- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയന്ത്രണം വിട്ട ആംബുലൻസ് വാഹനങ്ങൾക്കിടയിലേക്ക് പാഞ്ഞുകയറി; സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് ദാരുണാന്ത്യം; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
ബെംഗളൂരു: ബെംഗളൂരുവിൽ അമിതവേഗതയിൽ നിയന്ത്രണം വിട്ടെത്തിയ ആംബുലൻസ് ഇടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾ മരിച്ചു. ബെംഗളൂരു സ്വദേശികളായ ഇസ്മയിൽ (40), ഭാര്യ സമീൻ ബാനു (33) എന്നിവരാണ് ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തിൽ മരിച്ചത്. റിച്ച്മണ്ട് സർക്കിളിന് സമീപം രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്.
റെഡ് സിഗ്നലിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കിടയിലേക്ക് ആംബുലൻസ് അപ്രതീക്ഷിതമായി ഇടിച്ചുകയറുകയായിരുന്നു. മൂന്ന് വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച ശേഷം ആംബുലൻസ് സമീപത്തെ പോലീസ് ഔട്ട്‌പോസ്റ്റിലും ഇടിച്ചു. അപകടസ്ഥലത്ത് വെച്ചുതന്നെ ഇസ്മയിലും സമീൻ ബാനുവും മരണപ്പെട്ടു. അപകടത്തിൽ മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
സംഭവത്തെത്തുടർന്ന് വിൽസൺ ഗാർഡൻ ട്രാഫിക് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടകാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ആംബുലൻസ് ഡ്രൈവർ അശോകിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.




