ന്യൂഡൽഹി: ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതിനെ തുടർന്ന് ദുരിതത്തിലായ യാത്രക്കാർക്ക് കൈത്താങ്ങായി ഇന്ത്യൻ റെയിൽവേ. യാത്രക്കാർക്കായി 30 പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിക്കാനൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. മറ്റ് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ച സാഹചര്യത്തിൽ, യാത്രാദുരിതം ലഘൂകരിക്കുന്നതിനായി റെയിൽവേ 37 ട്രെയിനുകളിൽ 117 അധിക കോച്ചുകൾ ഇതിനോടകം കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്.

അടുത്ത രണ്ട് ദിവസത്തിനുള്ളിൽ 18 കോച്ചുകളുള്ള ഏകദേശം 30 പുതിയ പ്രത്യേക ട്രെയിനുകൾ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. നിലവിൽ ചില പ്രത്യേക ട്രെയിനുകൾ ഓടിത്തുടങ്ങിയിട്ടുണ്ട്. ഈ പുതിയ നടപടികളിലൂടെ പ്രതിദിനം 35,000 യാത്രക്കാരെ കൂടി ഉൾക്കൊള്ളാൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. പ്രതിസന്ധി നേരിടുന്നതിന്റെ ഭാഗമായി അടുത്ത 10 ദിവസത്തിനുള്ളിൽ 20 ലക്ഷത്തിലധികം യാത്രക്കാരെ ട്രെയിനുകളിലേക്ക് ആകർഷിക്കാനും റെയിൽവേ ലക്ഷ്യമിടുന്നുണ്ട്.

കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന റൂട്ടുകളിൽ ദക്ഷിണ റെയിൽവേ 18 ട്രെയിനുകളിൽ അധിക ചെയർ കാർ, സ്ലീപ്പർ ക്ലാസ് കോച്ചുകൾ ചേർത്ത് ശേഷി വർദ്ധിപ്പിച്ചു. ഉത്തര റെയിൽവേ എട്ട് ട്രെയിനുകളിൽ 3 എസി, ചെയർകാർ കോച്ചുകൾ ഉൾപ്പെടുത്തി. പശ്ചിമ റെയിൽവേ നാല് ട്രെയിനുകളിൽ 3എസി, 2എസി കോച്ചുകൾ കൂട്ടിച്ചേർക്കുകയും ചെയ്തു. യാത്രക്കാർ കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കൂടുതൽ കോച്ചുകൾ വിന്യസിച്ചുവരികയാണെന്ന് ഉത്തര റെയിൽവേ ചീഫ് പിആർഒ ഹിമാൻഷു ശേഖർ ഉപാധ്യായ പറഞ്ഞു.