ഭാരതത്തിനും ബംഗ്ലാദേശിനും ഒരുപോലെ ദേശീയ അവധി ദിനമായിരുന്നു ആഗസ്റ്റ് 15. ഇന്ത്യക്ക് അത് ദേശീയ സ്വതന്ത്ര്യദിനത്തിന്റെ ആഘോഷ അവധിയായിരുന്നെങ്കില്‍, ബംഗ്ലാമണ്ണില്‍ അത് രാഷ്ട്രപിതാവ്, ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ രക്തസാക്ഷിത്വ ദിനത്തെ ചൊല്ലിയുള്ള അവധിയാണ്. 1975 ആഗസ്റ്റ് 15-നാണ് ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരിക്കേ മുജീബുര്‍ റഹ്‌മാന്‍ ക്രൂരമായി കൊല്ലപ്പെട്ടത്. പക്ഷേ ഇപ്പോഴിതാ, മുജീബുര്‍ റഹ്‌മാന്റെ മകള്‍ ഷെയ്ഖ് ഹസീനയെ പുറത്തായതിനെ തുടര്‍ന്ന് അധികാരത്തിലേറ്റ ഇടക്കാല സര്‍ക്കാര്‍ ആദ്യം ചെയ്തത്,ആഗസ്റ്റ് 15-ന് രാജ്യത്തുണ്ടായിരുന്ന ദേശീയ അവധി റദ്ദാക്കുകയാണ്!

രാഷ്ട്രപിതാവിനെ വേട്ടയാടുന്ന ലോകത്തിലെ അപുര്‍വ രാഷ്ട്രമായി ബംഗ്ലാദേശ് മാറിക്കഴിഞ്ഞു. മുജീബുര്‍ റഹ്‌മാന്റെ കൂറ്റന്‍ പ്രതിമകള്‍ക്ക് മുകളില്‍ കയറി മൂത്രമൊഴിക്കുകയും, താലിബാന്‍ മോഡലില്‍ അത് തല്ലി തകര്‍ക്കുകയും, തീയിടുകയുമാണ് സമരക്കാര്‍ വ്യാപകമായി ചെയ്തത്. ഹസീന രാജിവെച്ച് രാജ്യം വിട്ടതിന് തൊട്ടുപിന്നാലെ, രോഷാകുലരായ ജനക്കൂട്ടം ബംഗബന്ധുവിന്റെ പേരിലുള്ള ധാക്കയിലെ മ്യൂസിയത്തില്‍ തീയിട്ടു. 1975 ഓഗസ്റ്റ് 15-ന്, ഷെയ്ഖ് മുജീബുര്‍ റഹ്‌മാനും കുടുംബവും സ്വന്തം പട്ടാളത്തിലെ വിമതരാല്‍ വെടിയേറ്റ് ശരീരം അരിപ്പപോലെയായി കൊല്ലപ്പെട്ടത് വസതിയാണ് മ്യൂസിയമാക്കിയത്.

രക്തസാക്ഷിത്വ ദിനത്തില്‍ അദ്ദേഹത്തിന്റെ സ്മാരകത്തില്‍ എത്തിയ ജനങ്ങളെ അക്രമികള്‍ തല്ലി ഓടിക്കയായിരുന്നു. ധാക്കയിലെത്തുന്ന നിരവധി ടൂറിസ്റ്റുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലമായിരുന്നു ഇവിടം. ഇതില്‍ നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്. മുജീബുര്‍ റഹ്‌മാന്റെ ഓര്‍മ്മകളെപ്പോലെ കലാപകാരികള്‍ ഭയക്കുന്നു.

'മുജീബ് ബൊര്‍ഷോ' അഥവാ മുജീബ് വര്‍ഷമായാണ്, 2020 ബംഗ്ലാദേശില്‍ ആഘോഷിക്കപ്പെട്ടത്. രാഷ്ട്രസ്ഥാപകന്റെ ജന്മശതാബ്ദി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെയാണ് ആഘോഷിച്ചത്. അന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റു പല വിദേശരാഷ്ട്ര നേതാക്കളും ക്ഷണിച്ച് വിപുലമായി പരിപാടി നടത്താനായിരുന്നു, ഷെയ്ഖ് ഹസീന ഉദ്ദേശിച്ചിരുന്നത്. പക്ഷേ കൊറോണ കാരണം ഉദ്ദേശിച്ച വിധത്തില്‍ പരിപാടി നടത്താനായില്ല. പക്ഷേ, കൃത്യം നാലുവര്‍ഷം കഴിഞ്ഞപ്പോഴേക്കും അവിടെ മുജീബ് പ്രതിമകള്‍ പോലും തകര്‍ക്കുന്ന കാലമായി.

എന്തിന് സമരക്കാര്‍ രാഷ്ട്രപിതാവിനെ വേട്ടയാടുന്ന എന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ. അതിന്റെ പേരാണ് മതമൗലികവാദം. സംവരണ വിരുദ്ധ സമരമായി യുവാക്കള്‍ തുടങ്ങിയ പ്രക്ഷോഭം, ജമാഅത്തെ ഇസ്ലാമിയടക്കമുള്ള മതമൗലികവാദികള്‍ കൃത്യമായി ഹൈജാക്ക് ചെയ്തിരിക്കുന്നു. പാക്കിസ്ഥാന്റെ ഇടപെടലും ഇതിനുപിന്നില്‍ വ്യക്തമാണ്. ഉറുദ്ദുവിനും അറബിക്കുമെതിരെ ബംഗാളി ഭാഷയുയര്‍ത്തി, പ്രാദേശിക രാഷ്ട്രീയം പറഞ്ഞായിരുന്നു, മുജീബുര്‍ റഹ്‌മാന്റെ പ്രവര്‍ത്തനം. ഇവിടെ സമരക്കാര്‍ക്ക് വേണ്ടത് ഒരു പാന്‍ ഇസ്ലാം കള്‍ച്ചറിലുടെ, പാക്കിസ്ഥാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു മതരാഷ്ട്രമാണ്. അവിടെയാണ് ന്യൂനപക്ഷ സംരക്ഷകനും, ബംഗാളി എന്ന നിലയില്‍ അഭിമാനിക്കുകയും ചെയ്ത മുജീബിന്റെ ഓര്‍മ്മകള്‍ പോലും, എതിരാളികള്‍ക്ക് ഭീഷണിയാവുന്നത്.

1920 മാര്‍ച്ച് 17 ന് ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാള്‍ പ്രവിശ്യയിലെ, ഫരീദ്പൂര്‍ ജില്ലയിലെ ഗോപാല്‍ഗഞ്ച് സബ് ഡിവിഷനിലെ തുങ്കിപാറ ഗ്രാമത്തിലെ, ബംഗാളി മുസ്ലീം ഷെയ്ഖ് കുടുംബത്തിലാണ് മുജീബ് ജനിച്ചത്. പിതാവ് ഷെയ്ഖ് ലുത്ഫുര്‍ റഹ്‌മാന്‍ ഗോപാല്‍ഗഞ്ചിലെ കോടതിയില്‍ ശിരസ്താര്‍ ആയിരുന്നു. അമ്മ ഷെയ്ഖ് സയേറ ഖാത്തൂണ്‍. മുഗള്‍ കാലഘട്ടത്തില്‍ ഇസ്ലാം മതം പ്രസംഗിക്കാന്‍ വന്ന, ബാഗ്ദാദിലെ ഷെയ്ഖ് അബ്ദുള്‍ അവല്‍ ദാര്‍വിഷിന്റെ പിന്‍ഗാമികളായ ഇറാഖി അറബ് വംശജരായിരുന്നു തുങ്കിപ്പാറയിലെ ഷെയ്ഖ് വംശജര്‍. മുജീബിന്റെ പിതാവ് താലൂക്ദാര്‍ കൂടിയായിരുന്നു. വലിയ, ഭൂസ്വത്തുക്കളും കൃഷിയും അദ്ദേഹത്തിനുണ്ടായിരുന്നു. ആ നാട്ടിലെ പരമ്പാരഗത ജമീന്ദാര്‍മാരായിരുന്നു അവര്‍. പക്ഷേ മുജീബുര്‍ റഹ്‌മാന്‍ ചെറുപ്പത്തിലേ ഡൗണ്‍ കു എര്‍ത്ത് ആയിരുന്നു. മാതാപിതാക്കള്‍ അവനെ 'ഖോക' എന്ന് വിളിപ്പേര് നല്‍കി.

വലിയ വീട്ടിലെ കുട്ടിയുടെ ലക്ഷണമൊന്നും അദ്ദേഹത്തിനില്ലായിരുന്നു. ഒന്നുകില്‍ കളിക്കുകയോ കറങ്ങുകയോ ചെയ്യുക. പക്ഷികള്‍ക്കും കുരങ്ങുകള്‍ക്കും നായ്ക്കള്‍ക്കും ഭക്ഷണം നല്‍കുന്നു. അതായിരുന്നു ആ കുട്ടിയുടെ ഹോബി. ആത്മകഥയില്‍ മുജീബ് ഇങ്ങനെ പറയുന്നു. 'ഞാന്‍ ഫുട്ബോള്‍ ,വോളിബോള്‍, ഹോക്കി എന്നിവ കളിക്കുമായിരുന്നു. ഞാന്‍ അത്ര നല്ല കളിക്കാരനായിരുന്നില്ലെങ്കിലും സ്‌കൂള്‍ ടീമില്‍ സ്ഥാനം ഉണ്ടായിരുന്നു. ഈ സമയത്ത് എനിക്ക് രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ലായിരുന്നു". ഒരിക്കല്‍ അദ്ദേഹത്തിന്റെ ഗ്രാമത്തിലെ കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ നഷ്ടപ്പെടുകയും ക്ഷാമം നേരിടുകയും ചെയ്തു. ഇത് മുജീബിനെ വളരെയധികം സ്വാധീനിച്ചു. ഈ ദിവസങ്ങളില്‍, പാവപ്പെട്ട കര്‍ഷകര്‍ക്കായി വിദ്യാര്‍ത്ഥികള്‍ അരി ശേഖരിച്ച് അരി വിതരണം ചെയ്തു. ഒരുപക്ഷേ അതായിരിക്കാം മുജീബുര്‍ റഹ്‌മാന്റെ ആദ്യ പൊതുപ്രവര്‍ത്തനം. പിതാവ് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവായിരുന്നു. അമ്മ സയേറ ഖാത്തൂണും സാമൂഹ്യ ഇടപെടലുകളില്‍ തല്‍പ്പരയായിരുന്നു. ഇതൊക്കെ അദ്ദേഹത്തെ സ്വാധീനിച്ചുവെന്ന് ആത്മകഥയിലുണ്ട്.

മുജീബിന്റെ പ്രാഥമിക വിദ്യാഭ്യാസം ഏഴ് വയസ്സുള്ളപ്പോള്‍ ഗിമദംഗ പ്രൈമറി സ്‌കൂളിലാണ് ആരംഭിച്ചത്. ഒന്‍പതാം വയസ്സില്‍ അദ്ദേഹം ഗോപാല്‍ഗഞ്ച് പബ്ലിക് സ്‌കൂളിലേക്കും പിന്നീട് ഒരു പ്രാദേശിക മിഷനറി സ്‌കൂളിലേക്കും മാറി. 1934-ല്‍ കണ്ണ് ശസ്ത്രക്രിയയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ സ്‌കുള്‍ വിദ്യാഭ്യാസം മുടങ്ങി. 4 വര്‍ഷമാാണ് ഈ രോഗംമൂലം നഷ്ടമായത്. മുജീബിന് വെറും പതിനെട്ട് വയസ്സുള്ളപ്പോഴായിരുന്നു വിവാഹം. ഭാര്യ ഫസിലതുന്നീസക്ക് വെറും 8 വയസ്സും. അതായിരുന്നു അന്നത്തെ ആചാരം.ഈ സമയത്താണ് മുജീബ് രാഷ്ട്രീയത്തില്‍ താല്‍പ്പര്യം വന്നത്. മുസ്ലിങ്ങളുടെ അവകാശങ്ങള്‍ക്കായി വാദിച്ച മുഹമ്മദ് അലി ജിന്ന, ഹുസൈന്‍ ഷഹീദ് സുഹ്‌റവര്‍ദി തുടങ്ങിയ പ്രമുഖ നേതാക്കളുടെ പ്രസംഗങ്ങളും രചനകളും അദ്ദേഹത്തെ പ്രത്യേകിച്ചും പ്രചോദിപ്പിച്ചു. ഗോപാല്‍ഗഞ്ച് മിഷനറി സ്‌കൂളില്‍, എ കെ ഫസലുല്‍ ഹഖിനൊപ്പം പ്രദേശം സന്ദര്‍ശിച്ച ഹുസൈന്‍ ഷഹീദ് സുഹ്‌റവര്‍ദിയാണ് മുജീബിന്റെ രാഷ്ട്രീയ അഭിനിവേശം ശ്രദ്ധിച്ചത്. കോളജില്‍ എത്തിയപ്പോഴേക്കും അദ്ദേഹം ഒരു പൊതുപ്രവര്‍ത്തകനാവുകയും ചെത്തു.

കല്‍ക്കട്ട ഇസ്ലാമിയ കോളേജില്‍ പഠിക്കുന്ന കാലത്ത് മുജീബ് ഓള്‍ ഇന്ത്യ മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷനില്‍ സജീവമായി ഇടപെട്ടു. ബംഗാളികള്‍ നേരിടുന്ന വിവേചനത്തെക്കുറിച്ചും ഉപഭൂഖണ്ഡത്തിലെ മുസ്ലീങ്ങള്‍ക്ക് പ്രത്യേക അസ്ഥിത്വം വേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 1940 മാര്‍ച്ചില്‍ അഖിലേന്ത്യാ മുസ്ലീം ലീഗ് പാസാക്കിയ ലാഹോര്‍ പ്രമേയം, ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍, കിഴക്കന്‍ മേഖലകളില്‍ മുസ്ലീങ്ങള്‍ക്കായി സ്വതന്ത്ര രാഷ്ട്രങ്ങള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. ഈ പ്രമേയം മുജീബിനെ ആഴത്തില്‍ സ്പര്‍ശിച്ചു. കാരണം അത് മുസ്ലീങ്ങള്‍ക്ക്, പ്രത്യേകിച്ച് ബംഗാളില്‍ ഒരു പ്രത്യേക ഐഡന്റിറ്റിയുടെ ആവശ്യകത വ്യക്തമാക്കി. അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തില്‍ ഒരു സുപ്രധാന വഴിത്തിരിവായി. ഒരു പ്രത്യേക രാഷ്ട്രത്തിനായുള്ള പ്രസ്ഥാനത്തില്‍ സജീവമായി പങ്കെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു.

കൊളോണിയല്‍ ഭരണത്തില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടവും ദേശീയ പ്രസ്ഥാനങ്ങളുടെ ഉദയവും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. മുജീബിന്റെ ആദ്യകാല ജീവിതത്തിലെ നിര്‍ണായക നിമിഷങ്ങളിലൊന്ന് 1947-ലെ ഇന്ത്യാ വിഭജനത്തിന്റെ ആഘാതമായിരുന്നു, ഇത് പാക്കിസ്താന്റെ പിറവിയിലേക്ക് നയിച്ചു. ഈ സംഭവം അദ്ദേഹത്തെ ആഴത്തില്‍ സ്വാധീനിക്കുകയും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ രൂപപ്പെടുത്തുകയും ചെയ്തു. കിഴക്കന്‍ പാക്കിസ്ഥാനിലെ ബംഗാളികളോടുള്ള പാര്‍ശ്വവല്‍ക്കരണം തന്റെ ജനങ്ങളുടെ അവകാശങ്ങള്‍ക്കായി വാദിക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തിന് ആക്കം കൂട്ടി. 1947-ലെ ഇന്ത്യാ വിഭജനം വ്യാപകമായ അക്രമത്തിനും കുടിയൊഴിപ്പിക്കലിനും ഇടയാക്കി. ഈ കാലഘട്ടത്തിലെ വര്‍ഗീയ കലാപങ്ങള്‍ക്കും ജനങ്ങളുടെ കഷ്ടപ്പാടുകള്‍ക്കും മുജീബ് സാക്ഷ്യം വഹിച്ചു, ഇത് ബംഗാളി ജനത അഭിമുഖീകരിക്കുന്ന പരാധീനതകള്‍ ഏറ്റെടുക്കുന്നതിലേക്ക് അദ്ദേഹത്തെ നയിച്ചു.

പുതുതായി രൂപീകരിക്കപ്പെട്ട പാകിസ്ഥാനില്‍ ബംഗാളികളുടെ അവകാശങ്ങള്‍ക്കും ക്ഷേമത്തിനും വേണ്ടി വാദിക്കാന്‍ കഴിയുന്ന ഒരു രാഷ്ട്രീയ ശബ്ദത്തിന്റെ ആവശ്യകതയെ വിഭജനം അടിവരയിടുന്നതായി മനസിലാക്കി. 1949-ല്‍ അവാമി മുസ്ലീം ലീഗ് (പിന്നീട് അവാമി ലീഗ്) സ്ഥാപിതമായത് മുജീബിന് തന്റെ രാഷ്ട്രീയ അഭിലാഷങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദിയൊരുക്കി. 1950-കളുടെ തുടക്കത്തില്‍ ബംഗാളിയെ പാകിസ്താന്റെ പ്രധാനഭാഷകളിലൊന്നായി അംഗീകരിക്കാന്‍ ശ്രമിച്ച ഭാഷാ പ്രസ്ഥാനം, മുജീബിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിച്ച ഒരു നിര്‍ണായക സംഭവമായിരുന്നു. ബംഗാളിയെ അംഗീകരിക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായി, 1952 ഫെബ്രുവരി 21-ന് ധാക്കയില്‍ ഒരു പ്രകടനത്തിനിടെ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടത് ഒരു നിര്‍ണായക നിമിഷമായിരുന്നു. ഈ സംഭവം ബംഗാളികള്‍ നേരിടുന്ന അടിച്ചമര്‍ത്തലുകള്‍ ഉയര്‍ത്തിക്കാട്ടുകയും അവരുടെ അവകാശങ്ങള്‍ക്കായി വാദിക്കാന്‍ മുജീബിനെ നിര്‍ബന്ധിതനാക്കുകയും രാഷ്ട്രീയ പ്രവര്‍ത്തനത്തോടുള്ള പ്രതിബദ്ധത ഉറപ്പിക്കുകയും ചെയ്തു, ഹുസൈന്‍ ഷഹീദ് സുഹ്‌റവര്‍ദിയെപ്പോലുള്ള പ്രമുഖ നേതാക്കളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട മുജീബിനെ സ്വതന്ത്ര ബംഗാള്‍ എന്ന സുഹ്രവര്‍ദിയുടെ കാഴ്ചപ്പാടും ബംഗാളി ജനതയുടെ അവകാശങ്ങളോടുള്ള പ്രതിബദ്ധതയും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും സ്വാധീനിച്ചു.

ബംഗാളി ഭാഷയെ അംഗീകരിക്കാന്‍ നടന്ന സമരവും വിദ്യാര്‍ത്ഥി പ്രക്ഷോഭവുമെല്ലാം മുജീബുര്‍ റഹ്‌മാന്റെ കാഴ്ചപ്പാടുകളെ സ്വാധീനിച്ചു. കിഴക്കന്‍ പാക്കിസ്ഥാനോടുള്ള വിവേചനത്തെ ബംഗാളി സ്വത്വത്തിന്റെ ആശയാടിത്തറയില്‍ നിന്നായിരുന്നു മുജീബുര്‍ റഹ്‌മാന്‍ ഉള്‍ക്കൊണ്ടത്. 1960കളുടെ തുടക്കത്തോടെ കിഴക്കന്‍ പാക്കിസ്ഥാനിലെ ബംഗാളി ജനതയ്ക്കായി വാദിക്കുന്ന അവാമി ലീഗിന്റെ രാഷ്ട്രീയ നേതൃനിരയിലേയ്ക്ക് മുജീബുര്‍ റഹ്‌മാന്‍ ഉയര്‍ന്നു. 1960കളുടെ അവസാനമായപ്പോഴേയ്ക്കും കിഴക്കന്‍ പാകിസ്ഥാനിലെ ബംഗാളി സ്വത്വരാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര മുഖമായും മുജീബുര്‍ റഹ്‌മാന്‍ മാറിയിരുന്നു.

പല തവണ അറസ്റ്റിലായി. നീണ്ടകാലം ജയില്‍വാസവും. എന്നിരുന്നാലും, ഓരോ തവണയും അദ്ദേഹത്തിനുളള ജനപ്രീതിയും ജനങ്ങളില്‍ നിന്നുള്ള പിന്തുണയും വര്‍ദ്ധിക്കുകയും ഒരു നേതാവെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പദവി കൂടുതല്‍ ഉറപ്പിക്കുകയും ചെയ്തു. 1966-ല്‍, മുജീബ് ഇത് കിഴക്കന്‍ പാക്കിസ്ഥാന് കൂടുതല്‍ സ്വയംഭരണത്തിനുള്ള ആവശ്യങ്ങളുടെ രൂപരേഖയായി സിക്‌സ് പോയിന്റ് മൂവ്‌മെന്റ് അവതരിപ്പിച്ചു. ആറ് വിഷയങ്ങള്‍ സാമ്പത്തിക അസമത്വം, രാഷ്ട്രീയ പ്രാതിനിധ്യം, സാംസ്‌കാരിക അവകാശങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങളെ അഭിസംബോധന ചെയ്തു. ഈ പ്രസ്ഥാനത്തിന് വ്യാപകമായ പിന്തുണ ലഭിച്ചു, ബംഗാളി ദേശീയതയുടെ പ്രധാന ശബ്ദമായി മുജീബിനെ പ്രതിഷ്ഠിച്ചു

1970ല്‍ പാകിസ്താന്‍ പൊതുതിരഞ്ഞെടുപ്പില്‍ കിഴക്കന്‍ പാക്കിസ്ഥാനിലെ സീറ്റുകളെല്ലാം തന്നെ അവാമി ലീഗ് ഏകപക്ഷീയമായി തൂത്തുവാരി. കിഴക്കന്‍ പാക്കിസ്ഥാനിലെ അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ ശബ്ദമായി മുജീബുര്‍ റഹ്‌മാന്‍ അടയാളപ്പെടുത്തപ്പെട്ടു. എന്നാല്‍ പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതൃത്വം മുജീബുറിന് അധികാരം നിഷേധിച്ചതോടെ കിഴക്കന്‍ പാക്കിസ്ഥാന്‍, പോരാട്ടഭൂമിയായി മാറി. ഇതിനിടെ ഉണ്ടായ പ്രകൃതി ദുരന്തം ഈ പോരാട്ടങ്ങളുടെ ആക്കം വര്‍ദ്ധിപ്പിച്ചു.

1971 മാര്‍ച്ച് മാസത്തില്‍ കിഴക്കന്‍ പാക്കിസ്താനിലെ പാക് സൈനിക ഇടപെടല്‍ തുറന്ന യുദ്ധത്തിലേയ്ക്ക് വഴിതുറന്നു.ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുളള റസാക്കര്‍മാര്‍ എന്ന സായുധ സംഘമായിരുന്നു, ബംഗാളികള്‍ക്ക് നേരെ എറ്റവും വലിയ ക്രൂരത അഴിച്ചുവിട്ടത്. പാക് സൈന്യവുമായി സഹകരിച്ച് സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബംഗാളികളെ ഒറ്റിക്കൊടുത്ത റസാക്കാര്‍മാര്‍ അവരോട് ചെയ്തത് കണ്ണില്ലാത്ത ക്രൂരകളായിരുന്നു. സ്ത്രീകളെ കൂട്ട ബലാത്സംഗത്തിന് ഇരകളാക്കി. എതിര്‍ത്തവരയെല്ലാം കൊന്നുതള്ളി. ഇതോടെ, റസാക്കര്‍മാര്‍ ബംഗ്ലാദേശികളുടെ പേടിസ്വപ്നമായി മാറി. ബംഗ്ലാദേശിലെ പാകിസ്ഥാന്‍ അധിനിവേശത്തിനും ചൂഷണത്തിനും എതിരെ ശബ്ദമുയര്‍ത്തിയ സാധാരണക്കാരെയും വിദ്യാര്‍ഥികളേയും ബുദ്ധിജീവികളെയും മതന്യൂനപക്ഷങ്ങളെയും അവര്‍ ലക്ഷ്യമിട്ടു. കുട്ടികളെയുള്‍പ്പെടെ കണക്കില്ലാത്ത നിരവധിപേരെ നിഷ്‌ക്കരുണം കൊന്നുകളഞ്ഞു. ആളുകളുടെ വാസസ്ഥലങ്ങള്‍ക്ക് തീയിട്ടു.

ഏകദേശം 50,000 റസാക്കര്‍മാര്‍ പാകിസ്ഥാന്‍ സൈന്യത്തെ റെയ്ഡുകള്‍ നടത്തുന്നതിനും പ്രാദേശിക ജനങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ നടത്തുന്നതിനും സഹായിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇവരുരുടെ സഹായത്തോടെ പാകിസ്ഥാന്‍ സൈന്യം ലിബറേഷന്‍ അനുകൂല ബംഗ്ലാദേശികള്‍ക്കെതിരെ നടത്തിയ ക്രൂരമായ നടപടിയില്‍ 30 ലക്ഷം സാധാരണക്കാര്‍ കൊല്ലപ്പെട്ടതായണ് കണക്ക്. ഇവരുടെ നരനായാട്ടില്‍ 10ലക്ഷംമുതല്‍ 40ലക്ഷം വരെ സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്നും പറയപ്പെടുന്നു. ഈ റേപ്പിന്റെ ഫലമായി 25,000 മുതല്‍ 2ലക്ഷംവരെ ഗര്‍ഭധാരണമുണ്ടായി. റസാക്കര്‍മാരുടെ ബീജത്തില്‍നിന്ന് ഉണ്ടായ അനാഥരായ പതിനായിരിക്കണക്കിന് പേര്‍ ഇന്നും ആ നാട്ടില്‍ ജീവിച്ചിരിപ്പുണ്ട്!

പിന്നീട് ഇന്ത്യയുടെ സഹായത്തോടെ മാസങ്ങള്‍ നീണ്ടു നിന്ന വിമോചനപ്പോരാട്ടത്തിനൊടുവില്‍ കിഴക്കന്‍ പാക്കിസ്താന്‍ എന്ന പ്രവിശ്യ ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാജ്യമായി മാറി. ഇന്ദിരാഗാന്ധിയുടെ സൈനിക നീക്കത്തിനുമുന്നില്‍ പാക് പട്ടാളം പകച്ചു നിന്നു. പാക്കിസ്ഥാന് കടുത്ത നിരാശയാണ് ഇന്ത്യയോട് ഏറ്റ തോല്‍വി സമ്പാദിച്ചത്. ബംഗ്ലാദേശ് സ്വതന്ത്രമാവുമ്പോള്‍ മുജീബ് ജയിലായിരുന്നു. അവാമി ലീഗ് ഭൂരിപക്ഷം നേടിയ 1970-ലെ പൊതു തിരഞ്ഞെടുപ്പിന് ശേഷം, ആദ്ദേഹം അറസ്റ്റിലായി പാക് ജയിലിലായി. പാകിസ്താന്‍ സൈന്യത്തിന്റെ കീഴടങ്ങലിനെത്തുടര്‍ന്ന് 1971 ഡിസംബറില്‍ യുദ്ധം അവസാനിച്ച് മുജീബ് ജയില്‍ മോചിതനായി. അദ്ദേഹത്തിന്റെ മോചനം ബംഗാളികള്‍ ആഘോഷിക്കുകയും ഒരു ദേശീയ നായകനായി ബംഗ്ലാദേശിലേക്ക് ആനയിക്കുകയും ചെയ്തു.

ബംഗ്ലാദേശിന്റെ ഭരണാധികാരത്തിലേയ്ക്ക് 1972ന്റെ പുതുവര്‍ഷത്തില്‍ മുജീബുര്‍ റഹ്‌മാന്‍ നിയോഗിതനായി. സ്വപ്നങ്ങളുടെ പിന്നാലെ പാഞ്ഞ ഒരു ജനതയുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ന്നു. ബംഗാളി ജനതയോടും അവരുടെ അവകാശങ്ങളോടുമുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ് ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ രാഷ്ട്രീയ ജീവിതത്തിന്റെ സവിശേഷത. പാക്കിസ്ഥാനിലെപ്പോലെ ന്യൂനപക്ഷങ്ങള്‍ക്കുനേരെ ഒരു മതവെറി അദ്ദേഹം കാണിച്ചില്ല. ഇന്നും ഇതിന്റെ പേരിലാണ് ഇസ്ലാമിസ്റ്റുകള്‍ അദ്ദേഹത്തെ എതിര്‍ക്കുന്നത്.

പക്ഷേ ലക്ഷ്യങ്ങളൊന്നും പൂര്‍ത്തീകരിപ്പിക്കാന്‍ എതിരാളികള്‍ സമ്മതിച്ചില്ല. അവര്‍ മുജീബിന്റെ രക്തത്തിനായി ദാഹിച്ച് തക്കം പാര്‍ത്തിരിക്കയായിരുന്നു. എല്ലാറ്റിനും പിന്നില്‍ പാക് ചാര സംഘടനായ ഐഎസ്ഐ ആയിരുന്നു. മുജീബിന്റെ വധം ലക്ഷ്യമിട്ട്, അവര്‍ വിദേശരാജ്യങ്ങളില്‍വെച്ച് ചര്‍ച്ച നടത്തിയതായി പിന്നീട വെളിപ്പെട്ടു.

ലോക ചരിത്രത്തില്‍ സമാനകളില്ലാത്ത കൂട്ടക്കൊലയാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി മുജീബിന്റെത്. ആത്മാഭിമാനം വ്രണപ്പെട്ട പാക്കിസ്ഥാന്‍ മുജീബിന് പിന്നാലെയുണ്ടെന്നും, ഏത് നിമിഷവും ആക്രമിക്കപ്പെടാമെന്നും ഇന്ത്യന്‍ ഇന്റലിജന്‍സ് വൃത്തക്കള്‍ പലതവണ മുന്നറിയിപ്പ് കൊടുത്തിരുന്നു. ഇന്ത്യന്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ളവര്‍ അട്ടിമറി സാധ്യതയെക്കുറിച്ച് മുജീബിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷേ സ്വന്തം ആളുകള്‍ തന്നെ ഉപദ്രവിക്കില്ലെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ഈ മുന്നറിയിപ്പുകള്‍ അവഗണിച്ചു. പ്രാധാനമന്ത്രിയായിട്ടും, അദ്ദേഹം വലിയ സുരക്ഷയുള്ള ഔദ്യോഗിക വസതിയില്‍ താമസിച്ചില്ല. പകരം കാവല്‍ക്കാര്‍ കുറവുള്ള സ്വന്തം വീട്ടില്‍ താമസിച്ചു. തന്റെ സൈന്യം തന്നെ ഒന്നും ചെയ്യില്ല എന്ന ഉറച്ചവിശ്വാസമായിരുന്നു മുജീബ് റഹ്‌മാന്.

1975 ഓഗസ്റ്റ് 15നു 28ാം സ്വാതന്ത്ര്യദിന വാര്‍ഷികത്തില്‍ ഇന്ത്യക്കാര്‍ ഉണര്‍ന്നത് ഞെട്ടിക്കുന്ന ആ വാര്‍ത്ത കേട്ടുകൊണ്ടായിരുന്നു. ബംഗ്ളദേശ് സൈന്യത്തിലെ പാക്ക് അനുകൂലികളായ ഒരു കൂട്ടം ജൂനിയര്‍ ഓഫീസര്‍മാര്‍ മുജീബിന്റെ തന്നെ ചില 'വിശ്വസ്തരു'ടെ പിന്തുണയോടെ നടത്തിയ അട്ടിമറിയുടെ ഭാഗമായിരുന്നു അത്. രാത്രിയിലെ ഇരുട്ടില്‍ ധാക്കയില്‍ ധന്‍മോണ്ടിയിലെ ബംഗഭവനി ല്‍ എത്തിയ അക്രമികള്‍ പ്രസിഡന്റ് മുജീബിനോ ടൊപ്പം ഭാര്യ ഫസീലത്തുന്നിസ, ആണ്‍മക്കളായ കമാല്‍, ജമാല്‍, റസല്‍ (10 വയസ്സ്), പുത്രഭാര്യമാരായ സുല്‍ത്താന കമാല്‍, പര്‍വീന്‍ ജമാല്‍, മുജീബിന്റെ സഹോദരന്‍ നാസര്‍, അനന്തരവന്‍ അബ്ദുല്‍ഹഖ് മോനി, ഭാര്യ ആര്‍ജു മോനി, അളിയന്‍ അബ്ദുര്‍ റബ് സെര്‍നിയാബത്, അദ്ദേഹത്തിന്റെ മകന്‍ ആരിഫ്, മകള്‍ ബേബി (13), പൗത്രന്‍ സുകന്ത് ബാബു എന്നിവരെയും മൂന്ന് അതിഥികള്‍, നാലു വീട്ടുജോലിക്കാര്‍, മുജീബിന്റെ സെക്യൂരിറ്റി തലവന്‍ കേണല്‍ ജമീലുദ്ദീന്‍ അഹമദ് എന്നിവരെയും വെടിവച്ചുകൊന്നു. മൊത്തം 21പേര്‍ കൊല്ലപ്പെട്ടു. 40ലധികം പേര്‍ക്ക് പരിക്കേറ്റു.

ഹസീനയും മുജീബിന്റെ ഇളയ പുത്രിയായ രഹാനയും സ്ഥലത്തില്ലാതിരുന്നതിനാല്‍ രക്ഷപ്പെടുകയായിരുന്നു. ശാസ്ത്രജ്ഞനായിരുന്ന ഭര്‍ത്താവ് വാജിദ് മിയാനോടൊപ്പം ചേരാന്‍ സഹോദരിയുടെ കൂടെ ജര്‍മനിയിലേക്കു പോയിരിക്കുകയായിരുന്നു ഹസീന. മുജീബിന്റെ ഉറ്റസഹപ്രവര്‍ത്തകരും മന്ത്രിമാരുമായ താജൂദ്ദീന്‍ അഹമദ്, മന്‍സൂര്‍ അലി, സയ്യിദ് നസ്റുല്‍ ഇസ്ലാം, എ. എച്ച്. എം. കമറുസ്സമാന്‍ എന്നിവരെ കലാപകാരികള്‍ അറസ്റ്റ് ചെയ്തു ജയിലിലാക്കി. രണ്ടര മാസത്തിനുശേഷം ജയിലില്‍വച്ച്തന്നെ അവരെയും കൂട്ടക്കൊല ചെയ്തു. ഇതുപോലെ ഒരു ക്രുരത സമാനതകള്‍ ഇല്ലാത്തതാണ്.

കുടുംബം ഒന്നടങ്കം ഇല്ലാതാതിട്ടും, ഹസീന ഒരു ഫീനികസ് പക്ഷിയേപ്പോലെ ചാരത്തില്‍നിന്ന് ഉയര്‍ത്തെഴുനേറ്റു. നാലുവട്ടം ബംഗ്ലാദേശ് പ്രധാനമന്ത്രിയായി. ആ രാജ്യത്തെ സാമ്പത്തികമായി ഉയര്‍ത്തി. സ്വന്തം പിതാവിനെ കൊന്നവരോട് അവര്‍ കണക്ക് ചോദിച്ചു. കിട്ടിയ പ്രതികയെ, 45 വര്‍ഷത്തിനുശേഷവം തൂക്കിലേറ്റി. ബാക്കിയുള്ളവരുടെ സ്വത്ത് കണ്ടുകെട്ടി. 1971-ലെ ബംഗ്ലാദേശ് യുദ്ധകാലത്ത് കൊള്ളയും, കൊള്ളിവെപ്പും, കൊലപാതകവും ബലാത്സഗവും നടത്തിയ, ജമാഅത്തെ ഇസ്്‌ലാമി നേതൃത്വം കൊടുത്ത റസാക്കര്‍മാര്‍ എന്ന സംഘടനയിലെ അംഗങ്ങളെയും ഒന്നിന് പറകെ ഒന്നായി തൂക്കിലേറ്റി. ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയിലെ നൂറിലേറെപേരെയാണ് ഹസീനയുടെ കാലത്ത് തൂക്കിക്കൊന്നത്. മതമൗലികവാദികള്‍ക്കെതിരെ അവര്‍ ശക്തമായി പേരാടി.

ഹസീനയും അവരുടെ അവാമി ലീഗും അധികാരത്തില്‍ എത്തിയിരുന്നില്ലെങ്കില്‍ മുജീബിന്റെ എല്ലാ കൊലയാളികളും ഇന്നും സസുഖം വിഹരിക്കുമായിരുന്നു. കാരണം പട്ടാളഭരണം അടക്കം പ്രതികളെ സംരക്ഷിക്കയാണ് ചെയ്തത്. മുജീബിനെയും അദ്ദേഹത്തിന്റെ കുടുംബാംഗളെയും കൂട്ടക്കൊല ചെയ്തവരില്‍ പ്രധാനിയെയും പിടികൂടിയത് 2020ലാണ്. 'മുജീബ് ജന്മശതാബ്ദി വര്‍ഷത്തില്‍ രാജ്യത്തിനു ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനം" എന്നാണ് ഹസീനയുടെ ആഭ്യന്തര മന്ത്രി അബ്ദുസ്സമാന്‍ ഖാന്‍ ഇതിനെ വിശേഷിപ്പിച്ചത്.

മറ്റു 11 പ്രതികളോടൊപ്പം വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്ന ഇയാള്‍-മുന്‍ ആര്‍മി ക്യാപ്റ്റന്‍ അബ്ദുല്‍ മജീദ്, 23 വര്‍ഷം കൊല്‍ക്കൊത്തയില്‍ ഒളിവിലായിരുന്നു. ദയാഹര്‍ജി പ്രസിഡന്റ് അബ്ദുല്‍ ഹമീദ് തള്ളിയതിനെ തുടര്‍ന്ന് അഞ്ചാം ദിവസം (2020 ഏപ്രില്‍ 12, ഞായറാഴ്ച) ധാക്ക സെന്‍ട്രല്‍ ജയിലില്‍ അയാളെ തൂക്കിക്കൊന്നു.

1975-ല്‍ മുജീബിനു പകരം പ്രസിഡന്റായ ഖണ്ടാക്കര്‍ മുഷ്ത്താഖ് അഹ്‌മദ് പ്രതികളെ കുറ്റവിമുക്തരാക്കുന്ന ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. പിന്നീട് അധികാരത്തില്‍ എത്തിയ പട്ടാളത്തലവന്‍ ജനറല്‍ സിയാവുര്‍ റഹ്‌മാന്റെ ഭരണത്തില്‍ അതു ഭരണഘടനയുടെ ഭാഗമായി. സിയയും വധിക്കപ്പെടുകയായിരുന്നു. മറ്റൊരു പട്ടാള വിപ്ളവത്തി ലൂടെ ഭരണം പിടിച്ചടക്കിയ ജനറല്‍ എച്ച്. എം. ഇര്‍ഷാദ്, സിയയുടെ വിധവ ഖാലിദ എന്നിവരില്‍നിന്നും മുജീബിന്റെ ഘാതകര്‍ക്ക് സഹായവുംസംരക്ഷണവുമാണ് ലഭിച്ചത്. മുജീബിന്റെ പാര്‍ട്ടി, അവാമി ലീഗ് ഹസീനയുടെ നേതൃത്വത്തില്‍ 1996ല്‍ ഭരണത്തില്‍ തിരിച്ചെത്തിയതോടെ യാണ് എഫ്ഐആര്‍പോലും ഫയല്‍ ചെയ്യപ്പെട്ടത്. കൊലയാളികളെ കുറ്റവിമുക്തമാക്കിക്കൊണ്ടുള്ള നിയമം പാര്‍ലമെന്റ് റദ്ദാക്കി.

മുജീബ് വധക്കേസില്‍, പിടിയിലായവരും അല്ലാത്തവരുമായ 20 പ്രതികളില്‍ 15 പേര്‍ക്ക് 1998-ല്‍ ധാക്ക സെഷന്‍സ് കോടതി വധശിക്ഷ വിധിക്കുകയും 2001-ല്‍ ഹൈക്കോടതി 12 പേരുടെ ശിക്ഷ ശരിവയ്ക്കുകയും ചെയ്തു. പക്ഷേ, കേസ് സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍ വീണ്ടും തടസ്സങ്ങളുണ്ടായി. കാരണം, അതിനിടയില്‍ ഹസീനയുടെ ഭരണം അവസാനിക്കു കയും ഖാലിദ സിയ വീണ്ടും അധികാരത്തില്‍ എത്തുകയും ചെയ്തിരുന്നു. 2008-ല്‍ ഹസീന രണ്ടാമതും പ്രധാനമന്ത്രി യായതോടെയാണ് തടസ്സങ്ങള്‍ നീങ്ങിയത്. ലെഫ്റ്റനന്റ് കേണല്‍മാരായിരുന്ന സയ്യിദ് ഫാറൂഖ് റഹ്‌മാന്‍, സുല്‍ത്താന്‍ ഷഹരിയാര്‍ റഷീദ് ഖാന്‍, മുഹിയുദ്ദീന്‍ അഹമദ്, എ. കെ. എം.-മുഹിയുദ്ദീന്‍ അഹ്‌മദ്, മേജര്‍ ജനറലായിരുന്ന ബസ്ലുല്‍ ഹുദ എന്നിവര്‍ നല്‍കിയ അപ്പീല്‍ 2009-ല്‍ സുപ്രീം കോടതി തള്ളി. ഇവരെ 2010 ജനുവരിയില്‍ തൂക്കിക്കൊന്നു.

വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരില്‍ മുന്‍ കേണല്‍ ഖണ്ടാക്കര്‍ അബ്ദുല്‍ റഷീദ്, മുന്‍ ലെഫ്. കേണല്‍ഷരീഫുല്‍ ഹഖ് ദാലിം, മുന്‍ മേജര്‍മാരായ നൂര്‍ ചൗധരി, എഎം. റഷീദ് ചൗധരി, മുന്‍ റിസാല്‍ദാര്‍ മുസ്ലിഹുദ്ദീന്‍ എന്നീ അഞ്ചുപേരെയാണ് ഇനിയും പിടികിട്ടാനുള്ളത്. മറ്റൊരാള്‍, മുന്‍ ലെഫ്. കേണല്‍ അബ്ദുല്‍ അസീസ് പാഷ 2002-ല്‍ ആഫ്രിക്കയിലെ സിംബാബ്വെയില്‍ സ്വാഭാവിക കാരണങ്ങളാല്‍ മരിച്ചു. മുജീബിനെ വെടിവച്ച നൂര്‍ ചൗധരി കാനഡയിലും റഷീദ് ചൗധരി അമേരിക്കയിലുമാണുള്ളത്. അവരെ വിട്ടുകിട്ടാനുള്ള ശ്രമം ഊര്‍ജിതമായി നടന്നുവരുന്നു. അതിനിടയിലാണ് ഹസീനക്ക് അധികാരംപോയത്. ഇതോടെ ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങള്‍ അടക്കമുള്ളവര്‍ വ്യാപകമായി ആക്രമിക്കപ്പെടുന്ന കാഴ്ചയും നാം കണ്ടു.

പക്ഷേ ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും, ഇന്നും ബംഗ്ലാദേശിന്റെ വികാരമാണ് ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്‍. ബംഗാളിയെ ഉറുദൂവെച്ചും, ബംഗ്ലാദേശ് സ്വത്വത്തെ ഇസ്ലാം എന്ന മതംവെച്ചും, പ്രതിരോധിക്കാനാണ് മതമൗലികവാദികള്‍ ശ്രമിക്കുന്നത്. അതിന് ബംഗ്ലാബന്ധുവിന്റെ ആശയങ്ങളാണ് എറ്റവും വലിയ പ്രശ്നമെന്ന് അവര്‍ക്ക് നന്നായി അറിയാം. അതുകൊണ്ടാണ് ഷെയ്ഖ് ഹസീനയേക്കാള്‍ അവര്‍ ടാര്‍ജറ്റ് ചെയ്യുന്നത് മുജീബുര്‍ റഹ്‌മാനെയാണ്.