- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കത്തിനില്‍ക്കെ ജീവനൊടുക്കിയ വിജയശ്രീ; ബലാത്സംഗക്കൊലക്കിരയായ റാണി പത്മിനി; നടിമാരുടെ കണ്ണീര് വീണ മലയാള സിനിമയുടെ കഥ
'സിനിമയില്‍ അഭിനയിക്കാനായി, ചെറുപ്പത്തില്‍ മദിരാശിയില്‍ എത്തിയ ആളാണല്ലോ, അപ്പോള്‍ ദുരിതം എന്നത് പ്രത്യേകിച്ച് പറഞ്ഞുതരണ്ടേ കാര്യമില്ലല്ലോ"- കെ ജി ജോര്‍ജ് സംവിധാനം ചെയ്ത 'ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്' എന്ന ചിത്രത്തില്‍ നടന് ഗോപി അവതരിപ്പിച്ച സംവിധായകന്റെ കഥാപാത്രം, താന്‍ എടുക്കാന്‍ പോവുന്ന ചിത്രത്തിലെ നായികയോട് പറയുന്ന വാക്കുകളാണിത്. 1983-ല്‍ റിലീസായ ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്' ശരിക്കും മലയാള സിനിമക്കുനേരെ പിടിച്ച ഒരു കണ്ണാടിയായിരുന്നു. ഇന്ന് ഹേമാകമ്മറ്റി റിപ്പോര്‍ട്ടിന്റെ ഒരു മിനിയേച്ചര്‍ വേര്‍ഷന്‍ […]
'സിനിമയില്‍ അഭിനയിക്കാനായി, ചെറുപ്പത്തില്‍ മദിരാശിയില്‍ എത്തിയ ആളാണല്ലോ, അപ്പോള്‍ ദുരിതം എന്നത് പ്രത്യേകിച്ച് പറഞ്ഞുതരണ്ടേ കാര്യമില്ലല്ലോ"- കെ ജി ജോര്‍ജ് സംവിധാനം ചെയ്ത 'ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്' എന്ന ചിത്രത്തില്‍ നടന് ഗോപി അവതരിപ്പിച്ച സംവിധായകന്റെ കഥാപാത്രം, താന്‍ എടുക്കാന്‍ പോവുന്ന ചിത്രത്തിലെ നായികയോട് പറയുന്ന വാക്കുകളാണിത്. 1983-ല്‍ റിലീസായ ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്' ശരിക്കും മലയാള സിനിമക്കുനേരെ പിടിച്ച ഒരു കണ്ണാടിയായിരുന്നു. ഇന്ന് ഹേമാകമ്മറ്റി റിപ്പോര്‍ട്ടിന്റെ ഒരു മിനിയേച്ചര്‍ വേര്‍ഷന്‍ ഈ ചിത്രത്തില്‍ കാണാം.
അന്ന് മമ്മൂട്ടി, ചിത്രത്തില്‍ ചെയ്ത വേഷം, ഒരു ജാഡക്കാരനായ, തന്റെ ഇംഗിതത്തിന് വഴങ്ങാത്തവരെ ദ്രോഹിക്കുന്ന ഒരു സൂപ്പര്‍സ്റ്റാറിന്റെ വേഷമായിരുന്നു! ജീവിത പ്രാരാബ്ധം മൂലം കോടമ്പോക്കത്തെ ലോഡ്ജുകളില്‍ വേശ്യവൃത്തിക്കായി പോവേണ്ടി വന്നവളാണ് ചിത്രത്തിലെ നായിക. അക്കാലത്തെ മദ്രാസിലെ ലോഡ്ജുകളില്‍ ഉണ്ടായിരുന്നെന്ന് പലരും എഴുതിയിരുന്ന, നടിമാരുടെ ഫോട്ടോ ഒട്ടിച്ചുവെച്ച് താഴെ ഫോണ്‍ നമ്പറുള്ള ഡയറിപോലും ചിത്രത്തില്‍ കാണിക്കുന്നുണ്ട്.
നടിമാരുടെ സംഘടനയും, ശക്തമായ നിയമ സംവിധാനങ്ങളും ഉള്ള ഈ കാലത്ത് ഇതാണ് അവസ്ഥയെങ്കില്‍, മലയാളത്തിലെ ആദ്യകാല നടിമാരുടെയാക്കെ ജീവിതം എന്തായിരിക്കും? മല്ലുവുഡ് ഇപ്പോഴും നിലനില്‍ക്കുന്നത് സ്ത്രീകളുടെ കണ്ണീരില്‍ ചവുട്ടിയാണെന്നതില് യാതൊരു സംശയവുമില്ല. വന്‍ പണക്കാരായ മുതലാളിമാര്‍ തന്നെ, സ്റ്റുഡിയോ ഉണ്ടാക്കി ചിത്രം സംവിധാനംചെയ്യുന്ന ഒരു കാലത്ത്, അവരും താരങ്ങളും ഒത്തുചേര്‍ന്നാല്‍ പിന്നെ ഏത് സ്ത്രീക്കാണ് പിടിച്ചു നില്ക്കാന് കഴിയുക. കെപിഎസി ലളിത തൊട്ട് കോട്ടയം ശാന്ത വരെയുള്ള ഒരുപാട് നടിമാര്‍ തങ്ങളുടെ അത്തരം അനുഭവം പറഞ്ഞിട്ടുണ്ട്. ഉള്ളുപൊള്ളിക്കുന്ന അത്തരം ചില അനുഭവങ്ങളിലൂടെ.
ലളിതയുടെ ദുരിത ജീവിതം
മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച 'കഥ തുടരും' എന്ന തന്റെ ആത്മകഥയില്‍ നടി കെ.പി.എ.സി ലളിത, തന്റെ സിനിമാ ജീവിതത്തിന്റെ തുടക്കക്കാലത്ത് നേരിട്ട ദുരനുഭവങ്ങള്‍ കൃത്യമായി എഴുതുന്നുണ്ട്. അക്കാലത്ത് മലയാള സിനിമ അടക്കിവാണിരുന്ന അടൂര്‍ ഭാസിക്കെതിരേയായിരുന്നു ലളിതയുടെ ആരോപണം. ആത്മകഥയിലെ 'അറിയപ്പെടാത്ത അടൂര്‍ഭാസി ' എന്ന അദ്ധ്യായത്തിലാണ് കടുത്ത ഭാഷയില്‍ കെ.പി.എ.സി ലളിത അടൂര്‍ ഭാസിയെ വിമര്‍ശിച്ചിട്ടുള്ളത്.- 'അടൂര്‍ ഭാസിയോടൊത്ത് ഒരുപാടു പടങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അതിലേറെ പടത്തില്‍ നിന്നും അയാളെന്നെ ഒഴിവാക്കാന്‍ കിണഞ്ഞു ശ്രമിച്ചിട്ടുമുണ്ട്. ഒഴിവാക്കാന്‍ തീരേ പറ്റാത്തിടത്ത് എന്റെ വേഷം ചെറുതാക്കാനും ശ്രമിച്ചിട്ടുണ്ട്. എന്നെ ഉപദ്രവിക്കാന്‍ വഴികള്‍ തേടി നടക്കുകയായിരുന്നു അടൂര്‍ ഭാസി. അപ്പോഴൊക്കെ എന്നെ സഹായിച്ചത് ബഹദൂര്‍ക്കയാണ്.
ഒരു ദിവസം രാത്രി എട്ടരയായപ്പോള്‍ അടൂര്‍ ഭാസി വീട്ടില്‍ വന്നു. വീട്ടില്‍നിന്ന് രാത്രി വൈകിയിട്ടും പോകാനുള്ള ഭാവമില്ല. അവിടെത്തന്നെ ചടഞ്ഞിരിപ്പാണ്. നല്ലവണ്ണം മദ്യപിച്ചിട്ടുണ്ട്. മദ്യപാനം തുടരുകയാണ്. തുണിയൊക്കെ ഉരിഞ്ഞുപോവുന്നുണ്ട്. അതൊന്നും ശ്രദ്ധിക്കുന്നേയില്ല. എന്നിട്ടു പറയുകയാണ്: 'ലളിതാമ്മയെ ഞാനിങ്ങനെ കൊണ്ടുനടക്കും. എന്റെ കാറ് ലളിതാമ്മയ്ക്കു തരാം.' എനിക്കന്ന് കാറൊന്നുമില്ല.
എന്തെങ്കിലും ഉള്ളില്ച്ചെന്നാല് ലളിത ലളിതാമ്മയാവും. ഓരോന്നിങ്ങനെ വിടുവായത്തരം പറഞ്ഞ് ബഹളമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. എന്തു ചെയ്യണമെന്നറിയാതെ ധര്‍മസങ്കടത്തിലായി ഞാന്‍. അന്ന് ബാബു അവിടെ ഉണ്ടായിരുന്നില്ല. എന്റെ ഏറ്റവും ഇളയ അനിയന് രാജനായിരുന്നു കൂടെ. അവന് വെറും കുട്ടി. സതി എന്നു പേരായ വീട്ടില്‍ നില്ക്കുന്ന ഒരു പെണ്‍കുട്ടികൂടിയുണ്ട്. കായംകുളത്തുകാരിയാണ്. എന്റെ വീടിന്റെ അടുത്തുനിന്നുള്ള ഒരു പെണ്‍കുട്ടി. ഞങ്ങള്‍ മൂന്നുപേരും മുറ്റത്തിറങ്ങി നിന്നു. അയാള്‍ അകത്തിരിപ്പാണ്. പോവണ്ടേ? എന്റെ ദൈവമേ! എന്താണൊരു വഴി. അടൂര്‍ ഭാസിയുടെ ഡ്രൈവറുടെ പേര് കൃഷ്ണന്, അയാളവിടെ പുറത്തിരിപ്പുണ്ട്. എന്തു പറയാനാ. ഞങ്ങള്‍ നേരം വെളുക്കാറാകുന്നതുവരെ മുറ്റത്തുതന്നെ നിന്നു. അകത്തേക്കു കയറാന്‍ പറ്റില്ലല്ലോ. അന്ന് മാധവിക്കുട്ടി എന്ന പടത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയമാണ്. എനിക്ക് രാവിലെ ഷൂട്ടിനു പോകാനുണ്ട്.
ഇങ്ങേര് പറയുന്നത് എന്താണെന്നുവെച്ചാല്‍ ഞാനങ്ങേരെ അനുസരിച്ച് കീഴടങ്ങിയാല്‍ അങ്ങേര് അഭിനയിക്കുന്ന എല്ലാ പടങ്ങളും എനിക്കു തരും. വേറെ ആരെയും എടുക്കാന്‍ സമ്മതിക്കില്ല. എല്ലാം എനിക്കുതന്നെ. പിന്നെ അയാള്‍ക്കവിടെ വീടുണ്ട്. എനിക്കിങ്ങനെ വാടക വീട്ടിലൊന്നും താമസിക്കേണ്ട. അവിടെ താമസിക്കാം. യാത്ര ചെയ്യാന്‍ കാറുണ്ടാവും. കല്യാണം കഴിക്കേണ്ട കാര്യമൊന്നുമില്ല. എന്തിനാ കല്യാണം? കല്യാണമൊന്നും വേണ്ട. നമുക്കങ്ങനെ സുഖമായി കഴിയാം. എന്തൊക്കെ സൗകര്യങ്ങളാണ് നിനക്കു കിട്ടാന്‍ പോകുന്നത്!
നേരം നാലു മണിയായപ്പോള്‍ ഞാനും രാജനും കൂടെ നടന്ന് ബഹദൂര്‍ക്കയുടെ വീട്ടിലെത്തി. കരഞ്ഞുവിളിച്ചുകൊണ്ടാണ് ചെയ്യുന്നത്. രാത്രി മുഴുവനും കരച്ചിലായിരുന്നു ഞാന്‍. ഇങ്ങേരു പോകണ്ടേ? തുണിയൊന്നുമില്ലാതെ കിടക്കുകയല്ലേ? അയാളന്ന് കൊടികുത്തി വാഴുന്ന സമയമാണ്. സിനിമയിലുള്ളവര്‍ അയാള്‍ പറയുന്നതിലേ ന്യായം കാണുകയുള്ളൂ. അയാളുടേത് വേദ വാക്യം. -ഞാന്‍ ചെന്ന് ബഹദൂര്‍ക്കയെ വിളിച്ചു. ജമീല ഉണര്‍ന്നെണീറ്റ് കതകു തുറന്നു പുറത്തു വന്നു. പിന്നാലെ ബഹദൂര്‍ക്കയും. സമയം അപ്പോള്‍ അഞ്ചു മണിയായി. രാത്രി അവിടംവരെ വന്നെത്താന്‍ ഞങ്ങള്‍ ഒരു മണിക്കൂറെടുത്തു. ഞാന്‍ കരഞ്ഞുകൊണ്ടുതന്നെയാണ് കാര്യം പറഞ്ഞത്. ബഹദൂര്‍ക്കയുടെ മുഖത്ത് കാരുണ്യം നിറഞ്ഞു. 'മോളേ, നീ കരയണ്ട…നിനക്ക് എന്തു സഹായത്തിനും ഞാനില്ലേ..? നീ പേടിക്കാതിരിക്ക്. ഞാന്‍ വരാം.
ബഹദൂര്‍ക്കയുടെ കാറ് ഫിയറ്റാണ്. ബഹദൂര്‍ക്ക കാറെടുത്ത് ഞങ്ങളെയും കയറ്റി സ്വാമിയാര്‍മഠത്തിലെ എന്റെ വീട്ടിലേക്കു വന്നു. അയാളെ റൂമിനകത്തുനിന്ന് വലിച്ചിഴച്ചു പുറത്തു കൊണ്ടുവന്നു. അയാള്‍ റൂമിലാകെ ഛര്‍ദിച്ച് നാറ്റിച്ചിട്ടിരിക്കുകയാണ്. എനിക്കിപ്പോഴും അതൊക്കെ ഓര്‍ക്കുമ്പോള്‍ എന്തൊക്കെയോ തോന്നുന്നു. വെറുക്കാതിരിക്കാന്‍ എത്ര ശ്രമിച്ചാലും എനിക്ക് ആ മനുഷ്യനെ വെറുക്കാതിരിക്കാന്‍ പറ്റില്ല. അതിനുശേഷം എന്നെ എന്തെല്ലാം തരത്തില്‍ ദ്രോഹിക്കാമോ അതൊക്കെ ചെയ്തു. എനിക്കു വരുന്ന പടങ്ങളൊക്കെ കട്ട് ചെയ്യും. നിര്‍മാതാക്കളോട് എന്നെ വേണ്ടെന്നു പറയും. ഓരോ ഷോട്ടിലും അതില്‍ വേണ്ടാത്തതൊക്കെ അയാള്‍ കാണിക്കും; എല്ലാം എന്നെ ദ്രോഹിക്കാന്‍. ഡയറക്ടര്‍ എന്തു പറയാനാണ്. അയാള്‍ - വാഴുന്ന കാലമല്ലേ?
അയാള്‍ക്കെതിരേ പെറ്റീഷനെഴുതി മൂന്നിടത്ത് കൊടുത്തു. ഉമ്മുക്കയാണ് ( നടന് ഉമ്മര്‍) ചലച്ചിത്ര പരിഷത്തിന്റെ പ്രസിഡന്റ്. പെറ്റീഷന് ഉമ്മുക്കയുടെ കൈയില്‍ കിട്ടി. ഉമ്മുക്ക എന്നെ വിളിച്ചു ചോദിച്ചു. 'നിനക്കു നാണമില്ലേ? ഇങ്ങനെയൊക്കെ ഒരാളെക്കുറിച്ച് ആക്ഷേപിച്ചെഴുതാന്‍. അങ്ങേരാര്, നീയാര്? നിന്നെ അങ്ങേര്‍ക്ക് ഇവിടന്ന് പറത്താന്‍ കഴിയും.' - 'അങ്ങേരെന്തു വേണേല്‍ ചെയ്തോട്ടെ,'- ഞാന്‍ പറഞ്ഞു. 'മാത്രമല്ല, ഉമ്മുക്ക പരിഷത്തിന്റെ പ്രസിഡന്റാണെന്ന് ഓര്‍ക്കണം. അതോണ്ട് ഉമ്മുക്ക എന്നോട് ഇങ്ങനെയൊന്നും സംസാരിക്കരുത്. എന്തിനാ ഇങ്ങനെ ചെയ്യുന്നത്? അങ്ങേരുടെ ആളായി സംസാരിക്കരുത്?' അതോടെ അങ്ങേരുടെ കഷ്ടകാലം തുടങ്ങി എന്നു പറയാം. എന്നാലും വിഷപ്പല്ല് പറിഞ്ഞില്ല"- ഇങ്ങനെയാണ് കെപിഎസി ലളിത തന്റെ അനുഭവം പറയുന്നത്. നോക്കുക പരാതിപ്പെട്ടാല്‍പോലും രക്ഷയില്ലാത്ത ഒരുകാലത്തെക്കുറിച്ചാണ് അവര്‍ പറയുന്നത്.
വിജയശ്രീയുടെ മരണത്തിന് പിന്നിലാര്?
വിജയശ്രീ എന്ന 70കളിലെ ഏറ്റവും തിളക്കമുള്ള നടിയുടെ മരണവും, സിനിമാലോകത്തെ ചതിക്കുഴികളെക്കുറിച്ചാണ് ഓര്‍മ്മിപ്പിക്കുന്നത്. 'രക്തപുഷ്പം'എന്ന ചിത്രത്തോടെയാണ് മലയാള സിനിമ വിജയശ്രീയെ ശ്രദ്ധിച്ചത്. പ്രശസ്തിയുടെ ഉത്തുംഗത്തില്‍ നില്‍ക്കവേയായിരുന്നു അവരുടെ അപ്രതീക്ഷിത മരണം. മലയാളത്തിലെ 'മര്ലിന് മണ്‍റോ' എന്നായിരുന്നു അവര്‍ അറിയപ്പെട്ടിരുന്നത്.
സംവിധായകന് ഭരതന് ഒരിക്കല്‍ പറയുകയുണ്ടായി, മലയാള സിനിമയില്‍ താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും സുന്ദരിയായ നടിയാണ് വിജയശ്രീയെന്ന്. പൊന്നാപുരം കോട്ടയിലെ 'വള്ളിയൂര്‍ കാവിലെ' എന്ന അവരുടെ മാദകത്വം നിറഞ്ഞ ഗാനം ഇന്നും യൂട്യൂബില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നു. ഇരുപത്തിനാല് വയസ്സിനുള്ളില്‍ 65 ചിത്രങ്ങളില്‍ അഭിനയിച്ച വിജശ്രീയുടെ മരണം പ്രേക്ഷക ലക്ഷങ്ങളേയാണ് ഞെട്ടിച്ചത്. 1974 മാര്‍ച്ച് മാസത്തിലാണ് ആത്മഹത്യയൊ കൊലപാതകമോ എന്നറിയാത്ത വിജയശ്രീയുടെ മരണം. േ്രപംനസീറിനോടൊപ്പം ഏറ്റവും കൂടുതല്‍ സിനിമയില്‍ നായികയായിരുന്ന വിജയശ്രീ തമിഴില്‍ ശിവാജിയുടെ നായികയായും വേഷമിട്ടിരുന്നു. 1970- കളിലെ താരസുന്ദരികളില്‍ സെക്സ് സിംബലായാണ് വിജയശ്രീ കൂടുതല്‍ തിളങ്ങിയത്. ഗ്ളാമര്‍ നര്‍ത്തകിയെന്നും, സെക്സ് ബോംബ് എന്നുമുള്ള പേരുകളില്‍ നിന്നും വിജയശ്രീ രക്ഷ നേടാന്‍ ആഗ്രഹിച്ചിരുന്നു.
പൊന്നാപുരം കോട്ട എന്ന ചിത്രവുമായി ബന്ധപ്പെട്ട ചില സംഭവങ്ങളാണ് ഇവരുടെ മരണത്തിനു പിന്നിലെന്ന ആരോപണം അക്കാലങ്ങളില്‍ ഉയര്‍ന്നിരുന്നു. ചിത്രത്തില്‍ ഒരു പാട്ട് സീനില്‍ നായികയുടെ നീരാട്ട് ചിത്രീകരിച്ചിരുന്നു.പുഴയില്‍ നീരാട്ട് ചിത്രീകരിക്കുന്ന വേളയില്‍ അവിചാരിതമായി അവരുടെ വസ്ത്രം അഴിഞ്ഞുവീണ വേളയില്‍ വിജയശ്രീ അറിയാതെ സൂം ലെന്‍സ് ഉപയോഗിച്ച് അവരുടെ നഗ്നത ചിത്രീകരിക്കുകയും ആ വീഡിയോ ക്ലിപ്പുകള്‍ നിരന്തരം അവരെ ബ്ലാക്മെയില്‍ ചെയ്യാന്‍ ഉപയോഗിക്കുകയും ചെയ്തുകൊണ്ടിരുന്നു എന്നുള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതല്ല മറ്റു ചില കാരണങ്ങളും നാട്ടുകാരുടെ ഇടയില്‍ അക്കാലത്തു പരന്നിരുന്നു.
ഇക്കാര്യം 1973 മാര്‍ച്ച് മാസത്തില്‍ പുറത്തിറങ്ങിയ നാന ഫിലിം വാരികയില്‍ പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തില്‍ വിജയശ്രീ വെളിപ്പെടുത്തിയിരുന്നു. പ്രേംനസീറിന് ഇതെക്കുറിച്ച് അറിവുണ്ടായിരുന്നു എന്നു പറയപ്പെടുന്നു. അതല്ല മറ്റു ചില കാരണങ്ങളും നാട്ടുകാരുടെ ഇടയില്‍ അക്കാലത്തു പരന്നിരുന്നു. വിജയശ്രീയുടെ മരണത്തിനു ശേഷം അഭിനയിച്ചു പൂര്‍ത്തിയാകാനുണ്ടായിരുന്ന യൗവ്വനം എന്ന സിനിമയും വണ്ടിക്കാരി എന്ന സിനിമയും ചേര്‍ത്ത് ഒറ്റ സിനിമയാക്കി പുറത്തിറങ്ങിയതും വമ്പന്‍ ഹിറ്റായി മാറി. അവസാന ചിത്രത്തിലെ നായകന് രാഘവന് ആയിരുന്നു
എന്നാല്‍ വിജയശ്രീയുടെ മരണം ഒരു ആത്മഹത്യയാണെന്ന് വിശ്വസിക്കാന്‍ തനിക്ക് കഴിയില്ലെന്ന് പറയുകയാണ് അടുത്ത സുഹൃത്തുകൂടിയായ നടി ശ്രീലത നമ്പൂതിരി പറയുന്നത്. ചായകുടിക്കുന്നതിനിടെ അവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. വിജയശ്രീയുടെ ഒരു നഷ്ടപ്രണയത്തെക്കുറിച്ച് തനിക്ക് അറിവുള്ളതാണെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു. എന്തായാലും ആത്മഹത്യ ചെയ്തതാണെന്നും അല്ലെന്നുമുള്ള ദുരൂഹത വിജയശ്രീയുടെ കാര്യത്തില്‍ ഇന്നും നിലനില്‍ക്കയാണ്. നടി വിജയശ്രീയുമായി ബന്ധപ്പെട്ട പല വെളിപ്പെടുത്തലുകളും, മേക്കപ്പ്മാന് ദേവസ്സി എഴുതിയിരുന്നു. എന്തായാലും വിജയശ്രീയുടെ മരണത്തില്‍ ആരോപിതനായ മുതലാളിക്കുനേരെ ഒരു അന്വേഷണവും ഉണ്ടായില്ല.
ശോഭ മുതല്‍ സില്‍ക്ക് സ്മിത വരെ
സിനിമയുടെ ഗ്ലമാര്‍ ലോകം സ്വപ്നം കണ്ടുവന്ന് ആത്മഹത്യയില്‍ അഭയം തേടിയ നടിമാര്‍ക്ക് ഓരോരുത്തര്‍ക്കും പറയാനുണ്ടാവുക, ചൂഷണത്തിന്റെയും പീഡനത്തിന്റെയും കഥകളാവാം. സിനിമാ ലോകത്തെ ഒന്നടക്കം ഞെട്ടിച്ചതായിരുന്നു നടി ശോഭയുടെ മരണം. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ശോഭ ആത്മഹത്യ ചെയ്തത്. വെറും 17 വയസ്സായിരുന്നു മരിക്കുമ്പോള്‍ ശോഭയുടെ പ്രായം. 1996 ല്‍ ബാലതാരമായാണ് ശോഭ സിനിമയിലെത്തുന്നത്. ബാലചന്ദ്രമേനോന് സംവിധാനം ചെയ്ത ഉത്രാടരാത്രിയാണ് (1978) നായികയായ ആദ്യ ചിത്രം. പ്രശസ്ത സംവിധായകന് ബാലു മഹേന്ദ്രയുമായി 1978- ല്‍ ഇവരുടെ വിവാഹം കഴിഞ്ഞിരുന്നു. വിവാഹബന്ധം തകര്‍ച്ചയുടെ അവസാനമെത്തി നില്‍ക്കുമ്പോഴായിരുന്നു ആത്മഹത്യ. കെ.ജി. ജോര്‍ജ് ഒരുക്കിയ 'ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്' ശോഭയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രമാണ്. മലയാള സിനിമയിലെ ചൂഷണങ്ങള്‍ക്കെതിരായ ഒരു ജീവിക്കുന്ന ഡോക്യൂമെന്റിയായി ആ ചിത്രം മാറി.
ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് ഒരു കാലത്ത് ദക്ഷിണേന്ത്യക്കാരുടെ ഹരമായിരുന്ന സില്‍ക്ക് സ്മിത ആത്മഹത്യ ചെയ്തത്. ചെന്നൈയിലെ അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു സ്മിതയുടെ മൃതദേഹം കാണപ്പെട്ടത്. എഴുപതുകളുടെ അവസാനത്തില്‍ സിനിമയിലെത്തിയ സ്മിത മൂന്നാംപിറ, തീരം തേടുന്ന തിര തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായത്. ഇടയ്ക്ക് നിര്‍മ്മാതാവിന്റെ റോളിലേക്കു മാറിയെങ്കിലും പരാജയപ്പെട്ടു. 1996- ല്‍ തന്റെ 36-ാം വയസ്സില്‍ സ്മിത ജീവിതം സ്വയം അവസാനിപ്പിച്ചു. ബോളിവുഡ് ചിത്രം ഡേര്‍ട്ടിപിക്ച്ചര്‍ സില്‍ക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്തതാണ്.
തമിഴ്, മലയാളം ചലച്ചിത്ര രംഗത്ത് സജീവമായിരിക്കെയാണ് നടി മയൂരി ജീവിത്തോട് വിട പറയുന്നത്. ജീവിതത്തിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് സഹോദരന് എഴുതിയ കത്തില്‍ മയൂരി പറഞ്ഞിരുന്നു. മരിക്കുമ്പോള്‍ 22 വയസ്സായിരുന്നു മയൂരിയുടെ പ്രായം. പ്രേം പൂജാരി, സമ്മര്‍ ഇന്‍ ബത്ലഹേം, ആകാശ ഗംഗ, അരയന്നങ്ങളുടെ വീട്, തമിഴില്‍ മന്മഥന്, കനാകണ്ടേന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഏകദേശം 20 ഓളം ചിത്രങ്ങളില്‍ അിനയിച്ച മയൂരിയുടെ മരണം സിനിമാ ലോകത്ത് വന്‍ ഞെട്ടലാണുണ്ടാക്കിയത്. പ്രേമനൈരാശ്യവും മാനസികസമ്മര്‍ദവുമാണ് മയൂരിയുടെ മരണത്തിന് പുറകിലെന്നും പറയപ്പെടുന്നു.
റാണി പത്മിനിയുടെ ബലാത്സംഗക്കൊല
മദ്രാസിലെ അധോലോകവും സിനിമയുമായുള്ള അവിശുദ്ധ ബദ്ധത്തിന്റെ വ്യക്തമായ തെളിവായിരുന്നു നടി റാണി പത്മിനിയുടെ കൊല. 80-കളില്‍ മലയാള, തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളില്‍ താരറാണിയായിരുന്ന നടിയായിരുന്നു റാണി പത്മിനി. മരിക്കുമ്പേള്‍ വെറും 24 വയസ് മാത്രമായിരുന്നു അവര്‍ക്ക് പ്രശസ്തിയുടെ കൊടുമുടിയില്‍ ആയിരിക്കവേ 42കാരിയായ അമ്മ ഇന്ദിരയൊടൊപ്പമായിരുന്നു റാണിപത്മിനി അതിദാരുണമായി കൊല്ലപ്പെട്ടത്.
മദ്രാസിലെ അണ്ണാനഗറില്‍ ആണ് റാണിപത്മിനി ജനിച്ചത്. റാണിയുടെ അമ്മയായ ഇന്ദിരയുടെ സിനിമാ മോഹമാണ് മകളെയും സിനിമയില്‍ എത്തിക്കുന്നത്. തനിക്ക് നേടാന്‍ സാധിക്കാത്തത് തന്റെ മകള്‍ നേടണമെന്ന് അവര്‍ ആഗ്രഹിച്ചു. ഹിന്ദി സിനിമയില്‍ നായികയാകാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ അമ്മയും മകളും സിനിമാമോഹവുമായി മദ്രാസില്‍ എത്തി. എത്തിയയുടന്‍ തന്നെ അണ്ണാനഗറിലെ 18ാം നമ്പര്‍ അവന്യൂ എന്ന ആഡംബര ബംഗ്ളാവ് റാണിപത്മിനിയും അമ്മ ഇന്ദിരയും വാടകക്കെടുത്തു. പിന്നാലെ മൂന്ന് ജോലിക്കാരെ ആവശ്യമുണ്ടെന്ന് കാണിച്ച് ഇവര്‍ പത്രത്തില്‍ ഒരു പരസ്യം നല്കി. ഇവിടെ നിന്നായിരുന്നു റാണിപത്മിനിയുടെ കറുത്ത ദിനങ്ങള്‍ ആരംഭിച്ചത്.
പത്മിനിയുടെ പത്രപരസ്യം കണ്ട് മൂന്ന് പേര് ജോലിക്കെത്തിയിരുന്നു. വാച്ച്മാന്, അടുക്കളക്കാരന്, ഡ്രൈവര്‍ എന്നീ തസ്തികകളിലേക്കായിരുന്നു അവര്‍ ആളെ തേടിയത്. പരസ്യം കണ്ട് ഡ്രൈവര്‍ ആയി ജോലി ലഭിക്കുന്നതിനായി ജപരാജ് എന്നൊരാള്‍ എത്തി. ഇയാള്‍ക്ക് ജോലി ലഭിച്ച് കൃത്യം ഒരുമാസം കഴിഞ്ഞപ്പോള്‍ വാച്ചര്‍ ആയി ജോലിനോക്കാന്‍ ലക്ഷ്മിനരസിംഹന്‍ എന്നൊരാളും എത്തി. കാര്‍ മോഷണ കേസില്‍ നിരവധി തവണ ശിക്ഷ അനുഭവിച്ചിട്ടുള്ള കുറ്റവാളിയായിരുന്നു ലക്ഷ്മിനരസിംഹന്‍. രാജും ലക്ഷ്മിനരസിംഹനും സുഹൃത്തുക്കളായിരുന്നു. ഇവര്‍ക്ക് പിന്നാലെ ഗണേശന് എന്നൊരാളും പാചകക്കാരനായി എത്തി.
അണ്ണാനഗറില്‍ താമസിച്ചുകൊണ്ടാണ് റാണിപത്മിനി തന്റെ സിനിമാ ജിവിതം ആരംഭിക്കുന്നത്. 1981 കഥയറിയാതെ എന്ന ചിത്രത്തിലൂടെയാണ് റാണിപത്മിനി സിനിമാ രംഗത്തേക്ക് പ്രവേശിച്ചത്. എന്നാല്‍ ചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നാലെ പുറത്തിറങ്ങിയ മുന്‍നിര താരങ്ങള്‍ അണിനിരന്ന സംഘര്‍ഷം എന്ന ചിത്രമാണ് റാണിപത്മിനിയുടെ തലവര മാറ്റുന്നത്. താരമൂല്യവും പണവും വര്‍ദ്ധിച്ചതോടെ താന്‍ താമസിച്ചിരുന്ന വാടക വീട് സ്വന്തമാക്കാന്‍ ഇവര്‍ ആഗ്രഹിച്ചു. ഇത് സംബന്ധിച്ച് തങ്ങള്‍ക്ക് വീട് തരപ്പെടുത്തിത്തന്ന പ്രസാദ് എന്നയാളുമായി റാണിപത്മിനി ബന്ധപ്പെട്ടു. വീട് വാങ്ങാനുള്ള പണം കാശായി തന്നെ നല്‍കാമെന്നും അവര്‍ വാഗ്ദാനം ചെയ്തു. ഇത് മനസിലാക്കിയ ജപരാജ് റാണിയുടെ വീട്ടില്‍ കണക്കറ്റ പണവും സ്വര്‍ണവും ഉണ്ടായിരിക്കുമെന്ന് ഊഹിച്ചു. ഇത് സ്വന്തമാക്കുന്നതിനായി അമ്മയെയും മകളെയും കൊല്ലാന്‍ ഇയാള്‍ പദ്ധതിയിട്ടു. പദ്ധതി നടപ്പാക്കാന്‍ വാച്ച്മാനെയും പാചകക്കാരനെയും ഇയാള്‍ ഒപ്പം കൂട്ടി.
1986 ഒക്ടോബര്‍ 15ന് രാവിലെയാണ് റാണിപത്മിനിയും അമ്മയും അതിദാരുണമായി കൊല്ലപ്പെട്ടത്. രാത്രിയില്‍ അമിതമായി മദ്യപിക്കുന്ന ശീലം റാണിപത്മിക്കും അമ്മയ്ക്കും ഉണ്ടായിരുന്നു. അന്ന് രാത്രിയും അമ്മയും മകളും നന്നായി മദ്യപിച്ചു. ഇടയ്ക്ക് റാണിപത്മിനി അടുക്കളയിലേക്ക് പോയ തക്കം നോക്കി ഇന്ദിരയെ ജപരാജ് കുത്തിവീഴ്ത്തി. ഏകദേശം പത്തിലധികം കുത്തേറ്റ മുറിവുകള്‍ ഇവരുടെ മൃതദേഹത്തില്‍ ഉണ്ടായിരുന്നു. അമ്മയുടെ അലര്‍ച്ച കേട്ട് ഓടിയെത്തിയ റാണിപത്മിനി കണ്ടത് ചോരയില്‍ കുളിച്ചുകിടക്കുന്ന അമ്മയെയാണ്. അപകടം മനസിലാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച റാണിപത്മിനിയെയും മൂവരും അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി. റാണിപത്മിനിയുടെ മാറിടത്തില്‍ 12 തവണ കുത്തേറ്റിരുന്നു. തുടര്‍ന്ന് അവര്‍ ക്രൂരമായി റേപ്പ് ചെയ്യപ്പെടുകയും ചെയ്തു. എന്നാല്‍ പുറംലോകം ഇത് അറിഞ്ഞല്ല. മദ്യാപനവും, വേശ്യവൃത്തിയും അടക്കം നടന്നിരുന്നതിനാല്‍ ഇവിടം അയല്‍വാസികളില്‍നിന്ന് കൊട്ടിയടക്കപ്പെടുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത്.
നേരത്തെ പറഞ്ഞുറപ്പിച്ചിരുന്ന പ്രകാരം വീട് വാങ്ങുന്ന ഇടപാടിനായി ബ്രോക്കര്‍ പ്രസാദ് റാണിപത്മിനിയുടെ വീട്ടിലെത്തി. എന്നാല്‍ ബെല്ലടിച്ചിട്ടും ആരും തുറക്കാതിരുന്നതോടെ പ്രസാദ് മടങ്ങിപ്പോകാന്‍ ആരംഭിച്ചു. അതിനിടെയാണ് വല്ലാത്തൊരു ദുര്‍ഗന്ധം പ്രസാദിന്റെ ശ്രദ്ധയില്‍പ്പെട്ടത്. കുളിമുറിയില്‍ ജീര്‍ണിച്ച നിലയില്‍ രണ്ട് ശവശരീരം. ഒന്നനക്കിയാല്‍ പോലും കഷ്ണങ്ങളായി വേര്‍പ്പെട്ടുപോകുമെന്ന നിലയിലായതിനാല്‍ കുളിമുറിയില്‍ തന്നെയായിരുന്നു പോസ്റ്റുമോര്‍ട്ടം നടത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനായി ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ഒരു കാറിന്റെ ഡിക്കിയില്‍ പൊതിഞ്ഞുകെട്ടിയായിരുന്നു മൃതദേഹങ്ങള്‍ കൊണ്ടുപോയത്. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ ആരുമെത്തിയില്ല. ഒടുവില്‍ ചലചിത്ര പരിഷത്ത് ഏറ്റുവാങ്ങി മദ്രാസില്‍ സംസ്ക്കരിക്കുകയായിരുന്നു.
പ്രതികള്‍ വൈകാതെ പിടിയിലായി. ചെങ്കല്‍പ്പേട്ട് ജില്ലാ ജഡ്ജി മൂവര്‍ക്കും വധശിക്ഷ വിധിച്ചു. എന്നാല്‍ സുപ്രീം കോടതി ഇത് ജീവപര്യന്തമായി കുറച്ചു. 2017 ഡിസംബര്‍ 14നാണ് മദ്രാസ് ഹൈക്കോടതി ഒടുവിലായി പരിഗണിച്ചത്. എന്നാല്‍ കൊല നടന്ന് മൂന്ന് പതിറ്റാണ്ടിന് ശേഷം ലക്ഷ്മിനരസിംഹനെ മോചിപ്പിക്കാന്‍ മദ്രാസ് ഹൈക്കോടതി നിര്‍ദേശം നല്കി. ലക്ഷ്മിനരസിംഹന്റെ ഭാര്യ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് നടപടി. ജയിലില്‍ കഴിയവേ ജപരാജ് മരണപ്പെട്ടിരുന്നു. ഗണേശന് ജയില്‍ ചാടി രക്ഷപ്പെട്ടതായി ചില തമിഴ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കോട്ടയം ശാന്തയുടെ വെളിപ്പെടുത്തല്‍
ഇന്ന് ഹേമാകമ്മറ്റി റിപ്പോര്‍ട്ടുപോലെ കോളിളക്കം സൃഷ്ടിച്ചതായിരുന്ന, നടിയും ഗായികയും ഡബ്ബിങ് ആര്ട്ടിസ്റ്റ്മായി, മലയാള സിനിമയില്‍ അരനൂറ്റാണ്ട് പിന്നിട്ട, കോട്ടയം ശാന്ത, സിനിമ മംഗളത്തില്‍ എഴുതിയ അഗ്നിപഥങ്ങളിലൂടെ എന്ന ആത്മകഥയും. 'കേളടി നിന്നെ ഞാന്‍ കെട്ടുന്ന കാലത്ത്' എന്നത് അടക്കമുള്ള ഒരു പാട് ഹിറ്റ് പാട്ടുകള്‍ പാടിയ ഗായികയാണ് അവര്‍. ലോഹിതദാസിന്റെ കസ്തൂരിമാനില്‍ കുഞ്ചാക്കോ ബോബന്റെ മുത്തശ്ശിയായ വേഷമിട്ട അവരെ ആര്‍ക്കും മറക്കാനാവില്ല.
പക്ഷേ അഗ്നിപഥങ്ങളിലുടെ എന്ന ആത്മകഥയില്‍ അവര്‍ പറഞ്ഞത്, താന്‍ കടന്നുപോയ പീഡനങ്ങളായിരുന്നു. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ വന്നതോടെ, സിനിമ മംഗളം വാരികയുടെ സര്‍ക്കുലേഷന്‍ ഒരു ലക്ഷം കടന്നുരുന്നു. താര സംഘടനയായ അമ്മ കോട്ടയം ശാന്തയോട ആത്മകഥനിര്ത്താന് പറഞ്ഞിട്ട് അനുസരിച്ചില്ല എന്നും കേട്ടിരുന്നു. തന്റെ സിനിമ ജീവിതത്തിനിടയില്‍ നേരിട്ട് അറിഞ്ഞ, പല പകല്‍ മാന്യന്മാരുടെയും, മുഖംമൂടികള്‍ പിച്ചിച്ചീന്തിയ ഒരുപാട് ചരിത്രങ്ങള്‍ ശാന്ത പങ്കുവെച്ചു. ഇന്ന് ഹേമാകമ്മറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ച ലൈംഗികച്ചുവയുള്ള സംസാരങ്ങള്‍ അന്നേ ഉണ്ടായിരുന്നുവെന്ന് കോട്ടയം ശാന്ത പറയുന്നു.
നടന് തിക്കുറുശ്ശിയുമായി ബന്ധപ്പെട്ട ഒരു അനുഭവം അവര്‍ ഇങ്ങനെ എഴുതുന്നു. 'ഒരു സെറ്റില്‍ വെച്ച് തിക്കുറിശ്ശി സുകുമാരന്‍ നായരുമായി ചിത്രത്തിന്റെ സംവിധായകന് എരിവും പുളിയും ചേര്‍ന്ന് കഥകള്‍ പറഞ്ഞ രസിക്കുകയായിരുന്നു. അങ്ങനെ നടി ഉണ്ണിമേരിയെ കുറിച്ചായി സംസാരം. ഉണ്ണിമേരിയുടെ മാറിടം നാച്ചുറല്‍ അല്ല, ഹോര്‍മോണ്‍ കുത്തിവെച്ചതാണ് എന്ന് സംവിധായകന് പറഞ്ഞു. അപ്പോള്‍ ഒരു വഷളന്‍ ചിരിയോടെ തിക്കുറിശ്ശി മറുപടി പറഞ്ഞു. 'ഉണ്ണിമേരി ഇത്ര പൈസ ചെലവാക്കി ഹോര്‍മോണ്‍ ചികിത്സ നടത്തേണ്ട കാര്യമില്ല. ചുമ്മാ എന്റെ മടിയില്‍ കയറി ഇരുന്നാല്‍ മതി, നയാ പൈസ ചിലവില്ലാതെ അതിമനോഹരവും വലിപ്പമേറിയതുമായ മാറിടം ഞാന്‍ ഉണ്ടാക്കി കൊടുക്കുമായിരുന്നല്ലോ..'-ഈ വര്‍ത്തമാനം കേട്ടപ്പോള്‍ എനിക്ക് അറപ്പ് വന്നു. അതുവരെ തിക്കുറിശ്ശിയെ ബഹുമാനത്തോടുകൂടി കണ്ട എനിക്ക് ഇയാളുടെ തനിസ്വഭാവം തിരിച്ചറിഞ്ഞതോടുകൂടി മനസ്സില്‍ വെറുപ്പ് വന്നു."- കോട്ടയം ശാന്ത എഴുതി.
അതുപോലെ പ്രമുഖ നടന്മാരില്നിന്നേറ്റ ലൈംഗിക പീഡനത്തിന്റെ കഥകളും അവര്‍ പറയുന്നുണ്ട്. തന്റെ മകന്റെ പ്രായമുള്ള ഒരു യുവ നടന് തന്നെ മുറിയിലേക്ക് ക്ഷണിച്ചതും, അവര്‍ നിരസിച്ചതും അടക്കമുള്ള എത്രയോ അനുഭവങ്ങള്‍. ( കുറച്ചുകാലം മുമ്പ് മരിച്ച ആ നടന്റെ പേരും അവര്‍ എഴുതിയിട്ടുണ്ട്) അതുപോലെ അടൂര്‍ ഭാസി ലൈംഗിക വൈകൃതത്തിന് ഉടമയാണെന്നും അവര്‍ തുറന്ന് എഴുതുന്നുണ്ട്. അയാള്‍ മറ്റൊരു നടിയുമായി നടത്തുന്ന ലൈംഗിക വൈകൃതം കണ്ട് അമ്പരന്നുപോയെന്നും കോട്ടയം ശാന്ത എഴുതുന്നുണ്ട്.
എല്ലാ താരങ്ങളെയും ഒരുപോലെ വില്ലന്മാര് ആക്കുന്നില്ല അവര്‍. ആരും സഹായമില്ലാതെ താനും അമ്മയും മദിരാശിയില്‍ എത്തിയപ്പോള്‍, വീടും നുറുരൂപയും തന്ന് സഹായിച്ച, പ്രേം നസീറിനെ കോട്ടയം ശാന്ത നന്ദിയോടെ സ്മരിക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, സ്ത്രീകളുടെ കണ്ണീരില്‍ ചവിട്ടിതന്നെയാണ് മലയാള സിനിമാ വ്യവസായം വളര്‍ന്നത്. പക്ഷേ ഇന്ന് സാങ്കേതികവിദ്യ ഇത്രയേറെ വളര്‍ന്നിട്ടും, നിയമസാക്ഷരത ഇത്രമേല്‍ ശക്തമായിട്ടും, ഹേമാ കമ്മറ്റി റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെയുള്ള പീഡനങ്ങള്‍ നടക്കുന്നതാണ് ഞെട്ടിക്കുന്നത്. ചുരുങ്ങിയ പക്ഷം നമ്മുടെ പഴയകാല നടിമാര്‍ കാണിച്ച തന്േറടമെങ്കിലും, അവര്‍ക്ക് കാണിക്കാമായിരുന്നു.
വാല്‍ക്കഷ്ണം: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ ബഹളങ്ങളുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയില്‍ കണ്ട ഒരു ട്രോള്‍ ഇങ്ങനെ. -'സിനിമയില്‍ എഐ സാങ്കേതിക വിദ്യ പൂര്‍ണമായി കൊണ്ടു വരണം. പിന്നെ ഈ നടീനടന്മാരെ കൊണ്ടുള്ള ശല്യം തീരും. ജയനും നസീറും ശ്രീവിദ്യയുമൊക്കെ അഭിനയിക്കട്ടെ. അങ്ങനെയാവുമ്പോള്‍ പീഡനത്തിന്റെയും ചൂഷണത്തിന്റെയും യാതൊരു വാര്‍ത്തകളും ഉണ്ടാവില്ല"!