മിഴ്ന്നുവീണാല്‍ കാല്‍പ്പണം! യുദ്ധമായാലും സ്പോര്‍ട്സായാലും, രാജ്യന്തര ബന്ധങ്ങള്‍ ആയാലും ട്രംപിന് എന്തിനും അടിസ്ഥാനം പണം മാത്രമാണ്. അമേരിക്ക ഫസ്റ്റ് എന്ന മുദ്രാവാക്യമുയര്‍ത്തി ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരത്തിലേറുമ്പോള്‍, ലോകം ഇത്രയേറെ പ്രതീക്ഷിച്ചിട്ടില്ല. ട്രംപിന് മുന്നില്‍ അമേരിക്കയുടെ ധനസ്ഥിതി മാത്രമേയുള്ളൂ. കാലാവസ്ഥാ വ്യതിയാനം പരിഹരിക്കുന്നതിനും, പരിസ്ഥിതി നാശം അകറ്റുന്നതിനുമെല്ലാമുള്ള, അന്താരാഷ്ട്ര പദ്ധതികള്‍ക്ക് ഫണ്ട് ചെയ്യുന്നത് ട്രംപിനെ സംബന്ധിച്ച് പാഴ് ചെലവാണ്. അയാളുടെ പ്രശ്നം പണം അമേരിക്കയിലേക്ക് വരികയെന്നതാണ്. അതിന്റെ ആദ്യഘട്ടമായിരുന്നു താരിഫ് യുദ്ധം. അമേരിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമിത താരിഫ് ചുമത്തുന്ന മുഴുവന്‍ രാജ്യങ്ങള്‍ക്കും, ഇറക്കുമതി താരിഫ് കുത്തനെ കൂട്ടുമെന്നാണ് ട്രംപിന്റെ ഭീഷണി. അത് ഫലം കണ്ടു. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ താരിഫ് കുറച്ചു.

ഏറ്റവും ഒടുവിലായി അതിസമ്പന്നരായ വിദേശികള്‍ക്ക് അമേരിക്കന്‍ പൗരത്വം അനായാസം ലഭിക്കാന്‍ അവസരമൊരുക്കുന്ന പദ്ധതിയുമായി ട്രംപ് രംഗത്ത് എത്തിയിരിക്കയാണ്. അഞ്ച് മില്യണ്‍ അമേരിക്കന്‍ ഡോളര്‍ (43.5 കോടി ഇന്ത്യന്‍ രൂപ) ചെലവഴിച്ചാല്‍ പൗരത്വത്തിലേക്ക് വഴിതുറക്കുന്ന ഗോള്‍ഡ് കാര്‍ഡ് പദ്ധതിയാണ് ട്രംപ് നടപ്പാക്കാനൊരുങ്ങുന്നത്. അതായത് അമേരിക്കന്‍ പൗരത്വത്വത്തിനുപോലും പണം മാനദണ്ഡമാവുന്നു!

മുന്‍കാല ഭരണാധികാരികള്‍ ചെയ്തതുപോലെ ലോക പൊലീസ് ചമഞ്ഞ്, ലോകത്തിലെ സകല പ്രശ്നങ്ങളിലും ഇടപെട്ട് കോടികളുടെ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന നേതാവല്ല ട്രംപ്. അയാള്‍ നാക്കുകൊണ്ട് മാത്രമാണ് യുദ്ധം ചെയ്യുക. ഇപ്പോഴിതാ യുക്രൈന്‍ യുദ്ധം പരിഹരിക്കാനുള്ള ഇടപെടലിലും ട്രംപിന് പ്രശ്നം, പണമാണ്! കോടികള്‍ വിലമതിക്കുന്ന ധാതുസമ്പത്ത് ലക്ഷ്യമിട്ട് റഷ്യയോടും യുക്രൈനോടും ഒരുപോലെ വിലപേശുന്ന സമീപനമാണ് ട്രംപിന്റെത്. ട്രംപിസം എന്നാല്‍ ഇക്കണോമിക്ക് വാര്‍ എന്നാണ് ദ ഗാര്‍ഡിയന്‍ കൊടുത്തിരിക്കുന്ന തലക്കെട്ട്.

രാജ്യം പണയംവെച്ച് സെലന്‍സ്‌ക്കി

അമേരിക്കന്‍ പ്രസിഡന്റ് എന്നാല്‍ ഫലത്തില്‍, ലോകത്തിന്റെ തലവന്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ ലോകത്തില്‍ ഒരു പ്രധാന പ്രശ്നം ഉണ്ടായാല്‍ അവിടെ ഇടപെട്ട് ഹീറോയാവാനുള്ള അവസരങ്ങള്‍ ഒന്നും തന്നെ അമേരിക്കന്‍ പ്രസിഡന്റുമാര്‍ നഷ്ടപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ട്രംപ് അങ്ങനെയല്ല. യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്്ക്കിയുടെ ഗതികേട് മുതലെടുത്ത്, കോടികള്‍ ഉണ്ടാക്കാനാണ് അദ്ദേഹത്തിന്റെ നീക്കം.

ജോ ബൈഡന്‍ അമേരിക്കയുടെ പ്രസിഡന്റായിരുന്ന കാലഘട്ടത്തില്‍ യുക്രൈന് നല്‍കിയ സൈനിക സഹായത്തിന്റെ ചെലവ് മടക്കി നല്‍കണമെന്നാണ് ട്രംപിന്റെ ആവശ്യം. ഒടുവില്‍ നിവൃത്തി കെട്ട് അമേരിക്കക്ക് മുന്നില്‍ യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കി മുട്ടുമടക്കി. നിര്‍ണായകമായ ധാതുഖനനം സംബന്ധിച്ച കരാറില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായതായി റിപ്പോര്‍ട്ട്. അമേരിക്കക്ക് യുദ്ധച്ചെലവ് കൈമാറുന്നതിന് വേണ്ടിയാണ് സമ്മര്‍ദ്ദത്തിന് വഴങ്ങി കരാറില്‍ ഒപ്പിടാന്‍ യുക്രൈന്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച്ച വാഷിംഗ്ടണില്‍ ചെന്ന് സെലന്‍സ്‌കി കരാറില്‍ ഒപ്പിടുമെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.




റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന ശ്രമങ്ങള്‍ക്കിടയിലാണ് ഇക്കാര്യത്തില്‍ ഒരു തീരുമാനം ആകുന്നത്. യുക്രൈന്റെ ധാതുസമ്പത്തില്‍ 500 ബില്യണ്‍ ഡോളറിന്റെ അവകാശമാണ് അമേരിക്ക ആവശ്യപ്പെട്ടിരുന്നത്.എന്നാല്‍ ഇക്കാര്യത്തില്‍ സെലന്‍സ്‌കി നേരത്തെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. യൂറോപ്യന്‍ യൂണിയന്‍ സുപ്രധാനം എന്ന് തിരിച്ചറിഞ്ഞ 34 ധാതുക്കളില്‍ 22 എണ്ണത്തിന്റെയും വന്‍തോതിലുള്ള നിക്ഷേപം യുക്രൈനിലുണ്ട്. അവയില്‍ വ്യാവസായിക, നിര്‍മാണ വസ്തുക്കള്‍, ഫെറോഅലോയ്, വിലയേറിയ നോണ്‍-ഫെറസ് ലോഹങ്ങള്‍, ചില അപൂര്‍വ മൂലകങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇലക്ട്രിക്ക് വാഹനങ്ങളിലെ ബാറ്ററികളിലേയും ആണവ റിയാക്ടറുകളിലേയും പ്രധാന ഘടകമായ ഗ്രാഫൈറ്റിന്റെ കരുതല്‍ ശേഖരവും യുക്രൈനുണ്ട്.

കരാറില്‍ ഒപ്പിടുന്നതിനായി സെലന്‍സ്‌കി വെള്ളിയാഴ്ച അമേരിക്കയിലേക്ക് വരുന്ന കാര്യം ട്രംപ് തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. യുക്രൈനിലെ ഉത്തനതല വൃത്തങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കരാറിന്റെ ഭാഗമായി യുക്രൈന് അമേരിക്ക നല്‍കുന്ന സൈനിക സഹായം തുടരുമെന്നാണ് അവരുടെ പ്രതീക്ഷ എങ്കിലും അതിന് സാധ്യത കുറവാണെന്നാണ് സൂചന. ബൈഡന്‍ സര്‍ക്കാര്‍ യുക്രൈന് സൈനിക സഹായം നല്‍കിയില്ലായിരുന്നു എങ്കില്‍ യുദ്ധം വളരെ നേരത്തേ തന്നെ അവസാനിക്കുമായിരുന്നു എന്നാണ് ട്രംപിന്റെ നിലപാട്. ഇനി കൂടുതല്‍ സഹായം യുക്രൈന് കൊടുക്കുമോ എന്ന ചോദ്യത്തിനും തന്ത്രപരമായ മൗനം തുടരുകയാണ് ട്രംപ്. യുക്രൈനിന്റെ പക്കല്‍ 50,000 കോടി ഡോളര്‍ മൂല്യമുള്ള ധാതുനിക്ഷേപമുണ്ട് എന്നാണ് ട്രംപിന്റെ വാദം. അമേരിക്കയ്ക്ക് അവ ഖനനം ചെയ്യാന്‍ അവകാശം വേണമെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ റഷ്യയില്‍ നിന്ന് സുരക്ഷ ഉറപ്പ് തന്നാല്‍ ധാതുനിക്ഷേപത്തിന്റെ കാര്യത്തില്‍ എന്ത് കരാറിനും സന്നദ്ധമാണെന്നാണ് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി അഭിപ്രായപ്പെട്ടത്.

റഷ്യയുമായും വിലപേശുന്നു

യുക്രൈന്‍ യുദ്ധം അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണെന്ന്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിര്‍ സ്റ്റാമറും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഒന്നും ചെയ്തിലെന്ന് ട്രംപ് പറഞ്ഞിരുന്നു. 'മാക്രോണ്‍ എന്റെ നല്ല സുഹൃത്താണ്, കെയിര്‍ സ്റ്റാമറെ ഞാന്‍ കണ്ടിട്ടുണ്ട് അദ്ദേഹം ഒരു നല്ല വ്യക്തിയാണ്. പക്ഷേ യുദ്ധം അവസാനിപ്പിക്കാന്‍ ഒന്നും ചെയ്തില്ല' -എന്നാണ് ട്രംപ് പറഞ്ഞത്.

യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കം നടത്തുകയാണെന്ന വ്യാജനേ, യക്രൈനിനെ കോടികളുടെ സമ്പത്ത് അടിച്ചുമാറ്റാനാണ് ട്രംപ് ശ്രമിക്കുന്നത്. ഒരേസമയം റഷ്യയുമായും ട്രംപ് വിലപേശുകയാണ്. യുദ്ധത്തിനിടെ യുക്രൈനില്‍ നിന്ന് പിടിച്ചെടുത്ത പ്രദേശങ്ങളിലുള്ള അപൂര്‍വ ധാതുശേഖരം അമേരിക്കയ്ക്ക് നല്‍കാമെന്നാണ് റഷ്യയുടെ ഓഫര്‍. യുദ്ധം അവസാനിപ്പിക്കുന്നതിന് പകരമായി യുക്രൈനിലെ ധാതുനിക്ഷേപത്തില്‍ അവകാശം വേണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടേയിരിക്കേയാണ് റഷ്യയുടെ ഭാഗത്തുനിന്നുള്ള അസാധാരണ വാഗ്ദാനം.




റഷ്യന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് പ്രസിഡന്റ് പുട്ടിന്‍ പുതിയ വാഗ്ദാനം മുന്നോട്ടുവെച്ചത്. അമേരിക്കയും യുക്രൈനും തമ്മിലുള്ള ധാതുഖനന കരാര്‍ യാഥാര്‍ഥ്യമായാലും അത് റഷ്യയ്ക്ക് ഒരു ഭീഷണിയാകില്ലെന്ന് പുട്ടിന്‍ അഭിപ്രായപ്പെട്ടു. യുക്രൈന്റെ കൈവശമുള്ളതിനേക്കാള്‍ കൂടുതല്‍ അപൂര്‍വ ധാതുക്കളുടെ ശേഖരം റഷ്യയുടെ നിയന്ത്രണത്തിലുണ്ടെന്നും പുടിന്‍ പറഞ്ഞു. പുതിയ പ്രദേശങ്ങളുടെ ( റഷ്യ യുക്രൈനില്‍ നിന്ന് കൈവശപ്പെടുത്തിയ സ്ഥലങ്ങള്‍) കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. പുതിയത് എന്ന് വിളിക്കപ്പെടുന്ന, റഷ്യന്‍ ഫെഡറേഷനിലേക്ക് മടങ്ങിയെത്തിയ ചരിത്രപരമായി റഷ്യയുടെ ഭാഗമായിരുന്ന പ്രദേശങ്ങളിലേക്ക് വിദേശ പങ്കാളികളെ ആകര്‍ഷിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്- പുടിന്‍ വിശദീകരിച്ചു.

സൈബീരിയയിലെ ക്രാസ്നോയാസ്‌കില്‍ അമേരിക്കയുമായി ചേര്‍ന്ന് സംയുക്തമായി അലുമിനിയം ഉത്പാദനം നടത്താമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റഷ്യന്‍ അലുമിനിയം ഉത്പാദകരായ റൂസലിന് ഏറ്റവും വലിയ ഖനികളുള്ള സ്ഥലമാണ് ക്രാസ്നോയാസ്‌ക്. അതേസമയം അമേരിക്കയുമായി സഹകരിക്കാമെന്ന റഷ്യന്‍ പ്രസിഡന്റിന്റെ വാഗ്ദാനം വാചോടാപം ആകാനാണ് സാധ്യത. തങ്ങളുടെ കൈവശം എത്രത്തോളം അപൂര്‍വ ധാതുക്കളുടെ ശേഖരമുണ്ടെന്ന് അറിയിക്കാനുള്ള തന്ത്രമായും ഇതിനെ വിലയിരുത്തുന്നുണ്ട്.

ലോകത്തെ അപൂര്‍വ ധാതുസമ്പത്തിന്റെ അഞ്ച് ശതമാനം യുക്രൈനിന്റെ കൈവശമായിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷമായി തുടരുന്ന യുദ്ധത്തോടെ ധാതുനിക്ഷേപമുള്ള പ്രദേശങ്ങളുടെ നല്ലൊരു പങ്കും റഷ്യ കൈവശപ്പെടുത്തി. ഇപ്പോള്‍ അമേരിക്കയും ആ മത്സരത്തിന്റെ ഭാഗമാവുകയാണ്. ചുരുക്കിപ്പറഞ്ഞാല്‍ പണം തന്നെയാണ് യുദ്ധത്തിന്റെ അടിസ്ഥാനമെന്ന് വന്നിരിക്കയാണ്.

എങ്ങനെ യുദ്ധം അവസാനിപ്പിക്കും

യുക്രെയ്ന്‍ യുദ്ധം മൂന്നാം വര്‍ഷത്തിലേക്ക് എത്തുമ്പോള്‍ ഇതുവരെയും സമാധാന ചര്‍ച്ചയിലേക്ക് എത്താന്‍ ഇരുരാജ്യങ്ങള്‍ക്കും സാധിച്ചിട്ടില്ല. 2022 ഫെബ്രുവരിയില്‍ ആരംഭിച്ച യുദ്ധം അതിവേഗം അവസാനിപ്പിക്കാനാകും എന്നായിരുന്നു റഷ്യയുടെ പ്രതീക്ഷയെങ്കിലും യുദ്ധം നീണ്ടുപോയി. അന്ന് അമേരിക്കയും സഖ്യരാജ്യങ്ങളും ആയുധവും അര്‍ത്ഥവുമായി പിന്നില്‍ നിന്നതുകൊണ്ടാണ്, യുക്രൈനെ കീഴടക്കാന്‍ റഷ്യക്ക് കഴിയാതെപോയത്. പക്ഷേ വ്യാപകമായ നാശനഷ്ടങ്ങളും ജീവഹാനിയുമുണ്ടാവുകയും ചെയ്തു.

പക്ഷേ ഇപ്പോള്‍ റഷ്യക്കും എങ്ങനെയെങ്കിലും യുദ്ധം അവസാനിപ്പിച്ച് തടിയൂരണം എന്നുണ്ട്. ജോ ബൈഡന്‍ മാറി ട്രംപ് വന്നതോടെ പഴയ പിന്തുണ കിട്ടാത്തത്തിനാല്‍ യുദ്ധം അവസാനിപ്പിക്കണമെന്ന ആഗ്രഹം യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌ക്കിക്കുമുണ്ട്. അതിനിടെയാണ്, യുക്രൈനേയും യൂറോപ്യന്‍ രാജ്യങ്ങളേയും ഒഴിവാക്കി ട്രംപ് റഷ്യയുമായി നടത്തിയ കൂടിക്കാഴ്ച പുതിയ ആശങ്കകള്‍ക്ക് ഇടയാക്കിയിട്ടുമുണ്ട്. അതോടൊപ്പം, യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയെ വിമര്‍ശിച്ച് ട്രംപ് നടത്തിയ പരാമര്‍ശങ്ങളും വലിയ ചര്‍ച്ചക്ക് വഴിയൊരുക്കി. യുദ്ധം അവസാനിപ്പിക്കുന്നതില്‍ സെലന്‍സ്‌കിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും സെലന്‍സ്‌കി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് പ്രാധാന്യമുള്ള കാര്യമല്ലെന്നും ട്രംപ് പറഞ്ഞിരുന്നു.

യുക്രെയ്ന്‍ നാറ്റോയില്‍ ചേരാന്‍ പാടില്ല എന്നത് തന്നെയാണ് യുദ്ധം അവസാനിപ്പിക്കാനുള്ള പ്രധാന ഫോര്‍മുലയായി റഷ്യ ഇപ്പോഴും മുന്നോട്ട് വെക്കുന്നത്. 2014-ന് മുമ്പുള്ള അതിര്‍ത്തികള്‍ പുനഃസ്ഥാപിക്കില്ല. അതിനാല്‍ ക്രിമിയയുടെ കൂട്ടിച്ചേര്‍ക്കല്‍ നിലനില്‍ക്കും, അതേസമയം റഷ്യയുടെ നാല് കിഴക്കന്‍ പ്രവിശ്യകളുടെ നിയന്ത്രണം ചര്‍ച്ചകള്‍ക്ക് വിധേയമായിരിക്കും. ഇതിനുപകരമായി റഷ്യയ്‌ക്കെതിരായ ഉപരോധം അമേരിക്കയും യൂറോപ്യന്‍ യൂണിയനും നീക്കണം. ഇതൊക്കെയാണ് റഷ്യയുടെ ആവശ്യങ്ങള്‍. എന്നാല്‍ ഇതെല്ലാം ഒരു മേശക്ക് ചുറ്റുമിരുന്ന് ചര്‍ച്ച ചെയ്യിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. അവിടെയാണ് എല്ലാവരും ട്രംപിന്റെ റോള്‍ ഉറ്റുനോക്കുന്നത്.




അതിര്‍ത്തിയില്‍ നാറ്റോയുടെ സാന്നിധ്യം വേണ്ടെന്ന് റഷ്യ എക്കാലവും ആഗ്രഹിച്ചിരുന്നു. യുക്രൈന്‍ യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നതിനെതിരെയും റഷ്യ നിലപാടെടുത്തിരുന്നു. റഷ്യന്‍ ഭാഷ സംസാരിക്കുന്ന യുക്രെയ്നിന്റെ ചില പ്രദേശങ്ങള്‍ റഷ്യയുടെ ഭാഗമാക്കണമെന്ന ആവശ്യം റഷ്യ ഉന്നയിക്കുന്നുണ്ട്. റഷ്യയ്ക്കും നാറ്റോയ്ക്കും ഇടയില്‍ ഒരു നിരായുധ മേഖല സൃഷ്ടിക്കണമെന്നും റഷ്യ ആഗ്രഹിക്കുന്നു.

യുദ്ധം യൂറോപ്യന്‍ രാജ്യങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. യുദ്ധത്തിന്റെ സാമ്പത്തിക ബാധ്യതയും യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതിരോധ ബജറ്റ് വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും പാശ്ചാത്യ സഖ്യത്തിന് സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുണ്ട്. ജര്‍മ്മനിയുടെ സാമ്പത്തിക അഭിവൃദ്ധി റഷ്യയില്‍ നിന്നുള്ള ഊര്‍ജ്ജത്തെ ആശ്രയിച്ചാണ്. റഷ്യയ്‌ക്കെതിരായ ഉപരോധങ്ങള്‍ ഇയുവിലെ ഊര്‍ജ്ജച്ചെലവ് വര്‍ധിപ്പിക്കുകയും ചെയ്തു. ജര്‍മ്മനിയിലെ തെരഞ്ഞെടുപ്പില്‍ ഈ സംഭവവികാസങ്ങള്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് കാണേണ്ടതുണ്ട്.

ഏറ്റവും പ്രധാനം അമേരിക്കയുടെ നിലപാട് മാറ്റം തന്നെയാണ്. ബൈഡന്‍ ഭരണകാലത്ത്, യുക്രൈനെ പിന്തുണയ്ക്കുന്നത് യുഎസ് നയത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. അത്തരം സെന്റിമെന്‍സ് ഒന്നും ട്രംപിന്റെ മുന്നില്‍ വര്‍ക്കൗട്ടാവില്ല. മറ്റൊരുകാര്യം, പുടിന്‍ ട്രംപിന്റെ വ്യക്തിപരമായ സുഹൃത്താണെന്നത് കൂടിയാണ്. അതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും യുദ്ധത്തടവുകാരെ കൈമാറണമെന്ന നിര്‍ദേശം യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി മുന്നോട്ടുവെച്ചിരുന്നു. എല്ലാ യുക്രൈന്‍ തടവുകാരെയും റഷ്യ മോചിപ്പിക്കണമെന്നും സമാനമായ രീതിയില്‍ തടവുകാരെ മോചിപ്പിക്കാന്‍ യുക്രൈന്‍ തയ്യാണെന്നും സെലെന്‍സ്‌കി പറഞ്ഞു. അതേസമയം, ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും എന്നാല്‍ സമാധാന ഒത്തുതീര്‍പ്പ് തങ്ങള്‍ക്കുകൂടി ബോധ്യമായാല്‍ മാത്രമേ യുദ്ധം അവസാനിപ്പിക്കൂയെന്നും റഷ്യ പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുമായി ചേര്‍ന്ന് യുക്രൈന്‍ സംഘര്‍ഷം പരിഹരിക്കാന്‍ തങ്ങള്‍ ശ്രമിക്കുമ്പോള്‍ യുദ്ധം തുടരാനാണ് യുറോപ്പ് ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ആരോപിച്ചു. നേരത്തെ, സൈനികസഖ്യമായ നാറ്റോയില്‍ യുക്രൈന് അംഗത്വം കിട്ടിയാല്‍ താന്‍ ഉടന്‍ രാജിവെക്കുമെന്ന് പ്രസിഡന്റ് സെലെന്‍സ്‌കി പറഞ്ഞിരുന്നു. ''യുക്രൈനില്‍ സമാധാനമുണ്ടായാല്‍, ഞാന്‍ രാജിവെക്കണമെന്ന് നിങ്ങള്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചാല്‍, ഞാന്‍ അതിന് തയ്യാറാണ്. നാറ്റോയില്‍ അംഗത്വം ലഭിക്കുന്നതിന് പകരമായി ഞാന്‍ പുറത്തുപോകും''- സെലെന്‍സ്‌കി പറഞ്ഞു.

അറ്റ്ലാന്റിക് സഖ്യത്തിന്റെ അന്ത്യം!

ട്രംപിന്റെ ഇത്തരം നീക്കങ്ങള്‍ ഫലത്തില്‍ നാറ്റോ എന്ന ലോകത്തിലെ ഏറ്റവും പ്രബലമായ സൈനിക സഖ്യത്തിന് ഏറ്റ തിരിച്ചടി കൂടിയാണ്. നാറ്റോയിലെ ഒരു അംഗരാജ്യത്തിനുനേരെ ആക്രമണം ഉണ്ടായാല്‍, എല്ലാവരും ഒന്നിച്ച് എതിര്‍ക്കണമെന്നാണ് തീരുമാനം. എന്നിട്ട് അതേ നാറ്റോ സഖ്യത്തിന്റെ അംഗത്വത്തിന്റെ പേരില്‍ തുടങ്ങിയ യുദ്ധത്തിന്, ഇപ്പോള്‍ നാറ്റോയിലെ മുഖ്യകക്ഷിയായ അമേരിക്കയുടെ തന്നെ പിന്തുണ ഇല്ലാതായിരിക്കുന്നു. ട്രംപ് എടുക്കുന്ന ഏകപക്ഷീയമായ തീരുമാനങ്ങളില്‍ ബ്രിട്ടനും, ഫ്രാന്‍സും, ജര്‍മ്മനിയും ഉള്‍പ്പെടുയുള്ളവര്‍ക്ക് കടുത്ത അതൃപ്തിയാണുള്ളത്.

യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാനുള്ള അമേരിക്കയുടെ ഏകപക്ഷീയ നീക്കത്തില്‍ പ്രതിഷേധം പരസ്യമാക്കി യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. അമേരിക്കയുടെ ഏകപക്ഷീയമായ നീക്കത്തെ വിമര്‍ശിച്ച യൂറോപ്യന്‍ രാജ്യങ്ങളിലെ നേതാക്കള്‍, വിഷയം ചര്‍ച്ച ചെയ്യാന്‍ പാരിസില്‍ പ്രധാന യൂറോപ്യന്‍ രാജ്യങ്ങളുടെ അടിയന്തര യോഗം ചേരാനടക്കം തീരുമാനിച്ചിരുന്നു. ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ഇംഗ്ലണ്ട്, പോളണ്ട് രാജ്യങ്ങളെല്ലാം തന്നെ അമേരിക്കയുടെ ഏകപക്ഷീയ നീക്കത്തില്‍ കടുത്ത പ്രതിഷേധം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് യൂറോപ്യന്‍ നേതാക്കള്‍ ചര്‍ച്ചയ്ക്കായി കൂട്ടത്തോടെ വൈറ്റ് ഹൗസിലേക്ക് എത്തുന്നത്.




താറുമാറായ യുറോപ്പിലെ രാഷ്ട്രീയ സാഹചര്യവും യുദ്ധം അവസാനിപ്പിക്കുന്നതിലേക്ക് കാര്യങ്ങള്‍ നീക്കാനുള്ള കാരണങ്ങളില്‍ ഒന്നാണ്. ഇതിനൊപ്പം ട്രംപിന്റെ പല നീക്കങ്ങളും യുറോപ്പിനെ ഉലച്ചിട്ടുണ്ട്. മ്യൂണിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍, യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് യൂറോപ്പിലെ രാഷ്ട്രീയ പ്രതിസന്ധിയെപ്പറ്റി തുറന്നുപറഞ്ഞിരുന്നു. നിലവില്‍ യുറോപ്പ് രണ്ട് പ്രശ്നങ്ങളാണ് അഭിമൂഖീകരിക്കുന്നത്. അതിലൊന്ന് റഷ്യന്‍ ആക്രമണവും മറ്റൊന്ന് അമേരിക്കയുടെ ശത്രുതയുമാണ്. അമേരിക്കയെ അനുനയിപ്പിക്കാന്‍ ഫ്രാന്‍സ്, ഇംഗ്ലണ്ട് രാഷ്ട്രങ്ങളിലെ ഭരണാധികാരികള്‍ അമേരിക്ക സന്ദര്‍ശിക്കാനിരിക്കെയാണ്. ഈ സാഹചര്യത്തില്‍ യുക്രൈന് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ യുറോപ്യന്‍ രാജ്യങ്ങള്‍ക്ക് കഴിയാതെ വരുന്നു. ഇത് യുക്രെയിനെ പ്രതിരോധത്തിലാക്കി.

യുക്രെയ്നിന്‍ പ്രസിഡന്റ് സെലെന്‍സ്‌കി തള്ളുന്ന നിലപാടാണ് ട്രംപ് പലപ്പോഴും സ്വീകരിക്കുന്നത്. സെലെന്‍സ്‌കിയെ സ്വേച്ഛാധിപതിയെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അമേരിക്കയെ വെറുപ്പിക്കാന്‍ യുറോപ്യന്‍ രാജ്യങ്ങള്‍ക്ക് കഴിയില്ല. ഈ സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ആഹ്വാനത്തെ അംഗീകരിക്കുകയല്ലാതെ വേറെ മാര്‍ഗമില്ലാത്ത സ്ഥിതിയാണ് എന്നാണ് വിലയിരുത്തല്‍.

യുദ്ധം അവസാനിക്കുന്നത് ലോകത്തിന് സാമ്പത്തിക ആശ്വാസം നല്‍കും. ഉപരോധം ആഗോള വിപണികളെയും ഭക്ഷ്യ വിതരണത്തെയും ഊര്‍ജ സുരക്ഷയെയും തടസ്സപ്പെടുത്തി. യുക്രൈയിന്‍ യുദ്ധം അവസാനിപ്പിക്കുന്നത് വഴി ലോകത്തിലെ സാമ്പത്തിക പ്രതിസന്ധി കുറയ്ക്കാനാക്കുമെന്ന് അമേരിക്ക കണക്കുക്കൂട്ടുന്നു. ഇത് വഴി ലോകരാഷ്ട്രങ്ങളില്‍ ട്രംപിന്റ ജനസമ്മിതി വര്‍ധിപ്പിക്കാമെന്നും അമേരിക്ക കണക്കുകൂട്ടുന്നു.

അതിസമ്പന്നര്‍ക്ക് അമേരിക്കന്‍ പൗരത്വം

യുദ്ധം അവസാനിപ്പിക്കാനും പണം എന്ന ട്രംപ് ലൈനിന്റെ തുടര്‍ച്ചയായാണ് പൗരത്വത്തിന് പണം എന്ന അദ്ദേഹത്തിന്റെ പുതിയ നയത്തെ കാണേണ്ടത്. അതിസമ്പന്നരായ വിദേശികള്‍ക്ക് അമേരിക്കന്‍ പൗരത്വം അനായാസം ലഭിക്കാന്‍ അവസരമൊരുക്കുന്ന പദ്ധതിയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അഞ്ച് മില്യണ്‍ അമേരിക്കന്‍ ഡോളര്‍ (43.5 കോടി ഇന്ത്യന്‍ രൂപ) ചെലവഴിച്ചാല്‍ പൗരത്വത്തിലേക്ക് വഴിതുറക്കുന്ന ഗോള്‍ഡ് കാര്‍ഡ് പദ്ധതിയാണ് ട്രംപ് നടപ്പാക്കാനൊരുങ്ങുന്നത്.

പദ്ധതിയുടെ വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം പുറത്തുവിടും. വിദേശികള്‍ക്ക് അമേരിക്കന്‍ പൗരത്വം വാഗ്ദാനം ചെയ്യുന്ന പത്ത് ലക്ഷം ഗോള്‍ഡ് കാര്‍ഡുകള്‍ വിറ്റഴിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ട്രംപ് പറഞ്ഞു. വന്‍തുക നിക്ഷേപിച്ചാല്‍ അമേരിക്കയില്‍ ജോലി ലഭിക്കുകയും തുടര്‍ന്ന് രാജ്യത്ത് സ്ഥിരതാമസത്തിനുള്ള അനുമതിയും ലഭിക്കുന്ന തരത്തിലുള്ള പദ്ധതിയാണ് വിഭാവനം ചെയ്യുന്നതെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

അമേരിക്കന്‍ വ്യവസായ സംരംഭങ്ങളില്‍ നിക്ഷേപം നടത്തുന്നവര്‍ക്കുള്ള ഇ.ബി 5 പദ്ധതിക്ക് പകരമായാണ് ഗോള്‍ഡ് കാര്‍ഡ് അവതരിപ്പിക്കുന്നത്. അഞ്ച് മില്യണ്‍ അമേരിക്കന്‍ ഡോളറായിരിക്കും കാര്‍ഡിന്റെ വില. കാര്‍ഡുള്ളവര്‍ക്ക് ഗ്രീന്‍ കാര്‍ഡിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കും. തുടര്‍ന്ന് അവര്‍ക്ക് പൗരത്വത്തിലേക്കുള്ള വഴി തെളിയും. അതിസമ്പന്നര്‍ക്ക് ആ കാര്‍ഡ് വാങ്ങുന്നതിലൂടെ നമ്മുടെ രാജ്യത്തേക്ക് വരാന്‍ കഴിയുമെന്നും ട്രംപ് പറഞ്ഞു. റഷ്യക്കാര്‍ക്ക് ഗോള്‍ഡ് കാര്‍ഡ് വാങ്ങാന്‍ കഴിയുമോ എന്ന ചോദ്യത്തിനും ട്രംപ് മറുപടി നല്‍കി. 'റഷ്യയിലെ പ്രഭുക്കന്മാര്‍ക്ക് ഗോള്‍ഡ് കാര്‍ഡ് വാങ്ങാം. ഇത്തരം പ്രഭുക്കന്മാര്‍ വളരെ നല്ല വ്യക്തികളാണ്'-ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ യുക്രൈനെ ആക്രമിച്ചതിന്റെ പേരില്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ വിലക്ക് നേരിടുന്ന രാജ്യമാണ് റഷ്യ. എന്നാല്‍ റഷ്യയിലെ കോടീശ്വരന്‍മ്മാരോട് തങ്ങള്‍ക്ക് യാതൊരു അയിത്തവുമില്ലെന്ന് വ്യക്തമാക്കുകയാണ് ട്രംപ്. ഇതുതന്നെ കൃത്യമായ ഒരു നയംമാറ്റമാണ്.

ഈ പരിപാടി പ്രാബല്യത്തില്‍ വന്നാല്‍, മറ്റൊരു കുഴപ്പമുണ്ട്. ശതകോടികള്‍ ബാങ്കുകളെപറ്റിച്ച് മുങ്ങുന്ന ഇന്ത്യന്‍ വ്യവസായികള്‍ക്ക്, യാതൊരു ബുദ്ധിമുട്ടുമില്ലാതെ അമേരിക്കന്‍ പൗരത്വം നേടാം. കാരണം അവര്‍ യുഎസില്‍ യാതൊരു കുറ്റവും ചെയ്തിട്ടില്ലല്ലോ? ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള സാമ്പത്തിക കുറ്റവാളികള്‍ ഇതിന്റെ മറവില്‍ യുഎസിലേക്ക് അടിയുന്നത് ട്രംപ് തടയുമോ എന്നതാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യം. പക്ഷേ ട്രംപിനെ സംബന്ധിച്ച് എല്ലാറ്റിനും മുകളില്‍ പണം മാത്രമാണ്!

വാല്‍ക്കഷ്ണം: ട്രംപിനെക്കൊണ്ട് ഗുണം കിട്ടിയ ഒരു കൂട്ടര്‍ ഇന്ത്യയിലെ മദ്യപാനികളാണ്. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ കുറക്കണമെന്ന ട്രംപിന്റെ ഭീഷണിക്ക് ഇന്ത്യ വഴങ്ങിയപ്പോള്‍, ജാക്ക് ഡാനിയേല്‍ അടക്കമുള്ള യുഎസ് ലിക്വറുടെ വില 40 ശതമാനത്തോളമാണ് കുറയുന്നത്!