ന്യൂഡല്‍ഹി: "ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത്"- ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയുടെ ആണിക്കല്ലായി ചൂണ്ടിക്കാണിക്കപ്പെടുന്ന ഒരു ആപ്ത വാക്യമാണിത്. പക്ഷേ നിയമങ്ങളുടെ ദുരുപയോഗം മൂലം പലപ്പോഴും നമ്മുടെ നാട്ടില്‍ നിരപരാധികളും ക്രൂശിക്കപ്പെടാറുണ്ട്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ,് മറുനാടന്‍ മലയാളിക്കും എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കും നേരെ നടന്ന സര്‍ക്കാര്‍ സ്പോണ്‍സേഡ് വേട്ട. പി വി അന്‍വര്‍ എംഎല്‍എയുടെയും, പി വി ശ്രീനിജന്‍ എംഎല്‍എയുടെയും ഒത്താശയോടെ, സിപിഎമ്മിന്റെ പിന്തുണതോടെ നടന്ന ഈ വേട്ടയില്‍ നിരവധി കള്ളക്കേസുകളാണ് മറുനാടന്‍ മലയാളിക്കെതിരെ ചുമത്തിയത്. എന്നാല്‍ ഈ കേസുകളെല്ലാം നിയമപോരാട്ടം തുടര്‍ന്ന് മറുനാടന്‍ നീതി വാങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.

ഏറ്റവും ഒടുവിലായി, കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്‍ എംഎല്‍എ നല്‍കിയ കേസില്‍ ചരിത്ര പ്രധാനമായ വിധിയാണ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ നിന്ന് ഉണ്ടായത്. എസ് സി/ എസ് ടി നിയമപ്രകാരം എടുത്ത കേസില്‍, ഹൈക്കോടതി വിധി റദ്ദാക്കിയാണ് പരമോന്നത നീതിപീഠം ഷാജന്‍ സ്‌കറിയക്ക് മൂന്‍കൂര്‍ജാമ്യം അനുവദിച്ചത്. പിണറായി സര്‍ക്കാറിന്റെ പകപോക്കലിന്റെ ഭാഗമായി എളമക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരു വര്‍ഷത്തിലധികം നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് ഷാജന്‍ സ്‌കറിയക്ക് സ്ഥിര ജാമ്യം അനുവദിക്കുന്നത്.

പക്ഷേ ഈ കേസ് ചരിത്രപരമാവുന്നത് സുപ്രീംകോടതി ജസ്റ്റിസുമാരായ ജെ ബി പാര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നടത്തിയ, എസ് ഇ എസടി നിയമം ദുരൂപയോഗം ചെയ്യുന്നതിനെതിരായ ചില നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ കൂടിയാണ്. ജാതീയമായ അധിക്ഷേപമുണ്ടെങ്കില്‍ മാത്രമേ എസ്.സി / എസ്.ടി പീഡന നിരോധന നിയമ പ്രകാരം കേസ് എടുക്കാകൂ എന്ന് സുപ്രീം കോടതി ഷാജന്‍ സ്‌കറിയക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവില്‍ അടിവരയിട്ടു വ്യക്തമാക്കിയിട്ടുണ്ട്. പരാതിക്കാരന്‍ ദളിതനായാല്‍ മാത്രം കേസ് നിലനില്‍ക്കില്ലെന്നും, പ്രഥമ ദൃഷ്ട്യാ കുറ്റമില്ലെങ്കില്‍ ആദ്യ കോടതിക്കതന്നെ ജാമ്യം നല്‍കാമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

ഭാവിയില്‍ നിയമ വിദ്യാര്‍ത്ഥികള്‍ക്ക് റഫറന്‍സായി പഠിക്കാന്‍ പറ്റുന്ന രീതിയിലുള്ള, നിര്‍ണ്ണായകമായ വിധിയായി, ഷാജന്‍ സ്‌കറിയ വേഴ്സസ് സ്്റ്റേറ്റ് ഓഫ് കേരള മാറിക്കഴിഞ്ഞുവെന്നാണ് നിയമ വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നത്. എസ്സി -എസ്ടി നിയമം ദുരുപയോഗിക്കുന്നതിനാല്‍ ജയിലില്‍ ആകേണ്ടി വന്ന നൂറുകണക്കിന് നിരപരാധികള്‍ക്ക് വേണ്ടിയുള്ള വിധി കൂടിയായി ഇത് മാറി. ഇനി ഇങ്ങനെ ഒരു കള്ളക്കേസ് ആര്‍ക്കെങ്കിലും എതിരെ രാജ്യത്ത് എവിടെ എടുത്താലും ആദ്യം റഫര്‍ ചെയപ്പെടുക, ഈ കേസ് ആയിരിക്കം. ഒരു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ 70 പേജുകളോളം വരുന്ന വിധിയുണ്ടാവുന്നതും അപൂര്‍വമാണെന്നാണ് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ഷാജന്‍ സ്‌കറിയക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകനും, മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സിദ്ധാര്‍ഥ് ലൂത്രയാണ് സുപ്രീം കോടതിയില്‍ ഹാജരായത്. ഗൗരവ് അഗര്‍വാള്‍, അഭയ് അനില്‍ അതുക്കര്‍, ധ്രുവ് ടാങ്, അനിരുദ്ധ് അവാല്‍ ഗോവാങ്കര്‍, സാര്‍ഥക് മഹോത്ര, ആയുഷ് കൗശിക്, ഭഗവന്ദ് ദേശ്പാണ്ഡെ, സുരഭി കപൂര്‍ തുടങ്ങിയ അഭിഭാഷകരും കേസിന്റെ വിവിധ ഘട്ടങ്ങളില്‍ ഹാജറായി.

ജാതി അധിക്ഷേപം നിലനില്‍ക്കില്ല, ഷാജന്‍ സ്‌കറിയ കുറ്റം ചെയ്തിട്ടില്ല

ഈ കേസില്‍ കീഴ്ക്കോടതിയും ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടൊയാണ് കേസ് സുപ്രീംകോടതിയിലേക്ക് നീങ്ങുന്നത്. നേരത്തെ, കേസിന്റെ പ്രഥമ സിറ്റിംഗില്‍ തന്നെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് തടഞ്ഞിരുന്നു. കേസ് തുടക്കത്തില്‍ പരിഗണിക്കുമ്പോള്‍ തന്നെ, എസ് സി/ എസ് ടി വിഭാഗത്തിനെതിരായ അതിക്രമം തടയല്‍ വകുപ്പില്‍ ഉള്‍പ്പെടുത്താനാകില്ലെന്നും, ചന്ദ്രചൂഢ് വ്യക്തമാക്കിയിരുന്നു. ഷാജന്‍ സ്‌കറിയയുടെ പരാമര്‍ശങ്ങളില്‍ പട്ടിക വിഭാഗത്തെ അപമാനിക്കുന്നതായി എന്തെങ്കിലുമുള്ളതായി തോന്നിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്. ഷാജന്‍ സ്‌കറിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണെന്നും കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി.

ഈ കേസിലെ തുടര്‍ വിധിയാണ്, ജസ്റ്റിസുമാരായ ജെ ബി പാര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് കഴിഞ്ഞ ദിവസം നടത്തിയത്. ജാതീയമായ അധിക്ഷേപമുണ്ടെങ്കില്‍ മാത്രമേ എസ്.സി / എസ്.ടി പീഡന നിരോധന നിയമ പ്രകാരം കേസ് എടുക്കാകൂ എന്ന് സുപ്രീം കോടതി അസന്ദിഗ്ധമായി പറഞ്ഞു. പട്ടിക ജാതി, പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെ അപകീര്‍ത്തികരമായി നടത്തുന്ന എല്ലാ പരാമര്‍ശങ്ങള്‍ക്കെതിരേയും 1989- ലെ എസ്.സി / എസ്.ടി പീഡന നിരോധന നിയമപ്രകാരം കേസെടുക്കാനാകില്ല. പരാതിക്കാരന്‍ ദളിതനായാല്‍ മാത്രം കേസ് നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

നേരത്തെ കേരള ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരുന്നത്, ശ്രീനിജന്‍ എംഎല്‍എ ആയതുകൊണ്ട് അദ്ദേഹത്തിന്റെ ജാതി ഷാജന്‍ സ്‌കറിയക്ക് അറിയാമെന്നായിരുന്നുവെന്നും, അതിനാല്‍ എസ്. സി/ എസ്.ടി ആക്റ്റ് നിലനില്‍ക്കുമെന്നുമായിരുന്നു. ഇത് പൂര്‍ണ്ണമായും തെറ്റാണെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. സംവരണ മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എയായ താന്‍ ആ വിഭാഗത്തില്‍പ്പെട്ടയാളാണെന്ന് അറിഞ്ഞുകൊണ്ടാണ് അവഹേളനമെന്നാണ് ശ്രീനിജിന്‍ കോടതിയില്‍ വാദിച്ചത്.

പട്ടിക ജാതി, പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരായ എല്ലാ അധിക്ഷേപങ്ങളും, ഭീഷണികളും ജാതി അധിക്ഷേപത്തിന്റെ പരിധിയില്‍ വരില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. തൊട്ടുകൂടായ്മ, സവര്‍ണ മേധാവിത്വം തുടങ്ങിയവയാണ് ജാതി അധിക്ഷേപത്തിന്റെ പരിധിയില്‍ വരുന്നത്. ഇത്തരം പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് എതിരെ മാത്രമേ എസ്.സി / എസ്.ടി പീഡന നിരോധന നിയമപ്രകാരം കേസ് നിലനില്‍കൂവെന്നും സുപ്രീം കോടതി വ്യക്തമാക്കി. പ്രതിയുടെ ഉദ്ദേശ്യം ജാതി സ്വത്വത്തിന്റെ പേരില്‍ അപമാനിക്കുകയാണെങ്കില്‍ ഈ നിയമ പ്രകാരമുള്ള കുറ്റമാകുകയുള്ളൂ. പ്രഥമ ദൃഷ്ട്യാ കേസുണ്ടെങ്കില്‍ അല്ലാതെ പട്ടിക ജാതി- പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ നിയമത്തിലെ പതിനെട്ടാം വകുപ്പ് അനുസരിച്ച് മുന്‍കൂര്‍ ജാമ്യം നിഷേധിക്കാന്‍ പറ്റില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി.

പി.വി ശ്രീനിജിന്‍ എം.എല്‍.എയ്ക്കെതിരെ ഷാജന്‍ സ്‌കറിയ ചെയ്ത വീഡിയോയുടെ ഉള്ളടക്കം സുപ്രീംകോടതി വിശദമായി പരിശോധിച്ചു. ശ്രീനിജിനെതിരെ ആരോപണങ്ങളുടെ പേരില്‍ നിശിദ വിമര്‍ശനം ഷാജന്‍ നടത്തിയിട്ടുണ്ട്. പക്ഷേ ഇദ്ദേഹം എസ്.സി / എസ്.ടി പീഡന നിരോധന നിയമ പ്രകാരം കുറ്റം ചെയ്തുവെന്ന് കരുതുന്നില്ല. ശ്രീനിജിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എളമക്കര പോലീസ് അറസ്റ്റ് ചെയ്താല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഷാജന്‍ സ്‌കറിയക്ക് ജാമ്യം നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ജാമ്യവ്യവസ്ഥ അന്വേഷണ ഉദ്യോഗസ്ഥന് തീരുമാനിക്കാമെന്നും കോടതി നിര്‍ദേശിച്ചു.

ഷാജന്‍ സ്‌കറിയ നടത്തിയ പരാമര്‍ശങ്ങള്‍ മാനനഷ്ട കേസിന് ഇടയാക്കാവുന്നതാകാം. എന്നാല്‍, അതിന്റെ മെറിറ്റിലേക്ക് കോടതി കടക്കുന്നില്ല. അതല്ല, ഇവിടെ പരിഗണനാവിഷയം, പരാമര്‍ശങ്ങള്‍ അപകീര്‍ത്തി പരിധിയില്‍ വരുന്നതാണെങ്കില്‍ കൂടി അത് ഈ കേസില്‍ നിലനില്‍ക്കില്ല. വിഷയത്തില്‍ കക്ഷിക്ക് മാനനഷ്ടത്തിന് കേസ് കൊടുക്കാവുന്നതാതാണ്, അതിനുള്ള അവകാശമുണ്ടെന്നും കോടതി വിധിയില്‍ വ്യക്തമാക്കി. ഷാജന്റെ മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ട്, 2023 ജൂണില്‍ പുറപ്പെടുവിച്ച കേരള ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി.

സെഷന്‍ കോടതികള്‍ക്ക് ജാമ്യം നല്‍കാം

എസ്സി/എസ്ടി കേസുകള്‍ ചുമത്തുന്നതുമായി ബന്ധപ്പെട്ട് വളരെ നിയമപ്രാധാന്യമുള്ള കേസായാണ് ഇത് സുപ്രീംകോടതി പരിഗണിച്ചത്. എസ്സിി/എസ്ടി നിയമ പ്രകാരം കേസെടുത്താല്‍ സെക്ഷന്‍ 18 അനുസരിച്ച് ജാമ്യം അനുവദിക്കാന്‍ അവകാശമില്ലേ എന്നും കോടതി ആരാഞ്ഞു. എസ്സി/എസ്ടി നിയമപ്രകാരം പ്രഥമദൃഷ്യാ കേസുണ്ടെന്ന് നേരത്തെ ജില്ലാ ജഡ്ജി വ്യക്തമാക്കിയിരുന്നു. ഇങ്ങനെ പ്രഥമദൃഷ്ട്യാ കേസുണ്ട് എന്ന് പറയുന്നതിന് ഒരു ജഡ്ജി എന്ത് മാനദണ്ഡത്തെയാണ് അടിസ്ഥാനമാക്കേണ്ടത് എന്ന് കോടതി ചോദിച്ചു. പ്രാഥമിക പരിശോധനയില്‍ എസ്.സി / എസ്.ടി പീഡന നിരോധന നിയമ പ്രകാരം കുറ്റം ചെയ്തുവെന്ന് ബോധ്യമായില്ല എങ്കില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കാന്‍ സെഷന്‍സ് കോടതിക്ക് അധികാരം ഉണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യപ്പെടുന്ന കുറ്റാരോപിത വസ്തുക്കള്‍, പബ്ലിക്ക് ഡൊമെയിനില്‍ ലഭ്യമാവുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ പരിശോധിക്കാന്‍ കോടതികള്‍ക്ക് വിവേചനാധികാരം കാട്ടണമെന്ന സുപ്രീം കോടതി അഭിപ്രായപ്പെട്ടു. പൃഥ്വി രാജ് ചൗഹാന്‍ വേഴ്സസ് യൂണിയന്‍ ഓഫ് ഇന്ത്യ എന്ന കേസിലെ വിധി കോടതി ഉദ്ധരിച്ചു. ഒരു പരാതി നിയമപ്രകാരം പ്രഥമദൃഷ്ട്യാ കേസ് സ്ഥാപിക്കുന്നില്ലെങ്കില്‍, സെക്ഷന്‍ 18, 18-എ(ഐ) സൃഷ്ടിച്ച വിലക്ക് ബാധകമല്ലെന്നും കോടതി നിരീക്ഷിച്ചു. വിലാസ് പാണ്ഡുരംഗ് പവാര്‍ വേഴ്സസ് സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര കേസും കോടതി എടുത്തു പറയുന്നുണ്ട്.

പരാതിയോ എഫ്ഐആറോ വായിക്കുമ്പോള്‍, എസ്.സി/എസ്ടി ആക്റ്റ് പ്രകാരമുള്ള കുറ്റകൃത്യമാക്കാന്‍ ആവശ്യമായ ഘടകങ്ങള്‍ വ്യക്തമല്ലെങ്കില്‍, പ്രഥമദൃഷ്ട്യാ കേസ് എടുക്കാനാവില്ല. ഒരു കേസിന്റെ പ്രഥമദൃഷ്ട്യാ നിലനില്‍പ്പ് നിര്‍ണ്ണയിക്കേണ്ടത് കോടതികളുടെ കടമയാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.'കേസിന്റെ പ്രഥമദൃഷ്ട്യാ നിലനില്‍പ്പ് നിര്‍ണ്ണയിക്കാനുള്ള ചുമതല, പ്രതികള്‍ക്ക് അനാവശ്യമായ അപമാനം ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ കോടതികളില്‍ നിക്ഷിപ്തമാണ്. പരാതിയിലോ എഫ്ഐആറിലോ ഉള്ള വസ്തുതകളുടെ വിവരണം, 1989- ലെ ആക്ട് പ്രകാരം കുറ്റകൃത്യമാക്കാന്‍ ആവശ്യമായ അവശ്യ ചേരുവകള്‍ വെളിപ്പെടുത്തുന്നുണ്ടോ എന്ന് നിര്‍ണ്ണയിക്കാന്‍ പ്രാഥമിക അന്വേഷണം നടത്തുന്നതില്‍ നിന്ന് കോടതികള്‍ ഒഴിഞ്ഞുമാറരുത്,"- സുപ്രീംകോടതി നിരീക്ഷിച്ചു.

ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ മീഡിയയുടെയും വരവോടെ സമാനമായ കേസുകള്‍ കൂടുതലായി ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു പൊതുയോഗത്തില്‍ പരാതിക്കാരനെ അപകീര്‍ത്തിപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്ത സംഭവമല്ല ഇത്. സാക്ഷി മൊഴികള്‍ നിരത്തി സ്ഥാപിക്കേണ്ട കാര്യമില്ല. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അപ്ലോഡ് ചെയ്തതിനാല്‍ പരാതിക്ക് ആധാരമായ സാമഗ്രികള്‍ പബ്ലിക് ഡൊമെയ്‌നില്‍ നേരത്തെ തന്നെ ലഭ്യമായിരുന്നുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇതെല്ലാം എടുത്തു പറഞ്ഞാണ് ഷാജന്‍ സ്‌കറിയക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കേരളാ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കിയത്.

കള്ളക്കേസിനെതിരെ സുപ്രീംകോടതി

വിവിധ കേസുകളില്‍പെട്ട് അഴിക്കുള്ളിലായ നൂറുകണക്കിന് നിരപരാധികള്‍ക്കുള്ള ആശ്വാസവിധിയാണ് ഇത്. എസ്. സി/ എസ്.ടി നിയമം വ്യാപകമായി ദുരപയോഗം ചെയ്യപ്പെടുന്നുവെന്ന് നേരത്തെയും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ജാമ്യം കിട്ടാത്ത വകുപ്പ് ആയതുകൊണ്ട് ഇത് വ്യാപകമായി ദരുപയോഗം ചെയ്യപ്പെടുകയായിരുന്നു.

2018 മാര്‍ച്ച് 22ന്, യു.യു.ലളിത്, ആദര്‍ശ് ഗോയല്‍ എന്നിവരുടെ ബെഞ്ചും ഇക്കാര്യത്തില്‍ ഇടപെട്ടിരുന്നു. പട്ടികജാതി/വര്‍ഗ പീഡനനിയമം ദുരുപയോഗപ്പെടുത്തി സത്യസന്ധരായ പൊതുപ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുന്നുവെന്ന് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് കോടതി ഇടപെടല്‍ ഉണ്ടായത്. വ്യക്തമായ തെളിവുകളില്ലാത്തതും പ്രത്യക്ഷത്തില്‍ തന്നെ നിലനില്‍ക്കുന്നതല്ലെന്നു ബോധ്യമുള്ളതുമായ കേസുകളില്‍ ഉടന്‍ അറസ്റ്റ് നിബന്ധന ബാധകമല്ലെന്നാണ് സുപ്രീം കോടതി പറഞ്ഞിരുന്നത്.

ഇത്തരം കേസുകളില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിക്കരുതെന്നും ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. കേസ് ചുമത്തപ്പെട്ടാല്‍ ഉടനെ അറസ്റ്റെന്ന വ്യവസ്ഥ ദുരുപയോഗം ചെയ്ത് ഒട്ടേറെ നിരപരാധികളെയും സത്യസന്ധരായ പൊതുപ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും കുടുക്കിയതു ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണിത്. ഉദ്യോഗസ്ഥരെ അവരുടെ നിയമനാധികാരിയുടെയും മറ്റുള്ളവരെ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെയും അനുമതിയോടെയും മാത്രമേ ഇത്തരം കേസുകളില്‍ ഇനി അറസ്റ്റ് പാടുള്ളൂ.

മജിസ്ട്രേട്ട് രേഖകള്‍ പരിശോധിച്ചശേഷം ആവശ്യമെങ്കില്‍ മാത്രമേ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ ഉത്തരവു നല്‍കാവൂ. നിയമത്തില്‍ വെള്ളം ചേര്‍ക്കുകയല്ലെന്നും അവയുടെ ദുരുപയോഗം തടയുകയാണു ലക്ഷ്യമിടുന്നതെന്നും കോടതി വ്യക്തമാക്കി. ഇത്തരം പരാതികളില്‍ ഡിഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ പ്രാഥമികാന്വേഷണം നടത്തി പരാതി ന്യായമാണെന്നു കണ്ടാല്‍ മാത്രമേ നടപടികളിലേക്കു പോകാവൂ എന്നും യു.യു.ലളിത്, ആദര്‍ശ് ഗോയല്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഈ സുപ്രീംകോടതി വിധി അടക്കം കാറ്റില്‍ പറത്തിയാണ് മറുനാടനെതിരെ വേട്ട നടത്തിയത്.

ഇതുവരെ ഇത്തരം കേസുകളില്‍ നിലവിനുള്ള നിയമം അനുസരിച്ച്, എസ്.സി/എസ്ടി അതിക്രമ നിയമം ഒരു കേസ് രജിസ്റ്റര്‍ ചെയ്താല്‍ മുന്‍കൂര്‍ജാമ്യം പ്രതിക്ക് ബാധകമാകില്ലെന്നാണ് വ്യക്തമാക്കിയിരുന്നത്. അതുകൊണ്ടായിരുന്നു ഇത്തരം കേസുകളില്‍ ജില്ലാ കോടതിയും ഹൈക്കോടതിയും ജാമ്യം നിഷേധിച്ചു കൊണ്ടിരുന്നത്. എന്നാല്‍, അവിടെയാണ് മറുനാടന്‍ കേസിലെ ചരിത്രവിധിയാകുന്നത്. ഇനി മുതല്‍ ജില്ലാ കോടതിക്ക് അടക്കം ഇത്തരം കേസുകളില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാന്‍ സാധിക്കും. ഇപ്പോള്‍ സുപ്രീം കോടതിയുടെ ശക്തമായ ഉത്തരവ് ഫലത്തില്‍ ആയിരക്കണക്കിന് നിരപരാധികള്‍ക്ക് ആശ്വാസമാവും. നീതി തേടി മറുനാടന്‍ നടത്തിയ പോരാട്ടമാണ് നിരവധി പേര്‍ക്ക് ഭാവിയില്‍ ഗുണകരമാകാന്‍ പോകുന്നത്. വരും കാലങ്ങളില്‍ നിയമവിദ്യാര്‍ഥികള്‍ പോലും നിയമ പോരാട്ടം പഠിക്കേണ്ടി വരും.

മറുനാടന്‍ വേട്ടക്കാര്‍ക്കുള്ള പ്രഹരം

മറുനാടനെ കള്ളക്കേസുകള്‍ കൊണ്ട് വേട്ടയാടിയവര്‍ക്കുള്ള പ്രഹരം കൂടിയാണ് സുപ്രീംകോടതിയുടെ ഈ ചരിത്ര വിധി. 2023 മേയ് 24 ന് പി.വി. ശ്രീനിജന്‍ മറുനാടനെതിരെ പൊലീസില്‍ കേസ് കൊടുത്തതിനശേഷം, കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത പീഡനങ്ങളാണ് ഈ മാധ്യമ സ്ഥാപനത്തിനുനേരെ ഉണ്ടായത്. നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍, 'ഒരുദിവസമെങ്കിലും തന്നെ പട്ടത്തെ ആ വലിയ ഓഫീസില്‍ നിന്നും താഴെ ഇറക്കുമെന്ന് പറഞ്ഞ്' ഷാജനെ വിരട്ടി. സിപിഎം നേതൃത്വത്തിന്റെയും, ചില സമ്പന്ന മുതലാളിമാരുടെയും, ഒത്താശയോടെ മറുനാടനെതിരെ വലിയ ഗൂഢാലോചനയാണ് അണിയറയില്‍ നടന്നത്.

മറുനാടന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു. നെഗറ്റീവ്കമന്റുകളും റിവ്യൂകളും രേഖപ്പെടുത്തി യു ട്യൂബ് ചാനലുകള്‍ പൂട്ടിക്കാനും ശ്രമം തുടങ്ങി. ഇതിനിടെ ഷാജന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ കീഴ്ക്കോടതിയും തുടര്‍ന്ന് ഹൈക്കോടതിയും തള്ളി. ഒരിക്കല്‍ ഒരുകേസില്‍ അകത്തായാല്‍ പിന്നെ പുറം ലോകം കാണിക്കാതെ ഷാജനെ കുരുക്കാനുള്ള നീക്കമായിരുന്നു അണിയറയില്‍. ഇതോടെ ഷാജന്‍ സ്‌കറിയ ഒളിവില്‍ പോവുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അതോടെ മറുനാടന്‍ മലയാളിക്കെതിരെ തുടര്‍ച്ചയായി പോലീസ് വേട്ടയാണ് നടന്നത്. ഓഫീസുകളിലും ജീവനക്കാരുടെ വസതികളിലും പോലീസ് റെയ്ഡ് നടത്തി, കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. വനിതാ ജീവനക്കാരുടെവരെ വീടുകളില്‍ വരെ ഒരു സംഘം പൊലീസുകാര്‍ അതിരാവിലൈത്തി തീവ്രാദികളളെയെന്നപോലെ റെയ്ഡ് നടത്തി. ഇനി മറുനാടനിലേക്ക് പോകരുതെന്ന് പലരെയും പൊലീസ് ഭീഷണിപ്പെടുത്തി. സുദര്‍ശന്‍ നമ്പൂതിരിയെന്ന മറുനാടന്‍ റിപ്പോര്‍ട്ടറെ മറ്റൊരു കേസില്‍ പെടുത്തി ജയിലിലാക്കി. പിന്നീട് സുദര്‍ശനും ജാമ്യം ലഭിച്ചു. മറുനാടന്റെ പിടിച്ചെടുത്ത ഫോണുകളും ലാപ്ടോപ്പം തിരികെ കൊടുക്കാനും കോടതി ഉത്തരവിട്ടു. ഈ വിഷയത്തിനും പൊലീസിന് കോടതിയുടെ വിമര്‍ശനം കേട്ടു.

തെളിവുകണ്ടെത്തലിന്റെ ഭാഗമായി കമ്പ്യൂട്ടറുകള്‍ കണ്ടുകെട്ടുമ്പോള്‍, സാധാരണ അതിന്റെ ഹാര്‍ഡ് ഡിസ്‌ക്ക് മാത്രം എടുക്കുകയാണ് ചെയ്യുന്നത്. അതിന് സാധിച്ചില്ലെങ്കില്‍ സി.പി.യു. മാത്രമായി കണ്ടുകെട്ടും. ഒരിക്കലും മോണിറ്റര്‍ ആരും കൊണ്ടുപോകാറില്ല. എന്നാല്‍ മറുനാടനില്‍ റെയ്ഡ് നടത്തിയ പൊലീസ് സംഘം മോണിറ്ററുള്‍പ്പെടെ എടുത്തുകൊണ്ട് പോവുകയായിരുന്നു. ഒരിക്കലും ഇനി മറുനാടന്‍ തുറന്നു പ്രവര്‍ത്തിക്കരുതെന്ന സ്ഥാപിതതാത്പര്യമായിരുന്നു ഇതിന്റെ പിന്നില്‍. ക്യാമറയടക്കം പിടിച്ചെടുക്കാന്‍ ശ്രമിച്ചു. ഇതില്‍നിന്നെല്ലാം വ്യക്തമാവുന്നത്, മറുനാടനെ പൂട്ടിക്കുന്നതിനായി, സര്‍ക്കാറിന്റെ ആശീര്‍വാദത്തൊടെ നടന്ന പദ്ധതിയായിരുന്നു ഇവയെല്ലാം എന്നാണ്. പക്ഷേ മറുനാടന്‍ ജീവനക്കാരും ധീരതയോടെ ചെറുത്തുന്നിന്നു. ഒരു ദിവസംപോലും മറുനാടനെ പൂട്ടിക്കാന്‍ ആര്‍ക്കുമായില്ല. റെയ്ഡിന്റെ പിറ്റേന്ന് തന്നെ മറുനാടന്‍ പ്രവര്‍ത്തനം തുടങ്ങി.

സുപ്രീംകോടതി അറസ്റ്റ് തടഞ്ഞിട്ടും, നിലമ്പൂരിലെ മറ്റൊരു കേസില്‍ പൊലീസ്് സ്റ്റേഷിനില്‍ ഹാജരാവാനെത്തിയപ്പോള്‍, ഷാജന്‍ അറസ്റ്റിലായി. എന്നാല്‍ അന്നുതന്നെ കോടതി ജാമ്യം അനുവദിച്ചതും, ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലെ അപൂര്‍വ ചരിത്രമാണ്. അന്ന് അഡ്വ. ശ്യാം ശേഖര്‍ അടക്കമുള്ളവരുടെ അതിവേഗ ഇടപെടലുകളായിരുന്നു ഷാജന് തുണയായി മാറിയത്. ഷാജന് ജാമ്യം കൊടുക്കാതിരിക്കാന്‍ സുപ്രീം കോടതിയിലും സര്‍ക്കാര്‍ ഏറെ ശ്രമിച്ചിരുന്നു. ശ്രീനിജന്‍ കേസില്‍ അറസ്റ്റിനുള്ള വിലക്ക് നീക്കണമെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും ആവശ്യപ്പെട്ട്, സംസ്ഥാന സര്‍ക്കാരിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ പി.വി. ദിനേശാണ് സുപ്രീം കോടതിയില്‍ ഹാജരായത്.

ദിനേശിന് പുറമേ സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും സുപ്രീം കോടതിയില്‍ ഹാജരായി. എസ്.സി./എസ്.ടി. ആക്ട് പ്രകാരമുള്ള കുറ്റം ഷാജന്‍ സ്‌കറിയ നടത്തിയെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് ശ്രീനിജിന്റെ അഭിഭാഷകന്‍ ഹാരിസ് ബീരാനും വാദിച്ചു. അതേസമയം, വിവാദ പരാമര്‍ശത്തില്‍ എസ്.സി./എസ്.ടി. ആക്ട് പ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ലെന്ന് ഷാജന്‍ സ്‌കറിയയ്ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂത്ര വാദിച്ചു. പരമാവധി എടുക്കാന്‍ കഴിയുക മാനനഷ്ട കേസാണെന്നും ലൂത്ര ചൂണ്ടിക്കാട്ടി. ഇങ്ങനെ സംസ്ഥാന സര്‍ക്കാറിന് ലക്ഷങ്ങള്‍ ചെലവായ കേസിലാണ് വിധിയുണ്ടായിരിക്കുന്നത്.

സത്യത്തിനുള്ള പേരാട്ടം താന്‍ ഇനിയും തുടരുമെന്നും, മുഖം നോക്കാതെ നീതിക്കുവേണ്ടിയുളള മാധ്യമ പ്രവര്‍ത്തനം തുടരുമെന്നും ഷാജന്‍ സ്‌കറിയ പ്രതികരിക്കുന്നു. ജില്ലാകോടതികളില്‍ തോമസ് ആനിക്കല്ലിങ്കലും, ഹൈക്കോടതയില്‍ അഡ്വ പി ഉദയഭാനുവുമാണ് ഷാജന്‍ സ്‌കറിയക്ക് വേണ്ടി ഹാജരായത്. പിന്നീട് നടന്ന ഒരു ഡസനോളം കള്ളക്കേസുകളില്‍ അഡ്വ. ശ്യാം ശേഖറാണ് മറുനാടന് വേണ്ടി പോരാടിയത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മറുനാടന്‍ ഇപ്പോഴും നിയമപോരാട്ടം തുടരുന്നുണ്ട്.

എന്താണ് കേസ്?

2023 മെയ് 24, ഷാജന്‍ സ്‌കറിയ മറുനാടന്‍ മലയാളി യുട്യൂബ് ചാനലിലുടെ പുറത്തിറക്കിയ ഒരു വീഡിയോയാണ് കേസിന് ആധാരാം. കേരള ബ്ലാസ്റ്റേഴ്‌സ് അണ്ടര്‍ 17 സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുന്നതിനായി, കൊച്ചി പനമ്പിള്ളി നഗറിലെ ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സില്‍ മൈതാനത്ത് എത്തിയ നൂറുകണക്കിന് കുട്ടികള്‍ പി വി ശ്രീനിജന്റെ ഇടപെടല്‍ മൂലം ദുരിതത്തിലായ സംഭവം ചൂണ്ടിക്കാട്ടിയാണ്, ഷാജന്‍ സ്‌കറിയ ഒരു വിമര്‍ശന വീഡിയോ ചെയ്തത്.

രാവിലെ മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുട്ടികളും രക്ഷിതാക്കളും കൊച്ചി പനമ്പിള്ളി നഗറിലെത്തിയെങ്കിലും സ്റ്റേഡിയം അടഞ്ഞ് കിടക്കുന്നതായാണ് കണ്ടത്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന് ബ്ലാസ്റ്റേഴ്‌സ് കരാര്‍ പ്രകാരമുള്ള വാടക നല്‍കിയില്ലെന്ന് പറഞ്ഞ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ മേധാവിയായ പി വി ശ്രീനിജന്റെ നിര്‍ദേശപ്രകാരമാണ്, ഗ്രൗണ്ട് അടച്ചുപൂട്ടിയതത് എന്ന് വാര്‍ത്തകള്‍ വന്നു. ഇത് എല്ലാ ചാനലുകളും ലൈവായി റിപ്പോര്‍ട്ട് ചെയ്ത സംഭവമാണ്.

എട്ട് മാസത്തെ കുടിശ്ശിക ബ്ലാസ്റ്റേഴസ് നല്‍കാനുണ്ടെന്ന് ചൂണ്ടിക്കാണിച്ച് പലതവണ കത്ത് നല്‍കിയതാണന്നും, പി വി ശ്രീനിജന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍, ഇതിന് പിന്നാലെ എംഎല്‍എയുടെ വാദങ്ങള്‍ തള്ളി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് യു. ഷറഫലി രംഗത്തെത്തി. കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന് ബ്ലാസ്റ്റേഴ്‌സ് യാതൊരു വാടക കുടിശ്ശികയും വരുത്തിയിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇതോടെയാണ് സംസ്ഥാന കായിക വകുപ്പ് മന്ത്രി തന്നെ വിഷയത്തില്‍ ഇടപ്പെട്ട് മൈതാനം തുറന്ന് കൊടുക്കാന്‍ നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് കുട്ടികള്‍ സെലക്ഷന്‍ ട്രയലിനായി മൈതാനത്തില്‍ പ്രവേശിച്ചു. ജില്ലാ സ്പോര്‍ട്ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ പി വി ശ്രീനിജന്‍ എം റിജു

കുട്ടികളെ പെരുവഴിയിലാക്കി മൈതാനം പൂട്ടിയിട്ടതും, ഇതിന് ന്യായീകരണമായി പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലെന്നും സംസ്ഥാന സ്പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അറിയിച്ചതും വന്‍ വിവാദമായി. ഇതിനെയെല്ലാം അടിസ്ഥാനത്തില്‍ ശ്രീനിജനെ നിശതമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ഷാജന്‍ സ്‌കറിയയുടെ വീഡിയോ.

ഈ വീഡിയോ കണ്ട ഒരാള്‍ക്കും, ഷാജന്‍ ജാതീയമായി എന്തെങ്കിലും പരാമര്‍ശനം നടത്തിയെന്ന് തോന്നിയിട്ടില്ല. ഒരു പൊതുവിഷയത്തില്‍ ശക്തമായ അഭിപ്രായം പറയുകയല്ലാതെ ജാതി അധിക്ഷേപത്തിന്റെ ഒരു സൂചനപോലും ഇല്ലായിരുന്നു. എന്നാല്‍ പി വി ശ്രീനിജന്‍ എളമക്കര പൊലീസില്‍ നല്‍കിയ പരാതി പ്രകാരം, പട്ടികജാതി-വര്‍ഗ അതിക്രമ നിയമപ്രകാരം, ജാമ്യമില്ലാ വകുപ്പിട്ടാണ് പൊലീസ് കേസ്് എടുത്തത്. രാഷ്ട്രീയ താല്‍പ്പര്യം ഇതില്‍ നിന്നും തന്നെ വ്യക്തമാകും. ഇത്തരം രാഷ്ട്രീയംവൈരം തീര്‍ക്കാന്‍ സംവിധാനങ്ങളെ കരുവാക്കുന്നവര്‍ക്കുള്ള താക്കീത് കൂടിയാണ് മറുനാടനും ഷാജന്‍ സ്‌കറിയക്കും അനുകൂലമായ സുപ്രീംകോടതി വിധി.

വാല്‍ക്കഷ്ണം: ഉത്തരം മുട്ടുമ്പോള്‍ പുറത്തെടുക്കാനുള്ള ടൂള്‍ ആവുകയാണോ ജാതി. നേരെത്തെ സാബു എം ജേക്കബിനെതിരെയും ശ്രീനിജന്‍ സമാനമായ പരാതി നല്‍കിയിരുന്നു. ഇത്തരം കള്ളക്കേസുകാര്‍ക്കെതിരായ ശക്തമായ താക്കീത് കൂടിയാണ്, സുപ്രീംകോടതിയുടെ ചരിത്ര വിധി.