''ഇതുപോലെ ഒരു വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉണ്ടായിരുന്നെങ്കില്‍ റഷ്യയില്‍ കമ്യൂണിസം തന്നെ ഉണ്ടാവുമായിരുന്നില്ല''. 91-ല്‍ സോവിയറ്റ് യൂണിയന്‍ വിഘടിച്ച് ഇല്ലാതായ, പോസ്റ്റ് കമ്യൂണിസ്റ്റ് കാലഘട്ടത്തില്‍, അമേരിക്ക സന്ദര്‍ശിച്ച റഷ്യന്‍ പ്രസിഡന്റ് ബോറിസ് യെല്‍സിന്‍ പറഞ്ഞ ഈ വാക്കുകള്‍ ലോക പ്രശസ്തമായി. ഒരു കൊക്കക്കോളക്കും, കേക്കിനും, മദ്യത്തിനുംവേണ്ടി അടിപടികൂടുന്ന അവസ്ഥയിലേക്കുള്ള ദാരിദ്ര്യത്തിന്റെ വിതരണമാണ് കമ്യുണിസം റഷ്യാക്കാര്‍ക്ക് നല്‍കിയത്. പട്ടിണിക്കൊപ്പം ഭീകരതയും. ലക്ഷക്കണക്കിന് റഷ്യയിലെ നിരപരാധികളാണ് സ്റ്റാലിന്റെ കാലത്തൊക്കെ വെറും സംശയത്തിന്റെ പേരില്‍ ഇല്ലാതായതത്.

പക്ഷേ 90-കളില്‍ റഷ്യയില്‍ കമ്യൂണിസത്തിന് മരണമണി മുഴങ്ങി. ജനം ലെനിന്റെയും സ്റ്റാലിന്റെയുമൊക്കെ പ്രതിമകള്‍ വലിച്ച് താഴെയിട്ട്, അതില്‍ കയറി മൂത്രമൊഴിച്ചു. പക്ഷേ കമ്യൂണിസം എന്ന ആശയ ഏകാധിപത്യത്തിനുശേഷം റഷ്യ പിന്നീട് കടന്നുപോയത് ഒരു വ്യക്തിയുടെ ഏകാധിപത്യത്തിലൂടയായിരുന്നു. 99-ല്‍ പ്രസിഡന്റ് ബോറിസ് യെല്‍റ്റ്‌സിന്റെ പിന്‍ഗാമിയായാണ് പുടിന്‍ റഷ്യയുടെ അമരത്തെത്തുന്നത്. അവിടുന്നിങ്ങോട്ട് തുടര്‍ച്ചയായ 25 വര്‍ഷം. ഭരണഘടനാ ഭേദഗതിയിലൂടെ, കാലാവധി നീട്ടി, ശരിക്കും റഷ്യയുടെ ചക്രവര്‍ത്തിയായി മാറിയിരിക്കയാണ് ഈ മുന്‍ കെജിബി ഉദ്യോഗ്സ്ഥന്‍. 2024-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജയിച്ചതോടെ പുടിന് 2030വരെ യാതൊരു കുഴപ്പവുമില്ലാതെ റഷ്യയെ ഭരിക്കാം. ഇനി 2030 കഴിഞ്ഞിട്ടും പുടിന് ആരോഗ്യമുണ്ടെങ്കില്‍ അയാള്‍ തന്നെയാവും പ്രസിഡന്റ്.

കാല്‍ നൂറ്റാണ്ടോളം അധികാരത്തിലിരുന്ന ജോസഫ് സ്റ്റാലിന് ശേഷം ഏറ്റവും കൂടുതല്‍ കാലം ക്രെംലിന്‍ ഭരിച്ച നേതാവായി പുടിന്‍ മാറുകയാണ്. ഈ 72ാം വയസ്സിലും അയാള്‍ തന്നെയാണ് രാജ്യം. റഷ്യയെ ഒരു രാജ്യം എന്നതില്‍ ഉപരിയായി പുടിന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന് വിളിക്കുന്നതാവും നല്ലത്. പുടിനെ എതിര്‍ത്താല്‍ നിങ്ങള്‍ക്ക് പിന്നെ അവിടെ നില്‍ക്കാന്‍ കഴിയില്ല. ആയിരിക്കണക്കിന് ആളുകള്‍, മാധ്യമ പ്രവര്‍ത്തകരും പ്രതിപക്ഷ നേതാക്കളും ഉള്‍പ്പെടെ അങ്ങനെ കൊല്ലപ്പെട്ടു കഴിഞ്ഞു. ലോകത്തിന്റെ ഏത് കോണില്‍വെച്ച് ആരെയും കൊന്നുതള്ളാനുള്ള സ്വകാര്യസംഘവും അയാള്‍ക്കുണ്ട്. അണുവായുധങ്ങളും കനത്ത സൈനികശേഷിയും കാരണം ആരും അയാളെ ഭയക്കുന്നു. യുക്രൈനില്‍ അയിരക്കണക്കിന് പേരുടെ മരണത്തിന് ഇടയാക്കുന്ന, യുദ്ധം ഇപ്പോഴും തുടരുന്നത് പുടിന്റെ ഒറ്റ പിടിവാശിയും ദുരഭിമാനവും കൊണ്ടാണ്. ട്രംപ് തൊട്ട് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിങ്് ജോങ്് ഉന്നുമായിവരെ അടുത്ത സൗഹൃദമുള്ള ഈ സൈക്കോ ഭരണാധികാരി, ഇനി ഒരു മൂന്നാം ലോകമഹായുദ്ധത്തിന് തിരികൊളുത്തുമോ എന്നാണ് ഭീതി.

ശതകോടികളാണ് പുടിന്റെ ആസ്തി. ലോകം മൂഴവന്‍ കാമുകിമാവുമായി ഒരുഭാഗത്ത് ഒരു പാര്‍ട്ടിബോയിയുടെ ലക്ഷണങ്ങള്‍, ഇപ്പോഴും ബോഡി ഫിറ്റായി സൂക്ഷിക്കുന്ന പഴയ ജൂഡോ താരത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവും. അതേ മറുഭാഗത്ത് തന്നെ ആരെയും ആക്രമിച്ച് കൊല്ലുന്ന ഒരു സൈക്കോമോഡ് അദ്ദേഹത്തിന് ഉണ്ട്. അമേരിക്കന്‍ പ്രൈഡ് എന്ന ട്രംപിന്റെ തീവ്രവലതുപക്ഷ കാര്‍ഡുപോലെ, റഷ്യന്‍ പ്രൈഡും, അഖണ്ഡ റഷ്യയുമാണ് പുടിന്റെ തുറുപ്പുചീട്ട്. പക്ഷേ ഒരുകാര്യം നാം മറുന്നുപോവരുത്. കമ്യൂണിസത്തിന്റെ ദാരിദ്ര്യകാലംവെച്ചുനോക്കുമ്പോള്‍ റഷ്യയെ എത്രയോ മടങ്ങ് സാമ്പത്തിക ശക്തിയാക്കി വളര്‍ത്താന്‍ പുടിന് കഴിഞ്ഞുവെന്നത് യാഥാര്‍ത്ഥമാണ്. പക്ഷേ പുടിന്റെ 25 വര്‍ഷത്തെ ഭരണം നോക്കുമ്പോള്‍, അവിടെയും രക്തം കട്ടംപിടിച്ച് കിടക്കുന്നത് കാണാം.

യെല്‍സിന്റെ മദ്യപാനം പുടിന് തുണയായി

ഒരിക്കലും ഒരു രാഷ്ട്രീയക്കാരനാവണമെന്നോ, രാജ്യം ഭരിക്കണമെന്നോ ആഗ്രഹിച്ച ആളല്ല വ്ളാദിമര്‍ പുടിന്‍. സോവിയറ്റ് കാലത്ത് ഒരു കെജിബി ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഒതുങ്ങി നിന്ന പുടിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്, മുന്‍ റഷ്യന്‍ പ്രസിഡന്റ് ബോറിസ് യെല്‍സിന്‍ ആയിരുന്നു. 1991-ല്‍ സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിന് ശേഷം റഷ്യന്‍ പ്രസിഡറായ യെല്‍സിന് പക്ഷേ അമിതമായി മദ്യപിക്കുക എന്ന ശീലമുണ്ടായിരുന്നു. പക്ഷേ അത് ഗുണയായത് യെല്‍സിന് ഒപ്പം കൂടിയിരുന്ന പുടിനാണ്. പതുക്കെപതുക്കെ പുടിന്‍ യെല്‍സിനെ അപ്രസക്തനാക്കി വളര്‍ന്നു. വെറും മദ്യപാനമായിരുന്നല്ല, യെല്‍സിന്റെത്, പൊതുവേദികളില്‍പോലും അടിച്ച് പൂക്കുറ്റിയായി പാമ്പാവുകയായിരുന്നു ആ ശൈലി!




അങ്ങനെയാണ് യെല്‍സിന്റെ പകരക്കാരനായി പുടിന്‍ എത്തുന്നത്. 2000ത്തിലാണ് ആദ്യം തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 53ശതമാനം വോട്ട് നേടി ജയിച്ച്, പുടിന്‍ തന്റെ ആദ്യ ഭരണവര്‍ഷം തുടങ്ങി. അന്ന് പുടിന്‍ ജനാധിപത്യവാദിയായി അഭിനയിച്ചു. റഷ്യ സാമ്പത്തികമായി പാപ്പരായി കിടക്കുന്ന സമയമാണിത്. അവര്‍ പട്ടിണി കിടന്ന് നശിക്കുമെന്ന് ലോക രാഷ്ട്രങ്ങള്‍ വിലയിരുത്തിയ കാലം. റഷ്യയിലെ സ്ത്രീകള്‍ അയല്‍രാജ്യങ്ങളിലും അമേരിക്കയിലൊമൊക്കെപ്പോയി വ്യഭിചരിച്ച് കുടുംബം പുലര്‍ത്തുന്നതിനെ കുറിച്ച് വാര്‍ത്ത വന്നകാലം! പക്ഷേ വിപണി തുറന്നുകൊണ്ടും, കുടുതല്‍ വ്യവസായങ്ങളെ റഷ്യയിലേക്ക് ക്ഷണിച്ചും, കൃഷിയെ ആധുനികവത്ക്കരിച്ചുമെല്ലാം, പുടിന്‍ റഷ്യയെ സാമ്പത്തിക പുരോഗതിയിലേക്ക് നയിച്ചു.

പക്ഷേ അപ്പോഴും ഒരു ഓട്ടോക്രാറ്റ് എന്ന നിലയിലുള്ള പുടിന്റെ ധൃംഷ്ടകള്‍ ഇടക്കിടെ പുറത്തുവരുമായിരുന്നു. 2000-ത്തില്‍ അധികാരമേറ്റ് അധികം വൈകും മുമ്പ്, റഷ്യയിലെ പ്രമുഖ ചാനലായ എന്‍ടിവി ടാക്സ് പൊലീസിനെക്കൊണ്ട് റെയ്ഡ് ചെയ്തുകൊണ്ടായിരുന്നു പുടിന്‍ തന്റെ വിഖ്യാതമായ എതിരാളിവേട്ടക്ക് വേട്ടയ്ക്ക് തുടക്കമിട്ടത്. മേയ് 11ന് കുര്‍സ്‌ക് അന്തര്‍വാഹിനി 118 പേരുമായി ബാരന്റ്സ് കടലില്‍ മുങ്ങിയ നേരത്ത്, അവധിക്കാലം ആഘോഷിക്കയായിരുന്നു പുടിന്‍. ഇതിനെതിരെയും കടുത്ത വിമര്‍ശനമുണ്ടായി.

പ്രതിസദ്ധികള്‍ തുടക്കം മുതലെ പുടിന്റെ കൂടെയുണ്ടായിരുന്നു. അതില്‍ ഏറ്റവും പ്രധാനമായയിരുന്നു ചെച്നിയയിലെ മുസ്ലീം ഭീകരവാദം. ചെചന്‍ തീവ്രവാദികള്‍, മോസ്‌കോയിലെ തിയേറ്ററില്‍ 850 പേരെ ബന്ദികളാക്കിയത് 2002ലായിരുന്നു. മൂന്ന് ദിവസത്തിന് ശേഷം, പ്രതിസന്ധി അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രത്യേക സേന തീയേറ്ററിലേക്ക് ഒരു അജ്ഞാത വാതകം പമ്പ് ചെയ്തു. അന്ന് തീവ്രവാദികളോടൊപ്പം 130 ബന്ദികളും ജീവന്‍ വെടിഞ്ഞു, അപ്പോഴും നൂറുകണക്കിന് ജീവന്‍ രക്ഷിച്ചെന്നായിരുന്നു പുടിന്റെ അവകാശവാദം. ഇങ്ങനെ എത് സംഭവത്തിലും തന്റെതായ ഒരു പ്രൊപ്പഗന്‍ഡ ഇടാന്‍ പുട്ടിന് കഴിഞ്ഞിരുന്നു.

2004 മാര്‍ച്ച് 14ന് രണ്ടാംതവണയും പ്രസിഡന്റ് പദത്തിലേക്ക്. അതേവര്‍ഷമായിരുന്നു ഇസ്ലാമിക തീവ്രവാദികള്‍ തെക്കന്‍ നഗരമായ ബെസ്ലാനിലെ ഒരു സ്‌കൂള്‍ പിടിച്ചെടുത്തത്, രണ്ട് ദിവസത്തിന് ശേഷം നടന്ന സ്‌ഫോടനങ്ങളിലും വെടിവയ്പ്പിലും 300-ലധികം ആളുകള്‍ മരിച്ചു. കഴിവുകേട് പ്രാദേശിക നേതാക്കളുടേതെന്ന് പറഞ്ഞ് നേതാവ് കയ്യൊഴിഞ്ഞു.

2005ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ 'നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ഭൗമരാഷ്ട്രീയ ദുരന്തം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് പുടിന്‍ അന്താരാഷ്ട്ര നിരീക്ഷകരെയെല്ലാം ഭയപ്പെടുത്തുകയും ആശങ്കയിലാക്കുകയും ചെയ്തു. 2007 ഫെബ്രുവരി 10നായിരുന്നു മ്യൂണിക്കിലെ ഒരു കോണ്‍ഫറന്‍സില്‍ നടത്തിയ പ്രസംഗത്തില്‍, അമേരിക്കയുമായി അടുത്ത ബന്ധം വളര്‍ത്തിയെടുക്കാനുള്ള മുന്‍കാല ശ്രമങ്ങളില്‍ നിന്നും പിന്തിരിയുകയാണെന്ന പ്രഖ്യാപനം പുടിന്‍ നടത്തുന്നത്. 2008ല്‍ തുടര്‍ച്ചയായി മൂന്നാം തവണയും മത്സരിക്കുന്നതില്‍ നിന്ന് ഭരണഘടന വിലക്കിയ പുടിനെ പുതിയ പ്രസിഡന്റ് ദിമിത്രി മെദ്വദേവ് പ്രധാനമന്ത്രിയായി നിയമിച്ചു, ഫലത്തില്‍ റഷ്യയുടെ രാഷ്ട്രീയ നേതാവായി പുടിന്‍ തന്നെ തുടര്‍ന്നു.

റഷ്യയുടെ ചക്രവര്‍ത്തിയാവുന്നു

പുടിന്‍ നടത്തിയ ഭരണഘടനാ മാറ്റങ്ങള്‍ക്ക് കീഴിലായിരുന്ന 2012-ല്‍ പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. 4 വര്‍ഷമെന്നത് ആറ് വര്‍ഷമായി മാറി. തുടര്‍ന്ന് വന്ന പ്രതിഷേധങ്ങള്‍ റഷ്യയെ പ്രകമ്പനം കൊള്ളിച്ചു. സ്ഥാനാരോഹണത്തിന്റെ തലേദിവസവും വോട്ടെടുപ്പിന് മുമ്പും പതിനായിരക്കണക്കിന് ആളുകളുടെ പ്രതിഷേധം മറ്റൊരു നിയമനിര്‍മാണത്തിനും വഴിവച്ചു. പക്ഷേ പുടിന്‍ വിട്ടില്ല. സ്റ്റാലിന്‍ ലൈനില്‍ അയാള്‍ അടിച്ചമര്‍ത്തി.

2013ല്‍ ഭാര്യ ല്യൂഡ്മിലയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുന്നതായി സ്റ്റേറ്റ് ടെലിവിഷനിലൂടെ തന്നെ ജനങ്ങളെയറിയിച്ചു. അഭിമാന പദ്ധതിയായി വിന്റര്‍ ഒളിമ്പിക്സിന് 2014ല്‍ സോച്ചിയില്‍ തുടക്കമിട്ടു. അതേ വര്‍ഷമായിരുന്നു റഷ്യ ക്രിമിയ പിടിച്ചടക്കിയത്. ഉക്രെയ്നിന്റെ റഷ്യന്‍ സൗഹൃദ പ്രസിഡന്റിനെ പുറത്താക്കിയതിനെത്തുടര്‍ന്നായിരുന്നു അധിനിവേശം. ക്രെംലിന്‍ ചിഹ്നങ്ങളില്ലാതെ യൂണിഫോം ധരിച്ച സൈനികരെയാണ് ക്രിമിയ പിടിച്ചടക്കാന്‍ പുടിന്‍ അയച്ചത്. അതോടെ കിഴക്കന്‍ ഉക്രെയ്നില്‍ ഉക്രേനിയന്‍ സേനയും റഷ്യയുടെ പിന്തുണയുള്ള വിഘടനവാദി വിമതരും തമ്മിലുള്ള പോരാട്ടം ആരംഭിച്ചു.

2015ല്‍ റഷ്യയിലെ രാഷ്ട്രീയ എതിരാളികളില്‍ പ്രധാന വ്യക്തിയായ ബോറിസ് നെംത്സോവ് ക്രെംലിനിനടുത്തുള്ള ഒരു പാലത്തില്‍ വെടിയേറ്റു മരിച്ചതായിരുന്നു മറ്റൊരു സംഭവം. അതേ വര്‍ഷം സെപ്റ്റംബറിലാണ് തീവ്രവാദ ഗ്രൂപ്പുകളെ നശിപ്പിക്കുമെന്നാഹ്വാനം ചെയ്ത പുടിന്‍ സിറിയയില്‍ വ്യോമാക്രമണം ആരംഭിച്ചത്. പുടിന്റെ ദീര്‍ഘകാല സഖ്യകക്ഷിയായ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ അധികാരത്തില്‍ തുടരാന്‍ പുടിന്റെ നടപടി സഹായിച്ചു. പക്ഷേ പുട്ടിന്റെ സൈനിക നടപടികള്‍ സിറിയയിലെ ഐസിസിന്റെ നട്ടെല്ല് തകര്‍ത്തിരുന്നു. ഐസിസന്റെ അന്തകരില്‍ ഒരാളായാണ് പുടിന്‍ വിലയിരുത്തപ്പെടുന്നത്. അയാളുടെ ഏറ്റവും വലിയ അന്താരാഷ്ട്ര സംഭാവനയും അതുതന്നെയാണ്.

2018-ലാണ് റഷ്യയില്‍ നിന്ന് ക്രിമിയയിലേക്കുള്ള 18 കിലോമീറ്റര്‍ പാലം പുടിന്‍ തുറന്നുകൊടുത്തത്, ഇതേ പാലമാണ് പിന്നീട് യുക്രെയ്നുമായുള്ള യുദ്ധത്തില്‍ ആക്രമണത്തിന്റെ ലക്ഷ്യമായി മാറുന്നത്. രണ്ട് ടേമുകള്‍ക്ക് കൂടി പുടിനെ അവകാശിയാക്കുന്ന മാറ്റങ്ങളുള്‍പ്പെടുന്നൊരു ഭരണഘടനാ ഭേദഗതിക്കായി 2020ല്‍ പുടിന്‍ വച്ച പ്രൊപോസല്‍ അംഗീകരിക്കപ്പെട്ടു. ഓഗസ്റ്റ് മാസത്തോടെയായിരുന്നു പ്രതിപക്ഷനേതാവ് അലെക്സി നവോല്‍നി ഗുരുതരമായ രോഗത്തിനടിമപ്പെടുന്നത്. പുടിനെതിരെ ഒരു പ്രതിപക്ഷഐക്യം രൂപപ്പെടുത്തുന്നതിനിടെയായിരുന്നു ഈ സംഭവം. സൈബീരിയയില്‍ നിന്നും ജര്‍മനിയിലേക്കു പറന്ന നവോല്‍നിക്ക് നാഡീവിഷബാധയേറ്റെന്ന് വൈകാതെ ബോധ്യപ്പെട്ടു. അതിനു പിന്നില്‍ റഷ്യയും ക്രംലിനുമാണെന്ന് നവോല്‍നി ആരോപിച്ചു, എല്ലാം നിഷേധിക്കുന്നതായിരുന്നു ക്രംലിന്റെ നിലപാട്. മുന്‍ പ്രസിഡന്റുമാര്‍ക്ക് ലൈഫ്ടൈം ഇമ്മ്യൂണിറ്റി നല്‍കുന്ന ബില്ലില്‍ പുടിന്‍ ഒപ്പുവച്ചു.




2022-ല്‍ ഔദ്യോഗികമായി യുക്രൈന്‍ അധിനിവേശം ആരംഭിച്ചു. പിന്നീടുള്ള ദുരിതം എല്ലാവര്‍ക്കും അറിയാമല്ലോ. അരു പറഞ്ഞിട്ടും അയാള്‍ കേട്ടില്ല. തീര്‍ത്തും മുടന്തന്‍ ന്യായങ്ങളായിരുന്നു പുടിന്റെ ഭാഗത്ത്. 2024 ഫെബ്രുവരി 16ന് ആര്‍ട്ടിക് ജയില്‍ കോളനിയില്‍വെച്ച് നവല്‍നി മരിച്ചു. കാരണമെന്തെന്നറിയാത്ത ഒരു മരണം കൂടി. 'പുടിനും അദ്ദേഹത്തിന്റെ കൊള്ളക്കാരും ചെയ്തതിന്റെ ഫലമാണ് നവല്‍നിയുടെ മരണം എന്നതില്‍ സംശയമില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

ഈ പ്രശ്നങ്ങള്‍ എല്ലാം ഉണ്ടായിട്ടും. തിരഞ്ഞെടുപ്പില്‍ വീണ്ടും 87 ശതമാനം വോട്ട് നേടി പുടിന്‍ തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ രാഷ്ട്രീയമായി വിയോജിക്കുന്നവരെ തടവിലാക്കിയും സ്വതന്ത്രമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിച്ചുമാണ് വീണ്ടും പുടിന്‍ റഷ്യന്‍ പ്രസിഡന്റാകുന്നതെന്ന് അമേരിക്കയും ബ്രിട്ടണും ജര്‍മനിയും പ്രതികരിച്ചു. അങ്ങനെ അഞ്ചാംഘട്ടം. 2024 മേയ് 7ന് പുതിയൊരു ആറുവര്‍ഷഭരണത്തിന് വ്ലാദിമിര്‍ പുടിന്‍ തുടക്കമിട്ടു. ഇപ്പോഴിതാ ഭരണം 25 വര്‍ഷം പിന്നിടുകയാണ്. ഇനി മരണത്തിന് മാത്രമാണ് പുടിനെ റഷ്യയുടെ ഭരണത്തില്‍നിന്ന് മാറ്റി നിര്‍ത്താന്‍ കഴിയുക.

എതിരാളികളെ നമ്പറിട്ട് കൊല്ലുന്ന സൈക്കോ

കമ്യൂണിസം കൊണ്ട് ഏറെ അനുഭവിച്ചവരാണ് റഷ്യക്കാര്‍. ഇപ്പോള്‍ അവര്‍ പുടിന്‍ എന്ന എകാധിപതിയൊക്കൊണ്ടും ഒരുപാട് അനുഭവിക്കുന്നു. തുടക്കംമുതലേ പുടിന്‍ ശ്രമിച്ചത് തന്റെ രാഷ്ട്രീയ എതിരാളികളെ കൊന്ന് തള്ളുന്നതിന് ആയിരുന്നു. തന്നെ വെല്ലുവിളിക്കുന്നവരെയെല്ലാം അയാള്‍ നോട്ടമിട്ടു. ആദ്യടേമില്‍ തന്നെ റഷ്യയിലെ ഏറ്റവും ധനികനും പുടിനെ വെല്ലുവിളിക്കാന്‍ പോന്നതുമായ എണ്ണ വ്യവസായി മിഖായേല്‍ ഖോഡോര്‍കോവ്സ്‌കിയെ നികുതി വെട്ടിപ്പ്, വഞ്ചനാ കേസില്‍ അറസ്റ്റ് ചെയ്ത് 10 വര്‍ഷം തടവിലിട്ടു. ഇനി വളരാതിരിക്കാന്‍ പാകത്തില്‍ എണ്ണക്കമ്പനി പൊളിച്ചുമാറ്റി, അതിന്റെ ഭൂരിഭാഗം സ്റ്റേറ്റ് ഓയില്‍ കമ്പനിയായ റോസ്നെഫ്റ്റ് ഏറ്റെടുത്തു.

'ആത്മഹത്യചെയ്യാന്‍ നടക്കുന്ന ആളാണ് നിങ്ങള്‍. പക്ഷേ അതിനുള്ള ധൈര്യമില്ല. എന്നാല്‍ ഒന്നുമറിയാതെ മരിക്കണമെങ്കില്‍ ഒരു കാര്യം ചെയ്താല്‍ മതി. പ്രസിഡന്റിനെ രൂക്ഷമായി വിമര്‍ശിച്ച് വീഡിയോകള്‍ ചെയ്യുക. പിന്നെ മരണം നിങ്ങളെ തേടി എത്തിക്കോളും'- വ്ളാദിമിര്‍ പുടിന്‍ എന്ന ഏകാധിപതിയെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് റഷ്യയുടെ കണ്ണില്‍ കരടായതോടെ അമേരിക്കയിലേക്ക് നാടുവിട്ട, അലക്സി മിച്ചല്‍ എന്ന യുട്യൂബര്‍ പറഞ്ഞതാണ് ഈ വാക്കുകള്‍. ഇതില്‍ ഒട്ടും അതിശയോക്തിയില്ല. പുടിന്റെ കടുത്ത വിമര്‍ശകരായ ഒരു ഡസനോളം മാധ്യമ പ്രവര്‍ത്തകരാണ് കഴിഞ്ഞ മൂന്നാല് വര്‍ഷത്തിനുള്ളില്‍ റഷ്യയില്‍ കൊല്ലപ്പെട്ടത്. മിക്കവരും കെട്ടിടത്തിന് മുകളില്‍നിന്ന് വീണാണ് മരിക്കുക. പൊലീസ് അത് കാല്‍വഴുതിയെന്നോ, ആത്മഹത്യയെന്നോ ഒക്കെ എഴുതിത്തള്ളും.

മരണത്തിന്റെ വ്യാപാരി എന്നൊക്കെ നാം ഹിറ്റ്ലെറയൊക്കെയാണ് വിശേഷിപ്പിക്കുക. പക്ഷേ ആ പദവി ഇപ്പോള്‍ പുടിനാണ്. 2015ല്‍ പുടിന്റെ കടുത്ത വിമര്‍ശകനായ പ്രതിപക്ഷ നേതാവ് ബോറിസ് നെംറ്റ്‌സോവ് തെരുവില്‍ വെടിയേറ്റ് മരിച്ചിരുന്നു. അലക്സി നവാല്‍നിയുടെ അനുഭവം എല്ലാവര്‍ക്കും അറിയാം. അതുപോലെ സ്വന്തം പാര്‍ട്ടിയിലെ നിരവധി നേതാക്കളെയും ഈ നരാധമന്‍ ഇല്ലാതാക്കി.

ഇതോടെയാണ് പുടിന്‍ സമം മരണം എന്ന ഒരു സമവാക്യം രൂപപ്പെടുന്നത്്. ലോകത്ത് എവിടെയും പോയി കൊലപ്പെടുത്താന്‍ കഴിയുന്ന കൊലയാളി സംഘവും അദ്ദേഹത്തിനുണ്ട്. ഒരുകാലത്ത പുടിന്റെ വലം കൈ ആയിരുന്നു, യെവ്‌ഗെനി പ്രിഗോഷിന് എന്ന വാഗ്നര്‍ കൂലിപ്പടയുടെ തലവനും ഒടുവില്‍ അതേ ഗതിയാണ് വന്നത്. 2023 ഓഗസ്റ്റ് 23ന് യെവ്‌ഗെനി പ്രിഗോഷിന്റെ എംബ്രയര്‍ ബിസിനസ് വിമാനം മോസ്‌കോയില്‍നിന്ന് പറന്നുയര്‍ന്നു അരമണിക്കൂര്‍ പിന്നിടുംമുമ്പ് ഏതാണ്ട് 30,000 അടി ഉയരത്തില്‍നിന്ന് അത് താഴേക്കുപതിച്ചു. വിമാനത്തിലുണ്ടായിരുന്ന ഏഴു യാത്രക്കാരും മൂന്നു ജീവനക്കാരും മരിച്ചു. പുടിനുമായി തെറ്റിയതോടെ പ്രിഗോഷിന്റെ മരണം ഉറപ്പിക്കപ്പെട്ടയായിരുന്നു. പ്രിഗോഷിന്റെ മരണത്തോടെ ആ കൂലിപ്പടമൊത്തം പുടിന് സ്വന്തമായി. ഇന്നും ഗ്ര്യൂ എന്നൊക്കെപ്പറയുന്ന ജയിലല്‍നിന്ന് കൊടുംകുറ്റവാളികളെ റിക്രൂട്ട് ചെയ്യുന്ന കൊലയാളി സംഘം പുടിന് സ്വന്തമായുണ്ട്.




ആദ്യം അധികാരത്തിലെത്തിയപ്പോള്‍ തന്നെ രാഷ്ട്രീയ എതിരാളിയാവുമെന്ന് പുടിന്‍ ഭയന്ന മിഖായില്‍ കൊഡര്‍ക്കോവ്‌സ്‌കിയെ സാമ്പത്തിക തിരിമറികള്‍ ആരോപിച്ച് തടവിലാക്കിയത് 10 വര്‍ഷമാണ്. മുന്‍ ലോക ചെസ് ചാംപ്യനും പുടിന്റെ വിമര്‍ശകനുമായ ഗാരി കാസ്പറോവ് ഭരണകൂടത്തിന്റെ പീഡനം ഭയന്ന് റഷ്യയില്‍ നിന്ന് പലായനം ചെയ്തു. മുന്‍ സുഹൃത്തും പിന്നീട് പുടിന്റെ മുഖ്യ ശത്രുവുമായി മാറിയ കോടീശ്വരന്‍ ബോറിസ് ബെറെസോവ്‌സ്‌കി ബ്രിട്ടനില്‍ രാഷ്ട്രീയാഭയം തേടിയെങ്കിലും ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുടിന്റെ കടുത്ത വിമര്‍ശകനായ മുന്‍ ഉപപ്രധാനമന്ത്രി ബോറിസ് നെംത്സോവ് 2015 ഫെബ്രുവരി 27നു ക്രെംലിന്‍ പാലത്തിലൂടെ വീട്ടിലേക്കു നടന്നുപോകുമ്പോള്‍ വെടിയേറ്റു മരിച്ചു. അങ്ങനെ എത്രയെത്ര കൊലകള്‍. എഴുതിയാല്‍ പേജുകള്‍ നീണ്ടുപോവും.

ലോകമെമ്പാടും അസംഖ്യകാമുകിമാര്‍ ഉണ്ട് പുടിന്. അതില്‍ ഒരു ജിംനാസ്റ്റിക്ക് താരം പ്രസവിച്ചപ്പോള്‍ അത് വര്‍ത്തയാക്കിയ മാധ്യമ പ്രവര്‍ത്തകനും വെടിയുണ്ട വീണു. സ്ത്രീലമ്പടന്‍ എന്ന് മാത്രമല്ല ബാലപീഡകനെന്ന ചീത്തപ്പേരും പുടിനുണ്ട്. ഇത് ചീത്തപ്പേരല്ല, യാഥാര്‍ത്ഥ്യമാണ് എന്നാണ് പാശ്ചാത്യമാധ്യമങ്ങള്‍ പറയുന്നത്.

ക്രോണി ക്യാപ്പിറ്റിലിസം വില്ലനാവുന്നു

പുടിന്‍ ഭരണകാലത്ത് റഷ്യയുടെ സാമ്പത്തിക രംഗം മെച്ചപ്പെട്ടോ? കമ്യൂണിസ്റ്റ് കാലഘട്ടവുമായി ബന്ധപ്പെടുത്തി നോക്കുമ്പോള്‍ അത് എത്രയോ മെച്ചപ്പെട്ടു എന്നത് ഉറപ്പാണ്. ഒരു ബിയറിനും, സിഗാറിനും വേണ്ടി സ്ത്രീകള്‍ വ്യഭിചരിച്ചിരുന്നു ഒരു കാലം ഇനി റഷ്യയില്‍ വരില്ല. പക്ഷേ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമായോ ജനാധിപത്യ ശക്തികളുമായി താരതമ്യം ചെയ്യുമ്പോള്‍ റഷ്യയുടെ സാമ്പത്തിക പുരോഗതി ഒന്നുമല്ല. എന്തിന് ചൈനയുമായി താരതമ്യം ചെയ്യുമ്പോള്‍ പോലും റഷ്യ ഒന്നുമല്ല.

ഇതിന് പ്രധാനകാരണമായി ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് പുടിന്റെ ക്രോണി ക്യാപിറ്റിലിസം തന്നെയാണ്. റഷ്യ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണെന്നും, താന്‍ അതിന്റെ സിഇഒ ആണെന്നുമുള്ള രീതിയിലാണ് പുടിന്റെ ചെയ്തികള്‍. റഷ്യയില്‍ ഇനിയും ഫ്രീ മാര്‍ക്കറ്റ് വന്നിട്ടില്ല. കാരണം ഇവിടെയുള്ളത് പുടിന്റെയും ബിനാമികളുടെയും ക്രോണി മാര്‍ക്കറ്റാണ്. രാജ്യത്ത് വ്യവസായം ചെയ്യേണ്ടിവരുന്ന ആരും വന്‍ തുകയാണ്, പുടിന്‍ ടീമിന് കൊടുക്കേണ്ടിവരുന്നത്. മൊത്തത്തില്‍ നോക്കുമ്പോള്‍, ദീര്‍ഘവീക്ഷണമോ, രാജ്യതന്ത്രജ്ഞതയോ ഒന്നുമില്ലാത്ത, തന്റെ വിഭ്രാന്തികള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സൈക്കോ ഭരണാധികാരി ആയിട്ടാണ്, ഡേവിഡ് ഹട്ടന്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍ പുടിനെ വിശേഷിപ്പിക്കുന്നത്. പുടിന് പകരം, കമ്യൂണിസം തകര്‍ന്ന ഉടനെ, ഒരു നല്ല സര്‍ക്കാര്‍ ഉണ്ടാവുകയാണെങ്കില്‍ റഷ്യ ഇന്ന് എവിടോയോ എത്തിയേനെ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അഴിമതിയുടെ ആശാനാണ് പുടിന്‍. ഇരുപത്തിഅയ്യായിരം കോടിയിലേറെ രൂപയുടെ സ്വത്തുകള്‍ അയാള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഒരു രാജ്യത്തിന്റെ പ്രസിന്‍ഡറ് തന്നെ അഴിമതിക്ക് നേതതൃം കൊടുത്താല്‍ എന്ത് ചെയ്യാന്‍ കഴിയം. പക്ഷേ റഷ്യയില്‍ ഇത് പുടിനോട് ചോദിക്കാന്‍പോലും ആര്‍ക്കും ധൈര്യമില്ല. പുടിന്‍ കൊള്ളയടിച്ചുണ്ടാക്കിയ സ്വത്തിന്റെ ബിനാമികളുമാണ് അദ്ദേഹത്തിന്റെ കാമുകിമാര്‍ എന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഭാര്യ ല്യൂഡ്മിലയുമായി വിവാഹമോചനം നടന്നശേഷം, തന്റെ ജീവിതത്തിലേക്ക് പുതിയൊരു യുവതി കടന്നുവരില്ലെന്ന് പുട്ടിന്‍ നേരത്തെ പറഞ്ഞിരുന്നു. പക്ഷേ ഇതെല്ലാം കള്ളമാണെന്ന് പാശ്ചാത്യമാധ്യമങ്ങള്‍ കണ്ടെത്തിയിരുന്നു. ഒളിമ്പിക് ജിംനാസ്റ്റിക്‌സ സ്വര്‍ണമെഡല്‍ ജേതാവ് അലീന കബയേവയാണ് പുടിന്റെ അറിയപ്പെടുന്ന കാമുകി. ഇതടക്കം നിരവധിപേര്‍.

ഇന്നും പഴയ സോവിയറ്റ് യൂണിയന്റെ പ്രദേശങ്ങള്‍ മുഴവന്‍ റഷ്യക്ക് കീഴില്‍ ഒന്നാകുന്ന, അഖണ്ഡ റഷ്യതെന്ന വലതുപക്ഷവാദമാണ് പുടിന്റെ തുറുപ്പ്. അങ്ങനെ പറഞ്ഞ് പേടിപ്പിച്ചാണ് അയാള്‍ അധിനിവേശങ്ങള്‍ നടത്തുന്നത്. രാജ്യത്ത് ദാരിദ്ര്യം പുര്‍ണ്ണമായും മാറിയിട്ടില്ലെങ്കിലും, ആണവായുധങ്ങള്‍ അടക്കമുള്ള സൈനിക ശക്തിക്ക് ഒരു കഴുപ്പവുമില്ല. അതാണ് റഷ്യയെയും പുടിനെയും എല്ലാവരും ഭയക്കുന്നതും.

പുടിന് പാര്‍ക്കിന്‍സണ്‍സ്, ഒപ്പം അര്‍ബുദം

എന്തിനും ഒരു സമയം ഉണ്ടല്ലോ. ഇപ്പോള്‍ ഈ 72-ാം വയസ്സില്‍ പുടിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും അത്ര നല്ല റിപ്പോര്‍ട്ടുകളല്ല പുറത്തുവരുന്നത്. നേരത്തെ പാര്‍ക്കിന്‍സണ്‍സ് രോഗമുള്ള പുടിന് ഇപ്പോള്‍ അര്‍ബുദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് സൂചനകള്‍. പക്ഷേ പുടിന്‍ ക്യാമ്പ് ഇത് നിഷേധിക്കയാണ്. ലോകമെമ്പാടുമുള്ള രാഷ്ട്രത്തലവന്‍മ്മാരില്‍ രണ്ടുവര്‍ഷം മുമ്പുവരെ, ഏറ്റവും ശാരീരകക്ഷമതയുള്ള നേതാവ് പുടിനായിരുന്നു. മുമ്പൊക്കെ ഇദ്ദേഹം, ഇടക്കിടെ പര്‍വതം കയറിയും, കുതിരപ്പുറത്ത് നീന്തിയുമൊക്കെ തന്റെ കരുത്ത് പ്രകടിപ്പിക്കാറുണ്ട്. തനിക്ക് ചുറ്റം ഒരു അതിമാനുഷ പരിവേഷം കൂടിയുണ്ടാക്കാന്‍ അദ്ദേഹം എന്നും ശ്രദ്ധാലുവായിരുന്നു. കടുവകളുമായി കുശലം പറച്ചില്‍, വേട്ട, ഷര്‍ട്ടില്ലാതെ കരുത്തുറ്റ പേശികള്‍ കാണിച്ചുള്ള ഫോട്ടോകള്‍, ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ഫോട്ടോകള്‍ വിഡിയോകള്‍ എന്നിവയെല്ലാം അദ്ദേഹത്തിന്റെ ആരാധകര്‍ പ്രചരിപ്പിച്ചു. പക്ഷേ ഇപ്പോള്‍ കുറച്ച് കാലമായി അത് കാണുന്നില്ല. അതാണ് പുടിന്‍ ആരാധകരില്‍ ആശങ്കയും, എതിരാളികളില്‍ ആഹ്ലാദവും നിറക്കുന്നത്.





'ന്യൂസ് വീക്ക്' മാഗസിനിലെ മാധ്യമപ്രവര്‍ത്തകനായ ബെന്‍ ജൂഡ പുടിന്റെ ജീവിതത്തെ കുറിച്ച് ഒരു പുസ്തകം എഴുതിയിട്ടുണ്ട്. മൂന്ന് വര്‍ഷം ഗവേഷണം നടത്തിയ ശേഷം 2014ലാണ് 'ഫ്രാഗൈല്‍ എംപയര്‍: ഹൗ റഷ്യ ഫെല്‍ ഇന്‍ ആന്‍ഡ് ഔട്ട് ഓഫ് ലവ് വിത്ത് വ്‌ളാദിമിര്‍ പുടിന്‍' എന്ന പേരില്‍ പുസ്തകം ഇറക്കിയത്. അതില്‍ പുടിന്റെ ദിനചര്യകളെ കാര്യങ്ങളെ കുറിച്ച് ജൂഡ വിശദമായി തന്നെ എഴുതിയിട്ടുണ്ട്. പുടിന്‍ രാത്രി വൈകി ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നയാളാണ് എന്നാണ് ജൂഡ പറയുന്നത്. അതുകൊണ്ട് തന്നെ രാവിലെ ഉണരുന്നതും വൈകിയാണ്. ഉച്ചയ്ക്ക് 12 മണിക്കാണ് അദ്ദേഹം എഴുന്നേല്‍ക്കുന്നത്. എഴുന്നേറ്റ ഉടന്‍ തന്നെ ഭക്ഷണം കഴിക്കുന്ന പുടിന്‍ ഒരു വലിയ പ്ലേറ്റ് ഓംലെറ്റോ, ഒരു വലിയ ബൗള്‍ ഓട്‌സോ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നു. ഇതോടൊപ്പം കോട്ടേജ് ചീസും, കാടമുട്ടയും നിര്‍ബന്ധമാണ്. അവസാനം ഒരു കപ്പ് കാപ്പിയും കുടിക്കുന്നു. റഷ്യയിലെ മത നേതാവായ പാത്രിയാര്‍ക്കീസ് കിറിലിന്റെ കൃഷിഭൂമിയില്‍ നിന്ന് കൊണ്ടുവരുന്ന പച്ചക്കറികളാണ് പുടിന്‍ ദിവസവും കഴിക്കുന്നത്.

പുടിന്‍ വീട് വിട്ട് പോകാന്‍ താല്പര്യമില്ലാത്ത ഒരാളാണെന്നും ന്യൂസ് വീക്ക് പറയുന്നു. മദ്യത്തിനോടും അദ്ദേഹത്തിന് വലിയ താല്‍പ്പര്യമില്ല.. തൊലിയില്‍ ചുളിവുകള്‍ വീഴുന്നതു തടയാനായി ലോകത്ത് സെലിബ്രിറ്റികളുള്‍പ്പെടെ പ്രമുഖര്‍ ഉപയോഗിക്കുന്ന മാര്‍ഗമാണു ബോട്ടോക്‌സ്.പ്രായം കുറഞ്ഞതായി തോന്നാനായി ഒടിയന്‍ സിനിമയില്‍, നമ്മുടെ ലാലേട്ടന്‍ വരെ എടുത്ത ബോട്ടോക്‌സ് ഇഞ്ചക്ഷന്‍ ഓര്‍മ്മയില്ലേ. പുടിനും ഇത് എടുത്തിട്ടുണ്ടെന്നാണ് പറയുന്നത്.

കഥകള്‍ പ്രചരിച്ച് പ്രചരിപ്പ് പുടിന്‍ ഇല്ല്യൂമിനാറ്റിയാണെന്നുവരെ വാര്‍ത്തകള്‍ പരക്കുന്നു! പുടിന്‍െ അമ്മപോലും യഥാര്‍ത്ഥ അമ്മയല്ല എന്ന വാര്‍ത്ത പുറത്തുവന്നത് ലോകത്തെ ഞെട്ടിച്ചിരുന്നു. പുട്ടിന്റെ യഥാര്‍ത്ഥ അമ്മ എന്ന് അവകാശപ്പെട്ട് രംഗത്ത് വന്ന 97 വയസ്സുണ്ടായിരുന്ന വെറ പുടിന എന്ന വൃദ്ധ കഴിഞ്ഞ വര്‍ഷമാണ്് മരിച്ചത്. മുന്‍ സോവിയറ്റ് സ്റ്റേറ്റ് ആയിരുന്ന ജോര്‍ജിയയിലെ മേതേഖിയില്‍ ജീവിച്ചിരുന്ന ഇവര്‍ കടുത്ത ദാരിദ്ര്യത്തിലായിരുന്നു. പുടിന്‍ തന്റെ മകനാണെന്നും പത്താം വയസ്സില്‍ അവന്റെ രണ്ടാനച്ഛനും തന്റെ ഭര്‍ത്താവുമായ ആളില്‍ നിന്നും രക്ഷക്കായി വീട്ടില്‍ നിന്നും പറഞ്ഞു വിടുകയായിരുന്നെന്നുമാണ് ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞത്. പക്ഷേ പുടിന്‍ ഇവരെ അംഗീകരിച്ചില്ല. സോഷ്യല്‍ മീഡിയില്‍ ഈയിടെ ഉയര്‍ന്ന ചോദ്യം ഈ പുടിന്‍ എന്നു പറയുന്നത് ശരിക്കും ഇല്യൂമിനാറ്റിയാണോ എന്നാണ്.

ഇപ്പോള്‍ ലോകം ഒരു മൂന്നാംലോകമഹായുദ്ധ ഭീഷണിയിലാണ്. ട്രംപ് അധികാരത്തില്‍ വന്നതോടെ പുടിന് ഇരിട്ടിബലം ആയിട്ടുണ്ട്. യുക്രൈനില്‍നിന്ന് അയാള്‍ ഉടനെയൊന്നും, പിന്‍മാറില്ല എന്ന് ഉറപ്പാണ്. പുടിനെ പേടിച്ച് യൂറോപ്പ് മൊത്തമായി ആയുധവത്ക്കരിക്കപ്പെടുകയാണ്. ഇനി ഒരു മൂന്നാംലോക മഹായുദ്ധം ഉണ്ടാവുകയാണെങ്കില്‍ അത് പുടിനെക്കൊണ്ടാണെന്നാണ് വിലയിരുത്തല്‍. അതായത് പുടിന്‍ റഷ്യയില്‍ 25 വര്‍ഷം തികയ്ക്കുന്നത് റഷ്യയുടെ മാത്രം പ്രശ്നമല്ല, ലോകത്തിന്റെ മൊത്തം പ്രശ്നമാണെന്ന് ചുരുക്കം.

വാല്‍ക്കഷ്ണം: കഴിഞ്ഞ വര്‍ഷം തിരഞ്ഞെടപ്പ് ജയിച്ചപ്പോള്‍ പുടിന്‍ പറഞ്ഞ വാക്കുകള്‍ ഇങ്ങനെ-''റഷ്യയും യു.എസ് നേതൃത്വം നല്‍കുന്ന നാറ്റോ സൈനിക സഖ്യവും തമ്മിലുള്ള ബന്ധം വഷളാവുകയാണെങ്കില്‍ മൂന്നാം ലോക മഹായുദ്ധത്തിന്റെ സാധ്യതയുണ്ട്. ലോക മഹായുദ്ധത്തിന് ഒരു ചുവടകലെ മാത്രമാണ്. അത്തരത്തില്‍ ഒരു സാഹചര്യം ഉണ്ടാകാതിരിക്കട്ടെ''- ഇതാണ് ലോകം അയാളെ പേടിക്കാനുള്ള കാരണവും. പുടിന്‍ എപ്പോഴും പറയുന്നത് യുദ്ധങ്ങളെക്കുറിച്ചാണ്. ചെറിയ യുദ്ധങ്ങളില്‍നിന്ന് അയാള്‍ പോകുന്നത് ലോകമഹായുദ്ധങ്ങളിലേക്കാണ്!