- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദൈവം നടത്തിയ കൊല, സാമ്പത്തിക മാന്ദ്യക്കൊല! ലിങ്കണും കെന്നഡിക്കും വെടിയുണ്ട; ട്രംപ് സംഭവം ഒറ്റപ്പെട്ടതല്ല; ചോരപുരണ്ട യുഎസ് രാഷ്ട്രീയത്തിന്റെ കഥ
ട്രംപിന്റെ വലതു ചെവിയുടെ മുകള്‍ഭാഗത്തു മുറിവേല്പിച്ചുകൊണ്ട് ആ വെടിയുണ്ട കടന്നുപോവുമ്പോള്‍, ലോകം നടങ്ങുകയാണ്! കഴിഞ്ഞ ദിവസം പെനിസില്‍വേനിയയിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ വെച്ച് മുന്‍ പ്രസിഡന്റും, റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡോണള്‍ഡ് ട്രംപ് ആക്രമിക്കപ്പെട്ടപ്പോള്‍ ഫലത്തില്‍ അത് ചരിത്രത്തിന്റെ തനിയാവര്‍ത്തനവുമായി.
നവംബര്‍ 5നു നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി നാമനിര്‍ദേശം ചെയ്യപ്പെടുന്നതിനു തൊട്ടുമുന്പാണു ലോകത്തെ ഞെട്ടിച്ച വധശ്രമം. വെടിശബ്ദവും സീല്‍ക്കാര ശബ്ദത്തോടെ ചെവിയിലുരസിപ്പോയ വെടിയുണ്ടയുടെ സ്പര്‍ശവും തിരിച്ചറിഞ്ഞയുടന്‍ ട്രംപ് (78) ചെവികള്‍ അടച്ചുപിടിച്ചുകൊണ്ട് പ്രസംഗപീഠത്തിനു താഴെ നിലത്തു കുനിഞ്ഞിരുന്നു. സുരക്ഷാഭടന്മാര് അദ്ദേഹത്തിനു മേല്‍ കമിഴ്ത്തു കിടന്നു. ഒരു മിനിറ്റിനകം ചോരവാര്‍ന്നൊഴുകുന്ന മുഖവുമായി എഴുന്നേറ്റ ട്രംപ് സുരക്ഷാ അകമ്പടിയോടെ വേദിവിടുന്നതിനിടെ മുഷ്ടി ചുരുട്ടി 'ഫൈറ്റ്' (പോരാട്ടം തുടരൂ) എന്നു മൂന്നുതവണ വിളിച്ചുപറഞ്ഞു. കാറ്റില്‍ പറക്കുന്ന അമേരിക്കന്‍ പതാകയുടെ പശ്ചാത്തലത്തിലുള്ള ഈ ഫോട്ടോ ട്രംപിന്റെ ധീരതയുടെയും പോരാട്ടവീര്യത്തിന്റെയും നേര്‍ച്ചിത്രമായി അണികള്‍ പങ്കുവച്ചു. ട്രംപിന്റെ പിന്നിലായി വേദിയിലുണ്ടായിരുന്ന അനുയായികളിലൊരാള്‍ വെടിയേറ്റു മരിച്ചു. രണ്ടു പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. വേദിയില്‍ നിന്ന് 140 മീറ്റര്‍ അകലെ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്നു ട്രംപിനു നേരെ 4 തവണ വെടിയുതിര്‍ത്ത തോമസ് മാത്യു ക്രൂക്സിനെ (20) സുരക്ഷാസംഘാംഗങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വെടിവച്ചുകൊന്നു.
പ്രസിഡന്റിനും പ്രസിഡന്റ് സ്ഥാനാര്‍ഥിക്കും നേരേയുള്ള വധശ്രമങ്ങളും ആക്രമണങ്ങളും അമേരിക്കയ്ക്ക് പുതുമയുള്ള കാര്യമല്ല. പ്രമുഖരായ പല നേതാക്കളും സമാനമായ അതിക്രമങ്ങള്‍ പലകുറി നേരിട്ടുണ്ട്. ശരിക്കും ചോരയില്‍ കുളിച്ചുതന്നെയാണ് യുഎസ് രാഷ്ട്രീയവും വളര്‍ന്നത്. നാല് അമേരിക്കന്‍ പ്രസിഡന്റുമാരുടെ തന്നെ ജീവന് ഇങ്ങനെ നഷ്ടമായിട്ടുണ്ട്. ശരിക്കും ചോരയില്‍ കുളിച്ചുതന്നെയാണ് അമേരിക്കയുടെയും രാഷ്ട്രീയം.
സ്വാതന്ത്ര്യത്തിന്റെ പേരില്‍ വെടിയുണ്ട
അമേരിക്കയെ മാത്രമല്ല, ലോകത്തെ തന്നെ നടുക്കിയ സംഭവമായിരുന്നു, അടിമത്തനിരോധനത്തിലൂടെ ചരിത്രം കുറിച്ച് യുഎസ് പ്രസിന്‍ഡ് എബ്രഹാം ലിങ്കണിന്റെ കൊലപാതകം. തോല്‍വി എന്ന വാക്കിനെ കഠിനാധ്വാനം എന്ന വാക്കുകൊണ്ട് തിരുത്തിയ നേതാവ് ലിങ്കണ്. കൊടും ദാരിദ്ര്യത്തിലേക്കായിരുന്നു അദ്ദേഹം ജനിച്ചുവീണത്. ജീവിതത്തിലുടനീളം നേരിട്ടത് നിരവധി പരാജയങ്ങള്‍. എട്ട് തിരഞ്ഞെടുപ്പുകളില്‍ അദ്ദേഹം പരാജയപ്പെട്ടു. രണ്ടു തവണ ബിസിനസ് തകര്‍ന്നു. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ പലതവണ ജീവിതത്തില്‍ വെല്ലുവിളിയായി.
1832-ല്‍ സംസ്ഥാന നിയമസഭയിലേക്ക് മത്സരിച്ചപ്പോഴായിരുന്നു ലിങ്കന്റെ ആദ്യ പരാജയം. 1834-ല്‍ സംസ്ഥാന നിയമസഭയിലേക്ക് വീണ്ടും മത്സരിച്ച് ജയിച്ചെങ്കിലും, 1838-ല്‍ സംസ്ഥാന നിയമസഭയുടെ സ്പീക്കറാകാന്‍ മത്സരിച്ച് വീണ്ടും പരാജയപ്പെട്ടു. 1840-ലും 1843-ലും വീണ്ടും പരാജയം. അതിനിടെ 1846-ല്‍ അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് മത്സരിച്ച് വിജയിച്ചു. 1848-ല്‍ വീണ്ടും തോല്‍വി. 1854-ല്‍ സെനറ്റിലേക്ക് മത്സരിച്ച് വീണ്ടും തോറ്റു. 1856ല്‍ മറ്റൊരു പരാജയംകൂടി. 1858-ല്‍ വീണ്ടും സെനറ്റിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു. ഒടുവില്‍ 1860-ല്‍ അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റായി എബ്രഹാം ലിങ്കണെത്തി. ആദ്യ തോല്‍വിയില്‍ അദ്ദേഹം പിന്തിരിഞ്ഞിരുന്നെങ്കില്, അടിമത്ത നിരോധനം അടക്കം മഹത്തായ കാര്യങ്ങള്‍ ചെയ്ത മികച്ച ഒരു ഭരണാധികാരിയെ നഷ്ടമാകുമായിരുന്നു. ജീവിതത്തില്‍ ഉടനീളമുള്ള ആ അനിശ്ചിത്വം ലിങ്കണിന്റെ മരണത്തിലും ഉണ്ടായിരുന്നു. പ്രശസ്തിയുടെ കൊടുമുടിയില്നില്ക്കുന്ന ആ സമയത്ത് അദ്ദേഹം കൊല്ലപ്പെടുമെന്ന് ആരും കരുതിയതല്ല.
കൊല്ലപ്പെടുന്ന ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്നു എബ്രഹം ലിങ്കണ്. ലിങ്കണും ഭാര്യ മേരി ടോഡ് ലിങ്കണും 1865 ഏപ്രില്‍ 13ന് വാഷിങ്ടണിലെ ഫോര്‍ഡ്സ് തീയേറ്ററില്‍ നിന്ന് ഔര്‍ അമേരിക്കന്‍ കസിന് എന്ന കോമഡി പെര്‍ഫോര്‍മന്‍സ് കാണുന്നതിനിടെയായിരുന്നു ആക്രമണം. ജോണ്‍ വില്‍കിസ് ബൂത്ത് എന്നയാളായിരുന്നു വെടിവെപ്പിന് പിന്നില്‍. തലയ്ക്ക് പിന്നില്‍ വെടിയേറ്റ അദ്ദേഹത്തെ ഉടനെ സമീപത്തെ വീട്ടിലെത്തിച്ച് വൈദ്യസഹായം നല്‍കിയെങ്കിലും തൊട്ടടുത്ത ദിവസം, ഏപ്രില്‍ 14 രാവിലെയോടെ അദ്ദേഹം മരണപ്പെട്ടു. കറുത്തവര്‍ഗക്കാരെ പിന്തുണയ്ക്കുന്ന ലിങ്കന്റെ നിലപാടാണ് കൊലപാതകത്തിലേക്ക് നയിച്ചത് . മരണത്തിന് രണ്ട് വര്‍ഷം മുന്‍പ് അടിമത്തത്തെ ചൊല്ലിയുണ്ടായ ആഭ്യന്തരയുദ്ധത്തില്‍ കറുത്തവര്‍ഗക്കാര്‍ക്ക് അനുകൂലമായ നിലപാടായിരുന്നു ലിങ്കണ് കൈക്കൊണ്ടിരുന്നത്.
കൊലപാതകം നടക്കുന്ന സമയത്ത് ലിങ്കനൊപ്പം സദാസമയവുമുണ്ടാവുന്ന സുരക്ഷാസേന ഒപ്പമുണ്ടായിരുന്നില്ല. തീയേറ്ററിന്റെ പിന്നിലെ വാതില്‍ തുറന്നെത്തിയ കൊലപാതകി ലിങ്കന്റെ തലയ്ക്ക് പിന്നിലേക്ക് വെടിയുതിര്‍ത്തു. ചെവിയ്ക്ക് പിന്നില്‍ തലയോട്ടിയും തുളച്ച് തലച്ചോറിലൂടെ അത് കടന്നുപോയി. ലിങ്കണ് ഉടന്‍ തന്നെ നിലംപതിച്ചു. 'സ്വാതന്ത്ര്യം' എന്ന് ആക്രോശിച്ചുകൊണ്ടായിരുന്ന കൊലപാതകി ബൂത്ത് രക്ഷപ്പെട്ടത്. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം, കൃത്യമായി പറഞ്ഞാല്‍ 12 ദിവസങ്ങള്‍ക്ക് ശേഷം ഏപ്രില്‍ 26ന് ബൂത്തിനെ പോലീസ് പിടികൂടുകയും കൊലപ്പെടുത്തുകയും ചെയ്തു.
ദൈവം നടത്തിയ കൊല!
അമേരിക്കയില്‍ പദവിയിലിരിക്കെ കൊല്ലപ്പെടുന്ന രണ്ടാത്തെ പ്രസിഡന്റായിരുന്നു ജെയിംസ് ഗാര്‍ഫീല്‍ഡ്. യു.എസ്സിന്റെ ഇരുപതാമത് പ്രസിഡന്റായിരുന്ന ഗാര്‍ഫീല്‍ഡ്, 1881 ജൂലൈ രണ്ടിന് വാഷിങ്ടണിലെ ട്രെയിന്‍ സ്റ്റേഷനില്‍ വെച്ചാണ് വെടിയേറ്റ് മരിച്ചത്. ന്യൂ ഇംഗ്ലണ്ടിലേക്ക് ട്രെയിന്‍ കയറാന്‍ നില്‍ക്കുമ്പോഴായിരുന്നു ചാള്‍സ് ഗിറ്റിയൂ എന്നയാള്‍ വെടിയുതിര്‍ത്തത്. മാരകമായി പരിക്കേറ്റ അദ്ദേഹം ആഴ്ചകളോളം വൈറ്റ് ഹൗസില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നെങ്കിലും സെപ്തംബറില്‍ മരണത്തിന് കീഴടങ്ങി. ടെലിഫോണ്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന് അലക്സാണ്ടര്‍ ഗ്രഹാം ബെല്‍ പ്രസിഡന്റിന് വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഉപകരണം ഉപയോഗിച്ച് ഗാര്‍ഫീല്‍ഡിന്റെ നെഞ്ചില്‍ തറച്ച വെടിയുണ്ടകള്‍ പുറത്തെടുക്കുന്നതിന് വേണ്ടി ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. മാരകമായി പരിക്കേറ്റ് ആഴ്ചകളോളം വൈറ്റ് ഹൗസില്‍ ചികിത്സയില്‍ തുടര്‍ന്നുവെങ്കിലും സെപ്തംബറില്‍ ന്യൂ ജേഴ്സിയിലെത്തിയപ്പോള്‍ മരിച്ചു. കൊലപാതകിയെ 1882- ല്‍ വധശിക്ഷക്ക് വിധേയനാക്കി.
കൊലയാളിയും ഒരു രാഷ്ട്രീയക്കാരായിരുന്നു. ദൈവശാസ്ത്രം, നിയമപരിശീലനം, തുടങ്ങി നിരവധി സംരംഭങ്ങളില്‍ പരാജയപ്പെട്ടതിന് ശേഷമാണ് ഗിറ്റിയൂ രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞത്. 1880-ലെ റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ നോമിനേഷനില്‍ അദ്ദേഹം ഗാര്‍ഫീല്‍ഡിന്റെ എതിര് ചേരിയായിലായിരുന്നു. മുപ്പത്തിയൊന്പത് വയസ്സുള്ള ഗിറ്റിയു, മാനസികമായ പ്രശ്നങ്ങളുമുള്ള വ്യക്തയായാണ് വിലയിരുത്തപ്പെട്ടത്. തന്നെ യൂറോപ്യന്‍ കോണ്സല്ഷിപ്പില് നിയമിക്കാന്‍ പ്രസിഡന്റ് വിസമ്മതിച്ചതിതാണ് കൊലക്ക് പ്രകോപനം. ഗിറ്റിയു, ആഴ്ചകളോളം ഗാര്‍ഫീല്‍ഡിനെ പിന്തുടര്ന്നാണ്് അയാള്‍ കൊല നടത്തിയത്. പ്രസിഡന്റ് മരിച്ച ദിവസം, ഗിറ്റിയു പറഞ്ഞത് അത് കൊലപാതകമല്ല, ദൈവത്തിന്റെ ഒരു പ്രവൃത്തിയാണ് എന്നാണ്്. തൂക്കിക്കൊല്ലന്‍ വിധിച്ചപ്പോഴും ദൈവം തന്നെക്കൊണ്ട് ചെയ്യിച്ചതാണെന്നായിരുന്നു കൊലപാതകിയുടെ മറുപടി!
ഒരു സാമ്പത്തിക മാന്ദ്യക്കൊല
സാമ്പത്തിക മാന്ദ്യത്തിന് കാരണക്കാരനെന്നപേരിലും ഒരു അമേരിക്കന്‍ പ്രസിഡന്റ് കൊല്ലപ്പെട്ടിട്ടുണ്ട്. യു.എസ്സിന്റെ 25ാ-മത് പ്രസിഡന്റ് വില്ല്യം മക്ക്ന്‍ലിയുടെ കൊലപാതകം അങ്ങനെയാണ്. തുടര്‍ച്ചയായ രണ്ടാം വട്ടവും അമേരിക്കയുടെ പ്രസിഡന്റായി അധികാരത്തിലേറി ആറ് മാസം പിന്നിടുമ്പോഴായിരുന്നു കൊലപാതകം. 1901 സെപ്തംബര്‍ ആറിന് ന്യൂയോര്‍ക്കിലെ ബുഫാലോയില്‍ സ്ഥിതി ചെയ്യുന്ന ടെമ്പിള്‍ ഓഫ് മ്യൂസികില്‍ പ്രസംഗിച്ച് മടങ്ങുകയായിരുന്നു അദ്ദേഹം. ആളുകള്‍ക്ക് കൈകൊടുത്ത് നടന്നുപോകുന്നതിനിടെയായിരുന്നു പോയിന്റെ ബ്ലാങ്കില്‍ നെഞ്ചിലേക്ക് ഒരാള്‍ രണ്ട് തവണ വെടിയുതിര്‍ത്തത്. ആളുകളോട് സംസാരിക്കുമ്പോള്‍ സുരക്ഷ വേണ്ടെന്ന് അദ്ദേഹം ഉദ്യോഗസ്ഥരെ ചട്ടംകെട്ടിയിരുന്നതിനാല് സുരക്ഷാഉദ്യോഗസ്ഥരൊന്നും ഒപ്പമുണ്ടായിരുന്നില്ല. വെടിയേറ്റ പ്രസിഡന്റ് രക്ഷപ്പെടുമെന്ന് കരുതിയിരുന്നെങ്കിലും ഒരാഴ്ചയ്ക്ക് ശേഷം സെപ്തംബര്‍ 14ന് അദ്ദേഹം മരണപ്പെട്ടു.
ലിയോണ്‍ എഫ് സോള്‍ഗോസ് എന്ന 28 വയസ്സുകാരനായിരുന്നു ആക്രമണത്തിന് പിന്നില്‍. വെടിയുതിര്‍ത്തത് താനാണെന്ന് ലിയോണ്‍ സമ്മതിച്ചു. ഒരു മാസത്തെ കോടതി വിചാരണയ്ക്ക് ശേഷം വധശിക്ഷ വിധിച്ചു. ഒക്ടോബര്‍ 29ന് ഇലക്ട്രിക് ചെയറില്‍ ഇരുത്തി ഷോക്കടിപ്പിച്ചാണ് വധശിക്ഷ നടപ്പാക്കിയത്. അരാജകത്വവാദി ആയിരുന്ന ലിയോണിന് 1893-ലെ സാമ്പത്തിക മാന്ദ്യത്തില്‍ ജോലി നഷ്ടപ്പെട്ടിരുന്നു. ഇതില്‍ കടുത്ത പ്രതിഷേധമായിരുന്നു അവനുണ്ടായിരുന്നത്. പ്രസിഡന്റ് മക്ക്ന്ലി അടിച്ചമര്‍ത്തുന്ന വിഭാഗത്തിനൊപ്പമാണെന്നും അദ്ദേഹത്തെ കൊല്ലേണ്ടത് തന്റെ ഉത്തരവാദിത്തമായിരുന്നുവെന്നുമാണ് കൊലപാതകത്തെ കുറിച്ച് ലിയോണ്‍ പിന്നീട് പറഞ്ഞത്. പ്രസിഡന്റിന്റെ നെഞ്ചിലേക്ക് തുളച്ചുകയറിയ ഒരു ബുള്ളറ്റ് വീണ്ടെടുക്കാന്‍ പോലും സാധിച്ചിരുന്നില്ല. പ്രസിഡന്റ് മക്ക്ന്‍ലിയുടെ മരണത്തോടെയാണ് യു.എസ് സീക്രട്ട് സര്‍വീസിന് പ്രസിഡന്റിന്റെ സുരക്ഷാചമതല നല്കുന്ന നിയമം അമേരിക്കന്‍ കോണ്‍ഗ്രസ് പാസാക്കിയത്.
എവര്‍ഗ്രീന്‍ മര്‍ഡര്‍ മിസ്റ്ററി!
ലോകത്തിലെ എവര്‍ഗ്രീന്‍ മര്‍ഡര്‍ മിസ്്റ്ററി ഏതാണെന്ന് ചോദിച്ചാല്‍ അത്, അമേരിക്കന്‍ പ്രസിഡന്റും, ലോകം മുഴുവന്‍ ആരാധകരുമുള്ള കെന്നഡിയുടെ വധമാണ്. നൂറുകണക്കിന് നോവലുകള്‍ക്കും, സിനിമകള്‍ക്കും വിഷയമായ ഈ സംഭവം ഇന്നും ലോകത്തിനുമുന്നില്‍ ഒരു പ്രഹേളികയാണ്. കെന്നഡി കൊലയുടെ യഥാര്‍ത്ഥകാരണം ഇന്നും പിടികിട്ടിയിട്ടില്ല. 1963 നവംബറില്‍ ഭാര്യ, ജാക്വലിന് കെന്നഡിക്കൊപ്പം ഡാളസ് സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു വെടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വെറും 46 വയസ്സുള്ളപ്പോഴാണ് യുഎസ്സിന്റെ ചുറുചുറുക്കുള്ള പ്രസിഡന്റായ കെന്നഡി മരിക്കുന്നത്. കെന്നഡിയുടെ ഭാര്യ ജാക്വിലിന്, ടെക്സസ് ഗവര്‍ണറായ ജോണ്‍ ബി കോണെലി ജൂനിയര്‍ എന്നിവര്‍ക്കും വെടിയേറ്റിരുന്നു. പരുക്കുകളോടെ അവര്‍ രക്ഷപ്പെട്ടു.
ഹൈ പവര്‍ റൈഫിള്‍ ഉപയോഗിച്ച് കെന്നഡിക്ക് നേരെ ആക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കെന്നഡിയെ പാര്‍ക്ലാന്‍ഡ് മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. കൊലപാതകം നടത്തിയത് ലീ ഹാര്‍വി ഒസ്വാള്‍ഡ് എന്നയാളായിരുന്നു. അറസ്റ്റിന് രണ്ട് ദിവസത്തിന് ശേഷം കൗണ്ടി ജയിലിലേക്ക് കൊണ്ടുപോകുന്ന സമയത്ത്, കെന്നഡിയുടെ ആരാധകനായ ഒരു നിശാ ക്ലബ് ഉടമ ജാക്ക് റൂബി പ്രതി ലീ ഹാര്വിലെ വെടിവെച്ചു കൊന്നു. ഇതോടെ കേസിലെ ഗൂഢാലോചന അജ്ഞാതമായി തുടരുന്നു.
ആരായിരുന്നു ആ കൊലപാതകത്തിനു പിന്നിലെന്ന് ഇപ്പോഴും ദുരൂഹത തുടരുകയാണ്.സിഐഎ, അമേരിക്കന്‍ മാഫിയ, ലിന്‍ഡന്‍ ജോണ്സണ്, ഫിദല്‍ കാസ്ട്രോ, കെജിബി തുടങ്ങി പല ഉന്നതരും ഉന്നത സ്ഥാപനങ്ങളും സംശയനിഴലിലായി. അന്ന് ശീതയുദ്ധ കാലമായിരുന്നു. അമേരിക്ക നയിക്കുന്ന മുതലാളിത്ത ചേരിയും സോവിയറ്റ് റഷ്യ നയിച്ച സോഷ്യലിസ്റ്റ് ചേരിയും തമ്മില്‍ വലിയ കിടമത്സരവും സംഘര്‍ഷ മനോഭാവവും നില നിന്നു. മുതലാളിത്ത ചേരിയുടെ ഏറ്റവും പ്രമുഖ നേതാവും ചാമ്പ്യനുമായിരുന്നു കെന്നഡി. ക്യൂബയിലെ കാസ്ട്രോ ഭരണത്തെ അട്ടിമറിക്കാന്‍ നടത്തിയ 'ബേ ഓഫ് പിഗ്സ്' ആക്രമണം പോലുള്ള ശ്രമങ്ങളും , ക്യൂബയില്‍ റഷ്യ മിസൈല്‍ താവളം സ്ഥാപിക്കുന്നതിനെതിരെ നാവിക ഉപരോധം ഏര്‍പ്പെടുത്തിയതും മറ്റു നയങ്ങളുമൊക്കെ കെന്നഡിയെ രാജ്യാന്തര തലത്തില്‍ പ്രശസ്തനാക്കിയിരുന്നു.
അതിനാല്‍ തന്നെ ശീതയുദ്ധം നിലനില്‍ക്കുന്ന സമയത്തു സംഭവിച്ച കെന്നഡി വധം ലോകം വീണ്ടും പ്രശ്നങ്ങളിലേക്കു പോകുമോയെന്ന ആശങ്ക ഉടനടി ഉയര്‍ത്തി. ഒരു മൂന്നാം ലോക മഹായുദ്ധത്തിന്റെ സാധ്യത വരെ ചുരുങ്ങിയ സമയത്തില്‍ പലരും ചര്‍ച്ച ചെയ്തു. എന്നാല്‍ കുറച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കെന്നഡിയുടെ കൊലയാളിയെ അറസ്റ്റ് ചെയ്തു. ലീ ഹാര്‍വി ഓസ്വാള്‍ഡ് എന്ന ഇരുപത്തിനാലുകാരനായിരുന്നു അത്. കെന്നഡിയുടെ നയങ്ങളോട് എതിര്‍പ്പുള്ളയാളായിരുന്നു ലീ. പിന്നീട് ലീയെ കെന്നഡിയുടെ ആരാധകനും ഒ നിശാക്ലബ് ഉടമയുമായ ജാക്ക് റൂബി വെടിവച്ചു കൊന്നു. കൊലയാളിയെ അറസ്റ്റ് ചെയ്തെങ്കിലും അതു പൂര്‍ണമായി വിശ്വസിക്കാന്‍ പലരും തയാറായിരുന്നില്ല. 2017-ല്‍ നടത്തിയ ഒരു അഭിപ്രായ സര്‍വേയിലും യുഎസ്സിലെ 67 ശതമാനം പേര് കെന്നഡിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു വിശ്വസിക്കുന്നതായി വെളിപ്പെട്ടു.
1964-ലെ യു എസ് അന്വേഷണത്തിലും വാറന്‍ കമ്മീഷന്റെ അന്വേഷണത്തിലും ലീ ഹാര്‍വി ഓസ്വാള്‍ഡ് സോവിയറ്റ് യൂണിയനില്‍ മുന്‍പ് താമസിച്ചിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ലീ ഹാര്‍വി തനിച്ചാണ് കൊലപാതകം നടത്തിയതെന്നും വ്യക്തമായിരുന്നു. മെക്സികൊ സിറ്റിയില്‍ വച്ച് 1963-ല്‍ അദ്ദേഹം കണ്ടുമുട്ടിയ സോവിയറ്റ് കെജിബി ഉദ്യോഗസ്ഥനെ പറ്റിയും അന്വേഷണം നടന്നു. കെന്നഡി വധം സംബന്ധിച്ച 1,500 ഓളം രേഖകള്‍, മുദ്രവെച്ച കവറില്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. അമേരിക്കയുടെ ആഭ്യന്തര സുരക്ഷയെ ബാധിക്കുന്നതിനാല്‍ അത് പുറത്തുവിട്ടില്ല. ഇന്നും അമേരിക്കക്കാരുടെ പ്രിയപ്പെട്ട നിഗൂഢസിദ്ധാന്തങ്ങളില്‍ പലതും ഈ വധവുമായി ബന്ധപ്പെട്ടതാണ്.
പ്രസിഡന്റുമാരും ആക്രമിക്കപ്പെടുന്നു
ലോകത്തിലെ ഏറ്റവും വലിയ സുരക്ഷാസന്നാഹമുള്ള രാജ്യങ്ങളിലൊന്നാണ് അമേരിക്ക. എന്നിട്ടും അവര്‍ക്ക് തങ്ങളുടെ പ്രസിഡന്റുമാര്‍ക്ക് നേരയുള്ള ആക്രമണങ്ങള്‍ക്ക് പുര്‍ണ്ണമായും തടയിടാന്‍ കഴിഞ്ഞിട്ടില്ല. അമേരിക്കയുടെ 32-ാമത് പ്രസിഡന്റായിരുന്ന ഫ്രാങ്ക്ലിന് റൂസ്വെല്‍റ്റ്, ഓപ്പണ്‍ കാറില്‍ നിന്ന് പ്രസംഗിക്കുന്നതിനിടെയായിരുന്നു ആക്രമിക്കപ്പെട്ടത്. 1933-ലായിരുന്നു സംഭവം. റൂസ്വെല്‍റ്റിന് പരിക്കേറ്റില്ലെങ്കിലും സംഭവത്തില്‍ ചിക്കാഗോ മേയര്‍ ആന്റണ്‍ സെര്‍മാക് കൊല്ലപ്പെട്ടു. സംഭവത്തില്‍ ഗിസെപ്പി സങ്കാറ എന്നയാളെ കസ്റ്റഡിയിലെടുക്കുകയും വധശിക്ഷ വിധിക്കുകയും ചെയ്തു.
വൈറ്റ് ഹൗസിന് സമീപം ബ്ലെയര്‍ ഹൗസില്‍ വെച്ചാണ് യുഎസ്സിന്റെ 33-ാമത് പ്രസിഡന്റ് ഹാരി എസ് ട്രുമാനെ ലക്ഷ്യംവെച്ച് ആക്രമികളെത്തുന്നത്. 1950-ലായിരുന്നു സംഭവം. ട്രുമാന് പരിക്കേറ്റിട്ടില്ലെങ്കിലും വെടിവെപ്പില്‍ വൈറ്റ് ഹൈസ് പോലീസ് ഉദ്യോഗസ്ഥനും അക്രമികളിലൊരാളും കൊല്ലപ്പെട്ടു. സംഭവുമായി ബന്ധപ്പെട്ട് ഓസ്കാര്‍ കലാസോ എന്നയാളെ അറസ്റ്റ് ചെയ്യുകയും വധശിക്ഷ വിധിക്കുകയും ചെയ്തു.എന്നാല്‍ ട്രുമാന് ഈ ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു.
1975-ലെ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ രണ്ട് വധശ്രമങ്ങള്‍ നേരിട്ടയാണ് അമേരിക്കയുടെ 38-ാമത് പ്രസിഡന്റായിരുന്ന ജെറാള്‍ഡ് ഫോര്‍ഡ്. രണ്ട് ആക്രമണങ്ങളിലും പ്രസിഡന്റിന് പരിക്കുകളേറ്റില്ല. കാലിഫോര്‍ണിയ ഗവര്‍ണറെ കാണാനുള്ള യാത്രയ്ക്കിടെയായിരുന്നു ആദ്യ ശ്രമം. 17 ദിവസങ്ങള്‍ക്ക് ശേഷം സന്‍ഫ്രാന്‍സിസ്കോയില്‍ വെച്ച് സാറ ജെയിന് എന്ന് പേരുള്ള മറ്റൊരു സ്ത്രീയും പ്രസിഡന്റിന് നേരെ വെടിയുതിര്‍ത്തു. പക്ഷെ ഇത് ലക്ഷ്യം കണ്ടില്ല. ഇരുവരേയും അറസ്റ്റ് ചെയ്തു. അതുപോലെ അമേരിക്കയെ ഞെട്ടിച്ചതായിരുന്നു, മാക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരിക്കെ തന്നെയായിരുന്നു ജോര്‍ജ് വാലസിന്റേയും മരണം. 1972-ല്‍ മേരിലാന്‍ഡില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ വെടിയേറ്റ ജോര്‍ജ് സി വാലസ് ശരീരം തളര്‍ന്ന് കിടപ്പിലാവുകയും മരണപ്പെടുകയുമായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ആര്‍തര്‍ ബ്രെമര്‍ എന്നയാളെ അറസ്റ്റ് ചെയ്തു. 2007-ല്‍ ഇദ്ദേഹം മോചിതനായി.
കെന്നഡിയുടെ സഹോരദരന്‍ റോബര്‍ട്ട് എഫ് കെന്നഡിയും ദുരൂഹമായാണ് മരിച്ചത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരിക്കെയാണ് റോബര്‍ട്ട് എഫ് കെന്നഡിയുടെ മരണം. ലോസ് ആഞ്ജലിസിലെ ഹോട്ടലില്‍ വെച്ചായിരുന്നു വെടിയേറ്റത്. കാലിഫോര്‍ണിയ പ്രൈമറി മത്സരം വിജയിച്ച് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു കൊലപാതകം. ജോണ്‍ കെന്നഡി കാല്ലപ്പെട്ട് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു റോബര്‍ട്ടിന്റെ കൊലപാതകം. പ്രതിയെ അറസ്റ്റ് ചെയ്ത് വധശിക്ഷയ്ക്ക് വിധിച്ചു.
ബുഷും റീഗനും രക്ഷപ്പെട്ടത് തലനാരിഴക്ക്
സാക്ഷല്‍ റോണാള്‍ഡ് റീഗനും, ജോര്‍ജ് ബുഷിനും പോലും അക്രമികളില്‍നിന്ന് രക്ഷയുണ്ടായിരുന്നില്ല. 2005-ല്‍ ബിലിസിയില്‍ ഒരു റാലിയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു ജോര്‍ജ് ഡബ്ല്യൂ ബുഷിന് നേരെ ആക്രമണമുണ്ടായത്. പ്രസിഡന്റിന് നേരെ ഗ്രനേഡെറിയുകയായിരുന്നു. പക്ഷെ ഗ്രനേഡ് പൊട്ടിയില്ല. ആര്‍ക്കും പരിക്കേറ്റില്ല. ആക്രമിയെ അറസ്റ്റ് ചെയ്ത് ജീവപര്യന്തം ശിക്ഷ വിധിച്ചു.
1981 മാര്‍ച്ച് 30ന് പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന റോണാള്‍ഡ് റീഗന് നേരെ ആക്രമണം ഉണ്ടായത്.പ്രസിഡന്റ് ആയി തിരഞ്ഞെടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ വാഷിങ്ടണിലെ ആദ്യത്തെ പൊതുപരിപാടികളിലൊന്നില് പ്രസംഗിച്ച് തിരിച്ച് വരുന്നതിനിടെയായിരുന്നു റീഗന് നേരെയുള്ള വെടിവെപ്പ്. ജോണ്‍ ഹിക്ക്ലി എന്നയാളായിരുന്നു ആക്രമണത്തിന് പിന്നില്‍. റിവോള്‍വര്‍ ഉപയോഗിച്ചുള്ള വെടിവെപ്പില്‍ ഇടതുകൈയുടെ അടിഭാഗത്തായാണ് റീഗന് ഗുരുതരമായി പരിക്കേറ്റത്. നട്ടെല്ലിനും ശ്വാസകോശത്തിനും പരിക്കേറ്റ അദ്ദേഹത്തെ രക്തസ്രാവത്തെ തുടര്‍ന്ന് മരണപ്പെടുമെന്ന സ്ഥിതിയിലാണ് ആശുപത്രിയിലെത്തിച്ചത്. മരണപ്പെടുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നെങ്കിലും ദീര്‍ഘകാലത്തെ ചികിത്സയ്ക്ക് ശേഷം അദ്ദേഹം ജീവിതത്തിലേക്ക് തിരികെയെത്തി. ഏകദേശം ഒരു മാസത്തോളമാണ് അദ്ദേഹം വിവിധ ശസ്ത്രക്രിയകളും ചികിത്സകളുമായി ആശുപത്രിയില്‍ കഴിഞ്ഞത്.
ഈ ആക്രമണത്തില്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെയിംസ് ബ്രാഡി, സീക്രട്ട് സര്‍വീസ് ഏജന്റ് ടിം മാക് കര്‍ത്തി വാഷിങ്ടണ്‍ പോലീസ് ഓഫീസര്‍ തോമസ് ഡെലാഹാന്റി എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. രണ്ട് പേര് പൂര്‍ണമായും സുഖംപ്രാപിച്ചെങ്കിലും ബ്രാഡിയുടെ തലച്ചോറിന് ക്ഷതമേറ്റതിനെ തുടര്‍ന്ന് ശാരീരിക വൈകല്യത്തിലേക്കെത്തി. പിന്നീട് 2014-ല്‍ അദ്ദേഹം മരണപ്പെട്ടു. ആക്രമണത്തെ തുടര്‍ന്ന് സ്ഥിരമായി അസുഖബാധിതനായതിനാല്‍ ബ്രാഡിയുടെ മരണത്തെ നരഹത്യയാണെന്നാണ് വിശേഷിപ്പിക്കുന്നത്. റീഗനെ ആക്രമിച്ച ഹിങ്ക്ലിയെ പിന്നീട് കുറ്റവിമുക്തമാക്കി. മാനസികവൈകല്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു മോചനം. സെന്റ് എലിസബത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഹിങ്ക്ലി 2016 സെപ്തംബറിലാണ് സൈക്യാട്രിക് കെയറില്‍ നിന്ന് മോചിതനായത്.
ട്രംപിന് ഹീറോ പരിവേഷമോ?
ഈ ഒരു ആക്രമണത്തോടെ ഫലത്തില്‍ ട്രംപിന്െ ജനപ്രീതി കൂടുകയാണ്. വെടിവെപ്പിനുശേഷം ജനക്കൂട്ടത്തെ നോക്കി ട്രംപ്, മുഷ്ടി ചുരുട്ടി 'ഫൈറ്റ്' എന്നു പറഞ്ഞതും 'യുഎസ്എ, യുഎസ്എ..' എന്ന് അവര്‍ ഏറ്റുവിളിച്ചുകൊണ്ടിക്കുന്നതും നവമാധ്യമങ്ങളില്‍ തരംഗമാവുകയാണ്. ലോക നേതാക്കളുടെ പിന്തുണയും ട്രംപിന് ഒപ്പമാണ്. നേരത്തെ, പ്രായാധിക്യം മൂലം നാക്കുപിഴയും മറ്റുമായി വലയുന്ന, ജോ ബൈഡനെ മാറ്റണമെന്ന് സ്വന്തം പാര്‍ട്ടിയില്‍നിന്നുവരെ അഭിപ്രായം ഉണ്ടായിരുന്നു. ഇപ്പോള്‍ അമേരിക്കയുടെ ക്രമസമാധാനം തകര്‍ന്നു എന്നതില്‍ ഊന്നിയാവും ഇനി ട്രംപിന്റെ പ്രചാരണം. വെടിയേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ, പ്രചാരണ രംഗത്തേക്കള് ട്രംപ് തിരികെയെത്തി. . ട്രംപ് ഫോഴ്സ് വണ്‍ (ബോയിങ് 757) എന്ന അദ്ദേഹത്തിന്റെ വിമാനം മില്‍വോക്കില്‍ ലാന്‍ഡ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ എക്സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ പ്രചാരണത്തില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നു നേരത്തെ തന്നെ ട്രംപ് അറിയിച്ചിരുന്നു.
കടുത്ത കുടിയേറ്റ വിരുദ്ധതയും, ഇസ്ലാം വിരുദ്ധതയും വെച്ചുപുലര്‍ത്തുന്ന ട്രംപിനെ, ഇസ്ലാമിക തീവ്രവാദികളാണ് ആക്രമിച്ചതെങ്കില്‍ അത് ലോകം മുഴുവന്‍ പടരുന്ന ഒരു പ്രശ്നമായി മാറുമായിരുന്നു. പക്ഷേ ഇവിടെ പെനിസില്‍വേനിയയിലെ ബെഥെല്‍ പാര്‍ക്ക് സ്വദേശിയായ തോമസ് മാത്യു ക്രൂക്കാണ് വെടിവച്ചതെന്ന് അന്വേഷണില്‍ വ്യക്തമായിട്ടുണ്ട്. ക്രൂക്സ് റിപ്പബ്ലിക്കന്‍ അനുഭാവിയാണെന്നാണു വിവരം. വോട്ടര്‍ റജിസ്റ്ററില്‍ നല്കിയ വിശദാംശങ്ങളിലാണ് ഈ സൂചനയുള്ളത്. നവംബറിലെ തിരഞ്ഞെടുപ്പില്‍ തോമസ് ആദ്യമായി വോട്ട് ചെയ്യാനിരിക്കുകയായിരുന്നു.17 വയസ്സുള്ളപ്പോള്‍, ഡെമോക്രാറ്റിക് പാര്‍ട്ടിയോടും ഇടതു ചിന്തയോടും ആഭിമുഖ്യമുള്ള 'ആക്ട്ബ്ലൂ' എന്ന ആക്ഷന്‍ കമ്മിറ്റിക്കായി 15 ഡോളര്‍ സംഭാവന നല്‍കിയിരുന്നെന്നും ഫെഡറല്‍ ഇലക്ഷന് കമ്മിഷന് റെക്കോര്‍ഡുകളിലുണ്ട്. ബെഥെല്‍ പാര്‍ക്ക് ഹൈസ്കൂളില്‍ 2022- ലാണു പഠനം പൂര്‍ത്തിയാക്കിയത്. എന്താണു സംഭവിച്ചതെന്ന് വ്യക്തമായിട്ടില്ലെന്നും പൊലീസിനോടു സംസാരിച്ച ശേഷം പറയാമെന്നുമായിരുന്നു തോമസിന്റെ പിതാവ് മാത്യു ക്രൂക്സിന്റെ പ്രതികരണം.
ഇത്രയും സുരക്ഷ ഉണ്ടായിരുന്ന പ്രദേശത്ത് ഇയാള്‍ എങ്ങനെ തോക്കുമായി എത്തിയെന്നും കെട്ടിടത്തിന്റെ മേല്‍ക്കൂരയിലേക്കു കയറിയെന്നുമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. പ്രചാരണ വേദിയ്ക്കു സമീപത്തെ കെട്ടിടങ്ങളെല്ലാം തന്നെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സ്നൈപ്പര്‍മാര്‍ നിരീക്ഷണത്തിലാക്കിയിട്ടും അക്രമി ഇവിടെ നിന്ന് വെടിയുതിര്‍ക്കുന്നത് എന്തുകൊണ്ട് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നും വിരമിച്ച ഉദ്യോഗസ്ഥര്‍ ചോദിക്കുന്നു. വിഷയത്തില്‍ യുഎസ് പ്രതിനിധിസഭാ സ്പീക്കര്‍ മൈക്ക് ജോണ്സണ് രഹസ്യാന്വേഷണ വിഭാഗത്തോടും എഫ്ബിഐയോടും വിശദീകരണം തേടിയിട്ടുണ്ട്. പക്ഷേ കാര്യങ്ങള്‍ക്ക് വ്യക്തതയില്ല.
വാല്‍ക്കഷ്ണം: പക്ഷേ അമേരിക്കയുടെ ക്രമസമാധനത്തെക്കുറിച്ച് എല്ലാവര്ക്കും ആശങ്കയുണ്ട്. കാരണം ഒന്നാന്തരം ഗുണ്ടാപ്പട സ്വന്തമായി ഉള്ളയാളാണ് ട്രംപ്. അവരെ വികാരപരമായി ഉദ്ദീപിപ്പിച്ച് അദ്ദേഹം അഴിച്ചുവിട്ടാല്‍ പിന്നെ യുദ്ധ സമാനമായ സാഹചര്യമായിരിക്കും ഉണ്ടാവുക. കഴിഞ്ഞ തവണ അത് അമേരിക്ക കണ്ടതാണ്. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ എത്രപേരുടെ ചോര ഒഴുകുമെന്നതും ചോദ്യമാണ്.