ബെംഗളൂരു: ബെംഗളൂരുവിൽ കോളേജ് വിദ്യാർഥിനിയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി യുവാവ്. ബി.ഫാം രണ്ടാം വർഷ വിദ്യാർഥിനിയായ യാമിനി പ്രിയ (20) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. സംഭവത്തിനു പിന്നാലെ പ്രതി വിഗ്നേഷ് ഓടി രക്ഷപ്പെട്ടു. പ്രണയാഭ്യർഥന നിരസിച്ചതിലുള്ള പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

കോളേജിൽ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യാമിനി പ്രിയയെ, പിന്നാലെയെത്തിയ വിഗ്നേഷ് ബൈക്കിൽ വെച്ച് ആക്രമിക്കുകയായിരുന്നു. ആദ്യം യാമിനിയുടെ മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ ശേഷം, കഴുത്തിൽ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നു. രക്തസ്രാവത്തെ തുടർന്ന് യാമിനി സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. കൃത്യം ആസൂത്രിതമായിരുന്നെന്ന് പോലീസ് അറിയിച്ചു.

സംഭവസ്ഥലത്തെത്തിയ ശ്രീരാംപുര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ പിടികൂടാനായി വ്യാപകമായ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് ശേഖരിച്ചുവരികയാണ്.