ബസ്സ് തടയുന്ന ഒരു സംഘം തീവ്രവാദികള്‍ തിരിച്ചറിയല്‍ കാര്‍ഡ് ചോദിക്കുന്നു. അതുനോക്കി, പഞ്ചാബില്‍ നിന്ന് വന്നവരെ കണ്ടെത്തി വെടിവെച്ച് കൊല്ലുന്നു! പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ വിഘടനവാദികള്‍ കഴിഞ്ഞ ദിവസം നടത്തിയ കൊല ഞെട്ടിക്കുന്നതാണ്. പഞ്ചാബികള്‍ എന്ന് പറയുമ്പോള്‍ ഇന്ത്യാക്കാര്‍ അല്ല. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ളവരാണ്. സിന്ധും, പഞ്ചാബ് ചേര്‍ന്നാല്‍ പാക്കിസ്ഥാന്‍ ആയെന്നും അവിടെ ബലൂചികള്‍ക്ക് യാതൊരു പരിഗണനയുമില്ലെന്നാണ് ബലൂചി തീവ്രവാദികള്‍ ആരോപിക്കുന്നത്. ആ രാജ്യത്തിന്റെ അവസ്ഥ ഒന്നു ചിന്തിച്ചുനോക്കുക. ഇന്ത്യയില്‍ നാളെ ഈ സംസ്ഥാനത്തേക്ക് കയറരുത് എന്ന് ആവശ്യപ്പെട്ട് ബംഗാളികള്‍ ബീഹാറികളെ വെടിവെച്ച് കൊന്നാലുള്ള അവസ്ഥയെന്താവും! ബലൂചികളുടെ ആക്രമണത്തിനുമുന്നില്‍ വിയര്‍ക്കുകയാണ്, ഒരുകാലത്ത് അവരെ അതിഭീകരമായ പീഡിപ്പിച്ച പാക് ഭരണകൂടം.

ഒരൊറ്റ ദിവസം കൊണ്ട് വിവിധ ഭാഗങ്ങളിലായി ബലൂച് തീവ്രവാദികള്‍ കൊന്നുതള്ളിയത് 38 നിരപരാധികളെയാണ്. പാക്കിസ്ഥാന്റെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയില്‍ വിവിധയിടങ്ങളിലായി നടന്ന ആക്രമണപരമ്പരയുടെ ഉത്തരവാദിത്വം ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ഏറ്റെടുത്തിട്ടുണ്ട്. പഞ്ചാബില്‍ നിന്നെത്തിയ ബസ് ദേശീയപാതയില്‍ തടഞ്ഞുനിര്‍ത്തിയാണ്, ഐഡന്റിറ്റി കാര്‍ഡ് പരിശോധിച്ച ശേഷം 23 പേരെ ഒറ്റയടിക്ക് വെടിവച്ചുകൊന്നത്. തിരിച്ചടിയെന്നോണം നടത്തിയ നീക്കത്തില്‍ പാക്കിസ്ഥാന്‍ സേന, 21 തീവ്രവാദികളെ വധിച്ചതായാണ് റിപ്പോര്‍ട്ട്.

14 സുരക്ഷാ ഉദ്യോഗസ്ഥരും ക്ലിയറന്‍സ് ഓപ്പറേഷനില്‍ കൊല്ലപ്പെട്ടിട്ടിട്ടുണ്ട്. വര്‍ഷങ്ങളായി വിഘടനവാദം ശക്തമായ ബലൂചിസ്ഥാനില്‍, പൊലീസ് സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങള്‍ ഉള്‍പ്പെടെ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയുമായിട്ടായിരുന്നു സംഭവം. ആക്രമണ പരമ്പരയില്‍ മൊത്തം 70-ലേറെപ്പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഏറ്റവും ഒടുവില്‍ കിട്ടിയ വിവരം. 35 വാഹനങ്ങള്‍ അക്രമികള്‍ തീയിട്ടു നശിപ്പിച്ചു.

നേരത്തെയും ബലൂച് തീവ്രവാദി സംഘങ്ങള്‍ ആക്രമണം അഴിച്ചുവിട്ടിരുന്നെങ്കിലും, ഇത്ര വംശീയമായ ഒരു ആക്രമണം അമ്പരിപ്പിക്കുന്നതാണ്. പ്രവിശ്യാ തലസ്ഥാനത്തെ പാക്കിസ്ഥാനുമായി ബന്ധിപ്പിക്കുന്ന ബോലാന്‍ പട്ടണത്തിലെ റെയില്‍ പാലം ഉള്‍പ്പെടെ ബിഎല്‍എ തകര്‍ത്തു. ഹൈവേയിലൂടെ സഞ്ചരിച്ച ആളുകളെ വാഹനം തടഞ്ഞുനിര്‍ത്തി വെടിയുതിര്‍ത്ത സംഭവങ്ങളും ഇതോടൊപ്പമുണ്ടായി. ബലൂചിസ്ഥാനിലെ മുസാഖൈല്‍ ജില്ലയിലെ ബലൂചിസ്ഥാന്‍ ഹൈവേയില്‍, നാല്‍പത് പേരോളം വരുന്ന തീവ്രവാദി സംഘം ബസുകളും മറ്റ് വാഹനങ്ങളും തടഞ്ഞുനിര്‍ത്തിയാണ് വെടിയുതിര്‍ക്കയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

എന്നാല്‍ തങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ലക്ഷ്യമിട്ടതെന്നാണ് ബലൂച് ലിബറേഷന്‍ ആര്‍മി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. യാത്രയ്ക്കായി ഹൈവേ ഉപയോഗിച്ചതാണ് ബലൂച് ലിബറേഷന്‍ ആര്‍മിയെ പ്രകോപിച്ചത്. പുറത്തുനിന്നുള്ളവര്‍ ഹൈവേ ഉപയോഗിക്കരുതെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി നിര്‍ദ്ദേശം നല്‍കിയിരുന്നു. സാധാരണക്കാരെയും നിയമപാലകരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ബലൂചിസ്ഥാനില്‍ നേരത്തെ നിരവധി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നിരുന്നാലും, ഏറ്റവും പുതിയ ആക്രമണങ്ങള്‍ അവയുടെ തോത് വര്‍ധിക്കുന്നതിന്റെ സൂചകമാണെന്നാണ് വിശകലന വിദഗ്ധര്‍ പറയുന്നത്.

ബലൂചിസ്ഥാനില്‍ പ്രവിശ്യയ്ക്ക് പുറത്തുള്ളവര്‍ സുരക്ഷിതരല്ലെന്ന സന്ദേശമാണ് ഐഡന്റിറ്റി കാര്‍ഡ് പരിശോധിച്ച ശേഷം പഞ്ചാബി പ്രവിശ്യയിലുള്ളവരെ മാത്രം തേടിപ്പിച്ച് കൊന്നതിന് പിന്നിലെന്നാണ് വിലയിരുത്തല്‍. ബലൂച് വിഘടനവാദ നേതാവായിരുന്ന നവാബ് അക്ബര്‍ ഖാന്‍ ബുട്ടി സൈനിക ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന്റെ 18-ാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു ആക്രമണങ്ങള്‍. ബലൂചിസ്ഥാനിലെ വിമത നീക്കങ്ങളെ അമര്‍ച്ച ചെയ്യാന്‍ പാക്കിസഥാന്‍ സൈന്യം പലപ്പോഴായി നിരപരാധികള്‍ ഉള്‍പ്പെടെയുള്ളവരെ നിയമവിരുദ്ധമായി പിടിച്ചുകൊണ്ടുപോകുകയും എന്‍കൗണ്ടറുകള്‍ നടത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ ഇക്കഴിഞ്ഞ ജനുവരിയില്‍ ബലൂച് ജനത ഇസ്ലാമബാദില്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ബലൂച് യക്ജഹ്തി കമ്മിറ്റി എന്ന സംഘടനായിരുന്നു പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നത്.

2021 ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം, പാക്കിസ്ഥാനില്‍ ആക്രമണ സംഭവങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് അഫ്ഗാനുമായി അതിര്‍ത്തി പങ്കിടുന്ന ഖൈബര്‍ പഖ്തൂണ്‍ഖ്വയിലും ബലൂചിസ്ഥാനിലും. പാകിസ്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോണ്‍ഫ്ലിക്റ്റ് ആന്‍ഡ് സെക്യൂരിറ്റി സ്റ്റഡീസ് (പിഐസിഎസ്എസ്) പ്രകാരം 2023-ല്‍ മാത്രം 650-ലധികം ആക്രമണങ്ങളാണ് ഉണ്ടായത്. ഇത് 286 മരണങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. ചൈനയുടെ നിയന്ത്രണത്തിലുള്ള ഗ്വാദര്‍ തുറമുഖത്തിന് പുറമേ സ്വര്‍ണഖനനവുമുള്ള പ്രദേശമാണ് ബലൂചിസ്ഥാന്‍. ചൈനീസ് സേനാ ജനറല്‍ ലി കിമിങും പാക്ക് സൈനികമേധാവി അസിം മുനീറും വിഷയം ചര്‍ച്ച ചെയ്യാന്‍ കൂടിക്കാഴ്ച നടത്തി. സംഭവത്തെ പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും പ്രധാനമന്ത്രി ഷഹബാസ് ഷരീഫും അപലപിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ബലൂചിസ്ഥാന്‍ ഇങ്ങനെ പുകയുന്നത് എന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്.

സ്വര്‍ണ്ണവും, ചെമ്പും, പ്രകൃതിവാതകവുമായി കോടികളുടെ സമ്പത്തുള്ള ഒരു പ്രദേശം. പക്ഷേ ഇന്ന് അവിടെ കൊടും പട്ടിണിയാണ്. പാക്കിസ്ഥാന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണപ്പോള്‍, ഏറ്റവും വലിയ കഷ്ടകാലം വന്നത്, പാക് ഭരണകൂടം നിരന്തരം അവഗണിക്കുകയായിരുന്ന ബലൂചിസ്ഥാന്‍ നേരെ കൂടിയാണ്. കഴിഞ്ഞ വര്‍ഷം ബചൂലിസ്ഥാനിലേക്ക്, ഗോതമ്പുമാവുമായി വന്ന ഒരു ലോറി കൊള്ളയടിക്കപ്പെട്ടിരുന്നു. അതിന്റെ ദൃശ്യങ്ങള്‍ ദയീനമായിരുന്നു. പട്ടിണി സഹിക്കാന്‍ കഴിയാതെ ജനം മോഷണം നടത്തുന്ന ഒരു പ്രദേശമായി ഇത് മാറിയിരിക്കയാണ്. പക്ഷേ റൊട്ടിയില്ലെങ്കിലും അവിടേക്ക് ആയുധം എത്തുന്നുണ്ട്. കൃത്യമായി എ കെ 47 തോക്കുകള്‍ എത്തുന്നുണ്ട്!

പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയാണ് ബലൂചിസ്ഥാന്‍. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ എന്നീ മൂന്ന് രാജ്യങ്ങളിലായി പരന്ന് കിടക്കുന്ന മേഖലയാണിത്. ഭൂരിഭാഗം ബലൂച് ജനതയും സുന്നി മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരാണ്. ഹിന്ദു, സിഖ്, വിഭാഗത്തില്‍പ്പെട്ട ചെറു വിഭാഗങ്ങളും ഇവിടെ അധിവസിക്കുന്നു.. പാക്കിസ്ഥാനിലെ 'സ്ഥാന്‍' വിഭാവനം ചെയ്യുന്നതും ഇവരെ തന്നെ. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാന്റെ അത്ര വലിപ്പം വരും ബലൂചിസ്ഥാന്‍ പ്രവിശ്യ. പാക്കിസ്ഥാന്റെ ആകെ ഭൂവിസ്തൃതിയുടെ 44 ശതമാനം. അതേ സമയം, രാജസ്ഥാന്‍ ഇന്ത്യന്‍ ഭൂവിസ്തൃതിയുടെ 10 ശതമാനം മാത്രമേ വരൂ. പക്ഷേ ബലൂചിസ്ഥാനില്‍ ജനസംഖ്യ കുറവാണ്. 22 കോടിവരുന്ന രാജ്യ ജനസംഖ്യയില്‍ വെറും ഒരു കോടി 20 ലക്ഷം മാത്രമാണ് ബലൂചികള്‍. അതുകൊണ്ടുതന്നെ വെറും 6 സീറ്റുകളാണ് പാക് പാര്‍ലിമെന്റിലേക്ക് ഇവിടെനിന്നുള്ളത്.

പക്ഷേ, എണ്ണയിലും ധാതുശേഖരത്തിലും മുന്നിലാണ് ഈ പ്രദേശം. പക്ഷേ, പാകിസ്ഥാന്റെ കേന്ദ്രനേതൃത്വം എപ്പോഴും അവഗണിച്ചിരുന്ന പ്രവിശ്യയാണിത്. ബലൂച് പ്രശ്നം പാകിസ്ഥാന്റെയും ഇറാന്റെയും പ്രശ്നമാണ്. കാരണം പഴയ ബലൂചിസ്ഥാന്റെ കുറേ ഭാഗം ഇറാനിലാണ്, കുറേഭാഗം അഫ്ഗാനിസ്ഥാനിലും.പാക്, ഇറാന്‍ ബലൂചിസ്ഥാനുകള്‍ ഒരൊറ്റ ബലൂചിസ്ഥാനുവേണ്ടി, സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്നു. നിരന്തരം ആക്രമണങ്ങള്‍ നടത്തുന്നു.

ഇതുവഴിയാണ് അലക്സാണ്ടര്‍ ചക്രവര്‍ത്തി ഇന്ത്യയില്‍ നിന്ന് മടങ്ങിയത്, ഇവിടത്തെ മരുഭൂമിയില്‍ അന്ന് മരിച്ചുവീണത് ആയിരക്കണക്കിന് പടയാളികളാണ്. ആദിമവിഭാഗമായ ബലൂച് ഗോത്രവര്‍ഗക്കാരില്‍ നിന്നാണ് ബലൂചിസ്ഥാന്‍ എന്ന പേര് വന്നത്. ബലൂചിയാണ് സംസാരഭാഷ. പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു പണ്ട്. പിന്നെ ഇന്ത്യയിലെ പല സാമ്രാജ്യങ്ങളുടെ ഭാഗം. അന്ന് ഹൈന്ദവരും ബുദ്ധമതക്കാരും സൊറോസ്ട്രിയന്‍ മതക്കാരുമായിരുന്നു കൂടുതല്‍. ഇസ്ലാം മതം വേരുറപ്പിച്ചത് പിന്നീട്. പേര്‍ഷ്യന്‍ ഇന്ത്യന്‍ സാമ്രാജ്യങ്ങളുടെ കീഴിലായി മാറിമാറി. അതും കഴിഞ്ഞപ്പോള്‍ പല ഭാഗങ്ങളായി, പടിഞ്ഞാറ് പേര്‍ഷ്യന്‍, കിഴക്ക് മുഗള്‍. മുഗള്‍ രാജാവ് ഈ പ്രദേശത്തിന്റെ നിയന്ത്രണം ഒരു ബ്രഹൂയി സംഘത്തിന് വിട്ടുകൊടുത്തു. തെക്കേ ഇന്ത്യയിലെ ദ്രാവിഡ ഭാഷകളോട് സാമ്യമുള്ള ഭാഷയാണ് ബ്രഹൂയി. അവരാണ് ഗ്വാദര്‍ തുറമുഖം ഒമാന് വിട്ടുകൊടുത്തത്. അത് പിന്നീട് പാകിസ്ഥാന്‍ വിലകൊടുത്ത് വാങ്ങുകയായിരുന്നു. അത് മറ്റൊരു കഥ.

ഭൂമി ശാസ്ത്രപരമായി ഏറെ പ്രത്യേകതകളും പ്രാധാന്യവുമുള്ള മേഖലയാണ് ബലൂചിസ്ഥാന്‍. മിഡില്‍ ഈസ്റ്റ്, സൗത്ത് വെസ്്റ്റ് ഏഷ്യ, സെന്‍ട്രല്‍ ഏഷ്യ, സൗത്തേഷ്യ എന്നിവിടങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശം. അന്താരാഷ്ട്ര വാണിജ്യ ഭൂപടത്തില്‍ ഏറ്റവുമധികം പ്രാധാന്യമുള്ള ഹോര്‍മൂസ് ഉള്‍ക്കടല്‍ കിടക്കുന്ന ഇവിടെയാണ് സെന്‍ട്രല്‍ ഏഷ്യയിലേക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ തുറമുഖങ്ങള്‍ സ്ഥിതി ചെയ്യുന്നതും. അറേബ്യന്‍ കടലുമായി ചൈനയെ ബന്ധിപ്പിക്കുന്ന പാക്കിസ്ഥാനിലൂടെയുള്ള ഇക്കണോമിക് കോറിഡോറും സ്ഥിതി ചെയ്യുന്നത് ബലൂചിസ്ഥാനിലെ മക്രാന്‍ തീരത്താണ്. അങ്ങനെ അതീവ തന്ത്ര പ്രധാനമായ മേഖലയാണ് ഇവിടം. 60 ബില്യന്‍ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി വരുന്നത് ഇവിടെയാണ്. എന്നിട്ടും ഏറ്റവും ദരിദ്രമായ പ്രവിശ്യയായി ഇത് മാറി.ബലൂചിസ്ഥാന്റെ കുറേഭാഗം അഫ്ഗാന്റെ കൈയിലായി. കുറേഭാഗം ഇറാന്റെ കൈയിലും. അഫ്ഗാനിസ്ഥാന്‍ കീഴടക്കിയ ബ്രിട്ടനും ഇറാനും തമ്മിലെ ധാരണകളിലാണ് ഇന്നത്തെ ബലൂചിസ്ഥാന്റെ അതിര്‍ത്തികള്‍ രൂപംകൊണ്ടത്. ഇപ്പോള്‍ പാക്കിസ്ഥാനിലും, അഫ്ഗാനിലും, ഇറാനിലുമായി പരന്ന് കിടക്കുന്ന, മൂന്ന് മേഖലകള്‍ കൂട്ടിയോജിപ്പിച്ചുകൊണ്ട് ഒരു ഒറ്റ രാജ്യം വേണമെന്നാണ് ചില ബലൂചി തീവ്രവാദ സംഘടനകളുടെ ആവശ്യം.

ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോള്‍ ബലൂചിസ്ഥാനും സ്വതന്ത്രമായിരുന്നു. പക്ഷേ അതിന് വെറും 227 ദിവസം മാത്രമായിരുന്നു ആയുസ്. പിന്നെ അത് പാകിസ്ഥാന്‍ ഈ മേഖല സ്വന്തമാക്കി. ഏതാണ്ട് ബലമായി തന്നെ. അന്ന് തുടങ്ങിയതാണ് ബലൂചിസ്ഥാനിലെ അസംതൃപ്തി. പലതവണ കലാപം പൊട്ടിപ്പുറപ്പെട്ടു. 2005 -ല്‍ അത് രൂക്ഷമായി. അന്നത്തെ ഗവര്‍ണര്‍ നവാബ് അക്ബര്‍ ഖാന്‍ ബുഗ്തി, പ്രദേശത്തിന്റെ പ്രകൃതിസമ്പത്തില്‍ നിയന്ത്രണം ആവശ്യപ്പെട്ടു. അടുത്ത വര്‍ഷം നവാബ് കൊല്ലപ്പെട്ടു. പര്‍വേസ് മുഷറഫായിരുന്നു അന്നത്തെ ഭരണാധികാരി. ദിവസങ്ങള്‍ക്കകം മുഷറഫിനുനേരെയും വധശ്രമം നടന്നു. സത്യത്തില്‍ ബലൂചികളെക്കൊണ്ട് ആയുധം എടുപ്പിച്ചത് പാക്കിസ്ഥാന്റെ കളികളാണ്. ഒരു പ്രദേശത്തെ നിരന്തരം അവഗണിക്കുകയും, കൊള്ളയടിക്കുകയും, അടിച്ചമര്‍ത്തുകയും ചെയ്താല്‍ അവര്‍ റെബലുകള്‍ ആവുന്നതില്‍ അത്്ഭുതമില്ല.

ബലൂചികള്‍ 1947 മുതല്‍ ഒരു സ്വതന്ത്ര രാഷ്ട്രം ആവശ്യപ്പെടുന്നു. ബലൂച് ദേശീയത മതം അടിസ്ഥാനമാക്കിയല്ല. വംശീയതയെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രമാണ് അവര്‍ക്ക് വേണ്ടത്. നേരത്തെ തന്നെയും ബലൂചിസ്ഥാന്‍ മേഖല ഏറെ പ്രശ്‌നഭരിതമാണ്. അഫ്ഗാന്‍ സര്‍ക്കാരിനെതിരെ പൊരുതുന്ന അഫ്ഗാന്‍ താലിബാന്‍ താവളമടിച്ചിരിക്കുന്നത് ഇവിടെയാണ്. ഇറാനും പാക്കിസ്ഥാനുമായുള്ള നിരന്തര കലഹത്തിന്റെ കേന്ദ്രവും ഇവിടെത്തന്നെ. ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ പൊരുതുന്ന സുന്നി വിമത ഗ്രൂപ്പുകളുടെ താവളവുമാണ് ഇവിടം.സ്വതന്ത്ര്യത്തിനായുള്ള ബലൂചികളുടെ സമരത്തിന് പതിറ്റാണ്ടുകളുടെ പഴക്കം ഉണ്ട്. 9 നൂറ്റാണ്ടായി അവര്‍ പൊരുതകുയാണ്. 1973 മുതല്‍ 1977 വരെയുള്ളള കാലയളവില്‍ ബലൂചിസ്ഥാന്‍ പോരാളികളും പാക്കിസ്ഥാന്‍ സൈന്യവും തമ്മില്‍ നിരന്തരം ഏറ്റുമുട്ടിയിരുന്നു.

പാക്കിസ്ഥാനില്‍നിന്ന് മോചനം ആവശ്യപ്പെട്ട് ആയിരക്കണക്കിന് ബലൂചികള്‍ തെരുവില്‍ ഇറങ്ങാറുണ്ട്. പക്ഷേ ബലൂചികളുടെ പ്രശ്നത്തെ കൃത്യമായി അഭിസംബോധനചെയ്യാനോ, വികസനം കൊണ്ടുവരാനോ ഒന്നും പാക്കിസ്ഥാനില്‍ മാറിമാറി വന്ന സര്‍ക്കാറുകളോ, പട്ടാള ഭരണാധികാരികളോ ഒട്ടും ശ്രമിച്ചിരുന്നില്ല. പകരം പര്‍വേസ് മുഷ്റഫിന്റെ കാലത്തൊക്കെ അവര്‍ കടുത്ത രീതിയില്‍ ആക്രമിക്കപ്പെട്ടു. പാക് താലിബാനെ വാടകയ്ക്ക് എടുത്താണ് ബലൂചികള്‍ക്ക് നേരെ ആക്രമണം നടത്തിയത്. ഒപ്പം പാക്കിസ്ഥാന്‍ പട്ടാളവും. അക്കാലത്ത് ബലൂചി കുടുംബങ്ങളില്‍നിന്ന് പൊടുന്നനെ കാണാതാവലുകള്‍ ഉണ്ടായി. നൂറുകണക്കിന് ചെറുപ്പക്കാരെ പട്ടാളം പിടിച്ചുകൊണ്ടുപോയി. ഇവര്‍ എവിടെയാണെന്ന് ഇന്നും ഒരു വിവരവുമില്ല. ഇതില്‍ പ്രതിഷേധിച്ച് ആയിരത്തോളം കിലോമീറ്ററുകള്‍ നടന്നുകൊണ്ട് ബലൂചികള്‍ നടത്തിയ ലോങ്ങ് മാര്‍ച്ച് വലിയ ശ്രദ്ധ നേടിയിരുന്നു.

പാക്കിസ്ഥാനിലും അഫ്ഗാനിലും മാത്രല്ല ഇറാനിലും ബലൂചികള്‍ പ്രശ്നമാണ്. ഇറാന്റെ കൈയിലായ സിസ്റ്റാന്‍ ബലൂചിസ്ഥാനും നേരിടുന്നത് കടുത്ത അവഗണനയാണെന്നാണ് തദ്ദേശീയര്‍ പറയുന്നത്. ബലൂചികള്‍ എന്ന സുന്നി ഭൂരിപക്ഷത്തോട് രാജ്യത്തെ ഷിയാ നേതൃത്വത്തിന് താല്‍പ്പര്യമില്ല. വികസനം തീരെയില്ല. പാക് ബലൂചിസ്ഥാനിലെ അതേ അസംതൃപ്തി ഇവിടെയും പ്രതിഫലിക്കുന്നു. രണ്ടിടത്തും തീവ്രവാദ സംഘങ്ങള്‍ രൂപംകൊണ്ടു കഴിഞ്ഞു. ഇറാനിയന്‍ ബലൂചിസ്ഥാനും പാക് ബലൂചിസ്ഥാനും പരസ്പരം സഹായിക്കും. ബലൂച് തീവ്രവാദം അങ്ങനെ ഒരേസമയം പാക് -ഇറാന്‍ പ്രശ്നമാണ്.

ഇറാന് പാകിസ്ഥാനോടുള്ള ദേഷ്യം സുന്നി വിഘടനവാദികളായ ജെയ്ഷ് അല്‍ അദ്ല്‍ എന്ന സംഘടനയെ പ്രവര്‍ത്തിക്കാനും ഇറാനെതിരെ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാനും അനുവദിക്കുന്നു എന്നതാണ്. അതിനെച്ചൊല്ലി അസ്വാരസ്യങ്ങള്‍ പലതവണ ഉണ്ടായിട്ടുണ്ട്. ജെയ്ഷ് അല്‍ അദ്ല്‍ എന്ന ബലൂച് സംഘടന ഇറാന്റെ ബദ്ധശത്രുവായ സൗദി അറേബ്യയുടെ സഖ്യകക്ഷിയുമാണ്, അരിശത്തിന്റെ പ്രധാന കാരണം അതാണ്. വേറെയുമുണ്ട് സംഘടനകള്‍, അല്‍ ഖ്വയ്ദ ബന്ധമുണ്ടെന്ന് ഇറാന്‍ ആരോപിക്കുന്ന ജുന്ദുള്ള, പിന്നെ താലിബാനും. ഇവര്‍ക്കൊക്കെ എതിരെ നടപടിയെടുക്കുന്നില്ല എന്നാണ് ഇറാന്റെ പരാതി.

ബലൂചിസ്ഥാനില്‍ നിന്നുള്ള ആക്രമണങ്ങള്‍ രണ്ടിടത്തും പതിവാണ്. ഇറാനിലെ സിസ്റ്റാന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ആക്രമണത്തില്‍ 11 ഇറാനിയന്‍ പൊലീസ് ഓഫീസര്‍മാരാണ് കൊല്ലപ്പെട്ടത്. അതിന്റെ തിരിച്ചടിയായി പാക് ബലൂചിസ്ഥാനിലെ മൂന്ന് ആക്രമണങ്ങളില്‍ പാക് സൈനികരും കൊല്ലപ്പെട്ടു. അത് ഇറാനിയന്‍ ബലൂചിസ്ഥാനില്‍ നിന്നുള്ള ആക്രമണമെന്നാണ് റിപ്പോര്‍ട്ട്. ചൈനീസ് ആസ്ഥാനങ്ങളും ആക്രമണലക്ഷ്യമാകാറുണ്ട്. പ്രശ്നത്തെ അടിച്ചമര്‍ത്താലണ് പാകിസ്ഥാന്റെ നയം. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് പേര്‍ അപ്രത്യക്ഷരായിട്ടുണ്ട്. പീഡനങ്ങള്‍ക്കിരയായി നിരവധിപേര്‍ കൊല്ലപ്പെട്ടു.

ബലൂചിസ്ഥാനിലെ മറ്റൊരു വലിയ ഭാഗം സ്ഥിതിചെയ്യുന്നത് ഇറാനിലാണ്. ഇറാനിലെ 31 പ്രവിശ്യകളില്‍ ഏറ്റവും വലിയ രണ്ടാമത്തെ പ്രവിശ്യയാണ് സിസ്താന്‍-ബലുചിസ്ഥാന്‍. ഷിയ ഭൂരിപക്ഷ ഇറാനില്‍, സിസ്താന്‍ ബലൂചിസ്ഥാന്‍ മേഖലയില്‍ കൂടുതലുമുള്ളത് സിസ്താനി പേര്‍ഷ്യന്‍ ഗോത്രത്തില്‍പ്പെട്ടവരും സുന്നി മുസ്ലിമുകളുമാണ്. ഷിയാ ഭൂരിപക്ഷമായ ഈ രാഷ്ട്രം ഇവിടുത്തെ സുന്നികളെ അവഗണിക്കയാണെന്നാണ് ബലൂചികളുടെ പരാതി. 2004-മുതല്‍ ഇറാനില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ട് ബലൂചിസ്ഥാന്‍ വിഘടനവാദികള്‍ സായുധ പോരാട്ടം നടത്തുന്നുണ്ട്. എന്നിരുന്നാലും പാക്കിസ്ഥാന്‍ മേഖലയിലേത് പോലെ തീവ്രമായ ഏറ്റുമുട്ടലുകള്‍ ഇറാന്‍ ഭാഗത്തുനടക്കുന്നില്ല. പക്ഷേ ജെയ്ഷ് അല്‍ അദില്‍ എന്ന ബലൂചി സംഘടന ഉണ്ടായതോടെ കളിമാറി.

2002-ല്‍ രൂപീകരിച്ച ജുന്‍ദല്ലയാണ് സായുധ നീക്കങ്ങള്‍ വലിയതോതില്‍ വ്യാപിപ്പിച്ചത്. ഇവരുടെ നേതാവ് അബ്ദുള്‍ മാലേക് രിഗിയെ ഇറാന്‍ പിടികൂടുകയും 2010-ല്‍ വധിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഈ സംഘടന ഏറെക്കുറെ നിര്‍ജ്ജീവമായി. 2012-ല്‍ ജുംദല്ലയിലെ ഭൂരിപക്ഷം അംഗങ്ങളും ജയ്ഷ് അല്‍ അദലില്‍ ചേര്‍ന്നു. പാക് ബലൂചിസ്ഥാന്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. സവാവുദീന്‍ ഫാറൂഖി ആണ് ഈ സംഘടനയുടെ നിലവിലെ നേതാവ്. രണ്ടുവര്‍ഷംമുമ്പ് ജെയ്ഷ് അല്‍ ആദിലിനെ ഒതുക്കാനായി ഇറാന്‍, പാക്കിസ്ഥാനില്‍ കയറി, നമ്മുടെ സര്‍ജിക്കല്‍ സ്ട്രൈക്ക് പോലെ ആക്രമിച്ചിരുന്നു.

ബലൂചിസ്ഥാനിലെ മറ്റൊരു പ്രധാനപ്പെട്ട ഭാഗം സ്ഥിതി ചെയ്യുന്നത് അഫ്ഗാനിസ്ഥാനിലാണ്. അഫ്ഗാന്റെ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈ മേഖലയില്‍, മറ്റു രണ്ടു രാജ്യങ്ങളെ അപേക്ഷിച്ച് പ്രശ്‌നങ്ങള്‍ കുറവാണ്. വടക്കന്‍ ബലൂചിസ്ഥാന്‍ എന്നാണ് ഈ മേഖല അറിയപ്പെടുന്നത്. അഫ്ഗാനില്‍ പരിശീലനം ലഭിച്ച ബലൂച് വിഘടനവാദികള്‍ ഇറാനെതിരായ ആക്രമണങ്ങളില്‍ പങ്കാളികളാകാറുണ്ട്. ഫ്രണ്ടിയര്‍ കോര്‍പ്‌സ് എന്ന വിഘടനവാദി ഗ്രൂപ്പിന് അഫ്ഗാനില്‍ 30 ട്രെയിനിങ് ക്യാമ്പുകളുണ്ടെന്നാണ് കരുതുന്നത്

ഇപ്പോള്‍ പാക്കിസ്ഥാനിനെ പഞ്ചാബില്‍നിന്ന് വന്നവരെപ്പോലെ തന്നെ ബലൂചികള്‍ വെറുക്കുന്ന മറ്റൊരു കൂട്ടുരുണ്ട് അതാണ് ചൈന. പാക്കിസ്ഥാന്‍ തങ്ങളുടെ മണ്ണിനെ ഒരു ചൈനീസ് കോളനിയാക്കി മാറ്റി എന്നാണ്, ബലൂചികളുടെ ആരോപണം. വിവിധ റോഡ് നിര്‍മ്മാണത്തിനും തുറമുഖ നിര്‍മ്മാണത്തിനും, ഒക്കെയായി ബലുചിസ്ഥാനില്‍ എത്തിയ ചൈന ഇപ്പോള്‍ അവിടം അടക്കി ഭരിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുക. മേഖലയിലെ ഖനനം പൂര്‍ണ്ണമായും ചൈനയ്ക്കും വിട്ടുകൊടുത്തു. അതോടെ സംഘര്‍ഷം കടുത്തു. ഗ്വാദര്‍ തറുമുഖം, ചൈനയുടെ വണ്‍ ബെല്‍റ്റ്, വണ്‍ റോഡ് പദ്ധതിയിലെ നിര്‍ണായക സ്ഥാനത്താണ്. അതും ഇറാന്റെ ചാബഹാര്‍ തുറമുഖവും ബലൂച് മേഖല സിസ്റ്റാന്‍ ബലൂചിസ്ഥാനിലാണ്. ചാബഹാര്‍ തുറമുഖം വികസിപ്പിക്കുന്നത് ഇന്ത്യയാണ്. പാകിസ്ഥാന്റെ ചൈനീസ് ഗ്വാദോറിനുള്ള മറുപടിയായണ് ഇത് വിലയിരുത്തപ്പെടുന്നത്.

പണ്ട്, കച്ചവടത്തിന് വന്ന ഇസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യാക്കാരെ അടക്കിഭരിച്ചതുപോലെ, ഇപ്പോള്‍ ചൈന ഈ മേഖലയെ അടക്കി ഭരിക്കയാണ്. പാവപ്പെട്ട ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ്, അവര്‍ ഔട്ട്പോസ്റ്റും ചെക്ക് പോസ്റ്റും സ്ഥാപിച്ചിട്ടുണ്ട്. ചൈനീസ് കമ്പനികളുടെ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നിടത്ത് ചൈനീസ് സുരക്ഷാസേനയാണ്. അതായത് ഒരു രാജ്യത്തിനുള്ളില്‍ മറ്റൊരു രാജ്യം എന്നപോലെ ഈ മേഖലയെ ചൈനക്ക് തീറെഴുതിക്കൊടുക്കുന്നുവെന്നാണ് ആരോപണം.

മാത്രമല്ല, ബലൂചികള്‍ക്കുനേരെ പാക്ക് പട്ടാളം നടത്തുന്ന അതിക്രൂരമായ അടിച്ചമര്‍ത്തലുകളിലും ചൈനയുടെ പിന്തുണയുണ്ട്. ഇപ്പോഴും പാക്കിസ്ഥാന്റെ ആത്മവിശ്വാസം, ഇവിടെ ഒരു പ്രശ്നമുണ്ടായാല്‍ ചൈന സഹായിക്കുമെന്നാണ്. അതുകൊണ്ടുതന്നെ പഞ്ചാബികളെ കാണുന്നതുപോലെ, ബലൂചികള്‍ക്ക് കലിയാണ്, ചൈനക്കാരെ കാണുന്നതും. 2022 മെയില്‍ കറാച്ചിയില്‍ മൂന്ന് ചൈനീസ് വംശജരെ ഉള്‍പ്പെടെ നാലുപേരെ, രണ്ടുകുട്ടികളുടെ അമ്മയായ ഒരു അദ്ധ്യാപിക, ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിക്കുവേണ്ടി ചാവേറായി കൊലപ്പെടുത്തിയിരുന്നു. അതുപോലെ നിരവധി സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടു. ഇന്നം ചൈനീസ് സമൂഹം ഭീതിയോടെയാണ് ഈ മേഖലയില്‍ കഴിയുന്നത്. പക്ഷേ ഇവിടെനിന്ന് പിന്‍മാറാനും ചൈനക്ക് താല്‍പ്പര്യമില്ല. കാരണം കോടികളുടെ വരുമാനമാണ് അവര്‍ക്ക് ഈ പ്രദേശത്തുനിന്ന് കിട്ടുന്നത്. ഗ്വാദര്‍ തറുമുഖത്തിന്റെ നിയന്ത്രണം വഴി മാത്രം വരുന്നതാണ് ശതകോടികള്‍. തങ്ങളുടെ വിഭവങ്ങള്‍ കൊള്ളയടിക്കുന്നതിലെ, ഒരു ഗുണവും ബലൂചികള്‍ക്ക് കിട്ടുന്നില്ല. അവര്‍ ദാരിദ്ര്യത്തില്‍ തന്നെ കഴിയുന്നു.

പാക്കിസ്ഥാവട്ടെ ഈ സങ്കീര്‍ണ്ണമായ പ്രശ്നം പരിഹരിക്കാന്‍ ഒരു നടപടിയും എടുക്കുന്നില്ല. ബലൂച് തീവ്രാദികളെ അടിക്കാന്‍ കുറേ സുന്നി തീവ്രവാദികളെ പ്രമോട്ട് ചെയ്യുക എന്ന തീക്കളിയാണ് പാക്കിസ്ഥാന്‍ നടത്തിയത്. അവര്‍ ഇറാനുമായി ഉടക്കിയതോടെ വീണ്ടും പ്രശ്നമായി. ഇങ്ങനെ ഒരു തീവ്രവാദികള്‍ക്ക് പകരം, മറ്റൊരു തീവ്രവാദികളെയുണ്ടാക്കി, പരസ്പരം വെട്ടിമരിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

പക്ഷേ ഇന്ത്യയുടെ സുഹൃത്തുക്കളാണ് ബലൂചികള്‍. ഈ പ്രശ്നത്തില്‍ ഇന്ത്യയുടെ ഒരു സഹായം അവര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യാ വിരുദ്ധവികാരം ഇല്ലാത്ത പാക്കിസ്ഥാനിലെ ഏക പ്രദേശമാണ് ഇവിടം. 2016-ല്‍ ഇന്ത്യാ- പാക്ക് ബന്ധം ഏറെ വഷളായിരിക്കെ, സ്വാതന്ത്ര്യദിനത്തിലെ ചെങ്കോട്ട പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബലൂചികളുടെ പ്രശ്നം എടുത്തിട്ടതും അത് ലോക ശ്രദ്ധയില്‍ കൊണ്ടുവന്നതും. 'ഇന്ന് ഇവിടെ ചെങ്കോട്ടയില്‍ നില്‍ക്കുമ്പോള്‍ ചില മനുഷ്യരോട് എനിക്ക് നന്ദി പറയേണ്ടതുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ ബലൂചിസ്ഥാന്‍, ഗില്‍ഗിത്, പാക് അധീന കാശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ എന്നോട് നന്ദി പറഞ്ഞു. അവര്‍ക്കുള്ള കൃതജ്ഞത അറിയിച്ചു. അവര്‍ ഒരുപാട് അകലെ താമസിക്കുന്നവരാണ്, അവരെ ഒരിക്കലും കണ്ടിട്ടില്ല. ആ ജനങ്ങള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ നന്ദി അറിയിക്കുമ്പോള്‍ അത് 125 കോടി ജനങ്ങള്‍ക്കുമുള്ള ആദാവാണ്'- പ്രധാനമന്ത്രി അന്ന് പറഞ്ഞത് ഇങ്ങനെയാണ്.

ഇത് വലിയ വാര്‍ത്തയായതോടെ, ബലൂചിസ്ഥാന്‍ സമരത്തെ ഇന്ത്യ പിന്തുണക്കുന്നുവെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതോടെ ഇന്ത്യന്‍ പതാക ഉയര്‍ത്തി ബലൂചികള്‍ പ്രകടനം നടത്തിയതും രാജ്യാന്തര മാധ്യമങ്ങളുടെ തലക്കെട്ടുകള്‍ ആകര്‍ഷിച്ചിരുന്നു. ബലൂചിസ്ഥാന്‍ വിഘടവാദ ഗ്രൂപ്പുകള്‍ക്ക് ഇന്ത്യന്‍ സഹായം ലഭിക്കുന്നുണ്ടെന്നും പാക്കിസ്ഥാന്‍ ആരോപിക്കുന്നുണ്ട്. ഇന്ത്യന്‍ ചാര സംഘടന റോയാണ് ഓപ്പറേഷനുകള്‍ക്കു പിന്നില്‍ എന്നും അവര്‍ ആരോപിക്കുന്നു. വിഘടനവാദികള്‍ക്ക് പണവും ആയുധവും എത്തുന്നത് ഇന്ത്യന്‍ ഭാഗത്തുനിന്നാണെന്നും കാശ്മീര്‍ വിഷയത്തിന് പകരം പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും പാക്കിസ്ഥാന്‍ ആരോപിക്കുന്നു. 2009-ല്‍ കൊല്ലപ്പെട്ട അക്ബര്‍ ബുഗ്തിക്ക് ആയുധ സഹായം നല്‍കിയതു അദ്ദേഹത്തിന്റെ കുടുംബത്തേയും കൂട്ടാളികളേയും സംരക്ഷിച്ചു നിര്‍ത്തിയതും ഇന്ത്യയാണെന്നും ആരോപണമുണ്ട്.

എന്നാല്‍ ഇന്ത്യ ഈ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി നേതാക്കള്‍ക്ക് ഇന്ത്യയില്‍ ചികിത്സ നടത്തിയതായി മുന്‍പ് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്ര സഭയില്‍ അടക്കം പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. പക്ഷേ യഥാര്‍ത്ഥത്തില്‍ ബലൂചികള്‍ക്ക് ആയുധവും, അര്‍ത്ഥവും വരുന്നത് ഇറാനില്‍നിന്നും അഫ്ഗാനില്‍ നിന്നുമാണെന്നാണ് പറയുന്നത്. ആഗോളവ്യാപകമായി ബലൂചികള്‍ വലിയ തോതില്‍ ഫണ്ട് പിരിക്കുന്നുണ്ട്.

പക്ഷേ ഇപ്പോള്‍ ചെയ്ത ക്രൂരതകള്‍ വലിയതോതില്‍ ബലൂചികള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. ഒരു പ്രദേശത്തുള്ളവരെ മൊത്തം വംശീയമായ നോക്കി ഉന്‍മൂലനം ചെയ്യാന്‍ ശ്രമിക്കുക എന്നത് അതിഭീകരമാണ്. ആ കുടത്ത വംശീയക്കളിയാണ് ബലൂചി തീവ്രാവാദ സംഘടനകള്‍ നടത്തുന്നത്. ഈ തീക്കളി എവിടെ എത്തുമെന്ന് കണ്ട് അറിയേണ്ടതാണ്.

വാല്‍ക്കഷ്ണം: വാളെടുത്തവന്‍ വാളാല്‍ എന്ന ഉപമയാണ് പാക്കിസ്ഥാന്റെ ഇപ്പോഴത്തെ അനുഭവങ്ങള്‍ കാണുമ്പോള്‍ ഓര്‍മ്മ വരുന്നത്. കാശ്മീരില്‍ ഭീകരവാദത്തിന് വെള്ളം വളവും നല്‍കിയ പാക്കിസ്ഥാന് ഇപ്പോള്‍ സ്വന്തം മണ്ണില്‍ നിന്നുതന്നെ വിഘടനവാദ സ്വരം ഉയരുന്നത് കാലത്തിന്റെ കാവ്യനീതിയാവാം.