാന് ഒപ്പമാണെങ്കിലും ചൈന ഒരിക്കലും ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല. കാരണം അവര്‍ക്ക് കോടികളുടെ നിക്ഷേപമാണ് പാക്കിസ്ഥാനിനുള്ളത്.

പാക്കിസ്ഥാനിലെ പ്രധാന തുറമുഖങ്ങളിലും തന്ത്രപ്രധാന മേഖലകളിലും വലിയ നിക്ഷേപമാണ് ചൈനക്കുള്ളത്. തങ്ങളുടെ താല്‍പ്പര്യത്തിന് അനുസരിച്ച് നില്‍ക്കുന്നൊരു സര്‍ക്കാരും സൈന്യവും ഉള്ളതാണ് ചൈനയെ ഇത്രയധികം നിക്ഷേപത്തിന് പ്രേരിപ്പിച്ചത്. ബലൂചിസ്ഥാന്‍ എന്ന പാക്കിസ്ഥാന്റെ 40 ശതമാനം ഭൂമി വരുന്ന പ്രവിശ്യയില്‍, പാക് പട്ടാളത്തെ പിന്‍തള്ളി ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെ കൊടി ഉയര്‍ന്നുവെന്നത് ഞെട്ടലോടെയാണ്, ചൈനയും കാണുന്നത്. വിവിധ റോഡ് നിര്‍മ്മാണത്തിനും തുറമുഖ നിര്‍മ്മാണത്തിനും, ഒക്കെയായി ബലുചിസ്ഥാനില്‍ എത്തിയ ചൈന ഇപ്പോള്‍ അവിടം അടക്കി ഭരിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുക. രാജ്യത്തിനുള്ളില്‍ മറ്റൊരു രാജ്യം എന്നപോലെ ചൈന തങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്ന സ്ഥലങ്ങളില്‍ ഔട്ട്‌പോസ്റ്റുകളും ചെക്ക് പോസ്റ്റുകളും വെച്ചിരിക്കയാണ്. അവിടെ നൂറ്റാണ്ടുകളായി താമസിച്ചുവരുന്ന ബലൂചികള്‍ക്ക് ചൈനയുടെ പരിശോധന കൂടാതെ ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്ക് പോകാന്‍ കഴിയില്ല എന്ന അവസ്ഥ വന്നിരിക്കയാണ്. കടക്കെണിയിലായ പാക്കിസ്ഥാന് ആകട്ടെ ഇതില്‍ ഒന്നും പ്രതികരിക്കാന്‍ കഴിയുന്നില്ല.

60 ബില്യന്‍ ഡോളറിന്റെ സാമ്പത്തിക ഇടനാഴി പണിയുന്നതും ചൈനയാണ്. ഒമാന്‍ ഉള്‍ക്കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനമായ ഖ്വാദിര്‍ തുറമുഖം ഇപ്പോള്‍ ചൈനയുടെ കൈയിലാണ്. ഇത് പാക്കിസ്ഥാന്‍ ചൈനക്ക് 40 വര്‍ഷത്തേക്ക് പാട്ടത്തിന് കൊടുത്തിരിക്കയാണ്. ശ്രീലങ്കയിലെ ഹമ്പന്‍തോട്ട തുറമുഖം പിടിച്ചതിന് സമാനമായാണ് ഇവിടെ ചൈന പ്രവര്‍ത്തിച്ചത്. കടം തിരിച്ചുകൊടുക്കാന്‍ പാക്കിസ്ഥാന് കഴിയാതെ ആയതോടെ പോര്‍ട്ട് ചൈന ഏറ്റെടുത്തു. അതോടെ തദ്ദേശീയര്‍ പ്രതിസന്ധിയിലായി. ഇതിനെതിരെ നാട്ടുകാര്‍ വലിയ പ്രക്ഷോഭം നടത്തിയിരുന്നു. സിന്ധിലും ഇതേ പ്രശ്‌നം ഉണ്ട്. ഇപ്പോള്‍ കറാച്ചിയിലെ രണ്ട് ദ്വീപികള്‍ ചൈനക്ക് വിട്ടുകൊടുക്കാന്‍ പോകയാണ്. അതിനെതിരെയും പ്രദേശവാസികള്‍ പ്രശ്‌നം ഉണ്ടാക്കുന്നുണ്ട്.




ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമായുള്ള വ്യാപാരം മെച്ചപ്പെടുത്തുന്നതിനും പാക്കിസ്ഥാനില്‍ സ്വാധീനം ഉറപ്പിക്കുന്നതിനുമായി 2015-ല്‍ ചൈന മുന്‍കൈയെടുത്ത് ആരംഭിച്ചതാണ് ചൈന- പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി. ഇതുപ്രകാരം ഖ്വാദര്‍, കറാച്ചി തുറമുഖങ്ങളുടെ നവീകരണത്തിന് ചൈന വലിയ സാമ്പത്തികസഹായം നല്‍കുന്നു. ദക്ഷിണേഷ്യന്‍ വ്യാപാരം സുഗമമാക്കുകയാണ് ലക്ഷ്യം. ഒരുയുദ്ധമുണ്ടാവുകയാണെങ്കില്‍ ചൈനയുടെ ഈ സാമ്പത്തിക താല്‍പ്പര്യങ്ങളെല്ലാം വെള്ളത്തിലാവും. അതുകൊണ്ടാണ് ചൈന ഇപ്പോള്‍ ഒന്ന് പറികോട്ടടിച്ച രീതിയില്‍ പ്രതികരിക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങള്‍ സമവായ പാതയില്‍

അതുപോലെ തന്നെ മറ്റ് ഇസ്ലാമിക രാജ്യങ്ങളില്‍നിന്നും പഴയ പിന്തുണ പാക്കിസ്ഥാന് കിട്ടുന്നില്ല. സൗദി അറേബ്യ, യുഎഇ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇസ്രയേലുമായിപ്പോലും സമവായത്തിന്റെ പാതയിലാണിപ്പോള്‍. കഴിഞ്ഞ കുറേക്കാലമായി സൗദിയും, യുഎഇയുമായി ഭാരതത്തിന് മികച്ച ബന്ധമാണ്. മാത്രമല്ല കോടിക്കണക്കിന് രൂപയുടെ വാണിജ്യ-വ്യാപാര ബന്ധങ്ങളാണ് ഈ രാജ്യങ്ങള്‍ തമ്മിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ സൗദിയും യുഎഇയുമൊക്കെ സന്ദര്‍ശിച്ചപ്പോള്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. സൗദി കിരീടാവകാശി മുഹമ്മദ് ബില്‍ സുല്‍ത്താനുമായി വളരെ നല്ല ബന്ധമാണ് ഇന്ത്യന്‍ ഭരണാധികാരികള്‍ക്കുള്ളത്. ഇറാനും സൗദിയും, കശ്മീര്‍ പ്രശ്‌നത്തിന് ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ പാക്കിസ്ഥാനെ സഹായിക്കുന്ന സൗദി അറേബ്യ പക്ഷേ, യുദ്ധ വേളയില്‍ സൈനിക സഹായം നല്‍കുന്നില്ല. ആഗോള തീവ്രവാദത്തിന് ഫണ്ട് ചെയ്യുന്നുവെന്ന് കരുതുന്ന ഖത്തറുമായിപ്പോലും ഇന്ത്യ നല്ല ബന്ധത്തിലാണ്.



ഷിയാ രാഷ്ട്രമായ ഇറാനും, സുന്നി രാഷ്ട്രമായ പാക്കിസ്ഥാനും തമ്മില്‍ നേരത്തെ പ്രശ്‌നമുണ്ട്. അടുത്തിടെയും ചില സംഘര്‍ഷങ്ങളുണ്ടായിരുന്നു. അതിര്‍ത്തി വഴിയുള്ള പാക്കിസ്ഥന്റെ അനിയന്ത്രിത ഇടപെടല്‍ ആയിരുന്നു തര്‍ക്കത്തിന് കാരണം. അതുകൊണ്ടുതന്നെ കാശ്മീര്‍ പ്രശ്‌നത്തില്‍ ഇറാന്റെ സഹായം, പാക്കിസ്ഥാനും കിട്ടില്ലെന്ന് ഉറപ്പാണ്. ഇറാനുമായി ഇന്ത്യയുടെ ബന്ധം മോശമായിട്ടില്ല. ഇപ്പോഴും വാതക പൈപ്പ്‌ലൈന്‍ ചര്‍ച്ചയും, എണ്ണ വാങ്ങലുമായി ആ ബന്ധം ഊഷ്മളമാണ്.

അഫ്ഗാനുമായും കടുത്ത പ്രശ്‌നത്തിലാണ് പാക്കിസ്ഥാന്‍. ഇപ്പോള്‍ 30 ലക്ഷത്തോളം വരുന്ന അഫ്ഗാനികളെ, പാക്കിസ്ഥാന്‍ തങ്ങളുടെ രാജ്യത്തുനിന്ന് നാടുകടത്തിക്കൊണ്ടിരിക്കയാണ്. ബലൂച് തീവ്രവാദികളെ പിന്തുണക്കുന്ന പലരും അഫ്ഗാനില്‍ ഒളിത്താവളം അടിച്ചിട്ടുണ്ടെന്നും പാക്കിസ്ഥാന് പരാതിയുണ്ട്. ഈ സാഹചര്യത്തില്‍ രണ്ടേ രണ്ട് രാജ്യങ്ങളെ പാക്കിസ്ഥാനെ പ്രത്യക്ഷമായി സഹായിക്കുന്നുള്ളു. അതാണ് തുര്‍ക്കിയും, അസര്‍ബൈജാനും. അവരെ പൂട്ടാനുള്ള നടപടികളാണ് ഇന്ത്യ ഇപ്പോള്‍ ആലോചിച്ചുവരുന്നതും.

പാക്കികള്‍ക്ക് പിന്തുണയുമായി തുര്‍ക്കി

ചൈന പോലും മടിച്ചുനില്‍ക്കുമ്പോള്‍ പാക്കിസ്ഥാന് ആയുധവും ധനവും നല്‍കുന്ന ഏക രാഷ്ട്രമായി തുര്‍ക്കി മാറിയിരിക്കയാണ്. പാക്കിസ്ഥാനും തുര്‍ക്കിയും തമ്മില്‍ വളരെ നേരത്തെയുള്ള സുദൃഡമായ ബന്ധമാണ്. അതിന്റെ അടിസ്ഥാന കാരണവും മതമാണ്. തുര്‍ക്കിയിലെ ഖിലാഫത്തിന് ഇന്ത്യയില്‍പോലും വേരുകളുണ്ടായി. അത് ഇന്ത്യയുടെ സ്വാതന്ത്ര്യസമരവുമാാെയക്കെ ബന്ധപ്പെട്ടു കിടക്കുന്നു. ഓട്ടോമാന്‍ സാമ്രാജ്യവും, ഇസ്ലാമിക ഖാലിഫേറ്റുമൊക്കെ പാക്കിസ്ഥാനികളുടെ മനസ്സിലും കുളിരുകോരിയിടുന്ന കാര്യമാണ്. യൂറോപ്പിലെ ഇസ്ലാമിക സംസ്‌കൃതിയുടെ പ്രധാന കേന്ദ്രമാണ് തുര്‍ക്കി. മുസ്തഫ കമാല്‍ പാഷയെ പോലുള്ള അങ്ങേയറ്റം മതേതരനായ ഒരു വ്യക്തി ഭരിച്ചിട്ടും ക്രമേണെ ആ നാട് മതമൗലികാവാദത്തിലേക്ക് നീങ്ങുകയാണ് ചെയ്തത്. ഒരുപാട് യുദ്ധങ്ങള്‍ക്കും കണ്ണീരുകള്‍ക്കും സാക്ഷ്യം വഹിച്ച തുര്‍ക്കി, 'യൂറോപ്പിന്റെ രോഗി' എന്ന പരിഹാസപ്പേര് എന്നും അന്വര്‍ത്ഥമാക്കിയിരുന്നു.

മതത്തിന്റെ പേരില്‍ ഉണ്ടായ രാജ്യമാണ് പാക്കിസ്ഥാന്‍. പിന്നെ തുര്‍ക്കിക്ക് അവരെ പിന്തുണക്കാന്‍ ആവാതിരിക്കില്ലല്ലോ. എര്‍ദോഗാന്റെ സമ്പുര്‍ണ്ണ ആധിപത്യമുള്ള തുര്‍ക്കിയില്‍ മതമൗലികാവാദത്തിന് ഇന്നും വലിയ മാര്‍ക്കറ്റാണ്. തുര്‍ക്കിയെയും പാകിസ്ഥാനും തമ്മില്‍ ശക്തവുമായ പ്രതിരോധ ബന്ധമുണ്ട്. ചരിത്രപരമായി, പാകിസ്ഥാനും തുര്‍ക്കിയെയും യുഎസ് നേതൃത്വത്തിലുള്ള ബാഗ്ദാദ് ഉടമ്പടിയുടെയും അതിന്റെ തുടര്‍ന്നുള്ള അസെന്‍ട്രല്‍ ട്രീറ്റി ഓര്‍ഗനൈസേഷന്റെയും (സെന്റോ) ഭാഗമായിരുന്നു. അവര്‍ സൈനികമായി സഹായിക്കുന്നതും ഇതാദ്യമല്ല. പാക് നേവിയുടെയും എയര്‍ഫോഴ്‌സിന്റെയും നട്ടെല്ലാണ് തുര്‍ക്കി. ആധുനിക വിമാനങ്ങള്‍ കൊടുക്കുന്നതും, മെയിന്റന്‍സ് ചെയ്യുന്നതും, യുദ്ധക്കപ്പലുകള്‍ ഇറക്കുന്നതുമൊക്കെ തുര്‍ക്കിയുടെ സഹായത്തോടെയാണ്.

പട്ടിണി രാജ്യമാണെങ്കിലും ബില്യണ്‍ കണക്കിന് ഡോളറിന്റെ ആയുധങ്ങളാണ് പാക്കിസ്ഥാന്‍ തുര്‍ക്കിയില്‍ നിന്ന് വാങ്ങിയിരിക്കുന്നത്. ഇന്നും യൂറോപ്പിലെ ഏറ്റവും വലിയ സൈനിക ശക്തികളില്‍ ഒന്നാണ് തുര്‍ക്കി. സൈന്യത്തില്‍ 4,81,000 സജീവ ഉദ്യോഗസ്ഥര്‍ ഉണ്ടെന്നാണ് കണക്ക്. റിസര്‍വ് ആര്‍മിയില്‍, 3,80,000പേരും. 25 ബില്യണ്‍ യുഎസ് ഡോളറിന്റെ സൈനിക ബജറ്റാണ് അവരുടേത്. യുഎസ് സായുധ സേനയ്ക്ക് ശേഷം നാറ്റോയിലെ രണ്ടാമത്തെ വലിയ സൈനിക ശക്തിയാണ് തുര്‍ക്കി.




പേരുകേട്ടതാണ് അവരുടെ വ്യോമസേനയും, നാവിക സേനയും. അതുകൊണ്ടുതന്നെ കോടിക്കണക്കിന് ഡോളര്‍ നല്‍കിയാണ് പാക്കിസ്ഥാന്‍ തുര്‍ക്കിയുടെ സഹായത്തോടെ സേനയെ നവീകരിക്കുന്നത്. യുദ്ധക്കപ്പലുകള്‍ രൂപകല്‍പ്പന ചെയ്യാനും നിര്‍മ്മിക്കാനും പരിപാലിക്കാനും തദ്ദേശീയമായി കഴിവുള്ള പത്ത് രാജ്യങ്ങളില്‍ ഒന്നാണ് തുര്‍ക്കി. അവരാണ്, പാക് നേവിയുടെ കരുത്ത്. തുര്‍ക്കിയെ സംബന്ധിച്ച് കോടിക്കണക്കിന് ഡോളറിന്റെ ആയുധങ്ങളും മെയിന്റനന്‍സ് കരാറുമാണ് തുര്‍ക്കിയുടെ പേരില്‍ കിട്ടുന്നത്. മത താല്‍പ്പര്യത്തോടൊപ്പം സാമ്പത്തിക താല്‍പ്പര്യവും പാക്കിസ്ഥാന്റെ കാര്യത്തില്‍ തുര്‍ക്കിക്ക് ഉണ്ടെന്ന് വ്യക്തമാണ്.

രക്തമുണങ്ങാത്ത അസര്‍ബൈജാന്‍

ലക്ഷക്കണക്കിന് ലിറ്റര്‍ ചോര ഒഴുകിപ്പോയ ഒരു മുന്‍ സോവിയറ്റ് റിപ്പബ്ലിക്കാണ് അസര്‍ബൈജാന്‍. അര്‍മീനിയയും അസര്‍ബൈജാനും തമ്മിലുള്ള തകര്‍ക്കങ്ങളില്‍ ആയിരങ്ങളാണ് കൊല്ലപ്പെട്ടത്. 95% ക്രിസ്ത്യന്‍ മതത്തില്‍ വിശ്വസിക്കുന്നവരുള്ള അര്‍മേനിയയില്‍ 30 ലക്ഷമാണ് ജനസംഖ്യ. അസര്‍ബൈജാനില്‍ ഒരു കോടിയാണ് ജനസംഖ്യ, അതില്‍ 99% മുസ്ലീങ്ങള്‍. അതുകൊണ്ടുതന്നെ തുര്‍ക്കി അസര്‍ബൈജാന്റെ പക്ഷത്താണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.




ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം തീക്കനലാക്കി നിര്‍ത്തുന്നതില്‍ രണ്ട് കൂട്ടക്കൊലകള്‍ക്കു പങ്കുണ്ട്. ഒന്നാം ലോക മഹായുദ്ധ കാലത്ത് ഓട്ടോമന്‍ സാമ്രാജ്യമായിരുന്നു അര്‍മേനിയ ഭരിച്ചിരുന്നത്. 1915 -17-ല്‍ അര്‍മേനിയയിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷം റഷ്യയുമായി സഹകരിച്ചു എന്നതിന്റെ പേരില്‍ ഓട്ടോമന്‍ തുര്‍ക്കികള്‍ അര്‍മേനിയന്‍ ജനതയ്‌ക്കെതിരേ നടത്തിയ കൂട്ടക്കൊലയെ അര്‍മേനിയന്‍ വംശഹത്യ എന്നറിയപ്പെടുന്നത്. 15 ലക്ഷത്തോളം അര്‍മേനിയക്കാരാണ് അന്ന് കൊല്ലപ്പെട്ടത്. മറ്റൊരു കൂട്ടക്കൊല 1992-ലേതാണ്. ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധമുണ്ടായപ്പോള്‍ ഖോജാലി പട്ടണത്തില്‍ അസീറിയന്‍ വംശജരായ 161 പൗരന്മാരെ അര്‍മേനിയന്‍ സേനയും 366-ാമത് സി.ഐ.എസ്. റെജിമന്റും ചേര്‍ന്ന് കൊല ചെയ്തതാണ് ഖോജാലി കൂട്ടക്കൊലയെന്ന് അറിയപ്പെടുന്നത്. 106 സ്ത്രീകളും 63 കുട്ടികളും ഉള്‍പ്പെടെ 613 സിവിലയന്മാര്‍ മരിച്ചതായി അസര്‍ബൈജാന്‍ അവകാശപ്പെടുന്നു.

ഇതിന്റെ തുടര്‍ച്ചയായി ഒട്ടനവധി യുദ്ധങ്ങളുണ്ടായി. ഇവിടെയും ഒരു പ്രധാന പ്രശ്നം മതമാണ്. അസര്‍ബൈജാന്റെ അകത്തുള്ള ഭൂപ്രദേശമാണ് നഗോര്‍ണോ- കാരബാക്ക്. അര്‍മേനിയന്‍ വംശജര്‍ക്ക് ഭൂരിപക്ഷമുള്ള നിബിഡ വനങ്ങളോടുകൂടിയ മലമ്പ്രദേശം. ഐക്യരാഷ്ട്രസഭയടക്കം എല്ലാ ലോകരാജ്യങ്ങളും ഇവിടെ അസര്‍ബൈജാന്റെ രാഷ്ട്രീയാധികാരം അംഗീകരിച്ചത്.1.5 ലക്ഷമാണ് ജനസംഖ്യയുള്ള ഇവിടെ, 99.7% അര്‍മേനിയന്‍ വംശജരാണ്. രണ്ടുവര്‍ഷംമുമ്പ് അസര്‍ബൈജാന്‍ ഇവിടെ ആക്രമിച്ച് കീഴടക്കി ആയിരിക്കണക്കിന് അര്‍മീനയക്കാരെതാണ് കൊന്നൊടുക്കിയത്.

അന്ന് അര്‍മീനയക്കാരെ കൂട്ടക്കൊലചെയ്യാന്‍ എല്ലാ പിന്തുണയും നല്‍കിയതും തുര്‍ക്കിയാണ്. 'കൈയേറ്റം ചെയ്യപ്പെട്ട പ്രദേശങ്ങളെ സ്വതന്ത്രമാക്കാനും മാതൃഭൂമി സംരക്ഷിക്കാനുമുള്ള അസീറി സഹോദരങ്ങളുടെ പോരട്ടത്തിനൊപ്പമാണ് ഞങ്ങള്‍' എന്നായിരുന്നു തുര്‍ക്കി പ്രസിഡന്റ് രജബ് ത്വയ്യിബ് എര്‍ദോഗാന്‍ പറഞ്ഞത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് തുര്‍ക്കി കടന്നുവന്നത് 2016-ലെ യുദ്ധത്തിന് ശേഷമാണ്. 2020-ല്‍ വീണ്ടും ഇരുരാജ്യങ്ങളും തമ്മില്‍ ഏറ്റമുട്ടിയപ്പോള്‍ തുര്‍ക്കി അസര്‍ബൈജാന് പിന്തുണ നല്‍കി. 2020-ലെ സംഘര്‍ഷത്തില്‍ അത്യാധുനിക ഡ്രോണുകള്‍ അടക്കം വലിയ അളവില്‍ ആയുധസഹായം അസര്‍ബൈജാനു തുര്‍ക്കി നല്‍കി. അന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്ന ഉടമ്പടിയുണ്ടാവുന്ന ഘട്ടത്തില്‍ റഷ്യയുടെ മധ്യസ്ഥതയ്ക്കു പുറമേ തുര്‍ക്കിയും രംഗത്തുവന്നു. തുര്‍ക്കിക്കും അസര്‍ബൈജാനും ഇടയില്‍ റോഡ് നിര്‍മ്മിക്കാനും റഷ്യയുമായി ചേര്‍ന്ന് അവരുടെ സമാധാന വാഹകസംഘത്തെ അയക്കുമെന്നും തുര്‍ക്കി ഉറപ്പുനല്‍കി. സിറിയന്‍ സൈനികരെ തുര്‍ക്കി അര്‍മേനിയക്കെതിരെ പോരാടാന്‍ ലഭ്യമാക്കുന്നുവെന്നും ആരോപണമുണ്ട്. അസര്‍ബൈജാനില്‍നിന്ന് എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യമാണ് തുര്‍ക്കി. തുര്‍ക്കിയിലെ പ്രധാന നിക്ഷേപകരാണ് അസര്‍ബൈജാന്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ തുര്‍ക്കിയുടെ നിലപാടിനൊപ്പമാണ് പാക്കിസ്ഥാന്‍. എന്നാല്‍ ഇന്ത്യ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചത്.

റഷ്യ- യുക്രൈന്‍ സംഘര്‍ഷത്തില്‍ പരസ്യമായി എടുക്കുന്ന അതേ നിലപാടാണ് അസര്‍ബൈജാന്‍- അര്‍മേനിയ പോരിലും അടുത്തകാലത്തായി ഇന്ത്യ കൈക്കൊള്ളുന്നത്. നയതന്ത്രത്തിന്റെ വഴിയിലും സംഭാഷണത്തിലൂടെയും മാത്രമേ ഇത്തരം സംഘര്‍ഷങ്ങക്ക് അറുതി വരുത്താന്‍ കഴിയൂ എന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചത്. ജോര്‍ജിയ, അസര്‍ബൈജാന്‍, അര്‍മേനിയ എന്നീ അടുത്തടുത്ത് കിടക്കുന്ന രാജ്യങ്ങളില്‍ അര്‍മേനിയയുമായി മാത്രമാണ് ഇന്ത്യയ്ക്ക് സഹകരണ കരാറുള്ളത്. 1995-ലാണ് സൗഹൃദ- സഹകരണ ഉടമ്പടി ഇരുരാജ്യങ്ങളും ഒപ്പുവെക്കുന്നത്. കശ്മീരടക്കമുള്ള വിഷയങ്ങളില്‍ അര്‍മേനിയ ഇന്ത്യയ്ക്ക് ഉപാധികളില്ലാത്ത പിന്തുണയാണ് നല്‍കി വരുന്നത്. അസര്‍ബൈജാന്‍ പാക്കിസ്ഥാനെ പിന്തുണയ്ക്കുകയും അവരുടെ അവകാശവാദങ്ങള്‍ക്കൊപ്പം നില്‍ക്കുകയുമാണ് ചെയ്തത്. തങ്ങളുടെ കീഴിലുള്ള എല്ലാ പ്രദേശത്തുനിന്നും അര്‍മേനിയ സേനയേ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 2008-ല്‍ ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലിയില്‍ അസര്‍ബൈജാന്‍ ഒരു പ്രമേയം കൊണ്ടുവന്നിരുന്നു. അന്ന് പ്രമേയത്തെ എതിര്‍ത്ത് തോല്‍പ്പിച്ചവരില്‍ റഷ്യയ്ക്കും ഫ്രാന്‍സിനും അമേരിക്കക്കും പുറമേ ഇന്ത്യയുമുണ്ടായിരുന്നു.

അര്‍മേനിയ ഇന്ത്യയില്‍നിന്നു പലതവണ ആയുധങ്ങള്‍ വാങ്ങിയിട്ടുണ്ട്. ആയുധങ്ങള്‍ വിന്യസിച്ചിരിക്കുന്ന സ്ഥാനങ്ങള്‍ കൃത്യമായി നിര്‍ണ്ണയിക്കാന്‍ കഴിയുന്ന ഇന്ത്യയുടെ നാല് സ്വാതി റഡാറുകള്‍ അര്‍മേനിയ 2020-ല്‍ വാങ്ങിയിരുന്നു. ഇതിനുപുറമേ, കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്ത്യയുടെ മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചറുകളായ പിനാകയും ടാങ്കുകള്‍ കണ്ടെത്തി നശിപ്പിക്കാന്‍ കഴിയുന്ന കോണ്‍കുര്‍ മിസൈലുകളും അര്‍മേനിയ വാങ്ങിയിരുന്നു. അസര്‍ബൈജാന്റെ എണ്ണ ശേഖരം തന്നെയാണ് അവര്‍ക്കൊപ്പം നില്‍ക്കാന്‍ തുര്‍ക്കിയെ പ്രേരിപ്പിക്കുന്നത് എന്ന് വിലയിരുത്തലുണ്ട്. പാക്കിസ്ഥാന്‍ വിഷയത്തിലെന്നപോലെ ഇവിടെയും മതത്തോട് ഒപ്പം സാമ്പത്തിക താല്‍പ്പര്യങ്ങളും കടന്നുവരുന്നുണ്ട്. ഇപ്പോള്‍ തുര്‍ക്കിക്ക് ഒപ്പം അസര്‍ബൈജാനും പൂര്‍ണ്ണമായും പാക്കിസ്ഥാന്‍ അനുകൂല നിലപാടുകളിലേക്ക് മാറിയിരിക്കയാണ്.

ബംഗ്ലാദേശും ഇന്ത്യക്കെതിരെ

ഇന്ത്യ രക്തം നല്‍കി ഉണ്ടാക്കിയ രാജ്യമാണ് ബംഗ്ലാദേശ്. 1971-ലെ ആഭ്യന്തര യുദ്ധത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, സൈന്യത്തെ അയച്ച് നടത്തിയ നിര്‍ണ്ണായക നീക്കമാണ്, പാക്കിസ്ഥാനെ പിളര്‍ത്തി ബംഗ്ലാദേശിനെ ഉണ്ടാക്കിയത്. പാക് പട്ടാളം, ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടെ പതിനായിരങ്ങളെ കൊന്നും ബലാത്സഗംചെയ്തും മുന്നേറുമ്പോള്‍, രക്ഷകരായി എത്തിയത് ഇന്ത്യന്‍ ആര്‍മിയായിരുന്നു. അതുകൊണ്ടുതന്നെ ആദ്യകാലത്തെ ബംഗ്ലാദേശ് ഭരണകൂടങ്ങളെല്ലാം, ഇന്ത്യയോട് കടുത്ത ആഭിമുഖ്യം കാണിച്ചിരുന്നു. എന്നാല്‍ മതമൗലികവാദികള്‍ക്ക് എന്നും വേരുണ്ടായിരുന്ന സ്ഥലമായിരുന്നു ബംഗ്ലാദേശ്. അവര്‍ അവിടുത്തെ ന്യൂനപക്ഷങ്ങായ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും നിരന്തരം ഉപദ്രവിച്ച് കൊണ്ടിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയശേഷം ന്യൂനപക്ഷ ജനസംഖ്യയില്‍ വന്‍ വര്‍ധനയാണ് ഉണ്ടായതെങ്കില്‍, ബംഗ്ലാദേശില്‍ കാര്യങ്ങള്‍ തിരിച്ചായിരുന്നു. ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും ജനസംഖ്യ അവിടെ വന്‍തോതില്‍ ഇടിഞ്ഞു.

ഏറ്റവും ഒടുവിലായി ബീഗം ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പുറത്തായതോടെ, ബംഗ്ലാദേശില്‍ മതമൗലികവാദികളുടെയും ഇന്ത്യാ വിരുദ്ധരുടെയും വിളയാട്ടമാണ്. അവിടെ ന്യൂനപക്ഷങ്ങള്‍ വ്യാപകമായി ആക്രമിക്കപ്പെടുകയും ചെയ്തു. നൊബേല്‍ സമ്മാനം നേടിയ, സാമ്പത്തിക വിദഗ്ധന്‍ ഡോ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ഒടുവില്‍ ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ ഉണ്ടായപ്പോള്‍, ഇന്ത്യക്കും പ്രതീക്ഷകള്‍ ഏറെയുണ്ടായിരുന്നു. എന്നാല്‍ ബംഗ്ലാദേശിലെ മതമൗലികവാദികളുടെയും, പാക് ബന്ധമുള്ള തീവ്രവാദികളുടെയും കൈയിലെ വെറും കളിപ്പാവയാവാന്‍ ആയിരുന്നു ഡോ യൂനുസിന്റെ വിധി. തീര്‍ത്തും പാക്കിസ്ഥാന്‍- ചൈന അനുകൂല നടപടികളാണ് മുഹമ്മദ് യൂനുസ് എടുക്കാറുള്ളത്. പഹല്‍ഗാം ഭീകരാക്രമണത്തെ പേരിന് ഒന്ന് അപലപിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്.




പാക്കിസ്ഥാന്‍ ഇന്ത്യയെ ആക്രമിച്ചാല്‍, ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ബംഗ്ലാദേശ് ആക്രമിക്കണമെന്ന് ബംഗ്ലാദേശ് മുന്‍ സൈനിക മേധാവി പറഞ്ഞതും അതിനിടെ വാര്‍ത്തയായിരുന്നു. അതിനുശേഷമാണ് ചൈനയില്‍ വെച്ച് യൂനസിന്റെ പരാമര്‍ശം ഉണ്ടായത്. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കരക്കുടുക്കില്‍ ( കരയാല്‍ ചുറ്റപ്പെട്ടത്) തുടരുന്ന മേഖലയെന്നായിരുന്നു യൂനസിന്റെ പരാമര്‍ശം. മേഖലയിലൂടെ ചൈന വ്യാപാര ഇടനാഴി നടപ്പാക്കണമെന്നും ഞങ്ങള്‍ സഹായിക്കാമെന്നുമുള്ള തരത്തില്‍ പ്രസ്താവനയും യൂനുസ് നടത്തിയിരുന്നു. ഇത് ഇന്ത്യയെ വല്ലാതെ ചൊടിപ്പിച്ചു.

മുഹമ്മദ് യൂനുസിന്റെ വിടുവായത്തത്തിന് ഇപ്പോള്‍ പവൃത്തിയിലൂടെ ഭാരതം മറുപടി നല്‍കുകയാണ്. മേഘാലയ- അസം ദേശീയപാതയുടെ നിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കയാണ്. കരക്കുടുക്കില്‍നിന്ന് വടക്കുകിഴക്കന്‍ മേഖലയെ കരകയറ്റുന്ന പാതയാണിത്.167 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത യാഥാര്‍ത്ഥ്യമാകുന്നതോടെ ബംഗ്ലാദേശിനെ ഒഴിവാക്കി മ്യാന്മാറിലൂടെ മാരിടൈം ഇടനാഴി സാധ്യമാകും.

മേഘാലയുടെ തലസ്ഥാനമായ ഷില്ലോംഗില്‍ നിന്നും ആരംഭിച്ച് മണിപ്പൂര്‍, മിസോറാം എന്നി സംസ്ഥാനങ്ങളിലൂടെ കടന്ന് അസാമിലെ സില്‍ച്ചാറില്‍ അവസാനിക്കുന്ന തരത്തിലാണ് പാതയുടെ രൂപകല്‍പ്പന. വടക്ക് കിഴക്കന്‍ മേഖലയില്‍ ആദ്യ അതിവേഗ ഇടനാഴിയാണിത്. 22,000 കോടി രൂപയാണ് പദ്ധതിക്കായി വിനിയോഗിക്കുക. 2030 ഓടെ നാലുവരി പാത പൂര്‍ത്തിയാകുമെന്ന് ദേശീയപാത അതോറിറ്റിയും ഉപരിതല ഗതാഗത വകുപ്പും അറിയിച്ചു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള ഏക പ്രവേശന കവടമായ ശ്ചിമബംഗാളിലെ സിലിഗുരി ഇടനാഴിക്ക് ബദല്‍ ആവാനും ഇതിന് കഴിയും. ചിക്കന്‍ നെക്ക് എന്നാണ് സിലഗുരി ഇടനാഴി ഇപ്പോള്‍ അറിയപ്പെടുന്നത്. വ്യാപാരം, വാണിജ്യം, ടൂറിസം എന്നീ ആവശ്യങ്ങള്‍ക്ക് ലക്ഷക്കണക്കിന് ആളുകളാണ് ഇതുവഴി യാത്ര ചെയ്യുന്നത്. രാജ്യത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് കരമാര്‍ഗമുള്ള സൈനിക നീക്കവും ഇതുവഴിയാണ്. ഇതിന് ബദലാകാനും പുതിയ ദേശീയ പാതയ്ക്ക് കഴിയും. ഇതോടൊപ്പം ബംഗ്ലാദേശിനെതിരെ വാണിജ്യ-വ്യാപാര നിയന്ത്രണവും ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്.

എട്ടിന്റെ പണികൊടുക്കാന്‍ ഭാരതവും

പുതിയ ശത്രുക്കള്‍ക്കും ഇന്ത്യ കൊടുക്കുന്നത് എട്ടിന്റെ പണിയാണ്. പാകിസ്ഥാനെ സഹായിച്ചതിന്റെ പേരില്‍ വലിയ ബഹിഷ്‌കരണമാണ് തുര്‍ക്കിയും അസര്‍ബൈജാനും ഇന്ത്യയില്‍നിന്ന് നേരിടുന്നത്. രാജ്യത്തെ സമൂഹമാധ്യമങ്ങളിലാകെ തുര്‍ക്കിയെയും അസര്‍ബൈജാനെയും ബഹിഷ്‌കരിക്കാനുള്ള വ്യാപക പ്രചാരണമാണ് നടക്കുന്നത്.

ഇന്ത്യക്കാരുടെ ബഹിഷ്‌ക്കരണം കനത്തതോടെ വിനോദസഞ്ചാരമേഖലയില്‍ കനത്ത തിരിച്ചടിയാണ് തുര്‍ക്കിക്കും അസര്‍ബൈജാനും നേരിടേണ്ടി വരുന്നത്. ഇരുരാജ്യങ്ങളിലേക്കുമുള്ള 60 ശതമാനത്തോളം ഇന്ത്യന്‍ ബുക്കിംഗുകള്‍ ക്യാന്‍സലായെന്നാണ് പുറത്തുവരുന്ന കണക്കുകള്‍. ക്യാന്‍സലേഷന്‍ നിരക്കും 250 ശതമാനമായി വര്‍ദ്ധിച്ചു. പാകിസ്ഥാനെ തുര്‍ക്കിയും അസര്‍ബൈജാനും സഹായിക്കുന്നെന്ന വാര്‍ത്തകള്‍ വന്നതോടെ പല ട്രാവല്‍ ആപ്പുകളും ഈ രാജ്യങ്ങളിലേക്കുള്ള ബുക്കിംഗുകള്‍ നിര്‍ത്തലാക്കിയിരുന്നു. പ്രമോഷന്‍ ഉള്‍പ്പെടെ നിര്‍ത്തിയും ഇരുരാജ്യങ്ങളിലേക്കും യാത്രകള്‍ ഒഴിവാക്കണമെന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുമാണ് ആപ്പുകള്‍ ഈ വാര്‍ത്തയോട് ശക്തമായി പ്രതികരിച്ചത്. തങ്ങളുടെ പാക്കേജുകളില്‍ തുര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനം പോലും ഉപയോഗിക്കില്ലെന്ന പ്രഖ്യാപനം നടത്തിയും ഇന്ത്യന്‍ ട്രാവല്‍ കമ്പനികള്‍ രംഗത്തെത്തിയിരുന്നു.

മുന്‍പ് ഇന്ത്യയുമായി തര്‍ക്കത്തിലായ മാലിദ്വീപിനും സമാന സ്ഥിതി വന്നിരുന്നു. ഇന്ത്യന്‍ സഞ്ചാരികളുടെ കുറവ് മൂലം മാലിദ്വീപ് ടൂറിസം കനത്ത പ്രതിസന്ധി നേരിട്ടിരുന്നു. ഒടുവില്‍ ഇന്ത്യയുമായി രമ്യതയിലെത്താന്‍ പ്രസിഡന്റ് മുഹമ്മദ് മുയിസു നിര്‍ബന്ധിതനാവുകയായിരുന്നു.

തുര്‍ക്കിയും അസര്‍ബൈജാനുമായുള്ള ഇന്ത്യന്‍ വ്യാപാര ബന്ധം തന്നെ പ്രതിസന്ധിയിലാകുന്ന നീക്കമാണ് നിലവില്‍ നടക്കുന്നത്. മാര്‍ബിള്‍, ആപ്പിള്‍, സ്വര്‍ണ്ണം പച്ചക്കറികള്‍, സിമന്റ്, നാരങ്ങ എന്നിവയാണ് തുര്‍ക്കിയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. വലിയ തോതിലുള്ള ആപ്പിള്‍ കയറ്റുമതിയാണ് തുര്‍ക്കിയില്‍ നിന്ന് ഇന്ത്യയിലേക്ക് നടക്കുന്നത്. തുര്‍ക്കി ആപ്പിളുകള്‍ക്ക് പൂനെയിലെ പഴക്കച്ചവടക്കാര്‍ അനൗദ്യോഗിക നിരോധനം ഏര്‍പ്പെടുത്തിയതായി വാര്‍ത്തകള്‍ വരുന്നുണ്ട്. ഇന്ത്യ- പാക് സംഘര്‍ഷത്തില്‍ നോട്ടപ്പുള്ളിയായതോടെ തുര്‍ക്കിയുടെ ആപ്പിളുകള്‍ക്ക് ഡിമാന്റ് കുറയുന്നതായാണ് വിവരം. ഇതിനിടെ ദേശീയ സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലകളുമായുള്ള അക്കാദമിക് സഹകരണം അവസാനിപ്പിക്കുന്നുവെന്ന് ഇന്ത്യന്‍ സര്‍വകലാശാലകള്‍ പ്രഖ്യാപിക്കുകയും ചെയ്തു.

അസര്‍ബൈജാന്റെ വ്യാപാര പങ്കാളികളായ രാജ്യങ്ങളില്‍ മുന്‍ നിരയിലാണ് ഇന്ത്യയുടെ സ്ഥാനം. ഇനിയങ്ങോട്ട് ആ വരുമാനത്തില്‍ വലിയ ഇടിവ് അവര്‍ക്കുണ്ടാവും. അതുപോലെ തന്നെയാണ് ബംഗ്ലാദേശിന്റെ കാര്യവും. ഇവരേക്കാള്‍ ഏറെ ഇന്ത്യയുമായി ബന്ധപ്പെട്ടു കിടക്കുന്ന ബംഗ്ലാദേശിന് കോടികളുടെ വ്യാപാരബന്ധമാണ് ഇന്ത്യയുമായുള്ളത്. ഭാരതം അതെല്ലാം റദ്ദാക്കിയാല്‍, ബംഗ്ലാദേശിന്റെ സാമ്പത്തിക സ്ഥിതി ദയനീനമായമാവുമെന്ന് ഉറപ്പാണ്. ആയുധങ്ങള്‍കൊണ്ട് മാത്രമല്ല, വ്യാപാര -വാണിജ്യ ഉപായങ്ങളിലുടെയും, ഇന്ത്യ തങ്ങളുടെ യുദ്ധം തുടരുകയാണ്.

വാല്‍ക്കഷ്ണം: ലോകത്തിലെ ഏറ്റവും ആതിഥ്യമര്യാദയുള്ള രാജ്യങ്ങളില്‍ മുന്‍പന്തിയിലുള്ളത്, അസര്‍ബൈജാനാണെന്ന് പറയുന്ന, സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ ഒരു വീഡിയോ ഇസ്ലാമിക ഗ്രൂപ്പുകള്‍ വൈറലാക്കിയിരുന്നു. ഇത്രയും ആതിഥ്യമര്യാദയുള്ളവര്‍ സ്വന്തം മണ്ണില്‍ ജനിച്ച അന്യമതസ്ഥരോട് എന്ത് ചെയ്യുന്നുവെന്ന് പരിശോധിച്ചുനോക്കുക. മതം വേ, ടൂറിസം റേ!