'ഇന്ത്യ ഒരു ആഡംബര മെഴ്സിഡസ് കാറാണെങ്കില്‍, പാക്കിസ്ഥാന്‍ ചരക്ക് നിറച്ച ഒരുട്രക്കാണ്. ട്രക്ക് കാറിലിടിച്ചാല്‍ ആര്‍ക്കാണ് നഷ്ടം സംഭവിക്കുക?''- ചോദിക്കുന്നത് മറ്റാരുമല്ല, പാക്കിസ്ഥാന്‍ സൈനിക മേധാവി അസീം മുനീറാണ്. ഫ്ളോറിഡയില്‍, അമേരിക്കയിലെ പാക്കിസ്ഥാന്‍ വ്യവസായികള്‍ നടത്തിയ അത്താഴവിരുന്നില്‍ സംസാരിക്കവേ മുനീര്‍ ഇന്ത്യക്കെതിരെ ആഞ്ഞടിക്കയായിരുന്നു. -'കശ്മീര്‍ പാക്കിസ്ഥാന്റെ ജീവനാഡിയാണ്, സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബ സ്വത്തല്ല, അവിടെ ഇന്ത്യ അണക്കെട്ട് നിര്‍മ്മിച്ചാല്‍ അത് മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ക്കും. ഞങ്ങള്‍ ഒരു ആണവശക്തിയാണ്. ഞങ്ങളുടെ അസ്തിത്വം അപകടത്തിലായാല്‍, ലോകത്തിന്റെ പകുതിയും ഞങ്ങളോടൊപ്പം ഇല്ലാതാക്കും,''- ഇങ്ങനെ പോവുകയാണ് പാക് സൈനിക മേധാവിയുടെ പ്രകോപനപരമായ വാക്കുകള്‍.

പാക്കിസ്ഥാനില്‍ ഷഹബാസ് ഷരീഫ് പ്രധാനമന്ത്രിയായിക്കൊണ്ട്, ഒരു മന്ത്രിസഭയുണ്ടെങ്കിലും അവിടുത്തെ യഥാര്‍ത്ഥ ഭരണാധികാരി പട്ടാള മേധാവിയാണെന്നത് പരസ്യമായ രഹസ്യമാണ്. ഇടക്കിടെ ഇന്ത്യക്കെതിരെ വിദ്വേഷം തുപ്പുന്നയാളാണ്, അസീം മുനീര്‍. ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നല്‍കിയ പ്രഹരത്തിന് വാചകക്കസര്‍ത്തിലുടെയാണ് ഇയാള്‍ മറുപടി നല്‍കുന്നത്. ആണവ ഭീഷണി വരെ മുനീര്‍ മുഴക്കുന്നത്, അമേരിക്കയില്‍ പോയാണ്.

യുഎസ് പ്രസിഡന്റിന്റെ അടുത്ത സുഹൃത്തുകൂടിയാണ് ഇപ്പോള്‍ അസീം മുനീര്‍. രണ്ടുമാസം മുമ്പ് ട്രംപ്, അസീം മുനീറിനെ വൈറ്റ്ഹൗസില്‍ വിളിച്ച് ഉച്ചഭക്ഷണം കൊടുക്കുകയും ദീര്‍ഘനേരം ചര്‍ച്ച നടത്തുകയും ചെയ്ത് ലോകത്തെ ഞെട്ടിച്ചിരുന്നു. ഇതാദ്യമാണ് രാഷ്ട്രീയ അധികാരമില്ലാത്ത ഒരു പാക്കിസ്ഥാന്‍ സൈന്യത്തലവനെ അമേരിക്കന്‍ പ്രസിഡണ്ട് വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ചത്. പണ്ട് അയൂബ് ഖാനും സിയാ ഉള്‍ ഹഖും, പര്‍വേസ് മുഷറഫുമൊക്കെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുണ്ട്, അവരൊക്കെ പാക്കിസ്ഥാന്‍ പ്രസിഡന്റുമാരായിരുന്നു എന്നോര്‍ക്കണം. പക്ഷേ പാക്കിസ്ഥാനെ സംബന്ധിച്ച് സൈനിക മേധാവി എല്ലാവര്‍ക്കും മുകളിലാണെന്ന് ട്രംപിനു നന്നായി അറിയാം. ട്രംപിന്റെ കൂടി ബലത്തിലാണ് അസീം മുനീര്‍ ഇന്ത്യാവിരുദ്ധത കടുപ്പിക്കുന്നത്.

പാക്കിസ്ഥാന്‍ നയത്തിന്റെ കാര്യത്തില്‍ യു ടേണ്‍ അടിച്ചിരിക്കയാണ് ട്രംപ്. യുഎസ് പ്രസിഡന്റായുള്ള തന്റെ ആദ്യടേമില്‍, പാക്കിസ്ഥാനെതിരെ കടുത്ത നടപടിയെടുത്തയാളാണ് ട്രംപ്. തുടര്‍ന്നുവന്ന ജോ ബൈഡനും അതേ നിലപാടാണ് തുടര്‍ന്നത്. ഇപ്പോഴിതാ ട്രംപ് പൂര്‍ണ്ണമായും മലക്കം മറിഞ്ഞിരിക്കയാണ്. എന്താണ് പൊടുന്നനെയുണ്ടായ ട്രംപിന്റെ പാക്ക് പ്രേമത്തിനുപിന്നില്‍?




യുഎസ്- പാക്ക് ഭായി ഭായി

ചരിത്രം നോക്കിയാലറിയാം, രൂപീകൃതമായ കാലം തൊട്ടേ അമേരിക്കയുടെ ചയ്വ് പാക്കിസ്ഥാനോടായിരുന്നു. ജവഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ ചേരിചേരാ നയം എന്ന് പറഞ്ഞാണ് മുന്നോട്ടുപോയിരുന്നുവെങ്കിലും, ഇന്ത്യക്ക് ഒരു സോവിയറ്റ് ചായ്വ് ഉണ്ടായിരുന്നുവെന്ന് വ്യക്തമാണ്. സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയോട് വലിയ ആഭിമുഖ്യമുള്ള വ്യക്തിയായിരുന്നു നെഹ്റു. ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക പദ്ധതികള്‍ക്കെല്ലാം വലിയ സഹായം കിട്ടിയത് സോവിയറ്റ് യൂണിയനില്‍ നിന്നാണ്. എന്നാല്‍ മറുഭാഗത്ത് പാക്കിസ്ഥാനൊപ്പമായിരുന്നു അമേരിക്ക. 1971-ലെ ബംഗ്ലാദേശ് യുദ്ധത്തില്‍ അമേരിക്ക കപ്പല്‍പ്പടയെ പാക്കിസ്ഥാനുവേണ്ടി ഇറക്കുമെന്നുവരെ ആശങ്കയുണ്ടായിരുന്നു. പക്ഷേ മറുഭാഗത്ത് സോവിയറ്റ് യൂണിയനും ഇറങ്ങുമെന്ന് വന്നതോടെയാണ് ആ ഭീഷണി ഒഴിഞ്ഞത്.

1980-കളില്‍ അഫ്ഗാനിസ്താനില്‍ സോവിയറ്റ് യൂണിയനും മുജാഹിദീനുകളുമായുള്ള യുദ്ധകാലത്ത് അമേരിക്കയുടെ പ്രധാന സഖ്യരാജ്യമായിരുന്നു പാക്കിസ്ഥാന്‍. മുജാഹിദീന് വേണ്ട ആയുധങ്ങളും സാമ്പത്തികസഹായവും ഒക്കെ പാക്കിസ്ഥാന്‍ വഴിയായിരുന്നു അമേരിക്ക എത്തിച്ചത്. റഷ്യ അഫ്ഗാന്റെ മണ്ണില്‍നിന്ന് ഓടിക്കാന്‍ അമേരിക്ക ആയുധവും പണം നല്‍കി പരോക്ഷമായി ഭീകരരെ തീറ്റിപ്പോറ്റുകയായിരുന്നു. പക്ഷേ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഭീകരത അമേരിക്കയെ തന്നെ തിരിഞ്ഞുകൊത്തി.

9/11 ഭീകരാക്രമണത്തിന് ശേഷമാണ് അമേരിക്ക തങ്ങള്‍ തന്നെ പരോക്ഷ പിന്തുണ കൊടുത്ത ഇസ്ലാമിക ഭീകരതയുടെ ശരിക്കുമുള്ള ചൂടറിയുന്നത്. പിന്നീട് അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ ഓപ്പറേഷനുകള്‍ക്ക് മനസില്ലാ മനസോടെ പാക്കിസ്ഥാനും പിന്തുണ കൊടുക്കേണ്ടി വന്നു. ഒടുവില്‍ തങ്ങള്‍പോലും അറിയാതെ, 2011-ല്‍ അല്‍ ഖ്വയ്ദ നേതാവ് ബിന്‍ ലാദനെ പാക്കിസ്ഥാനില്‍ വെച്ച് അമേരിക്ക വധിച്ചപ്പോള്‍, അവര്‍ ശരിക്കും ഞെട്ടി. തുടര്‍ന്ന് കുറച്ചുകാലം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുുന്നു.

ട്രംപിന്റെ ആദ്യ പ്രസിഡന്‍സിക്കാലത്ത് പാക്കിസ്ഥാനുമായുള്ള ബന്ധം മോശമായിരുന്നു. തങ്ങള്‍ക്ക് കള്ളവും ചതിയുമല്ലാതെ മറ്റൊന്നും നല്‍കാത്ത രാജ്യമാണ് പാക്കിസ്ഥാനെന്നും അവര്‍ ഭീകരര്‍ക്ക് സുരക്ഷിതതാവളം ഒരുക്കുന്നുവെന്നും ട്രംപ് ആരോപിച്ചത് ഏഴുവര്‍ഷം മുമ്പാണ്. ഭീകരവാദികള്‍ക്ക് സുരക്ഷിതതാവളമൊരുക്കുന്നു എന്നാരോപിച്ച് പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം ട്രംപ് 2018-ല്‍ നിര്‍ത്തലാക്കിയിരുന്നു. പാക്കിസ്ഥാനെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. ആ വര്‍ഷം ജൂണില്‍ പാക്കിസ്ഥാന്‍ കരിമ്പട്ടികയില്‍ ആവുകയും ചെയ്തു. 2018 സെപ്റ്റംബറിലും പാക്കിസ്ഥാനുള്ള മറ്റൊരു 30 കോടി ഡോളറിന്റെ സഹായം ട്രംപ് തടഞ്ഞു. പാക്കിസ്ഥാനികള്‍ക്ക് അമേരിക്കന്‍ വിസ കിട്ടുന്നതിലും നിയന്ത്രണം വന്നൂ. എന്നാല്‍ മറുഭാഗത്ത് ഇന്ത്യയില്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍വന്നതോടെ അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെട്ടു. ട്രംപും മോദിയും അടുത്ത സുഹൃത്തക്കളാണെന്നുവരെ വ്യാഖ്യാനങ്ങള്‍ വന്നു.

ട്രംപിനുശേഷം വന്ന പ്രസിഡന്റ്, ജോ ബൈഡന്‍ ലോകത്തിലേക്കും അപകടം പിടിച്ച രാജ്യങ്ങളിലൊന്നാണ് പാക്കിസ്ഥാനെന്ന് കുറ്റപ്പെടുത്തിയിരുന്നു. ട്രംപ് വീണ്ടും അധികാരത്തില്‍വന്നപ്പോള്‍, പാക്കിസ്ഥാന്റെ കാര്യം പോക്കാണെന്നാണ് വിലയിരുത്തല്‍ വന്നത്. എന്നാല്‍ പതുക്കെ യുഎസ് പാക്കിസ്ഥാനുമായി അടുക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്. ഇന്ത്യയ്ക്കെതിരെ കഴിഞ്ഞദിവസം 25% ഇറക്കുമതി തീരുവയും റഷ്യന്‍ എണ്ണ വാങ്ങുന്നതിനു പിഴയും ചുമത്തിയ ട്രംപ് പാക്കിസ്ഥാന് പ്രഖ്യാപിച്ച തീരുവ 19 ശതമാനം മാത്രമാണ്. പാക്കിസ്ഥാന്‍-യുഎസ് എണ്ണ സഹകരണ കരാറും ഒപ്പിട്ടു കഴിഞ്ഞു. അതായത് പാക് നയത്തില്‍ ട്രംപ് മലക്കം മറിഞ്ഞുവെന്ന് വ്യക്തം.




ഇറാനെതിരെ പാക് സഹായം

പാക്കിസ്ഥാനോടുള്ള ട്രംപിന്റെ മാറിയ സമീപനത്തിന് ഏറ്റവും പ്രധാന കാരണമായി 'ദ ഗാര്‍ഡിയന്‍' നിരീക്ഷിക്കുന്നത്, ഇറാന്‍ പ്രശ്നമാണ്. ഇറാനുമായി 900 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് പാക്കിസ്ഥാന്‍. ഇന്നും അമേരിക്കക്ക് ഏറ്റവും തലവേദനയുണ്ടാക്കുന്ന രാജ്യമാണ് ഇറാന്‍. ആണവശക്തിയാവുന്ന തടയാനായി അമേരിക്ക ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങള്‍ ആക്രമിച്ചതും ദിവസങ്ങള്‍ക്ക് മുമ്പാണ്. പക്ഷേ എന്നിട്ടും യുഎസിന് ഭീതി തീര്‍ന്നിട്ടില്ല. ഇവിടെയാണ് പാക്കിസ്ഥാന്റെ വില. തൊട്ടുടത്ത രാജ്യമായ പാക്കിസ്ഥാനിലെ സുന്നി ഭരണകൂടം ഇറാനിലെ ഷിയകളുമായി മോശം ബന്ധത്തിലാണ്. അതുകൊണ്ടുതന്നെ ഇറാനെതിരായ ഒരു കോടാലിയായാണ് ട്രംപ് പാക്കിസ്ഥാനെ കാണുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇറാന്‍- ഇസ്രയേല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നിരുപാധികമായ സൈനികവും തന്ത്രപരവുമായ പിന്തുണ പാക്കിസ്ഥാനോട് ട്രംപ് ആവശ്യപ്പെട്ടുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വിവിധ മാധ്യമങ്ങള്‍ പറയുന്നു. അതായത്, വ്യോമത്താവളങ്ങള്‍ വിട്ടുനല്‍കണം, കര, കടല്‍മാര്‍ഗം വഴിയുള്ള മറ്റു സൗകര്യങ്ങള്‍ വേണം എന്നിങ്ങനെ. ഇപ്പോള്‍തന്നെ, പാക്കിസ്ഥാന്‍ അമേരിക്കയ്ക്കു വേണ്ടി ടെഹ്റാനില്‍ ചാരപ്പണി നടത്തുന്നുണ്ടെന്നും അഭ്യൂഹമുണ്ട്. മറ്റാരെക്കാളും ഇറാനെ പാകിസ്ഥാന് നന്നായി അറിയാമെന്ന് ട്രംപിന് അറിയാം.




ഒരുകാലത്ത് നല്ല ബന്ധമായിരുന്നു ഇറാനും പാക്കിസ്ഥാനും തമ്മിലുണ്ടായിരുന്നത്. മയക്കുമരുന്നു കടത്ത്, ബലൂച് വിഘടനവാദം എന്നിവയെ ചെറുക്കുന്നതില്‍ ഒറ്റക്കെട്ടായിരുന്നു. പക്ഷേ, ഇറാനില്‍ 1979-ല്‍ നടന്ന ഇസ്ലാമികവിപ്ലവത്തോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഷിയാക്കള്‍ക്ക് മുന്‍തൂക്കമുള്ള ഇറാന്‍, ഹമാസും ഹിസ്ബുള്ളയും യെമനിലെ ഹൂത്തികളും പോലുള്ള നിരവധി തീവ്രവാദസംഘടനകളെ സഹായിക്കുന്നുണ്ട്. സുന്നികള്‍ക്ക് മേധാവിത്വമുള്ള പാക്കിസ്ഥാന്‍, അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാരിനെ പിന്തുണച്ചതും സൗദി അറേബ്യന്‍ സര്‍ക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തിയതും ഇറാനിലെ മതഭരണകൂടത്തിന് രസിച്ചില്ല. സമീപകാലത്ത് ഇരുരാജ്യങ്ങളും പരസ്പരം അതിര്‍ത്തി കടന്ന് ഭീകരകേന്ദ്രങ്ങള്‍ ആക്രമിക്കുക പോലുമുണ്ടായി.

പാക്കിസ്ഥാനിലെ ഷഹബാസ് ഷെരീഫ് സര്‍ക്കാരും ജനങ്ങളും ഇസ്രയേലിന്റെ ഇറാന്‍ ആക്രമണത്തെ പരസ്യമായി അപലപിക്കുകയും ഇറാന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ, ഫീല്‍ഡ് മാര്‍ഷല്‍ മുനീറാണ് വിദേശനയം, ദേശീയ രാഷ്ട്രീയം എന്നിവയിലെ അവസാനവാക്ക് എന്ന് ട്രംപിന് നന്നായി അറിയാം. ഇറാനുമായി ഒരു തുറന്ന യുദ്ധം ഉണ്ടാവുകയാണെങ്കില്‍, പാക്ക് സൈന്യത്തിന്റെ നിലപാടും നിര്‍ണ്ണായകമായിരിക്കും.




ചൈനയെ വെട്ടുക, എണ്ണ ഊറ്റുക

പാക്കിസ്ഥാന്റെ ചൈനീസ് വിധേയത്വം അവസാനിപ്പിക്കണം എന്നും ട്രംപിന് ആഗ്രഹമുണ്ട്. മേഖലയില്‍ ചൈന അടിച്ചുകയറി വരുന്നതില്‍ അമേരിക്ക എന്നും അസ്വസ്ഥരാണ്. ഇപ്പോള്‍ ബലൂചിസ്ഥാന്‍പോലുള്ള പാക് പ്രവിശ്യകള്‍ ചൈനീസ് കോളനികള്‍ക്ക് സമാനമായി മാറിയിരിക്കയാണ്. അവിടെ റോഡുണ്ടാക്കുന്നതും പാലമുണ്ടാക്കുന്നതുമെല്ലാം ചൈനയാണ്. സാമ്പത്തികമായി തകര്‍ന്ന, പാക്കിസ്ഥാനെ ഗതികേട് ചൈന നന്നായി മുതലെടുക്കുകയാണ്. അമേരിക്ക സഹായിച്ചില്ലെങ്കില്‍ പാക്കിസ്ഥാനെ ഇനിയും ചൈന 'സഹായിക്കും'.

ഇതെല്ലാം മുന്നില്‍ കണ്ടാണ്, കൂടുതല്‍ പ്രതിരോധ സാങ്കേതികവിദ്യ പാക്കിസ്ഥാന് നല്‍കാന്‍ അമേരിക്ക തീരുമാനിച്ചത്. അഞ്ചാം തലമുറ പോര്‍വിമാനങ്ങള്‍, മിസൈല്‍ സംവിധാനങ്ങള്‍, ഗണ്യമായ സാമ്പത്തികസഹായം എന്നിവയും ഓഫറുണ്ട്. ഈയിടെയായി പ്രതിരോധരംഗത്ത് പാക്കിസ്ഥാന്‍ ചൈനയെ കാര്യമായി ആശ്രയിക്കുന്നത് ചെറുക്കാനും ട്രംപ് ലക്ഷ്മിടുന്നുണ്ടെന്നാണ്, ദ ഗാര്‍ഡിയന്‍ വിലയിരുത്തുന്നത്. ചൈനയുടെ ജെ-35 പോര്‍വിമാനങ്ങളും വ്യോമപ്രതിരോധ സംവിധാനങ്ങളും വര്‍ഷാവസാനം പാക്കിസ്ഥാനിലെത്തിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഇത് തടയുക എന്നതും ട്രംപിന്റെ ലക്ഷ്യമാണ്. നേരത്തെ വൈറ്റ് ഹൗസില്‍വെച്ച് അസീം മുനീറുമായി നടത്തിയ ചര്‍ച്ചയില്‍, റഷ്യ, ചൈന എന്നിവരോട് സൗഹൃദം ഒഴിവാക്കണം, ബ്രിക്സ് അടക്കമുള്ള കിഴക്കന്‍ കൂട്ടായ്മകളില്‍ നിന്നും വിട്ടുനില്‍ക്കണം, എന്നീ ആവശ്യങ്ങള്‍ ട്രംപ് ഉന്നയിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

പാക്കിസ്ഥാന്‍-യുഎസ് എണ്ണ സഹകരണ കരാറിന്റെ പശ്ചാത്തലത്തില്‍, യുഎസില്‍ നിന്ന് വമ്പന്‍ എണ്ണ ഇറക്കുമതിക്ക് പാക്കിസ്ഥാനിലേക്ക് ഉടന്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്. പാക്കിസ്ഥാനില്‍ 353.5 മില്യന്‍ ബാരല്‍ ക്രൂഡ് ഓയില്‍ ശേഖരമുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇത് ഇനിയും കുഴിച്ചെടുക്കപ്പെട്ടിട്ടില്ല. ബലൂച് മേഖലയിലെ എണ്ണ ധാതുനിക്ഷേപത്തിലും ട്രംപിന് കണ്ണുണ്ടെന്ന് പറയുന്നു. എന്നാല്‍ സ്വതന്ത്ര ബലൂചിസ്ഥാന് വേണ്ടി പേരാട്ടം നടത്തുന്ന സംഘടനകള്‍ അമേരിക്കക്ക് എതിരെയും തിരിഞ്ഞിട്ടുണ്ട്. ഈ എണ്ണശേഖരം പാക്കിസ്ഥാന്റെതല്ല, തങ്ങളുടേതാണെന്നും, ഈ സമ്പത്തുവെച്ചാണ് പാക്കിസ്ഥാന്‍ വിലപേശുന്നതെന്നും ബലൂച് സംഘടനകള്‍ ആരോപിക്കുന്നു.




ക്രിപ്റ്റോയിലൂടെ സ്വന്തം കീശ വീര്‍പ്പിക്കാം

ട്രംപ് വെറുമൊരു രാഷ്ട്രീയക്കാരന്‍ കൂടിയല്ല, ശതകോടീശ്വരനായ ഒരു ബിസിനസ്മാന്‍ കൂടിയാണ്. കമിഴ്ന്നുവീണാല്‍ കാല്‍പ്പണം എന്നതാണ് അദ്ദേഹത്തിന്റെ ലൈന്‍. ഫോബ്സിന്റെ കണക്കുപ്രകാരം 6.7 ബില്യണ്‍ ഡോളറാണ് ട്രംപിന്റെ ആസ്തി. ഏകദേശം 56,950 കോടി രൂപ. 2024 -ലെ ഫോബ്സിന്റെ സമ്പന്നരായ 400 പേരുടെ പട്ടികയില്‍ 319ാമതാണ് ട്രംപ്. ബ്ലൂംബെര്‍ഗിന്റെ ബില്യണയര്‍ ഇന്‍ഡക്സില്‍ ട്രംപിന്റെ ആസ്തി 7.16 ബില്യണ്‍ ഡോളറാണ്. എന്നിട്ടും ഇനിയും എങ്ങനെ കീശ വീര്‍പ്പിക്കാമെന്നും അദ്ദേഹത്തിന് നോട്ടമുണ്ട്. ഖത്തര്‍ അദ്ദേഹത്തിന് 400 മില്യന്‍ ഡോളറിന്റെ ആകാശക്കൊട്ടാരം സമ്മാനിച്ചത് പണത്തോടുള്ള അദ്ദേഹത്തിന്റെ അര്‍ത്തി മുന്നില്‍ കണ്ടാണ്. ഇപ്പോഴുള്ള പാക് പ്രേമത്തിനുപിന്നിലും കൃത്യമായ സാമ്പത്തിക താല്‍പ്പര്യങ്ങളുണ്ടെന്നാണ് വിലയിരുത്തല്‍.

ട്രംപ് കുടുംബത്തിന് ഭൂരിപക്ഷം ഓഹരികളുള്ള ക്രിപ്റ്റോ കമ്പനിയില്‍ പാക് സൈന്യം പണം മുടക്കിയതുമൊക്കെയാണ് നിലപാടു മാറ്റത്തിനു പിന്നിലെന്നു കരുതുന്നവരുണ്ട്. ട്രംപിന്റെ കുടുംബത്തിന് ബന്ധമുള്ള വേള്‍ഡ് ലിബേര്‍ട്ടി ഫിനാന്‍ഷ്യല്‍ എന്ന ക്രിപ്റ്റോ കറന്‍സി സ്ഥാപനം പാക്കിസ്ഥാനുമായി ക്രിപ്റ്റോ വിനിമയത്തില്‍ ധാരണയായിട്ടുണ്ട്. ഇത് അമേരിക്കയില്‍ വന്‍ വിവാദമായിട്ടുണ്ട്. ട്രംപിന്റെ ഉടമസ്ഥതയിലുള്ള ക്രിപ്റ്റോ കറന്‍സി കമ്പനി പാകിസ്ഥാനിലെ കമ്പനിയുമായി വന്‍ ഡീലുണ്ടാക്കിയത് അമേരിക്കന്‍ സെനറ്റിനെ ഞെട്ടിച്ചിരിക്കുകയാണന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ട്രംപിന്റെ 'ക്രിപ്റ്റോ പ്രേമം' രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണോ എന്ന് അന്വേഷിക്കാന്‍ സെനറ്റ് ഉത്തരവിട്ടു.

വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍ , പാകിസ്ഥാന്‍ ക്രിപ്റ്റോ കൗണ്‍സിലുമായി ഏപ്രില്‍ 26-നാണ് ധാരണാപത്രം ഒപ്പുവെച്ചിരുന്നു. പാകിസ്ഥാന്‍ ക്രിപ്റ്റോ കൗണ്‍സില്‍ രൂപീകരിച്ചിട്ട് ഒരു മാസം പോലും തികഞ്ഞിരുന്നില്ല എന്നതും സംശയങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍ ഇന്‍ക് നേതൃനിരയില്‍ ട്രംപിനെയും മക്കളായ ഡോണാള്‍ഡ് ജൂനിയര്‍, എറിക്, കൊച്ചുമകന്‍ ബാരണ്‍ എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപിനെ 'ചീഫ് ക്രിപ്റ്റോ അഡ്വക്കേറ്റ്' എന്നാണ് വിശേഷിപ്പിക്കുന്നത്. ക്രിപ്റ്റോ ലോകത്ത് ട്രംപിന്റെ സ്വാധീനം എത്രത്തോളം വലുതാണെന്ന് ഇത് വ്യക്തമാക്കുന്നു.

എന്നാല്‍, ഈ പ്രഖ്യാപനങ്ങള്‍ക്ക് പിന്നില്‍ അമേരിക്കന്‍ സെനറ്റ് കടുത്ത ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. മെയ് 6 മുതല്‍ ഇന്ത്യന്‍ വ്യോമാക്രമണം പാക് ഭീകരകേന്ദ്രങ്ങളില്‍ നടന്ന അതേ സമയം സെനറ്റ് പെര്‍മനന്റ് സബ്കമ്മിറ്റി ഓണ്‍ ഇന്‍വെസ്റ്റിഗേഷന്‍സ് വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യലിനോട്് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി നടത്തിയ എല്ലാ ആശയവിനിമയങ്ങളും കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സെനറ്റര്‍ റിച്ചാര്‍ഡ് ബ്ലൂമെന്‍താലിന്റെ നേതൃത്വത്തിലുള്ള ഈ അന്വേഷണം, ട്രംപിന്റെ വിദേശ ക്രിപ്റ്റോ ഇടപാടുകളിലെ വൈരുദ്ധ്യങ്ങളും നിയമലംഘനങ്ങളും പരിശോധിക്കും. എന്നാല്‍, കമ്പനി ഇതുവരെ വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ലാസ് വെഗാസില്‍ നടന്ന ആഗോള ക്രിപ്റ്റോ ഉച്ചകോടിയില്‍, പാകിസ്ഥാന്‍ ക്രിപ്റ്റോ കൗണ്‍സിലിന്റെ സ്ഥാപക സി.ഇ.ഒ. ബിലാല്‍ ബിന്‍ സാഖിബ് നടത്തിയ പ്രസ്താവനയും ശ്രദ്ധേയമാണ്. പാകിസ്ഥാനും ബിറ്റ്കോയിനും 'മോശം പി.ആറിന്റെ ഇരകളാണെന്ന്' അദ്ദേഹം പറഞ്ഞു. 'ഞങ്ങളെ അപകടകാരികളും, റിസ്‌കുള്ളവരും, അസ്ഥിരരുമായാണ് കാണുന്നത്. പക്ഷേ, ഇവിടെ കഴിവും സാധ്യതയുമുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാന്‍ ഒരു 'തന്ത്രപരമായ ബിറ്റ്കോയിന്‍ റിസര്‍വ്' സ്ഥാപിക്കാന്‍ പോകുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇതെല്ലാം ട്രംപിനെ സ്വാധീച്ചുവെന്ന് കരുതേണ്ടിവരും.



പ്രസിഡന്റായി ചുതമലയേല്‍ക്കുന്നതിന് തൊട്ടു മുമ്പ് ട്രംപ് തന്റെ എന്ന പേരില്‍ ക്രിപ്റ്റോ ടോക്കണ്‍ അവതരിപ്പിച്ചിരുന്നു. ട്രംപ് അധികാരമേറ്റതോടെ ട്രംപ് മീം കോയിനിന്റെ വിപണി മൂല്യം 10 ബില്യണ് ഡോളറിലധികമായാണ് വര്‍ധിച്ചത്. ഭാര്യ മെലാനിയ ട്രംപും സ്വന്തം പേരില്‍ കോയിന്‍ പുറത്തിറക്കിയിട്ടുണ്ട്. 'ട്രംപ് കോയിനുമായി ബന്ധപ്പെട്ട വെബ്സൈറ്റ് പ്രകാരം, 80 ശതമാനം ക്രിപ്റ്റോയും ട്രംപുമായി ബന്ധപ്പെട്ട സിഐസി ഡിജിറ്റലിന്റെ കൈവശമാണ്. ട്രംപിന്റെ ക്രിപ്റ്റോ ഹോള്‍ഡിങ് 58 ബില്യണ്‍ ഡോളറാണെന്നാണ് കണക്ക്. അതിലേക്ക് പാക്കിസ്ഥാന്റെ നിക്ഷേപം കൂടി വന്നാല്‍ ട്രംപ് ക്രിപ്റ്റോ വിപണിയിലെ രാജാവാകും.

ഈ കളികള്‍ ഒന്നും തന്നെ ഇന്ത്യയില്‍ നടക്കില്ല. എന്നാല്‍ ആകെ തകര്‍ന്നടിഞ്ഞ് കിടക്കുന്ന പാക്കിസ്ഥാനില്‍, അസീം മുനീറിനെപ്പോലെ ഒരു കരുത്തനെ സുഹൃത്തായി കിട്ടിയാല്‍ എന്തും നടക്കും. അങ്ങനെ നോക്കുമ്പോള്‍ ട്രംപിന്റെ പാക് പ്രേമം പെട്ടന്ന് ഉണ്ടായതല്ല എന്ന് വ്യക്തമാണ്.

വാല്‍ക്കഷ്ണം: അതിനിടെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനും ട്രംപ് ആഞ്ഞു ശ്രമിക്കുന്നുണ്ട്. ഇന്ത്യാ- പാക്ക് വെടിനിര്‍ത്തലിന് പിന്നില്‍ താനാണെന്ന് ട്രംപ് അവകാശപ്പെട്ടതും, ഇന്ത്യ അത് ശക്തമായി നിഷേധിച്ചതും ഓര്‍മ്മയില്ലേ. വൈറ്റ് ഹൗസിലെ വിരുന്നിന്ശേഷം ട്രംപിനെ 2026-ലെ സമാധാന നോബേലിനായി ശുപാര്‍ശ ചെയ്യണമെന്ന് പാക്ക് പട്ടാള മേധാവി അസിം മുനീര്‍ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ട്രംപിന്റെ കാര്‍മ്മികത്വത്തില്‍ അര്‍മീനിയയും അസൈര്‍ബൈജാനും, കരാറില്‍ ഒപ്പിടുന്നത്. ഇനി യുക്രൈന്‍- റഷ്യ യുദ്ധവും അവസാനിപ്പിച്ചാല്‍, മിക്കവാറും ഒരു നൊബേല്‍ സമ്മാനം ട്രംപിന് തന്നെ പോവും.