- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാം ലോക മഹായുദ്ധത്തിനുശേഷം റഷ്യ ആക്രമിക്കപ്പെട്ടിരിക്കുന്നു; സെലന്‍സ്‌ക്കിയുടെ പത്തൊമ്പതാമത്തെ അടവില്‍ പുടിന് ഞെട്ടല്‍; ആര് വീഴും, ആര് വാഴും?
രാമായണത്തില്‍ പറഞ്ഞിരിക്കുന്ന ബാലിയുടെ ജന്മമാണ് സത്യത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍. യുദ്ധം ചെയ്യുമ്പോള്‍, എതിരാളിയുടെ പാതിശക്തികൂടി അയാളുടെ കൈയിലെത്തും. ഓര്‍ത്തുനോക്കുക, പുടിനെ നേരിട്ട് എതിര്‍ത്തവര്‍ ആരും തന്നെ ഇന്ന് ജീവിച്ചിരിപ്പില്ല. ( 'വിന്‍സന്റ് ഗോമസിനെ വഞ്ചിച്ചവരാരും ഇന്ന് ജീവിച്ചിരിപ്പില്ല' എന്ന മോഹന്‍ലാലിന്റെ രാജാവിന്റെ മകനിലെ ഡയലോഗ് ഓര്‍മ്മ വരുന്നു) ലോകത്ത് എവിടെയും പോയി കൊലപ്പെടുത്താന്‍ കഴിയുന്ന കൊലയാളി സംഘവും ഇല്യൂമിനാറ്റിപോലെയാണെന്ന് വിലയിരുത്തപ്പെടുന്ന ഈ എകാധിപതിക്കുണ്ട്. ഇങ്ങനെ പുടിന്‍ വളര്‍ത്തിക്കൊണ്ടുവന്ന വാഗ്നര്‍ എന്ന കൂലപ്പട്ടാളം അദ്ദേഹത്തിന് എതിരെ […]
രാമായണത്തില്‍ പറഞ്ഞിരിക്കുന്ന ബാലിയുടെ ജന്മമാണ് സത്യത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍. യുദ്ധം ചെയ്യുമ്പോള്‍, എതിരാളിയുടെ പാതിശക്തികൂടി അയാളുടെ കൈയിലെത്തും. ഓര്‍ത്തുനോക്കുക, പുടിനെ നേരിട്ട് എതിര്‍ത്തവര്‍ ആരും തന്നെ ഇന്ന് ജീവിച്ചിരിപ്പില്ല. ( 'വിന്‍സന്റ് ഗോമസിനെ വഞ്ചിച്ചവരാരും ഇന്ന് ജീവിച്ചിരിപ്പില്ല' എന്ന മോഹന്‍ലാലിന്റെ രാജാവിന്റെ മകനിലെ ഡയലോഗ് ഓര്‍മ്മ വരുന്നു) ലോകത്ത് എവിടെയും പോയി കൊലപ്പെടുത്താന്‍ കഴിയുന്ന കൊലയാളി സംഘവും ഇല്യൂമിനാറ്റിപോലെയാണെന്ന് വിലയിരുത്തപ്പെടുന്ന ഈ എകാധിപതിക്കുണ്ട്. ഇങ്ങനെ പുടിന്‍ വളര്‍ത്തിക്കൊണ്ടുവന്ന വാഗ്നര്‍ എന്ന കൂലപ്പട്ടാളം അദ്ദേഹത്തിന് എതിരെ തിരിഞ്ഞപ്പോള്‍, അതിന്റെ തലവന്‍ പ്രോഗോഷിനെയും പുടിന്‍ കൊലപ്പെടുത്തി.
ഇതോടെയാണ് പുടിന്‍ സമം മരണം എന്ന ഒരു സമവാക്യം രൂപപ്പെടുന്നത്്. 'ആത്മഹത്യചെയ്യാന്‍ നടക്കുന്ന ആളാണ് നിങ്ങള്‍. പക്ഷേ അതിനുള്ള ധൈര്യമില്ല. എന്നാല്‍ ഒന്നുമറിയാതെ മരിക്കണമെങ്കില്‍ ഒരു കാര്യം ചെയ്താല്‍ മതി. പ്രസിഡന്റിനെ രൂക്ഷമായി വിമര്‍ശിച്ച് വീഡിയോകള്‍ ചെയ്യുക. പിന്നെ മരണം നിങ്ങളെ തേടി എത്തിക്കോളും'- വ്‌ളാദിമിര്‍ പുടിന്‍ എന്ന ഏകാധിപതിയെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് റഷ്യയുടെ കണ്ണില്‍ കരടായതോടെ അമേരിക്കയിലേക്ക് നാടുവിട്ട, അലക്‌സി മിച്ചല്‍ എന്ന യുട്യൂബര്‍ പറഞ്ഞതാണ് ഈ വാക്കുകള്‍. ഇതില്‍ ഒട്ടും അതിശയോക്തിയില്ല. പുടിന്റെ കടുത്ത വിമര്‍ശകരായ ഒരു ഡസനോളം മാധ്യമ പ്രവര്‍ത്തകരാണ് കഴിഞ്ഞ മൂന്നാല് വര്‍ഷത്തിനുള്ളില്‍ റഷ്യയില്‍ കൊല്ലപ്പെട്ടത്. മിക്കവരും കെട്ടിടത്തിന് മുകളില്‍നിന്ന് വീണാണ് മരിക്കുക. പൊലീസ് അത് കാല്‍വഴുതിയെന്നോ, ആത്മഹത്യയെന്നോ ഒക്കെ എഴുതിത്തള്ളും. മരണത്തിന്റെ വ്യാപാരി എന്നൊക്കെ നാം ഹിറ്റ്‌ലറയൊക്കെയാണ് വിശേഷിപ്പിക്കുക. പക്ഷേ ആ പദവി ഇപ്പോള്‍ പുടിനാണ്.
പുടിന്റെ കളി നടക്കാതെ പോയെ ഒരേ ഒരാള്‍ ഉണ്ടെങ്കില്‍ അത് യുക്രൈന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌ക്കി മാത്രമാണ്. എത്രയോ കോടികള്‍ ചെലവിട്ടിട്ടും, എത്രയോ കൊലയാളി സംഘങ്ങളെ വിട്ടിട്ടും, റഷ്യയുടെ മുക്കിന് താഴെ അയാള്‍ ജീവിച്ചിരിക്കുന്നു! 2022 ഫെബ്രുവരി 24- ന് യുക്രൈയിനെ ആക്രമിക്കുമ്പോള്‍ പുടിന്‍ കരുതിയത് നാലോ അഞ്ചോ മാസത്തിനുള്ളില്‍ ആ രാജ്യത്തെ കീഴടക്കാമെന്നായിരുന്നു. ഇപ്പോഴിതാ രണ്ടര വര്‍ഷത്തോളം ആവാറായി. യുക്രൈയിനെ അടിയറവ് പറയിക്കാന്‍, റഷ്യ എന്ന ലോകത്തിലെ രണ്ടാമത്തെ സൈനിക ശക്തിക്കായിട്ടില്ല.
ഇപ്പോഴിതാ സെലന്‍സ്‌കി ഒരു അടികൂടി മുന്നോട്ട്വെച്ചിരിക്കയാണ്. രണ്ടാലോക മഹായുദ്ധത്തിനുശേഷം റഷ്യ ആക്രമിക്കപ്പെട്ടിരിക്കുന്നു! യുക്രൈന്‍ റഷ്യ ആക്രമിച്ചെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. കരുത്തനായ ബാലിയെ ഒളിച്ചിരുന്ന് അമ്പെയ്ത് വീഴ്ത്തിയ, ഒരു ശ്രീരാമന്‍ സെലന്‍സ്‌ക്കിക്ക് പിന്നിലുണ്ടോ? അതോ അയാള്‍ ചെയ്തത് ചരിത്രപരമായ ഒരു മണ്ടത്തരമാണോ? തന്റെ രാജ്യം ആക്രമിക്കപ്പെടുന്ന എന്ന ഇരവാദമിറക്കി, യുക്രൈയിനെ ഭസ്മമാക്കാന്‍ പുടിന് ലൈസന്‍സ് കൊടുക്കയെന്ന അബദ്ധമാണോ, സെലന്‍സ്‌ക്കി ചെയ്തത്. ലോകമാധ്യമങ്ങള്‍പോലും ഇക്കാര്യത്തില്‍ വലിയ ആശയക്കുഴപ്പത്തിലാണ്.
യുക്രെയിന്‍ റഷ്യയെ തിരിഞ്ഞുകൊത്തുമ്പോള്‍
അളമുട്ടിയാല്‍ ചേരയും കടിക്കും എന്ന് കേട്ടിട്ടില്ലേ? യുക്രെയിനിന്റെ പ്രത്യാക്രമണത്തെ പലരും അങ്ങനെ വിശേഷിപ്പിക്കുന്നുണ്ട്. യുദ്ധംമൂലം യുക്രൈനില്‍ ജീവന്‍ നഷ്ടമായത് 45,582-ലധികം പേര്‍ക്കാണ്. പക്ഷേ റഷ്യക്കും സമാനമായ നാശമുണ്ടായി. തങ്ങളുടെ പക്ഷത്ത് കൊല്ലപ്പെട്ടത് 40,000 പേരാണെന്നാണ് റഷ്യ തന്നെ സമ്മതിക്കുന്നുണ്ട്. പക്ഷേ യുദ്ധം യുക്രൈന്‍ മണ്ണിലായതിനാല്‍ ആ നാട്ടില്‍ വ്യാപകമായ നാശമുണ്ടായി. ദശ ലക്ഷകണക്കോളം വരുന്ന യുക്രൈന്‍ ജനത തങ്ങളുടെ രാജ്യത്ത് നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടു. പല നഗരങ്ങളും റഷ്യന്‍ബോംബിങ്ങില്‍ ഇല്ലാതായി. റഷ്യന്‍ പട്ടാളം വ്യാപകമായി ബലാത്സംഗങ്ങളും നടത്തി.
സൈനിക നടപടി പ്രഖ്യാപിക്കുമ്പോള്‍ യുക്രൈനെ എളുപ്പത്തില്‍ പിടിച്ചുകെട്ടാമെന്നായിരുന്നു പുടിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ അപ്രതീക്ഷിതമായി യുക്രൈന്‍ സൈന്യം റഷ്യയെ ചെറുത്തുനിന്നു. 2022 ഫെബ്രുവരിയില്‍ വടക്കും കിഴക്കും തെക്കും അതിര്‍ത്തികളിലൂടെ യുക്രൈനില്‍ കടന്നുകയറി ഭൂപ്രദേശങ്ങള്‍ പിടിച്ചെടുത്തുമുന്നേറിയ റഷ്യന്‍ പട്ടാളത്തിന് പക്ഷേ, തലസ്ഥാനമായ കീവ് തൊടാന്‍ കഴിഞ്ഞില്ല. മാര്‍ച്ചായപ്പോള്‍ റഷ്യന്‍സേന യുക്രൈന്റെ വടക്കും തെക്കുമായി ഒതുങ്ങിപ്പോയി.
യുക്രൈന്‍ പിടിക്കുക എന്ന ലക്ഷ്യം അതോടെ പുടിന്‍ മാറ്റിപ്പിടിച്ചു. റഷ്യന്‍ വിഘടനവാദത്തിനു വേരാഴമുള്ള കിഴക്കന്‍മേഖലയായ ഡോണ്‍ബാസിനെ സ്വതന്ത്രമാക്കാനായി പിന്നെയുള്ള യുദ്ധം. 2022 സെപ്റ്റംബറില്‍ ഡൊണെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക് എന്നിവയെയും അടുത്തുള്ള ഹെര്‍സോണ്‍, സാഫോറീസിയ എന്നീ പ്രദേശങ്ങളെയും റഷ്യ ഏകപക്ഷീയമായി സ്വതന്ത്രമായി പ്രഖ്യാപിച്ചു. റഷ്യ പിടിച്ചെടുത്ത ഹെര്‍സോണ്‍ 2022 നവംബറില്‍ യുക്രൈന്‍ തിരിച്ചുപിടിച്ചു. ഇതുവരെ 60 ലക്ഷം യുക്രൈന്‍കാരാണ് അഭയാര്‍ഥികളായത്. 80 ലക്ഷം പേര്‍ സ്വന്തം വീട് വിട്ട് യുക്രൈനില്‍ തന്നെ മറ്റിടങ്ങളില്‍ അഭയം തേടി. ഇതിനിടെയാണ് തിരിച്ചടിച്ച് യുക്രൈന്‍ കളം നിറഞ്ഞത്.
ആ സര്‍പ്രൈസ് നീക്കം റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. യുക്രൈനിന്റെ അതിര്‍ത്തിയോട് ചേര്‍ന്ന് അതിനിര്‍ണായകമായ കുര്‍സ്‌ക് റീജ്യണിലേക്ക് സെലന്‍സ്‌കി തന്റെ പട്ടാളക്കാരെ അയച്ചത്. അങ്ങനെ രണ്ടാംലോക മഹായുദ്ധത്തിന് ശേഷം റഷ്യ കണ്ട ഏറ്റവും വലിയ വിദേശ അധിനിവേശമായി യുക്രൈനിന്റെ കര്‍സ്‌ക് മുന്നേറ്റം മാറുകയും ചെയ്തു. കഴിഞ്ഞ ആഴ്ച നടത്തിയ മുന്നേറ്റത്തില്‍ ഇവിടെയുള്ള രണ്ട് ഡസനോളം വില്ലേജുകളാണ് യുക്രൈന്‍ സൈന്യം പിടിച്ചെടുത്തിരിക്കുന്നത്. കുര്‍സ്‌കിന് പിന്നാലെ റഷ്യയുടെ അതിര്‍ത്തിക്കുള്ളിലേക്ക് കൂടുതല്‍ മുന്നോട്ടുപോവാന്‍ തന്നെയാണ് തീരുമാനമെന്നാണ് യുക്രൈന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌കി ചൂണ്ടിക്കാട്ടുന്നത്. ഏകദേശം പന്ത്രണ്ട് ലക്ഷത്തോളം ആളുകള്‍ താമസിക്കുന്ന ഇടമാണ് യുക്രൈന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പടിഞ്ഞാറന്‍ റഷ്യയിലെ കൂര്‍സ്‌ക് പ്രവിശ്യ.
ആളുകളെ ഒഴിപ്പിച്ചും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചും തിരിച്ചടിക്കാനായി റഷ്യ ഒരുങ്ങുന്നുണ്ടെങ്കിലും ആയിരം സ്‌ക്വയര്‍ കിലോമീറ്റര്‍ പ്രദേശം തങ്ങളുടെ നിയന്ത്രണത്തിലാക്കിയെന്നാണ് യുക്രൈന്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് ഒലക്സാണ്ടര്‍ സിര്‍സ്‌കി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ആറ് ദിവസത്തോളമായുള്ള നടപടികള്‍ക്കൊടുവിലാണ് ഈ വന്‍ മുന്നേറ്റം യുക്രൈന്‍ നടത്തിയിരിക്കുന്നത്. യുക്രൈന്‍ പ്രധാനമന്ത്രി വ്ളാദിമിര്‍ സെലന്‍സ്‌കിയുടെ ടെലഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് തങ്ങള്‍ റഷ്യന്‍ അതിര്‍ത്തിക്കുള്ളില്‍ കടന്നുകയറിയെന്നും ഇനിയും മുന്നോട്ടുപോവാനാണ് തീരുമാനമെന്നും ഒലക്സാണ്ടര്‍ സിര്‍സ്‌കി അറിയിച്ചത്. 84 റഷ്യന്‍ സെറ്റില്‍മെന്റുകള്‍ യുക്രൈന്‍ നിയന്ത്രണത്തിലാക്കിയെന്ന് സെലന്‍സ്‌കിയും അറിയിച്ചിരുന്നു. റഷ്യന്‍ ഭൂപ്രദേശം പിടിച്ചടക്കാനുള്ള ഉദ്ദേശ്യമില്ലെന്നും കുര്‍സ്‌കിലേക്ക് റഷ്യ നടത്തുന്ന മിസൈല്‍ ആക്രമണം നിര്‍ത്താന്‍ റഷ്യയെ നിര്‍ബന്ധിക്കുക മാത്രമാണ് ലക്ഷ്യമെന്നും സെലന്‍സ്‌കി ചൂണ്ടിക്കാട്ടി.
സെലന്‍സ്‌കിയുടേത് മണ്ടത്തരമോ?
അതേസമയം സെലന്‍സ്‌ക്കിയുടേത് ചരിത്രപരമായ മണ്ടത്തരമാണെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ പറയുന്നത്. സ്വീഡനിലെ ചാള്‍സ് പന്ത്രണ്ടാമനും നെപ്പോളിയനും ഹിറ്റ്ലറിനും പറ്റിയ അതേ ചരിത്രപരമായ അബദ്ധത്തിലേക്കാണോ സെലന്‍സ്‌കി വീണിരിക്കുന്നത് എന്ന് വിമര്‍ശനമുണ്ട്. കാരണം കളി, ക്രൂരതയില്‍ ഡോക്ടറേറ്റ് എടുത്ത പുടിനോടാണ്. ഇത്രയും കാലം ലോകമാധ്യമങ്ങള്‍ക്ക് മുന്നില്‍ അയാള്‍ക്ക് വേട്ടക്കാരന്റെ മുഖമായിരുന്നു. പക്ഷേ ഇപ്പോള്‍ സ്വന്തം രാജ്യം, ആക്രമിക്കപ്പെട്ടുവെന്ന ഇരവാദം ഇറക്കാന്‍ അയാള്‍ക്ക് കഴിയും.
യുക്രൈന്റേത് വന്‍ പ്രകോപനമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുതിന്‍ പ്രതികരിച്ചു. എണ്ണായിരത്തോളം യുക്രൈന്‍ സൈനികര്‍ കുര്‍സ്‌കിലുണ്ടെന്നു പറയുന്നു. റഷ്യന്‍ സൈന്യവുമായി തട്ടിച്ചുനോക്കുമ്പോള്‍ യുക്രൈന്‍ സൈന്യത്തിന് അംഗബലം കുറവാണ്. പടക്കോപ്പുകളുടെ കാര്യവും അങ്ങനെത്തന്നെ. അമേരിക്കയും മറ്റു പാശ്ചാത്യരാജ്യങ്ങളും നല്‍കുന്ന സൈനികസഹായമാണ് അവരുടെ ബലം.
ഒരൊറ്റ എയര്‍ റെയ്ഡിലൂടെ റഷ്യയില്‍ കടന്നുകയറിയ മുഴുവന്‍ യുക്രയെന്‍ സൈന്യത്തേയും കരിച്ചുകളയുമൊന്നൊക്കെ റഷ്യ പറയുമ്പോഴും കഴിഞ്ഞ പത്ത് ദിവസമായി അതിനവര്‍ക്ക് സാധിച്ചിട്ടില്ല. പുടിന്‍ കോപം കൊണ്ട് ജ്വലിക്കുന്നുണ്ട്, ഇന്റലിജന്‍സിനെ പഞ്ഞിക്കിടുന്നുണ്ട്, റഷ്യന്‍ എയര്‍ഫോഴ്സ് ആകാശത്ത് നിന്ന് തുരുതുരെ വെടിവെക്കുന്നുണ്ട്. സിറിയയും യുക്രെയിനുമൊക്കെ നിര്‍ദ്ദയമായി ബോംബിട്ട് തകര്‍ക്കുന്നത് പോലെ സ്വന്തം രാജ്യം നശിപ്പിക്കാന്‍ റഷ്യയ്ക്കാവില്ലല്ലോ. അതിര്‍ത്തി കടന്നെങ്കില്‍ തിരിച്ചിറങ്ങാനുള്ള എക്സിറ്റ് പ്ലാന്‍ യുക്രെയിന്‍ ആസൂത്രണം ചെയ്തിട്ടുണ്ടാവണം. രണ്ടര കൊല്ലമായി തുടരുന്ന അനാവശ്യവും വിനാശകരവുമായ ഈ യുദ്ധത്തില്‍ ഇങ്ങനെയൊരു വഴിത്തിരിവ് പുടിന്‍ പ്രതീക്ഷിച്ചിരുന്നില്ല.
2024 ല്‍ ഇതുവരെ 1300 ചതുരശ്ര കിലോമീറ്റര്‍ ഭൂമിയാണ് റഷ്യ കീഴ്പെടുത്തിയതെങ്കില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിലാണ് ആയിരം ചതുരശ്രമീറ്റര്‍ റഷ്യന്‍ഭൂമി യുക്രൈയിന്‍ പിടിച്ചെടുത്തത്. റഷ്യ പിടിച്ചെടുത്ത യുക്രെയിന്‍ ഭൂമി കുറച്ചെങ്കിലും തിരിച്ചുകൊടുത്തു കൊണ്ടുള്ള ചര്‍ച്ചയിലേക്ക് കുര്‍സ്‌ക് ആക്രമണം നയിച്ചാല്‍ അതൊരു ആശ്വാസമാണ്. പക്ഷേ മറക്കുക, പൊറുക്കുക തുടങ്ങിയ വാക്കുകളൊന്നുമില്ലാത്ത നിഘണ്ടുവാണ് പുടിന്‍ കൊണ്ടുനടക്കുന്നത്. അതുകൊണ്ടുതന്നെ അയാള്‍ എന്തുചെയ്യുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. ഭാവിയില്‍ അയാള്‍ ഈ ഒരു ന്യായം പറഞ്ഞ്, ആണവായുധംപോലും ഉപയോഗിക്കില്ലെന്ന് ആരുകണ്ടുവെന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
യുക്രെയിനിന്റെത് മന:ശാസ്ത്ര തന്ത്രം?
അതേസമയം സെലന്‍സ്‌കിയുടേത് തികച്ചും മനശാസ്ത്ര തന്ത്രമാണെന്നാണ്, ന്യൂയോര്‍ക്ക് ടൈംസിലെ യുദ്ധകാര്യ ലേഖകനായ, ഇയാന്‍ മക്കി അഭിപ്രായപ്പെടുന്നത്. യുദ്ധം, യുദ്ധം എന്ന് എല്ലാവരും പറയുന്നുണ്ടെങ്കിലും ഇത്രയും കാലം അതിന്റെ കെടുതികള്‍ അനുഭവിച്ചത് യുക്രൈന്‍ മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ റഷ്യയില്‍ ശരിക്കും യുദ്ധമെത്തിയിരിക്കയാണ്. ഒറ്റരാത്രികൊണ്ട് പതിനായിരിക്കണക്കിന് ആളുകളെയാണ് റഷ്യക്ക് ഒഴിപ്പിക്കേണ്ടി വന്നത്. ഇത്് ഒരു വല്ലാത്ത ഭയമാണ്. ഈ ഭയത്തിന് മുന്നില്‍ റഷ്യയെ സമ്മര്‍ദത്തിലാക്കാനാണ് സെലന്‍സ്‌ക്കിയുടെ നീക്കം എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്.
കയ്യറിയ ഭൂമി കൈവശം വെക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും യുക്രെയിന്‍ തുറന്ന് പറയുന്നുണ്ട്. സൈനിക ഭീമനായ റഷ്യയ്ക്ക് കയ്യേറിയ പ്രദേശം മുഴുവന്‍ തിരിച്ചുകൊടുക്കേണ്ടി വരുമെന്ന് അവര്‍ക്കറിയാം. പക്ഷേ അത്രയും നാള്‍ റഷ്യയ്ക്ക് അപമാനത്തിന്റെ നാളുകളാണ്. ഇസ്രായേല്‍ ജനതയ്ക്ക് മുമ്പില്‍ നെതന്യാഹുവിന് സംഭവിച്ച പ്രതിച്ഛായ ഇടിവ് പുടിന് റഷ്യയില്‍ സംഭവിച്ചിട്ടുണ്ട്. ആ്രയിരത്തിലധികം ശത്രുസൈനികര്‍ യുദ്ധകാലത്ത് അതിര്‍ത്തി കടക്കുന്നത് തിരിച്ചറിയാനായില്ലെങ്കില്‍ എന്തിനാണ് ഒരു രാജ്യം ഇന്റിലിജന്‍സിനെ തീറ്റിപ്പോറ്റുന്നത് എന്ന് റഷ്യന്‍ മാധ്യമങ്ങളില്‍ മറുമുറപ്പ് ഉയര്‍ന്നുകഴിഞ്ഞു. ഇതു തന്നെയാണ് സെലന്‍സ്‌കി ലക്ഷ്യമിടന്നതും. ആര്‍ക്കും തൊടാന്‍ കഴിയാത്ത ഇല്യൂമിനാറ്റിയാണ്, പുടിന്‍ എന്ന ഇമേജ് തകര്‍ക്കുക. യുക്രൈനികളുടെ ആത്മവിശ്വാസം ഉയര്‍ത്തുക.
മോസ്‌കോവരെ ഡ്രോണും മിസൈലും അയച്ചുള്ള ആക്രമണം മാത്രമായിരുന്നു യുക്രൈന്‍ സൈന്യം ഇതുവരെ നടത്തിയിരുന്നത്. കരയുദ്ധമത്രയും യുക്രൈനുള്ളിലായിരുന്നു. എന്നാല്‍, ഓഗസ്റ്റ് ആറിന് ഈ സ്ഥിതിമാറി. കുര്‍സ്‌ക് പ്രദേശത്ത് 30 കിലോമീറ്റര്‍ ഉള്ളിലേക്ക് യുക്രൈന്‍ കരസേന ചെന്നു. രണ്ടാം ലോകയുദ്ധത്തിനുശേഷം റഷ്യനേരിടുന്ന ഏറ്റവും വലിയ അധിനിവേശം. അതിര്‍ത്തിയില്‍നിന്ന് രണ്ടുലക്ഷത്തോളംപേരെ റഷ്യക്ക് ഒഴിപ്പിക്കേണ്ടിവന്നു. 1000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം വരുതിയിലാക്കിയെന്നാണ് യുക്രൈന്‍ സേനാധിപന്‍ ഒലെക്സാന്‍ഡര്‍ സിര്‍സ്‌കിയുടെ അവകാശവാദം. ഇതിന് സ്വതന്ത്രമായ സ്ഥിരീകരണമില്ലെങ്കിലും യുക്രൈന്റെ കടന്നുകയറ്റമുണ്ടെന്ന് കുര്‍സ്‌ക് ഗവര്‍ണര്‍ അലക്സി സ്മിര്‍ണോവ് തന്നെ പറഞ്ഞു. കുര്‍സ്‌കിലും അടുത്തുള്ള ബെല്‍ഗൊരോദിലും അടിയന്തരാവസ്ഥയാണ്.
യുക്രെയിന്റെ 19 ശതമാനത്തോളം ഭൂമി ഇപ്പോഴും റഷ്യയുടെ കൈവശമാണ്. 2014 ലെ ക്രൈമിയന്‍ അധിനിവേശത്തോടെ തുടങ്ങിയ കയ്യേറ്റമാണ്. മാന്യമായ ഒരു സമാധാനക്കരാര്‍ യുക്രെയിന്റെ അവകാശമാണ്. പക്ഷേ യുക്രെയിന്‍ ഭൂമി റഷ്യയില്‍ ചേര്‍ക്കാതെ പുടിന്‍ വഴങ്ങില്ല. സമാധാന ചര്‍ച്ചയില്‍ വിലപേശല്‍ നടത്താനുള്ള അവസരത്തിന് വേണ്ടിയാണ് റഷ്യയിലെ ആയിരം ചതുരശ്ര കിലോമീറ്ററുകള്‍ അവര്‍ പിടിച്ചെടുത്തതെന്ന് കരുതാം. സമീപ പ്രദേശമായ ബലഗരോദിലേക്കും യുക്രെയിന്‍ ആധിപത്യം വ്യാപിക്കുകയാണ്. നൂറിലധികം റഷ്യന്‍ സൈനികരെ യുദ്ധത്തടവുകാരായി പിടികൂടിയിട്ടുണ്ട്. ആയിരക്കണക്കിന് റഷ്യന്‍ സിവിലിയന്‍മാര്‍ സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥി കേന്ദ്രങ്ങളിലേക്ക് മാറിയിരിക്കുകയാണ്. ഇത്തരം കാഴ്ചകള്‍ പൊതുവെ ടെലിവിഷനില്‍ കണ്ട അനുഭവമേ റഷ്യന്‍ ജനതയ്ക്കുള്ളൂ. ഇന്നിതാ യുദ്ധം റഷ്യയുടെ പടി കടന്നെത്തിയിരിക്കുന്നു. അതുണ്ടാക്കുന്ന മനശാസ്ത്ര ഭീതിവെച്ച് റഷ്യയെ സമ്മര്‍ദത്തിലാക്കാനും വെടിനിര്‍ത്തലിലേക്ക് എത്തിക്കാനുമാണ് സെലന്‍സ്‌കി ശ്രമിക്കുന്നതെന്ന് ചില വിലയിരുത്തലുകളില്‍ പറയുന്നത്.
പല്ലിന് പല്ല് കണ്ണിന് കണ്ണ്
അതേസമയം റഷ്യയെ ആക്രമിക്കാനുള്ള നീക്കം ഒട്ടും ആലോചനയില്ലാതെ എടുത്ത ഒന്നല്ലെന്നും അതിനുപിന്നില്‍ അമേരിക്ക അടക്കമുള്ള നാറ്റോ ശക്തികളുടെ കൃത്യമായ പ്ലാനിങ്ങ് ഉണ്ടെന്നുമാണ്, ദ ഗാര്‍ഡിയന്‍ പറയുന്നത്. യുക്രൈന് ഇത്രയം കാലം ആയുധവും, പണവും നല്‍കി സംരക്ഷിച്ചുപോന്ന, നാറ്റോ ശക്തികളുടെ യുദ്ധ തന്ത്രങ്ങള്‍ക്ക് മുന്നിലെ വെറുമൊരു ട്രോജന്‍ കുതിര മാത്രമാണ് സെലന്‍സ്‌ക്കി എന്നാണ് അവര്‍ പറയുന്നത്. റഷ്യ കടുത്ത രീതിയില്‍ തിരിച്ച് ആക്രമിക്കയാണെങ്കില്‍, അതിനുള്ള മറുപടി തങ്ങള്‍ കൊടുത്തോളാം എന്ന അനൗദ്യോഗിക ഉറപ്പും, നാറ്റോ കൊടുത്തിട്ടുണ്ടെന്ന് പറയുന്നു.
റഷ്യക്കുള്ളില്‍ തങ്ങളുടെ ആയുധങ്ങള്‍ ഉപയോഗിക്കരുതെന്നു പറഞ്ഞിരുന്ന അമേരിക്ക കുര്‍സ്‌കില്‍ അവ ഉപയോഗിക്കാന്‍ അനുമതി കൊടുത്തു. റഷ്യയെ പ്രകോപിപ്പിക്കുന്ന നടപടികളെ എതിര്‍ത്തിരുന്ന ജര്‍മനി സ്വയരക്ഷയ്ക്കുവേണ്ടി പോരാടാന്‍ യുക്രൈന് അവകാശമുണ്ടെന്നു പറഞ്ഞു. അതായത് എല്ലാവരും പതുക്കെ കളിമാറ്റുകയാണെന്ന് വ്യക്തം. ഇക്കാലത്തിനിടെ ഒരിക്കല്‍പ്പോലും റഷ്യക്കുള്ളില്‍ കടന്നുകയറാതിരുന്ന യുക്രൈന്‍ ഇപ്പോള്‍ അതിനിറങ്ങിയതിന് പല കാരണങ്ങളാണ് വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നത്. യുക്രൈന്റെ വടക്കു കിഴക്ക് ഹാര്‍കിവില്‍ ഇക്കൊല്ലം മേയില്‍ റഷ്യ വലിയ മുന്നേറ്റം നടത്തിയിരുന്നു. പല ഗ്രാമങ്ങളും പിടിച്ചെടുത്തു. ആയിരങ്ങള്‍ക്ക് നാടുവിടേണ്ടിവന്നു. ഇതിനു തിരിച്ചടി നല്‍കുകയാണ് കുര്‍സ്‌ക് അധിനിവേശത്തിന്റെ ഉദ്ദേശ്യം എന്നാണ് ഒരു സിദ്ധാന്തം.
അതുപോലെ കഴിയുന്നത്ര റഷ്യന്‍ പ്രദേശങ്ങള്‍ നിയന്ത്രണത്തിലാക്കുക എന്നതാകാം യുക്രൈന്റെ ലക്ഷ്യമെന്നും ഡെയലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുക്രൈനില്‍നിന്ന് പിടിച്ചെടുത്ത ഭൂപ്രദേശങ്ങള്‍ തിരിച്ചുനല്‍കി യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ ഒരുക്കമല്ല. ആ സാഹചര്യത്തില്‍ പിടിച്ചെടുത്ത റഷ്യന്‍ പ്രദേശങ്ങള്‍വെച്ച് യുക്രൈന് വിലപേശാം. യുക്രൈന്‍ അതിര്‍ത്തിയില്‍നിന്ന് 60 കിലോമീറ്റര്‍മാത്രം അകലെയുള്ള കുര്‍സ്‌ക് ആണവനിലയം കൈക്കലാക്കുക എന്ന ഉദ്ദേശ്യവും യുക്രൈനുണ്ട് എന്നുകരുതുന്നു. യുദ്ധം തുടങ്ങി അധികം വൈകാതെ യുക്രൈന്റെ സാപോറീസിയ ആണവനിലയം റഷ്യ പിടിച്ചെടുത്തിരുന്നു.
യുക്രൈന്റെ കിഴക്ക് ഡൊണെറ്റ്‌സ്‌ക് മേഖലയിലും മറ്റു പ്രദേശങ്ങളിലും കേന്ദ്രീകരിച്ചിരിക്കുന്ന റഷ്യന്‍ സൈനികരുടെ ശ്രദ്ധ മാറ്റുക എന്നതാണ് മറ്റൊരു ലക്ഷ്യമായി പറയുന്നത്. എന്നാല്‍, വലിയ സൈനികപിന്മാറ്റത്തിന് സാധ്യതയില്ല. കുര്‍സ്‌ക് അധിനിവേശത്തിന്റെപേരില്‍ യുക്രൈനിലെ ആക്രമണശൈലി റഷ്യ മാറ്റിയിട്ടുമില്ല. ഇതുവരെ 60 ലക്ഷം യുക്രൈന്‍കാരാണ് യുദ്ധത്തില്‍ അഭയാര്‍ഥികളായത്. 80 ലക്ഷം പേര്‍ സ്വന്തം വീട് വിട്ട് യുക്രൈനില്‍ തന്നെ മറ്റിടങ്ങളില്‍ അഭയം തേടി. ഇതിനിടെയാണ് തിരിച്ചടിച്ച് യുക്രൈന്‍ കളം നിറഞ്ഞത്.
ആയുധക്കരുത്തില്‍ റഷ്യക്ക് പിന്നില്‍ ആണെങ്കിലും പോരാട്ട വീര്യത്തില്‍ യുക്രൈന്‍ മുന്നിലാണ്. ഗോസ്റ്റ് ഓഫ് ബക്മൂത് എന്ന പേരില്‍ അറിയപ്പെടുന്ന, കിടിലന്‍ സ്നൈപ്പര്‍ സംഘളൊക്കെ യുക്രൈനിന് ഉണ്ട്. ബക്മൂതില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പുടിന്റെ കൂലിപ്പട്ടാളമായ വാഗ്നര്‍ സേനയെ തുരത്തിയത് ഇവരാണ്. സ്വയം പിശാചുക്കളെന്ന് വിശേഷിപ്പിച്ച് രാജ്യത്തിനായി പോരിനിറങ്ങിയവരാണ്, ഗോസ്റ്റ് ഓഫ് ബക്മൂത്. 20 അംഗ 'പിശാചു'ക്കളുടെ സംഘത്തെയാണ് യുക്രൈന്‍ ബക്മൂതില്‍ വിന്യസിച്ചിരിച്ചിരിക്കുന്നത്. അവര്‍ 524 റഷ്യന്‍ സൈനികരെ കഴിഞ്ഞ ആറ് മാസത്തിനിടെ കൊലപ്പെടുത്തി. നൂതന സാങ്കേതിക വിദ്യയിലുള്ള പ്രത്യേക തോക്കാണ് പ്രധാന ആയുധം.
സൈനിക പരിചയത്തിന്റെയോ കായിക ബലത്തിന്റേയോ അടിസ്ഥാനത്തിലല്ല ഗോസ്റ്റ് സംഘത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. പകരം അങ്ങേയറ്റത്തെ രാജ്യസ്നേഹവും സ്വയം സമര്‍പ്പിക്കാന്‍ തയ്യാറുള്ളവരില്‍ നിന്നുമാണ്. പിന്നീടാണ് സൈനിക പരിശീലനം നല്‍കുന്നത്. യുദ്ധത്തിന് മുമ്പെ സമാധാനമുള്ള ഒരു രാജ്യത്ത് പല ജോലികളില്‍ ഏര്‍പ്പെട്ടവരാണ് ഇന്ന് പ്രത്യേക സൈനിക സംഘത്തിലുള്ളത്. യു.എസ്. നിര്‍മിത സ്നിപ്പര്‍ റൈഫിളുകള്‍ വഴി പരിശീലനം ലഭിച്ചതോടെ റഷ്യന്‍ സൈന്യത്തിന് വലിയ നാശനഷ്ടം ഇവര്‍ ഉണ്ടാക്കി. ഇതുപോലുള്ള സംഘങ്ങള്‍ കൈയിലുള്ളതുകൊണ്ടുതന്നെ പല്ലിന് പല്ല്, കണ്ണിന് കണ്ണ് എന്ന മോഡല്‍ തിരിച്ചടിയാണോ, സെലന്‍സ്‌ക്കി ലക്ഷ്യമിടുന്നത് എന്നും ചിലര്‍ എഴുതുന്നുണ്ട്.
സാമ്പത്തിക മാന്ദ്യത്തിലേക്കോ?
ഇപ്പോള്‍ യുക്രൈയിനിന്റെ ടെറിട്ടറിയില്‍ നടക്കുന്ന യുദ്ധമായിട്ടുകൂടി അത് വലിയ സാമ്പത്തിക കുഴപ്പത്തിനാണ് വഴിവെച്ചത്. ലോകമെങ്ങും കോടിക്കണക്കിനു ജനങ്ങള്‍ യുദ്ധം കാരണമുണ്ടായ വിലക്കയറ്റത്തിന്റെ ഭാരമനുഭവിക്കുന്നു. ഭക്ഷ്യ, ഇന്ധന വിപണികളിലാണ് അത് ഏറെയും പ്രതിഫലിക്കുന്നത്. യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന രണ്ടു രാജ്യങ്ങളും ഇവയുടെ കയറ്റുമതിയില്‍ മുന്നില്‍നില്‍ക്കുന്നവയാണ് എന്നതാണ് ഇതിനു കാരണം. ഇപ്പോഴിതാ യുദ്ധം റഷ്യയിലേക്ക് കൂടി പടര്‍ന്നാല്‍, അത് വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് റഷ്യ പ്രകൃതിവാതകം വിതരണം നടത്തുന്ന സുഡ്സയിലെ പൈപ്പ് ലൈനിന് അടുത്തായിട്ടാണ് നിലവില്‍ യുക്രൈന്‍-റഷ്യ സൈനികര്‍ തമ്മില്‍ പോരാട്ടം നടക്കുന്നത്. ഇത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്. എന്നാല്‍, നിലവില്‍ പ്രകൃതിവാതക വിതരണത്തിന് തടസ്സം നേരിടുന്നില്ലെന്നാണ് പുറത്ത് വരുന്ന വിവരം. റഷ്യയില്‍ നിന്ന് പ്രകൃതിവാതക വിതരണം നടത്തുന്ന ഏക സ്റ്റേഷന്‍ കൂടിയാണ് സുഡ്സ. യൂറോപ്യന്‍ രാജ്യങ്ങളായ ഓസ്ട്രേലിയ, ഹംഗറി, സ്ലോവാക്യ എന്നിവരെല്ലാം ഇപ്പോഴും പ്രകൃതിവാതകം വാങ്ങിക്കുന്നത് റഷ്യയില്‍ നിന്നാണ്. ഇതെല്ലാം തകര്‍ന്നാല്‍ വന്‍ സാമ്പത്തിക കുഴപ്പമാണ് ലോകത്തുണ്ടാവുക.
അതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈന്‍ സന്ദര്‍ശിക്കുന്നുണ്ട്. ഈ വെള്ളിയാഴ്ച ഏഴു മണിക്കൂര്‍ പ്രധാനമന്ത്രി യുക്രെയിന്‍ തലസ്ഥാനമായ കീവിലുണ്ടാകും. യുക്രെയിന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കിയുമായി മോദി ചര്‍ച്ച നടത്തും. യുക്രെയിനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും മോദി കാണും. റഷ്യ യുക്രെയിന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചര്‍ച്ച വേണം എന്ന നിലപാട് നരേന്ദ്ര മോദി ആവര്‍ത്തിക്കുമെന്നാണ് അറിയുന്നത്. ഇന്ത്യയും പോളണ്ടുമായുള്ള സൗഹൃദത്തിന്റെ 70ാം വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് വേണ്ടിയ പോളണ്ടില്‍ എത്തുന്ന പ്രധാനമന്ത്രി അവിടെ നിന്നാണ് കീവില്‍ എത്തുക.
പോളണ്ടില്‍ നിന്ന് റെയില്‍ ഫോഴ്സ് വണ്‍ എന്ന ട്രെയിനില്‍ കയറിയാണ് യുക്രെയ്ന്‍ തലസ്ഥാനമായ കീവിലേക്ക് പ്രധാനമന്ത്രി യാത്ര തിരിക്കുക. 2022ല്‍ റഷ്യ യുക്രെയ്ന് നേരെ ആക്രമണം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടെ എത്തുന്നത്. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുടെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം ഇവിടെ എത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിച്ച് 30 വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുക്രെയ്ന്‍ സന്ദര്‍ശിക്കുന്നത്.
അടിസ്ഥാന മേഖലയിലെ വികസനം, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, പ്രതിരോധം തുടങ്ങീ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ മേഖലകളിലും ചര്‍ച്ച നടത്തുമെന്നുമാണ് വിവരം. റഷ്യ സന്ദര്‍ശനത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ യുക്രെയ്ന്‍ സന്ദര്‍ശനം. കഴിഞ്ഞ മാസമാണ് അദ്ദേഹം റഷ്യ സന്ദര്‍ശിച്ചത്. ഈ വര്‍ഷം ജൂണില്‍ നടന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ചകളിലൂടെയും നയതന്ത്രതലത്തിലും സംഘര്‍ഷം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഇന്ത്യ പിന്തുണ നല്‍കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. മോദി അടക്കമുള്ളര്‍ ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതും, ഈ യുദ്ധം പടരാതിരിക്കാനാണ്. കാരണം അത് വലിയ സാമ്പത്തിക മാന്ദ്യമായിരിക്കും ലോകത്തിന് സമ്മാനിക്കുക.
വാല്‍ക്കഷ്ണം: എല്ലാവരും ഭയക്കുന്ന പുടിന്റെ അടവുകളൊക്കെ ചീറ്റിപ്പോവുന്നത്, സെലന്സ്ക്കിയെന്ന യുക്രെയിന്‍ പ്രസിഡന്റിന്റെ മുന്നിലാണ്. അദ്ദേഹം ജീവിച്ചിരിക്കുന്നു എന്നത് തന്നെ എട്ടാമത്തെ ലോകമഹാത്ഭുതമാണ്. ചിലപ്പോള്‍ ഉറുമ്പുകളുടെ കടിയേറ്റ് ആനക്കും അടിതെറ്റാമെന്ന് ഈ അനുഭവം ഓര്‍മ്മിപ്പിക്കുന്നു.