കീവ്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് യുക്രെയിന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി. സോഷ്യല്‍ മീഡിയക്കും വാര്‍ത്താമാധ്യമങ്ങള്‍ക്കും അപ്പുറം ലോകരാഷ്ട്രങ്ങളുടെ പൂര്‍ണ്ണ പിന്തുണ കൂടിയുണ്ട് ഇത്തവണ സെലന്‍സ്‌കിക്ക്. ലോകത്ത് എമ്പാടുമുള്ള സമാധാനകാംക്ഷികളുടെ പ്രതിരൂപമെന്നും, അസാധാരണമായ മനക്കരുത്തുള്ള മനുഷ്യന്‍ എന്നുമാണ് ബി.ബി.സി സെലന്‍സ്‌കിയെ വിശേഷിപ്പിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ചയിലെ സംഭവവികാസങ്ങള്‍ കൂടിയായതോടെ ഈ വിശേഷണം അക്ഷാരാര്‍ത്ഥത്തില്‍ ശരിയാവുകയാണ്.

അമേരിക്കന്‍ പ്രസിഡന്റ് സാക്ഷാന്‍ ഡൊണാള്‍ഡ് ട്രംപിന് മുന്നിലും മുട്ടുമടക്കാതെ തന്റെ നിലപാടുകളില്‍ ഉറച്ച് കൂടിക്കാഴ്ചയില്‍ നിന്ന് ഇറങ്ങിപ്പോയതോടെയാണ് സെലന്‍സ്‌കി വീണ്ടും ചര്‍ച്ചകളില്‍ സജീവമാകുന്നത്. റഷ്യയുമായുള്ള സമാധാന കരാറില്‍ അമേരിക്ക നിര്‍ദേശിക്കുന്ന ഏത് നിബന്ധനയും അനുസരിക്കണമെന്ന നീക്കമാണ് സെലന്‍സ്‌കിയെ ചൊടിപ്പിച്ചത്. റഷ്യയുമായുള്ള യുദ്ധത്തില്‍ അമേരിക്ക നല്‍കിയ പിന്തുണയ്ക്ക് നന്ദി വേണമെന്ന് ട്രംപ്, സെലന്‍സ്‌കിയോട് രൂക്ഷമായി പറഞ്ഞു. സെലന്‍സ്‌കി മൂന്നാം ലോക മഹായുദ്ധത്തിന് കോപ്പുകൂട്ടുകയാണോ എന്നും ട്രംപ് ചോദിച്ചു.

പുടിനുമായി വിട്ടുവീഴ്ച പാടില്ലെന്നും അമേരിക്ക ബാധ്യത നിറവേറ്റാന്‍ തയ്യാറാകണമെന്നും സെലന്‍സ്‌കി തിരിച്ചടിച്ചു. ഇങ്ങനെ ഇരുവരും തമ്മില്‍ രൂക്ഷമായ വാഗ്വാദമാണ് ഉണ്ടായത്. വേണ്ടി വന്നാല്‍ യുക്രെയിനെ കയ്യൊഴിയുമെന്നും ട്രംപും വൈസ് പ്രസിഡന്റ് വാന്‍സും മുന്നറിയിപ്പ് നല്‍കി. തര്‍ക്കത്തിന് പിന്നാലെ സെലന്‍സ്‌കി, വൈറ്റ് ഹൗസില്‍ നിന്ന് ഇറങ്ങിപ്പോയി. വൈറ്റ്ഹൗസിന്റെ പടികള്‍ ഇറങ്ങുമ്പോഴും തന്റെ ജനതയുടെ മുന്നിലും തന്നെ പിന്തുണയ്ക്കുന്നവരുടെ ഹൃദയത്തിലും തന്റെ സ്ഥാനം ഒന്നുകൂടി ഉറപ്പിക്കുകയായിരുന്നു സെലന്‍സ്‌കി.

അസാധാരണമായ കൂടിക്കാഴ്ച.. ട്രംപിന് മുന്നിലും നിലപാടിലുറച്ച് സെലന്‍സ്‌കി

ലോക നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ച്ചകളില്‍ അധികം കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവവികാസങ്ങള്‍ക്കാണ് സെലന്‍സ്‌കി-ട്രംപ് കൂടിക്കാഴ്ചയിലൂടെ വൈറ്റ്ഹൗസ് സാക്ഷിയായത്. യുക്രെയ്നിലെ അപൂര്‍വ ധാതുവിഭവങ്ങളുടെ പങ്കാളിത്തത്തെ സംബന്ധിച്ച് തുടങ്ങിയ വൈറ്റ് ഹൗസ് ചര്‍ച്ച പെട്ടെന്നാണ് വഴി തിരിഞ്ഞതും പ്രകോപനപരമായതും. സെലന്‍സ്‌കിയില്‍ നിന്നുണ്ടാകുന്നത് മര്യാദയില്ലാത്ത പെരുമാറ്റമാണെന്നും മൂന്നാം ലോക മഹായുദ്ധത്തിനായി ചൂതാട്ടം നടത്തുകയാണ് യുക്രെയ്ന്‍ പ്രസിഡന്റ് എന്നുമായിരുന്നു ട്രംപിന്റെ ആരോപണം. ട്രംപും വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും സെലന്‍സ്‌കിക്ക് നേരെ രൂക്ഷമായ ആക്ഷേപങ്ങളാണ് ചൊരിഞ്ഞത്. അമേരിക്ക ചെയ്തു തന്നിട്ടുള്ള ഉപകാരങ്ങള്‍ക്ക് എപ്പോഴെങ്കിലും സെലന്‍സിക് നന്ദി പറഞ്ഞിട്ടുണ്ടോയെന്നായിരുന്നു ട്രംപിന്റെ കുറ്റപ്പെടുത്തല്‍.

അപ്പോഴും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന ഉറച്ച നിലപാടില്‍ തന്നെയായിരുന്നു സെലന്‍സ്‌കി. പുടിനെ ' 'കൊലയാളി' എന്നാണ് സെലന്‍സ്‌കി വിളിച്ചത്. റഷ്യന്‍ അധിനിവേശം മൂലം ഞങ്ങള്‍ക്കുണ്ടായ നാശനഷ്ടം എത്രത്തോളം ഉണ്ടെന്ന് കാണണമെങ്കില്‍ യുക്രെയ്‌നിലേക്ക് വരാന്‍ സെലന്‍സ്‌കി, ജെഡി വാന്‍സിനോട് പറഞ്ഞു. പിന്നാലെ വാക്കുതര്‍ക്കം കൂടുതല്‍ രൂക്ഷമായി. പബ്ലിസിറ്റി ടൂറുകള്‍ നടത്തുകയാണ് സെലന്‍സ്‌കി ചെയ്യുന്നതെന്നായിരുന്നു വാന്‍സിന്റെ പരിഹാസം.



റഷ്യയുമായുള്ള സമാധാന കരാരില്‍ അമേരിക്ക നിര്‍ദേശിക്കുന്ന ഏത് നിബന്ധനയും അനുസരിക്കണമെന്ന നീക്കമാണ് സെലന്‍സ്‌കിയെ ചൊടിപ്പിച്ചത്. റഷ്യയുമായുള്ള യുദ്ധത്തില്‍ അമേരിക്ക നല്‍കിയ പിന്തുണയ്ക്ക് നന്ദി വേണമെന്ന് ട്രംപ്, സെലന്‍സ്‌കിയോട് രൂക്ഷമായി പറഞ്ഞു. സെലന്‍സ്‌കി മൂന്നാം ലോക മഹായുദ്ധത്തിന് ശ്രമിക്കുകയാണോ എന്നും ട്രംപ് ചോദിച്ചു. പുടിനുമായി വിട്ടുവീഴ്ച പാടില്ലെന്നും അമേരിക്ക ബാധ്യത നിറവേറ്റാന്‍ തയ്യാറാകണമെന്നും സെലന്‍സ്‌കി തിരിച്ചടിച്ചു.

ഇങ്ങനെ ഇരുവരും തമ്മില്‍ രൂക്ഷമായ വാഗ്വാദമാണ് ഉണ്ടായത്. വേണ്ടി വന്നാല്‍ യുക്രെയിനെ കയ്യൊഴിയുമെന്നും ട്രംപും വൈസ് പ്രസിഡന്റ് വാന്‍സും മുന്നറിയിപ്പ് നല്‍കി. തര്‍ക്കത്തിന് പിന്നാലെ സെലന്‍സ്‌കി, വൈറ്റ് ഹൗസില്‍ നിന്ന് ഇറങ്ങിപ്പോയി. ട്രംപ് ഏറെ താല്‍പ്പര്യപ്പെട്ട യുക്രെയിനിലെ ധാതുസമ്പത്ത് കൈമാറല്‍ കരാറില്‍ ഒപ്പിടാതെയാണ് സെലന്‍സ്‌കി മടങ്ങിയത്. സമാധാനത്തിന് തയ്യാറാവുകയാണെങ്കില്‍ സെലന്‍സ്‌കിക്ക് തിരിച്ചുവരാമെന്ന് ട്രംപ് പിന്നീട് പ്രതികരിച്ചു. യുക്രെയിന്, വേണ്ടത് സമാധാനമാണെന്നും തങ്ങളുടെ ശ്രമം അതിനുവേണ്ടിയാണെന്നും സെലന്‍സ്‌കി പറഞ്ഞു. ട്രംപിന്റെ പേരെടുത്ത് പറയാതെ അമേരിക്കയുടെ പിന്തുണയ്ക്ക് നന്ദിയെന്നായിരുന്നു സെലന്‍സ്‌കിയുടെ പ്രതികരണം.




നിലപാടുകള്‍ക്ക് കയ്യടിച്ച് ലോകരാഷ്ട്രങ്ങള്‍

വൈറ്റ് ഹൗസില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യുക്രെയിന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയും നടത്തിയ കൂടിക്കാഴ്ച രൂക്ഷമായ വാക്പോരില്‍ കലാശിച്ചതിന് പിന്നാലെ സെലന്‍സ്‌കിക്ക് പിന്തുണയറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍. നല്ല സമയത്തും പരീക്ഷണഘട്ടത്തിലും യുക്രെയിനൊപ്പം നിലയുറപ്പിക്കുമെന്നാണ് നിയുക്ത ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് എക്സിലൂടെ വ്യക്തമാക്കിയത്. സ്ഥാനമൊഴിയുന്ന ചാന്‍സ്ലര്‍ ഒലാഫ് ഷോള്‍സും യുക്രെയിന് പിന്തുണയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ജര്‍മനിയേയും യൂറോപ്പിനെയും യുക്രൈന് എല്ലാ കാലത്തും ആശ്രയിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും യുക്രെയിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ഒരേയൊരു ആക്രമണകാരിയേ ഉള്ളൂ, അത് റഷ്യയാണ്. ആക്രമിക്കപ്പെടുന്ന ഒരു ജനതയേ ഉള്ളൂ അത് യുക്രെയിനാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നും സെലന്‍സ്‌കിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. യുക്രെയിന്‍ ജനതയുടെ ധീരത പ്രകടമാക്കുന്നതാണ് താങ്കളുടെ കുലീനമായ പെരുമാറ്റം. ശക്തനായി നിലകൊള്ളുക, ധീരനും ഭയരഹിതനും ആയിരിക്കുക - അവര്‍ എക്സില്‍ കുറിച്ചു. യുക്രെയിന്‍ ജനത എല്ലാക്കാലവും നിലനില്‍ക്കുന്ന സമാധാനം കൈവരിക്കുന്നതുവരെ ആ രാജ്യത്തിനൊപ്പം നിലകൊള്ളുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. യുക്രെയിനിലെ പ്രധാനമന്ത്രിയും പാര്‍ലമെന്റ് സ്പീക്കറും അടക്കമുള്ളവരും സെലന്‍സ്‌കിയെ പിന്തുണച്ചിട്ടുണ്ട്.



പോളിഷ് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക്, ജര്‍മ്മന്‍ വിദേശകാര്യമന്ത്രി അന്നലെന ബര്‍ബോക്ക്, അയര്‍ലാന്‍ഡ് ഉപ പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് ടി.ഡി, സ്വീഡിഷ് പ്രധാനമന്ത്രിയുടെ ഓഫീസ്, എസ്റ്റോണിയയുടെ വിദേശകാര്യമന്ത്രി, ഡച്ച് വിദേശകാര്യമന്ത്രി, നോര്‍വീജിയന്‍ പ്രധാനമന്ത്രി, ചെക്ക് റിപ്പബ്ലിക്ക് പ്രസിഡന്റ് എന്നിവര്‍ യുക്രെയിനെ പിന്തുണച്ച് എക്‌സില്‍ പോസ്റ്റുകളിട്ടു. യുക്രെയിനിലെ നേതാക്കള്‍ സെലന്‍സ്‌കിയെ പിന്തുണച്ച് രംഗത്തെത്തി. അമേരിക്കയുടെ മുന്നില്‍ പോലും തന്റെ നിലപാടുകളില്‍ നിന്ന് അണുവിട വ്യതിചലിക്കാതെ നില്‍ക്കുന്ന സെലന്‍സ്‌കി വീണ്ടും നിലപാടുകളുിലൂടെ കയ്യടി നേടുകയാണ്.

ഹാസ്യ നടനില്‍ നിന്ന് ഹീറോയിലേക്ക്

യാതൊരു രാഷ്ട്രീയ പാരമ്പര്യവുമല്ലാതെ യുക്രെയിനിന്റെ പ്രസിഡന്റായ വ്യക്തിയാണ് സെലന്‍സ്‌കി. എംജിആറും എന്‍ടിആറും തൊട്ട് നമ്മുടെ ഇന്നസെന്റ് പയറ്റിയ അതേ കളി. ഹാസ്യ നടനായാണ് അദ്ദേഹം പേരെടുത്ത്. 'സെര്‍വന്റ് ഓഫ് ദ പീപ്പിള്‍' എന്ന ടെലിവിഷന്‍ പരിപാടിയില്‍, അഴിമതിക്കെതിരെ പോരടിക്കുന്ന പ്രസിഡന്റായി വേഷമിട്ടതാണ് ഈ നടന്‍െ ജീവിതത്തില്‍ വഴിത്തിരിവായത്. സത്യസന്ധനായ ഒരു സ്‌കൂള്‍ അധ്യാപകന്‍ പ്രസിഡന്റാവുന്ന കഥ ആയിരുന്നു അത്. അഴിമതിക്കാരെ തകര്‍ത്തെറിയുന്ന നേതാവിന്റെ വേഷം യുക്രെയിനില്‍ തരംഗമായി. അങ്ങനെ ഒരു പുതുവര്‍ഷത്തലേന്ന് താന്‍ യുക്രെയിന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയാണെന്ന് നാടകീയമായി ഒരു ടി.വി. ഷോയിലൂടെ സെലെന്‍സ്‌കി പ്രഖ്യാപിച്ചു.

രാഷ്ട്രീയപരിചയം ഒട്ടുമില്ലാത്ത അദ്ദേഹം 2019ല്‍ പ്രസിഡന്റായിരുന്ന പെട്രൊ പൊറൊഷെങ്കോയെ അട്ടിമറിച്ചു. സെലന്‍സ്‌കിയുടെ വിജയം ലോക മാധ്യമങ്ങള്‍ക്കും അദ്ഭുതമായിരുന്നു. 73 ശതമാനം വോട്ടുകള്‍ നേടി വന്‍ഭൂരിപക്ഷത്തിനാണ് ഇയാള്‍ യുക്രെയിന്റെ പുതിയ പ്രസിഡന്റായി മാറിയത്. രാജ്യത്തെ സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രശ്നങ്ങളും അഴിമതിയും യുദ്ധവുമെല്ലാം ചേര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട അസംതൃപ്തിയാണ് ഇത്തരമൊരു തിരഞ്ഞെടുപ്പ് ഫലത്തിലേക്ക് നയിച്ചതെന്നാണ് മാധ്യമങ്ങളുടെ വിലയിരുത്തല്‍.

പ്രശസ്ത യുക്രൈന്‍ എഴുത്തുകാരന്‍ ആന്ദ്രെ കുര്‍ക്കോവ് വിചിത്രമായ ഈ രാഷ്ട്രീയസാഹചര്യത്തെ വിലയിരുത്തിയത് ഇങ്ങനെ ആയിരുന്നു. 'പൊര്‍ഷെങ്കോയുടെ അഞ്ചുവര്‍ഷത്തെ പ്രസിഡന്റ് പദവി നേട്ടങ്ങളില്ലാത്തതല്ല. സേനയെ കൂടുതല്‍ ബലപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചു, സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന യുക്രെയിനിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിക്ക് നിയമസാധുത നേടിക്കൊടുത്തു, പോലീസിലും പൊതുജനാരോഗ്യ രംഗത്തും വിദ്യാഭ്യാസരംഗത്തും നവീകരണം കൊണ്ടുവന്നു. പക്ഷേ, സമ്മതിദായകര്‍ പോര്‍ഷെങ്കോയുടെ സ്ഥാനാര്‍ഥിത്വം പാടേ തിരസ്‌കരിച്ചു.


ഒരുപക്ഷേ, അദ്ദേഹം അഴിമതിക്കാരനാണെന്നും രാജ്യത്തെ ഗാര്‍ഹിക പാചകവാതകത്തിന്റെ തീവ്രവിലക്കയറ്റത്തിന്റെ ഉത്തരവാദിയാണെന്നും ധരിച്ചതുകൊണ്ടാകാം അത്. യുക്രെയിന്‍ പോലെ ഒരു തണുപ്പുരാജ്യത്ത് വാതകഇന്ധനത്തിന്റെ വിലക്കയറ്റം ഒരു പ്രധാന പ്രശ്‌നമാണ്. മറുവശത്തുള്ള സെലെന്‍സ്‌കി, രാഷ്ട്രീയത്തിലോ യുക്രൈന്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലോ ഒട്ടും പരിചയമില്ലാത്ത ഒരു മനുഷ്യന്‍; അദ്ദേഹമാകട്ടെ, യുക്രൈനിയന്‍ രാഷ്ട്രീയത്തെയും രാഷ്ട്രീയക്കാരെയും കളിയാക്കിക്കൊണ്ട് വര്‍ഷങ്ങളായി രാജ്യത്തെ പ്രമുഖ ടെലിവിഷന്‍ ചാനലില്‍ ആക്ഷേപഹാസ്യപരിപാടി ചെയ്തുവരുന്നു. പക്ഷേ ജയിച്ചത് അദ്ദേഹമാണ്''.- ആന്ദ്രെ കുര്‍ക്കോവ് എഴുതുന്നു.

യുദ്ധം നിര്‍ത്താന്‍ പുടിന്റെ കാലുപിടിക്കാമെന്ന് പറഞ്ഞ നേതാവ്..ഒടുവില്‍ ജനങ്ങള്‍ക്ക് ആയുധം നല്‍കിയ പ്രസിഡന്റ്

അധികാരത്തില്‍ ഏറിയപ്പോള്‍ യുക്രെയിനിയന്‍ ഭാഷ സംസാരിക്കാന്‍ പോലും സെലെന്‍സ്‌കിക്ക് അറിയില്ലായിരുന്നു. എപ്പോഴും റഷ്യന്‍ഭാഷ സംസാരിക്കുന്ന അദ്ദേഹത്തിന്റെ യുക്രെനിയന്‍ ഭാഷയ്ക്ക് സാരമായ തകരാറുമുണ്ട് എന്നായിരുന്നു മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിച്ചത്. അതുകൊണ്ട് ആദ്യകാലത്ത് അദ്ദേഹം പൊതുവേദികളില്‍ അധികം സംസാരിച്ചില്ല. പക്ഷേ വൈകാതെ സെലന്‍സ്‌കി ഈ പരിമിതി മറികടന്നു. ഒഴുക്കോടെ യുക്രെനിയന്‍ ഭാഷ സംസാരിക്കാന്‍ അദ്ദേഹം പഠിച്ചു.ആദ്യകാലത്ത് യുക്രെയിനിലെ എഴുത്തുകാരും ബുദ്ധിജീവികളുമെല്ലാം സെലന്‍സ്‌ക്കിക്ക് എതിരായിരുന്നു.

യുദ്ധം അവസാനിപ്പിക്കാനായി പുടിന്റെ കാലുപിടിക്കാന്‍വരെ തയ്യാറാണെന്ന് തിരഞ്ഞെടുപ്പുജയത്തിനുമുമ്പേ സെലെന്‍സ്‌കി പറഞ്ഞിരുന്നു. ഇതൊക്കെയും തുടക്കകാലത്ത് തന്റെ ജനതയ്ക്ക് മുന്നില്‍ അദ്ദേഹത്തെ അപ്രസക്തനാക്കി. എന്നാല്‍ ഈ തിരിച്ചടികളെയെല്ലാം തന്റെ ഭരണം കൊണ്ട് അപ്രസക്തനാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ടൂറിസം, ഐ.ടി രംഗത്തെ മികവിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ ശ്രമിച്ച് വരികയായിരുന്നു. യുദ്ധത്തിന്റെ പശ്ചാത്തലത്തിലേക്ക് രാഷ്ട്രം മാറുന്നത് അപ്പോഴായിരുന്നു. എന്നാല്‍ അതുവരെ കണ്ട സെലന്‍സ്‌കിയെ അല്ല യുക്രൈന്‍ ജനത പിന്നീട് കണ്ടത്.തന്റെ ജനതയ്ക്ക് വേണ്ടി മുന്നില്‍ നിന്ന് പോരാടുന്ന യോദ്ധാവിനെ തന്നെയായിരുന്നു.

രാജ്യ തലസ്ഥാനമായ കീവ് വളയാന്‍ റഷ്യന്‍ സൈന്യം തയാറെടുത്തിരിക്കെ, രാജ്യത്തെ സംരക്ഷിക്കാന്‍ ജനങ്ങള്‍ക്ക് ആയുധം നല്‍കുമെന്ന് വരെ യുക്രെയിന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞിരുന്നു.'രാജ്യത്തെ പ്രതിരോധിക്കാന്‍ ഒരുക്കമുള്ള ആര്‍ക്കും ഞങ്ങള്‍ ആയുധം നല്‍കും. നമ്മുടെ തെരുവുകളില്‍ യുക്രെയിനിന് പിന്തുണ നല്‍കാന്‍ തയാറെടുക്കുക' എന്നായിരുന്നു സെലെന്‍സ്‌കി ട്വീറ്റ് ചെയ്തത്.





റഷ്യ യുക്രെയിനെ ആക്രമിച്ചാല്‍ ഇടപെടുമെന്ന വാഗ്ദാനത്തില്‍ അമേരിക്കയും നാറ്റോ സഖ്യരാജ്യങ്ങളും പിന്നോട്ട് പോകുകയായിരുന്നു.പിന്നാലെ അവസാന പ്രതിരോധ മാര്‍ഗമെന്ന നിലയിലാണ് ജനങ്ങള്‍ക്ക് ആയുധം നല്‍കുന്നതുള്‍പ്പടെയുള്ള നീക്കങ്ങള്‍ക്ക് യുക്രെയിനെ പ്രേരിപ്പിച്ചത്.സഖ്യകക്ഷികള്‍ക്കെല്ലാം ഭയമാണെന്നും റഷ്യയുടെ ലക്ഷ്യം താനാണെന്നുമാണ് സെലെന്‍സ്‌കി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത്.പുടിന്റെ പ്രഖ്യാപിത ശത്രുക്കളില്‍ ഒരാളാണ് സെലന്‍സ്‌കി.അതുകൊണ്ടുതന്നെ റഷ്യന്‍ സൈന്യം അധികാരം പിടിച്ചാല്‍ ആദ്യം ഉരുളുന്ന തലയും തന്റെതാണെന്ന് അദ്ദേഹത്തിന് നന്നായി അറിയാം.എന്നിട്ടും നാടുവിട്ട് ഓടിപ്പോകാതെ അദ്ദേഹം, ഈ യുദ്ധവും മുന്നില്‍നിന്ന് നയിക്കുകയാണ്.


പ്രചരണത്തില്‍ പറഞ്ഞത് ' പരിചയക്കുറവുണ്ട്, പക്ഷേ ജനങ്ങളെ വഞ്ചിക്കില്ല'..നടപ്പാക്കുന്നതും അതേ വാക്കുകള്‍

തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഭാഷ സംസാരിക്കുന്ന യുക്രൈനികളുടെ വോട്ട് വന്‍ തോതില്‍ സെലെന്‍സ്‌കിക്ക് കിട്ടിയിരുന്നു.റഷ്യന്‍ഭാഷ സംസാരിക്കുന്ന യുക്രൈനുകാരുടെ അവകാശവും താല്‍പ്പര്യങ്ങളും സംരക്ഷിക്കുമെന്ന് അദ്ദേഹം വാഗ്ദാനവും നല്‍കിയിയിരുന്നു. ഇക്കാരണംകൊണ്ടാവാം അദ്ദേഹത്തെ അഭിനന്ദിക്കാന്‍ ആദ്യമെത്തിയവരുടെ കൂട്ടത്തില്‍ മുന്‍ പ്രസിഡന്റായ വിക്തോര്‍ യാനുകോവിച്ചും ഉള്‍പ്പെട്ടത്.യുക്രൈനിലെ ആഭ്യന്തരകലാപമായ യൂറോമെയ്ഡെനുശേഷം റഷ്യയിലേക്ക് കടന്നുകളഞ്ഞ വ്യക്തിയാണ് ഇയാള്‍.

ആദ്യഘട്ടത്തില്‍ റഷ്യന്‍ അനുകൂലിയെന്ന ആരോപണം അദ്ദേഹത്തിന് നേര്‍ക്കുണ്ടായിരുന്നു.എന്നാല്‍ കാര്യങ്ങള്‍ പഠിച്ചതോടെ സെലന്‍സ്‌കി നിലപാട് മാറ്റി.റഷ്യ കൈയേറ്റക്കാരനാണെന്നും പുടിന്‍ ശത്രുവാണെന്നുമുള്ള സെലെന്‍സ്‌കിയുടെ റഷ്യന്‍ അനുകൂല രാഷ്ട്രീയക്കാരുടെ പ്രതീക്ഷകളെ ഇല്ലാതാക്കി. അദ്ദേഹം തീര്‍ത്തു നിഷ്പക്ഷനായി യുക്രൈനിനെ മുന്നില്‍ നിന്ന് നയിച്ചു.

റഷ്യയുടെ ഭീഷണികള്‍ക്കുള്ള ശ്വാശ്വത പരിഹാരം എന്ന നിലയിലാണ്, നാറ്റോയില്‍ അംഗത്വം നേടാനായി കഴിഞ്ഞ രണ്ടു രണ്ടുവര്‍ഷത്തിനിടെ സെലെന്‍സ്‌കി ശ്രമങ്ങള്‍ നടത്തിയത്. ആ നീക്കമാണ് പുടിനെ രോഷാകുലനാക്കിയത്. പാശ്ചാത്യ രാജ്യങ്ങളുടെ അതിഥിയായി യുഎസ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച വേളയില്‍ അദ്ദേഹം നടത്തിയ പ്രഖ്യാപനങ്ങള്‍ സ്ഥിതി കൂടുതല്‍ വഷളാക്കി.അവസാനം പുടിന്‍ പറഞ്ഞത്, യുക്രെയ്ന്‍ ഒരു രാജ്യമേ അല്ലെന്നാണ്.

പാശ്ചാത്യ ശക്തികളെ നോക്കുകുത്തിയാക്കി റഷ്യ യൂക്രൈനിനെ ആക്രമിക്കുമ്പോഴും സമചിത്തതയോടെ തലയുയര്‍ത്തി നിന്നാണ്പ്രസിഡന്റ് പാശ്ചാത്യരാജ്യങ്ങളുടെ ഉള്‍പ്പടെ പ്രശംസ ഏറ്റുവാങ്ങിയത്.രണ്ടുമാസത്തിലേറെയായി അതിര്‍ത്തി വളഞ്ഞ് ഒന്നരലക്ഷത്തോളം റഷ്യന്‍ സൈന്യം നിലകൊണ്ടപ്പോഴും അദ്ദേഹം ജനങ്ങളോടു പരിഭ്രാന്തി പാടില്ലെന്നാണു പറഞ്ഞത്.പുടിനോടു ചര്‍ച്ചയ്ക്കു തയാറാണെന്നും പറഞ്ഞു.രണ്ടാം ലോകയുദ്ധകാലത്ത് നാസി ജര്‍മനിയുടെ ആക്രമണം പോലെ ഒരു ചതിയാണു റഷ്യയുടെ കടന്നുകയറ്റമെന്ന് ടിവി പ്രസംഗത്തില്‍ ആരോപിച്ചു. 'ഞാന്‍ രാഷ്ട്രീയക്കാരനല്ല, പരിചയക്കുറവുണ്ട്, പക്ഷേ ജനങ്ങളെ വഞ്ചിക്കില്ലെ'ന്ന് സെലെന്‍സ്‌കി ആണയിടുന്നു.വൈറ്റ് ഹൗസിന്റെ പടിയിറങ്ങിയപ്പോഴും മുറുകെ പിടിച്ചത് ഈ നിലപാട് തന്നെ.



ട്രംപിന്റെ നീക്കങ്ങള്‍ കണ്ടറിയാം..ഇനിയെന്തെന്ന് ഉറ്റുനോക്കി യൂറോപ്പ്

സെലന്‍സ്‌കിയും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ വൈറ്റ് ഹൗസില്‍ നടന്ന ചര്‍ച്ച ഉടക്കി പിരിഞ്ഞതോടെ യൂറോപ്പ് ആശങ്കയിലായിരിക്കുകയാണ്. റഷ്യയുമായി ചങ്ങാത്തം ഉണ്ടാക്കിയിരിക്കുന്ന ട്രംപിന്റെ പുതിയ നീക്കങ്ങള്‍ എങ്ങനെയെല്ലാം ഇനി യുക്രെയ്ന്‍ അധിനിവേശത്തെയും യൂറോപ്പിന്റെ സമാധാനത്തെയും ബാധിക്കുമെന്നതാണ് ഏവരെയും ആശങ്കയിലാഴ്ത്തുന്നത്.

യുക്രെയ്ന്‍ - റഷ്യ യുദ്ധത്തിന് വൈകാതെ അവസാനമാവുമെന്ന പ്രതീക്ഷയിലായിരുന്നു ലോകം.നേരത്തെ റഷ്യ-യുഎസ് പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു.റഷ്യയുമായുള്ള ബന്ധം ഊഷ്മളമാക്കാനുള്ള എല്ലാ തീരുമാനങ്ങളും ഇതിലുണ്ടായി.വൈകാതെ തന്നെ വ്ലാദിമിര്‍ പുടിനും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയും പ്രതീക്ഷിച്ചിരുന്നു.ഇതിനിടയിലാണ് സെലന്‍സ്‌കിയുമായുള്ള ചര്‍ച്ച നടന്നത്.ചര്‍ച്ച തെറ്റിപ്പിരിഞ്ഞതോടെ വെടിനിര്‍ത്തലിനുള്ള സാധ്യതയും അവസാനിച്ചിരിക്കുകയാണ്.ബൈഡന്‍ ഭരണകാലത്ത് യുക്രെയ്ന് അമേരിക്ക എല്ലാവിധ പിന്തുണയും നല്‍കിയിരുന്നു.എന്നാല്‍ ട്രംപ് അമേരിക്കയുടെ റഷ്യന്‍ വിരുദ്ധ നിലപാടില്‍ മാറ്റം വരുത്തുകയാണ് ചെയ്തത്. അനാവശ്യ സാമ്പത്തിക ബാധ്യത പേറേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.




ട്രംപ് അധികാരത്തിലേറുന്നതിന് മുമ്പ് തന്നെ ഇസ്രായേല്‍ - ഹമാസ് വെടിനിര്‍ത്തില്‍ പ്രഖ്യാപിച്ചിരുന്നു.സമാനമായ രീതിയില്‍ റഷ്യ - യുക്രെയ്ന്‍ വെടിനിര്‍ത്തലും ഉണ്ടാവുമെന്നാണ് കരുതിയിരുന്നത്.സെലന്‍സ്‌കി അപമാനിതനായി അമേരിക്കയില്‍ നിന്ന് മടങ്ങിയതോടെ ഇനി ഈ വിഷയത്തില്‍ പ്രതിസന്ധി മൂര്‍ച്ഛിക്കാനാണ് സാധ്യത.അമേരിക്കയുടെ യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധത്തിലും നാറ്റോ സഖ്യത്തിന്റെ നിലനില്‍പ്പിനും പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് ഇപ്പോഴുണ്ടായ ചര്‍ച്ചയിലെ തര്‍ക്കമെന്നാണ് വിലയിരുത്തല്‍. 1949-ല്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഹാരി ട്രൂമാനാണ് അമേരിക്ക നാറ്റോ സഖ്യത്തിന് നിരുപാധിക പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ചത്. നാറ്റോ സഖ്യരാജ്യത്തിന് നേരെ ആക്രമണം ഉണ്ടായാല്‍ അത് അമേരിക്കയ്ക്കെതിരായ ആക്രമണം പോലെ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.എന്നാല്‍ പതിറ്റാണ്ടുകള്‍ നീണ്ട ആ നിലപാട് ട്രംപ് മാറ്റിത്തുടങ്ങുകയാണ്. നാറ്റോയ്ക്ക് നല്‍കുന്ന സഹായം അവസാനിപ്പിക്കാനാണ് അദ്ദേഹത്തിന്റെ നീക്കം.